അറിയാതെൻ ജീവനിൽ: ഭാഗം 14

ariyathen jeevanil adhithyan

രചന: ആദിത്യൻ മേനോൻ

'ആരവേട്ടനോ?' ഒപ്പം ഒരുപാട് സങ്കടവും പിണക്കവും കാണിച്ചുകൊണ്ടുള്ള ഇമോജികളും.. അതായിരുന്നു ജീവേട്ടന്റെ റിപ്ലൈ. കണ്ടപ്പോ ഒത്തിരി സങ്കടം തോന്നിയിരുന്നു.. ഒരുപക്ഷെ ജീവേട്ടനോട് ചെയ്യുന്ന പൊറുക്കാനാവാത്ത തെറ്റാവും ഇതെല്ലാം.. സ്വന്തം മനസ്സാക്ഷി പോലും തന്നോട് പൊറുക്കില്ലെന്നും അറിയാം.. പക്ഷെ തന്നിൽ വേരോടിയ ജീവൻ എന്ന വൃക്ഷത്തെ പിഴുതെടുത്തെ മതിയാകൂ എന്നാണെങ്കിൽ അതല്ലാതെ മറ്റെന്താണൊരു വഴി.. 'ഹാം.. ആരവേട്ടൻ.. എന്റെ ആരൂട്ടൻ..' 'നിന്റെയോ...' 'അതേ.. എന്റെ..' 'അതിന് നീ എന്റേതല്ലേ..' 'അല്ല.. എന്റെ ആരൂട്ടന്റെയാ..' കണ്ണൊത്തിരി നനയാൻ തുടങ്ങിയിരുന്നു.. 'അല്ല.. ജുവൽ എന്റെയാണ്.. എന്റെ മാത്രം..' 'എത്ര തവണ പറയണം ഞാൻ നിങ്ങളുടേതല്ലെന്ന്.. എന്റെ ആരവ് ഡോക്ടറിന്റെതാ ഞാൻ..' ടൈപ്പ് ചെയ്യുമ്പോൾ വിരലുകൾ വിറച്ചിരുന്നു..

അക്ഷരങ്ങൾ മാറിമാറി പോയി, ഓരോ മെസേജും ടൈപ്പ് ചെയ്യാൻ ഒരുപാട് സമയമെടുത്തു.. ജീവേട്ടൻ മറുപടിയയച്ചില്ല.. പിണങ്ങിയതാണ്.. പെട്ടന്ന് ഫോൺ റിങ് ചെയ്തു. ജീവേട്ടൻ തന്നെയാണ്. ആ വിളി പ്രതീക്ഷിച്ചതുമാണ്. കോൾ അറ്റൻഡ് ചെയ്യണോ വേണ്ടയോ എന്നുള്ള സംശയമായിരുന്നു മനസ്സിൽ. മടിച്ചു മടിച്ചാണ് കോൾ അറ്റൻഡ് ചെയ്തത്.. "എന്താടോ?" ജീവേട്ടന്റെ ശബ്‌ദം കേട്ടപ്പോൾ തന്നെ ഉള്ളിൽ മൂടിവച്ച പ്രണയത്തിന്റെ കെട്ടഴിഞ്ഞു തുടങ്ങിയിരുന്നു.. "എന്ത്?" തിരിച്ചു ചോദിച്ചു. ആ ചോദ്യത്തിന് ഗൗരവമേറിയിരുന്നു. "കഴിച്ചോ താൻ?" "ഞാൻ കഴിച്ചോളാം.." സ്വരത്തിന് കാഠിന്യമേറിയിരുന്നെങ്കിലും നെഞ്ച് കലങ്ങിയിരുന്നു. "എന്താ കുഞ്ഞോ കലിപ്പിലാണല്ലോ?" ജീവേട്ടന്റെ ചിരിയുടെ നിശ്വാസം പെണ്ണിന്റെ കാതിലൊരു മിന്നലായി ചെന്നു പതിച്ചു.. ഹൃദയത്തിൽ മഴ പെയ്തു തുടങ്ങി..

