അറിയാതെൻ ജീവനിൽ: ഭാഗം 5

ariyathen jeevanil adhithyan

രചന: ആദിത്യൻ മേനോൻ

ജീവേട്ടൻ അത് പറയുമ്പോൾ കണ്ണുകൾ വിടർന്നു പോയിരുന്നു.. ഒരൊറ്റ ചോദ്യമേ മനസ്സ് ചോദിക്കുന്നുള്ളു.. ഒറ്റ ദിവസം കൊണ്ടോ? ഒരൊറ്റ ദിവസം കൊണ്ടോ? 'ഒറ്റ ദിവസം കൊണ്ട് ഇങ്ങനെയൊക്കെ തോന്നുന്നോ?' മടിച്ചുകൊണ്ട് ചോദിച്ചു. 'ഒറ്റ ദിവസമല്ല പെണ്ണേ.. തന്നെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് മാസം രണ്ട് കഴിഞ്ഞു. ഗ്രൂപ്പിൽ തന്റെ സംസാരവും.. കളിയും ചിരിയും.. ചർച്ചകളും.. എല്ലാം ഞാൻ രണ്ട് മാസങ്ങളായി ശ്രദ്ധിക്കുവാൻ തുടങ്ങിയിട്ട്..' ആ മെസേജ് കണ്ടപ്പോൾ കൂടുതൽ അമ്പരന്നു പോയി. 'എന്തിന്?' അക്ഷമയോടെ ചോദിച്ചു. 'ഞാൻ തന്നോട് എന്റെ പഴയ ഗേൾ ഫ്രണ്ടിനെ പറ്റി പറഞ്ഞിട്ടില്ലേ?' അത് പറഞ്ഞപ്പോൾ പെണ്ണിന് ലേശം വിഷമം തോന്നിയിരുന്നു. 'ഹം..' 'അവളുടെ അതേ സംസാരമാണ് തനിക്കും. അവളുടെ അതേ ചിരിയും. അവളുടെ അതേ മുഖഛായയും. അതാണ് എന്നെ തന്നിലേക്ക് പെട്ടന്ന് അടുപ്പിച്ചത്. പക്ഷേ എന്നെ അറിയുക പോലുമില്ലാത്ത തനിക്ക് അപ്പോൾ മെസേജ് അയക്കാൻ തോന്നിയില്ല. തന്റെ മെസേജ് ആദ്യമായി കണ്ടപ്പോൾ നെഞ്ചിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖമായിരുന്നു.

തന്നോട് ഇങ്ങനെയൊക്കെ തോന്നിയത് വെറും ഒറ്റ ദിവസം കൊണ്ടല്ല പെണ്ണേ.' ജീവേട്ടൻ പറഞ്ഞു തീരുന്നത് വരെ കാത്തിരിക്കുകയായിരുന്നു പെണ്ണ്. കണ്ണുകൾ വല്ലാണ്ടെ നിറഞ്ഞു. വേണ്ടെന്നു വച്ചു പോയ പെണ്ണിനെ തന്നിൽ കാണാൻ ശ്രമിച്ചതാണോ.. എങ്കിൽ അവളിനി അഥവാ തിരിച്ചു വന്നാൽ അവളിലേക്ക് തന്നെ തിരിച്ചു പോകില്ലേ.. ഒരു സെക്കൻഡ് ചോയിസ്? അതാണോ താൻ.? 'നീ കരുതുന്നുണ്ടാകും ഞാനിഷ്ടപ്പെട്ട പെണ്ണിന്റെ കാരക്ടറിസ്റ്റിക്സ് നിന്നിൽ കണ്ടപ്പോ ഞാൻ അവളാണെന്ന് കരുതി നിന്നിൽ വീണുപോയതാകുമെന്ന്.. ഒരിക്കലുമല്ല പെണ്ണേ.. അവളുടെ സ്വഭാവഗുണങ്ങൾ കണ്ടപ്പോ ഞാൻ നിന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത് മാത്രമാണ്, നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയത് ഗ്രൂപ്പിൽ നിന്റെ ഓരോ സംസാരവും കേട്ടിട്ടാണ്..' ജീവേട്ടൻ പറഞ്ഞു നിർത്തി. 'എന്നിട്ടെന്തേ മെസേജ് അയച്ചില്ല..'

