അറിയാതെ: ഭാഗം 9

ariyathe

രചന: THASAL

"മോള് പോയി വേഷം മാറി വാ.... കാണാനോ സംസാരിക്കാനോ ഇവിടെ ആരും വരാൻ ഒന്നും ഇല്ല ..... " പുഞ്ചിരിയോടുള്ള സതി അമ്മയുടെ വാക്കുകൾ....നില മെല്ലെ ഒന്ന് തലയാട്ടി.... എന്തൊ അപരിചിതത്വം അവളെ വേട്ടയാടി.... പല തവണ കണ്ടു സംസാരിച്ച മുഖങ്ങൾ ആണ് മുന്നിൽ... പക്ഷെ ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥാനങ്ങളിൽ.... അവൾ തിരിഞ്ഞു നടക്കാൻ ഒരുങ്ങി എങ്കിലും പെട്ടെന്ന് ഒന്ന് തിരിഞ്ഞു നോക്കി... അമ്മ പുഞ്ചിരിയോടെ ഹർഷന്റെ റൂമിലേക്ക്‌ ചൂണ്ടി കാണിച്ചു... അവൾ മെല്ലെ റൂമിലേക്ക്‌ നടന്നു.... റൂമിൽ കയറിയതും അവളുടെ കണ്ണുകൾ ഒരു വേള ചുറ്റും ഒന്ന് പരതി... അടുക്കും ചിട്ടയും കൂടിയ കുഞ്ഞ് മുറി.....

രണ്ടാൾക്ക് മാത്രം കിടക്കാൻ കഴിയുന്ന ഒരു കട്ടിലും അതിനോട് ചേർന്നു ഒരു മരമേശയും ഉണ്ട്... മേശക്ക് അടുത്തായി ചുമരിൽ ഒരുപാട് പുസ്തകങ്ങൾ അടുക്കി വെച്ച അറകളും... താഴെ ഉള്ള അറകളിൽ എല്ലാം കൃഷിയെ കുറിച്ചുള്ള പുസ്തകങ്ങൾ ആണ്.... അവന്റെ ഷർട്ട് എല്ലാം വാതിലിന്റെ മറവിൽ ഹാങ്ങ്‌ ചെയ്തു വെച്ചിട്ടുണ്ട്.... കുറച്ചു മാറി ഒരു മരഅലമാരയും... പല തവണ ഈ വീട്ടിലേക്ക് വന്നിട്ടുണ്ട് എങ്കിലും ഒരിക്കൽ പോലും ഈ മുറിയിലേക്ക് കടന്നിട്ടില്ല... അവൾ മെല്ലെ അലമാരക്ക് മുന്നിൽ ചെന്ന് നിന്നു.... കണ്ണാടിയിലൂടെ കാണുന്ന തന്റെ പ്രതിബിംബം ഒരു നിമിഷം നോക്കി നിന്നു... കഴുത്തിൽ ആലില താലി....

സീമന്തരേഖയിൽ കട്ടിയിൽ തന്നെ പൂശിയ സിന്ദൂരം.... എല്ലാം ആഗ്രഹിച്ചത് തന്നെ.... അണിയിച്ച ആള് മാറി പോയി.... അരുണേട്ടന്റെ സ്ഥാനത്ത് അച്ചേട്ടൻ.... ഒരുപാട് ആഗ്രഹിച്ചു കൊതിച്ച അരുണേട്ടനെ തട്ടി എറിഞ്ഞു കൊണ്ട് വിധി തനിക്ക് നൽകിയത് അച്ചേട്ടനെ.... അവളുടെ ഉള്ളിൽ അന്ന് മുതൽ ഉള്ള കാര്യങ്ങൾ ഓടി മറഞ്ഞു... അച്ചേട്ടനോട് സംസാരിച്ച ശേഷം വീട്ടിൽ വിവാഹം ഉറപ്പിച്ചതും.... രണ്ട് മാസങ്ങൾക്കുള്ളിൽ വിവാഹം...അത് വരെ ഒരു നോട്ടം കൊണ്ട് പോലും ശല്യം ചെയ്യാൻ ഹർഷൻ അവളുടെ അരികിൽ ചെന്നില്ല.... അപ്പോഴും ആശ്വാസമായത് ഇടക്കുള്ള ശ്രീക്കുട്ടിയുടെ സന്ദർശനം മാത്രമായിരുന്നു.... അവസാനം തന്റെ കഴുത്തിലേക്ക് താലി അണിയിക്കുന്ന ഹർഷൻ വരെ...

