അറിയാതെൻ ജീവനിൽ: ഭാഗം 33

ariyathen jeevanil adhithyan

രചന: ആദിത്യൻ മേനോൻ

ജുവൽ വന്നുകൊണ്ടിരുന്ന റോഡിലൂടെ ഓട്ടോയിൽ പോകുമ്പോൾ വല്ലാത്തൊരു വെപ്രാളമായിരുന്നു ഉള്ളിലാകെയും.. അവൾക്കെന്തോ അപകടം സംഭവിച്ചിട്ടുണ്ടെന്ന് ഉറപ്പായിരുന്നു.. ദൂരെ ഇരുട്ടിൽ നിന്നും നിന്നും തന്റെ കാർ അവ്യക്തമായി കണ്ടു തുടങ്ങിയപ്പോൾ നെഞ്ചിന് ഭാരം കൂടിവന്നു. ഹൃദയത്തിന്റെ മിടിപ്പിന് പതിവിലും വേഗതയുണ്ടായിരുന്നു... കാറിനടുത്തെത്തിയപ്പോൾ ധൃതിയിൽ ഓട്ടോയിൽ നിന്നും ചാടിയിറങ്ങി വന്നു. ആരവിന്റെ വെപ്രാളത്തിൽ നിന്നും കാര്യം ഗുരുതരമാണെന്ന് മനസ്സിലാക്കിയ ഓട്ടോ ഡ്രൈവറും കാശ് വാങ്ങി തിരിച്ചു പോകുവാൻ നിന്നില്ല.. ഓട്ടോയിൽ നിന്നും ഇറങ്ങിയ ഉടനെ ആരവിന്റെ കണ്ണുകൾ കാറിലേക്ക് നീണ്ടു. പിൻസീറ്റിൽ കണ്ണുകളടച്ചു ചാരിയുറങ്ങുന്ന പെണ്ണിനെ കണ്ട് ഒരു നിമിഷം ചങ്ക് തകർന്നു പോയി.. ഡോർ തുറക്കാൻ കൈ മുന്നോട്ടെടുക്കുമ്പോൾ അവ വല്ലാതെ വിറച്ചിരുന്നു. പതിയെ ഡോർ തുറന്നപ്പോൾ അതുവരെ താഴ്ന്നു കിടന്ന കണ്ണുകൾ കാറിനുള്ളിലെ പെണ്ണിലേക്ക് നീങ്ങി.. ഒരു നിമിഷം താൻ മരിക്കാതെ മരിച്ചുവെന്ന് തോന്നി ആരവിന്..

വയറിനു താഴെക്കായി കീറിപ്പറിഞ്ഞ വസ്ത്രങ്ങൾക്കിടയിലൂടെ ദേഹത്തെ മുറിപ്പാടുകൾ വ്യക്തമായി കാണാം.. അതിൽ നിന്നും ചോര കിനിഞ്ഞു നിലത്തേക്ക് ഇറ്റി വീഴുന്നുണ്ട്. സീറ്റിൽ അലസമായി വീണുകിടന്ന കൈകളിലൊന്നിൽ ആരുടെയോ പല്ലുകൾ ആഴ്ന്നിറങ്ങി ചോര കൊണ്ടൊരു ചിത്രം വരച്ചിട്ടുണ്ട്.. കീഴ്ച്ചുണ്ടിൽ നിന്നും തടിത്തുമ്പത്തേക്ക് ഒലിക്കുന്ന ചോര നേരെ മടിയിലേക്കിറ്റി വീഴുന്നുണ്ടായിരുന്നു.. ആരവിന് പെണ്ണിനെ കണ്ട് തല കറങ്ങുന്നത് പോലെ തോന്നി. ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും നോവുകൊണ്ടും നെഞ്ച് പൊട്ടിപ്പോയി.. കൈകളിൽ നിന്നും വിറച്ചിൽ ദേഹത്തേക്ക് പടർന്നു കയറി തന്നെ മൂടാൻ തുടങ്ങുന്നെന്നു തോന്നി.. വിറയ്ക്കുന്ന കയ്യാലേ ഡോർ വലിച്ചടച്ചു പിന്തിരിഞ്ഞു നിൽക്കുമ്പോൾ തൊട്ട് പിന്നിലായി അമ്പരന്നു നിൽക്കുന്ന ഓട്ടോ ഡ്രൈവറേയും കണ്ടു..

