അറിയാതെൻ ജീവനിൽ: ഭാഗം 38

ariyathen jeevanil adhithyan

രചന: ആദിത്യൻ മേനോൻ

"അതേയ്.. രണ്ടുപേരും ഇവിടെ ഇരിക്കുവാണോ..?" ദേവൂട്ടിയുടെ ശബ്‌ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഒപ്പം ജുവലും അവരുടെ അടുത്തേക്ക് നടന്നു വരുന്നത് കണ്ടു.. "ഒന്നുമില്ല... ഞങ്ങള് വെറുതെ ഓരോന്ന് സംസാരിക്കുവായിരുന്നു.." ജീവൻ മറുപടി പറഞ്ഞപ്പോ ജുവലും ദേവൂട്ടിയും നടന്നു വന്ന് അടുത്തടുത്തായി ഇരുന്നിരുന്നു.. "ആ മരത്തിന്മേൽ ഇത്തവണ നല്ല മാങ്ങയുണ്ടായിട്ടുണ്ട്.." അരുവിക്കപ്പുറത്തെ വലിയ കൂറ്റൻ മാവിലെ തടിച്ചുരുണ്ട മാങ്ങാക്കുലകളെ കൊതിയോടെ നോക്കിക്കൊണ്ട് ദേവൂട്ടി പറഞ്ഞു.. മാങ്ങാ പറിക്കണമെങ്കിൽ മരത്തിൽ കേറണമായിരുന്നു. ജീവനതിൽ കേറി മാങ്ങ പറിക്കാനാവില്ലെന്ന് ദേവൂട്ടി പറയാതെ പറയുകയാണെന്ന് തോന്നിയാണ് ആരവ് അവിടെ നിന്നും എഴുന്നേറ്റത്.. "വായോ, ഞാൻ പറിച്ചു തരാം..." ആരവ് ഒഴുകുന്ന അരുവിയിലേക്ക് മെല്ലെ കാലെടുത്തു വച്ചു.

"നല്ല തണുപ്പുണ്ട്..." ആരവ് പറഞ്ഞു... "നല്ല ഒഴുക്കും ഉണ്ട്.. സൂക്ഷിച്ച്...." പിന്നിൽ ഇരുന്നുകൊണ്ട് ജീവൻ വിളിച്ചു പറഞ്ഞു.. ആരവിനു പിന്നാലെ ദേവൂട്ടിയും അരുവിയിലേക്കിറങ്ങി.. "എന്റെ കൈ പിടിച്ചോ.. വെള്ളത്തിന് നല്ല ഒഴുക്കുണ്ട്.." ആരവ് കൈ നീട്ടിയപ്പോൾ ദേവൂട്ടി അവന്റെ കൈകളിൽ പിടിച്ചുകൊണ്ടു അരുവിക്കപ്പുറത്തേക്ക് നടന്നു.. ജുവലും ജീവനും മാത്രം മറുവശത്തു ബാക്കിയായി.. അവർ കരയ്ക്ക് കയറി മാവിനെ ലക്ഷ്യമാക്കി നടന്നു പോകുന്നത് നോക്കി നിന്നു... ആരവ് മരത്തിനു മുകളിലേക്ക് നിഷ്പ്രയാസം കാലെടുത്തു വച്ചു കയറുന്നതും ദേവൂട്ടി താഴെ നോക്കി നിൽക്കുന്നതും അവർക്ക് കാണാമായിരുന്നു.. സമയം കടന്നു പോയിട്ടും തനിക്കും പെണ്ണിനുമിടയിൽ ഉണ്ടായിരുന്ന നിശബ്ദതയോട് ജീവന് വെറുപ്പ് തോന്നി... "ഇങ്ങോട്ടേക്കു തന്നെ വന്നതാണോ അതോ ഇവിടെ ചാലക്കുടിയിൽ എന്തെങ്കിലും ആവശ്യത്തിന് വന്നതാണോ?" ഒരു സംഭാഷണത്തിന് തുടക്കമിടാൻ വേണ്ടി ജീവൻ വെറുതേ ചോദിച്ചു..

