ആരോടും പറയാതെ: ഭാഗം 1

arodum parayathe

എഴുത്തുകാരി: രേഷ്മ അഖിലേഷ്‌

"ഹെല്ലോ സർ,കല്യാണപ്പെണ്ണ് ഇങ്ങനെ കരഞ്ഞോണ്ടിരുന്നാൽ എങ്ങനെയാ സർ മേക്കപ്പ് ചെയ്യുന്നേ. ഞാൻ എന്താ ചെയ്യേണ്ടത്." "നിങ്ങൾ ആ ഫോൺ ഒന്നു സ്പീക്കറിൽ ഇടാമോ " "ടീ പെണ്ണേ... നീ വെറുതെ ഒരു സീൻ ഉണ്ടാക്കരുത്.നിനക്ക് താല്പര്യമില്ലെങ്കിൽ ഇതുവരെ കാര്യങ്ങൾ എത്തിയ്ക്കരുതായിരുന്നു. ഇത്‌ എന്റെ ആദ്യത്തെയും അവസാനത്തെയും വിവാഹമാണ് ഒന്നിനും ഒരു കുറവും ഉണ്ടാവാൻ പാടില്ല. കല്ല്യാണം കൂടാൻ എത്തിയവരാരും ഒന്നിനും കുറ്റം പറയാനും പാടില്ല. നിന്റെ കണ്ണുനീരിൽ മുക്കി കളയാൻ ഉള്ളതല്ല എന്റെ വിവാഹം. നിന്റെയച്ഛൻ അവിടെ തിരക്കിലായിരിക്കുമല്ലോ...ഞാൻ വിളിച്ചു പറയണോ മകളുടെ അനുസരണക്കേട്... ഹും... ചേച്ചി... മേക്കപ്പ് എല്ലാം നന്നായിരിക്കണം...ഫോൺ വെച്ചോളൂ. അവൾ ഇനി കരയാൻ പോകുന്നില്ല.എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിച്ചോളൂ." രാജശാസനം പോലെ ദൃഢവും ഒപ്പം ചുറുചുറുക്കുള്ളതുമായ വരന്റെ വാക്കുകൾ കേട്ടപ്പോൾ വധുവിന്റെ കണ്ണിലെ കണ്ണു നീര് തോർന്നത് അവനോടുള്ള സ്നേഹം കൊണ്ടായിരിക്കുമെന്ന് അവളെ അണിയിച്ചൊരുക്കാൻ എത്തിയ സ്ത്രീകൾ വിചാരിച്ചു. ഇരുകൈകളിലും തണുത്ത വെള്ളമെടുത്തു മുഖത്തേയ്ക്ക് പല തവണ ഒഴിച്ച് കഴുകിയപ്പോഴാണ് അവൾക് ഒരാശ്വാസം ആയത്.

കരയില്ലെന്ന് മനസ്സിൽ പലതവണ പറഞ്ഞുറപ്പിച്ച ശേഷം അവൾ ഒരു പാവയെപ്പോലെ നടന്നു വന്ന് ഒരു വലിയ കണ്ണാടിയ്ക്കു മുൻപിലുള്ള കസേരയിൽ ഇരുന്നു. അവളെ ഒരുക്കാനായി വന്നവർ പരസ്പരം ഒന്നു നോക്കി. കണ്ണിൽ ഒരു തരി മഷി എഴുതിയാൽ തന്നെ വല്ലാത്തൊരു ആകർഷണമുള്ള അവളുടെ മുഖത്ത് ചായം പുരട്ടേണ്ടതില്ല എങ്കിലും അവരുടെ തൊഴിൽ ഭംഗിയായി ചെയ്തല്ലേ പറ്റൂ... ഇത്രയും നേരം നിറമിഴിയാലേ ഇരുന്നവൾ നിർവികാരതയോടെ ഇരിക്കുന്നത് കണ്ടിട്ട് അവർക്ക് അതിശയം തോന്നി. അല്ലെങ്കിലും ഈ വിവാഹത്തോട് കൂടി ആ നാട്ടിലെ ഏറ്റവും സമ്പന്നകുടുംബത്തിലേക്ക് വലതു കാല് വെച്ചു കയറേണ്ട പെണ്ണ് എന്തിനാണ് ദുഃഖിക്കുന്നത് എന്ന് അവർക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായതേ ഇല്ലാ. ഇരുവരും ചേർന്ന് ആവണിയെ വളരെ നന്നായി തന്നെ ഒരുക്കി. മുട്ടോളമെത്തുന്ന ഇടതൂർന്ന കോലൻ മുടി മെടഞ്ഞിട്ട് മുല്ലപ്പൂവെച്ച്, സർവ്വാഭരണവിഭൂഷിതയായി ചുവന്ന പട്ടു സാരിയിൽ അവൾ ദേവതയെപ്പോലെ വിളങ്ങി. മനസ്സു നിറഞ്ഞ ഒരു പുഞ്ചിരിയിൽ ഏതൊരു മുഖവും സുന്ദരമാകുമെന്നിരിക്കെ ആ ഒരു പുഞ്ചിരിയുടെ ആഭാവത്തിൽ ആയിരിക്കണം ആവണിയുടെ മുഖം അപ്രസന്നമായിരുന്നു.

