അറിയാതെൻ ജീവനിൽ: ഭാഗം 7

ariyathen jeevanil adhithyan

രചന: ആദിത്യൻ മേനോൻ

അയാളുടെ പേര് ജോൺസൺ എന്നായിരുന്നു. ഗ്രൂപ്പിൽ വച്ച് ഒരിക്കൽ അയാളോട് ഫെമിനിസത്തെ കുറിച്ച് വാദിച്ചത് പെണ്ണോർത്തു. ഫെമിനിസം പുരുഷവിരോധമാണെന്ന് അയാൾ പറഞ്ഞപ്പോൾ താൻ ഫെമിനിസമെന്നാൽ എന്തെന്ന് അയാളെ കൃത്യമായി പറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രമിച്ചതാണ്. അവസാനം വരെയും അയാൾ അയാളുടെ നിലപാടിൽ തന്നെ ഉറച്ചു നിന്നപ്പോഴാണ് പെണ്ണ് പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കി മിണ്ടാതിരുന്നത്. ഒരിക്കൽ കൂടി ദൂരെ ബെഡിലേക്കെറിഞ്ഞ ഫോണെടുത്ത് അറപ്പോടെയും വെറുപ്പോടെയും പെണ്ണ് അയാളയച്ച ആ മെസേജുകളിലൂടെ കണ്ണോടിച്ചു. 'ഹായ്.. മോളെ.. ഫ്രീ ആണോ?' അതിനു താഴെയായി അയാൾ പൂർണ്ണ നഗ്നനായി നിൽക്കുന്ന ഒരു സെൽഫിയും. കണ്ടപ്പോൾ പെണ്ണിന് സങ്കടവും ഓക്കാനവും തോന്നി. ദേഷ്യം കൊണ്ടും കണ്ണീര് കൊണ്ടും കണ്ണുകൾ നിറഞ്ഞു. 'നിന്റെ വീട്ടിലുള്ളവരോട് ചോദിക്കെടാ.. അതോ ഇനി അവരൊക്കെ ബിസി ആയതുകൊണ്ടാണോ നീ എന്റെയടുത്തേക്ക് വന്നിരിക്കുന്നത്?'

പെണ്ണ് മറുപടി കൊടുത്തിട്ട് ഫോൺ താഴെ വച്ചു. സങ്കടത്തിന്റെ ഭാരമിറക്കി വെക്കാനാണ് ജീവേട്ടനെ വിളിച്ചു നോക്കിയത്. പക്ഷെ രണ്ടു തവണ കോൾ ചെയ്തിട്ടും ജീവേട്ടൻ കോൾ എടുത്തില്ല. ഭക്ഷണം കഴിക്കാൻ പോയതാകുമെന്ന് കരുതി. കുറേ നേരം കഴിഞ്ഞപ്പോഴാണ് ജീവേട്ടൻ തിരിച്ചു വിളിക്കുന്നത്. "എന്താ പെണ്ണേ? ഞാൻ കഴിക്കാൻ പോയതായിരുന്നു.." അവൻ പറഞ്ഞു തുടങ്ങുന്നതിനു മുന്നേ പെണ്ണ് അറിയാതെ കരഞ്ഞു പോയിരുന്നു. "എന്താ പെണ്ണേ പറ്റിയത്.. കരയാതെ കാര്യം പറ നീ.." ജീവേട്ടന്റെ ശബ്ദം മാറി. ഗൗരവത്തോടെ ജീവേട്ടൻ ചോദിച്ചു. നടന്നതെന്തെന്നു പറഞ്ഞു കൊടുത്തപ്പോൾ മറുപടി പറയാതെ കോൾ കട്ട് ചെയ്യുകയായിരുന്നു. കോൾ കട്ട് ചെയ്യുന്നതിന് മുൻപ് ജീവേട്ടന്റെ കോപത്തോടെയുള്ള നിശ്വാസം പെണ്ണ് കേട്ടിരുന്നു. ജീവൻ വേഗത്തിൽ തന്നെ ഗ്രൂപ്പിൽ നിന്നും ജോൺസന്റെ നമ്പർ തിരഞ്ഞു കണ്ടുപിടിച്ചു. ഉള്ളിന്റെയുള്ളിൽ നിയന്ത്രിക്കാനാകാത്ത കോപം പിന്നെയും പിന്നെയും ഇരട്ടിക്കുന്നുണ്ടായിരുന്നു. കോൾ ഡയൽ ചെയ്തിട്ട് അക്ഷമയോടെ കോൾ അറ്റന്റാകുന്നതും നോക്കി നിന്നു.

