അറിയാതെൻ ജീവനിൽ: ഭാഗം 32

ariyathen jeevanil adhithyan

രചന: ആദിത്യൻ മേനോൻ

"നിനക്കപ്പോ അതറിയില്ലായിരുന്നോ..?" ജിത്തേട്ടൻ ഒരിക്കൽ കൂടി ആവർത്തിച്ചപ്പോൾ സങ്കടത്തിന്റെ കനം കൊണ്ട് തല താണു പോയി.. പതുക്കെ ഇല്ലെന്ന് തലയാട്ടുമ്പോൾ കണ്ണീര് നെഞ്ചിലേക്ക് ഇറ്റി വീണു.. "സാരല്ല്യാ... വൈകീട്ടൊന്നുമില്ലാലോ..." ജിത്തേട്ടൻ പറഞ്ഞപ്പോൾ ശരിക്കും വിഷമം തോന്നിയിരുന്നു. ഒരിക്കൽ പോലും മനസ്സിൽ ആരവ് ഡോക്ടറെ കുറിച്ച് അങ്ങനെയൊരു ചിന്ത കടന്നു കൂടിയിട്ടില്ലായിരുന്നു.. ആ നിമിഷമാണ് ആരവ് എന്ന ഡോക്ടർ തനിക്ക് ആരായിരുന്നുവെന്ന് കൂടുതൽ ആഴത്തിൽ ചിന്തിച്ചു നോക്കിയത്. തന്നെ ഇത്രയധികം ചേർത്ത് പിടിച്ചവന്റെ മനസ്സ് മനസ്സിലാക്കാൻ ആവാതെ പോയതിൽ സ്വയം വെറുപ്പ് തോന്നിയിരുന്നു.. "ജിത്തേട്ടൻ ഇപ്പോ പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്..." അത് പറയുമ്പോൾ അപമാനഭാരം തോന്നിയതുകൊണ്ട് കണ്ണുകൾ താഴെയായിരുന്നു. "ഒരൊറ്റ നോട്ടത്തിൽ ഞാൻ കണ്ടല്ലോ പെണ്ണേ.. എന്നിട്ട് പോലും ഇത്രേം നാള് കൂടെയുണ്ടായിട്ട് നീയറിഞ്ഞില്ലേ..?" ജിത്തേട്ടൻ ചോദിച്ചപ്പോൾ മടുപടിയില്ലായിരുന്നു. അറിഞ്ഞിരുന്നില്ല്യാ..

ഇത്രേം നാള് ചേർത്ത് പിടിച്ചു നടന്ന ആരവ് ഡോക്ടർ തന്നോടൊരു നൂറാവർത്തി ചോദിച്ചിരിക്കണം.. നീയറിയുന്നുവോ.. നീയറിയുന്നില്ലേ.. എന്ന്.. ആ സ്നേഹം കാണാണ്ടിരിക്കാൻ മാത്രം അന്തയായിരുന്നോ താൻ? കണ്ണീര് കണ്ണുകളെ നനയിച്ചു തുടങ്ങിയപ്പോഴാവണം ഇത്രനാൾ കണ്ണിൽ തങ്ങി നിന്ന കരട് മാറിയത്.. ഇപ്പോൾ തനിക്കെല്ലാം കാണാം.. ആരവ് ഡോക്ടറുടെ സ്നേഹമറിയാം.. നടന്നു വന്ന വഴികളിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ തന്നെ എല്ലായ്പ്പോഴും സ്നേഹത്തോടെ നോക്കി നിന്നിരുന്നവന്റെ കണ്ണുകളിലെന്തായിരുന്നുവെന്നും ചുണ്ടുകൾ പറയാൻ വിതുമ്പുന്നതെന്തായിരുന്നെന്നും പെണ്ണിന് മനസ്സിലായി.. ആ സ്നേഹം കാണാതെ പോകാൻ മാത്രം പൊട്ടിയായിരുന്നോ താൻ? "താനിനി കൂടുതലൊന്നും ചിന്തിച്ചു കൂട്ടണ്ട.. ഇനി ഇതൊക്കെ എന്റെ മാത്രം തോന്നലാണോ എന്നെനിക്കറിയില്ല.." ചുമലിൽ കൈവച്ചുകൊണ്ട് ജിത്തേട്ടൻ പറഞ്ഞപ്പോൾ കണ്ണുകൾ തുടച്ചു.. "അല്ല ജിത്തേട്ടാ.. ജിത്തേട്ടൻ പറഞ്ഞത് തന്നെയാണ് ശരി. ഒത്തിരി തവണ ഡോക്ടർ എന്നോട് പറയാൻ ശ്രമിച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും ഈ മണ്ടിക്ക് അത് മനസ്സിലായില്ല..

