അറിയാതെൻ ജീവനിൽ: ഭാഗം 35

ariyathen jeevanil adhithyan

രചന: ആദിത്യൻ മേനോൻ

"ഞങ്ങൾക്ക് അകത്തേക്ക് വരാമോ?" കതകിന് മുട്ടിക്കൊണ്ടുള്ള ചാച്ചന്റെ ചോദ്യം കേട്ടാൻ പെണ്ണിന്റെ ദേഹത്തു നിന്നും പിടിവിട്ട് എണീറ്റു മാറിയത്. തിരിഞ്ഞു നോക്കിയപ്പോൾ ചാച്ചനും അമ്മച്ചിയും അലീനചേച്ചിയും കതകിനടുത്ത് തന്നെയുണ്ടായിരുന്നു. ഇത്തിരി പരിഭ്രമവും നാണവും തോന്നി രണ്ടുപേർക്കും അപ്പോൾ.. "ഇതിങ്ങനെയെ അവസാനിക്കൂന്ന് എനിക്ക് പണ്ടേ തോന്നിയിരുന്നു.. ആ തോന്നൽ എന്റെ മോൾക്ക് തോന്നാൻ മാത്രം ഇച്ചിരി വൈകിപ്പോയെന്നെ ഉള്ളു.." ചാച്ചൻ ചിരിയാലേ പറഞ്ഞപ്പോഴാണ് രണ്ടുപേർക്കും ആശ്വാസമായത്.. "കഴിഞ്ഞതൊക്കെ മറന്നു കള മോളെ.. ഉറങ്ങിയെണീറ്റപ്പോ കണ്ട് മറന്ന ചില സ്വപ്നങ്ങളാണ് എല്ലാമെന്ന് കരുതിയാൽ മതി.. ആരവ് പറഞ്ഞപോലെ ആ തന്തയില്ലാത്തവന്മാർക്ക് നഷ്ടപ്പെടാനില്ലാത്ത ഒന്നും നിനക്കും നഷ്ടപ്പെടാനില്ല..."

അമ്മച്ചി പറഞ്ഞപ്പോൾ കണ്ണ് രണ്ടും നിറഞ്ഞു പോയി.. "ഈ കരച്ചിലൊന്ന് മതിയാക്ക് എന്റെ പെണ്ണേ.. കുറേ നാളായില്ലേ നീയിത് തുടങ്ങീട്ട്, ഇനിയൊന്നു ചിരിച്ചേ..." അലീനേച്ചി അടുത്തേക്ക് വന്നുകൊണ്ട് കണ്ണുകൾ തുടച്ചുമാറ്റിയപ്പോൾ ഒക്കത്തിരുന്ന ദച്ചു മോളും കുഞ്ഞിപ്പല്ലുകൾ പുറത്തുകാട്ടി ഇളിച്ചുകൊണ്ട് ആവർത്തിച്ചു.. "ചിരിച്ചേ...." സന്തോഷം കൊണ്ട് ചിരിച്ചുകൊണ്ട് ദച്ചുമോളെ വാരിയെടുത്തു തുരുതുരെ ഉമ്മ വച്ചപ്പോൾ കൊഞ്ചിക്കൊണ്ട് മോളും പെണ്ണിന്റെ കവിളിൽ മെല്ലെ കടിച്ചു.. അപ്പോഴാണ് പുറത്തു നിന്നും ആരുടെയോ കാളിങ് ബെൽ കേട്ടത്.. ചാച്ചനും അലീനചേച്ചിയും കൂടി വന്നതരാണെന്ന് നോക്കുവാൻ വേണ്ടി പോയപ്പോൾ പിന്നാലെ ആരവ് ഡോക്ടറുടെ കൈ പിടിച്ചുകൊണ്ടു നടന്നു ചെന്നു.. ചാച്ചൻ പുറത്തേക്ക് വന്നപ്പോൾ കണ്ടത് രണ്ട് പോലീസുകാരെയാണ്.. "എന്താ സാർ... അകത്തേക്ക് കയറിയിരിക്കൂ.."

