അറിയാതെൻ ജീവനിൽ: ഭാഗം 23

ariyathen jeevanil adhithyan

രചന: ആദിത്യൻ മേനോൻ

കണ്ണുകളെ വിശ്വസിക്കുവാനായിരുന്നില്ല.. വിടർന്ന കണ്ണുകളോടെ താങ്ങി എഴുന്നേൽപ്പിച്ച് തന്നെ വീൽ ചെയറിൽ ഇരുത്തിയ ആ തിളങ്ങുന്ന കണ്ണുകളുള്ളവന്റെ മുഖത്തേക്ക് കണ്ണുകൾ ആഴ്ത്തി.. "ജീ... ജീവേട്ടാ.. ന്റീശ്വരാ നിക്ക് വിശ്വസിക്കാൻ പറ്റണില്ല... ന്റെ ജീവേട്ടനല്ലേ?" മുന്നിൽ മുട്ടുകുത്തി നിന്നവന്റെ താടിയിലും മുഖത്തിലും കൈകൾ ഉരസിനോക്കിക്കൊണ്ട് പെണ്ണ് ചോദിച്ചു.. "ന്റെ മരിച്ചുപോയ ജീവേട്ടൻ തന്നെയല്ലേ ഇത്?" പിന്നെയും വിശ്വാസം വരാത്ത മട്ടിൽ ആവർത്തിച്ചു. അവളുടെ മുഖം കൈക്കുമ്പിളിൽ ചേർത്തുവച്ചവൻ മന്ത്രിച്ചു.. "നിന്റെ ജീവേട്ടൻ തന്നെയാടീ.. നിനക്ക് വേണ്ടി വന്നതാ.. നിന്നെ കാണാൻ വേണ്ടി വന്നതാ.." പറയുന്നതിനിടെ അവന്റെ കണ്ണുകളറിയാതെ നിറഞ്ഞു.. ഒരു മാത്ര അവളെ കാണാതെ മരണമടഞ്ഞവന്റെ ആനന്ദം ആ കണ്ണീരിലുണ്ടാവണം.. "ദൈവത്തിന് നന്ദി.. നിക്കൊന്നു കാണാൻ പറ്റിയല്ലോ.." ജീവേട്ടന്റെ കണ്ണുനീര് തുടച്ചുമാറ്റിക്കൊണ്ട് ഭ്രാന്തിയെ പോലെ അവനെ ചുംബിച്ചു.. നെറ്റിയിൽ.. കവിളുകളിൽ.. താടിയിൽ.. കഴുത്തിൽ..

"ജീവേട്ടന് ഒന്നും പറ്റിയിരുന്നില്ലാന്ന് ഞാൻ അപ്പോഴേ എല്ലാവരോടും പറഞ്ഞതാ.. ആരും ന്നെ വിശ്വസിച്ചില്ല.. എല്ലാവരും പറഞ്ഞു ജീവേട്ടൻ മരിച്ചുപോയെന്ന്.. ഞാൻ മാത്രം വിശ്വസിച്ചില്ല.. ന്റെ പ്രതീക്ഷ വെറുതേ ആയില്ലല്ലോ ജീവേട്ടാ..." പെണ്ണവന്റെ നാസികത്തുമ്പത്ത് തന്റേത് ചേർത്ത് വച്ചു വാചാലയായി. അവളുടെ മുഖത്തേക്ക് പാറി വീണ മുടിയെ വിരലുകൊണ്ട് പിന്നിലേക്ക് ഒതുക്കിയശേഷം അവൻ അവളുടെ കഴുത്തിനു പിന്നിലായി കൈകൾ ചേർത്ത് വച്ചു.. "ഞാൻ മരിച്ചതാണ് പെണ്ണേ..." അത് പറയുമ്പോൾ അവന്റെ തിളങ്ങുന്ന കണ്ണുകളിൽ കണ്ണീര് പൊടിയുന്നതവൾ അറിഞ്ഞു. മെല്ലെ അത് അവളിലേക്കും പടർന്നു പിടിച്ചു.. "ജീവേട്ടനപ്പോ ഇല്ലേ...? എന്റെ തോന്നലാണോ ഇത്?" കണ്ണുകൾ താഴ്ത്തി.. "ഞാനുണ്ട് പെണ്ണേ.. നിനക്കെന്നെ കാണാടീ.. എന്നേ കേൾക്കേം ചെയ്യാം.. പക്ഷെ നിനക്ക് മാത്രം..." ജീവേട്ടൻ പറഞ്ഞു..

