അറിയാതെൻ ജീവനിൽ: ഭാഗം 9

ariyathen jeevanil adhithyan

രചന: ആദിത്യൻ മേനോൻ

"ഹെലോ.. കേൾക്കാമോ?" കോളിൽ നിന്നും പിന്നെയും ആ സ്ത്രീ ചോദിച്ചു. എന്തെങ്കിലും പറയുന്നതിന് മുൻപേ നാവ് വിറച്ചു തുടങ്ങിയിരുന്നു. ആദ്യം കോൾ കട്ട് ചെയ്തേക്കാമെന്നാണ് കരുതിയത്. "ഞാൻ ജീവന്റെ അമ്മയാണ്. മോൾക്ക് കേൾക്കുന്നുണ്ടോ?" അത് കേട്ടപ്പോൾ ഇത്തിരി ടെൻഷൻ തോന്നി. കൈകൾ വിറച്ചു മരവിച്ചു പോകുമെന്നായി. "കേൾക്കാം അമ്മേ.." അമ്മേ എന്നാണ് വിളിച്ചത്. അപ്പോഴത്തെ ടെൻഷനിൽ വിളിച്ചു പോയതായിരുന്നു അത്. നെഞ്ചിന്റെ മിടിപ്പ് കൂടിത്തുടങ്ങി. "ജീവൻ കുളിക്കാൻ പോയതാ. ആ തക്കത്തിന് വിളിച്ചതാ ഞാനങ്ങോട്ടു.. കുറേ മുൻപ് അവനിങ്ങനെ അല്ലായിരുന്നു. ആരോടും മിണ്ടാതെ.. കുടിയും വലിയുമൊക്കെയായിട്ട് നശിക്കുകയായിരുന്നു എന്റെ കുട്ടി. നേരത്തിനു ഭക്ഷണം പോലും കഴിക്കാറില്ലായിരുന്നു.. പക്ഷെ ഒരുപാട് നാളായി ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് അവനൊരുപാട് മാറിയിരിക്കുന്നു.. നേരത്തിനു ഭക്ഷണം കഴിക്കാനെത്തും. സിഗരറ്റ് പോലും ഇപ്പോ തൊടാറേയില്ല.

നശിച്ചു നശിച്ചു അവസാനമവനെ എനിക്ക് നഷ്ടപ്പെടുമെന്നായിരുന്നു കരുതിയത്.. പക്ഷെ ഇന്ന് അവനു വന്നിരിക്കുന്ന ആ മാറ്റത്തിന്റെ കാരണം എന്താണെന്ന് ഇന്നാണ് അവനെന്നോട് പറഞ്ഞത്.. മോളോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല. എന്റെ മകനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതിന്.. വളരെ സന്തോഷവാനായി കാണപ്പെട്ടവൻ ഇന്ന് ഭക്ഷണം പോലും വേണ്ടാതേ ആരോടും മിണ്ടാതെ റൂമിൽ ഒറ്റക്കിരിക്കുമ്പോൾ അവൻ പിന്നെയും പഴയ അവസ്ഥയിലേക്ക് പോകുകയാണോ എന്ന് ഞാൻ പേടിച്ചിരുന്നു. അവന്റെയടുത്തിരുന്നു കാര്യം തിരക്കിയപ്പോഴാണ് മോളെ പറ്റി അവൻ പറയുന്നത്.. കേട്ടപ്പോ ഒരുപാട് സന്തോഷം തോന്നി. അവനെ നിയന്ത്രിക്കാൻ ഒരാളുണ്ടല്ലോ എന്നോർത്ത്.. മോള് മിണ്ടുന്നില്ലെന്ന് പറഞ്ഞപ്പോ അവന്റെ കണ്ണ് നനയുന്നുണ്ടായിരുന്നു.. നിങ്ങൾക്കിടയിൽ എന്താണ് പ്രശ്നമെന്നൊന്നും അമ്മക്കറിയില്ല. പക്ഷെ ദയവുചെയ്ത് അത് മനസ്സിൽ വച്ച് അവനോട് പിണങ്ങിയിരിക്കരുത് എന്ന് യാചിക്കാനേ അമ്മക്ക് കഴിയൂ..

