അറിയാതെ: ഭാഗം 8

ariyathe

രചന: THASAL

"മോളെ.... കുറച്ച് വെള്ളം ഇങ്ങ് എടുത്തെ.... " ഉമ്മറത്തേ ചാരു കസേരയിൽ നിവർന്നു ഇരുന്നു കൊണ്ട് ഉള്ളിലേക്ക് നോക്കി അച്ഛൻ വിളിച്ചു പറഞ്ഞതും അത് കേൾക്കാൻ കാത്തു നിന്ന പോലെ നില വെള്ളവുമായി എത്തിയിരുന്നു... അവൾ അത് അച്ഛന്റെ കയ്യിൽ ഏൽപ്പിച്ചു കൊണ്ട് ഉമ്മറത്തെ തിണ്ണയിൽ തന്നെ ഇരുന്നു... അവൾക്ക് പിന്നാലെ അമ്മയും പുറത്തേക്ക് ഇറങ്ങി വന്നു.... "പോയ കാര്യം എന്തായി വാസുവേട്ടാ.... അന്വേഷിച്ചോ.... !!?" അമ്മയുടെ വാക്കുകൾക്ക് അദ്ദേഹം എന്തോ ആലോചിച്ചു കൊണ്ട് ഇല്ല എന്നർത്ഥത്തിൽ തലയാട്ടി.... " എന്താ ഈ പറയുന്നേ... നാളെ വിവരം അറിയിക്കേണ്ടത് അല്ലായോ.... "

അമ്മ അല്പം ശബ്ദം കൂട്ടി തുടങ്ങിയത് ആണെങ്കിൽ അടുത്ത് ഇരിക്കുന്ന നിലയെ കണ്ടു അവർ ഒന്ന് ശബ്ദം താഴ്ത്തി... "മോള് ഉള്ളിലേക്ക് പോയേ.... " ഈ ലോകത്ത് ഒന്നും അല്ല എന്ന പോലെ ഇരിക്കുന്ന നിലയെ കണ്ടു അമ്മ പറഞ്ഞതും അവൾ മെല്ലെ ഒന്ന് തലയാട്ടി കൊണ്ട് ഉള്ളിലേക്ക് നടക്കാൻ ഒരുങ്ങി... "മോള്..... പോവണ്ട... എനിക്ക് നിങ്ങളോട് രണ്ട് പേരോടും ആയി കുറച്ചു സംസാരിക്കാൻ ഉണ്ട്.... " ഗൗരവം കലർന്നതായിരുന്നു അച്ഛന്റെ ശബ്ദം... ഒരു നിമിഷം അവൾ നിശ്ചലമായി.... സംശയത്തോടെ അച്ഛനെ നോക്കിയതും അച്ഛൻ അവളോട്‌ അടുത്തേക്ക് വരാൻ കാണിച്ചതും അവൾ മെല്ലെ അദ്ദേഹത്തിന്റെ അടുത്തേക്ക്ചെന്ന് കൊണ്ട് നിലത്ത് മുട്ട് കുത്തി ഇരുന്നു....

അച്ഛന്റെ കൈകൾ അവളുടെ കൈകളെ കവർന്നിരുന്നു... "സാവിത്രി...... ഞാൻ ആ ബന്ധം വേണ്ടാന്ന് വിളിച്ചു പറഞ്ഞു.... " ഒരു നെടുവീർപ്പോടെ ശാന്തമായിരുന്നു ആ ശബ്ദം... തള്ള വിരലാൽ നിലയുടെ കൈകളെ തലോടി കൊണ്ടിരിക്കുന്നു... ഒരു നിമിഷം അമ്മ ഒന്ന് നിശബ്ദമായി... എന്നാൽ നിലയുടെ ഉള്ളിൽ ചെറു ആശ്വാസം ഉടലെടുത്തു.... "നിങ്ങൾ ഇത് എന്താ ചെയ്തത്.... ഇത്രയും നല്ല ബന്ധം ഇനി കിട്ടോ.... " അമ്മയുടെ ഉള്ളിൽ ആവലാതി ആയിരുന്നു... അച്ഛൻ ചെറു പുഞ്ചിരി അവർക്ക് നൽകി... "ആ ബന്ധം നമുക്ക് വേണ്ടാ സാവിത്രി.... ഒരു നേരത്തെ ചായ കൊടുത്തു പരിജയപെടുന്ന ഒരാളെ എങ്ങനെയാ ജീവിതത്തിലേക്ക് കൊണ്ട് വരാൻ പറ്റാ.... അല്ലേ മോളെ.... "

