അറിയാതെൻ ജീവനിൽ: ഭാഗം 2

ariyathen jeevanil adhithyan

രചന: ആദിത്യൻ മേനോൻ

 താഴേക്കോടിച്ചെന്ന് ഉമ്മറത്തെത്തിയതും പോസ്റ്റുമാന്റെ കയ്യിൽ നിന്നും ചേച്ചി കൊറിയർ വാങ്ങിയിരുന്നു. ചേച്ചിയത് തിരിച്ചും മറിച്ചും നോക്കുന്നതിനിടെ പോസ്റ്റ്മാൻ തന്ന പേപ്പറിൽ കൊറിയർ കൈപ്പറ്റിയതിന് ഒപ്പിട്ടു കൊടുത്തു. "ഇതെന്നതാടി? അത്യാവശ്യം വെയ്റ്റുണ്ടല്ലോ." ചേച്ചി പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് അത് കയ്യിൽ വാങ്ങിയത്. ചെറിയൊരു പെട്ടിയാണെങ്കിലും നല്ല കനമുണ്ട്. റൂമിലെത്തി തുറന്നു നോക്കാൻ തുടങ്ങിയപ്പോഴേക്കും ദച്ചു മോളെ ഒക്കത്തിരുത്തിക്കൊണ്ട് അലീനേച്ചിയും എത്തിയിരുന്നു. കവർ പൊളിച്ചു നോക്കിയപ്പോൾ കണ്ടത് ഒരു പെട്ടിയായിരുന്നു. അതിന്റെ മൂടി തുറന്നപ്പോൾ അതിൽ കുറേ ഡയറി മിൽക്കുകളും. കണ്ടപ്പോൾ ഒന്നത്ഭുതപ്പെട്ടുപോയി. തനിക്കാരാ ഇതൊക്കെ അയച്ചതെന്നായിരുന്നു മനസ്സിൽ. ആളുടെ ഒരു വിവരങ്ങളും അതിലില്ലായിരുന്നു. "ഈശോയെ.. ഇത്രേം ഡയറി മിൽക്കോ.?" പെണ്ണിന്റെ അതേ ഞെട്ടലായിരുന്നു അലീനചേച്ചിക്കും. "ഇതാരോ ആളുമാറി അയച്ചതാണെന്ന് തോന്നുന്നു.. അല്ലാതെ എനിക്കിപ്പോ ആരാ ഇതൊക്കെ അയക്കാൻ.."

ഡയറി മിൽക്കുകൾ കയ്യിലെടുത്തുകൊണ്ട് പറഞ്ഞു. "സത്യം പറഞ്ഞോ ഏതാ ആള്.." ഇളിച്ചുകൊണ്ട് അലീനേച്ചി പറഞ്ഞപ്പോൾ ദേഷ്യമാണ് തോന്നിയത്. അപ്പോഴാണ് പെട്ടിയിലെ ഡയറി മിൽക്കുകളുടെ ഏറ്റവുമടിയിൽ ഒരു സ്ലിപ്പ് കാണുന്നത്. കൗതുകത്തോടെ അത് കയ്യിലെടുത്തു തുറന്നു നോക്കി. "ടു മൈ ജുവൽ, വിത്ത്‌ ലവ്.. - അപരിജിതൻ.." അലീനേച്ചിയാണ് അതുറക്കെ വായിച്ചത്. അതിൽ അത്രയേ എഴുതിയിരുന്നുള്ളു. "ആരാടീ ഇത്?" അലീനേച്ചി ചോദിച്ചപ്പോൾ അറിയത്തില്ലെന്ന് തലയാട്ടി. "എന്നാലും.. നീയൊന്ന് ആലോചിച്ചു നോക്കിക്കേ.." അലീനേച്ചി പിന്നെയും ചോദിച്ചപ്പോൾ ദേഷ്യം വന്നു. "എനിക്കെങ്ങനെയറിയാനാ.. ഇന്നേവരെ ഇന്നാട്ടിൽ ഒരു തെണ്ടിയും എന്റെ മുഖത്തേക്ക് പോലും നോക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഫെമിനിസവും എത്തിസവും തലയ്ക്കു പിടിച്ചു നടക്കുന്ന മറ്റേ പെണ്ണെന്ന രീതിയിലെ ഓരോ അവന്മാരും നോക്കിയിട്ടുള്ളു.." അത് പറയുമ്പോൾ നിരാശ തോന്നിയിരുന്നു. "എന്നാൽ ഏതോ ഒരു കിറുക്കനാ.. നീ കുറിച്ചു വച്ചോ. ഈ ഡയറി മിൽക്കിന്റെ പരിപാടി ഇവിടെങ്ങോണ്ടൊന്നും അവസാനിക്കാൻ പോണില്ല..

