ആരോടും പറയാതെ: ഭാഗം 11

Arodum parayathe copy

എഴുത്തുകാരി: രേഷ്ജ അഖിലേഷ്‌

"ആവണി...നിർത്ത്..." ആവണി തിരിഞ്ഞു നോക്കിയപ്പോൾ ആവണി എന്തോ അപരാധം പറഞ്ഞു പോയി എന്ന ഭാവമായിരുന്നു ആ വൃദ്ധന്റെ മുഖത്ത്. രഘുവിന്റെ ചെറിയച്ഛൻ പതിയെ ആവണിയുടെ നേർക്ക് നടന്നു. "അച്ഛാച്ചാ..." "മോളെ...നിന്റെ അമ്മയോട് ഇങ്ങനെ പറയാമോ..." "അച്ഛാച്ചന് അറിയില്ലേ ഈ സ്ത്രീ ഒറ്റൊരാൾ കാരണമാ ഞാൻ ഇത്രേം നാൾ എന്റെ സ്വന്തം വീട്ടിൽ അഗതിയെപ്പോലെ കഴിഞ്ഞത്... വെറുത്തിട്ടൊന്നും ഇല്ലായിരുന്നു...പക്ഷേ ഈ ഒരു ദിവസം മനസ്സറിഞ്ഞു അനുഗ്രഹിക്കാൻ, മറ്റൊരു വീട്ടിലേക്ക് യാത്രയാകുമ്പോൾ വാത്സല്ല്യത്തോടെ ചേർത്തു നിർത്തി നെറ്റിയിൽ ഉമ്മ വെച്ച് ധൈര്യം പകരാൻ...ഒരമ്മയുടെ കുറവ് ഇന്നും എന്നെ വല്ലാതെ അലട്ടി..." "നിനക്കു ഒന്നും അറിയില്ല മോളെ...നിന്റെ അമ്മ ചെയ്ത ത്യാഗങ്ങൾ ഒന്നും നിനക്കു അറിയില്ല...നിനക്കെന്നെല്ല,ആർക്കും." "ഇവര് എന്തു ത്യാഗം ചെയ്തൂന്ന അച്ഛാച്ചാ...ഒരേ ഒരു മോളുടെ ജീവിതം തകർത്തുകൊണ്ട് പാതിരാത്രയിൽ ആരുടെയോ ഒപ്പം ഇറങ്ങി പോയതാണോ ഇവർ ചെയ്ത ത്യാഗം? " "അത് നിനക്കു മുൻപേ മനസ്സിലാക്കിയ ഒരാളുണ്ട് നിന്റെ അച്ഛൻ...

എന്റെ നാവിൽ നിന്നു തന്നെ...കുറച്ചു ദിവസങ്ങൾക്ക് മുന്നേ ആണെന്ന് മാത്രം.ഒരുപാട് വൈകിയാണെങ്കിലും...അവന്റെ തെറ്റല്ലായിരുന്നു...അവനോടും നിന്റെ അമ്മ രേവതിയോടും നിന്നോടും തെറ്റ് ചെയ്തത് എന്റെ ഏട്ടൻ ആണ്...നിന്റെ അച്ഛൻ തന്നെയാ എന്നെ ഇങ്ങോട്ട് പറഞ്ഞയച്ചത് ഇപ്പൊ...ഇങ്ങനെ ഒരു രംഗം അവൻ പ്രതീക്ഷിച്ചിരുന്നു." "എന്തൊക്കയാ അച്ഛാച്ചാ പറയണേ..." "പറയാം മോളെ...വിശദമായിട്ട് തന്നെ പറയാം...എല്ലാം കേട്ടു കഴിയുമ്പോൾ മോള് ഈ കിഴവന് മാപ്പു തരണം... മോളെ രഘു ഇത്രേം കാലം അവഗണിച്ചു...പക്ഷേ ഈയിടെ മോളോട് കുറ്റബോധത്തോടെ അല്ലേ പെരുമാറിയിട്ടുള്ളത്...നിന്റെ മുഖത്തേയ്ക്ക് നോക്കുമ്പോൾ കുറ്റബോധം കൊണ്ട് നെഞ്ചു പിടയുന്നത് നീ ശ്രദ്ധിച്ചിട്ടില്ലേ..." " ഉവ്വ്...അച്ഛൻ വിവാഹനിശ്ചയത്തിന്റെ അന്ന് വൈകീട്ട് പോയതായിരുന്നു.രാത്രി തിരിച്ചു വന്ന് എന്നെ കെട്ടിപ്പിടിച്ചു ഒരേ കരച്ചിൽ...പിറ്റേ ദിവസം എനിക്ക് കുറേ സ്വർണ്ണവും മറ്റും വാങ്ങി കൊണ്ടു വരികേം ചെയ്തു..." "അന്ന് വൈകിട്ടു അവനെ ഞാൻ കാണണം എന്ന് പറഞ്ഞു വിളിച്ചിരുന്നു...