അച്ഛൻ നിലയുടെ മുടിയിലൂടെ ഒന്ന് തലോടി... നിലയും കുഞ്ഞ് പുഞ്ചിരി അദ്ദേഹത്തിന് നൽകി... ശരിയാണ്.... ഇന്ന് കണ്ടു പരിജയപ്പെട്ട ഒരാളെ ജീവിതത്തിന്റെ ഭാഗം ആക്കി മാറ്റാൻ എല്ലാവർക്കും ബുദ്ധിമുട്ട് തന്നെയാണ്.... "അങ്ങനെ ഒരാൾക്ക് എന്റെ മോളെ മനസ്സറിഞ്ഞു സ്നേഹിക്കാൻ കഴിയുംന്ന് എനിക്ക് തോന്നുന്നില്ലഡോ..... " അച്ഛൻ കൂട്ടിചേർത്തു.... ആ അച്ഛനെ നന്നായി അറിയാവുന്നത് കൊണ്ട് തന്നെ അമ്മയിലും പുഞ്ചിരി നിറഞ്ഞു.... എങ്കിലും ഉള്ളിൽ നേരിയ ഭയം ഉടലെടുത്തു.... "അന്വേഷിച്ചപ്പോ ന്നെ വേണ്ടാന്ന് പറഞ്ഞിട്ടുണ്ടാവും ലെ അച്ഛേ.... " മങ്ങിയ പുഞ്ചിരിയിൽ ആയിരുന്നു എങ്കിലും നില കുസൃതിയോടെ ചോദിച്ചതും അച്ഛൻ അല്ല എന്നർത്ഥത്തിൽ ഒന്ന് തലയാട്ടി...

"ന്റെ മോളെ അവർക്ക് നന്നായി തന്നെ ഇഷ്ടപ്പെട്ടു.... പക്ഷെ ഈ അച്ഛന് മോൾക്ക്‌ വേണ്ടി തിരഞ്ഞെടുക്കേണ്ടത് ഏറ്റവും നല്ലത് ആകണംന്നൊരു ആഗ്രഹം ഉണ്ട്.... അതോണ്ട് അച്ഛൻ തന്നെ പറഞ്ഞു അത് വേണ്ടാന്ന്... " അച്ഛന്റെ വാക്കുകൾക്ക് മുന്നിൽ യാതൊരു വിധ അഭിപ്രായങ്ങളോ പരിഭവങ്ങളോ പരാതിയോ ഒന്നും ഇല്ലാതെ അവൾ കുഞ്ഞ് ചിരിയോടെ ഇരുന്നു.... "ഇനി ഞാൻ പറയാൻ പോണത് മോള് ശ്രദ്ധിച്ചു കേൾക്കണം..." അദ്ദേഹത്തിന്റെ വാക്കുകൾക്ക് അവൾ മെല്ലെ ഒന്ന് തലയാട്ടി.... "ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല ഒരു പയ്യന് വേണ്ടി നിനക്ക് ഒരു ആലോചന വന്നിട്ടുണ്ട്..... " അച്ഛൻ പറഞ്ഞു അവസാനിപ്പിച്ചതും അമ്മ കണ്ണുകൾ വിടർത്തി അദ്ദേഹത്തെ നോക്കി... "സത്യാണോ.... "

