അറിയാതെൻ ജീവനിൽ: ഭാഗം 13

ariyathen jeevanil adhithyan

രചന: ആദിത്യൻ മേനോൻ

"ഞാൻ ജീവന്റെ അമ്മയാണ്.." "മനസ്സിലായമ്മേ.." ഉടനെ തന്നെ മറുപടി പറഞ്ഞു. അപ്പോൾ അമ്മയൊന്നും മിണ്ടിയിരുന്നില്ല. "അമ്മേ.. ജീവേട്ടനെവിടെ? രാവിലെ കാലത്ത് സംസാരിക്കുമ്പോഴൊന്നും ഒരു കുഴപ്പവുമില്ലായിരുന്നു. അച്ഛന്റെ കൂടെ എവിടേക്കോ പോകുവാണെന്നു പറഞ്ഞു പോയി വന്നതിൽ പിന്നേ അങ്ങേരാകെ ഒരു മൂഡ് ഓഫ് ആയപോലെ.. തലവേദനയാണെന്നും പറഞ്ഞു പോയതാ.. പിന്നേ ഇതുവരെ ഒരു വിവരവുമില്ല.. അവിടെ ഇല്ലേ ഏട്ടൻ?" എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷെ അതിനിടക്ക് കയറി അമ്മ പറഞ്ഞത് ഞെട്ടിച്ചു കളഞ്ഞിരുന്നു. "മോളിനി ജീവനെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കരുത്.. ജീവന്റെ കല്യാണം നിശ്ചയിച്ചു." വാക്കുകൾ വന്നൊരു കൊള്ളിമീൻ പോലെ നെഞ്ചിൽ തുളച്ചു കയറി. എന്തു മറുപടി പറയണമെന്നറിയില്ലായിരുന്നു.

കേട്ടത് വിശ്വസിക്കാനാവാതെ മനസ്സ് തളർന്നു. തിരിച്ചൊന്നും ചോദിച്ചില്ല. നെഞ്ച് പടപടാ മിടിച്ചു തുടങ്ങി. ഒന്നും പറയാൻ നാവ് പൊങ്ങിയില്ല.. അതുകൊണ്ടാവണം അമ്മ തന്നെ പറഞ്ഞു തുടങ്ങിയത്. "ഇന്ന് രാവിലെയാണ് അവന്റെ അച്ഛൻ അവനുമായി ദേവൂട്ടിയുടെ വീട്ടിലേക്ക് പെണ്ണുകാണാൻ പോയത്.." അമ്മ പറഞ്ഞപ്പോൾ ആ പേരോർത്തു. ദേവൂട്ടി.. ജീവേട്ടനെ ഒരിക്കൽ വേണ്ടാന്നു പറഞ്ഞു തേച്ചിട്ടു പോയ പെണ്ണാണ്. "അവനൊന്നുമറിയാമായിരുന്നില്ല.. അവന്റെ അച്ഛനോട് ഞാൻ മോളെ കുറിച്ചു പറഞ്ഞപ്പോൾ തന്നെ അദ്ദേഹം എതിർത്തു. അതില്പിന്നെയാണ് ഇന്നുതന്നെ അവനെക്കൊണ്ട് പെണ്ണുകാണിക്കാൻ കൊണ്ടുപോയത്.. അവനത് മോളോട് പറഞ്ഞിട്ടുണ്ടാകില്ല.. എങ്ങനെ പറയുമെന്നുള്ള ടെൻഷനിലാണ് അവൻ. ഇന്നേവരെ അവന്റെ അച്ഛന്റെ ഒരഭിപ്രായത്തിനും അവൻ എതിര് പറഞ്ഞിട്ടില്ല.