അവന്റെ കൈകളാൽ അവളുടെ സിന്ദൂര രേഖ ചുമന്നു... അതിനിടയിലും അവൾ കണ്ടിരുന്നു പരിഹാസത്തോടെ നോക്കുന്ന ആളുകളുടെ കണ്ണുകൾ അവൾക്ക് കാണാമായിരുന്നു... അതെല്ലാം അവഗണിച്ചു തന്നെ നോക്കി പുഞ്ചിരിക്കുന്ന അച്ചേട്ടൻ അവൾക്ക് ഒരു അത്ഭുതമായി മാറുകയായിരുന്നു.... ഇറങ്ങുമ്പോൾ അച്ഛനെയോ അമ്മയെയോ നോക്കി കണ്ണ് പോലും നിറച്ചില്ല... കണ്ണുനീർ പോലും വറ്റി പോയവൾക്ക് എന്ത് ചെയ്യാൻ ആകും.... ആരുടേയും കളിയാക്കലുകളോ കുത്തു വാക്കുകളോ കാതുകളിൽ കയറുന്നില്ല... ഒരു മരവിപ്പ് മാത്രം.... ഈ ചെറിയ കാലം കൊണ്ട് വിധി എന്ന് രണ്ടക്ഷരം തന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ അവൾ തേടുകയായിരുന്നു....

പെട്ടെന്ന് ഡോർ തുറന്നതും അവൾ ഞെട്ടലോടെ പിന്തിരിഞ്ഞു നോക്കി.... ഹർഷനും പെട്ടെന്ന് അവളെ കണ്ടപ്പോൾ ഒന്ന് ഞെട്ടി പോയിരുന്നു...അവൻ ആദ്യം തിരിഞ്ഞു നടക്കാൻ ഒരുങ്ങി എങ്കിലും പെട്ടെന്ന് എന്തൊ ഓർത്ത പോലെ അങ്ങോട്ട്‌ തന്നെ ചെന്നു... "നില കൊച്ച് പേടിക്കണ്ട.... ഞാൻ ചാർജർ എടുക്കാൻ വന്നതാ.... " വളരെ സൗമ്യമായി വാക്കുകൾ ഒതുക്കി കൊണ്ട് മേശയിൽ നിന്നും ചാർജർ എടുത്തു തനിക്ക് നേരെ പുഞ്ചിരി മാത്രം നൽകി കൊണ്ട് ഡോർ ചാരി പോകുന്നവനെ അവൾ ഒരു നിമിഷം നോക്കി...... എന്താണ് ചെയ്യേണ്ടത്.... പറയേണ്ടത്.... ആരെയാണ് വിശ്വസിക്കേണ്ടത്.... ഒന്നും അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല... ഒരു തരം മരവിപ്പ് മാത്രം.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶▶

"ഇനി മോള് പോയി കിടന്നോ..... നാളെ വീട്ടിലേക്ക് പോകേണ്ടത് അല്ലേ.... ഉറക്കം ശരിയാവില്ല..... " അമ്മയുടെ വാക്കുകൾക്ക് മുന്നിൽ എന്ത് ചെയ്യണം എന്നറിയാതെ അവൾ ഒരു നിമിഷം നിന്നു... "അവന് നേരത്തെ കിടക്കണം.... കാലത്ത് എണീറ്റു പാടത്തു പോകേണ്ടത് അല്ലേ....." അമ്മ അവളുടെ വിഷമം അറിഞ്ഞ പോലെ പറഞ്ഞതും അവൾ ഒരു ചെറുപുഞ്ചിരിയോടെ അവരെ ഒന്ന് നോക്കി കൊണ്ട് മെല്ലെ റൂമിലേക്ക്‌ നടന്നു.... "പിന്നെ മോളെ.... " അമ്മയുടെ പിൻവിളി എന്ന വാക്കുകൾ കേട്ടതും അവൾ ഒരു നിമിഷം തിരിഞ്ഞു നോക്കി... "ഇനി ഇങ്ങനെ മിണ്ടാപൂച്ച ആയാൽ ഒക്കില്ലട്ടൊ... പിടിച്ചു നിൽക്കേണ്ടത് അവനോടാ...." അമ്മ ചെറു പുഞ്ചിരിയോടെ കണ്ണടച്ചു കാണിച്ചു...