"സാറേ.. സാറേ... ഈ പെൺകൊച്ച്... ഈ പെൺകൊച്ചിനെ ആരൊക്കെയോ ചേർന്ന്.." അയാൾക്ക്‌ പറഞ്ഞു മുഴുവനാക്കുവാനായില്ല. കേൾക്കാനുള്ള ശക്തിയുമില്ലെന്ന് കരുതിയാവണം ആരവ് അയാൾക്ക് മുഖം കൊടുക്കാതെ കുറച്ചപ്പുറത്തേക്ക് മാറി നിന്നത്.. ഇരുട്ടത്തേക്ക് മാറി നിന്നപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.. കണ്ണു തുടച്ചുകൊണ്ട് വായ് പൊത്തിപ്പിടിച്ചു. ഇരച്ചുവന്ന നോവിനെ ഞെരിച്ചു കൊന്നത് കൈയിൽ കടിച്ചമർത്തിക്കൊണ്ടാണ്.. "സാറെ.. ഇനിയെന്താണ് ചെയ്യേണ്ടത് സാറേ.. ഒടനെ ആശുപത്രീൽ എത്തിച്ചില്ലെങ്കിൽ ആ കൊച്ചിന് വല്ലോം പറ്റും സാറേ.." പിന്നിൽ നിന്നും വീണ്ടും ഓട്ടോ ഡ്രൈവറുടെ ശബ്‌ദം കേട്ടാണ് കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് കാറിനരികിലേക്ക് ചെല്ലുന്നത്. "സാറേ.. കാറിവിടെ തന്നെ കിടന്നോട്ടെ.. നമുക്കെന്റെ വണ്ടിയിൽ കൊണ്ടോവാം.."

ഓട്ടോ ഡ്രൈവർ പറഞ്ഞതനുസരിച്ച് പെണ്ണിനെ കാറിൽ നിന്നും കൈകളിലെടുക്കുമ്പോൾ വാടിതളർന്നുപോയൊരു പൂവ് പോലെ തോന്നി ആരവിന്.. അത്രമേൽ നനുത്ത ഒരു വാടിയ പൂവ്.. ആരവ് കൈകളിലെടുത്തതും ബോധമില്ലായ്മയിലും വേദനയോടെ നെറ്റി കൂർപ്പിച്ചുകൊണ്ട് പെണ്ണൊന്നു പിടഞ്ഞു തുള്ളി.. ആരവ് കൂടുതൽ കരുതലോടെ അവളെ പൂണ്ടടക്കം ചേർത്ത് പിടിച്ചു.. ഹോസ്പിറ്റലിലേക്ക് പോകുന്ന യാത്രയിൽ ഒരു നൂറു തവണ ആ പെണ്ണ് പിടഞ്ഞു തുള്ളി.. അപ്പോഴൊക്കെയും അവളുടെ കാതുകളിൽ അവന്റെ സ്വരം പതിഞ്ഞു.. "ഒന്നുല്ലാടോ.. ഒന്നുമില്ല.." ഇടക്കെപ്പോഴോ അർദ്ധബോധത്തിൽ കണ്ണു മിഴിച്ച് അവനെ നോക്കുമ്പോൾ പെണ്ണിന്റെ കൺകോണിൽ നിന്നും നനവ് വാർന്ന് കവിളിലേക്ക് പരന്നു.. ശരീരമാകെ അസഹ്യമായ വേദന വന്നു മൂടിയപ്പോഴും കണ്ണുകൾ അവനിൽ മാത്രമായി അവശേഷിച്ചു പോയിരുന്നു.. 💜💜💜💜💜💜💜💜💜💜💜💜💜💜💜