ഇനിയും ഇതുപോലെ കുറേ കൊറിയർ വരാനുണ്ട്.." അലീനേച്ചി പറഞ്ഞു. ഡയറി മിൽക്കിൽ ഒന്നെടുത്ത് ദച്ചു മോൾക്ക് കൊടുത്തു. കുറേ നേരമായി അത് വേണമെന്ന് പറഞ്ഞു ചൂണ്ടിക്കാണിക്കുന്നു. "മുഴുവൻ തരത്തില്ല. മോൾടെ പല്ല് ചീത്തയാകും.." പറഞ്ഞുകൊണ്ട് ആ പെട്ടിയടച്ച് അലമാരിയിൽ കൊണ്ട് പോയി വക്കാൻ തുടങ്ങുമ്പോഴേക്ക് അലീനേച്ചി താഴേക്ക് പോയിരുന്നു. മനസ്സ് മുഴുവൻ ഇത് ആര് അയച്ചതായിരിക്കും എന്ന കൗതുകമായിരുന്നു. ഒന്നുകൂടി ആ പെട്ടി തുറന്ന് അതിൽ നിന്നും ഒരു ഡയറി മിൽക്ക് എടുത്ത് തിരിച്ചു വെക്കുന്നതിനിടെ പെണ്ണിന്റെ കണ്ണുകളിൽ ആ സ്ലിപ് ഒന്നുകൂടി ഉടക്കി. അപരിജിതൻ.. ഏതോ മലയാളമറിയാത്ത കിറുക്കനാണ്. അപരിചിതൻ എന്നതിന് പകരം അപരിജിതൻ എന്നാണ് എഴുതിയിരിക്കുന്നത്. അലമാരയടച്ച് ഡയറി മിൽക്ക് കവറഴിച്ചു തിന്നുന്നതിനിടെ മൊബൈൽ കയ്യിലെടുത്ത് ബെഡിൽ കിടന്നു. അപ്പോഴാണ് നോട്ടിഫിക്കേഷൻ വന്നത് കാണുന്നത്. 'ജീവൻ കൃഷ്ണ അക്‌സെപ്റ്റഡ് യുവർ ഫ്രണ്ട് റിക്വസ്റ്റ്.'

ഉള്ളിന്റെയുള്ളിൽ നിന്നൊരു ബാന്റുമേളം. പെണ്ണിന്റെ ചുണ്ടിലൊരു ചിരി തളിർത്തു പൂവിട്ടു. ഇനി അങ്ങേരെ എങ്ങനെ പരിചയപ്പെടുമെന്നായിരുന്നു ചിന്ത മുഴുവൻ. എന്തു പറഞ്ഞു പരിചയപ്പെടും.. റിക്വസ്റ് അയച്ച് അത് അക്‌സെപ്റ്റ് ചെയ്തപ്പോൾ തന്നെ അങ്ങോട്ട് കയറി മെസേജ് അയച്ചാൽ എന്തു വിചാരിക്കും.. ഒടുവിൽ ചിന്തകളുടെ ഭാരമിറക്കി വച്ചാണ് ദിയക്ക് മെസേജ് അയക്കുന്നത്. "എടിയെ..' 'എന്നാടാ..?' 'എനിക്കാ ജീവനെ ഒന്ന് പരിചയപ്പെട്ടാൽ കൊള്ളാമെന്നുണ്ട്.' 'അയിന്? നീ പോയി മെസേജ് അയച്ചോ..' 'അതല്ലെടീ.. ഞാൻ എന്നാ പറഞ്ഞു മെസേജ് അയക്കും. അങ്ങേരുടെ കുഞ്ഞമ്മയുടെ മോളൊന്നുവല്ലല്ലോ ഞാൻ..' 'അങ്ങേരോ.. എന്താടാ അളിയാ. നിന്റെ മാവും പൂത്തോ.?' 'പൂത്തിട്ടുണ്ട്.. അങ്ങേർക്ക് മെസേജ് അയച്ചിട്ടുവേണം കായ്ക്കണോ കൊഴിയാണോ എന്ന് തീരുമാനിക്കാൻ.' 'എങ്കിൽ പിന്നേ നീ എന്നാ നോക്കി നിക്കുവാ. പോയി മെസേജ് അയച്ചേ.' 'എടാ.. ഞാൻ എന്നാ പറയും മെസേജ് അയച്ചിട്ട്..' 'ഞാൻ കണ്ണേട്ടനെ പരിചയപ്പെട്ടത് എങ്ങനെയാണെന്ന് അറിയോ നിനക്ക്? മനപ്പൂർവ്വം അങ്ങേർക്ക് വിഡിയോ കാൾ ചെയ്തിട്ട് അത് കട്ടാക്കി അങ്ങോട്ട് ചെന്ന് മെസേജ് അയച്ചിട്ട് പറഞ്ഞു