കുറച്ചു നേരത്തെ റിങ്ങിനു ശേഷമാണ് ജോൺസൺ കോൾ എടുക്കുന്നത്. "ഹെലോ.. ജോൺസൺ ഹിയർ.." മറുവശത്തു നിന്നൊരു ഗാംഭീര്യം നിറഞ്ഞ സ്വരം. "നീ സൈറ്റുകളിൽ ഇടാൻ വേണ്ടി നിന്റെ ന്യൂഡ് പിക്ച്ചർ കൊടുക്കുന്നുണ്ടെന്ന് കേട്ടല്ലോ?" ദേഷ്യത്തോടെ ജീവൻ ചോദിച്ചു. "നീ ആരാടാ?" ഒരല്പം പതറൽ പോലുമില്ലാതെ ജോൺസൺ തിരിച്ചു ചോദിച്ചു. "അത് നീയറിയണ്ട.. വേണമെങ്കിൽ വല്ല സൈറ്റുകളിലും കൊണ്ടിട്ടോ നിന്റെ ന്യൂഡ് ഫോട്ടോ.. അല്ലാതെ അതെന്റെ പെണ്ണിന്റടുത്ത് വേണ്ടാ.." ജീവന് തന്റെ കൈ തരിക്കുന്നത് പോലെ തോന്നി. നേരിട്ടായിരുന്നു ഈ സംഭാഷണമെങ്കിൽ ഇപ്പോൾ ജോൺസന്റെ ചെകിടം പൊളിച്ചേനെ താൻ. "നിന്റെ പെണ്ണോ? ആ ബെസ്റ്റ്.. എടാ ഉവ്വേ അവളൊക്കെയേ നല്ല ഒന്നാന്തരം വേശ്യകളാ.. അല്ലെങ്കിൽ ഇമ്മാതിരി ഫെമിനിസമെന്നും സ്ത്രീസ്വാതന്ത്ര്യമെന്നും പറഞ്ഞു നടക്കുമോ ഇവളുമാരൊക്കെ? എന്റെ വീട്ടിലും ഉണ്ട് പെങ്ങള്മാര്, അവരെയൊക്കെ ഞാൻ അടക്കിയൊതുക്കിയാണ് വളർത്തുന്നത്. ഇവളുമാരൊക്കെ കാശിനു കൂടെ കിടക്കാൻ പോലും മടിക്കാത്ത വേശ്യകളാണ് ബ്രോ.."

"ഡാ പന്ന &%$#* മോനെ.. നിന്റെ വാക്കുകൾ സൂക്ഷിച്ചു വേണം. നീ പറയുന്നതേ, നിന്റെ വീട്ടിലുള്ളവരെ കുറിച്ചല്ല എന്നോർമ്മ വേണം. പെണ്ണിനെ അടക്കിയൊതുക്കി പട്ടികളെ പോലെ കൂട്ടിലിട്ടു വളർത്താൻ നടക്കുന്ന നീയാണോടാ നായെ വേറെ പെണ്ണുങ്ങൾക്ക് നിന്റെ ഫോട്ടോ കാണിച്ചു കൊടുക്കുന്നത്? മേലിൽ ജുവലിനു മെസേജ് അയച്ചേക്കരുത്. അതെനിക്കിഷ്ടമല്ല.. അവൾക്കെന്നല്ല ഒരു പെണ്ണിനോടും ഇനി നീ ഇമ്മാതിരി വൃത്തികേട് കാണിച്ചേക്കരുത്.. കാണിച്ചു എന്ന് ഞാനറിഞ്ഞാൽ.. എന്റെ കൈയാകെ തരിച്ചു നിക്കുവാ, ഇനിയും നിന്നോട് ഈ കാര്യത്തെ കുറിച്ച് സംസാരിക്കുവാൻ ഇടവരുത്തരുത്.. പിന്നെ നമ്മൾ തമ്മിൽ മുട്ടുന്നത് ഇങ്ങനയായിരിക്കില്ല.." ജോൺസണു മറുത്തൊന്നും പറയാൻ അവസരം കൊടുക്കാതെ ജീവൻ ദേഷ്യത്തിൽ കോൾ കട്ട് ചെയ്തു. ജോൺസണേ വിളിച്ചു കഴിഞ്ഞപ്പോഴാണ് അവനു ആശ്വാസമായത്. വേഗം തന്നെ തന്റെ പെണ്ണിന് അവൻ മെസേജ് അയച്ചു. 'ഞാനവനോട് വേണ്ടപോലെ സംസാരിച്ചിട്ടുണ്ട്. അവനിനി തനിക്ക് മെസേജ് അയക്കില്ല. നീ അവന്റെ നമ്പർ ബ്ലോക്ക്‌ ചെയ്തേക്ക്..'

