അറിയാതെൻ ജീവനിൽ: ഭാഗം 30

ariyathen jeevanil adhithyan

രചന: ആദിത്യൻ മേനോൻ

ഇറങ്ങാൻ നേരം ആരവ് ഡോക്ടർ ഒന്നുകൂടി തിരിഞ്ഞു നോക്കിക്കൊണ്ട് പിന്നെയും പെണ്ണിന്റെ അരികിലേക്കെത്തി. "നാളെ കാലത്തെ ഫ്ളൈറ്റിനാണ് ഞാൻ പോകുന്നത്. അമ്മയ്ക്കും കൊണ്ടുവിടാൻ വരണമെന്നുണ്ട്. താൻ ഫ്രീയാണെങ്കിൽ താനും വരാമോ? എങ്കിൽ തിരിച്ചു പോകുമ്പോ അമ്മക്ക് കൂട്ടിന് ഒരാളായേനെ.." "അതിനെന്താ ഡോക്ടറെ.. ഞാൻ വരാല്ലോ.." പറഞ്ഞുകൊണ്ട് ചിരിച്ചപ്പോൾ ആ ചിരി ആരവ് ഡോക്ടറിലേക്കും പടർന്നു പിടിച്ചു. ശരിയെന്നു പറഞ്ഞു കാറിൽ കയറിയിരുന്ന ശേഷം കാർ റിവേഴ്‌സ് എടുത്തശേഷം ഒരിക്കൽ കൂടി പെണ്ണിനെ നോക്കി തലയാട്ടി. കാർ ദൂരേക്ക് പോയി മറഞ്ഞ ശേഷമാണ് അകത്തേക്ക് കയറിപ്പോയത്.. മുറിയിൽ ദച്ചുമോള് കിടന്നുറങ്ങുന്നുണ്ടായിരുന്നു. "അവളുടെ മുറിയല്ലേ നീ ഇപ്പോ ഉപയോഗിക്കുന്നത്.. എന്നും അവിടെ ഉറങ്ങാറുള്ളതുകൊണ്ട് ഇന്നും ഉറക്കം വന്നപ്പോ കേറി കിടന്നതാവും.." അലീന ചേച്ചിയുടെ ശബ്‌ദം കേട്ട് മറുപടിയായി പുഞ്ചിരിച്ച് ദച്ചു മോളുടെ അടുത്തായി ചെന്നു കിടന്നു.

പൂച്ചക്കുഞ്ഞിനെ പോലെ ചുരുണ്ടു കിടന്നുറങ്ങുന്ന മോളെ അടക്കിപ്പിടിച്ചുകൊണ്ട് നെഞ്ചോട് ചേർത്തുവച്ചു. ഉറക്കത്തിൽ നിന്നും ഇളകിയതിന്റെ മുഷിപ്പിൽ മോള് നെറ്റി ചുളിച്ചു.. പതിയെ അത് മാഞ്ഞുപോയി.. മോളെ ചേർത്ത് പിടിച്ചുകൊണ്ടു കിടന്നപ്പോൾ മനസ്സിന് വല്ലാത്ത ശാന്തതയും കുളിർമയും തോന്നി. ജനാലക്കുള്ളിലൂടെ പുറത്തേക്ക് കണ്ണു നട്ട് എത്രനേരം അങ്ങനെ കിടന്നുവെന്നറിയില്ല. കയ്യിൽ അമർത്തി വച്ചിരുന്ന മൊബൈലിൽ നിന്നും നിർത്താതെ നോട്ടിഫിക്കേഷൻ ശബ്‌ദങ്ങൾ കേട്ട് മുഷിപ്പോടെയാണ് മൊബൈൽ തുറന്നു നോക്കിയത്. ജിത്തേട്ടന്റെ മെസേജുകളാണ് ആദ്യം തന്നെ കണ്ണുകളിലുടക്കിയത്. 'താൻ വരുമല്ലോ ല്ലേ.. അതോ പറ്റിക്കുമോ? ലാസ്റ്റ് ഞാൻ പോസ്റ്റ്‌ ആകുമോ?' മെസേജ് വായിച്ചപ്പോൾ ചുണ്ടുകൾ ചിരിച്ചു. 'വരാന്ന് പറഞ്ഞതല്ലേ എന്റെ ജിത്തേട്ടാ..' തിരിച്ചു റിപ്ലൈ ചെയ്തതും ഓഫ്ലൈനിൽ ആയിരുന്ന ആള് ഉടനെ തന്നെ ഓൺലൈനിൽ വന്നു.