'മെസേജ് അയക്കാൻ തോന്നിയില്ല. അയച്ചിട്ട് എന്ത് പറയണമെന്നറിയില്ലായിരുന്നു എന്നതാണ് സത്യം.' ജീവേട്ടൻ പറഞ്ഞു നിർത്തി. മറുപടി കൊടുത്തില്ല. എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. 'ഡോ.. സോറി..' പിന്നെയും ജീവേട്ടന്റെ മെസേജസ് വന്നു.. 'അവളുടെ പെരുമാറ്റം എന്നിലും കണ്ടതോണ്ടല്ലേ എന്നെ ശ്രദ്ധിച്ചു തുടങ്ങിയത്. അവൾ ഇനി തിരിച്ചു വന്നാൽ ഞാനൊരു ചോയ്സ് ആവില്ലേ?' ആ മെസേജ് അയച്ചപ്പോൾ കുറേ നേരത്തിനു മറുപടിയുണ്ടായിരുന്നില്ല. 'നീ മറന്നുപോയിരിക്കുന്നു. ഞാൻ നേരത്തെ പറഞ്ഞിരുന്നു, അവളോടുള്ള എന്റെ പ്രണയം അവസാനിച്ചു കഴിഞ്ഞെന്നു. അവൾ പോയതിന്റെ വിഷമം തീർക്കാനല്ല ഞാൻ ഇപ്പോൾ ലഹരിയുപയോഗിക്കുന്നത്.. അതിൽ അഡിക്ട്ട് ആയിപ്പോയതുകൊണ്ട് മാത്രമാണ്. ഇപ്പൊ തന്നോട് സംസാരിക്കുമ്പോൾ പഴയ എന്നെ തിരിച്ചു കിട്ടിയത് പോലെ തോന്നുന്നു എനിക്ക്.. സാധാരണ ഈ സമയത്ത് കള്ളും കഞ്ചാവുമൊക്കെയായി കിളി പറന്ന് ഇരിക്കാറാണ് പതിവ്. പക്ഷെ നോക്ക്.. ഇന്ന് ഞാൻ ടോട്ടലി ഓക്കേ ആണ്..'

ആ മെസേജിനൊപ്പം ചിരിച്ചുകൊണ്ടുള്ള ഒരു ഫോട്ടോയിൽ ജീവേട്ടൻ അയച്ചു തന്നു. ഒരുപാട് സന്തോഷം തോന്നി. ഇത്രപെട്ടെന്ന് ഇങ്ങനെയൊക്കെ ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല.. ഒറ്റ ദിവസം ഇങ്ങനെയൊക്കെ തോന്നിയോ എന്ന ചോദ്യം മനസ്സിൽ നിന്നും ഒഴിഞ്ഞു പോയിരുന്നു. 'ശരി ശരി..' ആ മെസേജ് അയക്കുന്നതിനോടൊപ്പം കുറേ ചിരിക്കുന്ന ഇമോജികളും അയച്ചു. 'ഇനി നീ പറ..' 'എന്ത്?' 'എന്റേതല്ലേ?' ആ ചോദ്യം കേട്ട് പെണ്ണ് ചിരിയോടെ വായ പൊത്തി. അതേ അതേ എന്ന് ടൈപ്പ് ചെയ്യാൻ വിരലുകൾ തുടിച്ചു. 'അല്ല.. ഞാൻ ആരവിന്റെതാണ്..' എന്തുകൊണ്ട് അങ്ങനെ ഡോക്ടറുടെ പേര് പറഞ്ഞു എന്ന് അറിയില്ല. ജീവേട്ടനെ വട്ടം കറക്കുവാൻ വെറുതേ വായിൽ വന്നൊരു പേര് അത്ര മാത്രം. 'എനിക്ക് വല്ലാതെ വേദന തോന്നുന്നു.. നീ ഇങ്ങനെയൊക്കെ പറയുമ്പോൾ.. നീ എന്റെയാ..' ജീവേട്ടൻ പറഞ്ഞു. 'അല്ല..' പിന്നെയും ചിരിയോടെ പറഞ്ഞു. 'എന്റെയാ.. എന്റെ മാത്രം. എന്നും എന്റെ മാത്രം..' ജീവേട്ടനും വിട്ടു തന്നില്ല. 'അതേ.. ജീവേട്ടന്റെ പെണ്ണ്..' പറയുമ്പോൾ മനസ്സിൽ ഉറച്ച ബോധ്യമുണ്ടായിരുന്നു. എന്നും ജീവേട്ടന്റേത് മാത്രമായിരിക്കും എന്ന വിശ്വാസവും. 'അപ്പൊ ആരവ് ആരാ?' 'ആരോ.. പെട്ടന്ന് വായിൽ കിട്ടിയ പേര്..' ചിരിയോടെ പെണ്ണ് പറഞ്ഞു.

