അറിയാതെൻ ജീവനിൽ: ഭാഗം 4

ariyathen jeevanil adhithyan

രചന: ആദിത്യൻ മേനോൻ

'ഇല്ല.. പോകുന്നില്ല.. തനിക്ക് ഇഷ്ടമല്ലേൽ പോകുന്നില്ല. താൻ പോയി ഭക്ഷണം കഴിച്ചു വാ. ഞാനതു വരെ ഇവിടെ തന്നെ വെയ്റ്റ് ചെയ്തോളാം..' ജീവേട്ടന്റെ മെസേജ് കണ്ട് പെണ്ണിന്റെ കണ്ണുകളൊന്ന് വിടർന്നു. നെഞ്ചിനുള്ളിൽ എന്തോ പടർന്നു പിടിച്ചത് പോലെ തോന്നി. എന്ത് മറുപടി കൊടുക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലായിരുന്നു പെണ്ണ്. 'ഞാൻ കഴിച്ചു.' അത്രമാത്രം പറഞ്ഞു. തനിക്കിഷ്ടമല്ലെങ്കിൽ ചെയ്യുന്നില്ലെന്ന് ജീവേട്ടൻ പറഞ്ഞതിനെ കുറിച്ച് എന്താണ് മറുപടി പറയേണ്ടതെന്ന് അറിയില്ലായിരുന്നു. 'ആഹാ. വന്നോ. ഞാൻ കരുതി പിണങ്ങി പോയെന്ന്. എന്തായിരുന്നു സ്‌പെഷൽ?' താമസിയാതെ റിപ്ലൈ വന്നു. 'ചോറ്.. സാമ്പാർ.. ബീഫ് വരട്ടിയത്..' 'ആഹാ. ബീഫ് എനിക്കിഷ്ടമല്ല..' 'അതെന്നാ.. അടിപൊളി ടേസ്റ്റല്ലെ?' 'എനിക്കെന്തോ അത് കഴിക്കുമ്പോ ഓക്കാനിക്കാൻ വരും.' 'എനിക്ക് ഇഷ്ടമാണ്.' 'എന്നെയോ?' മറുചോദ്യം കേട്ട് ചിരി പൊട്ടി. പെണ്ണ് വായപൊത്തി ചിരിച്ചുപോയി. 'അയ്യടാ. താൻ കഴിക്കുന്നില്ലേ.'

'കഴിക്കണം. വിശപ്പില്ല. ആഹാരം ഒക്കെ തോന്നുമ്പോൾ കഴിക്കുമെന്നല്ലാതെ സമയത്തിനൊന്നുമില്ല.' 'ഹാ..' മനസ്സിനുള്ളിൽ എന്തൊക്കെയോ കിടന്നു മറിയുകയായിരുന്നു. ജീവേട്ടനും തന്നോട് പ്രേമം തോന്നി തുടങ്ങിയോ? ഇത്ര വേഗമോ? 'എന്താടോ? ഞാൻ നേരത്തെ അങ്ങനെ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലേ? അതാണോ ഇത്രക്ക് ശോകം?' എത്രപെട്ടെന്നാണ് ജീവേട്ടൻ തന്റെ മനസ്സിലുള്ളത് മനസ്സിലാക്കിയിരിക്കുന്നത്.. മറുപടി പറയാൻ തോന്നിയില്ല.. മനസ്സാകെയൊരു മന്ദത പോലെ തോന്നി. 'എനിക്കൊരു ഗേൾഫ്രണ്ട് ഉണ്ട്.' ജീവേട്ടന്റെ ആ മെസേജ് കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയിരുന്നു. ഓരോ കാര്യങ്ങൾ ചിന്തിച്ചു കൂട്ടിയതിന് നിരാശ തോന്നി. 'ഉണ്ടായിരുന്നു എന്നാണ് പറയേണ്ടത്.' 'അപ്പോ ഇപ്പൊ ഇല്ലേ?' ഏറെ ആകാംഷയോടെയാണ് അത് ചോദിച്ചത്. 'ഇല്ല. അവളുടെ അച്ഛനു താല്പര്യമില്ലെന്നു പറഞ്ഞിട്ട് പോയി.