കണ്ണ് തുറക്കുമ്പോ മെല്ലെ മെല്ലെ ദേഹത്തെ വേദനയും കൂടി തുടങ്ങിയിരുന്നു.. കണ്ണ് മുഴുവനായും തുറന്നപ്പോ, ബോധം പൂർണ്ണമായും തെളിഞ്ഞപ്പോ വേദനയോടെ പുളഞ്ഞുപോയി.. വേദന പൂണ്ടടക്കം കാർന്നു തിന്നു തീർക്കുമെന്നായപ്പോ മെല്ലെ ഏങ്ങിയേങ്ങി കരയാൻ തുടങ്ങി.. കരച്ചിൽ കേട്ട് നേഴ്സ് ഡോക്ടറെ വിളിച്ചോണ്ട് വന്നു. "റിലാക്സ്.. റിലാക്സ്.." ഡോക്ടർ പറയുമ്പോഴും കരച്ചിൽ നിർത്തിയിരുന്നില്ല.. "പ്രെഗ്നൻസി പ്രെവെൻഷൻ ടാബ്‌ലെറ്റുകൾ കൊടുത്തിരുന്നോ?" ഡോക്ടർ ചോദിക്കുന്നത് കേട്ടു. കൊടുത്തെന്നു നേഴ്സ് തലയാട്ടുന്നതും കണ്ടു. മനസ്സ് ശൂന്യമായി തീർന്നിരുന്നു.. ഇരുവശത്തുകൂടിയും കണ്ണീര് ഒലിഞ്ഞിറങ്ങി. തലക്ക് മീതെ കറങ്ങുന്ന ഫാനിനെ നോക്കി കണ്ണുമിഴിച്ചു കിടന്നപ്പോൾ നടന്നടുക്കുന്ന ബൂട്ടിന്റെ ശബ്‌ദം കേട്ടു. പോലീസുകാരാണ്. അവരുടെ പിന്നിലായി ആരവ് ഡോക്ടറും നടന്നു വരുന്നത് കണ്ടു..

എന്തുകൊണ്ടോ ആരവ് ഡോക്ടറുടെ മുഖത്തേക്ക് നോക്കുവാൻ തോന്നിയില്ല.. ആ കണ്ണുകൾ തന്നിലേക്ക് തേടിയെത്തുന്നുണ്ടെന്നറിഞ്ഞിട്ടും ഉള്ളിലെന്തോ ഒരു നോവായിരുന്നു.. "എന്താ പേര്.." മൊഴിയെടുക്കുവാനായി പോലീസ് ചോദിച്ചപ്പോൾ എഴുന്നേറ്റിരിക്കുവാൻ ശ്രമിച്ചു. വേണ്ടെന്ന് ആരവ് ഡോക്ടർ പറയുന്നത് കേട്ട് അതുപോലെ കിടന്നു. "ജുവൽ.. ജുവൽ ജോർജ് പീറ്റർ.." സംസാരിക്കുവാൻ ബുദ്ധിമുട്ട് തോന്നി.. സംസാരിക്കുമ്പോൾ ചുണ്ടുകൾ തമ്മിൽ കൂട്ടി മുട്ടേണ്ടി വരുമ്പോൾ കീഴ്ച്ചുണ്ടിലെ മുറിവിന്മേൽ ചുണ്ട് ഒട്ടി നിന്നു. "രാത്രി എന്തിനാണ് ഒറ്റക്ക് പോയത്?" "അതെന്താ രാത്രി ഒരു പെൺകുട്ടിക്ക് ഒറ്റക്ക് പൊയ്ക്കൂടേ?" ചോദ്യം അവസാനിച്ചതും ആരവിന്റെ മറുപടിയുയർന്നതും ഒരുമിച്ചായിരുന്നു. പോലീസ് ആരവിനെ കൺകോണിലൂടെ ഒന്നിരുത്തി നോക്കി.. "മെയിൻ റോഡിൽ ട്രാഫിക് കൂടുതലാണെന്ന് അറിയാവുന്നതുകൊണ്ടാണ് ആ റോഡിലൂടെ പോയത്.