'എന്ത് ചെയ്യുവാ?' 'ഞാനിവിടെ ചുമ്മാ കിടക്കുവാ.. നിങ്ങളോ?' 'ഇവിടെയും കിടത്തം തന്നെ.. അവിടെ കൊറോണ എന്താ സീൻ?' 'എല്ലായിടത്തും ലോക്കല്ലേ? ഇവിടെ അതികം സ്‌പ്രെഡ്‌ ആയിട്ടില്ല എന്ന് തോന്നുന്നു.' 'ഹാ.. താൻ ഉറങ്ങാൻ പോകുന്നില്ലേ?' 'പോണോ?' എന്നൊരു ചോദ്യം തിരിച്ചു ചോദിച്ചു. 'വേണ്ടാ..' പെട്ടന്ന് തന്നെ റിപ്ലൈ വന്നു. ഒരു നോക്ക് കാണാതെ, ഒരു സ്പർശനം പോലുമില്ലാതെ പ്രണയിക്കാനാവില്ലെന്ന് ആരാണ് പറഞ്ഞത്.. നേരിട്ട് കണ്ടുള്ള പ്രണയത്തേക്കാൾ ഓൺലൈൻ വഴിയുള്ള പ്രണയത്തിന് തന്നെയാണ് തീവ്രത കൂടുതൽ. എന്തെന്നാൽ അത് വാക്കുകൾ കൊണ്ടുള്ള യുദ്ധമാണ്.. വാക്കുകളേക്കാൾ മൂർച്ചയേറിയ മറ്റെന്താണുള്ളത്.. ആഴ്ചകൾ കടന്നു പോയി. ചിലപ്പോഴൊക്കെ പെണ്ണിനെ മുറിയിൽ നിന്നും പുറത്തേക്ക് പോലും കാണാതായി. എല്ലായ്പോഴും അവനും അവളും മാത്രമായ അവരുടേതായൊരു ലോകം.. നേരം വെളുത്തു. പെട്ടന്ന് തന്നെ എണീറ്റ് പ്രഭാതകൃത്യങ്ങളൊക്കെ കഴിച്ചു ഫോണെടുക്കുവാനുള്ള പിടച്ചിൽ ആയിരുന്നു. വേഗം തന്നെ ജീവേട്ടന് ഗുഡ് മോർണിംഗ് അയച്ചു. അങ്ങേരപ്പോൾ ഓൺലൈനിൽ ഉണ്ടായിരുന്നു.