ഇനിയും അവൻ അവന്റെ പഴയ അവസ്ഥയിലേക്ക് പോകുമോ എന്ന് പേടിച്ചിട്ടാണ്.." പറഞ്ഞു തീർത്തപ്പോൾ അമ്മയുടെ തേങ്ങലിന്റെ ശബ്‌ദം ചെവിയിൽ ഒഴുകിയെത്തിയതായി തോന്നിയിരുന്നു. എന്തുപറയണം എന്നറിയാതെ പെണ്ണ് തല താഴ്ത്തി. "ഞാൻ ജീവേട്ടനെ വിട്ടിട്ട് എങ്ങോട്ടും പോവത്തില്ലമ്മേ.." ഒടുവിൽ പറയാൻ തോന്നിയതതാണ്. അപ്പോൾ മനസ്സിലും ഉറപ്പിച്ചിരുന്നു.. പോവില്ല.. പോവില്ലാ.. "എന്റെ മോനെ ഇത്രയധികം മാറ്റിയെടുത്ത മോളെ കുറിച്ച് അമ്മയൊന്നും ചോദിച്ചില്ലല്ലോ എന്ന് മോള് കരുതണ്ട.. എല്ലാം അവനെന്നോട് പറഞ്ഞിരുന്നു.. ഒന്ന് സംസാരിക്കണമെന്ന് തോന്നി.. പറയാൻ പാടുണ്ടോ എന്നറിയില്ല എന്നാലും മോനെ വിട്ട് പോകരുതെന്ന് പറയണമെന്ന് തോന്നി.." അമ്മയ്ക്കും പറയാൻ വാക്കുകൾ കിട്ടുന്നില്ലെന്ന് പെണ്ണിന് മനസ്സിലായിരുന്നു. അതുകൊണ്ടാകും മോൻ കുളി കഴിഞ്ഞ് ഇപ്പൊ വരുമെന്നും ഫോൺ വെക്കട്ടെയെന്നും പറഞ്ഞു കോൾ കട്ട് ചെയ്ത് പോയത്. അമ്മയോട് സംസാരിക്കുവാൻ വാക്കുകൾ പരത്തുകയിരുന്നു.

എന്തു പറയണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. ഫോൺ വച്ചിട്ട് കുറേ നേരം ഒരുപാട് കാര്യങ്ങൾ ആലോചിച്ചിരുന്നു.. ശരിയാണ്. തനിക്കുമിപ്പോൾ അങ്ങനെയാണ്, ജീവേട്ടൻ ഇല്ലാണ്ടെ പറ്റത്തില്ല.. ആ താൻ എങ്ങനെയാണ് തന്റെ ജീവേട്ടനെ ഇട്ടിട്ട് പോകുക.. ഈ ജന്മത്തിൽ തനിക്കതിന് കഴിയില്ലെന്ന് ഉറപ്പല്ലേ.. പെണ്ണിന്റെ കണ്ണ് നിറഞ്ഞു.. ചുണ്ട് ചിരിച്ചു. എന്നും ജീവേട്ടന്റേത് മാത്രമായിരിക്കും മനസ്സ് പറഞ്ഞു. ജീവേട്ടന്റെ കോൾ കണ്ടപ്പോൾ അറ്റൻഡ് ചെയ്യാൻ വല്ലാത്ത തിടുക്കമായിരുന്നു. ഫോൺ ചെവിയിൽ വച്ചപ്പോൾ അവനിടത്തിൽ മൗനമായിരുന്നു. കുറേ നേരത്തിന് രണ്ടുപേരും ഒന്നും മിണ്ടിയില്ല.. "പെണ്ണേ.. എന്താണ്?" ഏറെ നേരത്തെ നിശബ്‌ദതയെ വധിച്ചത് അവനായിരുന്നു. "എന്ത്?" "ഒന്നുമില്ലേ?" മറുപടി പറഞ്ഞില്ല.. "എന്താടോ മിണ്ടാത്തെ?" "ഞാൻ മിണ്ടിയിട്ടും വലിയ കാര്യമൊന്നുമില്ലല്ലോ..