"ആഹാ അച്ഛമ്മേടെ സുന്ദരിക്കുട്ടീ ഒരുങ്ങിക്കഴിഞ്ഞോ... നോക്കട്ടെ... എന്തൊരു ചേലാ ഇപ്പൊ. രാജകുമാരി തന്നെ." പ്രായത്തിന്റെ അവശതകൾ മറന്ന് അവർ ആവണിയുടെ അടുത്തേയ്ക് വേഗത്തിൽ നടന്നടുക്കുന്നത് കണ്ട് ആവണി എഴുന്നേറ്റു വന്ന് അച്ഛമ്മയെ പിടിച്ചു. "അച്ഛമ്മേ... അച്ഛൻ എവിടെയാ... അച്ഛനോട് എനിക്കു സംസാരിക്കാൻ ഉണ്ട്‌ " "എന്താണ് മോൾക്ക്‌ അച്ഛനോട് പറയാൻ ഉള്ളത്. അമ്മയോട് പറയ്... അച്ഛനവിടെ ആളുകളെ സ്വീകരിക്കുന്ന തിരക്കിലല്ലേ... ഉം പറയെന്നെ " അച്ഛമ്മയും ആവണിയും തമ്മിലുള്ള സംസാരത്തിനിടയ്ക് സന്ധ്യ കടന്നു വന്നു. പൊന്നിൻ വളകൾ അണിഞ്ഞ അവളുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു. "മോളെ... എന്തായിത് നല്ലൊരു ദിവസമായിട്ട് ഇങ്ങനെ മുഖം വീർപ്പിച്ചു നില്ക്കാ... ഒന്ന് ചിരിച്ചേ..." സന്ധ്യയുടെ തേൻ പുരട്ടിയ വാക്കുകൾ ആവണിയുടെ കാതുകളിൽ കൂരമ്പു പോലെ തുളച്ചു കയറി. സന്ധ്യയുടെ കൈകൾ അവൾ വെറുപ്പോടെ തട്ടി മാറ്റി. "നീ വല്ലാണ്ട് അങ്ങോട്ട് നെഗളിക്കാതെടി. ദാ നിന്റെ ആത്മ സുഹൃത്ത് വിളിക്കുന്നുണ്ട്.ഹോൾഡിൽ വെച്ചിരിക്ക.സംസാരിക്കു..." തികഞ്ഞ അവജ്ഞതയോടെ സന്ധ്യ മൊബൈൽ ഫോൺ ആവണിയുടെ കയ്യിൽ വെച്ചു കൊടുത്തു.