ഇടക്ക് വച്ച് ടയർ പഞ്ചറായി.. സഹായത്തിനു വേണ്ടി തിരഞ്ഞപ്പോൾ കണ്ടത് അവരെയായിരുന്നു.. തിരിച്ചു കാറിലെത്തി തിരിഞ്ഞു നോക്കുമ്പോൾ അവരെ കണ്ടില്ല.. പിന്നെയാണ് അവരെന്റെ തലക്ക് കല്ലുകൊണ്ടോ മറ്റോ ഇടിക്കുന്നത്..." പറഞ്ഞൊപ്പിച്ചപ്പോഴും ഉള്ളിലൂടെ നോവിരച്ചു കയറിയിരുന്നു. പിന്നീടുള്ള ദൃശ്യങ്ങൾ ഒരു സ്വപ്നം പോലെ ചിന്തകളെ കീറിമുറിച്ചുകൊണ്ടിരുന്നു. "എന്നിട്ട്?.." പോലീസുകാരന്റെ ചോദ്യം.. എന്ത് പറയണമെന്നറിയാതെ കണ്ണുമിഴിച്ചു. "എന്നിട്ടെന്താണ് സംഭവിച്ചിട്ടുണ്ടാവുക എന്ന് സാറിന് അറിഞ്ഞൂടെ?" ആരവിന് ദേഷ്യമിരട്ടിക്കുന്നുണ്ടായിരുന്നു. "ടാ മോനെ.. കൂടുതൽ വിളയാൻ നോക്കല്ലേ.. ഞാൻ എന്റെ ഡ്യൂട്ടിയാണ് ചെയ്യുന്നത്." പോലീസുകാരൻ ആരവിനൊരു വാർണിങ് കൊടുക്കുന്നത് പോലെ സംസാരിച്ചു.. "പറയൂ കുട്ടി.. പിന്നീടെന്തുണ്ടായി?" അറിയുവാൻ അയാൾക്ക്‌ ആകാംഷ വർധിക്കുന്നതായി തോന്നി. മുഖത്ത് കൗതുകഭാവം തിങ്ങി നിറഞ്ഞു.. "എന്നിട്ട്.. അവരെന്നെ.. വലിച്ചുകൊണ്ട് പോയി...." തുടരാനാവാതെ വാക്കുകൾ വിതുമ്പി..

നിരാശയോടെ ആരവ് ഡോക്ടറുടെ മുഖത്തേക്ക് നോക്കുന്നത് അപ്പോഴാണ്. "എന്നിട്ട്.. വലിച്ചുകൊണ്ട് പോയിട്ട്...?" പോലീസുകാരൻ പിന്നെയും ചോദിച്ചപ്പോൾ ആരവിന്റെ മുഷ്ടി ചുരുണ്ടു. മുഖം ചുവന്നു തുടുത്തു. ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി രണ്ട് തവണയാണ് പീഡിപ്പിക്കപ്പെടുന്നത്.. ഒന്ന് അവളെ പിച്ചിച്ചീന്തിയവനാലും.. മറ്റൊന്ന് സമൂഹത്തിനാലും.. "പറയൂ.." കഥ കേൾക്കാനെത്തിയ ഒരു കുട്ടിയുടെ ലാഘവത്തോടെ പോലീസുകാരൻ ചോദിച്ചപ്പോൾ കണ്ണുകളിൽ വെള്ളം തിങ്ങി നിറഞ്ഞു.. ആവില്ലെന്ന് തലയാട്ടിക്കൊണ്ട് അയാൾക്ക്‌ മുന്നിൽ കൈകൂപ്പിക്കാണിച്ചപ്പോൾ ആരവ് കണ്ടുനിൽക്കുവാനാകാതെ പുറത്തേക്ക് പോയിരുന്നു.. പുറത്തായി ജുവലിന്റെ വീട്ടുകാരും ആരവിന്റെ അമ്മയും ഒപ്പം ജിതനും നീലുചേചിയുമുണ്ടായിരുന്നു. അവർക്കരികിലായി പോയിരിക്കുമ്പോൾ ഉള്ളിൽ വല്ലാത്ത നോവായിരുന്നു.

ഒന്നുമില്ലെന്ന് ജുവലിന്റെ അച്ഛനെ പറഞ്ഞു പഠിപ്പിക്കുന്നുണ്ടായിരുന്നെങ്കിലും പുറമെ എല്ലാവരെയും ആശ്വസിപ്പിച്ചു നിൽക്കുന്നവന്റെ കണ്ണുനീര് കണ്ടത് അമ്മയാണ്. അതുകൊണ്ടാവണം അവന്റെ കൈയിൽ കൈ ചേർത്തുവച്ച് കണ്ണടച്ച് ചിരിച്ചത്.. പോലീസുകാരൻ പുറത്തേക്ക് വന്നപ്പോൾ എല്ലാവരും എഴുന്നേറ്റ് നിന്നുവെങ്കിലും ആരവ് അവിടെ തന്നെ അനങ്ങാതെ കൈകൾ കെട്ടി തലതാഴ്ത്തിയിരുന്നു. ആരവിനെ ഒന്ന് കൂർപ്പിച്ചു നോക്കിയിട്ട് നടന്നു പോയി. അയാൾ പോയ ശേഷം ആരവ് അകത്തേക്ക് പ്രവേശിക്കാൻ തുടങ്ങിയതും ഡോക്ടർ പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു. "ജിത്തേട്ടൻ ആരാണ്?" "ഞാനാണ്.." ഡോക്ടറുടെ ചോദ്യം കേട്ടതും ജിതൻ പെട്ടന്നെഴുന്നേറ്റ് അടുത്തേക്ക് ചെന്നു.. "പേഷ്യന്റ് നിങ്ങളെ കാണണമെന്ന് പറയുന്നു.." ജിതൻ ആരവിനെ നോക്കിയൊന്ന് തലയാട്ടിയിട്ട് അകത്തേക്ക് കയറിപ്പോകവേ പിന്നാലെ നടന്ന ആരവിനെ ഡോക്ടർ തടഞ്ഞു നിർത്തി. "ഒരേ സമയം ഒരാൾക്കേ പ്രവേശനമുള്ളു...." ആരവ് തലതാഴ്ത്തിക്കൊണ്ട് തിരിച്ചു സീറ്റിൽ ചെന്നിരുന്നു...