അന്ന് സമസ്താപരാധങ്ങളും ഏറ്റു പറഞ്ഞു ഞാൻ അവനോട്... നിനക്കറിയോ മോളെ... രഘു നിന്റെ അമ്മയെ കാണുന്നതും ഇഷ്ട്ടപ്പെടുന്നതും എല്ലാം അങ്ങ് ബാംഗ്ലൂർ വെച്ചാ...രഘു കാണുമ്പോൾ അച്ഛനും അമ്മയും സഹോദരങ്ങളും ഒന്നും ഉണ്ടായിരുന്നില്ല നിന്റെ അമ്മയ്ക്ക്.രേവതി ഏതോ ബന്ധു വീട്ടിൽ അവരുടെ ആട്ടും തുപ്പും കേട്ട് കഴിയുകയായിരുന്നു.രേവതിയുടെ കുടുംബക്കാരെല്ലാം മലയാളികൾ തന്നെ ആയിരുന്നു. രഘു ജോലി ചെയ്തിരുന്നത് ആ നഗരത്തിൽ തന്നെ ആയിരുന്നു. ജോലി കിട്ടിയ ഉടനെ വിവാഹവും അവന് വേണ്ടി തീരുമാനിച്ചു വെച്ചിരുന്നതാ എന്റെ ഏട്ടൻ.ഏട്ടന്റെ സുഹൃത്തിന്റെ മകളുമായിട്ട്.അവധിയ്ക്ക് നാട്ടിൽ വരുമ്പോഴേല്ലാം ഏട്ടൻ നിർബന്ധിച്ചുകൊണ്ടിരുന്നു വിവാഹത്തിന്...രഘു എതിർത്തു.ഒരിക്കൽ അവധിയ്ക്ക് നാട്ടിൽ വന്നപ്പോൾ രേവതിയെയും കൂട്ടിയാ അവൻ വന്നത്.ജാതകവും പൊരുത്തവും കുടുംബമഹിമയും ഒന്നും നോക്കാതെ നടന്ന കല്ല്യാണം.കൂടാതെ രഘുവിന് സ്ത്രീ ധനമെന്ന പേരിൽ കിട്ടാൻ ഇരുന്നത് കൈവിട്ടു പോയി.

വേറെ വഴിയില്ലാത്തത് കൊണ്ട് ഏട്ടൻ അവരെ സ്വീകരിച്ചു എങ്കിലും ഏട്ടന്റെ കണക്കു കൂട്ടലുകൾ എല്ലാം തെറ്റിച്ച രേവതിയോട് ഏട്ടന് വെറുപ്പായിരുന്നു.പകയായിരുന്നു. പക്ഷെ വലിയ രീതിയിൽ പ്രകടിപ്പിച്ചില്ല എന്ന് മാത്രം. രഘു അവിടുത്തെ ജോലി ഉപേക്ഷിച്ചിരുന്നില്ല. നീ നന്നേ കുഞ്ഞായിരുന്നപ്പോൾ അവധിയ്ക്ക് നാട്ടിൽ വരാൻ ഇരിക്കായിരുന്നു രഘു അപ്പോഴാണ് അവന് ഒരു അപകടം ഉണ്ടായത്.അവിടെ ഉള്ള അവന്റെ സുഹൃത്തുക്കൾ നാട്ടിൽ വിവരം അറിയിച്ചു.അപകടത്തിൽ ഗുരുതരമാ യിട്ട് പരിക്ക് പറ്റിയിരുന്നു. ഓപ്പറേഷൻ ചെയ്യാൻ കുറേ പണവും ആയിട്ട് വന്നാലേ കാര്യം ഉള്ളൂ എന്ന് അവർ അറിയിച്ചു. അത്രേം പണം കൈയ്യിൽ ഇല്ലാത്തോണ്ട് ഏട്ടന്റെ പേരിലുള്ള എന്തെങ്കിലും വിൽക്കേണ്ടതായിട്ട് വന്നു.ഏട്ടൻ നാട്ടില് തന്നെ നിന്നാലേ അത് നടക്കു എന്നുള്ളത് കൊണ്ട് ഏട്ടനും നിന്റെ അമ്മയും നീയും തറവാട്ടിൽ തന്നെ നിന്നു.ഞാനും ഏടത്തിയും കൂടിയാണ് ആശുപത്രീല് അവനെ നോക്കാൻ നിന്നത്... ഏടത്തിയെ അവിടെ ആക്കിയ ശേഷം ഞാൻ വീണ്ടും നാട്ടീക്ക് തിരിച്ചു. വീട്ടില് എത്തിയപ്പോ കണ്ടത് ഏട്ടൻ നിന്റെ അമ്മയെ നാടു കടത്താൻ നിൽക്കണതാ...അന്ന് ഞാനും എന്റെ ഏട്ടന്റെ പക്ഷം ചേർന്നു...

