അറിയാതെൻ ജീവനിൽ: ഭാഗം 28

ariyathen jeevanil adhithyan

രചന: ആദിത്യൻ മേനോൻ

 "എന്താ ഡോക്ടറെ? എന്താ പറയാനുള്ളത്..?" "അത്..." വാക്കുകൾ വിറക്കുന്നുണ്ടായിരുന്നു.. ശരീരത്തിന് വല്ലാത്ത ചൂടനുഭവപ്പെടുന്നത് പോലെ തോന്നി.. അപ്പോഴാണ് മൊബൈൽ റിങ് ചെയ്യുന്നത്. പോക്കറ്റിൽ നിന്നും ധൃതിയിൽ മൊബൈൽ എടുക്കുമ്പോഴും കൈകൾ വിറക്കുന്നുണ്ടായിരുന്നു... അമ്മയായിരുന്നു.. "ഹലോ.." "കുഞ്ഞാ.. നീയെവിടെയെത്തി? ഞാനെത്ര നേരമായി കഴിക്കാൻ കാത്തിരിക്കുന്നു.. വേഗം വായോ.." "ആ.. ഇപ്പൊ വരാം അമ്മേ.." അവളിൽ നിന്നും കണ്ണുകളെടുത്ത് വരാന്തയിൽ ഇരുന്നു ചോക്ലറ്റ് കഴിച്ചുകൊണ്ടിരുന്ന ദച്ചുവിലേക്ക് പറിച്ചു നട്ടു. കോൾ കട്ട് ചെയ്യുമ്പോൾ ജോർജേട്ടൻ അകത്തുനിന്നും അവളെ വിളിക്കുന്നത് കേട്ടു. "ചാച്ചൻ വിളിക്കുന്നു.. ഞാനിപ്പോ വരാമേ.." "എന്നാൽ ഞാനും പോകുവാ.. ഇച്ചിരി തിരക്കുണ്ട്.. പിന്നെ വരാം.." അകത്തേക്ക് കയറിപ്പോകുന്നവളെ നോക്കി ആരവ് വിളിച്ചുപറഞ്ഞു..

ശേഷം കാറെടുത്തു വീട്ടിലേക്ക് തിരിച്ചു. അകത്തു ചെന്ന് നോക്കിയപ്പോൾ ഹാളിൽ ഇരുന്ന ചാച്ചന്റെ കയ്യിൽ പുതിയൊരു ഓപ്പോയുടെ മൊബൈൽ ഉണ്ടായിരുന്നു. കൗതുകത്തോടെ ചാച്ചൻ നീട്ടിയത് ചെന്നു വാങ്ങിക്കൊണ്ട് തിരിച്ചും മറിച്ചും നോക്കി. "ഹായ്.. പുതിയ ഫോൺ.. ഇതെനിക്കാണോ?" അതെയെന്ന് ചാച്ചൻ തലയാട്ടി. "പക്ഷെ പഴയ ഫോണിൽ എന്റെ ഒരുപാട് ഇമ്പോർട്ടന്റ് ഡോക്യുമെന്റ്സ് ഉണ്ടായിരുന്നു.." "അതെല്ലാം ഇതിലേക്ക് റീസ്റ്റോർ ചെയ്‌താൽ മതിയല്ലോ.." ചാച്ചൻ പറഞ്ഞപ്പോൾ വാടിയ മുഖത്തോടെ ഫോൺ ചാച്ചന് തന്നെ തിരികെയേൽപ്പിച്ചു.. "എല്ലാം ചാച്ചൻ തന്നെ റീസ്റ്റോർ ചെയ്ത് തന്നാൽ മതി ചാച്ചാ..." അത് പറയുമ്പോൾ കണ്ണുകൾ എന്തുകൊണ്ടാണ് നിറഞ്ഞതെന്നറിയില്ല. ചാച്ചന്റെ മുന്നിൽ വച്ചു കരയാതിരിക്കാൻ കണ്ണുകൾ തുടച്ചുകൊണ്ട് നോട്ടം മാറ്റി. "എന്താ ജുവലേ..." അച്ഛൻ അടുത്തേക്ക് ചേർത്ത് നിർത്തി വാത്സല്യത്തോടെ ചോദിച്ചപ്പോൾ കണ്ണുനീരിനു മുകളിൽ വച്ച നിയന്ത്രണം നഷ്ടമായി.. "എല്ലാം തിരിച്ചുവരുന്നതിന്റെ കൂട്ടത്തിൽ മറക്കേണ്ട ചിലതുകൂടി തിരിച്ചുവന്നാലോ..?"

