അറിയാതെൻ ജീവനിൽ: ഭാഗം 6

ariyathen jeevanil adhithyan

രചന: ആദിത്യൻ മേനോൻ

കണ്ണുകൾ നിറഞ്ഞു കലങ്ങുമ്പോഴും ഉള്ളു വേദനിക്കുമ്പോഴും അവന്റെ പ്രൊഫൈൽ ചിത്രത്തിലേക്ക് പ്രതീക്ഷയോടെ തന്നെ പെണ്ണ് കാത്തിരിക്കുകയായിരുന്നു.. പക്ഷെ സമയം നീണ്ടുപോയിട്ടും അവളിൽ ചിരി വിടർത്തുന്ന ഒരൊറ്റ മെസേജുപോലും വന്നില്ല. അങ്ങനെയാണ് ഒടുവിൽ അവനെ കാൾ ചെയ്യുവാൻ തീരുമാനിക്കുന്നത്. പരിചയപ്പെട്ട് നാളിതുവരെ ആയിട്ടും പരസ്പരം കാൾ ചെയ്തു സംസാരിച്ചിട്ടില്ല. ഇടക്കിടക്ക് അയക്കുന്ന വോയിസ് മെസേജുകളിലൂടെയാണ് ശബ്‌ദം കേൾക്കാറുണ്ടായിരുന്നത്. പിന്നെയൊന്നുമാലോചിക്കാതെ ജീവേട്ടന്റെ നമ്പറിൽ കോൾ ചെയ്തു. രണ്ട് നിമിഷത്തെ റിങ്ങിനു ശേഷം അങ്ങേരു കോൾ അറ്റൻഡ് ചെയ്തു. പക്ഷെ ഒന്നും മിണ്ടിയില്ല. "ഹലോ.. രാജമൗലി സാറല്ലേ.. ബാഹുബലി ത്രീയുടെ ഷൂട്ടിംഗ് എന്നാ?" കളിയോടെ പെണ്ണ് ചോദിച്ചു. "ഈ കോൾ ഞാൻ പ്രതീക്ഷിച്ചതാ പെണ്ണേ." മറുതലക്കൽ നിന്നും അവന്റെ ശബ്‌ദം കേട്ടപ്പോഴാണ് പെണ്ണിന് ആശ്വാസമായത്. "നിങ്ങളെന്നാ പണിയാ കാണിച്ചേ മനുഷ്യാ.. രാവിലെ മിണ്ടാതെ പോയതാ.. ഞാൻ പട്ടിയെ പോലെ പിന്നാലെ നടന്നു സോറി പറഞ്ഞിട്ട് പോലും മൈൻഡ് ചെയ്തില്ല.." പരിഭവത്തോടെ പെണ്ണ് ചുണ്ട് കോട്ടി. "എനിക്ക് ഫീലായി അത്രതന്നെ.."

"അതിന് ഞാൻ സോറി പറഞ്ഞില്ലേ ജീവേട്ടാ.." "ആഹ്.. തനിക്ക് സോറി പറയാം.. പക്ഷെ എനിക്ക് ഫീലായത് ആ സോറിയിൽ ഒഴുകിപ്പോകുമോ?" അവൻ പിന്നെയും പറഞ്ഞു. "പിന്നേ ഞാൻ എന്നാ വേണം?" "ഒരുമ്മ തന്നാൽ നമുക്ക് വേണമെങ്കിൽ ഇഷ്യൂ സോൾവ് ചെയ്യാം.." "അയ്യടാ.. ഒന്ന് മതിയോ? പോ മനുഷ്യാ.." തെല്ല് നാണത്തോടെ പെണ്ണ് ചിരിച്ചു. അപ്പോഴാണ് ഒപ്പം അവനും ചിരിച്ചത്.. "ഞാൻ വെറുതേ ഇതെവിടെ വരെ പോകുമെന്ന് നോക്കിയതാടോ.. വെറും പട്ടി ശോ.. താൻ വിളിക്കുമെന്ന് എനിക്ക് തോന്നിയായിരുന്നു.." ചിരിച്ചുകൊണ്ട് ജീവൻ പറഞ്ഞു. "ഇപ്പോ ഞാനാരായി.. വെറുതേ കരഞ്ഞു ഒരു വഴിക്കായി. നോക്കിക്കോ അടുത്ത തവണ പിണങ്ങുമ്പോ ഞാൻ വിളിക്കത്തില്ല.." ദേഷ്യത്തോടെ പെണ്ണ് പറഞ്ഞു. "താൻ കരഞ്ഞോ?" "കരഞ്ഞോന്നോ? എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്.." "അത്രക്ക് അസ്ഥിക്ക് പിടിച്ചിരിക്കുവാണോ?" അവന്റെ പുഞ്ചിരി.. നെഞ്ചിൽ പെയ്ത മഴ.. "അസ്ഥിക്കല്ല.. പറയുന്നില്ല ഞാൻ.. പിന്നേ നിങ്ങളെവിടെയാ ഇപ്പൊ?" "ഞാൻ വീട്ടിലായിരുന്നു.