അവളും ഒന്ന് പുഞ്ചിരിച്ചു.... നില റൂമിലേക്ക്‌ കടന്നതും കാണുന്നത് നിലത്ത് ഷീറ്റ് വിരിക്കുന്ന ഹർഷനെയാണ്... അവളെ കണ്ടതോടെ യാതൊരു വിധ പരിഭവവും കൂടാതെ ഒരു പുഞ്ചിരി നൽകി കൊണ്ട് അവൻ തലയണ ഒന്ന് തട്ടി നിലത്തേക്ക് ഇട്ടു കൊണ്ട് ബെഡും ഒന്ന് തട്ടി വിരിച്ചു... "നില കൊച്ചിന് കിടക്കാൻ സമയം ആയിട്ടുണ്ടാകില്ലലെ..... ഇവിടെ നേരത്തെ കിടക്കും....കൊച്ചിന് വേണേൽ ലൈറ്റ് ഇട്ടു വെച്ചോട്ടാ.... സമയം ആകുമ്പോൾ കിടന്നാൽ മതി.... " നിലത്തേക്ക് കിടന്നു കൊണ്ട് അവൻ പറഞ്ഞതും അവൾ മെല്ലെ ലൈറ്റ് ഓഫ് ചെയ്തു ബെഡിൽ പോയി ഇരുന്നു... "കുഴപ്പം ഇല്ല അച്ചേട്ടാ....." അവളെ ശബ്ദം നന്നേ താഴ്ന്നിരുന്നു... "അ...അച്ചേട്ടൻ.... " "എന്താ.... "

അവൾ എന്തൊ പറയാൻ ഒരുങ്ങിയതും അവന്റെ ശബ്ദം അതിന് കുറുകെ ആയി ഉയർന്നു... അവൾ ഒരു നിമിഷം ഉമിനീർ ഇറക്കി... അവൾ ഒന്ന് കണ്ണ് തുറന്ന് നോക്കിയതും ആ അരണ്ട വെളിച്ചത്തിലും അവന് കാണാൻ കഴിയുന്നുണ്ടായിരുന്നു അവളുടെ മുഖത്തെ കുഞ്ഞ് ഭയത്തെ... "എന്താ നില കൊച്ചേ...." അവൻ സൗമ്യമായി ചോദിച്ചു... "അച്ചേട്ടൻ കട്ടിലിൽ കയറി കിടന്നോ.... ഞാൻ താഴെ കിടന്നോളാം.... " അവൾ ശബ്ദം താഴ്ത്തി കൊണ്ടായിരുന്നു പറഞ്ഞത്.... അവൻ അതിനൊരു പുഞ്ചിരി നൽകി കൊണ്ട് കണ്ണുകൾ അടച്ചു... "അതിന്റെ ഒന്നും ആവശ്യം ഇല്ലാ കൊച്ചേ.... "

അവന്റെ മറുപടിയിൽ അവൾ തൃപ്ത അല്ലെങ്കിൽ കൂടി മറുത്ത് ഒരു വാക്ക് പോലും പറയാൻ കഴിയാതെ അവൾ എതിർ വശത്തെ ചുമരിനോട് ചാരി കിടന്നു.... എന്തിനെന്നു അറിയാതെ കണ്ണുകൾ നിറയുന്നുണ്ട്.... എന്തൊ ഒരു ഭയം ഉള്ളിൽ മുള പൊട്ടുന്നു... ആദ്യമായി ഇരുട്ടിനോട് അവൾക്ക് വെറുപ്പ് തോന്നി... സമയം ഇഴഞ്ഞു നീങ്ങുമ്പോഴും അവളുടെ കണ്ണുകളിൽ ഉറക്കം തൊട്ടിരുന്നില്ല....നിശബ്ദതയിൽ ഉയർന്നു കേൾക്കാവുന്ന ക്ലോക്കിന്റെ ശബ്ദം പോലും അവളെ ഭയപ്പെടുത്തി.... എന്തെല്ലാമോ ചിന്തകൾ മനസ്സിനെ വേട്ടയാടി കൊണ്ടിരിക്കുന്നു.... കണ്ണീരിനാൽ ചുമരിൽ നനവ് പടരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.... മൗനമായി ഉള്ളിലെ ഗദ്ഗദം അവൾ അടക്കി....

