ആരോടും പറയാതെ: ഭാഗം 10

Arodum parayathe copy

എഴുത്തുകാരി: രേഷ്ജ അഖിലേഷ്‌

അങ്ങേ തലയ്ക്കൽ ഒരു പെൺകുട്ടിയുടെ ശബ്ദമായിരുന്നു.അയാളെ സംസാരിക്കാൻ വിടാതെ അവൾ ദേഷ്യപ്പെട്ടു സംസാരിച്ചു കൊണ്ടിരുന്നു.അതുകൊണ്ട് തന്നെ രഘുവിന് ദേഷ്യം വന്നു തുടങ്ങിയിരുന്നു. ദേവദത്തിനെക്കുറിച്ച് പറഞ്ഞപ്പോൾ അയാൾ അവളോട് സംസാരിക്കാൻ തുടങ്ങി. ഫോണിലൂടെ കേട്ടപ്പോൾ ആദ്യം മനസ്സിലായില്ലെങ്കിലും ആവണിയുടെ കാര്യത്തിൽ ഇത്രയേറെ ഉയരുന്ന ശബ്ദം,അത് സ്നേഹയുടെത് അല്ലാതെ മാറ്റാരുടെ ആകാനാണ്. "മോളെ...ഞാൻ വിവാഹം ക്ഷണിക്കാൻ അന്ന് വന്നപ്പോഴും നീ എന്നോട് ദുർമുഖം കാണിച്ചു...എന്തായാലും നീയെന്റെ ആവണിയുടെ ഏറ്റവും നല്ല സുഹൃത്ത് അല്ലേ...എന്നേക്കാൾ കൂടുതൽ ആവണിയെ അറിയുന്ന കുട്ട്യാ നീ...എനിക്കറിയാം...അവളോടുള്ള സ്നേഹത്തിന്റെ പേരിലാ മോള് ഇങ്ങനെ പറയണേ എന്നും അറിയാം...നിന്റെ അച്ഛനെ ഒന്ന് കാണേണ്ട കാര്യവും ഉണ്ട്‌...ഈ കാര്യം ഫോണിലൂടെ സംസാരിച്ചാൽ ശരിയാവില്ല...ഞാൻ നേരിട്ട് വരാം." ഇത്രയും പറഞ്ഞു രഘു ഫോൺ വെച്ചു. രഘു സ്നേഹയുടെ വീട്ടിൽ പോയി അവളെ കണ്ടു സംസാരിച്ചു. ആരെ തള്ളണം ആരെ കൊള്ളണം എന്നറിയാതെ ആവണിയുടെ മനസ്സുരുകിക്കൊണ്ടിരുന്നു. അച്ഛന്റെയും അച്ഛമ്മയുടെയും സന്തോഷം മാത്രം മനസ്സിൽ ഓർത്തു കൊണ്ട് വിവാഹത്തിന് തയ്യാറായി ഓഡിറ്റോറിയത്തിൽ എത്തി.