'എന്താ വിളിച്ചേ..' മറുപടിക്കൊപ്പം കുറേ ഞെട്ടിക്കൊണ്ടുള്ള ഇമോജികളും കണ്ടു. 'ജിത്തേട്ടാ എന്ന്...' 'ഒന്നൂടി വിളിച്ചേ..' കൗതുകം കണ്ണുകളിലൊളിപ്പിച്ച് ചുണ്ടുകളിൽ ചിരിയടക്കിയ പെണ്ണിന്റെ മനസ്സ് ശക്തിയായി മിടിച്ചു തുടങ്ങി. 'ജിത്തേട്ടാ.............' നീട്ടി വലിച്ചുകൊണ്ട് ആ മെസേജ് അയച്ചപ്പോൾ രണ്ട് മിനിറ്റിന് റിപ്ലൈ വന്നില്ല. 'കുറേ കാലങ്ങൾക്ക് ശേഷമാണ് ഞാനീ വിളി കേൾക്കുന്നത്.. ഏതാണ്ട് പതിമൂന്ന് വർഷങ്ങൾക്ക് മുന്നേ.. എന്റെ വിരലിൽ വിരല് കോർത്തു നടന്നിരുന്ന ഒരു പൊടിക്കൊച്ചായിരുന്നു നീ..' ജിത്തേട്ടൻ പറഞ്ഞപ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു.. വീട്ടിനു മുന്നിലെ റോഡിനപ്പുറത്തെ പാടത്ത് ഫുട്ബോൾ കളിക്കാൻ വരുന്ന പതിനഞ്ചു വയസ്സുകാരനെ അവള് ശ്രദ്ധിക്കാതിരുന്നിട്ടില്ല. കാണുമ്പോ ജിത്തേട്ടാന്ന് കൊഞ്ചിക്കൊണ്ട് ഓടിയടുക്കുമ്പോ നെഞ്ചില് വല്ലാത്ത സന്തോഷമായിരുന്നു.

ജിത്തേട്ടന്റെ വിരലുകളിൽ കുഞ്ഞിവിരൽ കൊളുത്തിക്കൊണ്ട് പാടത്തുകൂടെ നടക്കുമ്പോ വല്ലാത്തൊരു അന്തസ്സ് തോന്നുമായിരുന്നു പെണ്ണിന്.. ചോക്ലേറ്റ് കൊതിച്ചിക്ക് ചോക്ലേറ്റ് വാങ്ങിത്തരുമോന്ന് ചോദിച്ചാൽ കയ്യിൽ കാശില്ലെന്ന് പറഞ്ഞു തല താഴ്ത്തി നിൽക്കുന്നൊരു കൊച്ചു കുട്ടിയുടെ മുഖം പെണ്ണിന്റെ മനസ്സിലേക്കോടിയെത്തി. ഫുട്ബോൾ കളി കഴിഞ്ഞ് കളിയിൽ ജയിച്ചിട്ടാകും ജിത്തേട്ടൻ തന്റെയടുത്തേക്ക് ഓടി വരുക. പിന്നേം ജിത്തേട്ടന്റെ അടുത്തേക്ക് നിക്കാൻ പോകുമ്പോ അടുക്കണ്ടാന്നും മേല് മുഴുവനും ചെളിയും വിയർപ്പും ആണെന്നും പറഞ്ഞു മാറി നിൽക്കുമായിരുന്നു. എന്നാലും അത് കേൾക്കാതെ പിന്നെയും ജിത്തേട്ടന്റെ കയ്യിൽ കൈകോർത്ത് നിൽക്കുമായിരുന്നു പെണ്ണ്.. 'ഞാനോർക്കുന്നുണ്ട്..' കുറേ കഴിഞ്ഞാണ് അതിന് മറുപടി കൊടുത്തത്. അപ്പോൾ ജിത്തേട്ടൻ പുഞ്ചിരിക്കുന്ന കുറേ ഇമോജികൾ അയച്ചു..

