അറിയാതെൻ ജീവനിൽ: ഭാഗം 27

ariyathen jeevanil adhithyan

രചന: ആദിത്യൻ മേനോൻ

 ജിതന്റെ കാർ മുന്നോട്ട് നീങ്ങിത്തുടങ്ങുന്നതിന് മുൻപേ അവൾ കാറിന്റെ മുന്നിലേക്ക് ചെന്നു നിന്നു. അപ്രതീക്ഷിതമായി അവളെ കണ്ടതും ജിതൻ ഒന്ന് ഞെട്ടിപ്പോയി.. തന്നേ നെറ്റികൂർപ്പിച്ചു നോക്കിക്കൊണ്ട് കൈകെട്ടി നിൽക്കുന്ന പെണ്ണിനെ കണ്ടവൻ അടുത്തിരുന്നവനെയും അവളെയും മാറി മാറി നോക്കി. കള്ളി വെളിച്ചത്തായ മുഖഭാവത്തോടെ ജിതൻ കാറിൽ നിന്നിറങ്ങി പെണ്ണിന് മുന്നിൽ വന്നു നിന്നപ്പോൾ ആ മുഖം കണ്ട് ചിരിയടക്കി.. പിന്നാലെ പോസ്റ്റ്‌ മാനും ഇറങ്ങിവന്നു.. "പോസ്റ്റ്‌ മാനെന്താ ഇവിടെ കാര്യം.. വിട്ടോ.." അയാളെ നോക്കി പറഞ്ഞു. അയാൾ ജിതനെ നോക്കി അവിടെ തന്നേ നിന്നപ്പോൾ ജിതൻ പെണ്ണിന്റെ അടുത്തേക്ക് കൂടുതൽ നടന്നടുത്തു.. "അവൻ പോസ്റ്റ്‌ മാനൊന്നുമല്ല.. എന്റെ ഫ്രണ്ടാ.." ജിതൻ പറഞ്ഞു. "അത് മനസ്സിലായി.. പക്ഷെ ആദ്യം എനിക്ക് ഈ ഫ്രണ്ടിനെ ഒറ്റക്ക് വിസ്തരിക്കണം.." ജിതന്റെ നെഞ്ചിലേക്ക് വിരൽ കുത്തിക്കൊണ്ട് പറഞ്ഞപ്പോൾ ജിതൻ സുഹൃത്തിനോടായി കണ്ണു കാട്ടി. ചിരിച്ചുകാണിച്ചുകൊണ്ട് അയാൾ മറ്റൊരിടത്തേക്ക് മാറിനിന്നു..

"ഇടവിട്ട് ഇടവിട്ട് എനിക്ക് ചോക്ളേറ്റ് അയക്കുന്ന അപരിജിതന് പിന്നിലെ ചോക്ളേറ്റ് ബോയ് നിങ്ങളാണെന്ന് ഞാനോർത്തില്ല..." "പക്ഷെ കുട്ടിക്കാലത്ത് എന്റെ വിരലിൽ തൂങ്ങിയാടി ചോക്ളേറ്റ് വാങ്ങിത്താന്ന് കൊഞ്ചിയ ഈ കുഞ്ഞിപെണ്ണ് എന്റെ ഓർമ്മകളിലിപ്പോഴുമുണ്ട്.." ജിതൻ പറഞ്ഞപ്പോൾ തലയാട്ടിക്കൊണ്ട് ചിരി തൂകി. "അന്നൊന്നും ചോക്ളേറ്റ് വാങ്ങിത്തരാൻ കയ്യിൽ കാശില്ലായിരുന്നു.. അതോണ്ട് അന്ന് ചോദിച്ചതിനൊക്കെ ഇന്ന് കൊറിയർ അയക്കാമെന്ന് കരുതി.." "കൊള്ളാം.. തരക്കേടില്ല.. നിങ്ങൾക്ക് വല്ല ചോക്ളേറ്റ് കമ്പനിയിലും ആണോ ജോലി?" അല്ലെന്നവൻ ചിരിയാലെ തലയാട്ടി.. "രണ്ടു ദിവസം ഇവിടെ കണ്ടില്ലല്ലോ.. എവിടെയായിരുന്നു?" "അപ്പൊ ഞാൻ ഇവിടെയുള്ളത് നോക്കി നടക്കാലായിരുന്നോ നിങ്ങടെ ജോലി?" നെറ്റി ചുളിച്ചുകൊണ്ട് ജിത്തേട്ടനെ നോക്കിയപ്പോൾ അങ്ങേര് നിന്ന് വിയർക്കുന്നത് കണ്ടു.. ഒറ്റ നോട്ടത്തിൽ അങ്ങേരെ കണ്ടാൽ ആദ്യം തോന്നുക സിനിമാനടൻ ടൊവിനോ തോമസിനെയാണെന്ന് തോന്നി.. "ഇന്നെന്തായിരുന്നു ചോക്ളേറ്റ്?" "ഗാലക്സിയാണ്.."