ആവണി എന്ത് സംസാരിക്കുന്നു എന്നറിയാൻ സന്ധ്യ അവൾക്കരികിൽ തന്നെ നിന്നു. "ഹെല്ലോ... ഹെല്ലോ ആവണി നീ കേൾക്കുന്നുണ്ടോ "ഉം " "ആവണി...നിനക്ക് അച്ഛനെ ജീവനല്ലേ... നീ കാണുന്നില്ലേ നിന്റെ അച്ഛന്റെ മുഖത്തെ സന്തോഷം... ആ സന്തോഷം തല്ലിക്കെടുത്താൻ നീ ആഗ്രഹിക്കുന്നുണ്ടോ...നിന്റച്ഛൻ നീ കാരണം കൂടി തല താഴ്ത്തി ആളുകൾക്കു മുൻപിൽ നിൽക്കുന്നത് കാണാൻ നിനക്കു കഴിയില്ലല്ലോ. ഞാനെന്താ പെട്ടന്ന് മാറിപ്പോയത് എന്ന് നീ ചിന്തിക്കുന്നുണ്ടാകും അല്ലേ... അതെന്തായാലും നീ അറിയും... എന്തായാലും നീ ഒരു വധുവിന്റെ വേഷം കെട്ടിപ്പോയില്ലേ... സന്തോഷത്തോടെ നീ അയാളുടെ താലിയും ഏറ്റു വാങ്ങിയേ പറ്റൂ. ഞാൻ ഓഡിറ്റോറിയത്തിൽ തന്നെയുണ്ട് ആവണി... എന്ത് ഭംഗിയായ ഇവിടെ അലങ്കരിച്ചിരിക്കുന്നത്... അതുപോലെ നീയും സുന്ദരി ആയിട്ട് വായോ... വിഷമിക്കരുത് കേട്ടോ...ദൈവം നിന്നെ ഇനി കരയാൻ അനുവദിക്കില്ല... എല്ലാം നല്ലതിന് വേണ്ടിയാ...കേൾക്കുന്നുണ്ടോ നീ?" "ഊം " "ശരി എന്നാൽ. വെയ്ക്കുവാ...ഒരുങ്ങി സുന്ദരിക്കുട്ടി ആയിട്ട് വായോ. ഞാൻ ഇവിടെ തന്നെയുണ്ട്." മുൻപ് വിവാഹത്തിന് സമ്മതിക്കരുത് എന്ന് തന്നെക്കാൾ വാശി ഉണ്ടായിരുന്നത് തന്റെ ഒരേയൊരു കൂട്ടുകാരി സ്നേഹയ്ക്കായിരുന്നു.

വിവാഹത്തിന് വരില്ലെന്ന് വരെ ദേഷ്യത്തിൽ പറഞ്ഞു വഴക്കിട്ടു പോയവൾ ഇന്ന് തന്നോട് എന്തുകൊണ്ടാണ് ഇങ്ങനെ സംസാരിച്ചതെന്ന് അവൾ ആലോചിച്ചു. പതിയെ നടന്നു കണ്ണാടിയ്ക്ക് മുൻപിൽ തന്നെ ഇരിപ്പുറപ്പിച്ചു. രണ്ടു മണിക്കൂറുകൾ കഴിഞ്ഞാൽ ഒരു താലി തന്റെ കഴുത്തിൽ വീഴുമെന്ന് അവൾക്കു അറിയാം. ഒരു താന്തോന്നിയുടെ കൂടെ കഴിയുവാൻ പോകുന്ന നാളുകൾ... "ആർക്കെല്ലാമോ ഒരു വാശിയാണല്ലേ ഈ പെണ്ണിന്റെ കുഞ്ഞു സ്വപ്നങ്ങൾ കാറ്റിൽ പറത്തിയെ തീരു എന്ന്..." ഭൂതകാലത്തേക്കാൾ വേദന ആയിരിക്കുമല്ലോ വരും നാളുകളിൽ ആ താലിയ്ക്കൊപ്പം തന്നിൽ ചേരുന്നതെന്ന ചിന്ത പഴയ കാലങ്ങളിലേയ്ക് തിരിഞ്ഞു നോക്കുവാൻ അവളെ പ്രേരിപ്പിച്ചു. ««(മാസങ്ങൾക്ക് മുൻപുള്ള ആവണിയുടെ ജീവിതം.) "ആവണീ...എടീ... എഴുന്നേൽക്കാറായില്ലേടി ഇതു വരെ " സന്ധ്യയുടെ ആരോചകമായ ശബ്ദം ആവണിയുടെ കാതുകളിൽ വീണു. "ഈശ്വരാ ഇത്ര പെട്ടന്ന് നേരം വെളുത്തോ". അവൾ മനസ്സിൽ പരിഭവിച്ചു. തൊട്ടരികിൽ അച്ഛമ്മ നല്ല ഉറക്കത്തിലാണ്. മരുന്ന് കഴിക്കുന്നതിന്റെ ക്ഷീണമാണ്... പാവം... അച്ഛമ്മയുടെ നരവീണ മുടിയിൽ പതിയെ തലോടിക്കൊണ്ട് അവൾ പുതപ്പു നേരെ ഇട്ടു കൊടുത്തു.