ഇടക്ക് കൈകൾ തന്റെ നെഞ്ചോട് ചേർന്നു കിടക്കുന്ന താലിയിലേക്ക് നീണ്ടു... തനിക്ക് അവകാശപ്പെട്ടതല്ല ഇതെന്ന് മനസ്സ് പല തവണ അലമുറയിട്ട് കൊണ്ടിരുന്നു.... ഇടക്ക് ഹർഷൻ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന ശബ്ദം അവൾക്ക് കേൾക്കാമായിരുന്നു... അവനെയും ഉറക്കം കീഴടക്കിയിട്ടില്ല എന്ന് അവൾക്ക് മനസ്സിലായി... താൻ ചെയ്യുന്നത് ക്രൂരതയാണ് എന്ന് അവൾക്ക് തോന്നി... "അച്ചേട്ടൻ ഉറങ്ങിയില്ലേ.... " നേർത്ത ശബ്ദത്തോടെ അവൾ ചോദിച്ചു... "മ്മ്മ്ഹും.... കൊച്ച് ഉറങ്ങിയില്ലേ...." "നിക്ക് ഉറക്കം വരണില്ല....." അവളുടെ വാക്കുകൾക്ക് നന്നേ ഇടർച്ച വന്നിരുന്നു... "പഴയത് ആലോചിച്ചു വെറുതെ അസുഖം വരുത്താതെ ഉറങ്ങാൻ നോക്ക് കൊച്ചേ.... എല്ലാം ശരിയാകും... "

അവൻ ശാസന കണക്കെ പറഞ്ഞതും അവളിൽ ഒരു തേങ്ങൽ രൂപം കൊണ്ടു... "ന്തിനാ അച്ചേട്ടാ... വെറുതെ ജീവിതം നശിപ്പിക്കുന്നെ.... നില ചീത്തയല്ലേ... ആളോള് അതല്ലേ പറയുന്നേ... " അവളുടെ വാക്കുകൾ അവനിൽ ദേഷ്യം നിറച്ചു എങ്കിലും അവൻ അത് പല്ലിൽ കടിച്ചമർത്തി... "നില കൊച്ചേ.... ഇനിയും എന്തെങ്കിലും പറഞ്ഞു വെറുതെ വഴക്ക് കേൾക്കാതെ ഉറങ്ങാൻ നോക്ക്.... " അവൻ അത് മാത്രം പറഞ്ഞു കൊണ്ട് കണ്ണുകൾക്ക് മേലെ കൈ വെച്ചു കൊണ്ട് കിടന്നു... ചീത്തയാണ് പോലും.... പ്രണയിച്ചതിന്റെ പേരിൽ പെണ്ണിന് മാത്രം സമൂഹം നൽകുന്ന പേര് ചീത്ത ആയവൾ....

പ്രണയം രണ്ട് പേർക്കിടയിൽ സംഭവിക്കുന്നത് ആണെങ്കിൽ അതിൽ എന്ത് ഉണ്ടായാലും അവർ തുല്യ അവകാശികൾ ആയിരിക്കണം.... പിന്നെയും പെണ്ണിന്റെ നേർത്ത കരച്ചിൽ ചീളുകൾ അവന് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു.... എങ്കിലും അവൻ അതിനെ പ്രതിരോധിച്ചില്ല.... ഒന്ന് കരയാൻ പോലും മറന്ന നിലയെക്കാൾ എത്രയോ മടങ് ആശ്വാസം ആയിരുന്നു സങ്കടങ്ങളെ കണ്ണുനീരിനാൽ ഒഴുക്കി കളയുന്ന നില.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "കണ്ണും മുഖവും ചീർത്ത് മത്തങ്ങാ കണക്കെ ഉണ്ട്.... ഞാൻ പറഞ്ഞതല്ലേ ഒന്നും ഓർക്കാതെ കിടന്നുറങ്ങാൻ.... അപ്പോൾ കിടന്നു കരഞ്ഞിട്ട്...നല്ല പോലെ കണ്ണിൽ ഒക്കെ വെക്ക് കൊച്ചേ... "