ക്യാമ്പ് കഴിഞ്ഞു തിരിച്ചു വരുമ്പോ ഒരു കാര്യം പറയാനുണ്ടെന്ന് ഇന്നലെ കണ്ടപ്പോ പറഞ്ഞതാ എന്നോട്.. എന്നിട്ടും എനിക്ക് മനസ്സിലായില്ല.." സ്വയം തന്നോട് തന്നെ തോന്നിയ പുച്ഛമുണ്ടായിരുന്നു പെണ്ണിന്റെ ഓരോ വാക്കിലും. "ഇതിങ്ങനെ വിട്ടാൽ ശരിയാവില്ല.. നീയേ അവനെ വിളിച്ചേ.." ജിത്തേട്ടൻ പറഞ്ഞപ്പോഴാണ് അങ്ങനെയൊരു കാര്യം ഓർമ്മിച്ചത്. മൊബൈലിൽ ആരവ് ഡോക്ടറുടെ നമ്പർ ഡയൽ ചെയ്യാൻ ഒരു വെപ്രാളമായിരുന്നു. കാൾ ചെയ്ത് ഫോൺ ചെവിയിൽ വെച്ചപ്പോ റിങ് ചെയ്യുന്ന ശബ്‌ദം കേട്ട് ഹൃദയം പടാപടാന്ന് മിടിച്ചു തുടങ്ങിയിരുന്നു... ആരവ് ഡോക്ടർ മറുതലക്കൽ നിന്നും കല്ലെടുത്തപ്പോൾ നെഞ്ചിന്റെ മിടിപ്പ് ഒരു നിമിഷത്തേക്ക് നിന്നുപോയെന്ന് തോന്നി.. "ഹലോ.." "ഹ.. ഹലോ..." പെണ്ണിന്റെ വാക്കുകൾ വിറച്ചു.. "എന്താ ജുവലേ.." "നിങ്ങൾക്കെന്നെ ഇഷ്ടമായിരുന്നോ ഡോക്ടറെ..?" അവിചാരിതമായ പെണ്ണിന്റെ ചോദ്യം കേട്ടവന്റെ നെഞ്ച് ഒന്ന് കുലുങ്ങിക്കാണണം.. "പറ മനുഷ്യാ.. നിങ്ങൾക്കെന്നോട് പ്രേമമായിരുന്നോ..?" മറുപടി കിട്ടാണ്ടായപ്പോ പെണ്ണൊരിക്കൽ കൂടി ആവർത്തിച്ചു. മറുതലക്കൽ നിന്നവന്റെ ഉള്ളിലിപ്പോൾ ഒരു സ്ഫോടനമുണ്ടായിരിക്കണം..