ചാച്ചൻ അവരെ അകത്തേക്ക് ക്ഷണിച്ചെങ്കിലും വിനയപൂർവം അവരത് നിരസിച്ചു.. "മോളുടെ കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.. പക്ഷെ അതിന് മുൻപേ രണ്ടുപേർ ചേർന്ന് അവരെ തല്ലി കാലൊടിച്ചിട്ടുണ്ട്. അവർക്ക് ഈ ജന്മം ഇനി നടക്കാൻ പറ്റുമെന്ന് തോന്നുന്നില്ലെന്നാണ് ഡോക്ടേഴ്സ് പറഞ്ഞത്.. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ചെക്ക്‌ ചെയ്തപ്പോൾ പ്രതികളെ തല്ലി കാലൊടിച്ച രണ്ടുപേരിൽ ഒന്ന് മിസ്റ്റർ ജിതനും പിന്നെ ഈ നിൽക്കുന്ന ഡോക്ടർ ആരവും ആണെന്ന് തെളിഞ്ഞിട്ടുണ്ട്..." പോലീസ് പറയുന്നത് കേട്ടപ്പോൾ ഞെട്ടലോടെ എല്ലാവരുടെയും കണ്ണുകൾ ആരവിനു നേർക്കായി.. ആരവിന്റെ കണ്ണുകൾ ജുവലിൽ മാത്രമായിരുന്നു അപ്പോഴും.. പെണ്ണിന്റെ കൈകൾ അവന്റെ കൈകളെ മുറുകെ പിടിച്ചു.. "സാർ.. ഇനി ചെയ്യും..." താഴ്മയോടെ ചാച്ചൻ ചോദിച്ചപ്പോൾ പോലീസ് മെല്ലെ പുഞ്ചിരിച്ചു...

"പേടിക്കണ്ട.. ഡോക്ടർ എല്ലാം വളരെ പെർഫെക്ട് ആയിട്ടാണ് പ്ലാൻ ചെയ്തതെന്ന് തോന്നുന്നു.. സംഭവ സ്ഥലത്ത് ഒരു കുട്ടി പോലും ഉണ്ടായിരുന്നില്ല.. പിന്നെ സിസിടിവി ഫുട്ടേജുകൾ.. അത് ഞങ്ങളങ് നശിപ്പിച്ചു കളഞ്ഞു.." അദ്ദേഹം പറഞ്ഞപ്പോഴാണ് എല്ലാവരുടെയും ശ്വാസം നേരെ വീണത്.. "അവനെ പോലെ ഉള്ളവന്മാരൊന്നും രണ്ട് കാലിൽ എഴുന്നേറ്റ് നടക്കരുത്.. എങ്കിലേ ഏത് രാത്രിയിലും ഈ നാട്ടിൽ ഒരു പെണ്ണിന് ഒറ്റക്ക് ഇറങ്ങി നടക്കാൻ ആവൂ..." അദ്ദേഹം പറഞ്ഞത് കേട്ടപ്പോ എല്ലാർക്കും അദ്ദേഹത്തോട് ബഹുമാനം തോന്നി.. "സാർ അകത്തോട്ടിരിക്കൂ.. ഒരു കപ്പ് ചായ കുടിക്കാം..." "ആവാം..." ചാച്ചന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട് രണ്ടു പോലീസുകാരും അകത്തേക്ക് കയറിയിരുന്നു. ജുവലും അലീനേച്ചിയും അമ്മച്ചിയും അടുക്കളയിലേക്ക് പോയപ്പോൾ ആണുങ്ങൾ എല്ലാം വലിയ സംസാരത്തിലായിരുന്നു..