'നീ ഇത്ര പെട്ടന്ന് എഴുന്നേറ്റോ?' മറുപടി വന്നു. 'ഹും.. നിങ്ങള് ഭക്ഷണം കഴിച്ചോ?' 'ഏയ്‌ ഇല്ല.. കിടക്കയിൽ തന്നെയാ. പല്ല് പോലും തേച്ചിട്ടില്ല.' ജീവേട്ടൻ പറഞ്ഞു. 'ശേ. കഷ്ടം. പോയി പല്ല് തേച്ചു വാ. നാറിയിട്ടു വയ്യ..' ചിരിച്ചുകൊണ്ട് ബെഡിൽ പോയിരുന്നു. 'ഇപ്പൊ പോണോ?' 'പോയേ പറ്റൂത്തുള്ളൂ. എന്തൊരു നാറ്റം.' 'ആഹാ. അത്രക്കായോ. എന്നാൽ ഞാനൊരു ഉമ്മ തന്നിട്ടേ പോണുള്ളു.' 'അയ്യേ.. എനിക്കെങ്ങും വേണ്ട. നാറിയ ഉമ്മ. പോയി പല്ല് തേക്ക് മനുഷ്യ..' കൊഞ്ചിക്കൊണ്ട് പറഞ്ഞു. 'പോവില്ല. നീ പറഞ്ഞ സ്ഥിതിക്ക് ഉമ്മ തന്നിട്ടേ പോകുന്നുള്ളൂ.. വാശിയാ.' 'പല്ല് തേക്കാതെ എനിക്ക് ഉമ്മ തന്നാൽ ഞാൻ എന്റെ മെസെഞ്ചറിലെ കോഴി ചേട്ടന്മാർക്ക് ഉമ്മ കൊടുക്കും നോക്കിക്കോ.' ആ മെസേജിനു അങ്ങേര് റിപ്ലൈ തന്നില്ല. പല്ല് തേക്കാൻ പോയതാണെന്ന് കരുതി. തേച്ചിട്ട് വരുന്നതും നോക്കി കാത്തിരുന്നു. അങ്ങേര് വന്നില്ല.. കുറേ നേരം കഴിഞ്ഞു. പെണ്ണിന് സങ്കടം തോന്നി. വരുന്നതും കാത്ത് പ്രൊഫൈലിലേക്ക് കണ്ണു നട്ടിരുന്നു. പെട്ടന്ന് ഓൺലൈൻ എന്ന് കാണിച്ചു.

അക്ഷമയോടെ മെസേജിനായി കാത്തിരുന്നു. മറുപടിയുണ്ടായില്ല.. കുറേ നേരം കാത്തു. പെട്ടന്നത് ഓഫ്‌ലൈൻ ആയി. പെണ്ണിന്റെ കണ്ണ് നിറഞ്ഞു. മൊബൈൽ ബെഡിലെറിഞ്ഞു കണ്ണുകൾ തുടച്ചു. ഉച്ചയായിട്ടും ജീവേട്ടൻ മറുപടി തരാത്തത് കണ്ടാണ് അങ്ങോട്ടേക്ക് മെസേജ് അയക്കുന്നത്. 'സോറി..' മെസേജ് സീൻ ആയിട്ടും റിപ്ലൈ തന്നില്ല. പ്രതീക്ഷയോടെ കാത്തിരുന്നു. അതിനിടയിൽ അങ്ങേര് ഓഫ്‌ലൈനിൽ പോയി.. പിന്നെയും വന്നു.. റിപ്ലൈ മാത്രം തന്നില്ല.. കരച്ചിൽ വന്നു. തലയിണയിൽ മുഖം പൊത്തുമ്പോൾ കണ്ണീര് ഒലിക്കുന്നുണ്ടായിരുന്നു. 'സോറി.. സോറി.. സോറി..' റിപ്ലൈ തരുന്നത് വരെ സോറികൾ അയച്ചുകൊണ്ടിരുന്നു. സീൻ ആയതല്ലാതെ ഒരു റിപ്ലൈ പോലും എത്തിയില്ല. ഇടക്ക് അലീനേച്ചി വിളിച്ചു. താഴേക്ക് ചെന്നു. കുറച്ച് ദിവസങ്ങളായുള്ള പരാതിയാണ് താഴേക്ക് തന്നേ കാണുന്നില്ല എന്നത്. മൂഡ് ഓഫ് ആയി ഇരിക്കുന്നതിനേക്കാൾ നല്ലത് ദച്ചുമോളുടെ കൂടെ ഇരിക്കുന്നതാണെന്ന് തോന്നി. പെണ്ണിനെ മടിയിലിരുത്തി പുറത്തെ വരാന്തയിലിരുന്നു. അപ്പോഴാണ് പോസ്റ്റുമാൻ വരുന്നത് കണ്ടത്. അലീനേച്ചിക്ക് ഇച്ചായൻ വല്ലതും അയച്ചതാകുമെന്ന് കരുതി ചേച്ചിയേ വിളിച്ചു കൊണ്ടുവന്നു. "ജുവൽ ജോർജ് പീറ്റർ.." "അത് ഞാനാണ്.."

