ആരോടും പറയാതെ: ഭാഗം 2

arodum parayathe

എഴുത്തുകാരി: രേഷ്മ അഖിലേഷ്‌

"അണിഞ്ഞൊരുങ്ങി നടക്കുന്നതെല്ലാം കൊള്ളാം വിത്ത് ഗുണം പത്തു ഗുണം എന്നാണല്ലോ... ആ ഗുണം കാണിക്കരുത് പറഞ്ഞേക്കാം." സന്ധ്യയുടെ ഇതുപോലുള്ള സംസാരം ആവണിയ്ക്ക് സഹിക്കാവുന്നതേയുള്ളു. പക്ഷേ രഘു അവളുടെ സ്വന്തം അച്ഛനായി പോയില്ലേ. മാധു ഓടി വന്നു ബൈക്കിൽ കയറിയതും രഘു ആവണിയുടെ കണ്ണുനീർ വകവെയ്ക്കാതെ വണ്ടി ഓടിച്ചു പോയി. ബാഗിൽ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടപ്പോഴാണ് താൻ വൈകിയ കാര്യം ഓർത്ത് അവൾ വേഗത്തിൽ നടക്കാൻ തുടങ്ങിയത്. കാലുകളെക്കാൾ വേഗത്തിൽ അവളുടെ മനസ്സ് സഞ്ചരിക്കുന്നുണ്ടായിരുന്നു. മുൻപോട്ടല്ല പുറകിലേയ്ക്. അവഗണയുടെ ചൂട് അനുഭവിക്കാൻ തുടങ്ങിയ നാളുകളിലൂടെ. ഓർമ്മവെച്ച നാൾ മുതൽ അച്ഛമ്മയായിരുന്നു എല്ലാം. ഭക്ഷണം കഴിപ്പിക്കുന്നതും കുളിപ്പിക്കുന്നതും ഉറക്കുന്നതും എല്ലാം. മറ്റുള്ള കുട്ടികൾ അച്ഛന്റെയും അമ്മയുടെയും ചൂട് പറ്റി ഉറങ്ങുമ്പോൾ, കൈയ്യിൽ തൂങ്ങി നടക്കുമ്പോൾ, സ്നേഹത്തോടെ ഊട്ടുമ്പോൾ തന്റെ അച്ഛനും അമ്മയും അന്യരെപ്പോലെ പെരുമാറുന്നത് എന്തെന്ന് ആ കുഞ്ഞു ആവണിക്കുട്ടിയ്ക് മനസ്സിലായിരുന്നില്ല.

അച്ഛന് ആദ്യമെല്ലാം സഹതാപത്തിന്റെ നോട്ടമായിരുന്നു അത് പോലും തന്നിൽ നിന്നു പറിച്ചെറിഞ്ഞത് അച്ഛാച്ചൻ ആയിരുന്നു. അയല്പക്കത്തെ സമപ്രായക്കാരായ കുട്ടികൾക്കു അവരുടെ അച്ഛാച്ചൻ ഓലപീപ്പിയും കിരീടവും ഉണ്ടാക്കി കൊടുക്കുമ്പോൾ അതെല്ലാം കണ്ട് അസൂയപ്പെടാനേ യോഗമുണ്ടായിരുന്നുള്ളു. പതിയെപ്പതിയെ താൻ അവർക്കെല്ലാം കണ്ണിലെ കരടായത് എങ്ങനെയെന്നു മനസ്സിലായി. താൻ വലിയൊരു കുറ്റം ചെയ്തിരുന്നു. സ്വഭാവദൂഷ്യക്കാരിയായ ഒരമ്മയുടെ മകളായി ജനിച്ചു. അതു തന്നെ.അമ്മയെ കണ്ട ഓർമ്മ പോലും ഉണ്ടായിരുന്നില്ല തനിക്കു. അച്ഛന്റെ രണ്ടാം ഭാര്യയായി സന്ധ്യ എന്ന സ്ത്രീ കടന്നു വരുന്ന വരെയും വല്ലപ്പോഴും ദയവോടെ നോക്കുമായിരുന്ന അച്ഛൻ അതും ഇല്ലാതായി. "നീ ഈ പെണ്ണിനെ സ്നേഹിച്ചിട്ടൊന്നും കാര്യല്ലട രഘു. തള്ളേടെ അല്ലേ മോള്. തള്ള വേലി ചാടിയാൽ മോള് മതില് ചാടുമെന്നല്ലേ... ഇനി ഇവള് കാരണം ആകും നീ ദുഖിക്കാൻ പോണത്. സ്നേഹിക്കാൻ കൊള്ളില്ല ഇവളെയൊന്നും. അല്ലെങ്കി തന്നെ ഈ കൊച്ചു നിന്റെയാണെന്ന് വല്ല ഉറപ്പും ഉണ്ടോ നിനക്ക്. "

