അറിയാതെൻ ജീവനിൽ: ഭാഗം 11

ariyathen jeevanil adhithyan

രചന: ആദിത്യൻ മേനോൻ

ഞങ്ങളെ കാത്ത് ഇരിക്കുന്നത് പോലെ അവളുടെ അച്ഛൻ വീടിന്റെ ഉമ്മറത്തിരിക്കുന്നുണ്ടായിരുന്നു. "സുമേ.. അവര് വന്നൂട്ടോ.." ഞങ്ങളെ കണ്ടതും അദ്ദേഹം ചാടിയെഴുന്നേറ്റു അകത്തേക്ക് വിളിച്ചു പറഞ്ഞു. എന്താണ് നടക്കുന്നതെന്ന് അപ്പോഴും അറിയില്ലായിരുന്നു. അകത്തുകയറിയതും അച്ഛനെന്റെ കൈ വിട്ടു. "ജീവാ.. ഇരിക്ക്.." അവളുടെ അച്ഛൻ പറഞ്ഞപ്പോൾ കസേരയിൽ ഇരുന്നു. "ദേവൂട്ടീ.." അദ്ദേഹം അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞപ്പോൾ അടുക്കളയിൽ നിന്നും ഒരു പ്ലേറ്റിൽ ചായ കപ്പുകളുമായി ദേവൂട്ടിയെത്തി. അവളെ കണ്ടതും തല താഴ്ത്തി. മുഖത്തേക്ക് നോക്കുവാൻ തോന്നിയില്ല. മുന്നിൽ വന്നു കുനിഞ്ഞു നിന്നുകൊണ്ട് നേരെ കപ്പ് നീട്ടിയപ്പോൾ മുഖത്തോട്ട് നോക്കാതെ കപ്പ് വാങ്ങി. "ജീവയോട് ഞാൻ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.. അവനൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതിയതാണ്." അച്ഛൻ പറയുന്നത് കേട്ടു. ഒന്നും മിണ്ടിയില്ല. എങ്ങനെയെങ്കിലും ജുവലിനെ അടുത്തെത്തിയത് മതിയെന്നാണ് മനസ്സിൽ.

അവളോട് സംസാരിക്കാതെ ഒരു നിമിഷം പോലും ഇരിപ്പുറയ്ക്കുന്നില്ല.. "ഉള്ളത് പറയാല്ലോ ജീവന്റെ അച്ഛാ.. ഇവര് തമ്മിൽ ഇഷ്ടത്തിലാണെന്ന് അറിഞ്ഞപ്പോ ഇദ്ദേഹത്തിന് തീരെ താല്പര്യമില്ലായിരുന്നു.. ഇവളെ പഠിപ്പിച്ചു വലിയ നിലയിൽ എത്തിക്കാനായിരുന്നു ഇങ്ങേരുടെ ആഗ്രഹം. ഈ പെണ്ണ് ജീവനുവേണ്ടി ഞരമ്പ് മുറിച്ചു ചാകാൻ നോക്കുമെന്ന് ഞങ്ങളറിഞ്ഞില്ലല്ലോ.. എന്നാൽ പിന്നേ അവളുടെ ഇഷ്ടം പോലെ ആകട്ടെ എല്ലാമെന്ന് ഞങ്ങളും കരുതി. അങ്ങനെ അത് പറയാൻ നിങ്ങളുടെ അടുത്തേക്ക് ഇദ്ദേഹം വരാനിരിക്കുകയായിരുന്നു. അപ്പോഴാ അന്ന് നിങ്ങള് ഇവിടേക്ക് വന്നു ജീവന്റെ കാര്യങ്ങൾ പറഞ്ഞത്.. രണ്ടുപേരും ഇനി ഈ കാരണം കൊണ്ട് നശിക്കണ്ട.." ദേവൂട്ടിയുടെ അമ്മ പറഞ്ഞു നിർത്തിയപ്പോൾ അച്ഛനെഴുന്നേറ്റ് ദേവൂട്ടിയുടെ അടുത്തേക്ക് പോയി. അവളുടെ കെട്ടിയ കൈ എടുത്തുയർത്തി. "എന്റെ മോളെ.. നീയിത് എന്തു പണിയാ കാണിച്ചത്.. നിങ്ങളെ ഒന്നിപ്പിക്കണമെന്നാ ദൈവ നിശ്ചയം..