കണ്ണും മനസ്സ് നിറഞ്ഞവൻ കരഞ്ഞോണ്ട് ചിരിക്കുന്നുണ്ടാവണം.. പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷത്തിൽ ആർത്തു വിളിക്കുവാൻ തോന്നിയിട്ടുണ്ടാവണം.. "ഇനി ഇല്ലാന്നെങ്ങാനും പറഞ്ഞാൽ മൂക്കിടിച്ചു പരത്തും ഞാൻ.." പെണ്ണിന്റെ കരച്ചിലും ചിരിയും കലർന്നുള്ള ഭ്രാന്തമായ സംസാരം കണ്ട് നിന്ന ജിതന് ചിരി പൊട്ടി.. എന്തു പറയണമെന്നറിയാതെ തരിച്ചു നിൽക്കുകയായിരുന്നു ആരവ് ഡോക്ടർ.. എന്ത് പറഞ്ഞാലാണ് ഈ ഒരു നിമിഷത്തെ കൂടുതൽ സുന്ദരമാക്കാനാവുക..! "പറഞ്ഞൂടായിരുന്നോ..? ഒരിക്കലെങ്കിലും ന്നോട് ഒന്ന് സൂചിപ്പിക്കായിരുന്നില്ലേ?" പെണ്ണ് പറഞ്ഞപ്പോൾ മറുതലക്കൽ ആരവ് ഡോക്ടർ നിശ്വസിച്ചുകൊണ്ട് ചിരിക്കുന്നത് കേട്ടു. "ഒരിക്കൽ പറയാൻ വന്നപ്പോ നീയാണ് നിനക്ക് വേണ്ടപ്പെട്ടയൊരുവന്റെ കാര്യം എന്നോട് പറഞ്ഞു വന്നത്.. രണ്ടുപേർ തമ്മിൽ ഇഷ്ടത്തിലാകുമ്പോ അവിടെ മൂന്നാമതൊരാൾക്ക് എന്ത് പ്രസക്തിയെന്ന് തോന്നി പിന്തിരിഞ്ഞതാണ്.." "ന്നിട്ടോ.. ന്നിട്ട് തന്റേതല്ലാത്ത പെണ്ണിനെ ഇത്രേം നാള് ചേർത്ത് പിടിച്ച് നോക്കിയില്ലേ.."

"അതിന് ന്റേതല്ലാന്ന് ആരാ പറഞ്ഞത്.. ന്റെയാണ്.. ഇപ്പോഴും എപ്പോഴും അതേ.." "അടുത്തായിരുന്നപ്പോ പറയായിരുന്നല്ലോ ഇതെല്ലാം.. ന്നിട്ടിപ്പോ അകന്നപ്പോഴാണോ പറയാൻ തോന്നിയെ.." പെണ്ണിന്റെ ചോദ്യം കേട്ടവൻ മൃദുവായി പുഞ്ചിരിച്ചു.. നടക്കുന്നതൊന്നും വിശ്വസിക്കുവാൻ മനസ്സപ്പോഴും സമ്മതിക്കുന്നില്ലായിരുന്നു. "ഞാൻ വരും ലോ.. എല്ലാം അന്ന് പറയാം.." "ഇങ്‌ വായോട്ടോ.. ഞാൻ വച്ചിട്ടുണ്ട്.." "എന്താടീ പെണ്ണേ.. നീ അധികാരം കാണിച്ചു തുടങ്ങിയോ?" "ഞാൻ നിങ്ങടേതാണെന്ന് നിങ്ങള് പറഞ്ഞ സ്ഥിതിക്ക് ഞാൻ കുറച്ചെങ്കിലും കാണിക്കട്ടെ ഡോക്ടറെ.." ചുണ്ടകോട്ടിക്കൊണ്ട് പറയുന്ന പെണ്ണിന്റെ മുഖവും ജിതന്റെ കണ്ണിലുടക്കുന്നുണ്ടായിരുന്നു.. "ഞാൻ ലാൻഡ് ചെയ്തു.. അവിടെ ചെന്നാൽ റേഞ്ച് ഉണ്ടാവില്ല.. സിം കട്ടായിരിക്കും.. ഈയൊരു നിമിഷം അല്പം കൂടി നേരത്തെ ആയിരുന്നെങ്കിൽ എന്നിപ്പോൾ ആഗ്രഹിച്ചു പോകുന്നു.."