ഇച്ചുകൊണ്ടവൻ പറഞ്ഞപ്പോൾ അടിമുടി നോക്കിക്കൊണ്ട് തലയാട്ടിക്കാണിച്ചു. "പിന്നെ.. ഇനി ചോക്ലേറ്റ് തരാൻ വരുമ്പോ ആ ദൂതനെ പറഞ്ഞയക്കേണ്ട കാര്യമില്ല.. നേരിട്ട് വന്ന് തന്നാൽ മതി.." കൈകൾ പിന്നിലേക്ക് കെട്ടിക്കൊണ്ടവൻ ശരിയെന്നു തലയാട്ടിക്കാണിച്ചു. "എന്നാൽ ഞാൻ പൊക്കോട്ടെ അപരിജിതാ.. കുറേ നാളുകളായി തിരഞ്ഞു നടന്ന ചോക്ളേറ്റ് ബോയിനെ കണ്ടുപിടിച്ചല്ലോ.. സന്തോഷം.." അവനെ നോക്കി ഇളിച്ചു കാണിച്ചുകൊണ്ടവൾ തിരിഞ്ഞു നടന്നു. ചമ്മിയ ചിരിയാലെ അവൾ നടന്നു പോകുന്നത് നോക്കി നിന്നു. ഇടക്കെപ്പോഴോ വച്ച് അവളെ കൂവി വിളിച്ചു.. "അതേയ്.." വിളി കേട്ടവൾ തിരിഞ്ഞുനോക്കി നെറ്റി കൂർപ്പിച്ച് എന്തെന്ന് തലയനക്കി. "നാളെ ഫ്രീയാണോ?" "ആണെങ്കിൽ..?" ചിരി കടിച്ചമർത്തിക്കൊണ്ട് തിരിച്ചു ചോദിച്ചു. "ആണെങ്കിൽ.. പുറത്തു പോകാം.. ഒരു കോഫി കുടിക്കാം.. സംസാരിക്കാം.."

പറയുമ്പോൾ അവന്റെ കവിളത്തെ നുണക്കുഴികൾ ഇളകുന്നുണ്ടായിരുന്നു.. "ആലോചിക്കട്ടെ.." അത് പറഞ്ഞുകൊണ്ട് തിരിഞ്ഞു നടക്കുമ്പോൾ ഉള്ളിൽ നേരിയൊരു തുടിപ്പുണ്ടായിരുന്നു.. "ആലോചിച്ചിട്ടപ്പോ പറയും?" പിന്നിൽ നിന്നുമവൻ തിരിച്ചു ചോദിച്ചു.. "അതും ആലോചിക്കട്ടെ.." തിരിഞ്ഞു നോക്കാതെ നടക്കുന്നതിനിടെ അവനു കൈ കാണിച്ചുകൊണ്ട് പറഞ്ഞിട്ട് പോയി.. തിരിച്ചു വീട്ടിലെത്തിയപ്പോൾ വരാന്തയിലിരുന്ന് ദച്ചുമോൾ ഗാലക്‌സി കഴിച്ചിരിക്കുന്നത് കണ്ടു. ദച്ചുപെണ്ണിന്റെ കയ്യിലെ ഗാലക്‌സി കണ്ടപ്പോൾ അറിയാതെ ചുണ്ടുകളിൽ ഒരു ചിരി മൊട്ടിട്ടു. "നീ പോയിട്ട് എന്തായി?" ചേച്ചി ഉമ്മറത്തേക്ക് വന്നപ്പോൾ ഉണ്ടായതെല്ലാം പറഞ്ഞു കൊടുത്തു. "അപ്പൊ ജിതനാണോ ആ അപരിജിതൻ? വെറുതെയല്ല അപരി'ചി'തൻ എഴുതാതെ അപരി'ജിതൻ' എഴുതിയതെല്ലാം.. ഞാൻ കരുതിയത് മലയാളമറിയാത്ത വല്ല കോന്തനുമായിരിക്കുമെന്നാ.." "പക്ഷെ ആൾക്കെന്നോടെന്തോ ഉണ്ടെന്ന് തോന്നുന്നു.." അത് പറഞ്ഞപ്പോൾ ചേച്ചിയുടെ മുഖഭാവം മാറി. മുഖത്ത് ഗൗരവം പരന്നു..

