അറിയാതെൻ ജീവനിൽ: ഭാഗം 34

ariyathen jeevanil adhithyan

രചന: ആദിത്യൻ മേനോൻ

"ആരവേ മതി.. ആൾക്കാരൊക്കെ ശ്രദ്ധിക്കുന്നു..." പിന്നിലോട്ട് വലിച്ചുമാറ്റിയത് ജിതനായിരുന്നു.. ആരവിന് അപ്പോഴാണ് സ്ഥലകാലബോധമുണ്ടായത്.. "നമ്മളിപ്പോ അവളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല.. കാരണം ഈയൊരവസ്ഥ അറിയണമെങ്കിൽ ഒരു പെണ്ണായി ജനിക്കണം.. ഒരു പെണ്ണിന് മാത്രമേ ഈയൊരു അവസ്ഥയെ മനസ്സിലാക്കാനാവൂ..." ജിതൻ പറഞ്ഞപ്പോ ആരവിന്റെ കണ്ണുകളിൽ സങ്കടം തിങ്ങി വന്നു... "അതിന് അവളിപ്പോ എന്തിനാ എന്നേ അവോയ്ഡ് ചെയ്യുന്നേ...?" "അവളെന്നോട് പറഞ്ഞതെന്താണെന്നറിയോ.. നിന്നെ ഇഷ്ടമല്ലാന്നല്ല.. അവളെക്കാൾ നല്ലൊരു പെണ്ണിനെ നിനക്ക് കിട്ടുംന്ന് പറഞ്ഞിട്ടാ...." "അതിന് ഒരൊറ്റ രാത്രികൊണ്ട്...." "അവള് അവളെ പറ്റിയല്ല ചിന്തിക്കുന്നത് ആരവ്.. നിനക്കിനിയും മനസ്സിലായില്ലേ..." "നീയെന്താടാ ജിതാ പറഞ്ഞു വരുന്നത്..?"

"അവള് നിന്നെയോർത്താ.. അവളെ നീയിനി ചേർത്ത് പിടിച്ചാൽ നാട്ടുകാർ എന്തൊക്കെ ചിലക്കുമെന്ന് ഓർത്താ... അവൾക്ക് അവളെ പറ്റിയല്ല പേടി... നശിപ്പിക്കപ്പെട്ട ഒരു പെണ്ണിനെ സ്വീകരിച്ചാൽ നാട്ടുകാർ നിന്നെക്കുറിച്ച് എന്തൊക്കെ ചിന്തിച്ചു കൂട്ടുമെന്ന് ഓർത്ത് മാത്രമാണ്..." കേട്ടപ്പോ ആരവിന്റെ കണ്ണു നിറഞ്ഞൊഴുകുവാൻ തുടങ്ങിയിരുന്നു... "ആര് എന്തും പറഞ്ഞോട്ടെടാ.. എനിക്കവളെ വേണം...." നിറമിഴിയാലേ ആരവ് പറഞ്ഞു. "നമ്മുടെ സമൂഹമിങ്ങനെയാണ്.." "എനിക്ക്... എനിക്കവളോടൊന്ന് സംസാരിക്കണം...." "നീയിപ്പോ പോകണ്ട... അവളൊന്ന് റിലാക്സ് ആവട്ടെ.. വീടെത്തിയിട്ട് നമുക്ക് എല്ലാം ശരിയാക്കാം... അതൊരുവരെ നീ അവളോടൊന്നും മിണ്ടണ്ട..." ജിതൻ ആരവിനെ വിളിച്ചു കൊണ്ടുപോയി ഒരു ചെയറിൽ ഇരുത്തി.. അല്പം പോലും വിശ്രമിക്കാൻ മനസ്സില്ലെങ്കിലും ജിതന്റെ നിർബന്ധത്തിന് വഴങ്ങി ആറവ് ചെയറിലേക്ക് ചാരിയിരുന്നു. "ഓർമ്മ വച്ച നാള് തൊട്ട് എന്റെ മനസ്സിൽ കേറിക്കൂടിയ ഒരേയൊരു മുഖമാണ് അവളുടേത്.."

