അറിയാതെൻ ജീവനിൽ: ഭാഗം 3

ariyathen jeevanil adhithyan

രചന: ആദിത്യൻ മേനോൻ

 ദച്ചുമോള് നിർത്താതെ ഉറക്കെ കരയുകയായിരുന്നു. പെണ്ണിന്റെ കരച്ചിൽ കേൾക്കുംതോറും ഉള്ളിലൊരു കാളൽ. താഴെയോടിയെത്തിയപ്പോൾ ചേച്ചിയുടെ ഒക്കത്തിരുന്ന് നല്ല കരച്ചിലായിരുന്നു പെണ്ണ്. ചേച്ചിയുടെ ഷാളിന്റെ തുമ്പത്തൊക്കെ ചോരയുടെ പാടുണ്ടായിരുന്നു. "എന്നതാ ചേച്ചീ ഇത്? ദച്ചു മോളെ.." പെണ്ണിനെ കയ്യിൽ വാങ്ങിയപ്പോൾ പെണ്ണിന്റെ കൈ വെള്ളയിൽ വലിയൊരു മുറിവ് കണ്ടു. അത് കണ്ടപ്പോ മനസ്സിനും ചെറുതായി നൊന്തു. "എത്ര പറഞ്ഞാലും കേക്കത്തില്ലല്ലോ.. ചാച്ചന്റെ മുറിയിൽ പോയി കത്രികയെടുത്ത് കളിച്ചതാ. ഞാനും അമ്മച്ചിയും അടുക്കളയിലായിരുന്നു." അത് പറഞ്ഞു ശകാരിക്കുമ്പോഴും ചേച്ചിയുടെ കണ്ണിൽ നനവ് പടർന്നിരുന്നു. അമ്മച്ചി തുണി കീറി വന്നപ്പോ അത് വാങ്ങിച്ച് ദച്ചുമോളുടെ കൈ വെള്ളയിലെ മുറിവിൽ മെല്ലെ തുടച്ചു. പെണ്ണൊന്നു പിടഞ്ഞു. "ഞാൻ ചാച്ചനെ വിളിച്ചു നോക്കട്ടെ.."

പറഞ്ഞുകൊണ്ട് വേഗം മുറിയിലേക്കോടി. ഫോൺ എടുത്ത് ചാച്ചനെ വിളിച്ചു നോക്കി. ഒരുപാട് നേരം റിങ് ചെയ്തുവെങ്കിലും ചാച്ചൻ കോളെടുത്തില്ല. ധൃതിയിൽ മുടി കോതിയൊതുക്കി മാസ്ക് എടുത്ത് ധരിച്ചു താഴേക്ക് ചെന്നു. "ചാച്ചനെ വിളിച്ചിട്ട് കിട്ടുന്നില്ല. എന്തെങ്കിലും തിരക്കിൽ ആയിരിക്കും. ലോക് ഡൌൺ ആയത് കൊണ്ട് ഹോസ്പിറ്റലിൽ പോകനൊന്നും പറ്റത്തില്ലല്ലോ. നമുക്ക് ശാരധചേച്ചിയുടെ വീട്ടിൽ പോയി നോക്കാം. അവിടെ ഡോക്ടർ ഉണ്ടാകും.." പറഞ്ഞുകൊണ്ട് ദച്ചുമോളെ എടുത്ത് ഒക്കത്തിരുത്തി. ശാരദേട്ടത്തിയുടെ വീട്ടിലേക്ക് നടന്നെത്താവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ മകൻ ഡോക്ടറാണ്, പേര് ആരവ്. വീട്ടുകാർക്കും നാട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ടവനാണ്. നാടിന്റെ എന്താവശ്യത്തിനും മുൻപന്തിയിൽ അങ്ങേരുണ്ടാകുമായിരുന്നു. "അച്ചോടാ.. ഒന്നുമില്ലാട്ടോ.."