നിങ്ങളേയ് കണ്ണിൽ കണ്ടവർക്കൊക്കെ ഉമ്മയെയും വാപ്പയെയും കൊടുത്തു നടന്നോ.. നമ്മളില്ലേയ്.." പരിഭവത്തോടെ പെണ്ണ് പറഞ്ഞപ്പോൾ അവനു ചിരി പൊട്ടി. "ഓഹോ.. അപ്പൊ അതാണ് കാര്യം.. എനിക്കും തോന്നിയിരുന്നു.." ചിരിയോടെ അവൻ പറഞ്ഞു. "ആ അത് തന്നെയാ കാര്യം.." "ഹാം.. താനെന്ത് ചെയ്യുവാ.." "തലയും കുത്തി മറിയുവാ.. എന്തേ കൂടുന്നോ?" ദേഷ്യത്തോടെ ചോദിച്ചു. "ഏയ്‌ ഞാനില്ല.. തന്നത്താൻ അങ്ങ് മറിഞ്ഞാൽ മതി.." "ഉവ്വ.. അല്ലേലും നിങ്ങള് വരില്ല.. ഉമ്മ കൊടുക്കാൻ ഒരുപാട് ആൾക്കാരുണ്ടല്ലോ.." "ഇത് പിന്നെയും കറങ്ങി തിരിഞ്ഞെത്തുന്നത് ഉമ്മയിലാണല്ലോ ഈശ്വരാ.. എന്താ ഇപ്പൊ എന്റെ പെണ്ണിന്റെ പ്രശ്നം? ഞാൻ സ്റ്റാറ്റസിൽ ആ പെണ്ണിനൊരു ഉമ്മ കൊടുത്തതാണോ?" "ആ.. അത് തന്നെയാ എന്റെ പ്രശ്നം.." "എന്റെ പൊന്നോ.. ആ കുട്ടിയെന്റെ നല്ലൊരു ഫ്രണ്ടാണ്..

നീയാണേ സത്യം, ഇനി ഞാൻ നിനക്കല്ലാതെ ഒരാൾക്കും ഉമ്മ കൊടുക്കില്ല.." "ഉറപ്പാണോ?" പെണ്ണ് പിന്നെയും ചോദിച്ചു. "നിർത്തി.. ഇന്നത്തോടെ ഉമ്മ നിർത്തി.. കൊച്ചു കുട്ടികൾക്ക് പോലും ഉമ്മ കൊടുക്കില്ല.. എന്താ പോരേ? എന്നോട് പിണങ്ങി മാത്രം ഇരിക്കല്ലേ.." "അച്ചോടാ.. നിങ്ങള് അത്രക്ക് പുണ്യാളൻ ആവണ്ട ട്ടോ.." ചുണ്ടിൽ ചിരി പൂവിട്ടു.. "പിണക്കം മാറിയോ തന്റെ?" "മാറി.. പിന്നേ.. നിങ്ങള് ഭക്ഷണം കഴിച്ചില്ലേ?" "ഇല്ല.. ഇന്നെന്റെ പെണ്ണ് മിണ്ടാതിരുന്നത് കൊണ്ട് നിരാഹാര സമരമായിരുന്നു." ജീവേട്ടൻ പറഞ്ഞു. "എന്നാൽ വേഗം പോയി കഴിച്ചേ.." "ഞാനിതാ കഴിച്ചോണ്ടിരിക്കുവാ. ചവയ്ക്കുന്ന ശബ്‌ദം കേൾക്കുന്നില്ലേ.." ജീവേട്ടൻ പറഞ്ഞു. "പിന്നെന്താ..?" "പിന്നേ.. പറ.." "നിങ്ങള് പറ.." പെണ്ണ് പറഞ്ഞു. "നീ പറ.. നീ പറയുന്നത് കേട്ടോണ്ടിരിക്കാനാണ് എനിക്കിഷ്ടം.." ജീവേട്ടൻ പറഞ്ഞു. അപ്പോഴാണ് ചാച്ചൻ കോൾ ചെയ്യുന്നത്. എന്തെങ്കിലും എമർജൻസി ഇല്ലാതെ ചാച്ചൻ ഈ സമയത്ത് വിളിക്കാറില്ലായിരുന്നു. "ജീവേട്ടാ.. ഞാനിപ്പോ തിരിച്ചു വിളിക്കാമേ..