"മ്മ്മ്.... ഇന്ന് രാവിലെ ആ പയ്യൻ തന്നെയാ എന്നോട് പറഞ്ഞെ.....നമ്മടെ നാട്ടിൽ തന്നെ ഉള്ളതാ... ന്റെ കുട്ടീടെ എല്ലാ സങ്കടവും അറിയുന്ന ആളാ.... ന്റെ കുട്ടിക്ക് നന്നായി ചേരും.... " അച്ഛന്റെ കൈ വിരലുകൾ അവളുടെ കവിളിൽ വാത്സല്യത്തോടെ തലോടി... നിലയുടെ കണ്ണുകളിൽ സംശയം ആയിരുന്നു.... അവൾ നെറ്റി ചുളിച്ചു കൊണ്ട് അച്ഛനെ നോക്കി... "അച്ഛേ.... " "മ്മ്മ്.... ഹർഷനാ.... " അവളുടെ വിളിയുടെ അർത്ഥം മനസ്സിലാക്കിയ പോലുള്ള അദ്ദേഹത്തിന്റെ വാക്കുകളിൽ അവൾ ഒന്ന് ഞെട്ടി... അവളുടെ കൈകൾ അദ്ദേഹത്തിൽ നിന്നും പിൻവാങ്ങി..... "അച്ചേട്ടൻ.......... " അവളുടെ ചുണ്ടുകൾ മന്ത്രണം പോലെ ഉരുവിട്ടു..... എന്തോ തലയിൽ ഒരു പെരുപ്പം...

അച്ഛൻ അമ്മയോട് എന്തൊക്കെയോ പറയുന്നുണ്ട് എങ്കിലും എല്ലാം അവ്യക്തമായേ അവൾക്ക് കേൾക്കാൻ കഴിയുന്നുള്ളൂ.... തലയിൽ ശക്തിയായി എന്തോ വന്നിടിച്ച പോലൊരു തരിപ്പ് മാത്രം... എപ്പോഴോ കണ്ടു നില കൊച്ചേ എന്ന് വിളിച്ചുള്ള അച്ചേട്ടന്റെ പുഞ്ചിരി...അച്ചേട്ടൻ.....അവൾക്ക് വിശ്വാസം വരുന്നുണ്ടായിരുന്നില്ല.... ചെറുപ്പം മുതൽ കാണുന്ന മുഖമാണ്..... തന്നെ കൈ പിടിച്ചു നടത്തിയ....തനിക്ക് വേണ്ടി എന്തിനും കൂടെ നിൽക്കുന്ന.... ആരോട് വേണമെങ്കിലും വഴക്ക് ഉണ്ടാകുന്ന.....അളവിൽ കൂടുതൽ സ്നേഹം നൽകിയ അച്ചേട്ടൻ.... പക്ഷെ.... ഇങ്ങനെ ഒരു സ്ഥാനത്തേക്ക്.... "അച്ഛേ... വേണ്ടാ.... " അവൾ എന്തോ ബോധം വന്നത് പോലെ ശബ്ദം ഉയർത്തിയതും അത് വരെ സന്തോഷത്തിൽ ആയിരുന്ന അച്ഛനും അമ്മയും ഞെട്ടലോടെ അവളെ നോക്കി.... അവൾ മുഖം ഇരു കൈകൾ കൊണ്ടും തുടച്ചു.... "നിക്ക് വേണ്ടാ..... "

അന്ന് ആദ്യമായി അവളുടെ ശബ്ദം ഉയർന്നു.... "എന്താ മോളെ ഹർഷൻ നല്ല പയ്യൻ അല്ലേ.... " അച്ഛന്റെ വാക്കുകളിൽ ആവലാതി നിറഞ്ഞു...അമ്മയുടെ നോട്ടവും അവളിൽ ആയിരുന്നു.... "ഞാ.... ഞാൻ കാരണം ആ പാവത്തിന്റെ ജീവിതം കൂടി തകരണോ അച്ഛേ...." അവൾ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു.... അച്ഛൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു... "അതിന് എന്റെ മോൾക്ക്‌ എന്താടാ കുഴപ്പം..... " അച്ഛന്റെ വാക്കുകൾക്ക് ബധിൽ എന്ന പോൽ അവളുടെ കണ്ണുകളും നിറഞ്ഞു വരുന്നുണ്ടായിരുന്നു.... "എല്ലാം അറിയില്ലേ.... ന്തിനാ അച്ചേട്ടനെ കൂടി ഇതിലേക്ക് വലിച്ചിടുന്നെ....വേണ്ടാ.... ആ ശാപം കൂടി എന്റെ തലയിൽ വീഴും.....വേണ്ടാന്ന് പറ.... നിക്ക് വേണ്ടാ അച്ഛേ.... "