ജിത്തേട്ടൻ നടന്നടുത്തു വന്നിരുന്നപ്പോൾ പെണ്ണെഴുന്നേറ്റിരുന്നു പതിയെ.. "പോലീസുകാരോട് പറയാനുള്ളതൊക്കെ പറഞ്ഞോ?" പറഞ്ഞെന്ന് മെല്ലെ തലയാട്ടി.. ഇളകുമ്പോ കഴുത്ത് വേദനിക്കുന്നതായി തോന്നി. "വേദനയുണ്ടോ?" ജിത്തേട്ടന്റെ ചോദ്യം കേട്ടപ്പോ കണ്ണിൽ സങ്കടം തിങ്ങിക്കേറി. "നോവുന്നുണ്ട്.. വല്ലാണ്ടെ നോവുന്നുണ്ട് ജിത്തേട്ടാ.. അടിവയറ്റിൽ സഹിക്കാൻ പറ്റാത്ത വേദന.. കത്തികൊണ്ടാരോ...." "മതി... നിർത്ത്...." പറഞ്ഞു മുഴുവനാക്കുന്നതിന് മുന്നേ ജിത്തേട്ടൻ പെണ്ണിന്റെ വായ് കൈ കൊണ്ട് മൂടി.. ജിത്തേട്ടന്റെ കണ്ണുകളുടെ താഴ്വാരത്തിൽ പ്രളയമുണ്ടായി... "കേക്കാൻ വയ്യ പെണ്ണേ... സഹിക്കാൻ പറ്റാത്തോണ്ടാ.." ജിത്തേട്ടനൊപ്പം കണ്ണു നിറഞ്ഞു.. "നിക്ക്.. നിക്കൊരു ഹെല്പ് ചെയ്യാവോ ജിത്തേട്ടാ.." ചുണ്ടുകൾ സമ്മാനിച്ച നോവ് സഹിച്ച് സംസാരിക്കുമ്പോൾ ശബ്‌ദം മറ്റാരുടെയോ പോലെ തോന്നിയിരുന്നു. "എന്താ..." "ഇനി നിക്ക് പഴേ പോലെ ആവാൻ പറ്റൂന്ന് തോന്നണില്ല.. ന്നെ സ്വപ്നം കണ്ടോണ്ട് ജീവിക്കുന്ന ഒരാളുണ്ട് പുറത്ത്.. ആ ആളുടെ സ്വപ്നത്തിനൊത്ത് പറക്കാൻ ഈ പെണ്ണിനിനി കഴിയും ന്ന് തോന്നണില്ല..."

