അറിയാതെൻ ജീവനിൽ: ഭാഗം 25

ariyathen jeevanil adhithyan

രചന: ആദിത്യൻ മേനോൻ

ഒരിക്കൽ നീയെന്നെ വല്ലാതെ വേദനിപ്പിച്ചാ പോയത്.. സമയമെടുത്തു ഒരുപാട് അത് മറക്കാൻ.. എല്ലാം മറന്നു കഴിഞ്ഞപ്പോൾ ഓർമ്മിപ്പിക്കാൻ വീണ്ടും വന്നു.. മനസ്സ് വീണ്ടും ആഗ്രഹിച്ചതുകൊണ്ടാണ് സ്വീകരിക്കാമെന്ന് തീരുമാനിച്ചത്.. അപ്പൊ വീണ്ടും പോകുന്നു എന്ന് പറയുന്നു.. കടപ്പാട് : മിന്നാരം 🦋 💜💜💜💜💜💜💜💜💜💜💜💜 "പറയുന്നത് മണ്ടത്തരമാണെന്ന് അറിയാം.. എന്നാലും പറഞ്ഞു പോകുന്നതാണ്.." തല താഴ്ത്തിക്കൊണ്ട് തറയിലേക്ക് നോക്കി പുഞ്ചിരിക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു.. "നിങ്ങളുടെ അവസ്ഥ ഞങ്ങൾക്ക് മനസ്സിലാകും പക്ഷെ ഡോക്ടർ ആരവ് നിങ്ങളൊരു കാര്യം മനസ്സിലാക്കണം.. ജുവൽ നിങ്ങളോട് കാണിക്കുന്ന ഈ അടുപ്പം അത് നിങ്ങൾ അവളുടെ ജീവൻ ആണെന്ന് കരുതിയാണ്.. പക്ഷെ അധികനാൾ അവളാൽ ഇത് തുടരാനാകില്ല. ഇനിയും നീണ്ടുപോയാൽ നിങ്ങൾ ജീവനല്ല ആരാവണെന്ന് അവൾക്ക് മനസ്സിലാകും.. പിന്നീടൊരിക്കലും അവളെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞെന്നു വരില്ല.."

ഡോക്ടർ പറഞ്ഞപ്പോൾ വല്ലാതായിപ്പോയി.. പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിയാൽ വീണ്ടുമവൾ തന്നെ അറിയാതെ പോകുമോ എന്നൊരു വിഷമമായിരുന്നു ഉള്ളിൽ.. "സോ.. ഇനിയെന്താണ് ഡോക്ടർ..? വാട്ട്‌ ഈസ് നെക്സ്റ്റ്...?" ദീർഘമായി നിശ്വസിച്ച ശേഷം ചോദിച്ചു.. "ഇന്ന് ജീവൻ എന്ന ആത്മാവ് അവളെ വിട്ടു പോകും.. എന്നന്നേക്കുമായി.." അതിനായുള്ള പ്ലാൻ ഡോക്ടർ പറഞ്ഞു തരുന്നത് ശ്രദ്ധാപൂർവ്വം കേട്ടു നിന്നു. "പക്ഷെ ഡോക്ടർ.. അപ്പോൾ അവൾ കൂടുതൽ വയലന്റ് ആകില്ലേ?" സംശയത്തോടെയാണ് ചോദിച്ചത്.. "മെയ്‌ ബി.. പക്ഷെ ജീവന് കൊടുത്ത വാക്കിന്റെ പേരിലെങ്കിലും അവൾ എല്ലാം അടക്കി വെക്കുമെന്ന് നമുക്ക് വിശ്വസിക്കാം.. ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിലാണ്.. ഒന്ന് മയങ്ങിയുണർന്നാൽ പിന്നേ ജീവൻ എന്ന അദ്ധ്യായം അവൾക്കൊരു സ്വപ്നം മാത്രമായി മാറും.."