ആരവ് ഡോക്ടർ പറഞ്ഞത് കേട്ടപ്പോ പെണ്ണിന് വിഷമം തോന്നി.. "ഈ ഒരു മാസം ഇപ്പോഴേ എനിക്കൊരു ജന്മം പോലെ തോന്നുന്നുണ്ട്.." അവളുടെ പറച്ചിൽ കേട്ട് ജിതൻ മെല്ലെ പുഞ്ചിരിച്ചു. വേണ്ടപ്പെട്ടവർക്കായി കാത്തിരിക്കുമ്പോ മരത്തിൽ നിന്നും ഒരിലക്ക്‌ പോലും താഴേക്ക് വീഴുവാൻ യുഗങ്ങൾ വേണ്ടിവരും.. "ഹെലോ... ഞാനിവിടെ കുറച്ചു നേരമായി പോസ്റ്റാണ്.." ജിത്തേട്ടൻ ഉണർത്തിച്ചപ്പോഴാണ് പെണ്ണ് തിരിഞ്ഞു നോക്കിയത്. ശേഷം നാണത്തോടെ മുഖം പൊത്തി. "തിരിച്ച് എയർപോർടിലെത്തുമ്പോ ഞാൻ വിളിക്കാം വരും.." അത് പറഞ്ഞപ്പോൾ ഇരുവരും ചിരിച്ചു.. ആ ഒരു കൂടിക്കാഴ്ചക്ക് പ്രത്യേകതകളേറെയാണെന്ന് അവർക്കറിയാം... ഫോൺ വെച്ചപ്പോൾ വല്ലാത്തൊരു ആശ്വാസമായിരുന്നു നെഞ്ച് മുഴുവൻ.. ആരവ് ഡോക്ടറുടെയും മനസ്സിൽ മറിച്ചായിരുന്നില്ല.. "സന്തോഷായോ ഗോപിയേട്ടാ?"

ജിത്തേട്ടൻ കളിയായി ചോദിച്ചപ്പോൾ തല താഴ്ത്തിക്കൊണ്ട് നിലത്തേക്ക് നോക്കി ചിരിച്ചു.. "ഇനി ഇവിടെ നിന്നാൽ മതിയോ.. ആ ചോക്ലേറ്റ് ഒക്കെ പെറുക്കികൂട്ടി വീട്ടിലേക്ക് പോകാം.. അതെല്ലാം നീ തിന്നു തീർക്കുമ്പോഴേക്കും ഒരു മാസം ദേന്ന് പറഞ്ഞു തീരും.." ജിത്തേട്ടൻ പല്ല് കാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു... പെണ്ണിനെ തിരിച്ചു വീട്ടിൽ കൊണ്ടാക്കി സ്വന്തം വീട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് നീലു ചേച്ചിയുടെ കാൾ വരുന്നത്.. ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ജിതൻ ഫോൺ സ്പീക്കറിലിട്ടു. "ആ ചേച്ചീ..." "ജിതാ.. എന്തായെടാ?" വല്ലാത്തൊരു ആകാംഷയോടെയുള്ള നീലുചേച്ചിയുടെ ശബ്‌ദം കേട്ടു. "എന്താവാൻ.." "ഏഹ്.. അപ്പൊ നീ അവളോട് നിന്റെയിഷ്ടം പറഞ്ഞില്ലേ?" "ഇല്ല... അത് ശരിയാവുമെന്ന് തോന്നുന്നില്ല..." പുഞ്ചിരിച്ചുകൊണ്ട് പറയുന്നവന്റെ കണ്ണിനു തുമ്പത്തു നിന്നൊരു തുള്ളി മടിയിലേക്ക് ഇറ്റി വീണു.. "നീയെന്താടാ ഈ പറയുന്നത്... ഓർമ്മ വച്ച നാളുതൊട്ട് നിന്റെ ഉള്ളിൽ കേറിക്കൂടിയ പെണ്ണല്ലേ അവള്.. എന്നിട്ടിപ്പോ എന്ത് പറ്റി?...