ഇന്നാദ്യമായി ദേവൂട്ടിയുമായുള്ള കല്യാണം നടക്കില്ലെന്നു അവനവന്റെ അച്ഛനോട് പറയുന്നത് കേട്ടു.. അവനെ പോലെ തന്നെ അച്ഛനും ഒരേ വാശിയിലാണ്.. അദ്ദേഹത്തിന്റെ വാശിക്ക് മുന്നിൽ അവൻ മുട്ടുമടക്കുമെന്നുറപ്പാണ്. മോളുടെ കൂടെ നല്ലതിനാണ് ഞാൻ എല്ലാം മറക്കുവാൻ പറയുന്നത്..." അമ്മ പറഞ്ഞുകൊണ്ടിരുന്നപ്പോൾ കണ്ണുകളിൽ ഇരുട്ട് കയറി തുടങ്ങിയിരുന്നു. കണ്ണ് നിറഞ്ഞു കവിയാൻ തുടങ്ങിയിരുന്നു. "പറയുന്നത് തെറ്റാണെന്ന് അമ്മക്കറിയാം.. വഴി തെറ്റി നടന്ന അവനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് മോളാണ്. ആ മോളോട് തന്നെ ചോദിക്കുകയാണ്. അവന്റെ നല്ലതിന് വേണ്ടി.. മോൾക്കവനെ മറന്നൂടെ? അച്ഛനും മോനും തല്ലിപ്പിരിയുന്നത് കാണാനുള്ള ത്രാണി ഈ അമ്മക്കില്ല.. ഒരമ്മയുടെ അപേക്ഷയായിട്ടെടുക്കണം.. എന്റെ മോന്റെ ജീവിതത്തിൽ നിന്നും മാറിതരണം.." അമ്മ പറഞ്ഞു നിർത്തിയപ്പോൾ പെണ്ണ് കരഞ്ഞു തുടങ്ങിയിരുന്നു. പെണ്ണിന്റെ കരച്ചിൽ കേട്ടിട്ടും അവരൊന്നും മിണ്ടിയില്ല. തേങ്ങി തേങ്ങി പെണ്ണ് കരഞ്ഞു തീരുന്നത് വരെ അവര് കാത്തുനിന്നു.

"ദയവുചെയ്ത് അമ്മയീ പറഞ്ഞതൊന്നും മോള് അവനോട് പറയരുത്.. മോളുടെയും അവന്റെയും നല്ലതിന് വേണ്ടിയാ.. ഒക്കെ മറന്നു കളഞ്ഞേക്ക്.. നിങ്ങള് പരിചയപ്പെട്ടിട്ടും ഇല്ല തമ്മിൽ അറിയുകയും ഇല്ല.. അങ്ങനെ കരുതിയാൽ മതി.. രണ്ടുകൂട്ടർക്കും അതുതന്നെയാണ് നല്ലത്." അമ്മ തുടർന്നു. എന്തു പറയണമെന്നറിയില്ലായിരുന്നു. നെയ്തുകൂട്ടിയ സ്വപ്നങ്ങളുടെ ചിറകുകൾ പെട്ടന്ന് തീ പൊള്ളലേറ്റ് കരിഞ്ഞു പോയതായി തോന്നി. കണ്ണു നിറഞ്ഞിറ്റി കരിഞ്ഞുപോയ തൂവലുകൾക്ക് മേൽ ചെന്നു പതിക്കുന്നു.. ഓരോ തുള്ളിയും ഇറ്റിവീഴും തോറും പെണ്ണ് പിടഞ്ഞു പോകുന്നു.. "ഞാൻ വിളിച്ചതും സംസാരിച്ചതുമൊന്നും അവനറിയണ്ട.. മോള് അവന്റെ നല്ലതിന് വേണ്ടി നേരായ തീരുമാനമെടുക്കുമെന്ന് അമ്മക്കുറപ്പുണ്ട്.." അവര് പിന്നെയും ഉണർത്തിച്ചു. കുറേ നേരം കഴിഞ്ഞിട്ടും മറുപടി പറയാഞ്ഞതുകൊണ്ടാകും കോൾ കട്ട് ചെയ്തത്.