മെസേജിനായി കാത്തിരുന്ന പെണ്ണ് ആ മെസേജ് കണ്ടതും ദീർഘമായി ഒന്ന് നിശ്വസിച്ചു. 'താങ്ക് യൂ ജീവേട്ടാ.. ലവ് യൂ..' പെണ്ണ് പറഞ്ഞു. 'ഹാം.. ഉമ്മാ..' ജീവേട്ടന്റെ മറുപടി വന്നു. 'എന്തുചെയ്യുവാ അവിടെ?' 'ഞാൻ ദേ കിടക്കുവാ..' 'അതെയോ..' 'ഹാം.. എന്തോ നല്ല തലവേദന പോലെ.. തന്റെ മടിയിൽ കിടന്നുറങ്ങണമെന്നുണ്ട്.. പൂച്ചക്കുഞ്ഞിനെ പോലെ..' 'അപ്പൊ ഞാൻ ജീവേട്ടനെ ചേർത്ത് പിടിക്കും.. എന്റെ പൂച്ചക്കുഞ്ഞ്..' 'നീയെന്റെ കുഞ്ഞിപ്പെണ്ണും..' 'ദേ ജീവേട്ടാ.. എന്നെ അങ്ങനെയൊന്നും വിളിച്ചേക്കരുത്. ജുവൽ തന്നെ മതി. ആരും എന്നെ വേറൊരു പേരും വിളിക്കുന്നത് എനിക്കിഷ്ടമല്ല. ദച്ചു മോളെക്കൊണ്ട് വരെ ചേച്ചി എന്നാ വിളിപ്പിക്കുന്നെ..' ചുണ്ടുകൾ വക്രിപ്പിച്ചുകൊണ്ട് പെണ്ണ് പറഞ്ഞു. 'ഓക്കേ.. ശരി ജുവൽ മാഡം..' ജീവേട്ടൻ ചിരിച്ചു. 'എന്നിട്ട് ഞാൻ ജീവേട്ടന്റെ നെറ്റിയിൽ മെല്ലെ ഉമ്മ വെക്കും..' പെണ്ണ് നാണത്തോടെ പറഞ്ഞു.

'ഹാം.. എനിക്ക് നിന്റെ ഉമ്മ വേണം.. ഉറങ്ങാൻ കിടക്കുമ്പോഴും.. ഉറങ്ങുമ്പോഴും.. ഉറങ്ങി എണീക്കുമ്പോഴും.. എപ്പോഴുമെപ്പോഴും.. എന്നിട്ട് ഓരോ മഴ പെയ്യുന്ന രാത്രിയും നിന്റെ മടിയിൽ തലവച്ചുകൊണ്ട്, നിന്റെ ഉമ്മയുടെ ചൂടുപറ്റിക്കൊണ്ട് ഞാനുറങ്ങും..' ശരിയാണ്.. ഓൺലൈൻ പ്രണയങ്ങൾ ഇങ്ങനെയാണ്.. വ്യത്യസ്തവും.. വാക്കുകൾ കൊണ്ടുള്ള മായാജാലവും.. അതിതീവ്രവും... ഇതേസമയം ഒരു വീട്ടിലെ ഉമ്മറത്തെ വരാന്തയുടെ തൂണിൽ ചാരിയിരുന്നുകൊണ്ട് ആരവ് ആകാശത്തെ ഈറനണിഞ്ഞ നിലാവിനെ നോക്കി പുഞ്ചിരി തൂകുകയായിരുന്നു. കൈവെള്ളയിലൊന്നിൽ നാളുകൾക്കു മുൻപ് അവിടെ വന്ന് പോയ പെണ്ണിന്റെ പൊട്ടിപ്പോയ വാച്ചിന്റെ രണ്ടു കഷ്ണങ്ങളുണ്ടായിരുന്നു. ആ വാച്ചിലേക്ക് നോക്കുംതോറും അയാളിൽ ഒരു മഴ പെയ്യുമായിരുന്നു.. ഹൃദയത്തെ ഈറനണിയിച്ചുകൊണ്ട്, ജുവൽ എന്ന മഴ..