"ഡോക്ടർ ചെയ്തത് തന്നെയാ അതിന്റെ ശരി.. ഞങ്ങൾ പോലീസുകാർ ഇവന്മാരെയൊക്കെ പിടിച്ചിട്ടെന്താ.. ഏറിപ്പോയാൽ ഒരു രണ്ട് മാസത്തിന് നിങ്ങളുടെ മകളെ കുറിച്ച് മീഡിയക്കാർ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കും.. റേപ്പ് ചെയ്യപ്പെട്ട ഒരു പെൺകുട്ടിയെ ഇരയെന്ന ഓമനപ്പേരും നൽകി മീഡിയ പിന്നെയും പിന്നെയും പീഡിപ്പിച്ചുകൊണ്ട് ഇവന്മാരെ ജയിലിൽ കയറ്റി ചിക്കനും മട്ടനും തീറ്റിപ്പിച്ചു കേമൻമാർക്ക് ആക്കി വിടുന്നതിനേക്കാൾ നല്ലത് ഇവന്മാർക്കുള്ള ശിക്ഷ സമൂഹം നൽകുന്നത് തന്നെയാണ്.... പക്ഷെ എന്റെ അഭിപ്രായത്തിൽ നിങ്ങള് കൊടുത്തത് ഇച്ചിരി കുറഞ്ഞുപോയി... അവന്റെ കയ്യും കാലും വെട്ടി തുണ്ടം തുണ്ടമാക്കിയിരുന്നേലും ഇതുപോലെ ഞാൻ നിങ്ങളെ പുഷ്പം പോലെ രക്ഷിച്ചേനെ.." ചൂട് ചായ ഊതിയൂതി കുടിക്കുന്നതിനിടെ പോലീസ് പറഞ്ഞപ്പോൾ എല്ലാവരും പുഞ്ചിരിച്ചു..

"പോലീസുകാരെല്ലാം നിങ്ങളെ പോലെ ഉള്ളവരാന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അവന്മാരെ ഞാനും ജിതനും അവിടെ ബാക്കി വെക്കുമായിരുന്നില്ല..." ആരവ് ഡോക്ടർ പറഞ്ഞു.. പോലീസുകാർ പോയപ്പോ ആരവും പോകാനിറങ്ങി.. വീട്ടുകാർ അകത്താണെന്ന് ഉറപ്പായ ശേഷം ജുവൽ ആരവിനെ തടഞ്ഞു നിർത്തി. "എന്തെ...?" "എനിക്ക് വേണ്ടി തല്ലുണ്ടാക്കി അല്ലേ ഗുണ്ട ഡോക്ടറെ..." ചിരിച്ചോണ്ട് ചോദിച്ചപ്പോ ആരവും തിരിച്ചു ചിരിച്ചു. "നിനക്കുവേണ്ടി അല്ലാണ്ടെ ഞാൻ വേറാർക്ക് വേണ്ടി തള്ളുണ്ടാക്കാനാ പെണ്ണേ..." "ഏതായാലും എനിക്ക് വേണ്ടി കഷ്ടപ്പെട്ട് ഫൈറ്റ് ചെയ്ത സ്ഥിതിക്ക് ഒന്നും തരാതെ പറഞ്ഞയക്കുന്നത് ശരിയല്ലല്ലോ..." എന്തെന്ന് ചോദിക്കുന്നതിന് മുൻപ്.. എന്തെന്നവൻ ഊഹിക്കുന്നതിനും മുൻപ് പെണ്ണവന്റെ അടുത്തേക്ക് കൂടുതൽ ചേർന്ന് നിന്നു.. അവന്റെ കാലുകളിൽ കാല് കയറ്റി വച്ചുകൊണ്ട് ഇരുതോളിലും കൈകൾ ചേർത്തു.. പതുക്കെ ഏന്തിയേന്തി തള്ളവിരലുകളിൽ നിന്നപ്പോൾ ആരവിന്റെ കാലുകൾ ചെറുതായി നൊന്തു തുടങ്ങി..