അവളോട് ഇഷ്ടം തുറന്നു പറയാനല്ലേ നീ ഇത്രേം കഷ്ടപ്പെട്ട് പ്ലാൻ ഒക്കെ ചെയ്തത്... എന്നിട്ട് ഇപ്പൊ എന്ത് പറ്റി..." "അവളെ പൊന്നു പോലെ നെഞ്ചോട് ചേർക്കാൻ എന്നെക്കാൾ സ്നേഹിക്കുന്ന.. എന്നെക്കാൾ യോഗ്യനായ ഒരുത്തനുണ്ട്.." അത് പറയുമ്പോൾ വിഷമം തോന്നിയില്ല.. ചുണ്ടുകളിൽ ചിരി വിരിഞ്ഞു.. "സാരമില്ലെടാ... എങ്കിൽ പോട്ടെ.. അങ്ങനെ കരുതിയാൽ മതി.. പ്രണയം ന്ന് പറയുന്നത് സ്വന്തമാക്കലിനെ മാത്രമല്ല.. വിട്ടുകൊടുക്കല് കൂടിയാ.. മറ്റേതു പ്രണയത്തിനേക്കാളും നഷ്ടപ്രണയത്തിനാടാ കൂടുതൽ ഭംഗി.. പറയാണ്ടെ അറിയാണ്ടെ എത്ര പ്രണയങ്ങൾ ഇതുപോലെ മൂടപ്പെട്ടിട്ടുണ്ടാവുംന്ന് അറിയോ.. അപ്പൊ എന്താ പറഞ്ഞു വന്നതെന്ന് വച്ചാൽ ഇനി ഇതോർത്ത് വിഷമിക്കാണ്ടെ നല്ല ഹാപ്പിയായി വീട്ടിലേക്ക് വാട്ടോ.." നീലു ചേച്ചി പറഞ്ഞപ്പോൾ എന്തോ വല്ലാത്ത ആശ്വാസം തോന്നിയിരുന്നു. "ലവ് യൂ ചേച്ചീ..." പറഞ്ഞുകൊണ്ട് കാൾ കട്ട് ആക്കി.. മുന്നോട്ട് നോക്കി ഡ്രൈവ് ചെയ്യുന്നതിനിടെ ചുണ്ടുകൾ തനിക്കേറെ പ്രിയപ്പെട്ട പാട്ടിന്റെ വരികൾ തങ്ങിനിന്നു..

"ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം...." 💜💜💜💜💜💜💜💜💜💜💜💜💜 'എനിക്ക് നിങ്ങളെ ഇഷ്ടമാണ്.. പേടിക്കണ്ട.. വഴിയിൽ തടഞ്ഞു നിർത്തില്ല.. പ്രേമലേഖനമെഴുതില്ല.. ഒന്നും ചെയ്യില്ല.. വെറുതേ.. എനിക്ക് നിങ്ങളെ ഇഷ്ടമാണ്..' - എം. ടി. (മഞ്ഞ് 💜) 💜💜💜💜💜💜💜💜💜💜💜💜💜 നാളുകളെ തള്ളിനീക്കുവാൻ വല്ലാത്ത പ്രയാസമായിരുന്നു. ഒരിക്കൽ പോലും ആർക്കുവേണ്ടിയും ഇത്രമേൽ തീവ്രമായി താൻ കാത്തിരുന്നിട്ടില്ലെന്ന് പെണ്ണിന് തോന്നി.. അവളിടങ്ങളിൽ അവനുമുണ്ടെന്ന് തോന്നി.. തന്നെ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ടവൻ നെറ്റിയിൽ ചുണ്ടമർത്തുന്നുവെന്ന് തോന്നി.. കാത്തിരിപ്പ് എന്നത് നോവ് പടർത്തുന്ന സുഖമാണെന്ന് തോന്നി.. മിക്ക ദിവസങ്ങളിലും ആരവ് ഡോക്ടറുടെ ഫേസ്ബുക് പ്രൊഫൈൽ പിക്ച്ചറിലേക്ക് കണ്ണുനട്ടിരിക്കുമ്പോൾ പെണ്ണ് ആരോടെന്നില്ലാതെ ചിരിച്ചു.. ആ ഒരു നിമിഷം താൻ മുൻപും അനുഭവിച്ചിട്ടുണ്ടെന്ന് മറഞ്ഞു പോയ ഓർമ്മകൾ വിളിച്ചോതാൻ ശ്രമിക്കുമ്പോ ഓർത്തെടുക്കാൻ അവളും ശ്രമിച്ചു നോക്കും..