പിന്നേ ഇങ്ങനെയുള്ള അബദ്ധങ്ങൾ കാണിച്ചു കൂട്ടേണ്ട വല്ല ആവശ്യവുമുണ്ടോ?" അച്ഛൻ ചോദിച്ചത് കേട്ടു. "ജീവൻ ചായ കുടിക്കുന്നില്ലേ? അത് തണുത്തു പോകും.." അവളുടെ അച്ഛൻ ചോദിച്ചപ്പോഴാണ് തലയുയർത്തി നോക്കിയത്. പതിയെ ചായയൂതി കുടിക്കുവാൻ തുടങ്ങി. "അവന് ഇപ്പോഴാണ് കാര്യങ്ങൾ മനസ്സിലാകുന്നത്.. അതിന്റെ ഞെട്ടലിലാ പാവം.." ആരോ പറയുന്നത് കേട്ടു. ആരുടേയും മുഖത്തേക്ക് നോക്കുവാൻ കൂട്ടാക്കിയിരുന്നില്ല. മനസ്സ് മുഴുവൻ ജുവലിനെ മുഖമാണ്.. മറ്റൊരാൾക്കും ഒരു തരി ഇടം പോലും കൊടുക്കാനാവാതെ ഹൃദയത്തിൽ മുഴുവനായും ആ പെണ്ണ് കയറിക്കൂടിയിരിക്കുകയാണ്. പിന്നെങ്ങനെയാണ് തനിക്ക് മറ്റൊരു പെണ്ണിനെ കുറിച്ച് ചിന്തിക്കുവാനാകുക? "പിള്ളേര് മാറി നിന്നു കുറച്ചു സംസാരിക്കട്ടെ.. കുറേ കാലമായില്ലേ അവര് കണ്ടിട്ടും സംസാരിച്ചിട്ടും.." അച്ഛൻ പറഞ്ഞപ്പോൾ ദേവൂട്ടി നാണത്തോടെ അകത്തേക്ക് കയറിപ്പോകുന്നത് കണ്ടു. ചെല്ലെടാന്ന് പറഞ്ഞ് അച്ഛൻ എഴുന്നേൽപ്പിച്ച് തള്ളിവിട്ടു. ദേവൂട്ടിയുടെ മുറിയാണെന്നു തോന്നുന്നു,