അപ്രതീക്ഷിതമായ ഞെട്ടലിൽ അവന്റെ കണ്ണുകൾ തിളങ്ങിയപ്പോൾ തിളങ്ങുന്ന കണ്ണുള്ളവന്റെ താടിത്തുമ്പത്തവൾ മൃദുവായി ഉമ്മ വച്ചു... നാണത്തോടെ അവനിൽ നിന്നും തെന്നി മാറി നിന്നപ്പോൾ പെണ്ണ് തല താഴ്ത്തി ചിരിച്ചു.. നടന്നതെന്താണെന്ന് അവനപ്പോഴും വ്യക്തമല്ലായിരുന്നു.. ഉള്ളിൽ കിടന്ന ഹൃദയം മിടിച്ചു മിടിച്ചു മാറ് പിളർന്നു പുറത്തേക്ക് ചാടാൻ തുടങ്ങുകയാണെന്ന് തോന്നി... "കാല് നോവുന്നുണ്ടല്ലേ.. സാരമില്ല എനിക്കുവേണ്ടി ഇത്രയൊക്കെ സഹിച്ചതല്ലേ.. അപ്പൊ പിന്നെ ഇതും സഹിക്കാം.. എനിക്ക് പൊക്കം കുറവായത് എന്റെ തെറ്റല്ല..." പെണ്ണ് നാണം കുണുങ്ങിക്കൊണ്ട് പറഞ്ഞപ്പോ അവൻ കണ്ണുകൾ കൂർപ്പിച്ചുകൊണ്ടവളെ നോക്കി മീശ പിരിക്കുവാൻ തുടങ്ങി.. "എന്താടാ ഗുണ്ട ഡോക്ടറെ ഇവിടെ കറങ്ങി തിരിഞ്ഞു നടക്കണേ.. പോവാറായില്ലേ.." അല്പം ഗമയോടെ പെണ്ണ് ചോദിച്ചു..

"നീ സൂക്ഷിച്ചിരുന്നോ.. പലിശ സഹിതം തിരിച്ചു തരാട്ടോ..." ആരവ് പറഞ്ഞപ്പോൾ കളിയോടെ കൊഞ്ഞനം കുത്തിക്കൊണ്ട് പെണ്ണ് അകത്തേക്ക് കയറിപ്പോയി.. അവള് പോയ ശേഷം ആരവും കാറെടുത്തു വീട്ടിലേക്ക് തിരിച്ചു... വീട്ടിലെത്തിയപ്പോൾ അമ്മ വരാന്തയിലിരിക്കുന്നത് കണ്ടു.. കാർ പാർക്ക് ചെയ്ത് അകത്തേക്ക് കേറിച്ചെന്ന് അമ്മയുടെ മടിയിലായി തലവച്ചു കിടന്നപ്പോ അമ്മയുടെ വിരലുകൾ മുടിയിലൂടെ ഓടിനടക്കാൻ തുടങ്ങി.. "അമ്മേ..." "എന്താടാ കുഞ്ഞാ..?" "ഞാൻ ജുവലിനെ കെട്ടിക്കൊണ്ട് വന്നോട്ടെ?" അമ്മയോട് കാര്യം പറയേണ്ട താമസം അവരുടെ കണ്ണുകൾ നിറഞ്ഞു വന്നു... കുറേ നേരമായിട്ടും മറുപടിയില്ലാതായപ്പോ എഴുന്നേറ്റിരുന്നുകൊണ്ട് ആരവ് അമ്മയെ നോക്കി. അവർ അവനെ സ്നേഹത്തോടെ നോക്കിയിട്ട് അവന്റെ കവിളുകളിൽ മെല്ലെ തഴുകി... "അതിന് എന്റെ അനുവാദം വേണോടാ.. ഇനി വേണം ന്നാണെങ്കിൽ ആ അനുവാദം ഞാൻ നിനക്ക് എന്നേ തന്നതല്ലേ.. കൂട്ടിക്കൊണ്ട് പോര് എന്റെ മരുമോളെയിങ്ങോട്ട്..."