പക്ഷെ വിവാഹം ഉറപ്പിച്ച് ഇത്രയും നാൾ ഇല്ലാത്ത അത്രയും സങ്കടവും ആശങ്കയും എല്ലാം പിടി മുറുക്കി. അതാണ് മണവാട്ടിയായി ഒരുങ്ങാൻ ഇരുന്നപ്പോഴും അവളുടെ കണ്ണുകൾ അനുസരണയില്ലാതെ പെയ്തിറങ്ങിയത്. അല്പനിമിഷങ്ങൾക്കകം തന്നെ താലി ചാർത്താൻ പോകുന്ന വരൻ ഫോണിൽ വിളിച്ചു സംസാരിച്ചതും അച്ഛമ്മയുടെ വാത്സല്ല്യത്തോടെയുള്ള തഴുകലും സന്ധ്യ എന്ന രണ്ടാനമ്മയുടെ പരിഹാസവും കൂട്ടുകാരിയുടെ ആശ്വാസ വാക്കുകളും എല്ലാം അവൾ വീണ്ടും ഓർമ്മിച്ചു. അതെ,അൽപ്പ സമയത്തിനുള്ളിൽ തന്റെ ഭാവി ഒരു ചരടിൽ കൊരുത്തിടുമെന്ന് അവൾ ഉറപ്പിച്ചു. അവൾ തന്റെ രൂപം കണ്ണാടിയിൽ നോക്കി ഇരുന്നു. ദേവദത്തത്തിന്റെ വീട്ടുകാർ നൽകിയ അത്രയും സ്വർണ്ണം അണിഞ്ഞിട്ടുണ്ട്...അല്ല കുറച്ചു സ്വർണ്ണം ബാക്കി സന്ധ്യ മാറ്റി നൽകിയ ഗ്യാരണ്ടി ആഭരണങ്ങൾ. അതിലും അവൾക്ക് പരിഭവം ഇല്ലായിരുന്നു. "മോളെ..." രഘു സ്നേഹത്തോടെ വിളിച്ചു.അണിഞ്ഞൊരുങ്ങി നിൽക്കുന്ന മകളെ കണ്ട് അയാളുടെ കണ്ണുകൾ ആനന്ദാശ്രു പൊഴിച്ചു. "അച്ഛാ..."

"മോളെന്നെ കാത്തിരിക്കായിരുന്നുലെ...എനിക്ക് മോൾടെ അടുത്തു വന്ന് നിന്നാൽ മതിയോ...താഴെ വരുന്നവരെ എല്ലാം സ്വീകരിച്ചിരുത്തേണ്ടേ...വയ്യാത്ത അച്ഛമ്മയെ കൊണ്ട് ഒറ്റയ്ക്കു പറ്റോ " സന്ധ്യയും അച്ഛമ്മയും അവിടെ ഉണ്ടായിരുന്നില്ല.ആവണി ഗതകാല ചിന്തയിൽ മുഴുകിയിരിക്കെ അവർ പോയത് അവൾ അറിഞ്ഞിരുന്നില്ല. മകളുടെ വിവാഹദിവസത്തിൽ ഏതൊരു അച്ഛനും ഉണ്ടാകുന്ന ആവേശവും സന്തോഷവും അയാളിൽ നിറഞ്ഞു നിന്നിരുന്നു.തിരക്കുകളിൽ നിന്ന് തിരിയാൻ സമയം കിട്ടാതെ വേഗതയോടെ ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും അതിൽ അയാൾ ആത്മസംതൃപ്തി കൊണ്ടു. ആ നേരത്ത് ഒന്നും പറഞ്ഞു വിഷമിപ്പിക്കാൻ ആവണി ഇഷ്ട്ടപ്പെട്ടില്ല. "ഞാൻ പോവട്ടെ മോളെ താഴത്തേയ്ക്ക്...അല്ലെങ്കിൽ വേണ്ട മോളും വായോ...നിന്റെ കൂട്ടുകാരി അവിടെ കാത്തിരിക്കുന്നുണ്ട്..." "ഞാൻ വരാം അച്ഛാ...അച്ഛൻ നടന്നോ..." രഘു അവളെ ഒറ്റയ്ക്ക് വിട്ട് താഴേക്ക് പോയി. «» «» «» «» «» «» «» «» "മുഹൂർത്തം ആയിമോളെ...താഴേക്ക് പോകാം..." അച്ഛമ്മയുടെ കൂടെ സ്നേഹയും ഗാഥയും മാധുവും സന്ധ്യയും ഉണ്ടായിരുന്നു. മണ്ഡപത്തിലേക്ക് കയറി ഇരുന്നപ്പോൾ അവൾ പതിയെ ചുറ്റുമുള്ളവരെ കണ്ണോടിച്ചു.സ്നേഹയും അച്ഛനും അച്ഛമ്മയും വളരെ സന്തോഷത്തിലാണ്.