മൊബൈൽ താഴെ വച്ച് ബെഡിൽ ചെന്നിരുന്നു. പെട്ടന്ന് മുഖഭാവം മാറി. കരച്ചിൽ വന്നു.. തലയിണയിൽ മുഖമമർത്തി പൊത്തി തേങ്ങി കരഞ്ഞു. അപ്പോഴാണ് ഡോറിനു മുട്ടുകേട്ടത്. പിടഞ്ഞെഴുന്നേറ്റ് മുഖം തുടച്ചു.. കണ്ണുകൾ അമർത്തി തിരുമ്മിയ ശേഷം ഡോർ തുറന്നു. അലീനേച്ചിയായിരുന്നു, എന്തോ പറയാൻ തുടങ്ങിയ ചേച്ചി മുഖം കണ്ടതും പെട്ടന്ന് നിശ്ശബ്ദയായി. "ജുവലേ.. നീ കരയുവായിരുന്നോ?" ചേച്ചി കവിളിൽ തൊട്ടുനോക്കിയിട്ട് ചോദിച്ചപ്പോൾ പിന്നെയും കണ്ണു നിറഞ്ഞു. ചേച്ചിയുടെ തോളിലേക്ക് കരഞ്ഞുകൊണ്ട് വീണു കെട്ടിപ്പിടിച്ചപ്പോൾ ചേച്ചി അന്താളിച്ചു പോയിരുന്നു. ചേച്ചിക്കൊപ്പം മുറിയിലിരുന്ന് എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുക്കുമ്പോൾ പെണ്ണിന്റെ കണ്ണ് ചുവന്നിരുന്നു. ഇടക്കെല്ലാം വാക്കുകൾ കിട്ടാതെ വിമ്മിഷ്ടപ്പെട്ടു.. "എനിക്ക് എന്താണ് പറയേണ്ടതെന്ന് അറിയത്തില്ല ജുവലേ..

എന്നിട്ട് അവൻ പിന്നേ നിന്നോട് സംസാരിച്ചോ?" അലീന ചേച്ചി ചോദിച്ചപ്പോൾ ഇല്ലെന്നു തലയാട്ടി. "ഇനി നീ എന്ത് ചെയ്യാൻ പോകുവാണ്.." ചേച്ചി പിന്നെയും ചോദിച്ചുകൊണ്ടിരുന്നു. എന്തുവേണമെന്ന് അപ്പോഴും മനസ്സിൽ തീരുമാനിച്ചിരുന്നില്ല. ജീവേട്ടന്റെ മുഖം മനസ്സിൽ കിടന്നു പിടയുകയാണ്. തന്നോട് ഈ കാര്യത്തെ കുറിച്ച് എങ്ങനെ പറയുമെന്ന് കരുതി സങ്കടപ്പെട്ടിരിക്കുകയായിരിക്കും ആ പാവം. ആ പാവത്തിനെ നോവിപ്പിച്ചുകൊണ്ടാണ് തനിക്കൊരു തീരുമാനം എടുക്കേണ്ടി വരുക.. ജീവേട്ടനെ മാത്രമല്ല സ്വന്തം മനസ്സിനെയും മുറിവേല്പിച്ചുകൊണ്ട്.. "ജുവലേ.. നീയെന്താ ഇങ്ങനെ മിണ്ടാണ്ടിരിക്കുന്നത്? എന്താ നിന്റെ തീരുമാനം? ഒരിക്കലും നടക്കില്ലാന്ന് ഉറപ്പുള്ള ഈ റിലേഷൻ മുന്നോട്ട് കൊണ്ട് പോകണോ.. അതോ, എല്ലാം മറന്നെന്നു മനസ്സിനെ സ്വയം പടിപ്പിക്കാനോ?.. രണ്ടു വഴികളും നിന്നെ വല്ലാണ്ടെ നോവിപ്പിക്കും പെണ്ണേ.. അതുകൊണ്ട് ഈ കാര്യത്തിൽ ഞാനൊരു അഭിപ്രായം പറയുന്നില്ല.." പറഞ്ഞുകൊണ്ട് ചേച്ചി ചുമലിൽ കൈവച്ചപ്പോൾ ചേച്ചിയുടെ മാറിൽ തലചായ്ച്ചു. സ്നേഹത്തോടെ ചേച്ചി തലമുടിയിൽ തലോടുന്നുണ്ടായിരുന്നു. പക്ഷെ പെണ്ണിന്റെയുള്ളിൽ വലിയ തിരയലകൾ ജനിക്കുന്നുണ്ടായിരുന്നു.