ആരവ് നിസ്സഹായതയോടെ പറയുന്നത് കേട്ടപ്പോ ഇത്തിരി നോവ് തോന്നി ജിതനും.. ഏറ്റവും മൂർച്ചയേറിയ ഒരായുധമാണ് സ്നേഹം.. തൊട്ടുനോക്കിയാൽ ചോര പൊടിഞ്ഞെന്നു വരും.. മൂന്ന് പുരുഷന്മാർ.. മൂവരെയും നനയിച്ചത് ഒരു പെണ്ണിന്റെ മഴയാണ്... ജുവൽ എന്ന മഴ.. "വേണ്ടെന്ന് പല തവണ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചതാ അവളെ കാണുമ്പോഴൊക്കെ... എന്റേതല്ലാന്ന് പറഞ്ഞു മനസ്സിനെ പാകപ്പെടുത്തുമ്പോഴെല്ലാം ഒരു നിലാവ് പോലെ എന്റെ മുന്നിലേക്ക് പിന്നെയും കടന്നു വരും.. പൊട്ടിപ്പോയ പ്രതീക്ഷകളൊക്കെ പിന്നേം കൂടിച്ചേരും...." ആരവ് പറഞ്ഞുകൊണ്ടിരുന്നു.... ജിതന്റെ മനസ്സ് ശൂന്യമായി മാറി... 💜💜💜💜💜💜💜💜💜💜💜💜💜💜💜 മറ്റു ചെക്കിങ്ങുകളെല്ലാം കഴിഞ്ഞു പെണ്ണിനെ തിരിച്ചു വീട്ടിലേക്ക് കൊണ്ടുപോവുമ്പോ ഉച്ച കഴിഞ്ഞിരുന്നു.. ആരവിന്റെ കാറിൽ വീടെത്തിയിട്ട് അകത്തേക്ക് നടക്കുമ്പോ വയറ് വേദനിക്കുന്നതായി തോന്നി പെണ്ണിന്... ആ നിമിഷം വരെയും ആരവ് ഡോക്ടർക്ക് ഒരു നോട്ടം പോലും സമ്മാനിക്കുവാൻ പെണ്ണിന് തോന്നിയില്ല...

കീരിപ്പറിഞ്ഞൊരു പൂവുപോലെ അകത്തേക്ക് കേറിപ്പോയവളെ നോക്കി ചാച്ചനും അമ്മച്ചിയും അലീന ചേച്ചിയും നോക്കി നിന്നു. അമ്മയെ വീട്ടിൽ കൊണ്ടാക്കിയ ശേഷം ആരവും അവിടെ എത്തിയിരുന്നു... അവൾക്ക് മുന്നിൽ ചെന്നു നിൽക്കുവാൻ മടി തോന്നിയതിനാൽ ദച്ചു മോളെ എടുത്ത് കളിപ്പിക്കുന്നതായി നടിച്ചു.. റൂമിലെത്തി ബെഡിൽ പതുക്കെയിരുന്നപ്പോൾ അടിവയറ്റിൽ നിന്നും എന്തോ തികട്ടി വരുന്നത് പോലെ തോന്നി പെണ്ണിന്... ഒന്നുമില്ല.. ഒന്നുമില്ലാന്ന് സ്വയം പറഞ്ഞു മനസ്സിലാക്കാൻ നോക്കിയെങ്കിലും ഒരു അനാഥ ശവം പോലെ എവിടെയോ പോയ്‌ മറഞ്ഞിരിക്കുകയാണ് തന്റെ മനസ്സിപ്പോൾ... ക്ഷീണിതയായിക്കൊണ്ട് കട്ടിലിലേയ്ക്ക് ചാഞ്ഞു കിടന്നപ്പോ നടും പുറത്തുണ്ടായിരുന്ന മുറിവുകൾ ബെഡിൽ അമർന്നു... സഹിക്കാൻ പറ്റാണ്ടേ ഒന്ന് തുള്ളിപ്പോയി.. പതുക്കെ പതുക്കെ ചെരിഞ്ഞു കിടന്നപ്പോ കയ്മുട്ടിലെ മുറിവും വേദനിക്കുവാൻ തുടങ്ങി..