അത് പറയുമ്പോൾ നെഞ്ചിന് വല്ലാത്തൊരു നോവ് തോന്നി.. "ചാച്ചനെല്ലാം ശരിയാക്കിത്തരാം..." ചാച്ചൻ സ്നേഹത്തോടെ തലോടിക്കൊണ്ട് മൊബൈലിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. "നമ്പർ ഡിലീറ്റ് ചെയ്തേക്കണം.. വാട്ട്‌സ്ആപ്പിലുള്ള ചാറ്റ്സ്.. ഫേസ്ബുക്കിൽ നിന്ന് അൺഫ്രൻഡ് ചെയ്‌താൽ മതി.. ബ്ലോക്ക് ചെയ്‌താൽ പിന്നെ ഒരിക്കൽ ബ്ലോക്ക്‌ ലിസ്റ്റ് നോക്കുമ്പോ കണ്ടാലോ.. മെസഞ്ചറിലും കുറേ ചാറ്റുകൾ ഉണ്ടെന്ന് തോന്നുന്നു.. അതും ഡിലീറ്റ് ചെയ്യണം.. ഗാലറിയിൽ കുറേ ഫോട്ടോസ് കിടപ്പുണ്ടാകും.. അതും.." വിക്കി വിക്കി പറഞ്ഞുകൊണ്ടിരുന്നപ്പോൾ കണ്ണീര് കവിളിനെ നനച്ചുകൊണ്ട് കടന്നു പോയി.. വാക്കുകളിടറി.. നിറഞ്ഞ കണ്ണുകൾ കാഴ്ചയ്ക്ക് മങ്ങലേൽപ്പിച്ചു. "നീ വല്ലാതെ അസ്വസ്ഥയാണ്. ചെല്ല്.. മുറിയിലേക്ക് ചെന്ന് അല്പം വിശ്രമിക്ക്... അപ്പോഴേക്കും ചാച്ചൻ ഇത് റെഡിയാക്കി വെക്കാം.."

ചാച്ചൻ എഴുന്നേൽപ്പിച്ചു നിർത്തിയിട്ട് പറഞ്ഞയച്ചു. "ചാച്ചാ...?" "എന്നതാ മോളെ?" "ഓർമ്മകളുടെ ഒരംശം പോലും അതിൽ അവശേഷിപ്പിക്കരുത്... അതിൽ നിന്നും എനിക്ക് ഊഹിച്ചെടുക്കുവാൻ ഒരു തരി പോലും ബാക്കി വെക്കരുത്.. " പോകുന്നതിന് തൊട്ട് മുൻപേയുള്ള പെണ്ണിന്റെ മന്ത്രണം കേട്ട് ചാച്ചൻ വേദനയോടെ ചിരിച്ച് കാണിച്ചു.. സങ്കടത്തിന്റെ കനം കൊണ്ടാവണം റൂമിലെത്തിയപ്പോഴേക്കും കാലുതെന്നി കട്ടിലിലേക്ക് വീണുപോയി.. എഴുന്നേൽക്കുവാൻ ശ്രമിച്ചില്ല.. ബോധം മറഞ്ഞവളെ പോലെ അനങ്ങാതെ കിടന്നു.. കണ്ണുകൾ ദൂരെ ജനവാതിൽ ചില്ലിനുള്ളിലൂടെ ശൂന്യമായ മുറ്റത്തേക്ക് ചെന്ന് പതിഞ്ഞു. പെട്ടന്നൊരു മാത്രയിൽ മുറ്റത്തൊരു നിഴൽ പ്രത്യക്ഷപ്പെട്ടു.. അസഹനീയമായ വേദനയോടെ മരണപ്പെട്ട ഒരുവന്റെ.. മങ്ങിയ ആ ദൃശ്യം കണ്ടവൾ അമ്പരപ്പോടെ കമിഴ്ന്നു കിടന്ന് ജനല്പാളികളിലൂടെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി.. പിന്തിരിഞ്ഞു നിൽക്കുന്ന ഒരുവൻ ആ പെണ്ണിൽ കൗതുകത്തിന്റെ വിത്തുകൾ പാകി.. പിടഞ്ഞെഴുന്നേറ്റുകൊണ്ട് വരാന്തയിലേക്കോടുമ്പോൾ അയാൾ ആരാണെന്നോ എന്താണെന്നോ ഒന്നും അറിയില്ലായിരുന്നു..