"പ്രേതമാണോ ജീവേട്ടൻ?" പെണ്ണിന്റെ ചോദ്യം കേട്ടില്ലെന്ന് നടിച്ചവൻ അവളുടെ മടിയിൽ തല ചായ്ച്ചു കിടന്നു.. 'എല്ലാ രാത്രികളിലും എനിക്ക് നിന്റെ മടിയിൽ ഇങ്ങനെ കിടന്നുറങ്ങണം...' ജീവേട്ടൻ ഒരിക്കൽ അയച്ച മെസേജ് പെണ്ണിന് ഓർമ്മ വന്നു. കണ്ണ് നിറഞ്ഞുതുളുമ്പി മടിയിൽ കിടന്നവന്റെ മുഖത്തേക്ക് ഇറ്റിവീണു. ജീവേട്ടന്റെ മുടിയിൽ വിരലുകൾ കൊണ്ട് ചിത്രങ്ങൾ വരച്ചുകൊണ്ടിരുന്നപ്പോഴും കണ്ണീര് വറ്റിയിരുന്നില്ല.. "ജീവേട്ടൻ മരിച്ചെന്നു കേട്ടപ്പോ ഞാൻ കരുതി ഒരിക്കലും ഉപേക്ഷിച്ചു പോവില്ല എന്നു പറഞ്ഞ വാക്ക് തെറ്റിച്ചു എന്ന്.." പെണ്ണ് പറഞ്ഞു.. "ഞാൻ പോകും പെണ്ണേ.. പക്ഷെ കുറച്ചു നാളത്തേക്ക് നിന്റൊപ്പം ഉണ്ടാകും.. നിന്റെ എല്ലാ പരിഭവങ്ങളും തീർത്തിട്ടേ പോകൂ..." കണ്ണുകൾ അവളുടെ കണ്ണുകളിൽ ആഴ്ന്നു. "പോകണ്ടാ.." ജീവേട്ടന്റെ കണ്ണുകളിൽ നോക്കി വേണ്ടെന്ന് തലയാട്ടി.

"പോകാണ്ടിരിക്കാൻ പറ്റില്ല പെണ്ണേ.. ഞാൻ പോയില്ലെങ്കിൽ പിന്നേ നിനക്കും ഈ ഹോസ്പിറ്റൽ വിട്ട് പോകാനാവില്ല.. ഈ അവസ്ഥയിൽ നിന്ന് എഴുന്നേൽക്കുവാനാകില്ല.." "നിക്ക് എങ്ങും പോകണ്ട.. ഇവിടെ തന്നെ നിന്നാൽ മതി.. മരിക്കുന്ന വരെ ഞാൻ ഇവിടെ തന്നെ കഴിഞ്ഞോളാം.. എന്റൊപ്പം ജീവേട്ടൻ ഉണ്ടായാൽ മാത്രം മതിയെനിക്ക്.. വേറൊന്നും വേണ്ടാ.." അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞപ്പോൾ കണ്ണീര് ഒന്നിറ്റി അവന്റെ കണ്ണിലേക്ക് വീണു...... "കരയാതെ പെണ്ണേ.. എനിക്കൊരിക്കലും നിനക്കൊപ്പം ഏറെ കാലം ജീവിക്കാൻ ആവില്ല.. നിന്റെ അവസ്ഥ കണ്ടതുകൊണ്ടാവും ദൈവമെന്നെ തിരിച്ചിങ്ങോട്ട് അയച്ചത്.. പക്ഷെ ഇങ്ങോട്ടയക്കുമ്പോ ഒരു ശരീരം എനിക്ക് തന്നിട്ടില്ല.. ഉടനെ പോകണം.. പോവുന്നതിനു മുൻപ് കൂടെ കൊണ്ടുപോകാൻ നീയുമായുള്ള കുറേ ഓർമ്മകളും വേണമെനിക്ക്..