രഘുവിനു അപകടം പറ്റിയത് രേവതി യുടെ ദോഷം കൊണ്ടാണെന്നും രേവതി കൂടെയുള്ള കാലം വരെ രഘുവിന് ആപത്തു തന്നെയാണെന്നും ഏട്ടൻ അവളെ കുറ്റപ്പെടുത്തി...മാത്രമല്ല അപ്പോഴത്തേയ്ക്ക് പറമ്പും മറ്റും വിൽക്കാൻ കഴിയില്ലെന്നും ഓപ്പറേഷന് ഉള്ള പൈസ ഏട്ടന്റെ സുഹൃത്ത് തന്നു സഹായിച്ചാൽ മാത്രേ ജീവൻ രക്ഷിക്കാൻ കഴിയുള്ളൂന്നും പകരം ആ സുഹൃത്തിന്റെ മകളെ രഘു വിവാഹം ചെയ്യേണ്ടി വരുമെന്നും ഏട്ടൻ രേവതിയെ ധരിപ്പിച്ചു. നയാ പൈസ കൈയ്യിൽ ഇല്ലാത്ത രേവതിയ്ക്ക് രഘുവിന്റെ നന്മയ്ക്ക് വേണ്ടി അന്ന് ഒഴിഞ്ഞു പോകേണ്ടി വന്നു. ഇനി അഥവാ ഒഴിഞ്ഞു പോയില്ലെങ്കിലും ഏട്ടൻ നിന്റെ അമ്മയെ വക വരുത്തുമായിരുന്നു...മറ്റൊരു വഴിയും ഇല്ലാത്തത് കൊണ്ട് രേവതി ബാഗുമെടുത്തു വീട് വിട്ടിറങ്ങി.മോളെ കൂടെ കൊണ്ടു പോയാൽ പിന്നീട് ആ പേരും പറഞ്ഞു രേവതി തിരിച്ചു വന്നാലോ എന്ന് പേടിച്ച് ഏട്ടൻ അതിനും സമ്മതിച്ചില്ല. നെഞ്ചുപൊട്ടികരഞ്ഞിട്ടാ ആ രാത്രയിൽ രേവതി ഇരുട്ടിലേക്ക് ഇറങ്ങിയത്...അന്ന് എനിക്കും കണ്ണുകണ്ടു കൂടായിരുന്നു.പാപത്തിനു കൂട്ട് നിൽക്കാൻ ഒരു മടിയും ഉണ്ടായിരുന്നില്ല...അതിനുള്ള ശിക്ഷ വൈകിയാണെങ്കിലും ദൈവം അസുഖത്തിന്റെ രൂപത്തിൽ എനിക്കു തന്നു.