നമുക്ക് അത്രമേൽ പ്രിയപ്പെട്ടവർ പെട്ടന്ന് ഒരുദിവസം യാത്ര പറഞ്ഞു പോകുക.. വല്ലാത്ത ഫീലാണ് അത്. അതൊക്കെ മറക്കാൻ വേണ്ടിയാടോ കഞ്ചാവും മയക്കു മരുന്നും ഒക്കെ ഉപയോഗിക്കാൻ തുടങ്ങിയത്. മനസ്സിൽ നിന്നുമവൾ പോയി.. പക്ഷെ ലഹരി വിട്ടിട്ട് പോകുന്നില്ല.' ജീവേട്ടന്റെ മെസേജ് ഒരു തരം പറഞ്ഞറിയിക്കാനാവാത്ത ആശ്വാസമാണ് തന്നത്. 'നിങ്ങളുടെ വീട്ടിൽ ആരൊക്കെയുണ്ട്?' 'അച്ഛൻ.. അമ്മ.. ഏട്ടൻ.. അച്ഛമ്മ..' 'ഇവരൊക്കെ എത്ര വിഷമിക്കുന്നുണ്ടാകുമെന്ന് അറിയുമോ? ആർക്കോ വേണ്ടി സ്വയം നശിക്കുക..' 'ഞാൻ ശ്രമിക്കാഡോ നിർത്താൻ..' 'ശ്രമിക്കാനല്ല.. നിർത്തിയെ പറ്റൂ.' 'എന്താ പെണ്ണേ.. നീ എന്റെ മേൽ അധികാരം കാണിച്ചു തുടങ്ങിയോ?' കൂടെ കുറേ ചിരിക്കുന്ന ഇമോജികളുമായി ജീവേട്ടന്റെ ആ മെസേജ് കണ്ടപ്പോൾ എന്തുപറയണമെന്നറിയാതെ പെട്ടു നിൽക്കുന്ന ഒരവസ്ഥയായിരുന്നു. 'നിങ്ങള് കഴിച്ചില്ലല്ലോ.. പോയി ഭക്ഷണം കഴിക്ക്..' സംസാരം വഴി തിരിച്ചു വിട്ടത് അങ്ങനെയായിരുന്നു. 'ഞാൻ കഴിച്ചിട്ട് വരാം.' 'ഇനി മേലിൽ ഭക്ഷണം കഴിക്കുന്നതിൽ ഉഴപ്പരുത്.. മനസ്സിലായല്ലോ..'

ഏതോ ഒരധികാരം തോന്നിയതിനെ പുറത്താണ് അങ്ങനെ പറഞ്ഞത്. ജീവേട്ടൻ ഭക്ഷണം കഴിക്കാനായി പോയപ്പോളാണ് ദിയയെ വിളിച്ചത്. "എന്നാ എടുക്കുവാഡീ.." വിളിച്ചപാടേ ഒന്നും മിണ്ടാത്തത് കണ്ടപ്പോൾ അങ്ങോട്ട് ഉറക്കെ ചോദിച്ചു. "ഉറങ്ങുവായിരുന്നെടീ ശവമേ.. മനുഷ്യന്റെ ഉറക്കവും നശിപ്പിച്ച്.." ചിണുങ്ങലോടെ അവൾ പറഞ്ഞു. "പിന്നേ.. ഞാൻ ജീവനെ പരിചയപ്പെട്ടു." പറയുമ്പോൾ മനസ്സറിഞ്ഞു ചിരിച്ചിരുന്നു. "ആഹാ.. എന്നിട്ട്..?" ദിയ ആകാംഷയോടെ ചോദിച്ചപ്പോൾ നടന്നതെല്ലാം പറഞ്ഞു കൊടുത്തു. "അപ്പൊ നിന്നെ അങ്ങേർക്ക് നേരത്തെ നോട്ടമുണ്ടായിരുന്നല്ലേ.." ദിയ പറയുമ്പോഴാണ് മൊബൈൽ നോട്ടിഫിക്കേഷൻ കാണുന്നത്. ജീവേട്ടനാണ്.. "ദിയാ എനിക്ക് ഒരു അർജെന്റ് കാൾ വരുന്നുണ്ട്. ഞാൻ തിരിച്ചു വിളിക്കാം.." എന്തുകൊണ്ടോ അവളോട് അങ്ങനെ പറയാനാണ് തോന്നിയത്. അവൾ തിരിച്ചെന്തെങ്കിലും പറയുന്നതിന് മുൻപേ കോൾ കട്ട് ചെയ്തിരുന്നു. 'വന്നോ.. കഴിച്ചോ?' 'കഴിച്ചു..' 'എന്നതാസ്‌പെഷൽ?' 'ചോറ്.. എഗ്ഗ്..' 'എഗ്ഗ് എനിക്ക് തീരെയിഷ്ടമല്ല..' 'എന്റെ ഫെവ്‌റേറ്റ് ആണ് എഗ്ഗ്.