സോറി ചേട്ടാ അറിയാതെ കൈ തട്ടി വീഡിയോ കാൾ ആയതാണെന്ന്.. അങ്ങനെ അതിവിടെ വരെ എത്തിയില്ലേ..' 'അതൊക്കെ ഔട്ട്‌ ഓഫ് ഫാഷൻ ആയെടി ശവമേ.. നീ വേറെ വല്ല റിയാലിറ്റി തോന്നിക്കുന്ന വഴിയും പറഞ്ഞു താ.' 'നീ ഒരു കാര്യം ചെയ്യ്.. ആദ്യം അവനൊരു ഹായ് അയക്ക്. എന്നിട്ട് ഗ്രൂപ്പിലുള്ളതാണ് എന്ന് പറയ്. എന്നിട്ട് അവനെ ബർത്ത്ഡേ വിഷ് ചെയ്യ്.. അതാണേൽ അവനും ഡൌട്ട് ഒന്നും തോന്നത്തില്ല.' ദിയ പറഞ്ഞപ്പോഴാണ് അങ്ങനെയൊരു വഴിയുണ്ടെന്ന് ഓർത്തത്. എന്തുകൊണ്ടിത് നേരത്തെ തോന്നിയില്ല.. പിന്നെയൊരു പിടച്ചിലായിരുന്നു. ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പിൽ കയറി അങ്ങേരെ തിരഞ്ഞു കണ്ടുപിടിക്കാനുള്ള പിടച്ചിൽ. മെംബേർസ് ലിസ്റ്റിൽ ചെന്ന് അങ്ങേരെ തിരഞ്ഞു കണ്ടുപിടിച്ചുകൊണ്ട് ആദ്യം തന്നെ നമ്പർ സേവ് ചെയ്തു വച്ചു. 'ജീവേട്ടൻ..' നോക്കിയപ്പോൾ ഓൺലൈൻ എന്ന് കാണിക്കുന്നുണ്ടായിരുന്നു. മെല്ലെ കണ്ണടച്ച് പ്രാർത്ഥിച്ചു.. ഡിങ്കാ.. മിന്നിച്ചേക്കണേ.. 'ഹായ്.' ടൈപ് ചെയ്യുമ്പോൾ കൈ വിറച്ചിരുന്നു. ആദ്യമായാണ് ഇങ്ങനെയൊക്കെ അനുഭവപ്പെടുന്നത്.