"ദേഷ്യം വരാതെ പിന്നേ? ഞാനെന്റെ ഡോക്ടറോട് സംസാരിക്കുമ്പോ ഇടക്ക് കയറി വന്നു ഡിസ്റ്റർബ് ചെയ്തതല്ലേ.." "ദേ പെണ്ണേ.. കളിക്കല്ലേ.. കുറേ നേരമായി അവളുടെയൊരു ആരവ് ഡോക്ടർ.." ജീവേട്ടൻ ദീർഘമായി നിശ്വസിക്കുന്നത് കേൾക്കാം.. "ഞാൻ ഒരു രണ്ടു മണിക്കൂർ കഴിഞ്ഞു വിളിച്ചാൽ മതിയോ? ഏട്ടൻ വിളിക്കുന്നുണ്ട്.." "ഏത് ഏട്ടൻ?" "എന്റെ ആരവേട്ടൻ.." "മതി മതി.. വെറുതേ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.. എനിക്ക് ഇതുപോലുള്ള തമാശകൾ ഇഷ്ടമല്ലെന്നു നിനക്കറിഞ്ഞൂടെ.. കോൾ കട്ടാക്കി പോകുമേ ഞാൻ.." ജീവേട്ടന്റെ ശബ്‌ദവും ഇടറിയിരുന്നു.. തന്റെ തമാശയാണിതെന്നാണ് ജീവേട്ടന്റെ ധാരണ.. "എന്നാൽ പിന്നേ വച്ചിട്ട് പൊക്കൂടെ?" അത് പറയുമ്പോൾ പെണ്ണിന്റെ ശബ്ദത്തിനു വന്ന കടുപ്പം ഏറിപ്പോയോ എന്ന് പറഞ്ഞ ശേഷമാണവൾ ആലോചിച്ചത്.. ജീവേട്ടൻ മറുപടി പറഞ്ഞില്ല..

തന്റെ മാറ്റം കണ്ട് ഞെട്ടിയിട്ടുണ്ടാകും.. വിശ്വസിക്കാനാവാതെ ഇപ്പോൾ അത്ഭുതപ്പെട്ടിട്ടുണ്ടാകും.. കുറേ നേരം ഇരുവരിലും മൗനം തളം കെട്ടിയപ്പോൾ കോൾ കട്ട് ചെയ്തത് താനായിരുന്നു. കണ്ണീരിന്റെ ഭാരം കൊണ്ട് തല താണുപോയി.. നിലത്തിരുന്നു കിടക്കയിൽ തലചായ്ച്ചു കരഞ്ഞു തുടങ്ങി.. പ്രിയപ്പെട്ടവനേ.. എന്നിലെ ജീവനേക്കാൾ ഞാനേറെ ഇഷ്ടപ്പെടുന്നത് നിന്നെയാകുന്നു.. അറിയാതെൻ ജീവനിൽ വന്നു മൊട്ടിട്ട സ്വപ്നമാണ് നീയെന്നത്.. ആ നിന്നെ എന്നിൽ നിന്നും അടർത്തിമാറ്റിയെ തീരൂ എന്നാണെങ്കിൽ എനിക്കത് ചെയ്യാതെ വയ്യല്ലോ.. നിന്റെ കണ്ണിൽ ഞാനൊരു തേപ്പുകാരിയാവും.. നിന്നെ ചതിച്ചിട്ട് പോയവളാകും.. ഒരിക്കൽ ദേവൂട്ടി പോയതിനേക്കാൾ വൃത്തിഹീനമായ രീതിയിൽ നിന്നെ വേണ്ടെന്നു വച്ചു പോകുന്നവളാകും.. നിന്റെ നല്ലതിന് വേണ്ടി നിന്നെ പറിച്ചു മാറ്റുന്നവളെ നീ തേപ്പുകാരികളുടെ കൂട്ടത്തിൽ മുദ്ര കുത്തും..