തോർത്ത്‌ നനച്ചു അവളുടെ കയ്യിൽ കൊടുത്തു കൊണ്ട് അവൻ ശാസന കണക്കെ പറഞ്ഞതും പരിഭവത്തോടെ പുറത്തേക്ക് ഉന്തിയ ചുണ്ടുകളോടെ അവൾ നനഞ്ഞ തോർത്ത്‌ കണ്ണുകളിൽ ചേർത്ത് വെച്ചു.... "നിക്ക് നീറ്ണ് ണ്ട് അച്ചേട്ടാ.... " "പിന്നെ രാവിലെ വരെ കണ്ണീര് പൊഴിച്ചു കിടന്നാൽ സുഖം അല്ലേ ഉണ്ടാവാ....ഇനി മേലാൽ ഇവിടെ കരയ്ണത് കാണട്ടെ.... ഇനി പുറത്ത് ഇറങ്ങിയാൽ അമ്മ ചോദിക്കും.... നീ തന്നെ മറുപടി പറഞ്ഞോണം... " അവൻ പറയുന്നത് കേട്ടു അവൾ ചുണ്ട് ചുളുക്കി.... "നിക്ക് സങ്കടം വന്നിട്ടാ.... " "ഒറ്റ വീക്ക് അങ് വെച്ചു തന്നാൽ ഉണ്ടല്ലോ.....അതിങ് താടി.... " അവളുടെ കയ്യിൽ നിന്നും തോർത്ത്‌ പിടിച്ചു വാങ്ങി അവളുടെ കണ്ണുകൾ ഒന്ന് തുടച്ചു കൊടുത്തു....

പെട്ടെന്ന് ആയത് കൊണ്ട് അവൾ ഒന്ന് വിറച്ചു എങ്കിലും അത് പോലും അവൻ കണ്ടിരുന്നില്ല... അവന്റെ കണ്ണുകളിൽ അതൊരു ഉത്തരവാദിത്തം മാത്രം ആയിരുന്നു.... "മ്മ്മ്... ഇപ്പോൾ കുഴപ്പം ഇല്ല... ഇനി കണ്ണ് എഴുതീട്ട് റൂമിൽ നിന്നും ഇറങ്ങിയാൽ മതി.... നിന്നെ കരയിച്ചു എന്നും പറഞ്ഞു അമ്മേടെ വായിൽ നിന്നും കേൾക്കാൻ എനിക്ക് വയ്യ.... " മുണ്ട് മടക്കി കുത്തി ഫോൺ എടുത്തു പോക്കറ്റിൽ ഇട്ടു കൊണ്ട് അവൻ പുറത്തേക്ക് നടക്കാൻ ഒരുങ്ങി... "ഞാൻ ഒന്ന് പാടത്തേക്ക് പോവാ..... ഞാൻ വരും മുന്നേ മാറ്റി നിൽക്കണം.... നിന്റെ വീട്ടിലേക്ക് പോണ്ടേ..." അത് മാത്രം പറഞ്ഞു കൊണ്ട് അവൻ പുറത്തേക്ക് നടന്നു... അവൾ ചെറുതിലെ ഒന്ന് പുഞ്ചിരിച്ചു....ഭർത്താവ് എന്ന അധികാരം കാണിക്കുന്നില്ല....

ആകെ ഉള്ളത് പഴയ സ്നേഹം മാത്രം....ഒരു നോക്ക് കൊണ്ട് പോലും തന്നെ വേദനിപ്പിക്കുന്നില്ല.... എന്താണ് തന്റെ മനസ്സിൽ ആ മനുഷ്യന് ഉള്ള സ്ഥാനം.... പക്ഷെ മനസ്സ് ഇപ്പോഴും അംഗീകരിക്കുന്നില്ല.... പലപ്പോഴും അരുണേട്ടൻ മനസ്സിലേക്ക് വരുന്നു.... നോവുന്നു.... അച്ചേട്ടനോട് ദേഷ്യം തോന്നുന്നു.... പക്ഷെ.... വെറുക്കാൻ കഴിയ്ണില്ല.... വിവാഹം കഴിച്ചു എന്ന കാരണത്താൽ മാറ്റി നിർത്താൻ തോന്നണില്ല..... "സ്വപ്നം കാണാതെ പോയി മാറ്റടി.... " ഹാളിൽ നിന്നും ഉയർന്ന ശബ്ദം... അവൾ ഒന്ന് ഞെട്ടി പിടഞ്ഞു എഴുന്നേറ്റു കൊണ്ട് വെറുതെ ഒന്ന് പുറത്തേക്ക് തലയിട്ട് നോക്കി... ചുണ്ടിൽ അടക്കിയ പുഞ്ചിരിയോടെ പോകുന്നവനെ കണ്ടു അവൾ ആ നിമിഷം തന്നെ റൂമിലേക്ക്‌ വലിഞ്ഞു... ▶▶▶▶▶▶▶▶▶▶▶▶▶▶▶