അവിടെ ജനലിലൂടെ പുറത്തേക്ക് നോക്കി പെണ്ണ് നിൽക്കുന്നുണ്ടായിരുന്നു. മുറിക്കകത്തേക്ക് കയറിയതും പെണ്ണ് തിരിഞ്ഞു നോക്കി ഓടിവന്നു മാറിൽ മുഖം പൂഴ്ത്തി. എന്തുചെയ്യണമെന്നറിയാതെ അനങ്ങാൻ പോലുമാവാതെ നിന്നുപോയി.. "എത്ര ദിവസമായി കണ്ടിട്ട്.. എന്റെ ജീവേട്ടാ.." നെഞ്ചിൽ കിടന്നുകൊണ്ട് പെണ്ണ് പറയുന്നുണ്ടായിരുന്നു. നെഞ്ച് പൊള്ളിപ്പോയി.. "അച്ഛൻ സമ്മതിക്കില്ലെന്ന് പറഞ്ഞു ജീവേട്ടനെ അന്ന് അവസാനമായി കണ്ടിട്ട് പോകുമ്പോ മറക്കാൻ പറ്റില്ലാന്നു ഒരിക്കലും കരുതിയില്ല. പക്ഷെ ഓരോ രാത്രിയും ഞാനുറങ്ങാതെയാണ് കഴിച്ചു കൂട്ടിയത് ജീവേട്ടാ.. ജീവേട്ടനെ മറക്കാൻ എന്നെക്കൊണ്ട് തീരെ പറ്റാണ്ടായി.. പിരിഞ്ഞപ്പോ ആണ് നമ്മുടെ പ്രണയം ഇത്രേം ആഴമേറിയതാണെന്ന് മനസ്സിലായത്. നാട്ടുകാർ പറഞ്ഞു അറിയുന്നുണ്ടായിരുന്നു ജീവേട്ടന്റെ അവസ്ഥയും.. നശിച്ചു പോകുവാന്ന് അറിഞ്ഞപ്പോ പിന്നേം കുറേ സങ്കടായി ഒക്കെ ഞാൻ കാരണമല്ലേ.. സങ്കടം തോന്ന്യപ്പൊ ഞാൻ കൈ മുറിച്ചു ആശുപത്രീലായി.

അതിനിടയ്ക്കാണ് ജീവേട്ടന്റെ അച്ഛനും വീട്ടിൽ വന്നു സംസാരിക്കുന്നതും.. ജീവേട്ടന് സർപ്രൈസ് ആയിക്കോട്ടെ എന്ന് പറഞ്ഞതും ജീവേട്ടന്റെ അച്ഛനാ.. നിക്കറിയാം ജീവേട്ടന് ഇപ്പൊ ഒത്തിരി സന്തോഷായിക്കാണും ല്ലേ.." പറഞ്ഞു നിർത്തിക്കൊണ്ട് പെണ്ണ് ഒന്നുകൂടി നെഞ്ചിൽ പൂണ്ടു. കേട്ടതൊക്കെ വിശ്വസിക്കാനാവാതെ തരിച്ചു പോയി. "ജീവേട്ടാ.. നമ്മുടെ സ്വപ്‌നങ്ങൾ.. നമ്മളെത്ര സ്വപ്നങ്ങളാ കണ്ടു കൂട്ടിയത്.. ഒക്കെ.. ഒക്കെ നടക്കാൻ പോകുവാ.." അടർന്നു മാറിക്കൊണ്ട് പെണ്ണ് കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. കണ്ണിലൊന്നിൽ ഉമ്മ വച്ചു. അപ്പോഴും ഒന്നും പറയാനായില്ല. നടുവകത്തു നിന്നും അച്ഛന്റെ ചിരി കേൾക്കാം. ഇന്നേവരെ അച്ഛന്റെ ഒരു ഇഷ്ടത്തിനും മറുത്തൊന്നും പറഞ്ഞിട്ടില്ല.. പക്ഷെ ജുവലില്ലാതെ തനിക്കിനി ഒരിക്കലുമാവില്ലെന്ന് ഉറപ്പാണ്.. കഴിഞ്ഞ മാസങ്ങളായി അവളുമാത്രമുള്ളതായിരുന്നു തന്റെ ലോകം. "അതേയ്.. മതി മതി.. ബാക്കിയൊക്കെ കെട്ട് കഴിഞ്ഞിട്ട്.." ദേവൂട്ടിയുടെ ചേച്ചിയാണ്. മുറിക്കകത്തേക്ക് വന്നു പറഞ്ഞപ്പോൾ ഞങ്ങൾ തിരിച്ചു നടുവകത്തേക്ക് പോയി.