ദേ തന്റെ കോൾ കണ്ടപ്പോ പുറത്തോട്ടിറങ്ങി." "അതെന്നാ?" "അകത്തു പ്രൈവസി ഇല്ല.." ചിരിച്ചുകൊണ്ട് ജീവേട്ടൻ പറഞ്ഞു. പതിയെ ആ ചിരി പെണ്ണിലേക്കും പടർന്നു. "ട്രിപ്പടിക്കാൻ പോയില്ലേ നിങ്ങള്?" പെണ്ണ് അത് ചോദിച്ചത് ലേശം ഗൗരവം കലർത്തിക്കൊണ്ടായിരുന്നു. "ഇല്ല.. ഇപ്പൊ ഒന്നുമില്ല.. എല്ലാം നിർത്തി.." "അതെന്നാ?" "എന്റെ ലഹരിയിപ്പോൾ താനാണെടോ.." അത് കേട്ടപ്പോൾ പെണ്ണിന് നാണം തോന്നി. മുഖം താഴ്ത്തിക്കൊണ്ട് പെണ്ണ് പുഞ്ചിരിതൂകി. "ഇനി അതൊന്നും ഉപയോഗിക്കില്ലെ?" "താനാണേ സത്യം.." ജീവേട്ടൻ പറഞ്ഞു. "നിങ്ങള് കോഴിക്കോട് വന്നിട്ടുണ്ടോ?" "ഏയ്‌.. ഇതുവരെയില്ല.. വരണമെന്ന് തോന്നിയിട്ടുണ്ട്.. പറ്റിയിട്ടില്ല.. താനുള്ളത് കൊണ്ട് ഇനി വരുമെന്ന് ഉറപ്പിക്കാല്ലോ." "ഈ..." പെണ്ണ് ഉറക്കെ ഇളിച്ചു. ശേഷം തുടർന്നു. "ഒരു ദിവസം വാ.. എന്നെ കാണാൻ." "വരാണ്ടിരിക്കാൻ പറ്റുവോ? വന്നപാടെ ഞാനോടി വന്ന് കെട്ടിപ്പിടിക്കും." "അപ്പൊ ആൾക്കാർ കാണത്തില്ലയോ?" പെണ്ണ് നാണത്തോടെ ചോദിച്ചു. "ഐ ഡോണ്ട് കെയർ.. ആൾക്കാർ ശ്രദ്ധിച്ചാൽ എനിക്കെന്താ?

ഞാൻ എന്റെ പെണ്ണിനെ അല്ലേ കെട്ടിപ്പിടിക്കുന്നെ? തനിക്ക് വല്ല കുഴപ്പവും ഉണ്ടോ?" അവൻ ചോദിച്ചു. "നിങ്ങൾക്കില്ലെങ്കിൽ പിന്നേ എനിക്ക് എന്ത് പ്രശ്നം.. ആ.. എന്നിട്ട്?" തലയാട്ടിക്കൊണ്ട് പെണ്ണ് ചോദിച്ചു. "എന്നിട്ട് ഉമ്മ തരും.." "ആ.. നിങ്ങളെ എന്റെ ചാച്ചൻ വെടിവച്ചു കൊല്ലും." പെണ്ണ് ചിരിച്ചു. "അതൊന്നും എനിക്കറിയണ്ട. ഞാൻ കൊറേ ഉമ്മ തരും.. ഞാൻ ചോദിക്കുമ്പോ ചോദിക്കുമ്പോ എനിക്കിങ്ങോട്ടും ഉമ്മ തന്നോണം.." അവൻ പറഞ്ഞു ചിരിച്ചു. "ഇതുപോലൊരു ഉമ്മച്ചൻ.." "പിന്നേ എനിക്ക് എഗ്ഗ് പഫ്‌സ് കഴിക്കണം.." "കോഴിക്കോട് വന്നിട്ട് ദം ബിരിയാണിയും ഐസ് ഒരതിയും ഐസ്ക്രീം പൊരിച്ചതുമൊക്കെ ഉണ്ടാകുമ്പോ എഗ്ഗ് പഫ്സ് കഴിക്കുന്നോ?" "അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ പെണ്ണേ.. ഞാനൊരിക്കൽ രാവിലെ വരാം.. ഒരു ദിവസം ഫുൾ നമുക്ക് ചുറ്റിയടിക്കാം.. ഈ കൊറോണയൊന്നു തീർന്നോട്ടെ.. നാശം പിടിക്കാനായിട്ട് ഈ കൊറോണ ഇല്ലായിരുന്നേൽ ഞാനെപ്പോ അവിടെ എത്തിയെന്നു ചോദിച്ചാൽ മതി." "കൊറോണ തീർന്നിട്ട് നമ്മൾ കാണുംലേ?"