കരഞ്ഞുകൊണ്ടിരുന്ന പെണ്ണിന്റെ കൈവെള്ളയിൽ മൃദുവായി ഊതിക്കൊടുത്തു. തോളിലമർന്നു കിടന്ന് പെണ്ണ് കരച്ചിൽ തുടർന്നു. പുറത്തേക്ക് ഇറങ്ങുമ്പോൾ അമ്മച്ചിയും കൂടെ വരാമെന്നു പറഞ്ഞതാണെങ്കിലും വേണ്ടെന്നു പറഞ്ഞു. ഒന്നാമതേ അമ്മച്ചിക്ക് കാലിന് നീരിറങ്ങി വയ്യാത്തതാണ്. ലോക് ഡൌൺ ആയതിനാൽ വണ്ടി കിട്ടുമെന്നും തോന്നുന്നില്ല. മറ്റൊന്ന് അമ്മച്ചി ഹാർട് പേഷ്യന്റാണ്, ആ ഒരു സാഹചര്യത്തിൽ അമ്മച്ചിയെ പുറത്തേക്ക് കൊണ്ടുപോകുന്നത് നല്ലതല്ലല്ലോ. ഗെയ്റ്റ് തുറന്ന് ചേച്ചിക്കൊപ്പം വീടിനു മുന്നിലെത്തിയപ്പോൾ റോഡ് ശൂന്യമായിരുന്നു. ഒരൊറ്റ ഓട്ടോ പോലും റോഡിലുണ്ടായിരുന്നില്ല. ഒന്നുരണ്ട് ബൈക്കുകൾ പോകുന്നത് കാണാം. അത്രമാത്രം. "ചേച്ചി വേം നടന്നെ, പോലീസുകാർ കണ്ടാൽ പ്രശ്നമാണ്. പുറത്തിറങ്ങിക്കൂടാന്ന് പറഞ്ഞതാണ്." ദച്ചുമോളുടെ കയ്യിൽ മൃദുവായി ഊതുന്നതിനിടെ നിർത്തി നിർത്തി പറഞ്ഞു.

ചേച്ചി വളരെ പതുക്കെയായിരുന്നു നടന്നിരുന്നത്. ഇടക്ക് ചേച്ചിയേ തിരിഞ്ഞു നോക്കിയപ്പോൾ റോഡിന് ദൂരെനിന്നും ഒരു കറുത്ത കാർ വരുന്നത് കണ്ടു. ലോക് ഡൌൺ ആയിട്ട് ആരാ കാറുമായി ഇറങ്ങിയേക്കുന്നതെന്ന് ചിന്തിച്ചുനിക്കുമ്പോഴാണ് തൊട്ടു മുന്നിലായി ആ കാർ വന്നു നിന്നത്. പതിയെ ഗ്ലാസ്‌ മാറ്റിയപ്പോൾ ഉള്ളിലേക്ക് നോക്കി. ശാരദേച്ചിയുടെ മകൻ ആണ്. "എന്താ പെണ്ണേ ലോക് ഡൌൺ ആയിട്ട് പുറത്ത് ചുറ്റി നടക്കുന്നെ.." ഗൗരവത്തോടെ മീശ പിരിച്ചുകൊണ്ട് ആരവ് ചോദിച്ചു. അങ്ങേര് വലിയ ഗൗരവക്കാരനാണെന്ന് തനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷെ ആളൊരു പാവമാണ്. "നിങ്ങളെന്നതാ ലോക് ഡൌൺ ആയിട്ട് കാറുമായി നടക്കുന്നെ?" തിരിച്ചു ചോദിച്ചു. അങ്ങേർക്കത് അത്ര രസിച്ചിട്ടില്ല. "ഞങ്ങൾ ഡോക്ടർമാരു പിന്നേ നിങ്ങളെ സഹായിക്കാൻ ഹോസ്പിറ്റലിൽ എത്തണ്ടേ? എല്ലാരേം പോലെ ഞങ്ങക്ക് വീട്ടിലിരിക്കാൻ പറ്റില്ലല്ലോ.."