"മേലോട്ട് നോക്കിയിരുന്നു നീ എന്താ കിനാവ് കാണുവാണോ കുഞ്ഞാ?' ഭക്ഷണശേഷം ശാരദാമ്മ അടുക്കളയിൽ നിന്ന് പാത്രം കഴുകലെല്ലാം തീർത്ത് ഉമ്മറത്തിരിക്കാൻ വന്നതായിരുന്നു. അമ്മയെ കണ്ടതും നിലാവിൽ നിന്നും കണ്ണെടുത്തവൻ അമ്മയെ നോക്കി. "അമ്മേ.. ഞാനങ്ങു കെട്ടിയാലോ എന്നാലോചിക്കുവാ.." "ഉവ്വോ.. ഇപ്പോഴെങ്കിലും എന്റെ മോന് വെളിവ് വന്നല്ലോ.. എത്രയായി ഞാൻ പറയുന്നു, അപ്പോഴെല്ലാം ഇപ്പൊ വേണ്ടാന്ന് വാശി പിടിച്ചത് നീ തന്നെയല്ലേ.." ശാരദാമ്മ ആശ്വാസത്തോടെ മകന്റെ മുന്നിലായി ചെന്നിരുന്നു.. "നിന്റച്ഛന്റെ വലിയ ആഗ്രഹമായിരുന്നു നിന്റെ കെട്ട്.. പക്ഷെ അത് കാണാനുള്ള ഭാഗ്യം ദൈവം അങ്ങേർക്ക് കൊടുത്തില്ല.." അത് പറഞ്ഞപ്പോൾ അവരിരുവരുടെയും കണ്ണുകൾ നടുവകത്തേക്കുള്ള വാതിലിനു തൊട്ടു മുകളിൽ മാലയിട്ടു വച്ച ആരവിന്റെ അച്ഛന്റെ ചിത്രത്തിലേക്ക് പാഞ്ഞു ചെന്നു.

ഇടയ്ക്കുവച്ച് അമ്മയുടെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോഴാണ് ആരവ് പറയുന്നത്.. "പിന്നേ അമ്മേ.. ഞാൻ കെട്ടാൻ പോണ കൊച്ച് ഒരു ക്രിസ്ത്യാനി കൊച്ചായാലും അമ്മക്ക് വിരോധമൊന്നുമില്ലല്ലോ അല്ലേ?" അവന്റെ ചോദ്യം കേട്ട് ഇല്ലെന്ന് അമ്മ തലയനക്കി. "അപ്പൊ നിന്റെ മനസ്സിലേതോ അച്ചായത്തിപ്പെണ്ണ് കേറിക്കൂടിയിട്ടുണ്ട് അല്ലേടാ? ഏതാ ആ കൊച്ച്? അമ്മക്കൊരു വിരോധവുമില്ല.. എല്ലാം നിന്റെ ഇഷ്ടം പോലെ.. അതാ അമ്മേടെ ഇഷ്ടങ്ങളും.." അമ്മ പറഞ്ഞപ്പോൾ ആരവ് സന്തോഷത്തോടെ അവരെ കെട്ടിപ്പിടിച്ചുകൊണ്ട് തന്റെ കൈവെള്ളയിൽ താൻ സൂക്ഷിച്ച ആ വാച്ചിലേക്ക് ചിരിയോടെ നോക്കി. ... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story