പെണ്ണ് കിനാവ് കണ്ടു ചിരിച്ചു. "ഉവ്വ്.. ഞാൻ കാത്തിരിക്കുവാ.." അവനും പറഞ്ഞു. രണ്ടുപേരും നിശബ്തരായി അവരുടേതായ ഏതോ ഒരു ലോകമവർ അവർ സ്വപ്നം കണ്ടു നോക്കി. ഏറെ നേരത്തെ നിശബ്ദതയെ വധിച്ചു കളഞ്ഞത് അവനായിരുന്നു. അതും ഒരു പാട്ടുകൊണ്ട്.. അവളെ അവനിൽ അനുരാഗിണിയാക്കിയ ആ പാട്ടുകൊണ്ട്.. "കിളിവന്നു കൊഞ്ചിയ ജാലകവാതില്‍ കളിയായ്‌ ചാരിയതാരേ? മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍ മധുവായ്‌ മാറിയതാരേ? അവളുടെ മിഴിയില്‍ കരിമഷിയാലെ കനവുകളെഴുതിയതാരേ? നിനവുകളെഴുതിയതാരേ? അവളെ തരളിതയാക്കിയതാരേ?.. മിഴിപെയ്തു തോർന്നൊരു സായന്തനത്തിൽ മഴയായ് ചാറിയതാരെ? ദലമർമ്മരം നേർത്ത ചില്ലുകൾക്കുള്ളിൽ കുയിലായ് മാറിയതാരെ? അവളുടെ കവിളിൽ തുടുവിരലാലെ കവിതകളെഴുതിയതാരെ? മുകുളിതയാക്കിയതാരെ? അവളെ പ്രണയിനിയാക്കിയതാരെ?.. വരമഞ്ഞളാടിയ രാവിന്റെ മാറിൽ ഒരു മഞ്ഞു തുള്ളിയുറങ്ങി.. നിമിനേരമെന്തിനോ തേങ്ങി നിലാവിൻ വിരഹമെന്നാലും മയങ്ങി.. പുലരിതൻ ചുംബന കുങ്കുമമല്ലേ.. ഋതുനന്ദിനിയാക്കി.. അവളെ പനിനീർ മലരാക്കി.." പാട്ടു പാടി തീർന്നിട്ടും അവളൊന്നും മിണ്ടിയിരുന്നില്ല..