അവിടെയിരിക്കുമ്പോൾ നിന്നെക്കുറിച്ച് ഓർക്കാൻ.." "എന്നാൽ എന്നെയും കൂടെ കൊണ്ടുപോ...." ഇല്ലെന്നവൻ പുഞ്ചിരി തൂകിക്കൊണ്ട് തലയാട്ടി.. "നീയിനിയും ജീവിക്കും പെണ്ണേ... ഞാനുള്ളിടത്തോളം കാലം നീ ഈ ആശുപത്രിയിൽ ഉണ്ടാകും.. ഒരിക്കൽ ഞാൻ മായ്ക്കപ്പെടും.." അവൻ പറഞ്ഞപ്പോൾ കണ്ണ് കലങ്ങി.. അവന്റെ കൈകളെ മുറുക്കെ പിടിച്ച് കഴുത്തിലേക്ക് വച്ചു പൊതിഞ്ഞു.. "നിക്ക് പോകണ്ട.. ഇവിടെ വിട്ട് പോകണ്ടാ.. ജീവേട്ടനും പോവാണ്ടിരുന്നൂടെ എന്നേ വിട്ട്... " "നീയെനിക്കൊരു വാക്ക് തരണം പെണ്ണേ..." "എന്താണ്..." "ഞാൻ പോയാൽ നീയെന്നെ ഓർത്ത് മനസ്സ് വിഷമിക്കാതെ ജീവിക്കുമെന്ന്.. പഴേ ജുവലായിട്ട് പഴേ ആ ഫെമിനിസ്റ്റ് പെണ്ണായിട്ട് മാറുംന്ന്..." ജീവേട്ടൻ പറഞ്ഞപ്പോൾ മനസ്സ് മുറിഞ്ഞു പോയി.. "നിക്ക് അതിനിനി പറ്റില്ല ജീവേട്ടാ.." "നിനക്ക് പറ്റും.. ആ ഒരു വാക്ക് നീയെനിക്ക് തന്നെങ്കിലെ എനിക്ക് ഇവിടെ നിന്നും മനസ്സമാധാനത്തോടെ പോകാനാവൂ.. ഒരു ജന്മം മുഴുവൻ ഒരുമിച്ചു ജീവിച്ചെന്ന് കരുതി ഒരു ജന്മം മുഴുവൻ തന്ന് തീർക്കേണ്ട സ്നേഹവും നിനക്ക് തന്ന് തീർത്ത് ഞാൻ പോകുമ്പോ ആ ഒരു വാക്ക് മാത്രേ പോകുമ്പോ ഞാനിവിടെ നിന്നും കൊണ്ടുപോകൂ..."