അത് ശരിയായിരുന്നു. എല്ലാവരും പുറത്തിറങ്ങാതെ കൊറോണ പടരുന്നത് പേടിച്ച് അകത്തിരിക്കുമ്പോൾ ജീവൻ പോലും പണയം വച്ചാണ് ഡോക്ടർമാരും നഴ്സ്മാരുമെല്ലാം അവരുടെ ജോലികൾ ചെയ്യുന്നത്. "കൊച്ചെന്തിനാ കരയുന്നെ.." അങ്ങേരു ചോദിച്ചപ്പോളാണ് ദച്ചുമോളുടെ കൈ അങ്ങേർക്ക് കാണിച്ചു കൊടുത്തത്. "ഇതെന്ത്‌ പറ്റിയതാ പെണ്ണേ?" ആരവ് ചോദിച്ചു. "പെണ്ണ് കത്രിക വച്ചു കളിച്ചതാ. ഹോസ്പിറ്റലിൽ ഒന്നും പോകാൻ പറ്റാത്തത് കൊണ്ട് നിങ്ങളുടെ വീട്ടിലേക്ക് വരുവായിരുന്നു." പറഞ്ഞു തീരുന്നതിന് മുന്നേ വേഗം കയറാനെന്നും പറഞ്ഞ് അങ്ങേര് കാറിന്റെ ഡോർ തുറന്നു തന്നു. കാറിൽ മുന്നിൽ ദച്ചുമോളുമായി ഇരുന്നപ്പോൾ പിന്നിൽ ചേച്ചിയും കയറി. കാർ ചെന്നു നിന്നത് ഒരു വലിയ വീടിന്റെ മുന്നിലായിരുന്നു. ആരവ് കാറിൽ നിന്നും വേഗമിറങ്ങി കയ്യിൽ നിന്നും ദച്ചുമോളെ വാങ്ങി അകത്തേക്ക് കയറിപ്പോയി. ആ സമയത്താണ് ശാരദേച്ചി പുറത്തോട്ട് വന്നത്.

"നിങ്ങള് രണ്ടും കേറിയിരിക്ക്.." ആരവിന്റെ അമ്മ പറഞ്ഞപ്പോൾ അലീനേച്ചിക്കൊപ്പം അകത്തോട്ടു കയറിയിരുന്നു. "സാധാരണ ജുവൽ ഇവിടേക്ക് വരുമ്പോ എന്തെങ്കിലും കഴിപ്പിച്ചിട്ടെ വിടാറുള്ളൂ.. ഇപ്പോ ഒന്നിനും നിർബന്ധിക്കണില്ല, ഇപ്പോഴത്തെ അവസ്ഥ അതാണെ.." ശാരദേച്ചി പറഞ്ഞപ്പോൾ ചിരിച്ചു കാണിച്ചു. മാസ്കിനുള്ളിൽ മറഞ്ഞിരുന്ന ആ ചിരി അമ്മച്ചി കണ്ടോ എന്ന് സംശയമാണ്. "ഈ അടുത്തൊന്നും കാണാൻ പറ്റുമെന്ന് വിചാരിച്ചതേയല്ല.. ഈ ലോക് ഡൌണും കൊറോണയുമൊക്കെ എന്ന് തീരുമെന്ന് കർത്താവിനറിയാം." അലീനേച്ചി ശാരദേച്ചിയുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അകത്തോട്ടു കയറി ആരവിന്റെ മുറിയിലേക്ക് പോയി. ദച്ചു മോളുടെ മുറിവ് കെട്ടിയിരുന്നു. ദച്ചുമോളെ ടേബിളിൽ ഇരുത്തി അതിനടുത്ത് ഒരു ചെയറിട്ട് ആരവും ഇരിക്കുന്നുണ്ടായിരുന്നു. പെണ്ണ് കരച്ചിൽ നിർത്തി അങ്ങേരോട് നല്ല കമ്പനി ആയിട്ടുണ്ട്. "കത്രിക പോലെയുള്ള മൂർച്ചയുള്ള സാധനങ്ങൾ വച്ചു കളിച്ചാൽ ഇതുപോലെ ഉവ്വാവു വരൂട്ടോ.. ഇനി അതൊന്നും വച്ചു കളിക്കരുതേ.."