എന്നെക്കാൾ ഭേദം ദേവൂട്ടി തന്നെയാണെന്ന് നീ തിരിച്ചറിയും.. നിനക്ക് വേണ്ടിയാണ്.. നമുക്ക് വേണ്ടിയാണ്.. എന്നു കരുതി നിന്നെ അടർത്തിമാറ്റിയ ഒരു പാവം പൊട്ടി പെണ്ണിന്റെ കഥ നീയറിയാതെ പോകും.. ഒടുവിൽ നീയെന്നെ മറക്കും.. നഷ്ടം, അതെനിക്ക് മാത്രമാകും.. കണ്ണു പൊട്ടി.. ചോരയൊലിച്ചു.. ഈ പിണക്കവും ഒരു തമാശയാണെന്നു കരുതി തന്റെ ഒരു പിൻവിളിക്കായി ജീവേട്ടൻ കാത്തിരിക്കുന്നുണ്ടെന്നറിയാം.. ആ ജീവേട്ടന്റെ നെഞ്ച് തകർക്കുന്നതാണ് തന്റെ അടുത്ത നീക്കം.. കണ്ണു തുടച്ചു ബെഡിലേക്ക് കയറിയിരുന്നുകൊണ്ട് മൊബൈലിൽ ആരവ് ഡോക്ടറുടെ വാട്സ്ആപ്പ് ചാറ്റിലേക്ക് ചെന്നു.. 'ഡോക്ടറെ..' 'യെസ്.. പറയൂ..' മെസേജ് സീൻ ആയതും റിപ്ലൈ കിട്ടിയതുമെല്ലാം വളരെ പെട്ടന്നായിരുന്നു. 'എനിക്ക്‌ വളരെ പ്രധാനപ്പെട്ടൊരു കാര്യം പറയാനുണ്ട്..' 'എന്താ ജുവൽ.. പറഞ്ഞോളൂ..

ഇല്ലെങ്കിൽ എന്നെ കോൾ ചെയ്തോളൂ..' 'കോൾ ചെയ്തു പറയാൻ പറ്റിയ കാര്യമല്ല ഇത്.. എനിക്കൊന്ന് കാണണം.. ഇന്ന് തന്നെ.. പറ്റുമെങ്കിൽ ഇപ്പൊ തന്നെ..' മെസേജ് സീൻ ആയതും കുറേ നേരത്തിനു മറുപടി കിട്ടിയിരുന്നില്ല.. മറുപടി അയക്കുന്നത് കാത്ത് പെണ്ണ് പുതിയ തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. 💜💜💜💜💜💜💜💜💜💜💜💜 'കോൾ ചെയ്തു പറയാൻ പറ്റിയ കാര്യമല്ല ഇത്.. എനിക്കൊന്ന് കാണണം.. ഇന്ന് തന്നെ.. പറ്റുമെങ്കിൽ ഇപ്പൊ തന്നെ..' ജുവലിന്റെ മെസേജ് കണ്ടപ്പോ വല്ലാത്തൊരു ആകാംഷയും അമ്പരപ്പും തോന്നിയിരുന്നു.. തന്നെ കാണാനോ.. എന്തിനായിരിക്കും? 'ഞാനിപ്പോ തന്നെ വരാം..' മെസേജിനു റിപ്ലൈ അയച്ചു. ആരവ് വേഗമെഴുന്നേറ്റു കണ്ണാടിക്ക് മുന്നിൽ ചെന്നു നിന്നു മുടി ചീകി.. കണ്ണാടിയിൽ ഒരു നിമിഷം തന്റെ മുഖം നോക്കി നിന്ന് ആ പ്രതിബിംബത്തോട് സംസാരിക്കുവാൻ തുടങ്ങി.. എന്തിനായിരിക്കും ആ പെണ്ണ് കാണണമെന്ന് പറഞ്ഞത്.

. ഇനി എന്നെ പോലെ തന്നെ അവൾക്കും എന്നോട് ഇഷ്ടമുണ്ടോ.. അത് പറയാനാകുമോ അവളിപ്പോ തന്നെ കാണണമെന്ന് പറഞ്ഞത്? അത് തന്നെയാവില്ലേ ഫോണിലൂടെ പറയാനും അവൾ മടിച്ചത്? അവൾ ഇഷ്ടമാണെന്ന് പറയുന്നതിന് മുൻപ് തനിക്കവളെ ഇഷ്ടമാണെന്ന് പറഞ്ഞാലോ? അവളപ്പോ ഞെട്ടില്ലേ.. അവൾക്കതൊരു സർപ്രൈസ് ആവില്ലേ.. അവൾക്കും ഇതുതന്നെയാണ് പറയാനുള്ളതെന്ന് പെണ്ണ് പറയില്ലേ? രണ്ടുപേരുടെയും തുറന്നു പറച്ചിലുകൾക്ക് ശേഷം പരസ്പരം ഇഷ്ടത്തോടെ നോക്കില്ലേ.. ആ നിമിഷം ആ പെണ്ണിനെ താൻ ചേർത്തുപിടിക്കും.. ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകുമെന്ന് വാക്കും നൽകും.. "കുഞ്ഞാ..." അമ്മ അടുക്കളയിൽ നിന്നും ഉറക്കെ വിളിച്ചപ്പോ വിളി കേട്ടു. "നീയവിടെ എന്തോന്നാ പിച്ചും പേയും പറയണേ?" "ഒന്നുല്ലാമ്മേ.. ഞാനെയ് പുറത്തോട്ടൊന്നു പോകുവാണ്.. വേം വരാം.."