ജീവേട്ടൻ അവളുടെ കണ്ണീര് തുടച്ചുമാറ്റിക്കൊണ്ട് പറഞ്ഞു.. "പോവാണ്ടിരുന്നൂടെ ജീവേട്ടന്...?" "എനിക്ക് പോയേ പറ്റൂ പെണ്ണേ.. നിന്നെയൊന്നു നേരിൽ കാണുക എന്നതും ഒരു ജന്മം മുഴുവൻ നിന്നെ കൊതി തീരാതെ സ്നേഹിക്കുക എന്നുമായിരുന്നു എന്റെ ആഗ്രഹം.. ആ ആഗ്രഹം സഫലീകരിക്കാനാണ് ഇപ്പൊ ഞാൻ എത്തിയിരിക്കുന്നതും.. ഈ കുറഞ്ഞ സമയത്തിൽ.. ഞാൻ നിന്നെ മതിയാവോളം സ്നേഹിക്കും.. ഒരു ജന്മം മുഴുവൻ ഒപ്പമുണ്ടായിരുന്നെന്ന് കരുതി സന്തോഷത്തോടെ വേണം നീയെന്നെ യാത്രയാക്കാൻ.. ഞാൻ പൊയ്ക്കഴിഞ്ഞ് ഇവിടെ നിന്നും പുറത്തിറങ്ങിയാൽ അത് നിന്റെ രണ്ടാം ജന്മമായിരിക്കും പെണ്ണേ... എന്നേ മറക്കണമെന്ന് പറയുന്നില്ല.. എന്റെ പെണ്ണിന് അതിന് കഴിയില്ലെന്നറിയാം.. മറക്കാൻ പറ്റുമെങ്കിൽ....." അവനെ തുടരാൻ അനുവദിക്കാതെ ധൃതിയിൽ അവളാ വായ് പൊത്തിവച്ചു.. "ഓർക്കാണ്ടിരുന്നാലല്ലേ മറക്കാൻ പറ്റൂ.." പെണ്ണ് പറഞ്ഞു... "നീയെനിക്ക് വാക്ക് തരില്ലേ? ഒരിക്കലും തോറ്റു കൊടുക്കില്ലാന്ന്.. സന്തോഷത്തോടെ എന്നേ യാത്രയാക്കുമെന്ന്..

എനിക്ക് വേണ്ടി ജീവിക്കുമെന്ന്.. രണ്ടാം ജന്മമാണെന്ന് കരുതി ഒരു സ്വപ്നമായി നമ്മുടെ പ്രണയം ഒതുക്കുമെന്ന്.. വാക്ക് തരില്ലേ..?" ജീവേട്ടൻ പെണ്ണിന് നേരെ കൈ നീട്ടിക്കൊണ്ട് ചോദിച്ചപ്പോൾ ഉള്ള് പിടഞ്ഞുപോയി.. കണ്ണിൽ ഈറൻ നിറച്ചുകൊണ്ട് അവന്റെ കയ്യിൽ ഇരുകൈകളും ചേർത്തുവച്ച് അതിൽ മുഖം പൂഴ്ത്തി.. വിരലുകൾക്കിടയിലൂടെ പെണ്ണിന്റെ കണ്ണുനീര് ഒഴുകിയൊലിക്കുന്നത് കണ്ടവന്റെ ചങ്ക് പൊടിഞ്ഞു. "മതി കരഞ്ഞത്.. ഞാൻ നിനക്കുവേണ്ടി വന്നില്ലേ പെണ്ണേ.. കണ്ണ് തുടച്ചേ.. അയ്യേ കൊച്ചു പിള്ളേരെ പോലെ.. ഇത്രേം കരഞ്ഞില്ലേടീ.. ഇനി ചിരിക്ക്.. എനിക്ക് വേണ്ടി ചിരിക്ക്.." അവനവളുടെ മുഖത്തേക്ക് മുഖം ചേർത്തുവച്ചുകൊണ്ട് പറയുന്നതിനിടെ അറിയാതെ അവന്റെ കണ്ണുകളും ഈറനായിരുന്നു.. കണ്ണുകൾ തമ്മിലുടക്കി.. പെണ്ണിന്റെ ഉള്ളിലൂടെയൊരു കൊള്ളിമീൻ പാഞ്ഞുപോയി..