കണ്ണുകൾ ദൂരെ നിൽക്കുന്ന ദേവൂട്ടിയിലും ആരവിലും ആയിരുന്നു.. പെണ്ണിനെ നോക്കുവാൻ ധൈര്യമില്ല എന്ന് പറയുന്നതാവും ശരി.. "വേണ്ടപ്പെട്ടൊരുവന്റെ ആത്മാവിവിടെ ഉറങ്ങുന്നുണ്ടെന്ന് അറിയാവുന്നതുകൊണ്ട് വന്നതാണ്.. പക്ഷെ ഇവിടെ വന്നപ്പോഴാ അറിയുന്നത് ആ വേണ്ടപ്പെട്ടവനിന്നും ജീവിച്ചിരിപ്പുണ്ടെന്ന്..." പെണ്ണിന്റെ വാക്കുകൾ കേട്ടപ്പോ ഉള്ളിലൊരു ഇടി വീട്ടിവീണത് പോലെ തോന്നി ജീവന്... കേട്ടത് വിശ്വസിക്കാനാവാതെ ഒരു നിമിഷത്തിന്റെ വേഗത്തിൽ ഞെട്ടലോടെ അവൻ പെണ്ണിനെ നോക്കി.. നിറമിഴിയാലേ തന്നെ നോക്കാൻ മടിച്ചുകൊണ്ട് വിദൂരതയിലേക്ക് കണ്ണു നട്ടിരിക്കുന്ന പെണ്ണ്.. ഒരിക്കൽ കൂടി ആ വാക്കുകൾ പെണ്ണിന്റെ വായിൽ നിന്നു തന്നെ കേൾക്കണമെന്ന് തോന്നി ജീവന്.. നെഞ്ച് കിടന്ന് പിടയുവാൻ തുടങ്ങി... കണ്ണീരിന്റെ കനം കൊണ്ടാവണം പെണ്ണിന്റെ തല താണുപോയി.. കണ്ണുനീര് വലിയ വലിയ തുള്ളികളായി മടിയിലേക്ക് ഇറ്റി വീണു... "പെണ്ണേ...." വിശ്വസിക്കുവാനാകാതെ ജീവൻ അവളെ വിളിച്ചു..

പെണ്ണപ്പോഴും അവന്റെ മുഖത്തേക്ക് നോക്കുവാൻ കൂട്ടാക്കാതെ തല താഴ്ത്തി നിന്നു... "മറന്നിട്ടില്ല.. അത്ര പെട്ടെന്ന് മറക്കാനാവുമെന്ന് തോന്നുന്നുണ്ടോ..?" പെണ്ണിന്റെ മറുചോദ്യം കേട്ട് അവൻ തല താഴ്ത്തി. "ആദ്യമറിഞ്ഞപ്പോ എനിക്കും വിശ്വസിക്കാൻ പറ്റിയിരുന്നില്ല..." "ആദ്യം കണ്ടപ്പോ ജീവനോടെ ഉണ്ടെന്ന് എനിക്കും വിശ്വസിക്കാൻ പറ്റിയില്ലായിരുന്നു... ഇപ്പോഴും..." പറയുമ്പോ കണ്ണ് നിറഞ്ഞു വന്നു. "പിന്നെന്തിനെ മറന്നു പോയെന്ന് പറഞ്ഞു പറ്റിച്ചത്?" "എന്തിനേ മരിച്ചുവെന്ന് പറഞ്ഞു പറ്റിച്ചത്..?" പെണ്ണിന്റെ മറുചോദ്യം കേട്ട് ഉത്തരം പറയുവാൻ ഒരു നിമിഷം മടിച്ചു നിന്നു. "എന്റെ സാഹചര്യമതായിരുന്നു..." "എന്റേം...." പറഞ്ഞത് അത്രമാത്രം... "ഞാനെന്തിന് അങ്ങനെയൊരു കള്ളം പറഞ്ഞുവെന്ന് നിനക്കറിയണമെന്ന് തോന്നുന്നില്ലേ?" ധൈര്യം വീണ്ടെടുത്തുകൊണ്ട് പെണ്ണിന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചപ്പോൾ മറുപടിയുണ്ടായില്ല.. പെണ്ണ് ആകാശത്തേക്ക് കണ്ണുകൾ പായിച്ചു.. കുറേ നേരം കഴിഞ്ഞിട്ടും മറുപടിയില്ലാതായപ്പോൾ ജീവൻ തന്നെ പറഞ്ഞു തുടങ്ങി..