ജീവേട്ടനോട്‌ ഒരുപാട് കാര്യങ്ങൾ ചോദിക്കണമെന്നുണ്ടായിരുന്നു.. എന്തിനാ ഈ പെണ്ണിനെ ഇഷ്ടപ്പെട്ടത്? എന്തിനാ ഒരു പാട്ടിന്റെ അകമ്പടിയോടെ ഈ പെണ്ണിന്റെ ജീവിതത്തിലേക്ക് കേറിവന്നത്? എന്തിനാ നെഞ്ചിൽ കേറിക്കൂടിയത്? ഈ പൊട്ടിപ്പെണ്ണിനെ എന്തിനാ സ്നേഹിച്ചത്.. ചേർത്ത് പിടിച്ചത്?? ചോദ്യങ്ങൾ ഒരുപാടുണ്ടായിരുന്നു. അതിനുത്തരം നൽകാൻ ജീവേട്ടനിനി ഉണ്ടാകുമോ എന്നറിയില്ല.. കരഞ്ഞു തളർന്ന കണ്ണുകൾ പാതി അടഞ്ഞു പോയി. "ജുവലേ.. നീയിങ്ങനെ വല്ലാണ്ടിരിക്കല്ലേ.. ഒന്നുകിൽ നീയവനെ വിളിച്ചു കാര്യങ്ങൾ സംസാരിക്ക്‌.. അല്ലെങ്കിൽ ഈ ഇരിപ്പൊന്ന് അവസാനിപ്പിക്ക്‌..." ചേച്ചി തട്ടി വിളിച്ചപ്പോഴാണ് ചേച്ചിയുടെ ദേഹത്തുനിന്നും എഴുന്നേറ്റു മാറിയത്. "ഞാനിനി ജീവേട്ടനെ വിളിക്കത്തില്ല ചേച്ചീ.. ഞാൻ കാരണം ജീവേട്ടൻ വേദനിക്കുന്നത് കാണാൻ എനിക്ക് പറ്റത്തില്ല..

ഒന്നിച്ചില്ലേലും സന്തോഷത്തോടെ എവിടേലും ജീവിക്കുന്നുണ്ടാകുംന്ന് കരുതി ഞാൻ സമാധാനിച്ചോളാം.. എന്നാലും എന്നോട് മറക്കാൻ പറയരുത് ചേച്ചീ.. ഈ പെണ്ണിന് അത് മാത്രം പറ്റത്തില്ല.." പറഞ്ഞുകൊണ്ടിരിക്കെ വിതുമ്പിപ്പോയി.. വാക്കുകൾ മുറിയപ്പെട്ടു.. "നീ എന്ത് ചെയ്യാനാ ഉദ്ദേശിക്കുന്നത്? നീ നിർത്താമെന്ന് പറയുമ്പോഴേക്ക് അവൻ നിർത്തിപ്പോകുമെന്ന് തോന്നുന്നുണ്ടോ?" "ഒരിക്കലുമില്ല.. അതുകൊണ്ടുതന്നെ ജീവേട്ടനെ എന്നിൽ നിന്നും അടർത്താനുള്ള വേറെ വഴികൾ ഞാൻ കണ്ടുവച്ചിട്ടുണ്ട്.. ഞാൻ തേച്ചതാന്ന് കരുതിക്കോട്ടെ.. ഞാൻ ചതിച്ചതാന്ന് കരുതിക്കോട്ടെ.. ന്നെ വെറുത്തോട്ടെ.. അതിനുള്ളത് ഈ പെണ്ണ് ആലോചിച്ചു വച്ചിട്ടുണ്ട്.. എന്റെ ജീവേട്ടൻ ന്നെ വെറുത്തുകൊണ്ട് ന്നെ മറന്നുകൊണ്ട് സന്തോഷത്തോടെ ജീവിക്കുന്നത് എനിക്ക് കാണണം.." പറഞ്ഞു പൂർത്തിയാക്കാനായില്ല. വരികളെ പൂർത്തിയാക്കാൻ കണ്ണുനീർ സമ്മതിക്കുന്നില്ലായിരുന്നു. പെണ്ണിന്റെ ഉള്ളിലുള്ളതെന്താണെന്ന് മനസ്സിലാക്കാനാവാതെ അലീന ചേച്ചി കുഴങ്ങി.

