അറിയാതെൻ ജീവനിൽ: ഭാഗം 8

ariyathen jeevanil adhithyan

രചന: ആദിത്യൻ മേനോൻ

രാവിലെ നേരത്തെ എഴുന്നേറ്റതും മുടി പിന്നിലേക്ക് കെട്ടി മൊബൈൽ ഫോണിനായി പരതിയതും ഒരുമിച്ചായിരുന്നു. ജീവേട്ടൻ ജോൺസണുമായി സംസാരിച്ച ആ ദിവസത്തിനു ശേഷം പിന്നീടുള്ള ദിവസങ്ങളിലെല്ലാം ജീവേട്ടനുമായി കൂടുതൽ അടുക്കുകയായിരുന്നു. മിക്ക ദിവസങ്ങളിലും രാവിലെ എഴുന്നേറ്റ് ആദ്യം തപ്പിയെടുക്കുന്നത് ഫോണായിരിക്കും. തലേന്ന് രാത്രി ഉറക്കം കണ്ണുകളെ തഴുകുന്നത് വരെ ജീവേട്ടനുമായി സംസാരിച്ചിരിക്കുകയാണ് പതിവ്. അധിക ദിവസങ്ങളിലും പെണ്ണിന് ഭക്ഷണം പോലും വേണ്ട. രാവിലെ തുടങ്ങുന്ന ചാറ്റിംഗ് തീരുന്നത് ഒന്നുകിൽ അതിയായി വിശക്കുമ്പോഴോ അല്ലെങ്കിൽ ഫോണിന്റെ ചാർജ് തീരുമ്പോഴോ ആകുമായിരുന്നു. ചാർജ് തീരാറായാലും പെണ്ണ് ഓടിച്ചെന്നു ചാർജറിൽ ഇട്ടുകൊണ്ടാകും ബാക്കി സംസാരം. ചാർജ് കയറ്റിക്കൊണ്ടു ഫോണിൽ സംസാരിക്കണമെങ്കിൽ അവിടെ നിൽക്കുകയല്ലാതെ വശമില്ലായിരുന്നു. നിന്നു കാല് കഴച്ചാലും അതവരെ ബാധിക്കുമായിരുന്നില്ല.. 'ഗുഡ് മോർണിംഗ്.. ജീവേട്ടാ..' ഇന്ന് വളരെ നേരത്തെയാണ് എണീറ്റത്. ജീവേട്ടൻ ഓൺലൈനിൽ ഉണ്ടായിരുന്നില്ല. അങ്ങേര് ഉറങ്ങി എഴുന്നേൽക്കുവാൻ സമയമായിട്ടില്ല. ജീവേട്ടൻ വരുന്നത് വരെ സമയം കളയുവാനാണ് വാട്സ്ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിൽ കയറി നോക്കിയത്.

ആദ്യം തിരഞ്ഞത് ജീവേട്ടന്റെ സ്റ്റാറ്റസ് ആയിരുന്നു. ജീവേട്ടന്റെ പേര് കണ്ണിലുടക്കിയപ്പോൾ തന്നെ വല്ലാത്തൊരു ആനന്ദമായിരുന്നു മനസ്സിൽ. വേഗം തന്നെ അത് ക്ലിക്ക് ചെയ്തു. ഏതോ ഒരു പെൺകുട്ടിയുടെ ഫോട്ടോയായിരുന്നു സ്റ്റാറ്റസ്. കണ്ടപ്പോ ഇത്തിരി കുശുമ്പ് തോന്നി. പക്ഷെ സങ്കടം വന്നത് അതിലെ ക്യാപ്ഷൻ വായിച്ചപ്പോൾ ആയിരുന്നു.. 'ഹാപ്പി ബർത്ത്ഡേ നീനു.. സ്റ്റേ ഹാപ്പി ആൻഡ് ബ്ലെസ്സഡ്.. ലവ് യൂ എ ലോട്ട്.. ഉമ്മാ..' ക്യാപ്ഷൻ പിന്നെയും വായിച്ചു നോക്കി. ജീവേട്ടനോട് ദേഷ്യവും സഹതാപവും തോന്നി. രാവിലെ തന്നെ പെണ്ണിന്റെ കണ്ണ് കലങ്ങി. ഫോൺ താഴെ വച്ചു നിരാശയോടെ നിലത്തേക്ക് നോക്കിയിരുന്നു. ഇങ്ങു വരട്ടെ.. മിണ്ടത്തില്ല താൻ. കുറേ സമയം കഴിഞ്ഞപ്പോൾ ജീവേട്ടന്റെ മെസേജ് വന്നു.. 'ഗുഡ് മോർണിംഗ് ഡിയർ..' മെസേജ് കണ്ടതും അപ്പോഴത്തെ ദേഷ്യത്തിന് കുറേ ദേഷ്യപ്പെട്ടുകൊണ്ടുള്ള ഇമോജികൾ അയച്ചുകൊടുത്തു. 'ഞാൻ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യാൻ പോകുകയാണ്.' ദേഷ്യത്തോടെ പെണ്ണ് പറഞ്ഞപ്പോൾ ഉടനെ മറുപടിയുമെത്തിയിരുന്നു. 'എന്തു പറ്റി പെണ്ണേ?