ഒരു ദീർഘനിശ്വാസത്തിനു ശേഷം അവൾ പതിയെ മുറി വിട്ടിറങ്ങി. ഇക്കാലത്തെ സാധാരണ പെൺകുട്ടികളെ പോലെ അടുക്കളയിൽ ചെന്ന് അമ്മയോട് ചായ ചോദിക്കാനായിട്ടല്ല അവൾ പോകുന്നത്. അവളെയും കാത്ത് അകത്തും പുറത്തുമായ് ജോലി പലതുണ്ട്. മുറ്റമടിയും കുളിയും കഴിഞ്ഞു നേരെ അടുക്കളയിൽ എത്തി. "ഓഹ് തമ്പുരാട്ടി നീരാട്ടും കഴിഞ്ഞെത്തിയോ. നിനക്കീ ദോശ രണ്ടെണ്ണം ചുട്ടു വെച്ചിട്ട് പോയാൽ മത്യാർന്നില്ലേ. അല്ലെങ്കിൽ ആ സാമ്പാറിനുള്ളത് അടുപ്പത്തു വെയ്ക്കാർന്നില്ലേ " സന്ധ്യ പതിവ് പോലെ ആവണിയുടെ കാതിൽ ശകാരങ്ങൾ തുടങ്ങി. വഴക്കു കേട്ടു തഴമ്പിച്ച ആവണി നിർവികാരതയോടെ പണികളിലേർപ്പെട്ടു. "മോളെ ആവണി... മോളെ..." അച്ഛമ്മ ഉണർന്നയുടൻ ആവണിയേ വിളിച്ചു. "ഒരു മോള്... തള്ള രാവിലെതന്നെ കിടന്നു വിളിച്ചു കൂവിയിട്ട് എന്റെ പിള്ളേരെ ഉണർത്തൂലോ... പാവങ്ങൾ രാത്രി മുഴുവൻ ഇരുന്നു പഠിച്ചു ക്ഷീണിച്ചു ഉറങ്ങാ... " സന്ധ്യ തലയിൽ കൈവെച്ചു ആരോടെന്നില്ലാതെ പുലമ്പി. അച്ഛമ്മയെ പ്രാകുന്നത് കേട്ടിട്ടും പ്രതികരിയ്ക്കാനാകാതെ ഈർഷ്യയോടെ ആവണി അച്ഛമ്മയ്‌ക്കരികിലേയ്ക്ക് പോയി. "എന്തിനാ അച്ഛമ്മേ ഉച്ചത്തിൽ വിളിക്കണേ. അമ്മ അവടെ പ്രാകാൻ തുടങ്ങിണ്ട് " "അവള് പറയണതൊന്നും ന്റെ മോള് ശ്രദ്ധിക്കണ്ട.

അച്ഛമ്മയെ ഒന്ന് എണീപ്പിച്ചേ. ഇന്നല്ലേ മോൾടെ കോളേജില് ഫീസ് അടയ്ക്കണ്ടേ. അച്ഛമ്മടെ കയ്യിൽ പകുതി കാശ്ണ്ട് ബാക്കി മ്മക്ക് രഘുനോട് ചോദിക്കാ " "അച്ഛമ്മ വെറുതെ വേണ്ടാത്ത പണിക്കൊന്നും പോവണ്ട. പൈസ ഉള്ളത് മതി. നാളെയോ മറ്റന്നാളോ രാധേച്ചി ആ പലഹാരം വിറ്റത്തിന്റെ പൈസ തരൂലോ. അപ്പൊ കൊടുക്കാം." "അതു വരെ നീയ്യ് ക്ലാസ്സിലെ കുട്ട്യോൾടെ എടേല് തലകുനിച്ചു നിൽക്കണ്ടേ." "അതൊക്കെ ശീലല്ലേ അച്ഛമ്മക്കുട്ടീ." അച്ഛമ്മയുടെ കവിളിൽ പിടിച്ചൊന്നു വലിച്ചു കൊണ്ടവൾ ചിരിച്ചു.വിഷാദം കലർന്നൊരു ചെറു ചിരി. "എടീ ആവണീ അവടെ ഇരുന്ന് നേരമ്പോക്ക് ഇങ്ങട്ട് വരുന്നുണ്ടോ നീയ്. മൂക്കുമുട്ടെ വെട്ടി വിഴുങ്ങാൻ അല്ലാണ്ട് തള്ളേം കൊച്ചുമോളേം എന്തിന് കൊള്ളാം." "ഞാൻ അങ്ങട്ട് പോട്ടേ അച്ഛമ്മേ, ഗാഥയും മാധുവും എണീറ്റ് പല്ല് തേച്ചു വരുമ്പോഴേക്കും ചായേം പലഹാരോം മേശപ്പുറത്തു കണ്ടില്ലെങ്കിൽ പിന്നതു മതി." "ന്റെ കുട്ടീടെ ഒരു വിധി. തമ്പുരാൻമാരെ " "അച്ഛമ്മേ... എന്താത് രാവിലെ തുടങ്ങിയോ പരാതി പറച്ചില്. ഞാൻ പണികൾ തീർത്തിട്ട് വേഗം ഒരുങ്ങട്ടെ." പതിവുപോലെ സന്ധ്യയുടെ ശകാരവും വീട്ടുകജോലികളും എല്ലാം തീർന്ന് ആവണി കോളേജിലേക്ക് പോകാൻ തയ്യാറെടുത്തു.