അവൾ അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് കൊണ്ട് തേങ്ങി.... കരച്ചിൽ ചീളുകളുടെ അകമ്പടിയോട് കൂടി വരുന്ന അവ്യക്തമായ വാക്കുകൾ ആ അച്ഛനും അമ്മക്കും താങ്ങുന്നതിലും അധികം ആയിരുന്നു...... "ന്റെ കുട്ടി എന്തൊക്കെയാ പറയണേ...... " "സത്യല്ലേ അച്ഛേ.....ഒരുത്തന് വേണ്ടി ആത്മഹത്യക്ക് ശ്രമിച്ച പെണ്ണാ ഞാൻ.... അളോള് എന്തൊക്കെയാ പറയണേ എന്ന് നിക്ക് അറിയാം.....ഇനി എത്ര കാലം കഴിഞ്ഞാലും ആ പേര് എന്നിൽ നിന്നും മായില്ല..... ഈ നശിച്ച ജീവിതത്തിലേക്ക് സതിയമ്മയെയും അച്ചേട്ടനേം ന്തിനാ അച്ഛേ വലിച്ചിടുന്നെ....... ഞാൻ ഒരു വിവാഹത്തിന് പോലും സമ്മതിച്ചേ ന്റെ അച്ചേട്ടന് ഞാൻ കാരണം ഉണ്ടായ ചീത്ത പേര് മായാൻ കൂടിയാ....

ഇനി ഞാൻ കാരണം കൂടി... വേണ്ടാ അച്ഛേ.... അച്ഛൻ ഒന്ന് പറയാവോ... വേണ്ടാന്ന്..... " അവൾ കരച്ചിലോടെ അദ്ദേഹത്തിന്റെ നെഞ്ചിൽ താടി കുത്തി അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചതും അദ്ദേഹത്തിന്റെ കണ്ണുകളും നിറഞ്ഞു വന്നു... ശരിയാണ്.... സഹായിക്കുന്നവൻ ആണ്.... ആപത്തു കാലത്ത് കൂടെ നിന്നവൻ ആണ്.... പെട്ടെന്ന് ഇങ്ങനെ ഒരു ആലോചന വന്നപ്പോൾ ചിന്തിച്ചത് സ്വന്തം മകളെ പറ്റി മാത്രമാണ്.... അവനെ തേടി എത്താൻ നിൽക്കുന്ന അപമാനമോ..... കുത്തുവാക്കുകളോ ഓർത്തില്ല.... അദ്ദേഹം അവളെ ചേർത്ത് പിടിച്ചു കൊണ്ട് വിതുമ്പുന്ന ചുണ്ടുകളോടെ നെറ്റിയിൽ ഒന്ന് മുത്തി.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶▶

"എനിക്കറിയാഡാ...... നീ തിരഞ്ഞെടുക്കുന്നത് എന്തും നല്ലത് ആകുമെന്ന്.... " ഉമ്മറത്തു അമ്മയോടൊപ്പം ഇരിക്കുകയായിരുന്നു ഹർഷൻ.... അമ്മയുടെ വാക്കുകൾക്ക് മുന്നിൽ അവൻ ഒന്ന് പുഞ്ചിരിച്ചു...... "അമ്മയോട് ആദ്യം പറയണം എന്നാ കരുതിയെ.... പിന്നെ ആ സാഹചര്യത്തിൽ അതായിരുന്നു നല്ലത് എന്ന് തോന്നി.... " അവൻ കൈകൾ രണ്ടും കൂട്ടി പിണച്ചു കൊണ്ട് പറഞ്ഞതും അമ്മ അവന്റെ മുടിയിൽ കൈ എത്തിച്ചു ഒന്ന് തലോടി.... "മനസ്സിലായഡാ ചെക്കാ.....നിനക്ക് സ്വന്തം ജീവിതം തിരഞ്ഞെടുക്കാൻ ഉള്ള എല്ലാ അധികാരവും ഈ അമ്മ നേരത്തെ തന്നതല്ലേ.... പക്ഷെ...... നില മോള് സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ..... !!?" ആ ഒരു കാര്യത്തിൽ അവനും വലിയ പ്രതീക്ഷകൾ ഒന്നും ഉണ്ടായിരുന്നില്ല.....