അത്രമേൽ ആഴമേറിയൊരു പ്രണയത്തെ കുഴിച്ചുമൂടപ്പെട്ടതിന് പിന്നിലെ യാഥാർഥ്യങ്ങൾ... "ഇവിടെക്കാണെന്ന് അറിഞ്ഞപ്പോ ഉള്ളിലൊരു നോവുണ്ടായിരുന്നു... പക്ഷെ ഇവിടെ വന്ന് എല്ലാമറിഞ്ഞപ്പോ...." പറഞ്ഞു പൂർത്തിയാക്കാൻ കഴിയാതെ പെണ്ണ് നിറഞ്ഞു വന്ന കണ്ണുനീര് കൈകൊണ്ട് തുടച്ചു മാറ്റി.. "എന്നോട് വെറുപ്പ് തോന്നുന്നുണ്ടോ...?" എല്ലാം പറഞ്ഞു തീർത്തശേഷം അവസാനമായി അവൻ ചോദിച്ചത് അതായിരുന്നു... അവള് മറുപടി പറഞ്ഞില്ല.. ഒരു തുള്ളി കണ്ണീര് കണ്ണിനു തുമ്പത്തുനിന്ന് താഴേക്ക് തുള്ളിവീണു.. ജീവന്റെ കൈ അവളുടെ കൈകളെ തേടിയെത്തിക്കൊണ്ട് മുറുകെ മിടിച്ചപ്പോൾ ഉള്ളിലൂടെയൊരു കൊള്ളിമീൻ പാഞ്ഞു പോയെന്ന് തോന്നി.. അപ്പോഴാണ് വലിയൊരു ഞെട്ടലോടെ ജീവന്റെ കണ്ണുകളിലേക്ക് നോക്കിപ്പോയത്... "എന്നോട് വെറുപ്പ് തോന്നുന്നുണ്ടോ...?" പിന്നെയുമാ ചോദ്യം ആവർത്തിക്കപ്പെട്ടപ്പോൾ ഇല്ലെന്ന് തലയാട്ടി... "എങ്കിൽ ഇനിയെന്നോട് പറ.. ഇത്രേം നാള് ഒന്നും നടന്നിട്ടില്ലാത്തത് പോലെ കഴിഞ്ഞുകൂട്ടാൻ എങ്ങനെ പറ്റി നിനക്ക്..?"

ജീവന്റെ ചോദ്യം കേട്ട് ചുണ്ടുകളിൽ ഒരു ചിരി വിടർന്നു... പതിയെ കൈ ജീവേട്ടനിൽ നിന്നും പിൻവലിച്ചുകൊണ്ട് എഴുന്നേറ്റു നിന്നു... "മരിച്ചൂന്ന് അറിഞ്ഞപ്പോ വല്ലാതായിരുന്നു... ഒരു ഭ്രാന്തിയെ പോലെ അലമുറയിട്ട് കരഞ്ഞത് ഓർമ്മയുണ്ട്... ഭ്രാന്തിന്റെ ഏഴാം അറയും താണ്ടി മരണത്തോടടുത്തപ്പോ എന്റെ ഉള്ളിലെ പൊട്ടിപ്പെണ്ണ് ജീവേട്ടനെ പിന്നെയും കണ്ടു.. ആശുപത്രീൽ വച്ചിട്ട്.. ഇപ്പൊ ഞാൻ മനസിലാക്കുന്നു, എനിക്ക് മാത്രം കാണാവുന്ന, എനിക്ക് മാത്രം കേൾക്കാവുന്ന എന്റെയുള്ളിലെ ഭ്രാന്തിൽ വിരിഞ്ഞൊരു കഥാപാത്രമായിരുന്നു ജീവേട്ടന്റെ ആത്മാവ്.. പൂക്കാതെ പോയ നമ്മുടെ സ്വപ്‌നങ്ങൾ ആ ആത്മാവെനിക്ക് വച്ചു നീട്ടി... പോകാറായപ്പോ ഒന്നേ പറഞ്ഞുള്ളു.. എല്ലാം മറന്ന്.. പഴേ പോലെ ആവണമെന്ന്... ജീവേട്ടനെ മറന്ന് പുതിയൊരു ജീവിതം തുടങ്ങണമെന്ന്... തീർച്ചയെന്ന് വാക്ക് കൊടുക്കുമ്പോ എന്റെ ഹൃദയത്തിന്റെ പകുതി കൂടി കയ്യിൽ വച്ചു കൊടുത്തിരുന്നു... അതുംകൊണ്ടാ അന്ന് ജീവേട്ടന്റെ ആത്മാവ് പോയത്..