അയച്ച ശേഷം അതിലേക്ക് തന്നെ നോക്കിയിരുന്നു. പെട്ടന്ന് മെസേജ് സീൻ ആയി.. അങ്ങേരെന്തോ ടൈപ്പ് ചെയ്യാൻ തുടങ്ങിയതും നെഞ്ച് ശക്തിയായി മിടിച്ചു. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു തുടങ്ങി. 'ഹെലോ..' 'ഹാപ്പി ബർത്ത്ഡേ ടു യൂ.. സ്റ്റേ ഹാപ്പി ആൻഡ് സ്റ്റെയ് ബ്ലെസ്സഡ്..' അത് ടൈപ് ചെയ്യുവാൻ കുറേ നേരമെടുത്തിരുന്നു. വിരലുകളുടെ നിർത്താതെയുള്ള വിറച്ചിൽ.. മനസ്സിന്റെ നിർത്താതെയുള്ള മിടിക്കൽ.. 'ഹഹാ.. താങ്ക് യൂ ഡിയർ.. ഉമ്മാ..' അങ്ങേര് ആദ്യ പരിചയപ്പെടലിൽ തന്നെ ഉമ്മ തന്നപ്പോൾ ആകെ ഷോക്ക് ആയിരുന്നു. പിന്നേ റിപ്ലൈ കൊടുക്കാൻ എന്തുകൊണ്ടോ മനസ്സനുവദിച്ചില്ല. അപ്പോഴാണ് അങ്ങേരു പിന്നെയും മെസേജ് അയച്ചത്. 'ഒന്നും തോന്നരുതേ.. ഞാൻ സന്തോഷം തോന്നിയാൽ എല്ലാവർക്കും ഉമ്മ കൊടുക്കും. അത് മറ്റേ അർത്ഥത്തിലല്ല കേട്ടോ.. ഡോണ്ട് ഫീൽ ബാഡ്..' ആ മെസേജ് കണ്ടപ്പോഴാണ് ആശ്വാസമായത്. 'ഏയ്‌.. ഇറ്റ്സ് ഓക്കേ.. ഞാൻ ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പിൽ ഉള്ളതാ.' 'അറിയാം.. ജുവൽ അല്ലേ..' അങ്ങേർക്ക് അറിയാമെന്നു പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.

'എങ്ങനെ അറിയാം..?' അത്ഭുതത്തോടെ ചോദിച്ചു. 'ഒന്ന് രണ്ട് തവണ ഗ്രൂപ്പിൽ മെസേജസ് കണ്ടിട്ടുണ്ട്. ഫെമിനിസത്തെ പറ്റിയുള്ള ചർച്ചക്കിടെ.. പിന്നേ, ഗ്രൂപ്പിലെ ഒരുപാട് കോൺവെർസേഷൻസിനിടെ.. നമ്മളൊരിക്കൽ ഒരു ഹായ് ബൈ പറഞ്ഞിട്ടുമുണ്ട്, ഗ്രൂപ്പിൽ വച്ച്.. ഓർക്കുന്നോ..?' മെസേജ് വായിച്ചപ്പോൾ ഏറെ അത്ഭുതം തോന്നിയിരുന്നു. മുൻപ് സംസാരിച്ചിട്ടുണ്ടെന്നോ.. പലരോടും ഗ്രൂപ്പിൽ വച്ചു സംസാരിക്കാറുണ്ട്, പക്ഷെ അധികമാരോടും പ്രൈവറ്റ് ആയി മെസേജ് അയച്ചിട്ടില്ല. അമ്മയെ പോലെ കാണുന്ന സിമി ചേച്ചിയോട് ഇടക്കിടക്കല്ലാതെ.. 'അതെയോ.. സോറി.. ഞാനോർക്കുന്നില്ല..' അത് പറയുമ്പോൾ ചെറിയൊരു വിഷമം തോന്നിയിരുന്നു. 'ഏയ്‌.. അത് സാരമില്ലെടോ.. ഒരുപാട് പേരുള്ള ഗ്രൂപ്പല്ലെ.. അതുകൊണ്ടാകും..' 'ആക്ച്വലി.. ഇന്ന് ബർത്ത് ഡേ ആണെന്ന് ഗ്രൂപ്പിൽ കണ്ടു. അതാ ഞാൻ മെസേജ് അയച്ചത്..' 'അതെനിക്ക് മനസിലായി.. പ്രത്യേകിച്ച് എന്നെപ്പോലെ നല്ല ഗ്ലാമറുള്ള ആൾക്കാർ ആകുമ്പോ പെട്ടന്ന് സ്പാർക് ആകും.. ശേ, എന്തു ചെയ്യാനാ..'