പക്ഷെ ഇത്രമേൽ തന്നെ കീഴ്പ്പെടുത്തണമെങ്കിൽ അയാൾ തന്റെ ആരോ ആയിരുന്നെന്ന് ഉറപ്പിച്ചു.. വരാന്തയിലെത്തി തൂണിനു പിന്നിലായി കൈകൾ ചേർത്തുവച്ചുകൊണ്ടവൾ മുറ്റത്തേക്ക് നോക്കി.. ശൂന്യമായ അവിടം കണ്ട് ഉള്ളുലഞ്ഞു.. അല്പം മുൻപ് ഇവിടെ നിന്നിരുന്നവനെവിടെ.. ആരായിരുന്നു അവൻ.. ചോദ്യങ്ങൾ കുത്തി നോവിക്കുവാൻ തുടങ്ങി. ഒരിക്കൽ കൂടി മുറ്റം മുഴുവൻ കണ്ണുകൾ പാഞ്ഞു നടന്നു.. കാശിത്തുമ്പക്കാട്ടിലും.. ചേച്ചി ചെറുപ്പത്തിൽ നല്ല മാവിന് പിന്നിലും.. ചെമ്പരത്തി ചെടികൾക്ക് പിന്നിലും.. എവിടെയും നേരത്തെ കണ്ടവന്റെ പൊടി പോലും കാണാനായില്ല. കണ്ണ് നിറഞ്ഞു.. അതിന് കാരണമെന്തെന്നൊന്നും അറിയില്ലായിരുന്നു.. എന്തുകൊണ്ടോ കണ്ണ് നിറഞ്ഞു പോയി.. തിരിച്ച് അകത്തേക്ക് കയറിപ്പോകുമ്പോൾ നിരാശ തോന്നി.

ഹാളിൽ സോഫയിൽ തന്റെ വരവ് നോക്കിയിരുന്ന ചാച്ചനെ കണ്ടു. കണ്ടപ്പോ ഒന്ന് പുഞ്ചിരിച്ചു കാണിച്ചു.. "നീ എങ്ങോട്ട് പോയതായിരുന്നു?" ചാച്ചൻ ചോദിച്ചു. "എങ്ങോട്ടുമില്ല.." പറഞ്ഞപ്പോൾ ചാച്ചൻ ശരിയെന്നു തലയാട്ടി. എങ്കിലും ഉള്ളിലുള്ള പതറൽ ചാച്ചനൊരിക്കലും അറിയാതെ പോകില്ലെന്ന് തനിക്കുറപ്പാണ്. "ഞാനെല്ലാം റീസ്റ്റോർ ചെയ്തെടുത്തിട്ടുണ്ട്.." അരികിലിരുന്ന ഫോൺ എടുത്ത് നേരെ നീട്ടിക്കൊണ്ട് ചാച്ചൻ പറഞ്ഞു.. "ഒന്നും ബാക്കി വച്ചില്ലേ?" ചോദിക്കുമ്പോൾ ചിരിക്കുവാൻ ശ്രമിച്ചു.. പക്ഷെ അവിടെയും പരാജയപ്പെട്ടെന്ന് തോന്നുന്നു.. "ഒന്നും ബാക്കി വച്ചിട്ടില്ല.." ചാച്ചൻ പറഞ്ഞപ്പോൾ പടുത്തുയർത്തിയ ഒരു ചിരി സമ്മാനിച്ചു ഫോൺ വാങ്ങിക്കൊണ്ട് റൂമിലേക്ക് പോയി. കട്ടിലിൽ മലർന്നു കിടന്നുകൊണ്ട് മൊബൈൽ തുറന്നു നോക്കിയപ്പോൾ ആദ്യം കണ്ണുകളിലുടക്കിയത് ദിയയുടെ മെസേജുകൾ ആണ്.. ആദ്യം ചിന്തിച്ചത് എല്ലാ കാര്യങ്ങളും അവളോട് ചോദിച്ചറിഞ്ഞാലോ എന്നാണ്.. പക്ഷെ അവളോടും എല്ലാം ആരവ് ഡോക്ടറോ ചാച്ചനോ പറഞ്ഞിട്ടുണ്ടാകുമെന്ന് ഉറപ്പാണ്..