കണ്ണ് നിറഞ്ഞു വന്നെങ്കിലും തോറ്റു കൊടുക്കാതെ കമിഴ്ന്നു കിടന്നതും അടിവയറിൽ ആരോ കത്തികൊണ്ട് കുത്തിയത് പോലെ തോന്നി ചാടിപ്പിടഞ്ഞെഴുന്നേറ്റപ്പോൾ വെള്ള കിടക്കവിരിപ്പിൽ ചോരയുടെ ചുവന്ന പാടുകൾ...! ഉള്ളൊന്ന് പൊള്ളിപ്പോയി.. രണ്ടുപേർ ചേർന്നൊരു രാത്രി ഒരു പെണ്ണിനെ തലക്കടിച്ചു വീഴ്ത്തുന്നൊരു ദൃശ്യം കണ്ണുകളിൽ തെളിഞ്ഞു. കണ്ണുകളെ ഇരുട്ട് മൂടുന്നതിന് മുൻപേ അവളെ അവരാ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയിരുന്നു.. ദേഹത്ത് പതിയുന്ന ഓരോ സ്പർശനവും പാതി ബോധമില്ലായ്മയിലും അവളറിയുന്നുണ്ടായിരുന്നു.. കണ്ണിൽ തികട്ടി നിന്ന ഇരുട്ടിലും അവരുടെ മുഖമവൾക്ക് വ്യക്തമായിരുന്നു.. ഓർത്തുകൊണ്ടിരിക്കെ കണ്ണുകളിൽ വേദന നിറഞ്ഞതറിഞ്ഞു കണ്ണ് തുടച്ചു... വേദനകളെ കാറ്റിൽ പറത്തിക്കൊണ്ട് പൊട്ടിക്കരയാൻ തോന്നി.

നെഞ്ചിലാരോ സൂചികൊണ്ട് ആഴത്തിൽ കുത്തിയത് പോലെ തോന്നി.. ഒരു പിടച്ചിലോടെ നിലത്തേക്ക് ഊർന്നു വീണു.. കണ്ണുകളിൽ ഇരുട്ട് കേറീതുടങ്ങിയപ്പോൾ മനസ്സ് കൈവിട്ടു പോയ പോലെ തോന്നി.. ചുവരിനോട് ചേർന്ന് നിന്ന ടേബിൾ കാലുകൊണ്ട് തട്ടി മറിച്ചിട്ടുകൊണ്ട് ഉറക്കെ ദേഷ്യം അറിയിച്ചു.. ശബ്‌ദം കേട്ട് അലീനേച്ചി ഉമ്മറത്തിരുന്ന ചാച്ചന്റെ അടുത്തേക്ക് ഓടിചെന്നിരുന്നു.. "ചാച്ചാ.. അവള് മുറിയിൽ എന്തൊക്കെയോ കാണിക്കുന്നുണ്ടെന്ന് തോന്നുന്നു... ചാച്ചനൊന്നു വന്നേ..." അലീന ചേച്ചി ചാച്ചന്റെ കൈ പിടിച്ച് അകത്തേക്ക് വിളിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ഇല്ലെന്ന് തലയാട്ടിക്കൊണ്ട് ചാച്ചൻ അവിടെത്തന്നെയിരുന്നു... "അവളെ ഈ അവസ്ഥയില് കാണാൻ എന്നെക്കൊണ്ടിനി പറ്റില്ലാ... ആ മുറിക്കകത്തേക്ക് കേറാൻ എനിക്ക് ധൈര്യമില്ലാന്ന് പറയുന്നതാവും ശരി.. അവളുടെ ദേഷ്യം അവള് പ്രകടിപ്പിച്ചു തീർക്കട്ടെ.. അതിൽ ഇടപെടാൻ നിക്കണ്ടാ..." ചാച്ചൻ പറഞ്ഞു... "ഞാൻ ആരവിനെയൊന്ന് വിളിച്ചു നോക്കട്ടെ..." "അവനുടനെ വരാം ന്ന് പറഞ്ഞാ പോയത്.. വിളിക്കണ്ട... വന്നോളും..