ഷർട്ടിന്റെ സ്ലീവ്‌സ് മടക്കിക്കൊണ്ടു മുറ്റത്തേക്കിറങ്ങി വിളിച്ചു പറഞ്ഞു. "എങ്ങോട്ടാടാ?" "വന്നിട്ട് പറയാംന്ന്.." ചിരിയോടെ ആരവ് കാറിന്റെ ഡോർ തുറന്ന് അകത്തു കയറിയിരുന്നപ്പോഴാണ് മിററിനു പിന്നിൽ തൂക്കിയിട്ട ജുവലിന്റെ പൊട്ടിയ വാച്ച് കണ്ണിലുടക്കുന്നത്. അത് കണ്ടപ്പോഴാണ് അവൾക്ക് സമ്മാനിക്കുവാൻ മാറ്റിവച്ച പുതിയ വാച്ച് ബോക്സ്‌ റൂമിലെ അലമാരയുടെ ഷെൽഫിൽ വച്ചിട്ടുണ്ടെന്ന് ഓർത്തത്. ധൃതിയിൽ കാറിൽ നിന്നുമിറങ്ങി അകത്തേക്കോടി മുറിയിലെത്തി. അലമാര തുറന്ന് ഷെൽഫിൽ വാച്ച് ബോക്സ് തിരയാൻ തുടങ്ങി. പക്ഷെ വച്ചയിടത്ത് അത് കാണാനില്ലായിരുന്നു. "ഒരു സാധനമിവിടെ വച്ചയിടത്ത് കാണത്തില്ല.." അത് കാണാതായപ്പോൾ പിറു പിറുത്തു. അലമാരി മുഴുവൻ തിരയാൻ തുടങ്ങിയപ്പോഴാണ് അമ്മ അവിടേക്ക് വന്നത്. "നീയെന്താടാ ഈ തിരയുന്നത്? ഇതാണോ?" തിരിഞ്ഞു നോക്കിയപ്പോൾ അമ്മയുടെ കയ്യിൽ വാച് ബോക്സ് കണ്ടു. ചിരിയോടെ അമ്മ നോക്കിയപ്പോൾ പിടിക്കപ്പെട്ടെന്ന് ഉറപ്പായിരുന്നു. "എന്റെ മോനെ എനിക്കറിഞ്ഞൂടെ..

അപ്പോ നീ അന്ന് പറഞ്ഞ ആ പെങ്കൊച്ചിനുള്ളതായിരിക്കും അല്ലേ ഈ വാച്ച്.. അവളേതാണെന്നൊന്നും ഇപ്പൊ ചോദിക്കുന്നില്ല. വേഗം പോയി കൊടുത്തിട്ട് വാ.." അമ്മ ആ ബോക്സ് കയ്യിൽ വച്ചു തന്നിട്ട് പറഞ്ഞപ്പോൾ അമ്മയെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു. മുറ്റത്തേക്കിറങ്ങി കാറിലേക്ക് കയറുമ്പോൾ അമ്മ വരാന്തയിൽ വന്നു നിൽക്കുന്നത് കണ്ടു. "കുഞ്ഞാ.. നീയവളെ ഇപ്പൊ ഇങ്ങോട്ട് കൈ പിടിച്ചു കൂട്ടിക്കൊണ്ടു വന്നാലും അമ്മക്ക് കുഴപ്പമൊന്നുമില്ലാട്ടോ.." അമ്മ പറഞ്ഞു. "ഒന്ന് പോ അമ്മേ.." ചിരിയോടെ അമ്മയെ നോക്കി കാർ സ്റ്റാർട്ട്‌ ചെയ്തു. "ഡാ ഡാ.. എന്തേലും ഒന്ന് പറഞ്ഞിട്ട് പോടാ, ഞാൻ നിലവിളക്ക് റെഡിയാക്കി വെക്കണോ വേണ്ടയോ..?" "ഈ അമ്മയെ കൊണ്ട്..." ആരവ് അമ്മയെ നോക്കി ചിരിയോടെ കൊഞ്ഞനം കുത്തിക്കൊണ്ട് കാറുമായി ജുവലിന്റെ വീട്ടിലേക്ക് തിരിച്ചു.