എന്താ ഇപ്പൊ ഇങ്ങനെ?' 'ആ.. ഇങ്ങനെ തന്നെയാണ്.' മറുപടിയയക്കുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു. 'എന്താടോ പറ്റിയത്? വീട്ടിൽ എന്തെങ്കിലും ഇഷ്യൂ ഉണ്ടായോ?' ജീവേട്ടൻ ചോദിച്ചു. 'ഉണ്ടെങ്കിൽ നിങ്ങൾക്കെന്നാ?' 'രാവിലെ തന്നെ കലിപ്പിൽ ആണല്ലോ എന്റെ പെണ്ണേ..' ജീവേട്ടൻ ചിരിച്ചുകൊണ്ടുള്ള ഇമോജികൾ അയച്ചുകൊണ്ട് പറഞ്ഞു. 'നന്നായി.. ഞാൻ പോകുവാണ്..' 'എവിടേക്ക്?' 'എവിടേക്കെങ്കിലും..' 'വേണ്ടാ.. പോകണ്ടാ..' 'പോകുവാണ്.. വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യാൻ പോകുന്നു.' 'എന്താടോ പ്രശ്നം? ഞാനും വരാം.. ഒരുമിച്ചു പോകാം..' 'ഒരുമിച്ച് നിങ്ങള് നിങ്ങടെ മറ്റവളെ പോയി വിളിക്ക്.. എന്നെ വിളിക്കണ്ട..' ദേഷ്യത്തോടെ ജീവേട്ടൻ മറുപടി ടൈപ്പ് ചെയ്യുന്നതിനിടെ പ്രൊഫൈൽ പിക്ച്ചർ ഡിലീറ്റ് ആക്കിയ ശേഷം വാട്സ്ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്തു. മനസ്സാകെ തകിടം മറിഞ്ഞത് പോലെ തോന്നി പെണ്ണിന്. ജീവേട്ടനോട് ഒടുക്കത്തെ പിണക്കവും തോന്നി. പക്ഷെ പെട്ടന്നുള്ള ദേഷ്യത്തിന്റെ പുറത്തു പറഞ്ഞതായിരുന്നു അതെല്ലാം.. ഇപ്പൊ മനസ്സിൽ ചെറുതായി സഹതാപം തോന്നിയിരിക്കുന്നു..