"അതവൻ നിന്നോട് പറഞ്ഞോ?" "ഇല്ലാ.. പക്ഷെ ആളുടെ സംസാരം കേട്ടപ്പോ എനിക്കങ്ങനെ തോന്നി.." അത് പറഞ്ഞപ്പോൾ ചേച്ചി ഒന്നുകൂടെ അടുത്തേക്ക് വന്നു നിന്നു. "നിനക്ക് വല്ലോം തോന്നിയോ?" "ഒന്ന് പോയേച്ചീ.. കാലങ്ങൾക്ക് ശേഷം ഞാനിന്നാ തൊട്ടടുത്തു നിന്നൊന്ന് കാണുന്നത് തന്നെ.." ഒരു തമാശ കേട്ടതുപോലെ ചിരിച്ചു. പക്ഷെ ചേച്ചിയുടെ മനോഭാവമപ്പോൾ താനെന്തോ വലിയ കുറ്റം ചെയ്തതുപോലെയാണെന്ന് തോന്നി. "ഒന്ന് മാറി ഇപ്പൊ വന്നു കേറിയിട്ടേ ഉള്ളു.. ഇനീം പുതിയത് തുടങ്ങുന്ന മട്ടാണ്.." ചേച്ചി പിറുപിറുത്തപ്പോൾ സങ്കടം തോന്നി.. താനൊരാളെ പ്രണയിച്ചിട്ടുണ്ട്.. അതിന്റെ ഭവിഷ്യത്ത് ആവോളം അനുഭവിച്ചാണ് ഈയൊരു തിരിച്ചുവരവ്.. പക്ഷെ.. തനിക്കൊന്നും ഓർമ്മയില്ല.. അയാൾ ആരായിരുന്നു? എന്തായിരുന്നു തനിക്കീ ഗതി വരാനുള്ള കാരണം? താളുകൾ പാതി കീറിപ്പോയൊരു പുസ്തകത്തിലെ ചില പേജുകൾ മനസ്സിലേക്കോടി വന്നു.. 'എനിക്ക് തന്നെ ഇഷ്ടമാണ്.. ഒത്തിരി ഒത്തിരി ഇഷ്ടം... കാണുമ്പോ ഓടിവന്നു ഞാൻ ഉമ്മ വെക്കും.. കൊതി തീരും വരെ ഉമ്മ വെക്കും..

ആര് കണ്ടാലും എനിക്കൊരു കുഴപ്പവുമില്ല.. കെട്ടിപ്പിടിച്ചോണ്ട് ഞാനുമ്മ തരും.. ചോദിക്കുമ്പോ എനിക്കിങ്ങോട്ടും തന്നോണം...' മൊബൈൽ സ്‌ക്രീനിൽ തെളിഞ്ഞ മെസേജുകളിലേക്ക് ചിരിയാലെ കണ്ണു നട്ടിരിക്കുന്നൊരു പെണ്ണിന്റെ ചിത്രം ഓർമ്മകളിലേക്കോടിവന്നു. അത്രമേൽ ആ പെണ്ണിനെ പിടിച്ചിരുത്തിയ ആ മെസേജുകളുടെ ഉടമ ആരായിരുന്നു..? അത്രമേൽ അവളെ അനുരാഗിണിയാക്കിയ അവനാരായിരുന്നു.. അവൾക്കോർമ്മയില്ല.. ഒന്നുകൂടെ പഴയതെല്ലാം ഓർത്തുനോക്കുവാൻ ഒരു ശ്രമം നടത്തി നോക്കി.. വല്ലാത്തൊരു തലവേദന വരുന്നതായി തോന്നി ആ ശ്രമമുപേക്ഷിച്ച് അകത്തേക്ക് കയറിപ്പോകാൻ തുടങ്ങുമ്പോഴാണ് ആരവ് ഡോക്ടറുടെ കാർ മുറ്റത്ത് വന്നു നിൽക്കുന്നത്.. മുറ്റത്തേക്കിറങ്ങി ചെന്ന് കാറിനടുത്തെത്തിയപ്പോൾ ഡോക്ടർ കാറിൽ നിന്നുമിറങ്ങി വന്നു..