ഇങ്ങനെ എല്ലാ കാര്യത്തിനും അവനെ ഇങ്ങനെ ബുദ്ധിമുട്ടിക്കണ്ട.." ചാച്ചൻ പറഞ്ഞപ്പോഴാണ് ആരവിനെ വിളിച്ചു പറയാമെന്നുള്ള ചിന്തയെ ചേച്ചി വെടിഞ്ഞത്... മുറിക്കകത്തു നിന്നും പൊട്ടലും അലറലും തേങ്ങലുമെല്ലാം കേട്ടെങ്കിലും പുറത്തുനിന്നു നെഞ്ചില് കൈവച്ചു വിലപിച്ചതല്ലാതെ മുറിക്കുള്ളിലേക്ക് കയറിച്ചെന്ന് ആ പെണ്ണിന്റെ ദയനീയമായ അവസ്ഥ കാണുവാൻ അവർക്ക് തോന്നിയില്ല... സമയം കടന്നുപോകുന്നതിനോടൊപ്പം എല്ലാം പതുക്കെ പതുക്കെ കുറഞ്ഞു വന്നു... പിന്നീട് ശബ്ദമൊന്നും കേൾക്കാതായി.... ആരവ് വരുന്നത് കണ്ടപ്പോഴാണ് ചാച്ചന് ആശ്വാസമായത്. ധൃതിയിൽ എണീറ്റുകൊണ്ട് ആരവിനെ അകത്തേക്ക് വിളിച്ചു കേറ്റിയിട്ട് ജുവൽ മുറിയിലുണ്ടെന്ന് പറഞ്ഞു കൊടുത്തു.. ആരവ് മുറിക്കുള്ളിലേക്ക് കേറിചെല്ലുന്നത് പുറത്തുനിന്നുമവർ നോക്കി നിന്നു. മുറിക്കുള്ളിൽ പ്രവേശിച്ചപ്പോൾ സകലതും എറിഞ്ഞുടച്ചു തന്റെ കോപം തീർത്തുകൊണ്ട് തളർന്നു കിടക്കുന്നൊരു പെണ്ണിനെ കണ്ട് കണ്ണ് നിറഞ്ഞു പോയിരുന്നു.. തന്നെ കണ്ടതും മിഴികളിൽ തെല്ല് സങ്കടം നിറഞ്ഞു തുടങ്ങി..