ഒടുവില് പരാജയം സമ്മതിച്ച് പിന്തിരിയും.. ആരവ് ഡോക്ടറും രാത്രി ഒറ്റക്കിരുന്നു അവളെ കുറിച്ചോർക്കും.. ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആശിക്കും. നിത്യേന രാത്രിയുടെ പാതി മയക്കത്തിൽ അവളെ സ്വപ്നം കാണും.. ഒരു മാസമെന്നത് നീങ്ങിപ്പോയത് ഒരു ജന്മം ജീവിച്ചു തീർത്തതുപോലെയാണ് തോന്നിയത്. ആരവ് ഡോക്ടർ എയർപോർട്ടിൽ എത്തിയപ്പോൾ വിളിക്കാൻ ചെന്നത് ജുവലായിരുന്നു.. ആരവിനെ പിക് ചെയ്യാൻ അമ്മ വരുന്നില്ല എന്ന് പറഞ്ഞത് ജുവലിനും ആരവിനും ഇത്തിരി പ്രൈവസി കിട്ടിക്കോട്ടേ എന്ന് കരുതിയാണ്. അന്ന് രാത്രി ഡോക്ടറെ പിക് ചെയ്യാൻ അങ്ങേരുടെ കാറിൽ എയർപോർട്ടിലേക്ക് പോയത് പെണ്ണൊറ്റക്കായിരുന്നു.. "ഞാൻ ദേ പഴയ ബസ്സ്റ്റാന്റിനു പിന്നിലൂടെയുള്ള റോഡിലൂടെയാണ് വരുന്നത്.." കാറോടിക്കുന്നതിനിടെ ഫോൺ സ്പീക്കറിൽ വച്ച് ആരവ് ഡോക്ടറോട് സംസാരിക്കുകയായിരുന്നു.. ദൂരം കുറഞ്ഞു കുറഞ്ഞു വരുംതോറും ഇരുവരുടെയും ഹൃദയമിടിപ്പ് കൂടിക്കൂടി വന്നിരുന്നു.. "നീയെന്തിനാ ആ വഴിക്ക് വന്നത്.

ഒരു ആളും മനുഷ്യനും ഇല്ലാത്ത സ്ഥലമാ.." "മെയിൻ റോഡിലൂടെ വന്നാൽ ട്രാഫിക് കാരണം ഇപ്പോഴൊന്നും അവിടെ എത്താൻ പറ്റില്ല.. ഇതിലൂടെ ആകുമ്പോ ഒരു വണ്ടിപോലും ഉണ്ടാകില്ലല്ലോ.." "വേം വായോ.. എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു." ആരവ് ഡോക്ടർ കോട്ടുവായിട്ടുകൊണ്ട് പറഞ്ഞപ്പോ പെണ്ണ് പുഞ്ചിരിച്ചു.. "ഇപ്പൊ വരാമേ.. അതേയ്.. എനിക്കൊരു പാട്ട് പാടിത്താ.." "പാട്ടോ.. ഇപ്പഴോ..?" "ഇപ്പൊ തന്നെ.. കിളി വന്നു കൊഞ്ചിയ പാട്ട് പാടിക്കോ.. എനിക്ക് ആ പാട്ടാണിഷ്ടം.." പെണ്ണ് പറഞ്ഞു.. "ആ പാട്ട് എനിക്കും ഇഷ്ടമാണ്.. പക്ഷെ എനിക്ക് അതിനേക്കാൾ ഇഷ്ടം വേറൊരു പാട്ടാണ്.." ആരവ് പുഞ്ചിരിയോടെ പറഞ്ഞു.. "അതെയോ.. എന്നാൽ കേൾക്കട്ടെ..." പെണ്ണ് കാതോർത്തു വച്ചു. രണ്ടു നിമിഷത്തെ നിശബ്ദതക്കൊടുവിൽ അവളുടെ കാതുകളിലേക്കവന്റെ ഈരടികൾ ഒഴുകിത്തുടങ്ങി.. "മേടമാസ ചൂടിലെ നിലാവും തേടി.. നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ.. കുഞ്ഞുകാറ്റിൻ ലോലമാം കുസൃതിക്കയ്കൾ.. നിന്റെയോമൽ പാവാട തുമ്പുലയ്ക്കുമ്പോൾ.. ചാഞ്ചക്കം ചെല്ലക്കൊമ്പിൽ ചിങ്കാര ചേലിൽ മെല്ലെ താഴമ്പൂഴായ് തുള്ളുമ്പോൾ.. നീയെനിക്കല്ലേ.. നിൻ പാട്ടെനിക്കല്ലേ.. നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ....... കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളെ.....

ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ രാഗലോല പരാഗ സുന്ദര ചന്ദ്രമുഖബിംബം......" പാടിത്തീർന്നപ്പോൾ പെണ്ണിന്റെ ഉള്ള് നിറഞ്ഞു.. ആ പാട്ടിൽ ലയിച്ച് ഒരുനിമിഷം താൻ മറ്റെവിടെയോ എത്തിപ്പോയെന്നു തോന്നി.. "ഇത്രയും മനോഹരമായ മറ്റൊരു ശബ്‌ദവും ഞാൻ കേട്ടിട്ടില്ല..." പെണ്ണ് പറഞ്ഞു... "നേരിട്ട് കാണുമ്പോ പാടിത്തരാം.. അപ്പൊ ഇതിനേക്കാൾ സുന്ദരമായിരിക്കും.." ആരവ് പറഞ്ഞതുകേട്ട് പെണ്ണിന്റെ മനസ്സിന് പെട്ടന്നൊരു നടുക്കം തോന്നി.. നേരിട്ട് കാണുമ്പോ.... ഈയൊരു വാക്യം താൻ മുൻപെവിടെയോ കേട്ടിട്ടുണ്ട്.. നേരിട്ട് കാണുമ്പോ ഓടിവന്ന് കെട്ടിപ്പിടിക്കും.. തുരുതുരെ ചുംബിക്കും... ആരോ പറഞ്ഞതോർമ്മവന്നു.. ഓർമ്മകളിൽ ഉറങ്ങിക്കിടന്ന ആരോ പറഞ്ഞ വരികൾ.. ഓർത്തെടുക്കുവാൻ ശ്രമിച്ചുകൊണ്ട് തലക്ക് കൈവച്ചപ്പോഴാണ് വലിയൊരു ശബ്ദത്തോടെ കാർ സ്റ്റോപ്പ്‌ ആയത്. "ജുവലേ.. എന്ത് പറ്റിയെടോ..?" ഫോണിലൂടെ ശബ്‌ദം കേട്ട് ആരവ് ചോദിച്ചു.. "ഒരു മിനിറ്റ്.. നോക്കട്ടെ.." "തന്നോട് ഞാൻ അപ്പഴേ പറഞ്ഞതല്ലേ ആ വഴിക്ക് വരണ്ടാന്ന്.."

കാറിൽ നിന്നും നോക്കാനിറങ്ങിയ ഇറങ്ങിയ പെണ്ണിനോടായി അവൻ പറഞ്ഞു. കാറിന്റെ ഫ്രണ്ട് ടയർ പഞ്ചറായിരിക്കുന്നത് കണ്ടു.. "ഡോക്ടറെ.. ടയർ പഞ്ചറായി.." "അടിപൊളി.. ഇനി എന്ത് ചെയ്യും.. ഞാനൊരു ഓട്ടോ പിടിച്ച് അങ്ങോട്ടെത്താം.. അതുവരെ നീ എന്തേലും കാണിച്ച് അഡ്ജസ്റ്റ് ചെയ്യ്.. കാറിൽ തന്നെ ഇരുന്നോ.. ആൻഡ് കീപ് ഓൺ ലൈൻ..." മറുപടി ഇല്ലാണ്ടായപ്പോ ആരവ് ഒന്നുകൂടെ അവളെ വിളിച്ചു.. ആരോടെങ്കിലും സഹായം ചോദിക്കാനായി ആ പെണ്ണ് പോയിക്കഴിഞ്ഞെന്ന് അവനുറപ്പായി. അതുകൊണ്ടാണ് ധൃതിയിൽ ഒരു ഓട്ടോ വിളിച്ചു എയർപോർട്ടിൽ നിന്നും അവനും ആ വഴിക്ക് തിരിച്ചത്.. ചുറ്റിനും വന്യമായ ആ പ്രദേശത്ത് ഒരാളെ പോലും സഹായത്തിനായി കണ്ടെത്തുവാൻ ആ പെണ്ണിനായില്ല.. ആരെങ്കിലും ഉണ്ടോയെന്നു ഉറക്കെ വിളിച്ചു നോക്കി. പക്ഷെ ഒരു മറുപടിപോലുമുണ്ടായില്ല. എങ്കിലും ആ ഇരുട്ടിന്റെ ഭീകരത അവളെ തെല്ലും ഭയപ്പെടുത്തിയില്ല.. കുറേ നേരം കാത്തുനിന്നപ്പോഴാണ് ദൂരെനിന്നും രണ്ടുപേർ വരുന്നത് കണ്ടത്. വേഗത്തിൽ അവരുടെയടുത്തേക്ക് നടന്നടുത്തു. "ചേട്ടന്മാരെ.. എന്റെ കാറിന്റെ ടയർ പഞ്ചറായി.. ഇവിടെ എവിടെയെങ്കിലും ഒരു വർക്ക് ഷോപ്പ് ഉണ്ടോ?" പെണ്ണിനെ കണ്ടതും അവരിരുവരും പരസ്പരം നോക്കിയിട്ട് ചിരിച്ചു.