രഘുവിന്റെ ഓപ്പറേഷൻ കഴിഞ്ഞു അപകടനില തരണം ചെയ്തപ്പോ നാട്ടിലേക്കു കൊണ്ടു വന്നു. നാട്ടിൽ എത്തിയ രഘുവിനെ ഞാനും ഏട്ടനും കൂടി ഇല്ലാകഥകൾ പറഞ്ഞു വിശ്വസിപ്പിച്ചു. ആരോഗ്യം നശിച്ച രഘുവിനെ ജീവിതകാലം മുഴുവൻ സഹിക്കാൻ കഴിയാത്തത് കൊണ്ട് രേവതി കാമുകന് ഒപ്പം പോയെന്നും...രഘു നാട്ടില് ഇല്ലാതിരുന്നപ്പോൾ തന്നെ രാത്രിയിൽ ആരോ അവളെ കാണാൻ വരാറുണ്ടായിരുന്നു എന്നും എല്ലാം പറഞ്ഞു വിശ്വസിപ്പിക്കാൻ സമയമെടുത്തു. പതിയെ അവന് രേവതിയോട് വെറുപ്പായി.വാശിയായി.അങ്ങനെ ആ വാശിയിൽ സുഹൃത്തിന്റെ മകളെ വിവാഹം കഴിപ്പിക്കാൻ ഏട്ടൻ ഒരുപാട് പ്രയത്നിച്ചു. അത് നടന്നു. അല്ലാതെ നിന്റെ അമ്മ ഒരു സ്വഭാവദൂഷ്യക്കാരിയല്ല... ഏറെ വൈകിയാണ് ഈ പാപിയ്ക്ക് പശ്ചാതാപം ഉണ്ടായത്...ഞാനും ഏട്ടനും കൂടി തകർത്തത് നിങ്ങൾ മൂന്ന് പേരുടെയും ഇത്രയും കാലത്തെ ജീവിതമാണ്...നിന്റെ ജീവിതം കൂടി നശിക്കാൻ ഇടയാവണ്ടാന്ന് കരൂതീട്ടാ ഇപ്പൊ... മോള് ഈ കിഴവനോട് മാപ്പാക്കണം...നിന്റെ അച്ഛന്റെയും അമ്മയുടെയും കാലിൽ വീണ് കരഞ്ഞു...ഇനി നിന്റെയും കൂടി...ഇല്ലെങ്കിൽ പരലോകത്ത് പോലും ഈ പാപിയ്ക്ക്...മോള്..."

പറഞ്ഞു അവസാനിപ്പിക്കും മുൻപേ അയാൾ കുഴഞ്ഞു വീണു. ദേവദത്ത് ദേവർഷിനെയും കൂട്ടി വന്ന് അച്ഛാച്ചനെയും താങ്ങി എടുത്തു താഴേക്ക് പോയി. എല്ലാം കേട്ടു കൊണ്ടു നിന്നിരുന്ന ആവണി അതു കൂടി കണ്ടതും അവളും മോഹാലസ്സ്യപ്പെട്ടു വീണു. ആവണിയെ അവളുടെ അമ്മ ചേർത്തു പിടിച്ചു അവളെ തട്ടി വിളിച്ചു കൊണ്ടിരുന്നു.ദേവനന്ദയും രേവതിയും കൂടി അവളെ കട്ടിലിൽ കിടത്തി. ബോധം വന്നപ്പോൾ ആവണി രേവതിയുടെ മടിയിൽ കിടക്കുകയായിരുന്നു. എന്തു പറയണം എന്നറിയാതെ ഇരുവരും വീണ്ടും കണ്ണുനീർ പൊഴിച്ചു പരസ്പരം വാരി പുണർന്നു. കണ്ടു കൊണ്ടിരുന്ന ദേവനന്ദയ്ക്ക് പോലും ആ വൈകാരിക നിമിഷങ്ങൾ താങ്ങാവുന്നതിലും അപ്പുറമായിരിന്നു. അവിടെ നടന്നത് ഒന്നും അറിയാതെ കുറേ പേർ താഴെ ഉണ്ടായിരുന്നു. ആവണി ക്ഷീണം കൊണ്ട് തല ചുറ്റി വീണതാണെന്നു മാത്രം എല്ലാവരെയും അറിയിച്ചു. വിവാഹസൽക്കാരം അധിക നേരം നീണ്ടു നിന്നില്ല. ആവണി അപ്പോഴും പല ചോദ്യങ്ങളിലും ഉത്തരങ്ങളിലും പെട്ട് അസ്വസ്ഥയായിരുന്നു.ഒപ്പം വർഷങ്ങളായി കിട്ടാതിരുന്ന സ്നേഹം അനുഭവിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലും. «»«»«»«»«»«»«»«»«««««««»«»«»«»«» ഇന്ദീവരം വീട്ടുമുറ്റത്ത് നിലാവ് പരന്നു. " ഇത്രേം നേരമായിട്ടും മോളെന്താ അമ്മയോട് മിണ്ടാതെ..."