അത് നിലയാണ് എന്നാ പൂർണ ബോധം അവനുണ്ടായിരുന്നു.... "അറിയില്ല......പക്ഷെ.... എനിക്ക് വേണം അമ്മ... " അവൻ പറഞ്ഞതും അമ്മ പുഞ്ചിരിയോടെ അവനെ നോക്കി... "സഹതാപത്തിന്റെ പേരിൽ അല്ല..... എന്നെ സ്നേഹിക്കണം എന്ന് വാശിയും പിടിക്കുന്നില്ല.... എങ്കിലും എനിക്ക് വേണം.... ആ കണ്ണുകൾ ഇനിയും നിറയാൻ അനുവദിക്കില്ല..... " അവന്റെ വാക്കുകൾ ഉള്ള വികാരം ഒരിക്കലും ആർക്കും വേർതിരിച്ചു എടുക്കാൻ കഴിയുന്നതായിരുന്നില്ല.... പക്വത എത്തിയവന്റെ പ്രണയം..... !!... പക്ഷെ അത് തന്നെക്കാൾ ഒരുപാട് വയസ്സിന് താഴെയുള്ള.... സ്വന്തമായി തീരുമാനം പോലും എടുക്കാൻ പ്രാപ്തി ഇല്ലാത്ത കുഞ്ഞ് പെണ്ണിനോട് ആയിരുന്നു...നിശബ്ദമായ പ്രണയം.....

കുഞ്ഞ് മയിൽ പീലിയോടുള്ള ഉടമ്പടികൾ ഇല്ലാത്ത പ്രണയം... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "വേണ്ടാ അച്ചേട്ടാ.... അത് ശരിയാകത്തില്ല.... " അവനെ നോക്കാൻ കഴിയാതെ തിരിഞ്ഞു നിന്ന് കൊണ്ടായിരുന്നു അവളുടെ വാക്കുകൾ.... ആ വാക്കുകൾക്ക് പോലും അവനിൽ തെല്ലു നിരാശ വരുത്താനോ.... പുഞ്ചിരിയെ മായ്ച്ചു കളയാനോ ഉള്ള പ്രാപ്തി ഉണ്ടായിരുന്നില്ല.... "നില കൊച്ച് തീരുമാനിച്ചു തന്നെ ആണോ.... " അവൻ പുഞ്ചിരിയോടെ തന്നെ ചോദിച്ചു.... അവൾ മെല്ലെ ഒന്ന് തലയാട്ടി... "മ്മ്മ്.... നിക്ക് പറ്റില്ല അതോണ്ട... " "ഏതായാലും കല്യാണവും കഴിച്ചു കുട്ടികളെയും പോറ്റി നടക്കാൻ തീരുമാനിച്ചത് അല്ലേ.... പിന്നെ എന്താ.... " അവന്റെ വാക്കുകൾക്ക് മുന്നിൽ അവൾ ഒന്ന് മൗനം ആയി....

"എനിക്ക് നിന്നെ നന്നായി അറിയാം നില.... ഒരു വിവാഹത്തിനും നീ നിന്റെ സ്വന്തം ഇഷ്ടത്തിന് നിന്ന് കൊടുക്കില്ല എന്നും അറിയാം... അവനെ മറക്കാൻ ഉള്ള ഒരു സമയം നിനക്ക് വേണം... വേറാരുടെയും ജീവിതത്തിൽ കടന്നു ചെന്നാൽ നിനക്ക് അത് കിട്ടണം എന്നില്ല..... നിന്റെ കണ്ണീരോ വേദനയോ കാണാൻ ഉള്ള ശേഷി ആ സഖാവിനോ അമ്മക്കോ ഇല്ല......നിനക്ക് തന്നെതീരുമാനിക്കാം.... നിന്നോട് അധികാരം കാണിക്കാൻ അല്ല ഇങ്ങനെ ഒരു ആലോചനയുമായി ഞാൻ വന്നത്.... അത് നീ മനസ്സിലാക്കണം.... " അവന്റെ വാക്കുകൾ കടുത്തിരുന്നു... അവളുടെ കണ്ണുകളിൽ കണ്ണുനീർ പോലും പുറത്തേക്ക് വന്നില്ല... ഒരു തരം മരവിപ്പ്.... "സഹതാപം ആണോ അച്ചേട്ടാ....