അപ്പോഴാണ് ജീവേട്ടൻ കോൾ ചെയ്യുന്നത്. മൊബൈലിൽ റിങ് ട്യൂൺ ആയി സെറ്റ് ചെയ്തു വച്ചിരിക്കുന്നത് ജീവേട്ടൻ പാടിയ തനിക്ക് പ്രിയപ്പെട്ട ആ പാട്ട് തന്നെയായിരുന്നു. 'കിളി വന്നു കൊഞ്ചിയ ജാലക വാതിൽ കളിയായ് ചാരിയതാരെ?........' ആ കോൾ അറ്റൻഡ് ചെയ്യുവാൻ മനസ്സ് വിതുമ്പുന്നുണ്ടെങ്കിലും ആ സ്റ്റാറ്റസിലെ ക്യാപ്ഷൻ മനസിലേക്ക് ഓടി എത്തുമ്പോഴും സഹതാപം മാറി പിണക്കം കൂടിയിരുന്നു. രണ്ടും മൂന്നും തവണ ജീവേട്ടൻ വിളിച്ചിട്ടും കോൾ കട്ട് ചെയ്തു. ഇനിയും അവിടെ നിന്നാൽ ജീവേട്ടൻ കോൾ ചെയ്യുമെന്ന് അറിയാവുന്നത് കൊണ്ടാണ് മൊബൈൽ റൂമിൽ തന്നെ വച്ചു റൂം പൂട്ടി താഴേക്ക് പോയത്. കുറേ ദിവസങ്ങളായി ദച്ചു മോളും താനുമായുള്ള കോൺടാക്ട്സ് കുറഞ്ഞു വന്നിരുന്നു. താഴെ ചേച്ചിയുടെ മടിയിൽ ഇരിക്കുന്നത് കണ്ടപ്പോൾ പെണ്ണിനെ എടുക്കാനായി കൈ നീട്ടിയതും പെണ്ണ് ചേച്ചിയേ അള്ളിപ്പിടിച്ചു മുഖം തിരിച്ചു. "നീ കുറച്ചായില്ലേ ഇവളെ എടുത്തിട്ട്.. അതിന്റെ പരിഭവം ആകും.. എപ്പോഴും ആ മുറിക്കകത്ത് തന്നെയല്ലേ.." ദച്ചു മോളെ മടിയിൽ ഒതുക്കി വച്ചുകൊണ്ട് ചേച്ചി പറഞ്ഞു.

"ഒരുപാട് പഠിക്കാനുണ്ട് ചേച്ചി.. അതാ.." അത് പറയുമ്പോൾ ചേച്ചിയുടെ കണ്ണുകളിലേക്ക് നോക്കിയില്ല. കാരണം ചേച്ചിയോട് കള്ളം പറഞ്ഞാൽ കണ്ണുകളിലേക്ക് നോക്കി ചേച്ചിയത് കണ്ടുപിടിക്കുമായിരുന്നു. "വായോ ഭക്ഷണം കഴിക്കാം. ചാച്ചൻ കഴിച്ചേച്ചു പോയി. നിന്റെ കണ്ണിനു ചുറ്റും ചെറിയൊരു കറുപ്പ് പരന്നിട്ടുണ്ട്.. നീ ഉറങ്ങാറില്ലേ?" ഭക്ഷണം മേശയിൽ കൊണ്ടുവച്ചുകൊണ്ട് അമ്മച്ചി ചോദിച്ചു. "അത് അമ്മച്ചീ.. രാത്രി പഠിപ്പൊക്കെ കഴിഞ്ഞു കിടക്കുമ്പോ ഒരു വിധം സമയമാകും. പിന്നേ എഴുന്നേൽക്കാൻ ദേ ഈ സമയവും. ഇന്നിനി പഠിപ്പില്ല.." ജീവേട്ടനെ ഓർത്തുകൊണ്ട് പെണ്ണ് പറഞ്ഞു. കൈ കഴുകി ഭക്ഷണം കഴിക്കാനായി ഇരുന്നപ്പോഴും മനസ്സ് വേറെവിടെയോ ആയിരുന്നു. ഒരു ആവേശത്തിന്റെ പുറത്താണ് ഇങ്ങനെയൊക്കെ ചെയ്തത്. പക്ഷെ ജീവേട്ടനില്ലാതെ തനിക്ക് ഒരു നിമിഷം പോലും ഇരിക്കാനാവുന്നില്ല.. "നീയിതെന്നാ ആലോചിച്ചോണ്ടിരിക്കുവാ? കഴിക്ക് പെണ്ണേ.. നീ നന്നായി മെലിഞ്ഞിട്ടുണ്ട്." അമ്മച്ചി തലയിൽ തോണ്ടിക്കൊണ്ട് പറഞ്ഞപ്പോഴാണ് തല താഴ്ത്തി പ്ലേറ്റിലേക്ക് നോക്കി കഴിച്ചത്.