അതാണ് യഥാർഥ്യമെന്ന് എന്റെയുള്ളിലെ ഭ്രാന്തിപ്പെണ്ണ് സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചതായിരുന്നു.. അന്നാണ് ജുവൽ എന്ന ഈ പെണ്ണ് മരിച്ചുപോയത്.. പിന്നീട് പുനർജനിക്കുമ്പോ എന്നെന്നും ജീവേട്ടന്റെതെന്ന് ശാഠ്യം പിടിച്ചു നടന്ന എന്റെയുള്ളിലെ പെണ്ണിനെ ഇനിയൊരിക്കലും പുറത്തുകടക്കാനാവാത്ത വിധം ഞാനൊരു താഴിട്ട് പൂട്ടി വച്ചിരുന്നു.. ഇരുമ്പഴികൾക്കുള്ളിൽ കിടന്നുകൊണ്ട് ജീവേട്ടൻ മരിച്ചിട്ടില്ലാന്ന് സന്തോഷത്തോടെ ആ പെണ്ണിന്ന് എന്റെ ഉള്ളീന്ന് വിളിച്ചോതുന്നുണ്ട്.. പക്ഷെ ആ പെണ്ണിനേ ഒരിക്കലും എനിക്കുള്ളിൽ നിന്നും സ്വാതന്ത്രയാക്കുകയില്ല.. കാരണം എന്റെ പ്രണയം തുടങ്ങുന്നത് ജീവേട്ടനിലാണെങ്കിലും അവസാനിക്കുന്നത് ആ മനുഷ്യനിലാണ്.... " മാവിൽ നിന്നും നിലത്തേക്ക് ചാടിയിറങ്ങിക്കൊണ്ട് കൈയിലെ പൊടി തട്ടി മാറ്റി നെറ്റിയിലേക്ക് ഇറങ്ങിവീണ മുടിയിഴകളെ പിന്നിലേക്ക് ഒതുക്കിക്കൊണ്ടിരുന്ന ആരവിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പെണ്ണ് പറഞ്ഞു നിർത്തി...

ഹൃദയത്തിലേക്ക് നോവ് വേര് പടർത്തുവാൻ തുടങ്ങിയപ്പോൾ സഹിക്കുവാനാകാതെ നിശ്ശബ്ദതയായി തേങ്ങിതുടങ്ങി.. "കരയല്ലേ.. ഞാനെന്നും തളർന്നു പോകാറുള്ളത് നിന്റെ ഈയൊരു കരച്ചിലിന് മുന്നിൽ മാത്രമാണ്...." പറയുമ്പോ തന്റെ കണ്ണുകളും ഈറനണിയുന്നതായി ജീവന് തോന്നി.. എന്ത് പറഞ്ഞാണ് ഈ പെണ്ണിനെ സാന്ത്വനിപ്പിക്കേണ്ടതെന്ന് അവനറിയില്ല.. "ഞാൻ.. ഞാനന്ന് രക്ഷപ്പെടരുതായിരുന്നു അല്ലേ.. അച്ഛന് പകരം ഞാൻ തന്നെ മരിച്ചു പോയിരുന്നുവെങ്കിൽ ഇത്രയും നോവ് പേറി നടക്കേണ്ടി വരില്ലായിരുന്നു..." ജീവേട്ടൻ പറഞ്ഞപ്പോഴും മറുപടി പറയാൻ തോന്നിയില്ല.. എങ്ങു നിന്നോ പാഞ്ഞുവന്ന നിശബ്ദത അവരെ പൊതിഞ്ഞു... "അവൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.. മുറുകെ പിടിച്ചോണം..." ഏറെ സമയത്തിന് ശേഷം ജീവൻ പറഞ്ഞപ്പോഴാണ് ദൂരെ അവർക്ക് നേരെ നടന്നു വരുന്ന ദേവൂട്ടിയെയും ആരവിനെയും കാണുന്നത്... ആരവിന്റെ കൈ പിടിച്ച് അരുവി കടന്നു ദേവൂട്ടിയാണ് മാങ്ങാകളുമായി ആദ്യം അടുത്തേക്ക് വന്നത്...