"അപ്പൊ.. അവൾ പൂർണ്ണമായും ജീവിതത്തിലേക്ക് തിരികെയെത്തുമോ ഡോക്ടർ?" "തീർച്ചയായും.. സീ ഡോക്ടർ ആരവ്.. ആ കുട്ടിയുടെ നടക്കാനാവാത്ത അവസ്ഥ പോലും മാറിക്കിട്ടും.. യഥാർത്ഥത്തിൽ ആ കുട്ടിയുടെ കാലുകൾ തളർന്നതല്ല.. തളർന്നുവെന്ന് ആ കുട്ടി തന്നെ സ്വയം വിശ്വസിച്ചതാണ്.. അതൊരു തരം ഡിസോർഡറാണ്.." ഡോക്ടർ വിശദീകരിക്കുന്നത് ആരവ് ശ്രദ്ധാപൂർവം കേട്ടു നിന്നു. ആരോ തട്ടി വിളിക്കുന്നത് കേട്ടാണ് പെണ്ണ് കണ്ണു തുറന്നു നോക്കുന്നത്. കണ്ണുകൾ അമർത്തി തിരുമ്മിക്കൊണ്ട് എഴുന്നേറ്റിരുന്നപ്പോൾ അടുത്തിരിക്കുന്ന ജീവേട്ടനെ കണ്ടു.. "നേരത്തെ എണീറ്റോ?" ജീവേട്ടന്റെ തോളിലേക്ക് ചാഞ്ഞുകൊണ്ട് ചോദിച്ചു. "ഞാൻ കുറച്ചു നേരമായി എഴുന്നേറ്റിട്ട്.. താൻ നല്ല ഉറക്കമായിരുന്നു.. എഴുന്നേൽപ്പിക്കണ്ട എന്ന് കരുതിയതാ.. പക്ഷെ.."

പറഞ്ഞു പൂർത്തിയാക്കാൻ മടിച്ചു. എന്തെന്നറിയുവാനായി പെണ്ണ് മുഖമുയർത്തി നോക്കി.. "എനിക്ക് പോകാനുള്ള സമയമായി.." കേട്ടതും അവളുടെ കണ്ണുകളിൽ ഒരു നടുക്കം.. തോളോട് ചേർന്ന് നിന്നവളുടെ മാറിൽ നിന്നും ശക്തിയായുള്ള മിടിപ്പ് അവനറിയുന്നുണ്ടായിരുന്നു.. "പോകണ്ട.." വേണ്ടെന്ന് തലയനക്കിക്കൊണ്ട് പറയുമ്പോൾ കണ്ണ് നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു.. "അയ്യേ... കരയുവാ? എന്നെ നോക്കിക്കേ.." പെണ്ണിന്റെ മുഖം കൈകളിൽ എടുത്തു പിടിച്ചുയർത്തിക്കൊണ്ടവൻ കവിളിൽ പതിഞ്ഞ കണ്ണുനീര് തുടച്ചുമാറ്റി.. "കരയാതെടി പെണ്ണേ.. എനിക്ക് നോവുന്നു..." മനസ്സിൽ തട്ടിക്കൊണ്ട് തന്നെയാണ് ആരവ് അത് പറയുന്നത്. കണ്ണുകൾ തുടച്ചു.. എത്ര തുടച്ചിട്ടും കണ്ണീരിന്റെ ഒഴുക്ക് നിന്നില്ല.. ജീവേട്ടൻ കാണാതിരിക്കുവാനായി തോളിൽ മുഖം ഒളിപ്പിച്ചു വച്ചു.. അവന്റെ കൈകളെ മുറുക്കെ പിടിച്ചു..

"പോകണ്ട.. പോകണ്ടാ..." അരുതെന്ന് വിതുമ്പിക്കൊണ്ട് പറയുന്ന നിമിഷങ്ങൾ തോറും പെണ്ണിന്റെ കൈ അവന്റെ കൈകളെ കൂടുതൽ ശക്തിയോടെ മുറുകി പിടിക്കുന്നുണ്ടായിരുന്നു.. അവളുടെ കൈകളെ ബലമായി തന്റേതിൽ നിന്നും പിടിച്ചുമാറ്റിയപ്പോൾ അവൾ ഷർട്ടിൽ അള്ളിപ്പിടിച്ചു.. "പോകരുത്.. പോകരുത്.. ന്നെ വിട്ടിട്ട് പോകരുത്..." മങ്ങിയ മുഖത്തോടെ കരഞ്ഞുകൊണ്ട് യാചിച്ചപ്പോൾ അവളുടെ കൈകളെ വിടുവിച്ചുകൊണ്ട് കവിളുകളിൽ തലോടിക്കൊണ്ട് മുട്ടുകുത്തിയിരുന്നു.. മുട്ടുകുത്തിയിരുന്നവന്റെ കഴുത്തിലേക്ക് ഇരുകൈകളും കോർത്തുകൊണ്ടവൾ ചാടിവീണു.. കയ്കളുടെ പിടി മുറുകി.. തോളിൽ മുഖം പൂഴ്ത്തി വച്ചു.. "പോകണ്ടാ.. പോകണ്ടാ.." അവനു വിടുവിക്കാനാകാത്ത വിധം ഒട്ടിച്ചേർന്നുകൊണ്ടവൾ കരഞ്ഞു പറഞ്ഞു.. "നീയെന്നെ ഇങ്ങനെ വേദനിപ്പിക്കരുത് പെണ്ണേ.."