"അവൻ പണ്ടേ അങ്ങനെയാ.... ഒന്നിലും വിശ്വാസം ഇല്ല.... പറഞ്ഞു കൊടുക്കുന്നതിനും ഒരു അതിര് ഒക്കെ കാണില്ലേ....പിന്നെ ഞാനായിട്ട് നിർബന്ധിക്കാനും പോയില്ല....അതൊന്നും ഇല്ലേലും അവന് ദൈവം നല്ലതേ കൊടുത്തിട്ടുള്ളൂ.... " അടുക്കളയിൽ അമ്മയെ സഹായിക്കാൻ ആയി നിൽക്കുമ്പോൾ അമ്മ പറയുന്ന കഥകളിലേക്കും അവളുടെ ശ്രദ്ധ തിരിഞ്ഞു... പണ്ടും സതിയമ്മ ഇങ്ങനെയാണ്.... പറയാൻ എപ്പോഴും പഴയ കഥകളും കാര്യങ്ങളും എപ്പോഴും ഉണ്ടാകും.... എന്തെങ്കിലും ഒക്കെ സംസാരിച്ചു കൊണ്ട് ഇരിക്കുന്ന അവരെ ചെറു പുഞ്ചിരിയോടെ അവൾ നോക്കി.... "എന്റെ കൊച്ചേ.....നിനക്ക് എന്തെങ്കിലും ഒന്ന് തിരിച്ചു പറഞ്ഞൂടെ.... എന്നെ നോക്കി ചിരിച്ചു നിൽക്കാതെ...."

അവൾ തിരികെ ഒന്നും പറയുന്നില്ല എന്ന് കണ്ടതും അമ്മ എളിയിൽ കൈ കുത്തി നിർത്തി കൊണ്ട് ചോദിച്ചപ്പോഴും അവൾ ഒന്ന് പുഞ്ചിരിച്ചു.... "നിക്ക് സതിയമ്മ സംസാരിക്കുന്നത് കേൾക്കാൻ വലിയ ഇഷ്ടവാ അതോണ്ട.... " അവളുടെ സംസാരത്തിൽ പോലും ഒരു പ്രത്യേക ഈണം ഉണ്ടായിരുന്നു... അമ്മക്ക് അവളോട്‌ പ്രത്യേക വാത്സല്യം തോന്നി.... അമ്മ പുഞ്ചിരിയോടെ അവളുടെ തലയിൽ ഒന്ന് തലോടി.... "എന്ന് വെച്ചു അധികം സംസാരിപ്പിക്കണ്ടാട്ടൊ.... കൊച്ചേ... പിന്നെ വാ പൂട്ടണെൽ നീ വഴിപാടും നേർച്ചയും കഴിക്കേണ്ടി വരും.... " പുറത്ത് നിന്നും ഹർഷന്റെ ശബ്ദം കേട്ടു അവൾ ജനവാതിൽ വഴി ഒന്ന് എത്തി നോക്കി.... പുറത്തെ പൈപ്പിൽ ചേറ് പറ്റിയ കാലും കയ്യും എല്ലാം ഉരച്ചു കഴുകുകയാണ് അവൻ....