അങ്ങേര് വാത്സല്യത്തോടെ പറഞ്ഞു കൊടുത്തത് കേട്ട് പെണ്ണ് അനുസരണയോടെ തലയാട്ടുന്നുണ്ടായിരുന്നു. അപ്പോഴാണ് അങ്ങേര് മുറിയിൽ വന്ന തന്നെ കാണുന്നത്. പെണ്ണിനെ എടുത്ത് തനിക്ക് നേരെ നടന്നു വന്നു. "വേദനയുണ്ടെങ്കിൽ ഈ ടാബ്ലറ്റ് കൊടുത്താൽ മതി." അങ്ങേര് തന്ന ടാബ്ലറ്റ് വാങ്ങിച്ചു. "വാവ ചെല്ല്.. ചേച്ചി വിളിക്കുന്നുണ്ട്.." അങ്ങേര് ദച്ചുമോളെ നീട്ടിയെങ്കിലും പെണ്ണ് വരാൻ കൂട്ടാക്കിയില്ല. ഇല്ലെന്ന് പറഞ്ഞു ഡോക്ടർക്ക് ഒരുമ്മ കൊടുത്തു. "ചേച്ചി പോകുവാണേ.." പറഞ്ഞു നോക്കിയിട്ടും പെണ്ണ് ഡോക്ടറുടെ ഷർട്ടിന്റെ പോക്കറ്റിൽ ഒരു കയ്യിട്ട് മറുകൈ വായിലുമിട്ടു തിരിഞ്ഞു നിന്നു. ചിരിയോടെ ഡോക്ടറുടെ കയ്യിൽ നിന്നും പെണ്ണിനെ വാങ്ങുന്നതിനിടെ ഡോക്ടറുടെ ഷർട്ടിന്റെ ബട്ടണിൽ വാച്ച് കുടുങ്ങി. കൈ പിൻവലിക്കാൻ ശ്രമിച്ചിട്ടും അതവിടെ കുടുങ്ങി തന്നെ നിന്നു. "പെണ്ണേ ഒരു മിനുട്ട്.. ഞാനെടുത്ത് തരാം.."

ആരവ് ഒരു കൈ കൊണ്ട് എന്തൊക്കെയോ കാണിച്ചുകൊണ്ട് വാച്ച് അഴിക്കുവാൻ നോക്കി. പെട്ടന്ന് വാച്ച് താഴേക്ക് പൊട്ടി വീണു. "അത് സാരമില്ല.. പഴയ വാച്ചാ." അത്രമാത്രം പറഞ്ഞുകൊണ്ട് ദച്ചു മോളെ വാങ്ങി റൂമിൽ നിന്നും പുറത്ത് കടന്നു. ഉമ്മറത്ത് എത്തിയതും ചേച്ചിയും എഴുന്നേറ്റ് ഇറങ്ങി. "ഞങ്ങളെന്നാൽ ഇറങ്ങട്ടെ ശാരദേച്ചി.. ആരവിനോട്‌ പറഞ്ഞേക്ക്.." തലയാട്ടിക്കൊണ്ട് ചേച്ചി പറഞ്ഞപ്പോൾ ശാരദേച്ചി അകത്തോട്ടു നോക്കി വിളിച്ചു പറഞ്ഞു. "കുഞ്ഞാ.. അവരിറങ്ങിയെന്ന്.." നടന്ന് വീടിന്റെ ഗെയ്റ്റിനടുത്ത് എത്തിയപ്പോൾ ഒന്നുകൂടി തിരിഞ്ഞു നോക്കി. ശാരദേച്ചി അകത്തേക്ക് കയറിപ്പോയിരുന്നു. പക്ഷെ ഉമ്മറത്തു തന്നെ നോക്കി ആരവ് നിൽക്കുന്നുണ്ടായിരുന്നു. കയ്യിൽ തന്റെ പൊട്ടിയ വാച്ചുമുണ്ട്. മുഖത്തപ്പോൾ എല്ലായ്പ്പോഴും ഉണ്ടായിരുന്ന ആ ഗൗരവമില്ലായിരുന്നു. ധൃതിയിൽ പെണ്ണിനെ എടുത്ത് വന്നതിനിടെ വാച്ചെടുക്കാൻ മറന്നതാണ്. എന്തുകൊണ്ടോ അതപ്പോൾ ചെന്നു വാങ്ങിയില്ല. വേഗം ചേച്ചിയുടെ മുന്നിലായി നടന്നു പോയി.