"അമ്മയോട് ഞാൻ എത്ര മോശമായിട്ടാ സംസാരിച്ചത്...പക്ഷേ വെറുപ്പ് കൊണ്ടായിരുന്നില്ലമ്മേ...എല്ലാവരും എന്നെ പരിഹസിക്കുമ്പോഴും ഞാൻ അമ്മയെ വെറുത്തിട്ടില്ലായിരുന്നു...ഇന്ന് ഒരു നല്ല ദിവസം ആയിട്ട് കൂടി അമ്മയുടെ അനുഗ്രഹം വാങ്ങാൻ പോലും എനിക്ക് കഴിഞ്ഞില്ല...അങ്ങനെ എത്ര ദിവസങ്ങൾ അമ്മയുടെ കരുതലും സ്നേഹവും ഇല്ലാതെ കഴിഞ്ഞു പോയി...അതെല്ലാം ആലോചിച്ചപ്പോൾ..." "സാരല്ല്യ മോളെ...പോട്ടേ...അമ്മയും തെറ്റുകാരിയാ...മോൾടെ അച്ഛനും മോളും അമ്മയെ വെറുത്താലും അതു തെറ്റാണെന്ന് പറയാൻ പറ്റില്ല..." "എന്നാലും അമ്മയ്ക്ക് ഇത്രേം വർഷങ്ങൾ എന്നെ കാണാൻ തോന്നിയില്ലേ അമ്മേ..." "എന്തു ചോദ്യാ മോളെ...അമ്മയ്ക്ക് മോളെ കാണാൻ തോന്നില്ലേ പിന്നെ...അന്ന് രാത്രിയിൽ ആ വീട് വീട്ടിറങ്ങി കുറേ അലഞ്ഞു...പിന്നീട് നിന്റെ അച്ഛനെ അഡ്മിറ്റ്‌ ചെയ്‌തെന്ന് പറഞ്ഞ ആശുപത്രിയിലേക്ക് പോയപ്പോഴ് വേറെ എങ്ങോട്ടോ കൊണ്ടു പോയീന്നറിഞ്ഞു. പിന്നീട് കുറച്ചു ദിവസങ്ങൾക്കു ശേഷം വീണ്ടും നാട്ടിലേക്ക് തിരിച്ചു...പക്ഷേ അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു.രഘുനാഥപ്പണിക്കരുടെ ഭാര്യ ഭർത്താവിനേം മോളേം ഉപേക്ഷിച്ച് ഒളിച്ചോടിപ്പോയി എന്ന് നാടു മുഴുവൻ പരന്നിരുന്നു.

അവിടെ കയറി വന്ന് സത്യങ്ങൾ വിളിച്ചു പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്ന് ഉറപ്പായിരുന്നു.അല്ലാണ്ട് മോളെ മറന്നിട്ട് അല്ല...നിങ്ങടെ സന്തോഷം കൂടി നശിപ്പിക്കണ്ടാന്ന് വെച്ചിട്ടായിരുന്നു.പക്ഷേ ഞാൻ അറിഞ്ഞില്ല മോളെ നീ അവിടെ അമ്മ കാരണം..." ആവണിയെ അമ്മ ഒന്നുകൂടി ചേർത്തു പിടിച്ചു. "അതേയ് മതിട്ടോ അമ്മേം മരുമോളും കെട്ടിപിടിച്ചിരുന്നത്...ഊം...ന്താ നോക്കണേ...മരുമോളാ ഏടത്തി...ഇത്‌ എന്റെ അമ്മയാ...പറഞ്ഞില്ലാന്നു വേണ്ട...അമ്മേന്ന് വിളിച്ചോ...പക്ഷേ ന്റെ സ്ഥാനം തട്ടിയെടുക്കാന്ന് ന്റെ പൊന്ന് ഏടത്തി കരുതണ്ട..." നന്ദു അവരുടെ ഇടയിലേക്ക് എത്തി. "കുശുമ്പിയാ ഇവള്...ദേവനും ദത്തനും പോലും എന്റെ മടിയിൽ കിടക്കണത് കണ്ടാൽ അവരെ ഓടിക്കും..." "ആ എനിക്ക് ഇത്തിരി പൊസ്സസ്സീവ്നെസ്സ് ആണെന്ന് കൂട്ടിക്കോ...ഏടത്തിയ്ക്ക് അറിയോ...അമ്മ എന്നെ ഏട്ടന്മാരെയും അച്ഛനെയും ഈ അമ്മയേം ഏൽപ്പിച്ചു പോയതാ...പിന്നീട് ഇതാണ് എന്റെ അമ്മ...ഏട്ടന്മാർ ആന്റിന്നാ വിളിച്ചു ശീലിച്ചത്...എനിക്ക് പക്ഷേ അമ്മയായിരുന്നു.ഏട്ടൻമാർക്ക് അമ്മേടെ സ്നേഹം അനുഭവിക്കാൻ കുറച്ചു വർഷങ്ങളെങ്കിലും കഴിഞ്ഞു.അവർക്ക് അമ്മേടെ ചെറിയ ഒരു ഓർമ്മയെങ്കിലും ഉണ്ട്‌.എനിക്ക് അതൊന്നും ഇല്ലാ...