"ആഹാ വന്നല്ലോ....യുക്തി വാദി ഏമാൻ..... നിന്നോട് ഞാൻ പറഞ്ഞത് അല്ലായിരുന്നോഡാ... കൊച്ചിനെയും കൂട്ടി അമ്പലത്തിൽ ഒന്ന് പോയി വരാൻ.... " അമ്മ അടുക്കള വാതിൽ വഴി പുറത്തേക്ക് ഇറങ്ങി കൊണ്ട് ചോദിച്ചതും അവൻ ഒന്ന് ചിരിച്ചു കൊണ്ട് അയയിൽ ഇട്ടിരുന്ന തോർത്ത്‌ എടുത്തു മുഖം ഒന്ന് തോർത്തി.... "ന്നിട്ട് അമ്മേടെ ദൈവം കൊണ്ട് തരോ തിന്നാനും കുടിക്കാനും ഉള്ളത്... അതിന് ഞാൻ പാടത്തെക്ക് പോണ്ടേ...." "ഡാ.... " അമ്മ ശാസനയോടെ വിളിച്ചു... "ന്റെ അമ്മേ.... നില കൊച്ചിന്റെ വീട്ടിലേക്ക് പോണ്ടേ.... അതിന് വേണ്ടി കുറച്ചു പച്ചക്കറി എന്തേലും പറിക്കാം എന്ന് വെച്ചു പോയതാ.... അതിനിടയിൽ സമയം കിട്ടിയില്ല.... ഉമ്മറത്തെ ഷെഡിൽ ഉള്ളത് കൊണ്ട് വെച്ചിട്ടുണ്ട്....

അമ്മ പോയി അതൊന്നു എടുത്തു വെക്ക്.... അപ്പോഴേക്കും ഞാൻ ഒരു കുളിച്ചിട്ടു വരാം... ചെല്ല്.... " അവൻ പുഞ്ചിരിയോടെ പറയുന്നത് കേട്ടു അമ്മ അവനെ കൂർപ്പിച്ചു ഒന്ന് നോക്കി കൊണ്ട് ഉള്ളിലേക്ക് കയറി...കയറുമ്പോൾ അടുക്കള വാതിലിൽ കുഞ്ഞ് ചിരിയോടെ അവരെ ഇരുവരെയും നോക്കി നിൽക്കുന്ന നിലക്ക് ഒരു പുഞ്ചിരി നൽകാനും അവർ മറന്നില്ല.... അമ്മ പോയതും ഹർഷന്റെ കണ്ണുകൾ നിലയിൽ പതിഞ്ഞു.... "ആഹാ.... ആള് ഉഷാറായല്ലോ.... ഇന്നെന്താ കരയുന്നില്ലേ.... " ചുണ്ടിന്റെ കോണിൽ ചിരി ഒളിപ്പിച്ചു തോളിലൂടെ തോർത്ത്‌ ഇട്ടു പിടിച്ചു കൊണ്ട് അവൻ ചോദിച്ചതും അവളുടെ ചുണ്ടുകൾ ഒന്ന് വളഞ്ഞു..... "ന്നെ കളിയാക്കണ്ടാ.... "

ശബ്ദം താഴ്ത്തി കണ്ണുകളിൽ പരിഭവം നിറച്ചു കൊണ്ടുള്ള അവളുടെ സംസാരത്തിൽ ഹർഷൻ ഒന്ന് പൊട്ടിച്ചിരിച്ചു... "ഇവിടെ ഞങ്ങൾ ആരും കരയാറില്ല.....കരയുന്നത് കണ്ടാൽ ഉറപ്പായും ഞാൻ കളിയാക്കും.... കളിയാക്കുന്നത് ഇഷ്ടപ്പെടുന്നില്ലേൽ കരച്ചിൽ നിർത്തിക്കോ... " അവൻ ഇരു കയ്യും നെഞ്ചിൽ പിണച്ചു കെട്ടി കൊണ്ട് പറഞ്ഞു.... അവൾ അവനെ ഒന്ന് നോക്കി... ശേഷം ചുണ്ട് കൂർപ്പിച്ചു കൊണ്ട് ഉള്ളിലേക്ക് പോയി.... ഈ പെണ്ണിനെ കൊണ്ട്.... എന്ത് പറഞ്ഞാലും മിണ്ടാതെ പൊയ്ക്കോളും.... അവൻ സ്വയം ഒന്ന് പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "ആഹാ വന്നോ മക്കള്.... കയറി വാ.... "