സന്ധ്യയുടെയും മക്കളുടെയും മുഖത്ത് പരിഹാസവും പുച്ഛവും പ്രതികാരഭാവവും. അവൾ മുതിർന്നവരുടെയെല്ലാം അനുഗ്രഹം വാങ്ങി. അവളെ അനുഗ്രഹിക്കാനും വിവാഹത്തിൽ പങ്കെടുക്കാനും അതീവ ഉത്സാഹത്തോടെ രഘുവിന്റെ ചെറിയച്ഛനും ഉണ്ടായിരുന്നു. അരികിരിലിരിക്കുന്ന ദേവദത്തിനെ അറിഞ്ഞോ അറിയാതെയോ പോലും നോക്കാൻ അവൾ താല്പര്യപ്പെട്ടില്ല. ദേവനന്ദയെയും അമ്മായി വിമലയെയും വളരെ സന്തോഷത്തോടെ തന്നെ കാണപ്പെട്ടു. പെട്ടന്നാണ് അവളുടെ കണ്ണുകളിൽ ആ മുഖം ദൃശ്യമായത്. അവൾ തന്റെ അരികിലിരിക്കുന്ന വരനെയും അതേ ഞെട്ടലോടെ നോക്കി. അരികിലുള്ളത് ദേവദത്ത് തന്നെയാണോ എന്ന് അവൾ ഒരുവേള ചിന്തിച്ചു. അവൾ ആൾക്കൂട്ടത്തിലെ മുഖവും തന്റെ അരികിലിരുന്നു ചിരിക്കുന്ന മുഖവും മാറി മാറി നോക്കി. അവളുടെ നോട്ടം മനസ്സിലാക്കിയിട്ടേന്നോണം ദേവദത്ത് സ്വകാര്യമായി പറഞ്ഞു :"എന്താ പെണ്ണേ...ഞെട്ടിയോ...അത് ഏതാ പുതിയ കഥാപാത്രം എന്നായിരിക്കും അല്ലേ...അത് എന്റെ അനിയനാ...പുതിയത് ഒന്നും അല്ല കേട്ടോ എന്റെ അത്ര കാലപ്പഴക്കം അവനും ഉണ്ടേ...ഞങ്ങൾ ഇരട്ടകളാ...നീയും ഞാനും കാണും മുൻപേ നിങ്ങൾ തമ്മിൽ കണ്ടിട്ടുണ്ട്." ആവണി അതിശയത്തോടെ തന്നെ ഇരുന്നു. "അതേ...ഇങ്ങനെ ആലോചിച്ചിരുന്നാൽ മതിയോ...