തൊണ്ടയിലേക്ക് ഭക്ഷണം ഇറക്കാൻ പറ്റാത്ത അവസ്ഥ.. ഇത്രപോലും ജീവേട്ടനില്ലാതെ തനിക്കാവുന്നില്ലേ.. "എനിക്ക് മതി.." മതിയാക്കി എഴുന്നേൽക്കാൻ തുടങ്ങിയെങ്കിലും ചേച്ചി സമ്മതിച്ചില്ല. അമ്മച്ചി അടുക്കളയിലേക്ക് പോയിരുന്നു. "ഡീ ഡീ ഡീ.. അത് കഴിച്ച് തീർത്തേച്ച് പോയാൽ മതി. നിന്റെ പഠിപ്പൊക്കെ എന്നതാന്ന് ഊഹിക്കാനുള്ള ബുദ്ധിയൊക്കെ എനിക്കുണ്ട്. നിന്റെ പ്രായം കഴിഞ്ഞു തന്നാ ഞാനും ഇവിടെ വരെ എത്തിയത്.. എന്നതാ കാര്യമെന്ന് മര്യാദക്ക് പറഞ്ഞോ.." ചേച്ചി പറഞ്ഞപ്പോൾ ഉള്ളതെല്ലാം ചേച്ചിയോട് തുറന്നു പറഞ്ഞു കൊടുക്കുകയായിരുന്നു. എല്ലാം കേട്ട ശേഷം ചേച്ചി കുറേ നേരം ആലോചനയിലാണ്ടു. "അവനൊരു ഹിന്ദു ആണെന്നുള്ളത് ചാച്ചനു പ്രശ്നമല്ല.. പിന്നേ നിന്റെ മുന്നിൽ തടസങ്ങളും ഒന്നുമില്ല. കേട്ടിട്ട് ഇത് സാധാരണ പഞ്ചാരയും ചതിക്കുഴിയും ആണെന്നൊന്നും തോന്നുന്നുമില്ല.. ഇപ്പൊ എന്നതാ നിന്റെ പ്രശ്നം? ആ സ്റ്റാറ്റസാണോ?" "അതേ.. കണ്ടവർക്കൊക്കെ ഉമ്മ കൊടുക്കും കള്ളക്കിളവൻ.." ചിണുക്കത്തോടെ പെണ്ണ് പറഞ്ഞു. "അത് സംസാരിച്ചു തീർക്കാനുള്ളതല്ലേ ഒള്ളു.. പിന്നേ അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്ന് പറയുവാന്ന് കൂട്ടിക്കോ.. പ്രേമിക്കുന്ന സമയത്ത് ഉണ്ടാകുന്ന ഇതുപോലുള്ള പിണക്കങ്ങൾക്ക് വേറെ ലെവൽ ഫീലാണ്..

അതിനേക്കാൾ കിടു ഫീലാണ് ഈ പിണക്കം ഒതുക്കി തീർക്കുന്ന ആ നിമിഷങ്ങൾക്കും.. എൻജോയ് കരോ ബേട്ടീ.." ചേച്ചി പറഞ്ഞു നിർത്തിയപ്പോൾ വേഗം റൂമിലേക്കോടിച്ചെന്ന് ജീവേട്ടന് മെസേജ് അയക്കണമെന്ന് തോന്നി. എന്നാലും ഏതായാലും ഒരു വെയ്റ്റ് ഇട്ടതല്ലേ, മിസ്സ്‌ ചെയ്ത് പണ്ടാരമടങ്ങുന്നുണ്ടോ എന്ന് നോക്കാമെന്ന് കരുതി അന്ന് റൂമിലേക്കേ കാലു കുത്തിയില്ല.. അന്നത്തെ ദിവസം മുഴുവൻ ചേച്ചിക്കും അമ്മച്ചിക്കും ഒപ്പം താഴെയായിരുന്നു. ഒരു വിധത്തിലാണ് ദച്ചുമോളെ ഇണക്കിയെടുത്തത്.. രാത്രി ചാച്ചൻ വന്നു ഭക്ഷണം കഴിച്ചതിനു ശേഷമാണ് റൂമിലേക്ക് പോകുന്നത്. ചാച്ചൻ വന്ന് കഴിച്ചശേഷം റൂമിലേക്ക് പോയാൽ മതി എന്ന് തീരുമാനിച്ച് ഉറപ്പിച്ചു വച്ചതായിരുന്നു. പക്ഷെ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റിയിരുന്നില്ല. മനസ്സ് മുഴുവൻ ജീവേട്ടനിലായിരുന്നു.