തനിക്ക് ഇഷ്ടമില്ലാത്ത സ്ഥിതിക്ക് ഒരിക്കൽ കാണുമ്പോ ഞാൻ എഗ്ഗ് പഫ്‌സ് വാങ്ങിച്ചു തരും തനിക്ക്.' 'എങ്കിൽ തന്നെക്കൊണ്ട് ഞാൻ ബീഫ് ബിരിയാണിയും കഴിപ്പിക്കും.' 'നീ തന്നാൽ കഴിക്കാണ്ടിരിക്കാൻ പറ്റുമോ?' പിന്നെയും ജീവേട്ടന്റെ ചോദ്യങ്ങൾ.. മറുപടി എന്തുപറയുമെന്ന് കരുതി നിർനിമേഷയായ നിമിഷങ്ങൾ.. അന്ന് ഉച്ചക്ക് തുടങ്ങിയ ചാറ്റ് അവസാനിപ്പിച്ചത് രാത്രി ചാച്ചന്റെ കാറിന്റെ ശബ്‌ദം കേട്ടപ്പോളായിരുന്നു. 'ഞാൻ പോകുവാ. കുറച്ചു കഴിഞ്ഞു വരാം.' 'പോകുവാണോ?' 'ചാച്ചൻ വന്നിട്ടുണ്ട്.' 'ഉവ്വോ? എന്നാൽ പോയി വാ.' 'ഹാ.. ഭക്ഷണം കഴിച്ചൊക്കെ കഴിഞ്ഞിട്ട് വരാം. താനും കഴിക്കണേ..' 'കഴിക്കാടോ.. താൻ പോയി വാ.' ജീവേട്ടൻ പറഞ്ഞു. മൊബൈൽ ഓഫ് ചെയ്ത് ടേബിളിൽ വച്ചപ്പോൾ ക്ലോക്കിൽ സമയം ഏഴരയായത് കണ്ടു. ഉച്ചക്ക് രണ്ടരക്ക് തുടങ്ങിയ ചാറ്റ് ഏഴര വരെ.. എന്നിട്ടും ഇത്രയും സമയം നീങ്ങിയത് താനെന്തുകൊണ്ടറിഞ്ഞില്ല.. ഋതുക്കൾ മാറുന്നതും ഇലകൾ പൊഴിയുന്നതും മുടൽമഞ്ഞുയരുന്നതും ഞാനെങ്ങനെ ശ്രെദ്ധിക്കനാണ്? എന്റെയുള്ളിൽ വസന്തമായിരുന്നു.. മരണമില്ലാത്ത പ്രണയവും.. കമലാ സുരയ്യ എഴുതിയത് എത്ര ശരിയാണ്. ഒരു നിമിഷം മാറി നിന്നപ്പോഴേക്കും ജീവേട്ടനെ മിസ്സ്‌ ചെയ്യാൻ തുടങ്ങിയത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.

താഴേക്കിറങ്ങി ചെല്ലുമ്പോഴെല്ലാം എങ്ങനെയെങ്കിലും തിരിച്ചു മുറിയിലെത്തി ജീവേട്ടനോട് സംസാരിച്ചാൽ മതിയെന്നായിരുന്നു മനസ്സിൽ. താഴെ പോയി നോക്കിയപ്പോൾ ചാച്ചൻ ടീവിയിൽ ന്യൂസ് കാണുകയായിരുന്നു. മടിയിൽ ദച്ചു മോളും ഇരിക്കുന്നുണ്ട്. പെണ്ണിന് ചാച്ചനെ വലിയ ഇഷ്ടമാണ്. ന്യൂസിൽ ഇന്നത്തെ കൊറോണ സംബന്ധിച്ച വിവരങ്ങളായിരുന്നു മുഴുവനും. തന്നെ കണ്ടപ്പോൾ അലീനേച്ചിയും അമ്മച്ചിയും കൗതുകത്തോടെ നോക്കുന്നുണ്ട്. സാധാരണ ഇത്രയും സമയമൊന്നും മുറിക്കകത്തിരിക്കാറില്ല. "നീ ഉറങ്ങുവായിരുന്നോ?" "ഉവ്വ് അമ്മച്ചീ. നല്ല ക്ഷീണമുണ്ടായിരുന്നു. പിന്നേ ലോക് ഡൌൺ ഒക്കെയല്ലേ.. എവിടേക്കും പോകാനൊന്നും ഇല്ലല്ലോ." പറഞ്ഞുകൊണ്ട് ചാച്ചന്റെ അടുത്ത് പോയിരുന്നു. "ചാച്ചൻ എന്നാ വിളിച്ചിട്ട് കാൾ എടുക്കാഞ്ഞേ?" "മീറ്റിംഗ് ഉണ്ടായിരുന്നു. തിരിച്ചു വിളിക്കാനും പറ്റിയില്ല. ഏതായാലും ആരവിനെ കാണിച്ചല്ലോ.." ചാച്ചൻ പറഞ്ഞു. ദച്ചു മോളുടെ കുഞ്ഞിക്കൈ തന്റെ കൈ വെള്ളയിൽ എടുത്തുവച്ചു മെല്ലെ തലോടി. "കഴിക്കാനെടുത്തു വച്ചിട്ടുണ്ട്."