ചടങ്ങ് എത്രയാ കിടക്കണേ...ഒന്നും മനസ്സിലാകുന്നില്ല അല്ലേ...സമയം ഉണ്ട്‌...പതിയെ മനസ്സിലാകും...ഒന്ന് മാത്രം ഉറപ്പിച്ചോ...ഞാൻ താൻ വിചാരിക്കുന്ന പോലെ പെണ്ണ് പിടിയൻ ഒന്നുമല്ല...അന്ന് പറഞ്ഞത് പോലെ അർപ്പിത എന്ന കുട്ടിയും ഞാനും തമ്മിൽ യാതൊരു ബന്ധവും ഇല്ലാ..." കണ്ണുകൾ രണ്ടും ചിമ്മി തുറന്ന് അവൻ അവളോട് പ്രണയാർദ്രമായി ചിരിച്ചു. താൻ അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടെന്ന് അവൾക്കു മനസ്സിലായി. താൻ സ്നേഹിക്കുന്നവർ തന്നെ ഒരിക്കലും അപകടത്തിലേക്കല്ല തള്ളിവിടുന്നതെന്ന് അവൾ ഉറപ്പിച്ചു. അതുവരെ ഉണ്ടായിരുന്ന സംശയങ്ങൾക്ക് ഒരു വിധം ഉത്തരങ്ങൾ അവൾ സ്വയം കണ്ടെത്തി. പെണ്ണുകാണൽ ദിവസം അവൻ പറഞ്ഞത് പോലെ തന്നെ പൂർണ്ണ മനസ്സാലെ തന്നെ അവൾ ദേവദത്തിന്റെ താലിയും സിന്ദൂരവും അണിഞ്ഞു. ആർഭാടമായി തന്നെ അവരുടെ വിവാഹം നടന്നു. ചടങ്ങുകളും സദ്യയും ഫോട്ടോയും വീഡിയോ എടുക്കലും എല്ലാം നടന്നു. ഫോട്ടോഗ്രാഫർ ഓരോ പ്രണയഭാവങ്ങളിൽ ഫോട്ടോയ്ക്ക് പോസ്സ് ചെയ്യാൻ ആവശ്യപ്പെടുമ്പോഴും അതിൽ പുതുമ നിറഞ്ഞു. ഇത്രയും നാൾ വെറുപ്പോടെ നോക്കിയിരുന്ന നവവരനെ ആവണി കൗതുകത്തോടെ നോക്കുമ്പോൾ എന്തെല്ലാമോ പറയാൻ ബാക്കി വെച്ച് കണ്ണുകളിൽ കുസൃതിയോടെ അവനും.

ഏറെ നാൾ പ്രണയിച്ചു വിവാഹം കഴിച്ചവരെപ്പോലെ തോന്നി മറ്റെല്ലാവർക്കും. ആവണി യാത്ര പറഞ്ഞു പോകാനുള്ള സമയമായി. അച്ഛമ്മയെ പിരിയുന്നതിൽ അവൾക്ക് ഏറെ വിഷമമുണ്ടായിരുന്നു. "പൊന്നു പോലെ നോക്കണം ന്റെ കുട്ടിയെ..." അച്ഛമ്മ ദേവദത്തിന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു. "പോന്നു പോലെ അല്ല അച്ഛമ്മേ...പൊന്നിനേക്കാൾ വിലയില്ലേ അച്ഛമ്മേടെ ആവണി മോൾക്ക്...ദാ കൂടി വന്നാൽ ഇന്ന് കൂടിയെ ആവണി കരയുന്നത് അച്ഛമ്മ കാണുള്ളൂ...അത് നിങ്ങളെ എല്ലാവരെയും പിരിയുന്ന സങ്കടമാ...ഇനി ഇവൾ കരയാൻ പോണില്ല...സ്വന്തം വീട്ടിൽ കിട്ടാതെ പോയ സ്നേഹവും വാത്സല്ല്യവും സ്വാതന്ത്ര്യവും എല്ലാം ഉണ്ടാവും ഇന്ദീവരത്തിൽ." അച്ഛമ്മയെ കെട്ടിപ്പിടിച്ചു കരയുകയായിരുന്ന ആവണിയുടെ അടുത്തേയ്ക്ക് സ്നേഹ വന്നു. "ആവണി...ടീ...കരയാതെ..." സ്‌നേഹയെയും ചേർത്തു പിടിച്ചു അവൾ വീണ്ടും കരഞ്ഞു.രഘു വളരെ പാട് പെട്ടാണ് ആവണിയുടെ കരച്ചിലടക്കിയത്. "കൂട്ടുകാരിയെ ദ്രോഹിക്കാൻ അല്ലാട്ടോ കൊണ്ടു പോണത്..." ദേവദത്ത് സ്നേഹയുടെ കരച്ചിൽ കണ്ടു പറഞ്ഞു. "അറിയാം...പാവാ എന്റെ ആവണി...അവൾക്ക് ദൈവം നല്ലതേ വരുത്തു...അല്ലെങ്കിൽ നിങ്ങളെപ്പോലെ ഒരാളെ..." "ഏയ്യ്...ഞാൻ ഒരു തമാശ പറഞ്ഞതല്ലേ...പിന്നെ അന്ന് കുറച്ചു റഫ് ആയി പെരുമാറിയില്ലേ...സോറിട്ടോ..."