കൂട്ടുകാരൻ ചതിച്ചു എന്ന സഹതാപം... " അവളുടെ ചോദ്യത്തിന് അവൻ ഒന്ന് പുഞ്ചിരിച്ചു..... "സഹതാപം കാണിക്കാൻ പ്രണയം ഒരു കുറവ് അല്ലല്ലോ നില കൊച്ചേ.....അങ്ങനെ ആണേൽ ഞാനും ഒരു കുറവ് ഉള്ളവൻ അല്ലേടി.... " അവന്റെ വാക്കുകൾക്ക് മുന്നിൽ അവൾ മൗനമായി തന്നെ നിന്നു.....അവന്റെ പുഞ്ചിരി അന്ന് ആദ്യമായി അവളെ തളർത്തി.... "ഞാൻ നിന്നെ നിർബന്ധിക്കില്ല നില കൊച്ചേ... അതിന്റെ പേരിൽ നിനക്ക് മനസ്സിന് ഒരു വേദന വേണ്ടാ... പക്ഷെ നീ എനിക്ക് ഒരു വാക്ക് തരണം....... ഇനി ഒരു നാളും നിന്റെ കണ്ണുകളിൽ ഈ വിശാദം ഉണ്ടാകില്ല എന്ന്..... " അവന്റെ വാക്കുകൾ അവളുടെ ഹൃദയത്തിൽ കുത്തി ഇറങ്ങും പോലെ... ഇല്ല... അങ്ങനെ ഒരു വാക്ക് കൊടുക്കാൻ ഈ സമയം തനിക്ക് കഴിയില്ല... ഒന്നും ഇല്ല എന്ന് ആരെ ഒക്കെയോ വിശ്വസിപ്പിക്കുമ്പോഴും ഉള്ളിൽ ഹൃദയത്തിൽ ഇപ്പോഴും രക്തം കിനിഞ്ഞു കൊണ്ടിരിക്കുകയാണ്.....

അരുൺ വരുത്തിയ വലിയ ഒരു വിടവ് തന്നെ ഉള്ളിൽ ഉണ്ട്.... അവന്റെ മുഖം ഉള്ളിൽ നിന്നും മായും വരെ വേദനിക്കും... കണ്ണുകളിൽ വിശാദം നിറയും... പക്ഷെ അതിൽ തന്നെക്കാൾ വേദനിക്കാൻ പോകുന്നത് അച്ഛനും അമ്മയും തന്നെയാണ്.... മകളുടെ കണ്ണുനീർ കണ്ടു ജന്മം തീർക്കാൻ ആണോ ഇത്രയും കാലം അവർ തന്നെ പോന്നു പോലെ നോക്കിയത്.... !!? ഉള്ളിൽ ആരോ അവളെ പുച്ഛിച്ചു ചിരിക്കും പോലെ.... "നിക്ക് സമ്മതാ അച്ചേട്ടാ....... " എന്തൊ തീരുമാനിച്ചു ഉറപ്പിച്ച പോലുള്ള വാക്കുകൾ.... വേദനയോ സങ്കടമോ അതോ നിസ്സഹായാതയോ ആ കണ്ണുകളിൽ.... സ്വന്തം ആക്കാൻ കൊതിച്ചിരുന്നു എങ്കിലും വിധി ഇങ്ങനെ ഒരു സാഹചര്യത്തിൽ തന്റെ മുന്നിൽ എത്തിക്കും എന്ന് അവനും കരുതിയിരുന്നില്ല... ഇത് ഒരു മുതലെടുപ്പ് ആണോ.... !!??....അറിയില്ല.... പക്ഷെ ഇത് തന്റെ പ്രണയം ആയിരുന്നു.... സ്നേഹവും കരുതലും കൊണ്ട് താൻ നൽകിയ പ്രണയം.............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story