അമ്മച്ചി പറഞ്ഞപ്പോൾ ചാച്ചന്റെ കയ്യിൽ നിന്നും ദച്ചു മോളെ വാങ്ങിയിട്ട് ഡൈനിങ്ങ് ടേബിളിൽ പോയിരുന്നു. അമ്മച്ചി വന്ന് ബീഫ് വരട്ടിയത് കോരിയിട്ടു തന്നപ്പോൾ അറപ്പോടെ അതിനെ നോക്കി. "ഇയ്യോ ഇതെന്നാ? എടുക്കെടുക്കെടുക്ക്.." മറ്റെന്തോ കണ്ടത് പോലെ അമ്മച്ചിയോടു പറഞ്ഞു. "ബീഫാ പെണ്ണേ.." "എനിക്ക് വേണ്ടാ.. ഞാനിനി ബീഫ് കഴിക്കത്തില്ല.. എനിക്കെന്തോ ഇപ്പൊ കഴിക്കുമ്പോ ഓക്കാനം വരും." എത്ര പെട്ടന്നാണ് തന്റെ ഇഷ്ടങ്ങൾ മാറിപ്പോയത്. അതോർത്ത് പെണ്ണിന് ചിരി പൊട്ടി. "ഈ പെണ്ണിനിത് എന്നാ പറ്റി? ബീഫ് വാങ്ങിക്കാൻ പറഞ്ഞതേ ഇവളാ." അമ്മച്ചി താടിക്കു കൈവച്ചുകൊണ്ട് ചാച്ചനോട് പറയുന്നത് കേൾക്കാമായിരുന്നു. ചാച്ചനും തലയാട്ടി ചിരിക്കുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞു വേഗം റൂമിലേക്ക് പോയി. ഫോണെടുത്ത് നോക്കിയപ്പോൾ ജീവേട്ടൻ അപ്പോഴും ഓൺലൈനിൽ ഉണ്ടായിരുന്നു. 'ഞാൻ വന്നു..' മെസേജ് അയച്ചതും സീൻ ആയതും ഒരുമിച്ചായിരുന്നു. 'വന്നോ.' 'നിങ്ങള് എന്റെ മെസേജ് വരുന്നതും നോക്കി ഇരിക്കുവായിരുന്നോ?'

'അതേ..' 'എന്നാത്തിന്?' 'ആവോ..' 'താൻ കഴിച്ചോ?' 'ഉവ്വ്.. കഴിച്ചു വേഗം വന്നു..' 'എന്നാത്തിന്?' 'തന്നോട് സംസാരിക്കാൻ..' 'എന്നാത്തിന്?' 'ആവോ..' 'എന്നാലും പറ..' 'ദേ പെണ്ണേ.. വെറുതേ വട്ടാക്കാതെ പോ കുരിപ്പേ..' ജീവേട്ടൻ പറഞ്ഞു. 'എന്നാൽ ഞാൻ പോകുവാ.' 'എവിടേക്ക്?' 'എങ്ങോട്ടേലും പോകുവാ.. എന്നോട് പോകാൻ പറഞ്ഞില്ലേ..' കുട്ടികളെ പോലെ കൊഞ്ചിക്കൊണ്ട് പറഞ്ഞു. 'പോവല്ലേ.. ഞാൻ കളി പറഞ്ഞതല്ലേ..' ജീവേട്ടൻ പറഞ്ഞു. മറുപടി കൊടുത്തില്ല. ഇത്തിരി വെയിറ്റ് ഇടാമെന്ന് കരുതി. റിപ്ലെ കാണാതായപ്പോൾ ജീവേട്ടൻ പിന്നെയും മെസേജ് അയച്ചു. 'ഡോ..' അതിനും മറുപടി കൊടുത്തില്ല.. എവിടെവരെ പോകുമെന്നറിയാൻ ചെറിയ കൗതുകമുദിച്ചു. 'എഡോ.. സോറി.. മിണ്ടാതിരിക്കല്ലേ..' പിന്നെയും മെസേജസ് വന്നു. ഒന്നിനും മറുപടി കൊടുത്തില്ല.. അപ്പോഴാണ് മറ്റേതോ ഒരു പ്രൈവറ്റ് നമ്പർ മെസേജ് അയച്ചിരിക്കുന്നത് കണ്ടത്. പ്രൊഫൈൽ പിക്ചർ തുറന്നു നോക്കിയപ്പോൾ അത് ലോഡ് ആയിരുന്നില്ല. അതുകൊണ്ട് മെസേജ് തുറന്നു. 'ഹായ്..' 'ഹെലോ.. മെയ്‌ ഐ നോ യൂ?'