അമ്മ ആരവിന്റെ നെറ്റിയിൽ വാത്സല്യത്തോടെ മുത്തി.. ആരവ് അമ്മയെ സന്തോഷത്തോടെ ചേർത്ത് പിടിച്ചു.. 💜💜💜💜💜💜💜💜💜💜 'നമുക്കൊരു യാത്ര പോയാലോ..?' ആരവ് ഡോക്ടറുമായി ചാറ്റ് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ഡോക്ടർ പറയുന്നത്.. 'യാത്രയോ? എങ്ങോട്ട്..?' 'അതൊക്കെയുണ്ട്.. നീ റെഡിയാണോ അത് പറ..' 'ഇപ്പോഴോ?' 'ആ.. ഇപ്പൊ...' 'എവിടെക്കാന്ന് പറ..' 'എവിടെക്കാന്ന് പറഞ്ഞാലേ നീയെന്റെ കൂടെ വരുള്ളൂ?' ആരവ് ചോദിച്ചപ്പോൾ വരാമെന്നു സമ്മതിച്ചുകൊണ്ട് ഡ്രസ്സ്‌ മാറി വരാമെന്നു മെസേജ് ഇട്ടു.. 'ഞാനുടനെ അങ്ങോട്ടെത്താം...' ആരവ് ഡോക്ടർ റിപ്ലൈ അയച്ചു.. റെഡിയായി ഉമ്മറത്തെത്തിയപ്പോൾ മുറ്റത്ത് ആരവ് ഡോക്ടറുടെ കാർ കിടക്കുന്നത് കണ്ടു.. ധൃതിയിൽ മുറ്റത്തേക്കിറങ്ങി കാറിനടുത്തെത്തിയപ്പോൾ ആരവ് ഡോക്ടർ ഗ്ലാസ്‌ താഴ്ത്തിയിട്ട് തന്നെ നോക്കി ചിരിച്ചു.. "ഇതെപ്പോ വന്നു..?"

"കുറച്ചു നേരമേ ആയുള്ളൂ.. അപ്പൊ നമുക്ക് പോകാം.." ആരവ് ഡോക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ മറുവശത്തേക്ക് ചെന്ന് കാറിലേക്ക് കയറിയിരുന്നു.. "എന്നാലും എവിടെക്കാന്ന് പറ ഡോക്ടറെ..." എങ്ങോട്ടാണ് പോകുന്നതെന്നറിയാനുള്ള കൗതുകം ഉള്ളിൽ കിടന്ന് തിളക്കുകയായിരുന്നു.. "അതൊക്കെ ഒരു സർപ്രൈസ് ആടോ... താൻ കൂടുതൽ ചോദ്യങ്ങളൊന്നും ചോദിക്കണ്ട.. ജസ്റ്റ്‌ വായടച്ച് എന്റെ കൂടെ വന്നാൽ മതി..." ആരവ് ഡോക്ടർ പറഞ്ഞപ്പോൾ ശരിയെന്നു പറഞ്ഞു മിണ്ടാതിരുന്നു.. "താൻ വേണേൽ ഒന്നുറങ്ങിയൊക്കെ എണീറ്റോ... അപ്പോഴേക്കുമെ നമ്മൾ സ്ഥലത്തെത്തൂ.." ആരവ് ഡോക്ടർ പറഞ്ഞപ്പോ ഉറങ്ങണമെന്നൊന്നും തോന്നിയതല്ല.. ഇടക്ക് ആരവ് ഡോക്ടർ പാട്ട് പാടിതുടങ്ങിയപ്പോൾ ഡോക്ടറെ തന്നെ ചിരിയോടെ നോക്കിയിരുന്നിരുന്നു.. "മേടമാസ ചൂടിലെ നിലാവും തേടി.. നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ..