പിന്നാലെ ആരവ് ഡോക്ടറുമെത്തി... ജുവൽ ആരവിന്റെ അടുത്തേക്ക് നടന്നു ചെന്നുകൊണ്ട് അവന്റെ കൈകളിലൊന്നിൽ കൈ ചേർത്ത് പിടിച്ചപ്പോൾ എന്താണെന്നവൻ കണ്ണു കാട്ടി.. ഒന്നുമില്ലെന്നവൾ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി... തിരിച്ചു വീട്ടിലേക്ക് നടന്നു പോകുന്നതിനിടക്ക് ദേവൂട്ടിക്ക് ഇച്ചിരി അസ്വസ്ഥത തോന്നി.. തല ചെറുതായൊന്ന് ചുറ്റുന്നത് പോലെ.. നെറ്റിയിൽ കൈ വച്ചു കൊണ്ട് നിൽക്കുന്നവളെ ജുവലും ശ്രദ്ധിച്ചു.. "എന്തുപറ്റി ദേവൂട്ടി?" ദേവൂട്ടിയുടെ ചുമലിൽ കൈ വച്ചുകൊണ്ട് പെണ്ണ് ചോദിച്ചപ്പോൾ ഒന്നുമില്ലെന്നവൾ തലയാട്ടി... "ഒന്നുമില്ല.. ചെറിയൊരു തലകറക്കം പോലെ..." ദേവൂട്ടി പറഞ്ഞു.. പറഞ്ഞു തീർത്തതും പിന്നിൽ നിന്ന ജീവന്റെ നെഞ്ചിലേക്ക് ബോധമില്ലാതെ വീണതും ഒരുമിച്ചായിരുന്നു.. ജീവൻ ഒരുകയ്കൊണ്ടവളെ താങ്ങിപ്പിടിച്ചു.. ഉടനെ തന്നെ ആരവ് അവളെ കൈകളിൽ പൊക്കിയെടുത്തുകൊണ്ട് വരാന്തയുടെ അടുത്തേക്ക് നടന്നു..

"ദേവൂട്ടി... ദേവൂട്ടി...." വരാന്തയിൽ ഒരു കസേരയിൽ ഇരുത്തിക്കൊണ്ട് കവിളിൽ തട്ടി മെല്ലെ വിളിച്ചുനോക്കിയപ്പോൾ പതുക്കെ പതുക്കെ അവൾ കണ്ണുതുറന്നു.. "ദേവൂട്ടീ... എന്താ പറ്റിയത്...? നീയിന്നു ഒന്നും കഴിച്ചില്ലായിരുന്നോ?" ആധിയോടെ ജീവൻ ദേവൂട്ടിയോട് ചോദിച്ചു... അപ്പോഴേക്ക് ജുവൽ കുടിക്കുവാൻ വെള്ളവുമായി വന്നിരുന്നു.. ജീവൻ പെണ്ണിന്റെ കയ്യിൽ നിന്നും വെള്ളം വാങ്ങിച്ചുകൊണ്ട് ദേവൂട്ടിക്ക് കുടിക്കുവാനായി കൊടുത്തു.. "ജീവാ.. നമുക്ക് ഹോസ്പിറ്റലിൽ പോയി ഒരു ഡോക്ടറെ കാണിച്ചാലോ..?" ആരവ് പറഞ്ഞപ്പോൾ ജീവൻ ശരിയെന്നു തലയാട്ടി.. "താനിവിടെ നിന്നോ.. ഞങ്ങൾ വേഗം വരാം..." ഹോസ്പിറ്റലിലേക്ക് പോകാനായി ഇറങ്ങിയപ്പോൾ ആരവ് ജുവലിനോടായി പറഞ്ഞു.. ദേവൂട്ടിയുമായി ആരവിന്റെ കാർ വേഗത്തിൽ പോയ്‌ മറഞ്ഞ ശേഷം വരാന്തയുടെ ഒരു മൂലയിലായി പെണ്ണ് ചെന്നിരുന്നു... അവൾക്കഭിമുഖമായി മറുതലക്കൽ ജീവനുമിരുന്നു.. "അവള് നല്ല കുട്ടിയാ.. ജീവേട്ടന് നല്ല മാച്ചാ..." ജീവേട്ടനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..