അധികം സമയം ഒന്നും എടുക്കാതെയാണ് എന്നും ആവണിയുടെ ഒരുക്കങ്ങൾ. പതിവില്ലാതെ അവൾ ഒരുപാട് നേരം കണ്ണാടിയ്ക്കു മുൻപിൽ തന്നെയായിരുന്നു. സാധാരണയായി അവൾ ധരിക്കാറുള്ള ചുരിദാർ അല്ലായിരുന്നു അന്നത്തെ വേഷം. സാരി. "ആരെ കാണിക്കാൻ വേണ്ടിയാ തമ്പുരാട്ടി ഇങ്ങനെ അണിഞ്ഞൊരുങ്ങുന്നത് " പല്ലുകടിച്ചമർത്തികൊണ്ട് സന്ധ്യ ആവണിയോട് ചോദിച്ചു. സെറ്റുസാരിയുടുത്ത് മുട്ടൊളമെത്തുന്ന മുടിയിൽ മുല്ലപ്പൂവും ചൂടി കണ്ണാടിയിൽ നോക്കി കണ്ണെഴുതിക്കൊണ്ടിരിക്കുന്ന ആവണിയെ കണ്ടപ്പോൾ സന്ധ്യയ്ക്ക് തെല്ലൊന്നുമല്ല അരിശം കയറിയത്. "അമ്മേ ഇന്ന് കേരളപ്പിറവിയല്ലേ. അതോണ്ട് കുട്ട്യോളെല്ലാരും സാരിയോ ദാവണിയോ അങ്ങനെ കേരളീയ വേഷം എന്തെങ്കിലും ഇട്ടോണ്ട വരാ... " "ഓഹ് കേരളപ്പിറവി. ഉടുത്തൊരുങ്ങി പോകാൻ എന്തേലും ഒരു കാരണം വേണ്ടേ." "എന്തിനാ സന്ധ്യേ രാവിലെ തന്നേ അവള്ടെ മെക്കട്ട് കേറണ്.

നിന്നോട് വല്ല ദ്രോഹവും ചെയ്യണുണ്ടോ അവൾ " സന്ധ്യയുടെ സംസാരം കേട്ടുകൊണ്ട് വന്ന അച്ഛമ്മ പറഞ്ഞു. "അവൾ ഉടുത്തൊരുങ്ങീന്ന് വെച്ചിട്ട് നിനക്കെന്താ നഷ്ടം... " അച്ഛമ്മയ്ക്ക് സന്ധ്യയുടെ അഹങ്കാരത്തെ ചോദ്യം ചെയ്യാതിരിക്കാനായില്ല. "ഹോ വന്നല്ലോ തള്ള കൊച്ചുമോൾടെ വക്കാലത്തു പറയാൻ " സന്ധ്യ ദേഷ്യത്തോടെ അച്ഛമ്മയുടെ നേർക്ക് തിരിഞ്ഞതും അകത്തു നിന്നും ഗാഥമോളുടെ വിളി കേട്ട് സന്ധ്യ തല്ക്കാലം പിൻവാങ്ങി പതിവായി നിറം മങ്ങിയ ചുരിദാറുകൾ മാറി മാറിയിട്ട് ഇട്ട് കോളേജിൽ പോകാറുള്ള ആവണി പതിവിലും സുന്ദരി ആയിട്ടുണ്ട് എന്ന് അച്ഛമ്മയും ശ്രദ്ധിച്ചു. "നല്ല ഐശ്വര്യം ഉണ്ടിന്ന് എന്റെ കുട്ട്യേ കാണാൻ. കല്ല്യാണപ്പെണ്ണിനെ പോലെന്നെ" "ഒന്നു പോ അച്ഛമ്മേ കളിയാക്കാണ്ട്." അച്ഛമ്മയുടെ കവിളിൽ നുള്ളി കൊണ്ടവൾ പറഞ്ഞു. അച്ഛമ്മ കാണാതെ അവൾ കണ്ണാടിയിൽ ഒന്നു കൂടി നോക്കി... » "അച്ഛമ്മേ ഞാനിറങ്ങട്ടെ സ്നേഹ കാത്തു നിൽക്കാവും. ഈ സാരിയും ഉടുത്തോണ്ട് നടക്കാൻ എളുപ്പല്ലട്ടോ. ഇനി ആ വെളിച്ചപ്പാടിന്റെ ഇടി വണ്ടിയിൽ കയറീ കോളേജിൽ എത്തുമ്പോഴേക്കും ഇതെല്ലാം അഴിഞ്ഞു പോവോന്നാ പേടി. എല്ലാരും നിർബന്ധം പിടിച്ചോണ്ടാ അവസാന വർഷല്ലേ കോളേജിൽ..."