കുഞ്ഞുകാറ്റിൻ ലോലമാം കുസൃതിക്കയ്കൾ.. നിന്റെയോമൽ പാവാട തുമ്പുലയ്ക്കുമ്പോൾ.. ചാഞ്ചക്കം ചെല്ലക്കൊമ്പിൽ ചിങ്കാര ചേലിൽ മെല്ലെ താഴമ്പൂഴായ് തുള്ളുമ്പോൾ.. നീയെനിക്കല്ലേ.. നിൻ പാട്ടെനിക്കല്ലേ.. നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ.. കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളെ.. ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ രാഗലോല പരാഗ സുന്ദര ചന്ദ്രമുഖബിംബം..." പാട്ടിന്റെ ഈണത്തിൽ ലയിച്ചെപ്പോഴാണ് ഉറങ്ങിപ്പോയതെന്ന് അറിയില്ല.. ഉറക്കം എണീറ്റപ്പോൾ തൃശ്ശൂരിലെ ചാലക്കുടിയിലെത്തിയിരുന്നു.. "ഞാൻ വളരെ കൂടുതൽ നേരം ഉറങ്ങിപ്പോയെന്ന് തോന്നുന്നു.. ഇതെന്താ ഇവിടെ...?" കണ്ണുകൾ അടച്ചു തിരുമ്മിയിട്ട് നിവർന്നിരുന്നു.. "ചാലക്കുടി നിന്റെ ഫേവറേറ്റ് സ്ഥലമല്ലേ..?" ആരവ് ഡോക്ടർ ചോദിച്ചപ്പോൾ നെറ്റി കൂർപ്പിച്ചു വച്ചു... "എന്റെ ഫെവ്‌റേറ്റ് സ്ഥലമോ.. ഇതോ... ആ.. അത് ചിലപ്പോ മണിച്ചേട്ടന്റെ നാടയതുകൊണ്ടാവും..." എന്തോ ഓർത്തെടുത്തത് പോലെ പെണ്ണ് പറഞ്ഞപ്പോൾ ആരവ് അവളെ നോക്കി പതിയെ മന്ദഹസിച്ചു...

താമസിയാതെ അവർ ഒരു തറവാട്ടു വീടിനു മുന്നിലെത്തി.. ഒരിക്കൽ നെഞ്ച് തകർന്നു നിലവിളിച്ചു കരഞ്ഞൊരു പെണ്ണിനെ നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് അവിടെ കുറേ നേരം നിന്ന ദൃശ്യം ആരവിനോർമ്മ വന്നു.. ഒരു നോക്ക് കാണാൻ കനിവില്ലാതെ അവൾക്ക് വേണ്ടി മരിച്ചുപോയവന്റെ വീടിനു മുന്നിലാണ് തങ്ങളിപ്പോൾ.. "ഇതാരുടെ വീടാ ഡോക്ടറെ...?" ജുവൽ ചോദിച്ചപ്പോൾ പതിയെ അവളെ നോക്കി... "നീ മറന്നു പോയ നിന്റെ കഥയിലെ നായകന്റെ ആത്മാവുറങ്ങുന്ന വീടാണിത്..." ആരവ് ഡോക്ടർ മറുപടി പറഞ്ഞു.. കേട്ടപ്പോ പെണ്ണ് കൗതുകത്തോടെ അവിടേക്ക് നോക്കുന്നത് കണ്ടു.. "ഇറങ്ങുന്നില്ലേ..?" ആരവ് ഡോക്ടർ ചോദിച്ചപ്പോൾ കാറിൽ നിന്നുമിറങ്ങി വീടിനു നേരെയായി നടന്നു.. പിന്നാലെ ആരവ് ഡോക്ടറും.. മുറ്റത്തെത്തിയപ്പോൾ കതകടച്ചിരിക്കുന്നത് കണ്ടു.. "ഇവിടെ ആരുമില്ലേ....?" ആരവ് ഉറക്കെ വിളിച്ചു..