"എന്നിട്ട് കാറെവിടെ..?" കൂട്ടത്തിലൊരുത്തൻ പറയുന്നതിനൊപ്പം മടക്കി കുത്തിയ മുണ്ട് മാന്യതയോടെ താഴ്ത്തിയിട്ടു.. പെണ്ണ് അവരെ വിളിച്ചുകൊണ്ട് വണ്ടിക്കരികിലെത്തി.. അപ്പോഴാണ് ആരവ് ഡോക്ടർ അപ്പോഴും ലൈനിൽ ഉണ്ടായിരുന്നെന്ന് ഓർത്തത്. "ഡോക്ടറെ..." "ജുവലേ... നീ.. നീയെവിടെപ്പോയതായിരുന്നു. നീ കാറിൽ തന്നെയിരിക്ക്.. ഞാനൊരു അര മണിക്കൂറിനുള്ളിൽ അവിടെയെത്തും.. ദേ ഓട്ടോയിലാണ്." ആരവിന്റെ നെഞ്ചിടിപ്പ് വല്ലാതെ കൂടിയിരുന്നു. "പേടിക്കണ്ട ഡോക്ടറെ.. ഇവിടെ രണ്ട് ചേട്ടന്മാരെ കണ്ടു.. അവർ ഹെല്പ് ചെയ്യാമെന്ന് പറഞ്ഞു.."

പെണ്ണ് പറഞ്ഞുകൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ താൻ വിളിച്ചുകൊണ്ടു വന്ന അവരെ അവിടെ കാണാനില്ലായിരുന്നു. ആരവ് ഡോക്ടറുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാതെ നെറ്റി കൂർപ്പിച്ചുകൊണ്ട് ചുറ്റിനും നോക്കി.. എന്തോ പന്തികേട് തോന്നിയതും അവൾ വെപ്രാളത്തോടെ കാറിലേക്ക് കയറാൻ തുടങ്ങവേ പിന്നിൽ നിന്നും വലിയൊരു ശബ്ദത്തോടെ ഒരു കല്ല് പിൻതലയിൽ വന്നിടിച്ചു.. കയ്യിൽ നിന്നും ഫോൺ വഴുതിവീണു.. അടിയുടെ ആഘാതത്തിൽ അസഹ്യമായ വേദനയോടെ അടിയേറ്റ ഭാഗത്തു കയ്യമർത്തി പിടിച്ചുകൊണ്ടു തിരിഞ്ഞു നോക്കി.. മെല്ലെ മെല്ലെ കാഴ്ച മങ്ങിത്തുടങ്ങി ബോധം മറയുന്നതിന് തൊട്ട് മുൻപേ മുണ്ട് മടക്കി കുത്തിയിട്ട് തന്നെ നോക്കി ചിരിച്ചു നിൽക്കുന്ന രണ്ട് പുരുഷന്മാരുടെ അവ്യക്തമായ മുഖം കണ്ടു.. അപകടം മണത്തറിഞ്ഞ ആരവിന്റെ ഉള്ളിലൊരു കൊള്ളിമീൻ പാഞ്ഞുപോയി......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story