പോസ്റ്റ്മാൻ ഒരു കടലാസ് നീട്ടി. അതിൽ ഒപ്പിട്ടു കൊടുത്തു. ഒരു ബോക്സ്‌ കയ്യിൽ തന്ന ശേഷം അയാൾ നടന്നു പോയി. കൗതുകത്തോടെ കൊറിയർ തുറന്നു നോക്കി. ആ പെട്ടി നിറയെ കിറ്റ് കാറ്റുകളായിരുന്നു. ഇത് പ്രതീക്ഷിച്ചതാണ്.. അതുകൊണ്ട് തന്നേ ഞെട്ടലിനേക്കാൾ ആരാണയച്ചതെന്ന് അറിയാനുള്ള ആകാംഷയായിരുന്നു കൂടുതൽ. കിറ്റ് കാറ്റുകൾ എടുത്തു മാറ്റി നോക്കി. അന്നത്തെ പോലെ തന്നെ അടിയിൽ ഒരു പേപ്പർ സ്ലിപ് കണ്ടു. അതിൽ ഇങ്ങനെ എഴുതിയിരുന്നു.. 'ടു ജുവൽ വിത്ത്‌ ലവ്.. - അപരിജിതൻ' "ഇതുതന്നെയല്ലേ അന്നത്തെ പെട്ടിയിലും ഉണ്ടായിരുന്നത്?" സ്ലിപ് മറിച്ചു നോക്കിക്കൊണ്ട് അലീനേച്ചി പറഞ്ഞു. "അടുത്ത തവണ ആ പോസ്റ്റ്മാൻ വരുമ്പോ അല്പം കൂടിയെന്ന് ശ്രദ്ധിക്കണം.. ഇതിലെന്തോ ഒരു ഗുട്ടൻസ് ഒളിഞ്ഞിരിപ്പുണ്ട്."

ആ അപരിജിതൻ ആരെന്നറിയാനുള്ള കൗതുകമുണ്ടായിരുന്നുവെങ്കിലും മനസ്സിൽ ജീവേട്ടൻ മിണ്ടാത്തതിന്റെ സങ്കടം മാത്രമായിരുന്നു. ദച്ചുമോളെ മടിയിലിരുത്തി കിറ്റ് കാറ്റ് പൊളിച്ചു ചെറിയ കഷ്ണങ്ങളായി വായിലിട്ട് കൊടുക്കുമ്പോഴും മനസ്സ് ശൂന്യമായിരുന്നു. തിരിച്ചു റൂമിലെത്തുമ്പോൾ ജീവേട്ടന്റെ മെസേജ് ഉണ്ടാകും എന്നൊരു ഉറപ്പിലാണ് പിന്നേ ചിന്തകളുടെ ഭാരമിറക്കി വച്ചത്. തിരിച്ചു റൂമിലെത്തിയത് രാത്രിയാണ്. വേഗം തന്നെ മൊബൈൽ തപ്പിയെടുത്തു നോക്കി. നിറയെ മെസേജുകൾ.. പക്ഷെ മനസ്സ് തിരയുന്ന പേര് അതിലൊന്നിലുമില്ലായിരുന്നു. ജീവേട്ടന്റെ പ്രൊഫൈലിലേക്ക് നോക്കിയപ്പോൾ കണ്ണീരിറ്റി സ്‌ക്രീനിൽ വീണു..

.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story