പോകുമ്പോ കയ്യിൽ ദേവൂട്ടി മുറുകെ പിടിച്ചിരുന്നു. "എന്നാൽ ഞങ്ങളിറങ്ങട്ടെ.." പറഞ്ഞുകൊണ്ട് അച്ഛനെഴുന്നേറ്റു. യാത്ര പറഞ്ഞു നടന്നു പോകുമ്പോൾ മനസ്സിനുള്ളിൽ വലിയൊരു യുദ്ധമായിരുന്നു. "മോനെ ജീവാ.. സന്തോഷമായില്ലേ?" തോളിൽ തട്ടിക്കൊണ്ട് അച്ഛൻ ചോദിച്ചു. മകൻ നശിച്ചു പോകുന്നത് കാണാൻ വയ്യാതെ പോയി സംസാരിച്ചുറപ്പിച്ചതാണെന്ന് അച്ഛൻ പറഞ്ഞു. അച്ഛനോട് ചോദിക്കണമെന്നുണ്ട്.. ഒരിക്കലെങ്കിലും തന്നോടൊരു വാക്ക് ചോദിച്ചിരുന്നെങ്കിൽ.. മാസങ്ങളായി റൂമിൽ നിന്നു പുറത്തിറങ്ങാതെ തന്റെ പെണ്ണിനോട് മാത്രം സംസാരിക്കുന്നത് ഒരിക്കലെങ്കിലും ഒന്ന് കേട്ടിരുന്നെങ്കിൽ.. ആരും ഒന്നും അറിഞ്ഞിരുന്നില്ലേ.. തനിക്ക് ചുറ്റുമുണ്ടായിരുന്ന നാല് ചുവരുകളും തന്റെ കിടക്കയും തന്റെ അലമാരയും മാത്രമായിരുന്നോ തന്റെയും ജുവലിന്റെയും പ്രണയത്തിന് സാക്ഷികൾ..? വീട്ടിലെത്തി..

അച്ചനകത്തേക്ക് കയറിപ്പോയി. മുറിയിൽ പോയിരുന്നപ്പോ തല വേദനകൊണ്ടു പിളരുമെന്നു തോന്നി. ചുറ്റിനുമുള്ള ചുവരുകളും കിടക്കയും കസേരയും ടേബിളുമെല്ലാം മന്ത്രിച്ചു. ജുവലില്ലാതെ നിനക്ക് പറ്റുമോ..?? പ്രണയത്തിന്റെ സാക്ഷികൾ പിന്നെയും അതുതന്നെ ആവർത്തിച്ചു ചോദിച്ചു. അവളില്ലാണ്ടെ പറ്റുമോ നിനക്ക്..? ഇല്ലെന്ന് തലയാട്ടി.. പറ്റില്ലാ.. പറ്റില്ല.. അമ്മ റൂമിലേക്ക് കയറി വന്നു. അമ്മയെ നോക്കി നിന്നു കുറേ നേരം. എല്ലാമറിയാമായിരുന്നില്ലേ.. അച്ഛനോടൊന്ന് പറഞ്ഞുകൂടായിരുന്നോ? മനസ്സിൽ ചോദ്യങ്ങൾ കിടന്നു തിളച്ചു. "അച്ഛൻ പോയി സംസാരിച്ചെന്ന് പറഞ്ഞപ്പോൾ ഞാനെന്തു പറയാനാണ്. ഞാനറിയുമോ നിന്റെയച്ഛൻ ഇങ്ങനെയൊക്കെ ചെയ്യുമെന്ന്.? ഏതായാലും കഴിഞ്ഞത് കഴിഞ്ഞു. ആർക്കുവേണ്ടിയാണോ നീ സ്വയം നശിച്ചു ജീവിതം തുലച്ചത്.. അവളു നിനക്കുവേണ്ടി വന്നിരിക്കുന്നു.."