മറുപടിയായി സ്നേഹ ചിരിക്കുക മാത്രം ചെയ്തു.ആവണിയ്ക്കു കിട്ടാവുന്നതിൽ വെച്ചു ഏറ്റവും നല്ല ഒരാളെ കിട്ടിയതിൽ മനസ്സു നിറഞ്ഞ പുഞ്ചിരി. എല്ലാവരോടും യാത്ര പറഞ്ഞു ആവണിയും ദേവദത്തും വീട്ടുകാരും അവരുടെ ഇന്ദീവരത്തിലേക്ക് യാത്രയായി. «»«»«»«»»»»»»»»»»»«»»»»»»»»»»»»«»«» "ഇറങ്ങി വാ മോളെ..." വിമല ആയിരുന്നു അത് പറഞ്ഞത്. യാത്രയിലുടനീളം പ്രിയപ്പെട്ടവരെ പിരിഞ്ഞതിൽ വിഷമിച്ചിരിക്കുകയായിരുന്ന അവൾ സ്വബോധത്തിലേക്കു വന്നത് അപ്പോഴായിരുന്നു.വിമല എന്തോ പറഞ്ഞെന്നു മാത്രമേ അവൾ ശ്രദ്ധിച്ചുള്ളൂ...അവൾ ഇറങ്ങാതെ പകച്ചിരിക്കുന്നത് കണ്ടപ്പോൾ ദേവദത്ത് ഇടപെട്ടു. "താനെന്താടോ പകച്ചിരിക്കുന്നത്...ഇറങ്ങി വാടോ..." ഒരു പുഞ്ചിരി മുഖത്ത് വരുത്താൻ ശ്രമിച്ചു കൊണ്ട് അവൾ ഇറങ്ങി വന്നു. "ഏടത്തി പേടിക്കണ്ടട്ടോ...ഞാനുണ്ട് ഇനി കൂടെ..." ദേവനന്ദ ആവണിയുടെ കൈകളിൽ പിടിച്ചുകൊണ്ട് പറഞ്ഞു. ദേവദത്തന്റെ അനിയൻ ദേവർഷും അവരുടെ ഇടയിലേക്കു വന്നു. "കഥയെല്ലാം നമുക്ക് പിന്നെ പറയാം കേട്ടോ ഏടത്തി..." ദേവർഷിനോട്‌ ആവണിയ്ക്ക് ഒരു അകൽച്ച തോന്നി. ഇന്ദീവരം വീട്ടുമുറ്റത്ത് ഇറങ്ങിയതും പലരുടെയും കണ്ണുകൾ അവളെ കൗതുകത്തോടെ നോക്കുന്നത് അവൾ കണ്ടു.ചിലരുടെ നോട്ടത്തിൽ അസൂയയും നിഴലിച്ചിരുന്നു.