എനിക്കൊരു അർജന്റ് കോൾ വരുന്നുണ്ട്." ജീവേട്ടൻ എന്തെങ്കിലും പറയുന്നതിന് മുൻപേ കോൾ കട്ട് ചെയ്ത് ചാച്ചന്റെ കോൾ എടുത്തിരുന്നു. "ഹലോ.. എന്നതാ ചാച്ചാ ഈ നേരത്ത്? ഞാൻ താഴോട്ട് വരണോ?" "നിനക്കെന്നു പറഞ്ഞിട്ട് നീലു എഗ്ഗ് പഫ്‌സ് കൊണ്ടുവന്നിട്ടുണ്ട്. അലീന കൊച്ചിനെ ഉറക്കാൻ പോയേക്കുവാ.. ഇങ്ങു പോര് കഴിച്ചേച്ച് കിടന്നോ.." ചാച്ചൻ പറഞ്ഞപ്പോൾ കോൾ വച്ചിട്ട് വേഗം താഴേക്ക് ചെല്ലാനായി വരാന്തയിലെത്തിയപ്പോൾ നീലു ചേച്ചി മുറ്റത്തുകൂടെ പോകുന്നത് കണ്ടു. ചേച്ചിയുടെ വീട് പിന്നിലായിരുന്നു. ഇപ്പൊ അവര് പുതിയ വീടെടുത്ത് സ്ഥലം മാറി പോയിരുന്നു. "നീലു ചേച്ചിയേ.. എന്നതാ കാണാതെ പോകുന്നെ.." മുകളിൽ നിന്നും വിളിച്ചു ചോദിച്ചപ്പോഴാണ് നീലു ചേച്ചി തിരിഞ്ഞു നോക്കിയത്. "നിന്നെ കാണാനൊന്നും സമയമില്ല പെണ്ണേ.. കോറോണയല്ലേ സംസാരിക്കാനൊന്നും നിക്കുന്നില്ല.. ഇതൊന്ന് കഴിഞ്ഞോട്ടെ എന്നിട്ട് നമുക്ക് പൊളിച്ചേക്കാം.." നീലു ചേച്ചി പറഞ്ഞപ്പോ ചിരിച്ചു കാട്ടി. "ചേച്ചി എങ്ങനെയാ വന്നത്?" "ദേ റോഡിൽ ജിതൻ കാത്തിരിപ്പുണ്ട്..

കണ്ടില്ലേൽ അവനു ദേഷ്യം വരും.. ഞാൻ പോട്ടെ എന്നാൽ.." നീലു ചേച്ചി ചൂണ്ടിക്കാണിച്ചയിടത്തേക്ക് നോക്കിയപ്പോൾ ഒരു കറുത്ത കാർ കണ്ടു. അതിലിരുന്ന് പുറത്തേക്ക് നോക്കിയിരുന്നു ചിരിക്കുന്ന ജിത്തേട്ടനെ കണ്ടു.. നീലു ചേച്ചിയുടെ അനിയനാണ്. കുറേ കാലങ്ങൾക്ക് ശേഷമാണ് ജിത്തേട്ടനെ കാണുന്നത്. തന്നെ വലിയ കാര്യമായിരുന്നു ചെറുപ്പത്തിൽ.. തനിക്ക് ദിവസവും മിട്ടായി വാങ്ങി തരുമായിരുന്നു.. കുഞ്ഞിപ്പെണ്ണേ കുഞ്ഞിപ്പെണ്ണേ എന്ന് വിളിച്ചുകൊണ്ട് തന്നെ എടുത്തുകൊണ്ടു നടക്കും. കുളത്തിലെ താമര പറിച്ചു തരും..

ജിത്തേട്ടൻ കെട്ടാൻ പോകുന്ന കുട്ടിയാണെന്നും പറഞ്ഞു കുട്ടിക്കാലത്ത് ജിത്തേട്ടന്റെ വിരൽ തുമ്പിൽ കൈകൾ കോർത്ത് നടന്നുകളിച്ചത് ഓർമ്മ വന്നു. വീട് മാറി പോയതിൽ പിന്നേ ആളെ ഇന്നാണ് കാണുന്നത്. കണ്ടപ്പോ ജിത്തേട്ടൻ ചിരിച്ചു കാണിച്ചു. പെണ്ണും തിരിച്ചു ചിരിച്ചു. "പോകുവാണേ പെണ്ണേ.." കൈകാണിച്ചുകൊണ്ട് നീലു ചേച്ചി കാറിൽ കയറി. ജിത്തേട്ടൻ പോട്ടെ എന്ന് തലയാട്ടി. പെണ്ണ് ചിരിച്ചു തൂകി തലയാട്ടിക്കാണിച്ചു. അരണ്ട വെളിച്ചത്തിൽ കാർ കണ്ണുകളിൽ നിന്നും ദൂരേക്ക് പോയി മറയുന്നത് നോക്കി നിന്നു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story