അവന്റെ മുഖം കൂടുതൽ തന്നോട് ചേർത്തുപിടിച്ചപ്പോൾ അവൻ അല്പം പിന്നിലേക്ക് മാറി.. "പുഴുവരിച്ചതാണ് പെണ്ണേ.. അതികം തൊടണ്ട.. മേലാകെ ചൊറിഞ്ഞെന്നു വരും..." അവൻ തലതാഴ്ത്തി പറഞ്ഞപ്പോൾ അവളവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചുകൊണ്ടവന്റെ നേരെ മുഖമടുപ്പിച്ചു.. മെല്ലെയവന്റെ താടിരോമങ്ങളെ തഴുകിക്കൊണ്ടവളുടെ ചുണ്ടുകളവന്റെതിൽ അമർന്നു.. ദൂരെ മാറി നിന്നുകൊണ്ട് രണ്ടു ഡോക്ടർമാർ അവളെ വീക്ഷിക്കുന്നുണ്ടായിരുന്നു.. "വരൂ ഡോക്ടർ.. നമുക്ക് മാറി നിൽക്കാം..." അതിലൊരാൾ മറ്റേയാളുടെ തോളിൽ കയ്യിട്ടുകൊണ്ട് അവിടെ നിന്നും മാറി നടന്നു.. "ഡോക്ടർ.. എനിക്ക് മനസ്സിലാവാത്തത് ആ കുട്ടിയെ കൊണ്ട് എങ്ങനെയാണ് റിയാലിറ്റി നമ്മൾ അക്സെപ്റ്റ് ചെയ്യിക്കുക എന്നതാണ്.." ഒരു ഡോക്ടർ തറയിലേക്ക് നോക്കി നടക്കുന്നതിനിടെ പറഞ്ഞു..

"ആ കുട്ടി അത് ജീവനാണെന്നാണ് കരുതിയിരിക്കുന്നത്.. പക്ഷെ അത് ഡോക്ടർ പയ്യൻ ആണെന്ന് അവളറിയുന്നില്ല.." "പക്ഷെ എത്ര മനോഹരമായാണ് ആ പെണ്ണിനോട് ആ പയ്യൻ തന്റെ പ്രണയം പറയുന്നത്.. പക്ഷെ ജീവൻ എന്നവന്റെ ഓർമ്മകളിൽ മാത്രം ജീവിക്കുന്ന ആ പെണ്ണ് അതറിയുന്നില്ല..." "അറിയുമോ അവളെപ്പോഴെങ്കിലും?" "അത് പറയാനാവില്ല ഡോക്ടർ.. ആ കുട്ടിയിലെ രോഗിയിപ്പോൾ ആരവ് എന്ന വ്യക്തിയെ കാണുന്നത് ജീവൻ ആയിട്ടാണ്.. ശരിക്കും ഒരു മണിച്ചിത്രത്താഴ് കഥ പോലെ.. ഗംഗയിലെ മനോരോഗിക്ക് ശങ്കരൻ തമ്പിയായി നഗുലനേ ചിത്രീകരിച്ചു കാട്ടിയപ്പോൾ അവനെ കൊലപ്പെടുത്തിയ ശേഷം താൻ ആ ശരീരം വിട്ടു പോകാമെന്നു പറയുകയും ശങ്കരൻ തമ്പിയെ കൊലപ്പെടുത്തി എന്ന് അവളെ കൊണ്ട് തന്നെ സ്വയം ബോധിപ്പിച്ചപ്പോൾ ഗംഗയിലെ മനോരോഗി ഇല്ലാതാകുകയും ചെയ്തു.. അതാണ് നമ്മളിവിടെയും റീക്രിയേറ്റ് ചെയ്യാൻ പോകുന്നത്.." "എന്നുവച്ചാൽ ആരവ് എന്നവനെ ജീവനായി അവൾക്ക് മുന്നിൽ ചിത്രീകരിക്കുന്നതിൽ നമ്മൾ വിജയിച്ചു കഴിഞ്ഞു.. ഇനി ജീവന്റെ ആത്മാവ് അവളെ വിട്ട് പോകുന്നതായി ചിത്രീകരിച്ചാൽ അവളിലെ രോഗിയും എന്നന്നേക്കുമായി ഇല്ലാതാകും.. ആം ഐ റൈറ്റ് ഡോക്ടർ?" അദ്ദേഹം ചോദിച്ചപ്പോൾ മറ്റേ ഡോക്ടറും അതെയെന്ന് തലയാട്ടി......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story