'നാളെ ആരവ് ഡോക്ടറെ എയർപോർട്ടിൽ കൊണ്ടാക്കാൻ കൂടെ വരുന്നോ? അത് കഴിഞ്ഞ് നമുക്ക് കോഫി കുടിക്കാം?' എന്തോ ഓർത്തുകൊണ്ടാണ് ജിത്തേട്ടനോട് അത് പറഞ്ഞത്. 'ആരവ്.. അത് നമ്മുടെ ഡോക്ടർ അല്ലേ? അവനെ നിനക്കെങ്ങനെ അറിയാം?' ജിത്തേട്ടൻ ചോദിച്ചു. 'എന്റെ ഏട്ടനാ..' പെണ്ണ് പറഞ്ഞു. 'അതെങ്ങനെ..' 'അതൊക്കെ പിന്നെ പറയാം.. നാളെ വരുമോ ഇല്ലയോ?' 'വരാം.. വരാല്ലോ..' ജിത്തേട്ടൻ ചിരിച്ചുകൊണ്ടുള്ള ഇമോജികൾക്ക്‌ ഒപ്പമായി പറഞ്ഞു. 💜💜💜💜💜💜💜💜💜💜💜💜💜💜 കാലത്ത് എണീറ്റപ്പോൾ വല്ലാത്തൊരു ധൃതിയായിരുന്നു. അത് ആരവ് ഡോക്ടറെ എയർപോർട്ടിൽ ആക്കാനാണോ അതോ ജിത്തേട്ടനെ കാണാനാണോ എന്ന് സംശയമായിരുന്നു. വേഗത്തിൽ കുളിയൊക്കെ കഴിച്ച് മൊബൈലിൽ ജിത്തേട്ടന് മെസേജ് അയച്ചു. 'ഞാൻ റെഡി ആയി വെയ്റ്റ് ചെയ്യുവാട്ടോ..' 'ഞാൻ നിന്റെ മുറ്റത്ത് തന്നെയുണ്ട്..' ചോദിച്ചതും മറുപടി കിട്ടിയതും ഒരുമിച്ചാണ്. പെട്ടന്നൊരു ഓട്ടം വച്ച് ഉമ്മറത്തെത്തിയപ്പോൾ ജിത്തേട്ടന്റെ കാർ കണ്ടു.