"ജുവലേ.. നീയിങ്ങനെ ഭയങ്കര ബോറാണ്.. നീയൊരു ഫെമിനിസ്റ്റല്ലേ.. എന്നിട്ടാണോ ഇങ്ങനെ കൊച്ചു പിള്ളേരെ പോലെ കരയുന്നത്? ബോൾഡായിട്ടിരിക്ക് പെണ്ണേ.." അലീന ചേച്ചി പെണ്ണിന്റെ മുഖം തുടച്ചുകൊണ്ട് പറഞ്ഞു. "പിന്നേ.. ആ കൊറിയർ തരാൻ വന്ന ചെക്കനില്ലെ.. അവൻ എന്റെ ഒപ്പും വാങ്ങിച്ചുകൊണ്ടാ പോയത്. എനിക്കെന്തോ അതിൽ വല്ലാത്തൊരു സംശയമുണ്ട്.. നിനക്ക് വന്ന കൊറിയറിൽ നീയല്ലേ ഒപ്പിടേണ്ടത്? നിന്നെ വിളിച്ചിട്ട് കാണാഞ്ഞപ്പോ എന്നോട് ഒപ്പിടാൻ പറഞ്ഞ് ഒപ്പും വാങ്ങിച്ചു ബോക്‌സും തന്നിട്ട് പോയി.. അവൻ ശരിക്കും പോസ്റ്റ്മാൻ ഒന്നുമല്ലെന്ന് തോന്നുന്നു.. ഹാ, നമുക്ക് ഉടനെ കണ്ടുപിടിക്കാം. ഇത്തവണ സ്നിക്കേഴ്സ് ആണ്.. ദച്ചു മോളുടെ ഫേവറേറ്റ്.. പിന്നേ എല്ലാ തവണയും ഉണ്ടാകുന്ന ആ പേപ്പർ സ്ലിപ്പും.. അപരി'ജിതൻ ആള് കൊള്ളാം..." ചേച്ചി പറയുന്നുണ്ടായിരുന്നെങ്കിലും മനസ്സ് മുഴുവനും ജീവേട്ടനായിരുന്നു. ജീവേട്ടന്റെ മുഖം.. ജീവേട്ടൻ പാടിത്തന്ന തനിക്ക് പ്രിയമുള്ള പാട്ട്.. നെഞ്ചിലൊരു കാരമുള്ള് കുത്തിക്കയറിയെന്നു തോന്നി പെണ്ണിന്..

ചേച്ചി റൂമിൽ നിന്നും താഴേക്ക് പോയപ്പോഴാണ് മൊബൈൽ കയ്യിലെടുക്കുന്നത്. കൈകളിലത് ഉറക്കുന്നുണ്ടായിരുന്നില്ല. വാട്സ്ആപ്പ് തുറന്നു നോക്കിയപ്പോൾ ജീവേട്ടന്റെ മെസേജുകൾ ഉണ്ടായിരുന്നു.. 'പെണ്ണേ.. ഞാൻ വന്നു.. താനെവിടെ?' മെസേജ് കണ്ടപ്പോൾ ആദ്യമായി ചോദിക്കാൻ തോന്നിയത് തലവേദന മാറിയോ എന്നായിരുന്നു. പക്ഷെ ജീവേട്ടന്റെ അമ്മയുടെ വാക്കുകൾ നിർത്താതെ കാതിൽ അലയടിക്കുന്നുണ്ടായിരുന്നു. 'ആ.. വന്നോ.. ഞാൻ എന്റെ ആരവേട്ടനോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.. കഴിഞ്ഞിട്ട് വരാം..' എന്തുകൊണ്ട് ആരവ് ഡോക്ടറുടെ പേര് പറഞ്ഞുവെന്നു അറിയില്ല.. പക്ഷെ ഒരിക്കൽ തന്റെ കാമുകനാണ് ആരവ് എന്ന് കളിയായി പറഞ്ഞു ജീവേട്ടനെ ദേഷ്യം പിടിപ്പിച്ചതായി പെണ്ണോർത്തു. ജീവേട്ടന്റെ മറുപടി വരുന്നത് കാത്തിരുന്നു.. ജീവേട്ടന്റെ പ്രൊഫൈലിന് താഴെ തെളിഞ്ഞ 'ജീവേട്ടൻ ടൈപ്പിംഗ്...' എന്ന ഐക്കണിലേക്ക് ഭാവഭേദങ്ങളില്ലാതെ നോക്കിയിരുന്നു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story