വീട്ടിലേക്ക് നടന്നെത്തുന്നതിന് മുൻപേ ദച്ചുമോള് തോളിൽ കിടന്ന് ഉറങ്ങിയിരുന്നു. വീട്ടിലെത്തിയപ്പോൾ കൈ സാനിറ്റയിസ് ചെയ്ത ശേഷമാണ് അമ്മച്ചി അകത്തോട്ടു കയറ്റിയത്. ചേച്ചിയുടെ റൂമിൽ ചെന്നു പെണ്ണിനെ ബെഡിൽ കിടത്തി മുകളിലേക്ക് കയറി. മുറിയിലെത്തി ബെഡിൽ കിടന്നപ്പോഴാണ് ആശ്വാസമായത്. മൊബൈലെടുത്ത് നോക്കിയപ്പോൾ ഒരുപാട് നോട്ടിഫിക്കേഷൻസ്.. വാട്സ്ആപ്പ് തുറന്നു നോക്കി. ജീവേട്ടന്റെ മൂന്ന് മെസേജുകളുണ്ട്. നെഞ്ചിലൊരു മഴ പെയ്യുന്നത് പോലെ.. കണ്ടതും പെട്ടന്ന് തുറന്നു നോക്കി. അവസാനമായി സംസാരിച്ചത് അങ്ങേരുടെ സ്റ്റാറ്റസ് കണ്ട് രണ്ട് ആടുകളെന്ന് കളിയാക്കിയതായിരുന്നു. അതിനങ്ങേരു കുറച്ചു ചിരിക്കുന്ന ഇമോജികൾ ആണ് മറുപടി തന്നതും.. 'എവിടെ? പോയോ? താൻ ഇടക്ക് വച്ച് എവിടെപ്പോയി?' കാണാതായപ്പോ അന്വേഷിച്ചു വന്നല്ലോ എന്നായിരുന്നു മനസ്സിൽ.. മൂന്ന് മെസേജുകൾ, മൂന്നും മൂന്ന് സമയത്ത്. അറിയാതെ ചിരി വിടർന്നു. ജീവേട്ടൻ അപ്പോൾ ഓൺലൈനിൽ ഉണ്ടായിരുന്നില്ല. 'ഓയ്.'