അമ്മ പറഞ്ഞപ്പോൾ ദേഷ്യത്തോടെ അമ്മയെ നോക്കി. "ചാവാലിപ്പട്ടിയെ പോലെ ചാകാൻ കിടന്ന എന്നെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവന്നത് എന്റെ പെണ്ണാ.. അമ്മക്ക് അതൊക്കെ കാണാണ്ടിരിക്കാനും മറക്കാനും പറ്റുമായിരിക്കും.. പക്ഷെ ജീവന്റെ ജീവനുള്ളിൽ ഇനി എന്നും ജുവൽ എന്ന പെണ്ണ് മാത്രമേ കാണൂ.." കോപത്തോടെ പറഞ്ഞു. "എന്നാൽ പിന്നേ നിന്റച്ഛനോട് പോയി പറയെടാ അവളെ വേണ്ടാ നിനക്ക്‌ വേറൊരു പെണ്ണിനെ ഇഷ്ടമാണെന്ന്.." അമ്മയും ദേഷ്യത്തോടെ പറഞ്ഞപ്പോൾ തല താണു പോയി. "എന്താടാ.. നിനക്ക് പറയാൻ പറ്റില്ലല്ലേ.." അമ്മ പുച്ഛത്തോടെ ചോദിച്ചു. "ഒരു ക്രിസ്ത്യാനി പെണ്ണിനെ കെട്ടണമെന്ന് പറഞ്ഞു നിന്റച്ഛന്റെ അടുത്തേക്ക് ചെന്നേച്ചാലും മതി.." അമ്മ പിറുപിറുത്തപ്പോൾ ദേഷ്യം കൊണ്ട് വിറച്ചു പോയി. "ഹോ.. ക്രിസ്ത്യാനി പെണ്ണ്.. അപ്പൊ അതാണ്‌ കാര്യം.. ആ ഒരു പെണ്ണ് ഇല്ലായിരുന്നേൽ മരിച്ചു പോയേനെ

അമ്മേ ഞാൻ.. ന്നെ മരണത്തിന്റെ തുമ്പത്തുനിന്ന് ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ടുവന്നവൾ അമ്മയിപ്പോ പറഞ്ഞ ആ ക്രിസ്ത്യാനി പെണ്ണ് തന്നെയാ.. ആ പെണ്ണില്ലേൽ ഞാൻ മരിച്ചുപോകും അമ്മേ.." പറയുമ്പോ കണ്ണീരിറ്റി വീണിരുന്നു. "ദേവൂട്ടി പോയപ്പോ നീ കോലം കെട്ടു നടന്നില്യേ.. ന്നിട്ടോ.. ആ പെൺകൊച്ചു വന്നത് മാറ്റിത്തന്നു.. ഇപ്പൊ ദേ പിന്നെയും ദേവൂട്ടി വന്നിരിക്കുന്നു.. അതിലെന്താ ചേതം.. മറക്കാനാണോ ഇത്രക്ക് പാട്? നീ ദേവൂട്ടിയെ ഒരിക്കൽ മറന്നില്ലേ? അതുപോലെ തന്ന്യാ ഇതും." അമ്മ പറഞ്ഞപ്പോൾ അടിമുടി വിറച്ചിരുന്നു. ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും കണ്ണ് നിറഞ്ഞു. "അമ്മയും ഒരു പെണ്ണല്ലേ അമ്മേ? ന്നിട്ടും..." തുടർന്നു പറയുവാൻ തോന്നിയില്ല. അമ്മയ്ക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ചു. കിടക്കയിൽ കിടന്ന മൊബൈൽ സ്ക്രീൻ മിന്നിയപ്പോൾ ലോക് തുറന്നു നോക്കി.. പെണ്ണിന്റെ മെസേജുകൾ.. വേദനയോടെ അതിലേക്കുറ്റു നോക്കി നിന്നു. 'ജീവേട്ടാ.. എപ്പോഴാ വരാ.. വല്ലാണ്ടെ മിസ്സ്‌ ചെയ്യുന്നു.. വേം വന്നേ.. ഇത്രേം നേരമൊന്നും ജീവേട്ടനില്ലാതെ എനിക്ക് പറ്റില്ലാന്ന് അറിഞ്ഞൂടെ..' .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story