ഡോറിനുള്ളിലൂടെ തല പുറത്തേക്കിട്ട് ജിത്തേട്ടൻ കൈ ഉയർത്തിക്കാണിച്ചു. ജിത്തേട്ടനെ കണ്ടപ്പോൾ ചിരി പൂത്തു. അന്ന് രാത്രി ജിത്തേട്ടനെ കണ്ടത് ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചത്തിൽ ആയിരുന്നു. കുറേ കാലങ്ങൾക്ക് ശേഷമാണ് ജിത്തേട്ടനെ ഇത്രക്ക് വ്യക്തമായി കാണുന്നത്. "കയറുന്നില്ലേ?" ഉറക്കെ വിളിച്ചു ചോദിച്ചു. "ഏയ്‌ ഇല്ല.. താൻ വേഗം വാ.." ഇല്ലെന്ന് കയ്യാട്ടിക്കൊണ്ട് ജിത്തേട്ടൻ മറുപടി പറഞ്ഞു. "ഇപ്പൊ വരാമേ.." പറഞ്ഞുകൊണ്ട് അകത്തേക്ക് ഓടി ചേച്ചിയോടും അമ്മച്ചിയോടും യാത്ര പറഞ്ഞിറങ്ങി. ഇറങ്ങുന്നതിനു തൊട്ടു മുൻപ് മൊബൈലിൽ ആരവ് ഡോക്ടർക്ക് മെസേജ് അയച്ചു. 'ഡോക്ടറെ.. ഞാൻ അങ്ങോട്ട് ഇറങ്ങി ട്ടോ..' 'തിരിച്ചു വരുമ്പോ എന്റെ കാർ താൻ ഓടിക്കില്ലേ?' ഡോക്ടറുടെ മറുപടിയെത്തി.. 'ഏയ്‌ വേണ്ട.. ഞാൻ ജിത്തേട്ടന്റെ ഒപ്പമാ വരുന്നത്.. ജിത്തേട്ടന്റെ കാറിൽ..' 'ജിത്തേട്ടനോ?' 'ആ.. നീലു ചേച്ചിയുടെ അനിയൻ.. ആദ്യം എന്റെ വീടിന്റടുത്തായിരുന്ന ജിത്തേട്ടൻ..' 'ഓഹ്.. ജിതൻ..' 'അതേ.. ജിത്തേട്ടൻ...' 'പക്ഷെ അവനെന്തിനാ തന്റെ കൂടെ വരുന്നത്?'

ആരവ് ഡോക്ടറുടെ മെസേജ് കണ്ടു.. മറുപടി പറയാൻ ഒരു വലിയ കഥയാണുള്ളത്. സമയമില്ലെന്ന് ഓർത്ത് പെണ്ണ് മൊബൈൽ സ്ക്രീൻ ഓഫ് ചെയ്ത് ജിത്തേട്ടന്റെ കാർ ലക്ഷ്യമാക്കി നടന്നു. പക്ഷെ ആ ഒരു ചോദ്യത്തിന്റെ റിപ്ലൈ കാത്ത് അക്ഷമനായി നിൽക്കുന്നൊരുവനെ അവളറിഞ്ഞിട്ടില്ല.. "അപ്പൊ പോകാം?" ജിത്തേട്ടൻ ചോദിച്ചപ്പോൾ ശരിയെന്നു തലയാട്ടി. കാർ മുന്നോട്ട് നീങ്ങിത്തുടങ്ങി.. കുറച്ചു സമയത്തിന് ശേഷമാണ് ആരവ് ഡോക്ടറുടെ വീട്ടിലെത്തിയത്. മുറ്റത്തു തന്നെ ആരവ് ഡോക്ടറും അമ്മയും നിൽക്കുന്നത് കണ്ടു. കാർ കണ്ടതും ആരവ് ഡോക്ടർ അടുത്തേക്ക് വന്നു. ജിതനും ആരവും തമ്മിൽ കണ്ടപ്പോൾ ചിരിച്ചു കാണിച്ചുകൊണ്ട് തലയാട്ടി. അമ്മയും ആരവ് ഡോക്ടറും കാറിന്റെ പിൻസീറ്റിൽ ഇരുന്നെന്ന് ഉറപ്പായപ്പോൾ ജിത്തേട്ടൻ കാർ വളച്ചുകൊണ്ട് കൊച്ചി എയർപോർട്ടിലേക്ക് തിരിച്ചു.. "ഞാൻ എന്റെ കാറിൽ പോകാമെന്നാണ് കരുതിയത്. തിരിച്ചു വരുമ്പോൾ ജുവൽ ഓടിച്ചു കൊണ്ടുവരുമെന്ന് കരുതി." ഒരു സംഭാഷണത്തിന് തുടക്കമിട്ടത് ആരവ് ഡോക്ടറായിരുന്നു.