നീറ്റിവളർത്തിയ ചുരുണ്ട മുടിയുള്ള ഒരു മുരടനായിരുന്നു അവരു പോകുന്ന ബസ്സിലെ ഡ്രൈവർ. ഫുൾ ടിക്കറ്റ് അല്ലാത്തതുകൊണ്ട് വിദ്യാർത്ഥികളോട് പലപ്പോഴും ദുർമുഖം കാണിക്കുന്ന അയാളെ സ്നേഹയും ആവണിയും കളിയാക്കി വിളിക്കുന്ന പേരാണ് "വെളിച്ചപ്പാടെ"ന്ന്. "ന്നാ മോള് വേഗം പൊയ്ക്കോ. നോക്കി പോണംട്ട...വൈകീട്ട് വരുമ്പോ ആ പാടത്തിന്റെ വക്കത്തൂടെ വരണ്ടാ... അവടെ കള്ളുകുടിയന്മാരുടെ ശല്ല്യം ഏറെണ്ട് " "ഞങ്ങൾ രണ്ടു പേരില്ലേ അച്ഛമ്മേ പിന്നെതിനാ പേടിക്കണേ... ന്നാലും ചുറ്റി വളഞ്ഞിട്ടാണേലും വേറെ വഴീക്കൂടി വന്നേക്കാം. പോയിട്ട് വരാം അച്ഛമ്മേ... പിന്നേ ആ രാധേച്ചി വന്നാൽ കഴിഞ്ഞ ആഴ്ച ബാക്കി വെച്ച പൈസ മുഴുവൻ തരാൻ പറഞ്ഞേക്കണേ..." ഉമ്മറത്തു നിന്നിറങ്ങി ചെരുപ്പിട്ടു തിരിഞ്ഞപ്പോൾ കണ്ടത് രഘുവിനെയാണ്. സാധാരണ രഘു ഇറങ്ങും മുൻപേ ആവണി ഇറങ്ങാറുണ്ട്. ഇന്ന് ആവണി കുറച്ചു വൈകിയതാണ്.

കണ്മുൻപിൽ പെടാതെ അവൾ പരമാവധി ഒഴിഞ്ഞു മാറിയാണ് ആ വീട്ടിൽ അവൾ കഴിഞ്ഞിരുന്നത്. ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് ഹെൽമെറ്റ്‌ വെയ്ക്കുമ്പോൾ പതിവില്ലാതെ ആവണിയെ രാവിലെ കണ്മുൻപിൽ കണ്ടതിന്റെ അമർഷത്തിൽ രഘു വീടിനകത്തേയ്ക്ക് നോക്കി ഒച്ചയിട്ടു. "മാധൂ... നീ വരുന്നുണ്ടോ..." അകത്തു നിന്നും മറുപടിയൊന്നും വന്നില്ലെങ്കിലും മാധു ഇറങ്ങാനുള്ള ധൃതിയിലാണെന്ന് ബഹളം കേട്ടാൽ അറിയാം. മാധുവും രഘുവും പോയതിനു ശേഷം പോകാമെന്നു കരുതി മാധുവിനെ ആവണിയുടെ കണ്ണുകൾ അക്ഷമയോടെ തിരക്കവേ രഘുവിന്റെ നാവിൽ നിന്നും ആവണിയുടെ കരിമഷിയെഴുതിയ കണ്ണുകളെ ഈറനണിയിക്കാൻ പാകത്തിൽ ശബ്ദമുയർന്നു. തുടരും. 

Share this story