പക്ഷേ അമ്മയില്ലാത്ത സങ്കടം ഒന്നും ഞാൻ അനുഭവിച്ചിട്ടില്ലാട്ടോ...അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്...അമ്മ ഇങ്ങോട്ട് വന്നതിനെക്കുറിച്ച്...ചേച്ചീടെ അച്ഛൻ വയ്യാണ്ട് കിടന്നിരുന്ന ഹോസ്പിറ്റൽ അന്വേഷിച്ചാത്രെ അമ്മ വന്നത്...അന്ന് എന്റെ അമ്മയും അച്ഛനും കൂടെ ചെക്കപ്പിന് പോയിരുന്നു...ഹോസ്പിറ്റലിൽ ഒറ്റയ്ക്കിരുന്നു കരയുന്ന ഈ അമ്മയെ മലയാളി ആയത് കൊണ്ടാവും ഉപേക്ഷിച്ചു പോരാൻ തോന്നീലാത്രേ...പിന്നെ ഇവിടെ ഏട്ടൻമാരെയും നോക്കി എന്റെ അമ്മയ്ക്കും അച്ഛനും അനിയത്തിയെ പോലെ ഇവിടെ കൂടി...ഒടുവിൽ എന്റെ അമ്മ എന്നെ പോയപ്പോൾ എനിക്ക് അമ്മയായി..." "നന്ദു...മതി പറഞ്ഞത്...നിന്റെ ഏട്ടന്മാർ എവിടെപ്പോയി..." "ആവോ...ഞാൻ കണ്ടില്ല...രണ്ടാളും എത്തിയിട്ട് കുറച്ചു നേരായി...ഏടത്തിയെ അന്വേഷിച്ചു..." "ഊം..." ആവണി ഒന്ന് മൂളുക മാത്രം ചെയ്തു. "മോളെ...മോൾക്ക് ഈ വിവാഹത്തിനു താല്പര്യം ഇല്ലായിരുന്നല്ലേ..."

"അത്..." "എന്താ എന്റെ ദത്തനെ നിനക്കു ഇഷ്ട്ടായില്ലേ..." "അമ്മേ...എനിക്ക് ഇഷ്ടക്കുറവൊന്നും തോന്നിയിട്ടില്ല...പക്ഷേ..." "ഊം അറിയാം...എന്റെ കുട്ടിയെ നീ ഒരുപാട് വഴക്കു പറഞ്ഞിട്ടുണ്ട്...പാവം...എനിക്ക് വേണ്ടിയാ എന്റെ മോൻ... ഞാൻ ആയിട്ട് ഒന്നും പറയുന്നില്ല...നിന്റെ തെറ്റിദ്ധാരണകളെല്ലാം അവൻ തന്നെ തീർക്കട്ടെ..." "ആന്റി...ആന്റി..." താഴെ ദേവദത്ത് രേവതിയെ വിളിക്കുന്ന സ്വരം. "മക്കൾ എന്തിനോ വിളിക്കുന്നുണ്ട്...ഞാനിപ്പോ വരാം..." രേവതി ദേവനന്ദയെയും ആവണിയെയും മുറിയിയിൽ ഇരുത്തി പുറത്തേയ്ക്ക് ഇറങ്ങി. "എന്താടാ...എന്താ വിളിച്ചേ..." രേവതി ദേവദത്തിനോട് ചോദിച്ചു. "ആന്റി...ഒരു കാര്യം ഉണ്ട്...ആവണി അറിയരുത്..." "എന്താ...നമുക്ക് ഒരിടം വരെ പോണം... " "എങ്ങോട്ടാ..." "അതൊക്കെ പറയാം...വാ ആന്റി...ആവണിയും നന്ദുവും അവിടെ സംസാരിച്ചു ഇരുന്നോളും...നമ്മക്കു പോയിട്ട് വേഗം വരാം..." ദേവദത്ത് രേവതിയെയും കൊണ്ട് കാറിൽ കയറി.""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story