"എന്തിനാ വന്നത്... എനിക്കിഷ്ടല്ലാന്ന് പറഞ്ഞതല്ലേ..." പെണ്ണിന്റെ ശബ്‌ദം നന്നേ പതിഞ്ഞിരുന്നു.. ആരവ് അവളുടെയടുത്തെത്തി മുട്ടുകുത്തിയിരുന്നു.. അവളുടെ മുഖം കയ്യിലെടുത്തുകൊണ്ട് നിറമിഴികളിലേക്ക് നോക്കി... "നിനക്കെന്നെ ഇഷ്ടമല്ലേ..." ചോദ്യം കേട്ടപ്പോ തല താണുപോയി.. മെല്ലെ അല്ലെന്ന് തലയാട്ടിയപ്പോൾ കണ്ണീരിന്റെ ഒരു തുള്ളി ആരവ് ഡോക്ടറുടെ മുഖത്തേക്ക് ഇറ്റി വീണു.. "പിന്നെന്തിനാ നീ കരയണേ.." അതിന് ഉത്തരമുണ്ടായിരുന്നില്ല... ആരവ് ഡോക്ടർ എഴുന്നേറ്റ് നിന്ന് അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു.. പിന്മാറാൻ തുടങ്ങുന്നതിനു മുൻപ് രണ്ട് കൈകളും ഡോക്ടർ പിടിച്ചു വച്ചു.. "നീയെന്തിനാ ഇങ്ങനെ സങ്കടപ്പെടണേ.. നിനക്കൊന്നും പറ്റീട്ടില്ല.. അവന്മാർക്ക് ഒന്നും നഷ്ടപ്പെടാത്തത് പോലെ തന്നെയാ നിനക്കും.. നിനക്കും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.. പെണ്ണിന്റെ അരക്ക് താഴോട്ടു മണിച്ചിത്രത്താഴിട്ട് പൂട്ടണംന്ന് ഇവിടുള്ള ഓരോ മണ്ടന്മാർ പറയുന്നതൊക്കെ അവരുടെ ജീർണിച്ച ചിന്തകളാണെന്ന് ഞാൻ പറയാതെ തന്നെ നിനക്കറിയാല്ലോ...

പിന്നെ എന്താ പ്രശ്നം?" മറുപടി പറയാനാവാതെ കുഴങ്ങിപ്പോയി.. "എന്നേ പറ്റി ഓർത്താണോ...?" ആരവ് ഡോക്ടർ ചോദിക്കുന്നതിനൊന്നും ഉത്തരം പറയാതെ കണ്ണുകൾ പുറത്തേക്ക് പായിച്ചു.. "ഇക്കണ്ട കാലമാത്രേം നിന്നേം കിനാവ് കണ്ടു നടന്നതാണോ ഞാൻ ചെയ്ത തെറ്റ്? അറിയാതെൻ ജീവനിൽ നിന്നെ പ്രതിഷ്ടിച്ചതാണോ തെറ്റ്...? ഞാനിഷ്ടപ്പെട്ടത് നിന്നെയാണ്.. അല്ലാണ്ടെ നിന്റെ ശരീരത്തെയല്ല..." കണ്ണുകൾ ജനലിലൂടെ പുറത്തായിരുന്നെങ്കിലും കാതുകളിൽ ആ വാക്കുകൾ ഒരു മഴ തന്നെ പെയ്യിക്കുന്നുണ്ട്... "ഇനി പറ.. നിനക്കെന്നെ വേണ്ടേ?? ഒട്ടും നിർബന്ധിക്കില്ല ഞാൻ... ഇന്നേവരെ ഞാൻ നിർബന്ധിച്ചിട്ടുമില്ല... പക്ഷെ ഇപ്പൊ എനിക്കറിയണം..." ആരവ് ഡോക്ടർ അവളുടെ മുഖത്തേക്ക് കൂടുതൽ അടുത്തപ്പോൾ നാസികകൾ തമ്മിൽ കൂട്ടിമുട്ടി.. ആ നിമിഷമാണ് ഡോക്ടറുടെ കണ്ണുകളിലേക്ക് അറിയാതെ നോക്കിപ്പോയത്.. ഡോക്ടറുടെ നിറഞ്ഞ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീര് ഇറ്റി തന്റെ കണ്ണിലേക്ക് വീണപ്പോ ഒന്ന് തുള്ളിപ്പോയി... "നിനക്കെന്നെ വേണ്ടേന്ന്...." പിന്നെയും ആ ചോദ്യം ആവർത്തിക്കുമ്പോ ഡോക്ടറുടെ സ്വരത്തിന് ഗാംഭീര്യമേറിയിരുന്നു.. പെട്ടന്ന് കേട്ടപ്പോ ഒന്ന് ഞെട്ടിപ്പോയിരുന്നു.. അതുകൊണ്ടാവണം താൻ കണ്ണടച്ചുകൊണ്ട് വേണമെന്ന് തലയാട്ടിയത്......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story