ചിരിച്ചുകൊണ്ടാണ് ആ മെസേജ് വായിച്ചത്. 'അയ്യടാ.. മിസ്റ്റർ.. ഞാൻ സാധാരണ ഗ്രൂപ്പിൽ ആരുടെ ബർത്ത് ഡേ ആയാലും അവർക്ക് പേർസണൽ ആയി മെസേജ് ചെയ്യാറുണ്ട്..' അങ്ങനെയൊരു കള്ളം പറഞ്ഞു.. 'സെഡ്.. ഞാൻ കരുതി എന്റെ ലുക്ക് കണ്ടിട്ടാകുമെന്ന്..' 'അതിന് നിങ്ങൾക്കെവിടുന്നാ ലുക്ക്..' 'ലുക്കില്ലാ? എന്നെ കാണാൻ ലുക്കില്ല..?' 'ഒരു ചുക്കുമില്ല..' 'പിന്നെന്തിനാ എന്റെ ഫേസ്ബുക്‌ പ്രൊഫൈൽ തിരഞ്ഞു കണ്ടുപിടിച്ച് റിക്വസ്റ്റ് അയച്ചത്.?' ആ ചോദ്യത്തിന് മുന്നിൽ കള്ളി വെളിച്ചത്താകുമെന്ന് പെണ്ണിന് തോന്നി. 'അത് ഞാൻ ഗ്രൂപ്പിലുള്ള ആളായത് കൊണ്ട് അയച്ചതാ..' 'ഗ്രൂപ്പിലുള്ള എല്ലാവരും തന്റെ ഫേസ്ബുക് ഫ്രണ്ട്സ് ആണോ.. എന്താഡോ സ്പാർക്ക് ആയോ..?' 'നിങ്ങക്കിപ്പോ എന്നതാ അറിയേണ്ടത്.. ഒന്ന് വിഷ് ചെയ്തു.. ഒരു റിക്വസ്റ്റ് അയച്ചു.. അതിനാണ്..' പിടിക്കപ്പെടുമെന്നായപ്പോൾ ഊരാൻ ആ ഒരു ഡയലോഗെ അപ്പോൾ കിട്ടിയിരുന്നുള്ളു.

അപ്പോഴാണ് സ്റ്റാറ്റസ് സെക്ഷനിൽ പുതിയ സ്റ്റാറ്റസുകൾ വന്നതിന്റെ നോട്ടിഫിക്കേഷൻ കിട്ടിയത്. വലിയ താല്പര്യമൊന്നുമില്ലെങ്കിലും ചെന്നു നോക്കിയപ്പോൾ അങ്ങേരും ഒരു സ്റ്റാറ്റസ് ഇട്ടത് കണ്ടു. സ്റ്റാറ്റസ് കാണാൻ പറ്റുന്നത് കൊണ്ട് അങ്ങേരും പെണ്ണിന്റെ നമ്പർ സേവ് ചെയ്‌തെന്ന് അവൾക്ക് മനസ്സിലായി. അറിയാതെയവളിൽ ഒരു ചിരി ഉടലെടുത്തു. സ്റ്റാറ്റസ് തുറന്നു നോക്കിയപ്പോൾ കണ്ടത് അങ്ങേരെയും ഒപ്പമൊരു ആടിനെയും ആണ്, അടിയിൽ കാപ്ഷൻ ആയി ആടൊരു ഭീകരജീവിയാണ് എന്ന് കൊടുത്തിരുന്നു. അവന്റെ ചിത്രത്തിലേക്ക് ഏറെ നേരം നോക്കിയിരുന്നു പോയി. കണ്ണുകൾ തമ്മിലറിയാതെയുടക്കി.. പിന്നെയാണ് ആ സ്റ്റാറ്റസിന് റിപ്ലൈ കൊടുക്കുന്നത്. 'സൂപ്പർ.. രണ്ട് ആടുകൾ..' അതിന് മറുപടിയായി അങ്ങേരു കുറേ ചിരിക്കുന്ന ഇമോജികൾ ഇട്ടു. അപ്പോഴാണ് താഴെ നിന്നും ദച്ചുമോള് ഉറക്കെ കരയുന്ന ശബ്‌ദം കേട്ടത്. ഞെട്ടിക്കൊണ്ട് മൊബൈലവിടെ വച്ചു താഴെക്കോടി പോയി....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story