ഒരുപക്ഷെ ഉറക്കത്തിൽ സ്വപ്നം കണ്ട ഒരു പെണ്ണിന്റെ വട്ടെന്നെ അവൾ പറയൂ.. മൊബൈലിൽ വാട്സാപ്പിൽ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് സേവ് ചെയ്യാത്ത ഏതോ ഒരു അൺനോൺ നമ്പറിൽ നിന്നും വന്ന മെസേജുകൾ ശ്രദ്ധിക്കുന്നത്.. 'ഹെലോ.. ഞാൻ അപരിജിതനാണ്.. കോഫിക്ക് പോകുന്ന കാര്യം ആലോചിച്ചോ?' മെസേജ് കണ്ടപ്പോൾ ആദ്യം ചിരിയാണ് വന്നത്. റിപ്ലൈ കൊടുക്കുന്നതിനു മുൻപ് നമ്പർ ജിത്തേട്ടൻ എന്ന് സേവ് ചെയ്തു.. 'ആലോചിക്കുന്ന കാര്യവും ആലോചിക്കട്ടെ..' മറുപടി കൊടുത്ത അടുത്ത നിമിഷം തന്നെ അങ്ങേര് ഓൺലൈനിൽ വന്നിരുന്നു.. 'ആലോചിക്കുന്ന കാര്യം ആലോചിക്കാനും ഇനി ആലോചിക്കണോ?' ആ മെസേജിനൊപ്പം കുറേ വായ് പൊത്തി ചിരിക്കുന്ന ഇമോജികളും ഉണ്ടായിരുന്നു. 'അതും ആലോചിക്കട്ടെ ട്ടോ..' ചുണ്ടുകളിൽ ചിരി വിടർന്നു... 'എന്താ പരിപാടി?' 'ചുമ്മാ ഇരിപ്പാണ്.. അടുത്ത ചോക്കലേറ്റ് കൊറിയർ അയക്കുക എന്നാ?

ഇവിടെ ഒരാൾ വൈറ്റിംഗ് ആണ്..' 'അപരിജിതനെ കണ്ടുപിടിച്ചിട്ടും എന്റെ ചോക്ലേറ്റ് കിട്ടാൻ നീ വൈറ്റിംഗ് ആണെന്നോ.. എന്താ മോളൂസ് ലവ് ആണോ..?' ജിത്തേട്ടന്റെ മെസേജ് കണ്ടു ചിരിയുടെ ശബ്‌ദം കൂടി. 'അയ്യടാ.. ഞാനല്ല.. ദച്ചു മോള്..' 'ഓ.. അങ്ങനെ..' 'ഞാൻ നാളെ അഞ്ചു മണിക്ക് കോഫീ ലോഞ്ചിൽ ഉണ്ടാകും..' എന്ത് ഓർത്താണ് അത് പറഞ്ഞതെന്നറിയില്ല.. 'ആലോചിച്ചോ?' 'ആം.. എന്തെ?' 'ഏയ്‌.. ഒന്നൂല്ല.. പറ്റിക്കില്ലല്ലോ.. ഇനി വരണോ വേണ്ടയോ ആലോചിക്കുമോ?' 'വരും..' അത് പറഞ്ഞ് ഫോൺ അരികിൽ വച്ചുകൊണ്ട് കണ്ണുകളടച്ചു.. പിന്നെയും കുറേ മെസേജുകളുടെ നോട്ടിഫിക്കേഷൻ ശബ്‌ദം കാതുകളിൽ പതിഞ്ഞുകൊണ്ടിരുന്നു.. പക്ഷെ ആ ശബ്‌ദം ആ പെണ്ണിനെ മറ്റെന്തൊക്കെയോ ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.. അവളറിയുന്നില്ലെങ്കിലും......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story