ഉമ്മറത്തേക്ക് കയറാൻ ഒരുങ്ങുന്ന ഹർഷനെയും നിലയെയും കണ്ടു ചാരു കസേരയിൽ നിന്നും പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു കൊണ്ട് അച്ഛൻ പറഞ്ഞതും നില വേഗം തന്നെ അച്ഛനെ താങ്ങി പിടിച്ചു അവിടെ തന്നെ ഇരുത്തി.... "എണീക്കണ്ടാ അച്ഛേ.... " അവൾ ശാസനയോടെ പറഞ്ഞു....അദ്ദേഹം പുഞ്ചിരിയോടെ അവളുടെ നെറുകയിൽ ഒന്ന് തലോടി... "നിന്നെ കണ്ടിട്ട് അല്ലഡി...ഹർഷൻ വന്നത് കണ്ടില്ലേ.... " "എന്നെ കണ്ടിട്ട് എന്തിനാ....ഞാൻ ഇന്നും ഇന്നലേം ഇവിടെ വരാൻ തുടങ്ങിയത് അല്ലല്ലോ സഖാവെ.... " ഹർഷൻ തിണ്ണയിൽ കയറി ഇരുന്നു കൊണ്ട് പറഞ്ഞു.... നില അച്ഛന്റെ മുഖത്തെ സന്തോഷം കണ്ടു നിൽക്കുകയായിരുന്നു....

ഇത്രയും ദിവസങ്ങൾക്ക് ശേഷം ഇന്നാണ് അച്ഛൻ മനസ്സറിഞ്ഞു ചിരിച്ചു കാണുന്നത്... സന്തോഷിക്കാൻ ഉള്ള അവരുടെ അവകാശത്തേ ആണോ താൻ ഇത്രയും കാലം തടഞ്ഞു വെച്ചത്.... അവളുടെ ഉള്ളിൽ നോവ് പിറവി എടുത്തു.... "അച്ഛേ.... ഞാൻ അമ്മയെ കണ്ടിട്ട് വരാട്ടൊ... " അവൾ സൗമ്യമായി പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് നടക്കാൻ ഒരുങ്ങി... "നില കൊച്ചേ.... ഞാൻ ഇപ്പോ ഇറങ്ങും ട്ടൊ.... വൈകീട്ട് വിളിക്കാൻ വരാം.... " അവൾ ഉള്ളിലേക്ക് നടക്കുന്നത് കണ്ടതും ഹർഷൻ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു... ഒരു നിമിഷം നില ഒന്ന് തിരിഞ്ഞു നോക്കി.... "ഇപ്പോൾ തന്നെ ഇറങ്ങാനോ.... ഊണ് കഴിച്ചിട്ട് പോയാൽ പോരെ.... " നില പറയാൻ ആഗ്രഹിച്ചത് ആയിരുന്നു എങ്കിലും പറഞ്ഞത് അച്ഛൻ ആയിരുന്നു....

നില മൗനമായി അവനെ നോക്കി... "വേണ്ടാ സഖാവെ...പച്ചക്കറി കയറ്റാൻ വണ്ടി വരും.... ഞാൻ അവിടെ ഇല്ലാച്ചാൽ വിളയാത്തത് വരെ അവന്മാര് പറിച്ചു കയറ്റും.... പിന്നെ ഒരൂസം വരാം..... മ്മ്മ്.... " അവൻ അതും പറഞ്ഞു കൊണ്ട് എഴുന്നേറ്റു... നില വാതിൽക്കൽ തന്നെ നിന്നതെ ഒള്ളൂ... ഹർഷൻ അവളെ നോക്കി ചെറു പുഞ്ചിരിയാലെ ഒന്ന് തലയാട്ടി കൊണ്ട് പുറത്തേക്ക് നടന്നു... അവൾക്ക് ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ അവനോട് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.... അവൻ അവൾക്ക് അപ്പോഴും പഴയ അച്ചേട്ടൻ മാത്രമായിരുന്നു..... അവൻ പോയ വഴിയേ ഒന്ന് നോക്കി കൊണ്ട് അവൾ പതിയെ തിരിഞ്ഞു നടന്നു.... അച്ഛൻ മെല്ലെ തല ചെരിച്ചു അവൾ പോയ വഴിയേ നോക്കി... ആ അച്ഛന് മനസിലാകുന്നുണ്ടായിരുന്നു മകളിലെ ഓരോ ചിന്തകളെയും.... അദ്ദേഹം മെല്ലെ കസേരയിലേക്ക് ഒന്ന് ചാരി കണ്ണുകൾ അടച്ചു.....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story