ആ പാട്ടിന്റെ അനുപല്ലവിയിൽ ഒരരുവിയായി ഒഴുകി അവനിൽ ലയിച്ചു ചേരാൻ പെണ്ണിന്റെ മനസ്സ് വെമ്പൽ കൊണ്ടു. "എന്താടോ താനൊന്നും മിണ്ടാത്തത്?" ചോദ്യം കേട്ടാണ് പെണ്ണിന് ബോധം വന്നത്. "ഞാനാദ്യമായിട്ട് നിങ്ങളെ ശ്രദ്ധിക്കുന്നത് ഈയൊരു പാട്ടു കേട്ടിട്ടാ.. അന്ന് ഗ്രൂപ്പിൽ നിങ്ങള് പാടിയപ്പോ.." പെണ്ണ് പറഞ്ഞു. "ശെടാ.. ഞാൻ കരുതിയത് എന്റെ ലുക്ക് കണ്ടിട്ടാണെന്നാ.. എനിക്ക് ഒടുക്കത്തെ ഗ്ലാമർ ആണെന്നും എന്നെ കാണാൻ നിവിൻ പോളിയെ പോലെ ഉണ്ടെന്നും ഒക്കെയാ എന്റെ ധാരണ.." "നിവിൻ പോളി.. പറയുന്നില്ല ഞാൻ കൂടുതലൊന്നും.." പെണ്ണ് ചിരിച്ചുകൊണ്ട് പറഞ്ഞു. അതിനിടയിലാണ് കോളിൽ അവനെ ആരോ വിളിക്കുന്നത് കേട്ടത്. "ജീവാ..." വ്യക്തമല്ലാത്ത ഒരു സ്ത്രീ ശബ്‌ദം. "ആ അമ്മേ വരാം.." ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ട് ജീവേട്ടൻ തന്നോടായി തുടർന്നു. "എടൊ.. അമ്മ കഴിക്കാൻ വിളിക്കുന്നുണ്ട്. ഞാൻ പോകുവാണെ.. ലവ് യൂ.. ഉമ്മാ.." ജീവേട്ടൻ പറഞ്ഞപ്പോൾ പെണ്ണ് മെല്ലെ ഇളിച്ചു. "ഈ..." "ഹാ.. ഒരു ഉമ്മ തന്നിട്ട് പോടോ.."

ജീവേട്ടൻ പറഞ്ഞതുകേട്ട് ചിരിയോടെ ഒരുമ്മ കൊടുത്തു.. ഗുഡ് നൈറ്റ് പറഞ്ഞു കോൾ കട്ട്‌ ആയി. ജീവേട്ടനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ വല്ലാത്തൊരു ആശ്വാസം പോലെ തോന്നി പെണ്ണിന്.. ജീവേട്ടന്റെ പ്രൊഫൈൽ ചിത്രത്തിലേക്ക് നോക്കിയിരുന്നു കുറേ നേരം. പിന്നീട് ആ കണ്ണുകളിൽ മൃദുവായി ചുംബിച്ചു. ദിയക്ക് മെസേജ് അയക്കാനായി അവളുടെ കോൺടാക്ട് തിരയുകയായിരുന്നു. ജീവേട്ടൻ വന്നതിൽ പിന്നേ ദിയയോട് പോലും സംസാരിക്കാനുള്ള സമയം പെണ്ണിനില്ലായിരുന്നു. എല്ലാ സമയത്തും ജീവേട്ടനുമായി സംസാരവും ജീവേട്ടൻ ഓൺലൈനിൽ ഇല്ലാത്ത സമയത്ത് അങ്ങേരുടെ പ്രൊഫൈലിൽ ചിത്രത്തിലേക്ക് കണ്ണ് നട്ടുള്ള ഇരുത്തവും.. ഇതിനിടയിൽ ദിയ ഒരുപാട് മെസേജസ് അയച്ചിരുന്നു.. അതൊന്നും ഒന്ന് തുറന്നു നോക്കുക പോലും ചെയ്തിരുന്നില്ല. ലോക് ഡൌൺ അല്ലായിരുന്നുവെങ്കിൽ അവളിവിടെ എത്തി കൂമ്പിനിട്ട് ഇടിച്ചേനെ..

വാട്സ്ആപ്പിലെ തിങ്ങി നിറഞ്ഞ ഒരുപാട് മെസേജുകൾക്കിടയിൽ നിന്നും ദിയയെ കണ്ടുപിടിക്കുന്നതിനിടെയാണ് ഒരു പ്രൈവറ്റ് നമ്പറിൽ നിന്നും കുറച്ചു മെസേജുകൾ വന്നത് ശ്രദ്ധയിൽ പെട്ടത്. പ്രൊഫൈൽ നോക്കിയപ്പോൾ ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പിൽ ഉള്ള ആളാണെന്നു മനസ്സിലായി. ആ ആളോട് താൻ ഗ്രൂപ്പിലെ ചർച്ചക്കിടയിൽ സംസാരിച്ചിരുന്നതായും അവൾക്കോർമ്മ വന്നു. ഗ്രൂപ്പ് സംബന്ധിച്ചുള്ള എന്തെങ്കിലും കാര്യമാകുമെന്ന് കരുതി അവളാ മെസേജ് തുറന്നു നോക്കിയതും ഞെട്ടലോടെയും അറപ്പോടെയും മൊബൈൽ ബെഡിലേക്കെറിഞ്ഞതും ഒരുമിച്ചായിരുന്നു.. ... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story