എത്ര പറഞ്ഞു നോക്കിയിട്ടും വിടുവാൻ പെണ്ണ് കൂട്ടാക്കിയില്ല.. കൂടുതൽ ബലത്തോടെ അവളെ പിടിച്ചുമാറ്റുമ്പോൾ അവൾക്ക് വല്ലാതെ നൊന്തുവെന്ന് തോന്നി. "നോക്ക്യേ.. കരയാതെ.. എനിക്ക് തന്ന വാക്ക് മറന്നോ പെണ്ണേ നീ.." കണ്ണുകൾ തുടച്ചവളുടെ കൈകൾ ബന്തിച്ചുകൊണ്ട് ചോദിച്ചപ്പോഴും കേൾക്കാത്ത ഭാവം നടിച്ചവൾ അവന്റെ വയറിൽ മുഖമമർത്തി കരഞ്ഞു. "ന്നെ വിട്ടിട്ട് പോവല്ലേ ജീവേട്ടാ.. ഈ പെണ്ണിന് ജീവേട്ടനില്ലാതെ പറ്റില്ല.." അവന്റെ കൈകളെ നിഷ്പ്രയാസം ബധിച്ചുകൊണ്ടവൾ വയറിന് പിന്നിലായി ബലമായി പുണർന്നു.. "ന്നെ കുഴപ്പത്തിലാക്കല്ലേ പെണ്ണേ.." കണ്ണീരിറ്റി താഴെ വയറിനെ പുണർന്നു കരയുന്നവളുടെ മുഖത്തേക്കിറ്റി.

"പോണ്ടാ.. ജീവേട്ടൻ പോണ്ടാ.." വാവിട്ടു കരയാൻ തുടങ്ങിയ പെണ്ണിന്റെ മുഖം കണ്ടപ്പോൾ കരളലിഞ്ഞു.. അവൾക്ക് മുന്നിൽ മുട്ടുകുത്തി നിന്ന് അവളെ വിട്ട് എങ്ങും പോകുന്നില്ലെന്ന് പറയണമെന്ന് തോന്നി. പക്ഷെ അപ്പോഴാണ് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ മനസ്സിലേക്ക് ഓടിയെത്തിയത്. അവളിപ്പോൾ തന്നെ അവളുടെ ജീവേട്ടനാണെന്ന് കരുതിയാണ് സ്നേഹിക്കുന്നത്.. ആ സ്നേഹം താൻ ആസ്വദിക്കുന്നുണ്ട്.. പക്ഷെ ഏറെനാൾ ഈ നാടകം തുടർന്നാൽ പൊള്ളയാണെന്ന് ഒരിക്കലവൾ മനസ്സിലാക്കും.. അതറിഞ്ഞാൽ പിന്നെയൊരിക്കലും അവളെ തിരിച്ചു പിടിക്കാനാവില്ലെന്നാണ് ഡോക്ടർ പറഞ്ഞത്.. "നിക്ക് തന്ന വാക്ക് നീ മറക്കരുത്..." ബലമായി അവളുടെ കൈകളിൽ പിടി മുറുകിയപ്പോൾ പെണ്ണിന് വേദന തോന്നിയിരുന്നു..