ആവണിയെ നിലവിളക്കുമായി സ്വീകരിച്ചത് വിമലയായിരുന്നുന്നു. ആ വലിയ മണിമാളിക അലങ്കരിച്ചത് കണ്ട് ആവണിയും അവളുടെ കൂടെ വന്നവരും അതിശയത്തോടെ നോക്കി. ഇന്ദീവരം എന്ന വീട് രാജകൊട്ടാരം പോലെ തോന്നിച്ചു. വീട്ടിൽ ഒരുക്കിയ സൽക്കാരത്തിലേക്ക് മറ്റുള്ളവർ തിരിഞ്ഞപ്പോൾ ആവണിയെയും കൊണ്ട് ദേവദത്ത് പോയത് അവന്റെ അച്ഛന്റെ മുറിയിലേക്കായിരുന്നു. "അച്ഛൻ കിടപ്പിലായിട്ട് കുറേ ആയി...നമ്മളെ കണ്ണുകൾ കൊണ്ട് അനുഗ്രഹിക്കാനേ അച്ഛന് കഴിയൂ...ഇഷ്ട്ടകുറവൊന്നും കാണിച്ചേക്കരുത് കേട്ടോ...പാവാ ഞങ്ങളുടെ അച്ഛൻ...വാ..." "മ്മ് " ആവണിയുടെ കൈയ്യും പിടിച്ചു ദേവദത്ത് അച്ഛന്റെ മുറിയിലേക്ക് കയറി.മകനും മരുമകളും കയറി വരുന്നത് കണ്ടപ്പോഴേ ആ പിതാവിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി. ആവണി ആ മുറിയിലൂടെ കണ്ണോടിച്ചു. കട്ടിലിനരിൽ ചെറിയ മേശമേൽ കുറെയേറെ അലോപ്പതി മരുന്നുകൾ ഉണ്ടായിരുന്നു. മരുന്നിന്റെയും ഡെറ്റോളിന്റെയും എല്ലാം സമ്മിശ്രമായ ഗന്ധം ആയിരുന്നു അവിടെ. "അച്ഛാ ...ഇതാണ് അച്ഛന്റെ മരുമകൾ...ഞങ്ങളെ അനുഗ്രഹിക്കണം " ഇരുവരും അച്ഛന്റെ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങിച്ചു.

അച്ഛന്റെ കണ്ണുകൾ ചിമ്മുന്നത് കണ്ട് ആവണി സ്നേഹത്തോടെ അദ്ദേഹത്തിന്റെ കൈകൾ എടുത്ത് അവളുടെ ഒരുകൈകളിലും ആയി മുറുകെ പിടിച്ചു. ആ അച്ഛന് മനസ്സിലാകുന്ന വിധത്തിലുള്ള ഒരു ഉറപ്പായിരുന്നു അത്. അച്ഛന്റെ കണ്ണിൽ നീർമുത്തുകൾ തിളങ്ങുന്നത് ദേവദത്ത് ശ്രദ്ധിച്ചു. അവനും അതിലേറെ സന്തോഷിച്ചു. «»«»«»«»«»««»»»»«»»»»«»«»«»«»«»«»«» ദേവദത്ത് ആവണിയെ അടുത്തതായി കൊണ്ടു പോയത് മുകളിലെ നിലയിലെ തന്നെ മറ്റൊരു മുറിയിലേക്കായിരുന്നു. "തന്നോട് ഞാൻ അന്ന് പറഞ്ഞ സമ്മാനം ഇല്ലേ...അത് തരാൻ സമയമായി...ഈ വീട്ടിൽ താൻ പരിചയപ്പെടേണ്ട ഒരാൾ കൂടിയുണ്ട്...ദാ ഈ മുറിയിലേക്ക് കടന്നാൽ തനിക്കു കാണാം..." "ഞാൻ ഒറ്റയ്ക്ക് പോണോ..." "താൻ ഒറ്റയ്ക്ക് തന്നെ പോണം...പേടിക്കേണ്ട...ഞാൻ ഇവിടെ തന്നെ ഉണ്ടാവും." ആവണി വാതിൽ തുറന്നപ്പോൾ അകത്ത് നിന്നു ദേവനന്ദയുടെ കൊഞ്ചലുകൾ കേട്ടു. അവൾ അമാന്ദിച്ചു നിന്നപ്പോൾ അകത്തേയ്ക്ക് പോകാൻ ദേവദത്ത് ആഗ്യം കാണിച്ചു. മടിച്ചുകൊണ്ടവൾ അകത്തേയ്ക്ക് കയറി. സാരിയുടുത്ത് പുറം തിരിഞ്ഞു നിൽക്കുന്ന ഒരു സ്ത്രീയെ പുറകിലൂടെ കെട്ടിപ്പിടിച്ചു നിന്നു വാ തോരാതെ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ദേവനന്ദ.