വീടിനുമുന്നിലെത്തിയപ്പോൾ അവിടുത്തെ ഗേറ്റിനു മുൻവശത്തെ വയലിന് സമീപത്തായി ഇരിക്കുവാൻ സ്ഥാപിച്ച ബെഞ്ചിൽ ജുവൽ ഇരിക്കുന്നത് കണ്ടു. കാർ ഒരുവശത്തേക്ക് ഒതുക്കി വച്ച ശേഷം അവൾക്ക് നേരെ ഇറങ്ങി നടന്നു. ഓരോ അടിയും മുന്നോട്ട് നീളും തോറും ഹൃദയം പടാപടാന്ന് മിടിച്ചു കൊണ്ടിരുന്നു. തൊണ്ട വറ്റി വരളുവാൻ തുടങ്ങി. അവൾക്കരികിൽ ചെന്നു നിന്നിട്ടും പെണ്ണിന്റെ കണ്ണ് വിദൂരത്തായിരുന്നു. തന്റെ സാമീപ്യം അവളറിഞ്ഞിരുന്നില്ല.. "ജുവലേ.." പതിവ് പോലെ സ്വരത്തിനു ഗൗരവം ചാർത്തി. വിളി കേട്ട് പെണ്ണ് തിരിഞ്ഞു നോക്കി. കണ്ടതും എഴുന്നേറ്റു നിന്നു. പെണ്ണിന്റെ മുഖം കണ്ടതും മനസ്സ് നിറഞ്ഞു.. അമ്മ പറഞ്ഞത് പോലെ ഇപ്പോൾ തന്നെ അവളെ വിളിച്ചിറക്കി വീട്ടിലേക്ക് കൊണ്ടുപോയാലോ എന്നു തോന്നിപ്പോയി.. "ആരവ് ഡോക്റ്ററെ... വരൂ ഇരിക്കൂ.." ജുവൽ ഇരിക്കുവാൻ സ്ഥലം തന്നു നീങ്ങിയിരുന്നു. "എന്താ ജുവലേ അർജന്റ് ആയി കാണണമെന്ന് പറഞ്ഞത്?" താഴ്ന്ന സ്വരത്തിലാണ് ചോദിച്ചതെങ്കിലും മുഖത്ത് അപ്പോഴും ഗൗരവമുണ്ടായിരുന്നു.

മീശയുടെ തുമ്പ് മെല്ലെ പിരിച്ചു. "ഡോക്ടർ.. എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.. കേട്ട് കഴിയുമ്പോ ഡോക്ടർ എന്ത് കരുത്തുമെന്ന് ഒന്നും എനിക്കറിയത്തില്ല.. പക്ഷെ എന്നെ സഹായിക്കാൻ ഡോക്ടർക്കല്ലാതെ വേറാർക്കും പറ്റത്തില്ല.." ജുവൽ പറയുന്നുണ്ടായിരുന്നു.. പെണ്ണിന്റെ മുഖത്തിന്‌ തെളിച്ചം നന്നേ കുറവാണ്.. "എന്താണെങ്കിലും മടിക്കാതെ പറഞ്ഞോളൂ.." ഗൗരവഭാവം വെടിയാതെ പെണ്ണിനോട് പറഞ്ഞു. പക്ഷെ മനസ്സിനുള്ളിൽ പുഞ്ചിരിക്കുകയായിരുന്നു. ആ പെണ്ണിനെ സ്നേഹം കൊണ്ട് മൂടാനുള്ള നിമിഷം കാത്തിരുന്നവന്റെ കാതിലേക്ക് ചെന്നെത്തിയത് പക്ഷെ ജീവന്റെയും ജുവലിന്റെയും കഥയായിരുന്നു. കേട്ടപ്പോ മനസ്സിലെ ചിരി മാഞ്ഞു.. മുഖത്തെ ഗൗരവ ഭാവം അവശേഷിച്ചു.. ഉള്ളിൽ എന്തോ കുത്തുന്നത് പോലെ തോന്നി. കണ്ണ് നിറയുന്നത് പെണ്ണ് കാണാതിരിക്കാൻ ദൂരെ മറ്റൊരു ദിശയിലേക്ക് കണ്ണ് പറിച്ചു നട്ടു.