"എന്താ ഡോക്ടർ.. പോയ പോലെ തിരിച്ചു വന്നത്..?" പറയുമ്പോൾ ചിരിച്ചു കാണിച്ചിരുന്നു.. "തന്റെ കുറച്ച് മെഡിസിൻസ് എന്റെ കാറിലായിപ്പോയി. അത് തരാൻ വേണ്ടി വന്നതാണ്.." കയ്യിലെ മെഡിസിൻ പാക്കറ്റ് നേരെ നീട്ടിക്കൊണ്ട് ആരവ് ഡോക്ടർ പറഞ്ഞു.. "എനിക്കിനിയും ഇതിന്റെയൊക്കെ ആവശ്യമുണ്ടോ ഡോക്ടർ.. നോക്ക് ഞാൻ ഓക്കേ അല്ലേ? എനിക്കൊരു കുഴപ്പവുമില്ലല്ലോ?" ആരവ് ഡോക്ടർ അടിമുടി നോക്കിയിട്ട് ചിരിച്ചു. "തനിക്കിപ്പോ ഒരു കുഴപ്പവുമില്ല.. പക്ഷെ ഇനിയെന്നും ഒരു കുഴപ്പവും വരാതിരിക്കാനാണ് ഈ ടാബ്ലറ്റ്സ് ഒക്കെ.." "കയറുന്നില്ലേ?" "ഇല്ല.. ഞാനിത് തരാൻ വേണ്ടി വന്നതാണ്.." ശരിയെന്നു തലയാട്ടി കാറിൽ കയറിയിരുന്നു റിവേഴ്‌സ് എടുക്കുമ്പോഴാണ് മിററിനു പിന്നിലായി തൂക്കിയിട്ട അവളുടെ വാച്ച് കണ്ണിലുടക്കുന്നത്.. അത് കണ്ടപ്പോഴാണ് അവൾക്ക് സമ്മാനിക്കാനായി താൻ കരുതിവച്ച വാച്ച് ബോക്സിനെ പറ്റി ഓർമ്മ വന്നത്..

"ജുവലേ.. ഒന്ന് നിന്നേ.." അകത്തേക്ക് കയറിപ്പോയവൾ പാതി വഴിയിൽ നിന്നുകൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ കാറിൽ നിന്നും ദൃതിയിൽ ഇറങ്ങിവന്നവന്റെ കയ്യിലൊരു വാച് ബോക്സുമുണ്ടായിരുന്നു. "എന്താ ഡോക്ടറെ?" അവൾക്ക് മുന്നിലെത്തിയവൻ നേരെ വാച്ച് ബോക്സ് നീട്ടി. "തനിക്ക് വേണ്ടി വാങ്ങിച്ചതാ.." വാങ്ങിയിട്ടവൾ കൗതുകത്തോടെ തുറന്ന് നോക്കി.. "ഇതുപോലെയൊരെണ്ണം എന്റെ കയ്യിലുമുണ്ടെന്ന് തോന്നുന്നു.." ഓർത്തെടുക്കുവാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു. "ഇല്ല.. തന്റെ കയ്യിൽ നിന്നും അത് പൊട്ടിപ്പോയിരുന്നു.." ആരവ് ഉണർത്തിച്ചപ്പോൾ ഓർക്കാനാവാതെ അവൾ തലയാട്ടി. "ഇഷ്ടപ്പെട്ടു... താങ്ക്സ് ഡോക്ടറെ..." "എടൊ പിന്നെ.. എനിക്കൊരു കാര്യം പറയാനുണ്ട്... ഇപ്പൊ പറഞ്ഞില്ലേൽ പിന്നെ പറയാൻ പറ്റിയെന്നു വരില്ല.." പറയുംതോറും കിതപ്പ് കൂടിവന്നതവൻ അറിഞ്ഞു.. നെറ്റിയിലൂടെ വിയർപ്പൊലിക്കുവാൻ തുടങ്ങി... പക്ഷെ എന്തു തന്നെ ആയാലും താനിന്ന് അത് പറഞ്ഞിരിക്കുമെന്ന് മനസ്സ് ഉറപ്പിച്ചു.. ജീവിതകാലം മുഴുവൻ നെഞ്ചോടു ചേർത്തുപിടിക്കാൻ അവളെ വേണമെന്ന് പറയാൻ....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story