കുറേ നേരം കാതെങ്കിലും മറുപടി കിട്ടാതായപ്പോഴാണ് വീട്ടിൽ ആരുമുണ്ടാവില്ലെന്ന് മനസ്സിലാക്കിയത്.. ആരവ് വീടിന്റെ സൈഡിലേക്ക് നടന്നു ചെന്നപ്പോ പിന്നാലെ അവളുമുണ്ടായിരുന്നു.. തന്റെ ഊഹം ശരിയാണെങ്കിൽ അന്ന് ജീവനെ അടക്കം ചെയ്യുവാനായി കൊണ്ടുപോയത് ഈ വഴിയാണെന്ന് ആരവ് ഓർത്തു.. കുറച്ചുകൂടെ ചെന്നു നോക്കിയപ്പോൾ അവിടെ കൂന പോലെ മണ്ണ് കൂട്ടിവച്ചിരിക്കുന്നത് കണ്ടു... അതാവണം ജീവനുറങ്ങുന്ന മണ്ണ്... അതിന് തൊട്ടടുത്തായി ഒരു ഗുൽമോഹർ മരവും വളർന്നു വന്നിരുന്നു.. ആരവ് തിരിഞ്ഞു നോക്കി ജുവലിനെ അടുത്തേക്ക് വിളിച്ചു... മെല്ലെ മെല്ലെ പെണ്ണ് ആ മറവിടത്തിനു മുന്നിലെത്തി... "എന്റെ ആരാന്നെനിക്ക് അറിയില്ല.. ആരൊക്കെയോ ആയിരുന്നെന്ന് മാത്രമറിയാം..." ആരോടെന്നില്ലാതെ പെണ്ണ് പറഞ്ഞു.. "ആരാ അത്..?"

പെട്ടന്ന് പിന്നിൽ നിന്നും ഒരു ശബ്‌ദം കേട്ട് ആരവ് തിരിഞ്ഞു നോക്കി.. ചുവന്ന സെറ്റും മുണ്ടും ഉടുത്ത ഒരു പെൺകുട്ടി.. ഒറ്റ നോട്ടത്തിൽ അത് ദേവൂട്ടി ആയിരുന്നെന്ന് ആരവിനു മനസ്സിലായി.. ആരവിനെയും ജുവലിനെയും കണ്ടതും പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിൽ ദേവൂട്ടിയുടെ കണ്ണുകൾ നിറഞ്ഞു.. "ഞാനിപ്പോ വരാം..." അതും പറഞ്ഞുകൊണ്ടവൾ വെപ്രാളത്തോടെ തിരിഞ്ഞോടിപ്പോയി... "നിനക്കോർമ്മയുണ്ടോ അവളെ.. ദേവൂട്ടിയെ..?" ദേവൂട്ടി പോയ ശേഷം ആരവ് പെണ്ണിനെ നോക്കി ചോദിച്ചു... ഓർത്തെടുക്കാൻ ശ്രമിച്ചു നോക്കിയെങ്കിലും തോൽവി സമ്മതിച്ചുകൊണ്ടവൾ ഇല്ലെന്ന് തലയാട്ടി.. ആരവ് പിന്നെയൊന്നും പറഞ്ഞില്ല... മെല്ലെ മെല്ലെ അന്തരീക്ഷത്തിൽ ഒരു മുട്ടുന്ന ശബ്‌ദം കേട്ട് തുടങ്ങി.. പിന്നെ പിന്നെ അത് കൂടിക്കൂടി വന്നത് കേട്ടപ്പോ ശബ്‌ദം കേൾക്കുന്ന ഭാഗത്തേക്ക്‌ ആരവ് തിരിഞ്ഞു നോക്കി... വാക്കറിന്റെ സഹായത്തോടെ നടന്നു വരുന്ന ഒരുവൻ.. അവനെ നടക്കാൻ സഹായിച്ചു ചേർത്ത് പിടിച്ചുകൊണ്ട് ദേവൂട്ടിയും വരുന്നത് കണ്ടു... പെട്ടന്ന് ഉള്ളിലൊരു മിന്നലു വെട്ടി.. ഒരു ഞെട്ടലോടെ ദേവൂട്ടിയുടെ കൂടെ നടന്നു വരുന്നവന്റെ മുഖത്തേക്ക് ആരവ് ശ്രദ്ധിച്ചു നോക്കി... ആരവിന്റെ കണ്ണുകൾ വിശ്വസിക്കുവാനാകാതെ വിടർന്നു... "ജീ... വൻ....!!!!!" വിറയർന്ന സ്വരത്തിൽ ആരവ് മന്ത്രിച്ചു.......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story