കണ്ണുകളടച്ച് അവളെ തന്നിൽ നിന്നും മാറ്റുമ്പോൾ തന്നെ നോവോടെ നോക്കിയവളുടെ മുഖം കണ്ടപ്പോൾ നെഞ്ചിലൊരു കല്ല് കയറ്റിവച്ച വേദന തോന്നി.. എല്ലാം നിനക്ക് വേണ്ടിയാണ് പെണ്ണേ.. ഈയുള്ളവൻ ഇത്രയധികം നോവ് പേറുന്നത് നീയെന്ന പെണ്ണിനെ ഓർത്ത് മാത്രമാണ്.. മനസ്സിൽ പറഞ്ഞുകൊണ്ട് പിന്നോട്ട് മാറി.. പോവല്ലെന്ന് കെഞ്ചിക്കൊണ്ട് പെണ്ണിന്റെ കയ്കളും തലയുമാടി.. തിരിഞ്ഞു നോക്കാതെ ആരവ് നടന്നു തുടങ്ങി.. "ജീ... ജീ.. വേട്ടാ.... പോവല്ലേ ജീവേട്ടാ..." പെണ്ണലറിത്തുടങ്ങിയിരുന്നു.. പിന്നാലെ നടന്നു പോകാൻ കഴിയുമായിരുന്നെങ്കിൽ അവൾ പാതി വഴി വരെ കൂടെ ചെന്നുകൊണ്ട് പിടിച്ചു നിർത്തിയേനെ.. നോവ് താങ്ങാതായപ്പോൾ കട്ടിലിൽ നിന്നും താഴേക്കെടുത്തു ചാടി.. തറയിൽ ഇരുത്തമുറക്കാനാവാതെ തലയിടിച്ചു വീണുപോയി.. പെണ്ണ് തറയിൽ വീണ ശബ്‌ദം കേട്ടവൻ ഒന്ന് നിന്നു..

ഇനിയുമൊന്ന് തിരിഞ്ഞു നോക്കിയാൽ പിന്നെയൊരു തിരിച്ചുപോക്കുണ്ടാവില്ലെന്ന് ഉറപ്പുള്ളതിനാലാണ് കണ്ണുകളടച്ച് മുന്നോട്ട് തന്നെ നടന്നത്... "പോവല്ലേ ജീവേട്ടാ... പ്ലീസ്.." തറയിലൂടെ നിരങ്ങി നിരങ്ങിയവനെ പിന്തുടരാൻ തുടങ്ങി.. പാതി വഴിയിലെത്തിയപ്പോൾ അറിയാതെയവൻ നിന്നുപോയിരുന്നു.. പെണ്ണിന്റെ നിലവിളി വല്ലാതെ നോവിപ്പിക്കുന്നുണ്ടായിരുന്നു.. പക്ഷെ തനിക്കുനേരെ ഇഴഞ്ഞടുക്കാൻ നോക്കുന്നവളെ ഒന്ന് തിരിഞ്ഞു നോക്കാൻ പോലും കൂട്ടാക്കാതെ അത്രമേൽ മനസ്സിനെ കല്ലാക്കി മാറ്റിക്കൊണ്ടവൻ നടത്തം തുടർന്നു.. തറയിൽ ഉരസിയുരസി പെണ്ണിന്റെ കാലുകൾ വേദനിച്ചു തുടങ്ങി..

ആ വേദനയെ മറന്നുകൊണ്ടവൾ ആവും വിധം നിരങ്ങുന്നതിനിടെ ദൂരെ നടന്നു പോകുന്നവന്റെ രൂപം മെല്ലെ മായുന്നതായി തോന്നിക്കൊണ്ടവൾ നിന്നു.. "ജീ.. ജീ..." വാക്കുകൾ പൂർത്തിയാക്കുന്നതിന് മുൻപ്.. കാഴ്ച മങ്ങിത്തുടങ്ങുന്നതിന് മുൻപ്.. തിരിഞ്ഞു നോക്കാതെ ദൂരെ നടന്നുപോകുന്നവന്റെ രൂപം മാഞ്ഞു തീരുന്നതിനു മുൻപ്.. ജീവനെന്ന അവസാന കണികയും അന്തരീക്ഷത്തിൽ ലയിച്ചില്ലാതാകുന്നതിനു മുൻപ്.. നെഞ്ച് പൊട്ടി കരഞ്ഞ് തളർന്നവൾ ബോധം മറഞ്ഞുകൊണ്ട് നിലത്തേക്ക് വീണുപോയി.. 🌺 വീണ്ടും കാണുക എന്നൊന്ന് ഉണ്ടാവില്ല.. നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കണക്കാക്കുക.. ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക.. - പത്മരാജൻ (ലോല 🌼) ...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story