ആവണിയുടെ കാലൊച്ച അടുത്തെത്തിയപ്പോൾ ദേവനന്ദ തിരിഞ്ഞു നോക്കി. "അമ്മേ...ദത്തേട്ടന്റെ പെണ്ണ് വരുന്നുണ്ട്...അമ്മായിഅമ്മപ്പോര് കാണിക്കാൻ തുടങ്ങിക്കോളൂട്ട...ഞാൻ പോവാ...ഇനി നിങ്ങൾ ആയി നിങ്ങടെ പാടായി..." ആവണിയുടെ കവിളിൽ ഒന്നു നുള്ളി ദേവനന്ദ മുറി വിട്ടിറങ്ങി.അപ്പോഴും ആ സ്ത്രീ പുറം തിരിഞ്ഞു തന്നെ നിൽക്കുകയായിരുന്നു. ആവണിയ്ക്ക് അതാരാണെന്ന് ഒരു ഊഹവും ഉണ്ടായിരുന്നില്ല. ദേവദത്തിന്റെ അമ്മ ചെറുപ്പത്തിലെ മരിച്ചു പോയെന്നായിരുന്നു അവളുടെ അറിവ്. അവർ തിരിഞ്ഞു നോക്കിയപ്പോൾ അവരെ അടിമുടി നോക്കി ആവണി സംശയിച്ചു നിന്നു. ഒരു നിമിഷമേ വേണ്ടി വന്നുള്ളൂ അവൾക്കു അവളുടെ അമ്മയെ തിരിച്ചറിയുവാൻ. സങ്കടമോ വെറുപ്പോ അതിശയമോ എന്തെല്ലാമോ അവളുടെ മനസ്സിൽ ഓളങ്ങൾ സൃഷ്ടിച്ചു. വെറുപ്പോടെ അവൾ തിരിഞ്ഞു നടന്നു. "മോളെ...അമ്മയോട് ദേഷ്യാണോ...ക്ഷമിക്കു മോളെ..." "ശ്ശേ...നിങ്ങൾ എന്നെ അങ്ങനെ വിളിച്ചു പോകരുത്...നിങ്ങൾ കാരണം ആണ് എന്റെ ജീവിതം ഇത്രയും നാൾ നരകമായത്...

നിങ്ങൾ ആയിരുന്നു അല്ലേ ഈ വിവാഹത്തിനു പുറകിൽ...മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇത്രയും നേരം...ഇനി എനിക്ക് കരയേണ്ടി വരില്ലെന്ന്...എന്റെ അച്ഛൻ ഇത്രയും കാലം എന്നെ വെറുക്കാൻ കാരണം നിങ്ങളാ...നാട്ടുകാരും ബന്ധുക്കളും പരിഹാസത്തോടെ നോക്കുവാൻ കാരണം നിങ്ങളാ...നിങ്ങളുടെ കൂടെ കഴിയുവാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്...നിങ്ങളുടെ കൂടെ ജീവിക്കുന്നതിലും ഭേദം തെരുവ് തന്നെയാ...നിങ്ങളെപ്പോലെ ഒരു ദുഷിച്ച സ്ത്രീയെ..." ആവണി പറഞ്ഞവസാനിപ്പിക്കും മുൻപ് എന്തു പറയണം എന്നറിയാതെ ആശയക്കുഴപ്പത്തിൽ നിന്ന ദേവദത്തിനെ മറി കടന്ന് കൊണ്ട് ആ ശബ്ദമുയർന്നു. "ആവണി...നിർത്ത്..." ആവണി തിരിഞ്ഞു നോക്കിയപ്പോൾ ആവണി എന്തോ അപരാധം പറഞ്ഞു പോയി എന്ന ഭാവമായിരുന്നു ആ വൃദ്ധന്റെ മുഖത്ത്.""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story