"ജുവൽ വിളിച്ചപ്പോ ഞാൻ വന്നുവെന്നെ ഉള്ളു.." പറഞ്ഞുകൊണ്ട് ജിതൻ മിററിലൂടെ പെണ്ണിനെ നോക്കി. "മോളെ.. മോൾക്ക് സുഖമല്ലേ.." അമ്മ ചോദിച്ചപ്പോൾ ജുവൽ തല പിന്നിലേക്കിട്ട് ചിരിച്ചു കാണിച്ചു. അമ്മ ആ മുഖത്ത് മെല്ലെ കൈകൊണ്ട് തഴുകി. ആരവിന്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു.. ഓരോ നിമിഷവും നോക്കിനിൽക്കും തോറും തന്നെ കൂടുതൽ അനുരക്തനാക്കി മാറ്റുന്ന ആ പെണ്ണിൽ.. എയർപോർട്ടിൽ എത്തിയപ്പോൾ ആരവിന്റെ ബാഗുകൾ ഇറക്കി വെക്കുവാൻ ജിതനും സഹായിച്ചിരുന്നു. ആരവ് പോകാറായപ്പോൾ അമ്മയുടെ കണ്ണ് നിറയുന്നത് കണ്ടു. പെണ്ണ് അമ്മയുടെ പിന്നിൽ നിന്ന് രണ്ടു തോളിലും കൈകൾ ചേർത്ത് വച്ച് ആശ്വസിപ്പിച്ചു. "അപ്പൊ എല്ലാവരോടുമായിട്ട്.. ഞാൻ പോകുവാണേ.." ഒരു ചില്ലിനപ്പുറം നിന്നുകൊണ്ടവൻ പറഞ്ഞപ്പോൾ എല്ലാവരും തലയാട്ടി.

ജുവൽ ചില്ലിലേക്ക് ചാരിനിന്നപ്പോൾ അവനും അവൽക്കരികിലേക്ക് അടുത്തു നിന്നു. അപ്പോൾ തങ്ങളിരുവരും രണ്ട് ധ്രുവങ്ങളിലാണുള്ളതെന്ന് തോന്നിപ്പോയി ആരവിന്.. ഇത്രമേൽ തന്നോട് ചേർന്ന് നിൽക്കുന്ന പെണ്ണിനെ ഒന്ന് സ്പർശിക്കാൻ പോലും തനിക്കാവുന്നില്ല.. മുന്നിലെ ചില്ല് ഒരു തടസമായി നിന്നപ്പോൾ പെണ്ണ് ചില്ലിൽ ഒരു കൈ മെല്ലെ ഉയർത്തി വച്ചു. അവളെ തന്നെ നോക്കിക്കൊണ്ട് ആരവ് അവളുടെ കൈകളെ പൊതിഞ്ഞു പിടിക്കും പോലെ മറുവശത്തുനിന്നും ചില്ലേന്മേൽ കൈകൾ ചേർത്തു. ഒരു നിഴലായി ഞാനെന്നും നിന്റെ കൂടെയുണ്ടാകുമെന്ന് വീണ്ടുമൊരു തവണ കൂടി അവന്റെ ഹൃദയം അവളോടായി മന്ത്രിച്ചു.. നടന്നകലുമ്പോൾ ഇടയ്ക്കിടെ തിരിഞ്ഞു നോക്കി. അമ്മയെയും ജുവലിനെയും മാറി മാറി നോക്കി.. കാഴ്ച പൂർണ്ണമായി മറയുന്നത് വരെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു.. ജനക്കൂട്ടത്തിൽ പെട്ട് അവരെ പിന്നീട് കാണാതായപ്പോൾ ആരവ് വേഗത്തിൽ മുന്നോട്ട് നടന്നു പോയി........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story