"ന്തിനാടോ താനിപ്പോ ഇതൊക്കെ ചിന്തിക്കണേ..." ജിതന്റെ ഉള്ളുലഞ്ഞു പോയിരുന്നു... "എല്ലാം നഷ്ടപ്പെട്ട ഈ പെണ്ണിനെ ഇനി ആരവ് ഡോക്ടർക്ക് വേണ്ട... വേറെ നല്ല പെണ്ണിനെ കെട്ടി സന്തോഷത്തോടെ ജീവിക്കട്ടെ... അതിന് ജിത്തേട്ടനെന്നെ സഹായിക്കണം..." "അവനു മുന്നിൽ ഞാനൊരു വില്ലനാവാൻ ആയിരിക്കും അല്ലേ..." ജിത്തേട്ടൻ പറഞ്ഞപ്പോൾ മറുപടിയുണ്ടായിരുന്നില്ല.. ഇല്ലെന്ന് തലയാട്ടിക്കൊണ്ട് തിരിഞ്ഞു നടക്കുമ്പോ പെണ്ണ് പുലമ്പുന്നുണ്ടായിരുന്നു... "പോവല്ലേ... ജിത്തേട്ടാ.... ന്നേക്കാൾ നല്ലൊരു പെണ്ണിനെ ഡോക്ടർക്ക് കിട്ടും... കിട്ടും ജിത്തേട്ടാ..." പെണ്ണിന്റെ വാക്കുകൾക്ക്‌ ചെവികൊടുക്കാതെ ജിതൻ പുറത്തേക്ക് നടന്നിറങ്ങി.. ആരവിനടുത്തുള്ള ചെയറിൽ തലതാഴ്ത്തിക്കൊണ്ട് വന്നിരുന്നപ്പോൾ ആരവ് ഇമചിമ്മാതെ നോക്കി നിന്നു.. "എന്താ?" ചോദ്യം കേട്ട് ഒന്നുമില്ലെന്ന് ജിതൻ തലയാട്ടി...

"ഞാനവളെ മറക്കണമെന്ന് പറയാൻ നിന്നെ കൂട്ടുപിടിച്ചിട്ടുണ്ടാകും അല്ലേ...?" ആരവിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല.. ജിതന്റെ മൗനം അതിനുള്ള ഉത്തരമാണെന്ന് ആരവിന് വ്യക്തമായിരുന്നു.. "ഇങ്ങനെ സംഭവിച്ചൂന്ന് കരുതി വിട്ടുകൊടുക്കാൻ പറ്റുവോടാ എനിക്കവളെ..?" ചോദ്യമെറിഞ്ഞതും ജിതന്റെ മറുപടിക്ക് കാക്കാതെ റൂമിനുള്ളിലേക്ക് നടന്നു പോകുമ്പോൾ ഇതേ ആവശ്യവുമായി ആ പെണ്ണ് ഒരിക്കൽ തന്റെ മുന്നിൽ വന്നു നിന്നത് ഓർമ്മ വന്നു... അന്ന് നെഞ്ച് പൊള്ളിച്ചുകൊണ്ടായിരുന്നു ജീവനെ പറിച്ചുമാറ്റണമെന്ന് അവൾ തന്നോടാവശ്യപ്പെട്ടത്.. റൂമിനുള്ളിലേക്ക് കയറാൻ തുടങ്ങവേ വാതിൽപിടിയിൽ കൈ പിടിച്ചു നിൽക്കുന്നവളെ മുന്നിൽ കണ്ടൊന്ന് പതറിയിരുന്നു.

ആരവ് ഡോക്ടറെ കണ്ടതും പെട്ടന്ന് തലതാഴ്ത്തി നിന്നു. ഡോക്ടർ അകത്തേക്ക് കയറാൻ ശ്രമിക്കവേ അവനു മുന്നിൽ ആ റൂമിന്റെ വാതിൽ കൊട്ടിയടക്കപ്പെടുകയുണ്ടായി.. "ജുവലേ.. എന്താടോ? പ്ലീസ് ഓപ്പൺ ദി ഡോർ.. ഇതൊരു ഹോസ്പിറ്റലാണ്.." പിന്നിൽ നിന്നും മെല്ലെ ഡോറിന് തട്ടിക്കൊണ്ട് ആരവ് ഡോക്ടർ പറയുന്നുണ്ടായിരുന്നെങ്കിലും ഡോർ തുറക്കുവാൻ കൂട്ടാക്കാതെ ഉള്ളിലവൾ ഡോറിൽ ചാരിക്കൊണ്ട് ഏങ്ങിക്കരയുവാൻ തുടങ്ങിയിരുന്നു.. ഡോറിലൂടെ ഒലിച്ചുകൊണ്ട് താഴെ മുട്ടുകുത്തിയിരുന്നുകൊണ്ട് മുഖം പൊത്തി ഉറക്കെ കരഞ്ഞു.. അടിവയറ്റിൽ നിന്നുമൊരു വേദന തികട്ടിവന്നപ്പോൾ പതിയെ രണ്ടുകയ്യും വയറിന്മേൽ അമർത്തിവച്ചുകൊണ്ട് കരയുമ്പോൾ കലങ്ങിയ കണ്ണുകൾ കാഴ്ചയ്ക്ക് മങ്ങലേൽപ്പിച്ചിരുന്നു......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story