. "ജീവേട്ടൻ കരുതുന്നത് ഞാനും ഡോക്ട്ടറും തമ്മിൽ റിലേഷനിൽ ആണെന്നാണ്.." പറയുംതോറും പെണ്ണിന്റെ കണ്ണ് നിറയുന്നത് കണ്ടു. ആശ്വസിപ്പിക്കണമെന്നുണ്ട്.. പക്ഷെ അതിനായില്ല.. "ജുവൽ പറയുന്നതെല്ലാം എനിക്ക് മനസ്സിലായി.. പക്ഷെ ഇതിൽ ഞാനെന്താണ് ചെയ്യേണ്ടതെന്ന് താൻ പറഞ്ഞില്ല.." മുഖത്തെ നിരാശ മറച്ചു പിടിക്കുവാൻ ശ്രമിച്ചിരുന്നു. "ഞാൻ പറയാം.." ജുവൽ തുടർന്നു.. 💜💜💜💜💜💜💜💜💜💜💜💜 ജുവലിന് പെട്ടന്ന് എന്താണ് പറ്റിയതെന്നറിയില്ല.. ഒന്നാമതേ ദേവൂട്ടി ഇടക്ക് കയറി വന്നത് തന്നെ ആകെ അങ്കലാപ്പിൽ ആക്കിയിരിക്കുകയാണ്. അതിനിടയിൽ അവളുടെ തമാശ തീരെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. പക്ഷെ അവൾ അവസാനമായി പോകാൻ പറഞ്ഞത് വല്ലാതെ വേദനിപ്പിക്കുന്നുണ്ട് തന്റെ മനസ്സിനെ.. മൊബൈൽ അരികിൽ തന്നെ ഉണ്ടായിരുന്നു.

. പിണക്കം മാറ്റുവാൻ അവൾ വിളിക്കുന്നത് കാത്തിരിപ്പാണ് താൻ. നിമിഷങ്ങൾ യുഗങ്ങൾ പോലെ തോന്നുന്നു.. അതിനിടക്ക് വച്ചാണ് ഫേസ്ബുക്കിൽ നോട്ടിഫിക്കേഷൻ വന്നത്.. ജുവലിനെ പോസ്റ്റാണെന്നുള്ള നോട്ടിഫിക്കേഷൻ ആയതുകൊണ്ടാണ് അത് വേഗം കണ്ണിലുടക്കിയത്.. വേഗത്തിൽ തുറന്നു നോക്കിയപ്പോൾ അതിൽ കണ്ട പോസ്റ്റ്‌ ആകെ ഞെട്ടിച്ചു കളഞ്ഞു.. ഓർക്കാപ്പുറത്ത് തലക്കടിയേറ്റവനെ പോലെ വിറച്ചു പോയി.. അവിശ്വാസത്തോടെ ജുവലിന്റെ ആ പോസ്റ്റിലേക്ക് ഒന്നുകൂടി കണ്ണോടിച്ചു.. 'ജുവൽ ജോർജ് പീറ്റർ ഈസ്‌ ഇൻ ആൻ ഓപ്പൺ റിലേഷൻഷിപ് വിത്ത്‌ ഡോക്ടർ ആരവ് മേനോൻ..' കണ്ടത് വിശ്വസിക്കാനാവാതെ കൈകൾ വിറച്ചു.. മൊബൈൽ താഴെ വീഴാൻ പോകുന്നതറിഞ്ഞ് ഇരു കൈകൾ കൊണ്ടും അത് പൊത്തി പിടിച്ചു. പരിസര ബോധം വീണ്ടെടുക്കുവാൻ മിനിറ്റുകൾ വേണ്ടി വന്നു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story