ഒരു മെസേജ് അയച്ചു. ഞെട്ടിച്ചുകൊണ്ട് അപ്പോൾ തന്നെ അങ്ങേര് ഓൺലൈനിൽ വന്നു. മെസേജ് സീൻ ആയി. 'ഓയ്. എവിടെയായിരുന്നു? പെട്ടന്ന് എങ്ങോട്ട് പോയി?' 'ചേച്ചിയുടെ മകൾ കത്രിക എടുത്ത് കളിച്ചു കൈ മുറിച്ചു. ഇവിടെ അടുത്തൊരു ഡോക്ടറുണ്ട്. പെണ്ണിന്റെ കൈ ഡ്രസ്സ്‌ ചെയ്യാൻ അവിടേക്ക് പോയതായിരുന്നു.' 'അതെയോ. എന്നിട്ട് ഇപ്പൊ എങ്ങനെയുണ്ട്?' 'അവൾക്കിപ്പോ കുഴപ്പമൊന്നുമില്ല. ഉറങ്ങുകയാണ്.' 'ഹാം.. താൻ കഴിച്ചോ?' 'ഇല്ല. കഴിക്കാൻ പോകുവാ. നല്ല വിശപ്പുണ്ട്. നിങ്ങളോ?' 'അതൊക്കെ തോന്നിയ നേരത്ത് മാത്രമാണ്.' 'അതെന്നാ?' 'ആവോ. അങ്ങനെയാണ്.' 'നിങ്ങള് എവിടെയാ സ്ഥലം?' 'ഞാൻ തൃശ്ശൂർ. ചാലക്കുടി. മണിച്ചേട്ടന്റെ വീടിന്റെ അടുത്താണോ എന്ന് ചോദിക്കരുത്. കേട്ട് മടുത്തു.' അത് വായിച്ചു ചിരിച്ചു പോയി. ശരിയാണ്.. ചാലക്കുടിയിലുള്ളവരോട് മണി ചേട്ടന്റെ വീടിനടുത്താണോ എന്ന് ചോദിച്ചു പോകാത്ത മലയാളികളുണ്ടോ? 'ഞാൻ കോഴിക്കോട്..' 'അറിയാം' 'എങ്ങനെ.' 'ഗ്രൂപ്പിൽ താനിട്ട ഇൻട്രോടക്ഷൻ കണ്ടിരുന്നു.'

ആ മെസേജ് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. അപ്പോൾ നേരത്തെ തന്നെ പറ്റി എല്ലാമറിയാം.. 'താൻ പോയി ഭക്ഷണം കഴിച്ചു വാ. ഞാൻ പോയി ഒരു ട്രിപ്പടിക്കട്ടെ.' ആ മെസേജ് കണ്ടപ്പോൾ ഒത്തിരി ദേഷ്യം തോന്നിയിരുന്നു. 'കഞ്ചാവൊക്കെ ഉപയോഗിക്കുമോ.' ദേഷ്യത്തോടെയാണ് ആ മെസേജ് ടൈപ് ചെയ്തത്. 'യെസ്..' തിരിച്ചു റിപ്ലൈ വന്നപ്പോൾ സങ്കടം തോന്നിയിരുന്നു. 'താൻ പോയി വലിച്ചു കേറ്റി ചാവ്. ഞാൻ പോകുന്നു. ബൈ.. എനിക്ക് ഇതുപോലെയുള്ളവരെ ഇഷ്ടമല്ല.' ദേഷ്യത്തോടെ മൊബൈൽ ബെഡിലേക്ക് എറിഞ്ഞു. മനസ്സിൽ നിരാശയും സങ്കടവും തോന്നിയിരുന്നു. പിന്നെയും എന്തൊക്കെയോ മെസേജസ് നോട്ടിഫിക്കേഷൻ വരുന്ന ശബ്‌ദം കേട്ടിരുന്നു എങ്കിലും മൊബൈലെടുത്ത് നോക്കാൻ തോന്നിയില്ല. താഴേക്ക് ഭക്ഷണം കഴിക്കാനായി ചെന്നു. അധികമൊന്നും കഴിക്കാനായില്ല. മനസ്സ് മറ്റെവിടെയോ ആയിരുന്നു. പാതി കഴിച്ച് ഒന്നും മിണ്ടാതെ എഴുന്നേറ്റ് പോകുമ്പോൾ അമ്മച്ചിയും ചേച്ചിയുമെല്ലാം കൗതുകത്തോടെ എന്തെക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അതൊന്നും ശ്രദ്ധിക്കാതെ തിരിച്ചു റൂമിലെത്തി ബെഡിൽ കിടന്നു. മൊബൈൽ എടുത്തു നോക്കിയതും ജീവേട്ടനയച്ച മെസേജസ് കണ്ട് കണ്ണുകൾ വിടർന്നു പോയി........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story