'ഇത് ഞാനാ.. ആരവ്.. കുട്ടിക്കിപ്പോ എങ്ങനെയുണ്ട്? കൈ വേദനിക്കുന്നുണ്ടെന്ന് പറയുന്നുണ്ടോ?' മെസേജ് കണ്ടപ്പോൾ ഒന്ന് അമ്പരന്നിരുന്നു. മറുപടി കൊടുക്കുന്നതിനു മുൻപ് പ്രൊഫൈൽ ചിത്രം തെളിഞ്ഞു വന്നു. ക്ലിക്ക് ചെയ്തു നോക്കിയപ്പോൾ ഒരു കറുത്ത കാറിന്റെയടുത്ത് ചാരി നിൽക്കുന്ന കറുത്ത ഷർട്ടും വെള്ള മുണ്ടും ധരിച്ച് കൂളിംഗ് ഗ്ലാസുവച്ചു ചിരിച്ചു നിൽക്കുന്ന ആരവ് ഡോക്ടറുടെ ഫോട്ടോ.. 'കുഴപ്പമൊന്നുമില്ല.. വേദനിക്കുന്നെന്ന് പറഞ്ഞപ്പോൾ ടാബ്ലറ്റ്സ് കൊടുത്തിരുന്നു..' മെസേജ് സെന്റ് ചെയ്തിട്ട് വേഗം ജീവേട്ടന്റെ ചാറ്റ് തുറന്നു നോക്കി. അതിലെ മെസേജസ് കണ്ട് അമ്പരന്നു പോയിരുന്നു. ഒരുപാടൊരുപാട് സോറികൾ...

ഇനിയും മിണ്ടാതിരിക്കേണ്ടെന്ന് കരുതിയത് അത് കണ്ടപ്പോഴാണ്. വെറുതേ കളിക്ക് വേണ്ടിയാണ് മെസേജ് റിപ്ലൈ കൊടുക്കാതിരുന്നത്. 'ഞാൻ വെറുതേ പറഞ്ഞതാ.. വെറും പ്രഹസനം..' പറഞ്ഞുകൊണ്ട് കണ്ണു പൊത്തുന്ന ഇമോജിയും അയച്ചു. 'ഞാൻ പേടിച്ചു..' 'എന്നാത്തിന്?' 'പിണങ്ങിപ്പോയെന്ന് കരുതി..' 'ഇല്ല.. ഞാൻ വെറുതേ മെസെൻജറിലൊന്ന് ഒന്ന് കയറിയതാ.. അവിടെ കുറേ കോഴികൾ ഉണ്ട്.. അതിങ്ങൾക്ക് മറുപടി കൊടുത്തതാ. ഉമ്മ വേണ്ടവർക്ക് ഉമ്മയും ഉമ്മുമ്മയും ഒക്കെ കൊടുത്തു..' വെറുതേ പറഞ്ഞതായിരുന്നു.. അങ്ങേര് പിന്നേ മറുപടി തന്നില്ല.. 'എവിടെ? പോയോ നിങ്ങൾ..?' കുറേ നേരം കഴിഞ്ഞും മറുപടി കിട്ടാതായപ്പോ ഒന്നുകൂടെ അങ്ങോട്ട് മെസേജ് അയച്ചു. 'പോയാൽ നിനക്കെന്താ?' 'എന്താ ഇപ്പൊ അങ്ങനെ..?' 'എനിക്ക് വല്ലാതെ ഫീൽ ആകുന്നു പെണ്ണേ.. നീ ഇങ്ങനെയൊക്കെ പറയുമ്പോ.. എന്തോ വല്ലാണ്ടെ നോവുന്നു..' ജീവേട്ടൻ പറഞ്ഞു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story