ഓടിക്കിതച്ചാണ് റൂമിലെത്തിയത്. രാവിലെ ഇട്ടേച്ചു പോയ മൊബൈൽ ഇപ്പോഴും കിടക്കയിൽ തന്നെയുണ്ട്. വെപ്രാളത്തോടെ മൊബൈൽ കയ്യിലെടുത്തു തുറന്നു നോക്കിയപ്പോൾ അമ്പരന്നു പോയിരുന്നു.. നൂറിലധികം മിസ്സ്ഡ് കോൾസ്.. എല്ലാം ജീവേട്ടന്റേതായിരുന്നു.. രാവിലെ മുതൽ കുത്തിയിരുന്നു വിളിച്ചുകൊണ്ടിരുന്നതാവണം. മിസ്സ്ഡ് കോൾസിന്റെ താഴെത്തെ നോട്ടിഫിക്കേഷനിൽ ഒരുപാട് എസ് എം എസുകൾ വന്നതും കണ്ടു.. ജീവേട്ടന്റേതാണെന്ന് പെണ്ണിന് ഉറപ്പായിരുന്നു. വെപ്രാളത്തോടെ അത് തുറന്നു നോക്കി ഓരോ മെസെജും വായിച്ചു.. 'പെണ്ണേ.. എന്താടോ പറ്റിയത്..? ഡോ.. താനെവിടെ?? എന്താ പ്രോബ്ലം.. പ്ലീസ് ഒന്നും മിണ്ടാണ്ടിരിക്കല്ലേ.. എനിക്ക് സഹിക്കാൻ പറ്റുന്നില്ല പെണ്ണേ.. പെണ്ണേ... എനിക്ക് നീയില്ലാതെ ഒരു നിമിഷം പോലും പറ്റുന്നില്ലടോ.. നീയെന്നെ നിന്റെ അഡിക്റ്റ് ആക്കിയിരിക്കുന്നു..

നിനക്കൊന്ന് എന്റെ കോൾ എടുക്കാമോ? പെണ്ണേ പ്ലീസ്.. എന്തെങ്കിലുമൊന്ന് പറ.. നീ ഓക്കേ അല്ലേ? അതോ വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? എന്നോട് മിണ്ടാതെ മാത്രമിരിക്കല്ലേ.. എനിക്ക് പറ്റുന്നില്ലെടോ.. നെഞ്ചിന് വല്ലാത്ത വേദന പോലെ തോന്നുന്നു.. മിസ്സിംഗ്‌ യൂ.. പ്ലീസ്..' ഇനിയും ഒരുപാട് മെസേജുകളുണ്ടായിരുന്നു. പെണ്ണിന്റെ കണ്ണ് കലങ്ങി. മനസ്സ് നിറഞ്ഞു.. തുടർന്നു താഴേക്കുള്ള മെസേജുകൾ വായിക്കുന്നതിനിടെയാണ് ജീവേട്ടന്റെ കോൾ വന്നത്. ഒറ്റ റിങ്ങിൽ തന്നെ പെണ്ണ് കോൾ അറ്റൻഡ് ചെയ്തു ചെവിയിൽ വച്ചു.. "ഹെലോ.." ജീവേട്ടന്റെ ശബ്‌ദമാണ് പ്രതീക്ഷിച്ചതെങ്കിലും മറുവശത്തു നിന്ന് മറ്റേതോ ഒരു സ്ത്രീയുടെ ശബ്‌ദമായിരുന്നു. അവിചാരിതമായി ആ ശബ്‌ദം കേട്ട് പെണ്ണ് മറുപടി പറയാൻ മടിച്ചു നിന്നു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story