"അച്ഛൻ സമ്മതിക്കില്ലാന്ന് പറഞ്ഞിട്ട് പിരിയാമെന്ന് പറഞ്ഞിട്ട് പോയവളാ.. അച്ഛന്റെ സമ്മതം കിട്ടുന്നതുവരെ കാത്തിരിക്കുകയായിരുന്നെന്ന് ഞാനറിഞ്ഞിരുന്നില്ല... എനിക്ക് അനങ്ങാൻ പോലും പറ്റാതായപ്പോ പെണ്ണ് ഇവിടെനിന്ന് എന്റെയടുത്തുനിന്ന് പോയതേ ഇല്ലായിരുന്നു.. അവളുടെ അച്ഛൻ വന്നു വിളിച്ചിട്ടും അതുവരെ അച്ഛന്റെ തീരുമാനത്തിന് മുന്നിൽ തല കുമ്പിട്ടു കൊടുത്തവൾ വരില്ലെന്ന് തലയാട്ടി.. ഇനി ജീവേട്ടന്റെ പെണ്ണായി ഇവിടെ കഴിയാനാണ് തീരുമാനമെന്നും പറഞ്ഞു.. അവളുടെ അച്ഛൻ അവളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചുകൊണ്ടാ ഇവിടെ നിന്നും ഇറങ്ങിപ്പോയത്.. അവൾക്കിപ്പോ ഞാനേ ഉള്ളു.. ഞാൻ മാത്രം...." ജീവേട്ടൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കുമ്പോ ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു... പിന്നെ പതുക്കെ പതുക്കെ ആരവ് ഡോക്ടറെ കുറിച്ചും ദേവൂട്ടിയെകുറിച്ചും ഇരുവരും വാചാലരായി..

സമയം കടന്നു പോയി.. ദേവൂട്ടിയുമായി ആരവ് ഡോക്ടർ തിരിച്ചെത്തിയപ്പോ രണ്ടുപേരും എഴുന്നേറ്റു നിന്നു. അകത്തേക്ക് കയറി വന്ന ദേവൂട്ടി ജീവേട്ടനെ ഒന്ന് നോക്കിയിട്ട് തല കുമ്പിട്ടു നാണത്തോടെ അകത്തേക്ക് കേറിപ്പോയി... എന്താണ് കാര്യമെന്നറിയാതെ നിന്ന ജീവന്റെ അടുത്തേക്ക് ചിരിയാലേ ആരവ് വന്നു നിന്നുകൊണ്ട് അവനെ വേഗത്തിൽ കെട്ടിപ്പിടിച്ചു... "കൺഗ്രേജുലേഷൻസ്..." ആരവ് പതുക്കെ മന്ത്രിച്ചപ്പോൾ ഉള്ളിലൊരു കുളിർമഴ പെയ്യുന്നത് പോലെ തോന്നി ജീവന്.. ഉള്ളു നിറയുന്ന സന്തോഷത്തോടെ ജീവൻ നിറകണ്ണാലേ ചിരിച്ചപ്പോൾ കണ്ണുകൾ ജുവലിന്റേതിൽ ചെന്നുടക്കി... നിറഞ്ഞ മനസ്സോടെ തന്നെ നോക്കി പുഞ്ചിരി തൂകുന്ന പെണ്ണിനെ കണ്ടവനും മറുപടിയായി ചിരിച്ചു കാണിച്ചു........... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story