അച്ഛച്ചന്റെ ഇടയ്ക്കും മുറയ്ക്കുമുള്ള അഭിപ്രായങ്ങൾക്കും അച്ഛന്റെ സ്നേഹത്തെ തന്നിൽ നിന്നും തട്ടിയെടുത്തതിൽ പങ്ക് ഏറെയാണ്. അച്ഛന്റെ ഭാര്യയെ അമ്മ എന്ന് വിളിക്കാൻ ശീലിപ്പിക്കുമ്പോൾ അച്ഛമ്മ ഒന്നേ ആഗ്രഹിച്ചിരുന്നുള്ളു. സ്വന്തമായി അവർ തന്നെ സ്നേഹിച്ചില്ലെങ്കിലും ദ്രോഹിക്കരുതെന്ന ഒരു ചിന്ത മാത്രം. തന്നെ ചേർത്തു പിടിച്ചിരുന്നതും തനിക്കു വേണ്ടി വാദിച്ചിരുന്നതും അച്ഛമ്മ ആയതു കൊണ്ട് തന്നെയാവും അച്ചാച്ചന്റെ വിയോഗത്തിന് മുൻപേ അച്ഛമ്മയും അവിടെ ഒരു അധികപ്പറ്റായി തീർന്നത്. മരിക്കുന്നത് വരെ അച്ഛാച്ചൻ സ്നേഹത്തോടെ നോക്കിയിട്ടു പോലും ഇല്ലാ. അച്ഛനും അമ്മയ്ക്കും ഗാഥ പിറന്നതോടെയാണ് ഒരു പെൺകുട്ടിയ്ക്കു അമ്മയില്ലാതെ വളരേണ്ടി വരുമ്പോൾ സഹിക്കേണ്ടത് എന്തെല്ലാമെന്ന് താൻ അറിയുന്നതു. ഗാഥയ്ക്കു ശേഷം മധുരിമയെന്ന മാധുവും അവർക്ക് ഓമനയായി. താൻ വളർന്നു വരും തോറും അച്ഛന് കണ്ണിലെ കരടായി മാറിക്കൊണ്ടിരുന്നു. ഒരച്ഛന്റെ മക്കൾ ആണെങ്കിലും തന്നോട് കൂട്ടുകൂടുവാനും സ്നേഹിക്കാനും ഗാഥയും മാധുവും ഇല്ലായിരുന്നു.

വീട്ടിലെ രാജകുമാരികളെപ്പോലെ കഴിഞ്ഞിരുന്ന അവരും അഭയാർത്ഥിയെപ്പോലെ കഴിഞ്ഞിരുന്ന താനും. വലിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അവരെ പഠിപ്പിച്ചപ്പോൾ താൻ പഠിച്ചത് സാധാരണ സർക്കാർ സ്കൂളിലും. പത്താം ക്ലാസ്സ്‌ വരെ മാത്രമേ പഠിക്കാൻ വിടാൻ അമ്മയ്ക്ക് ഉദ്ദേശമുണ്ടായിരുന്നുള്ളൂ. പഠിക്കാനുള്ള ആഗ്രഹവും അച്ഛമ്മയുടെ നിർബന്ധവുമാണ് തുടർന്നു പഠിക്കാൻ കഴിഞ്ഞതിന്റെ പുറകിൽ. ചെലവ് ഏറ്റെടുക്കാൻ അച്ഛൻ തയ്യാറായില്ല.അന്ന് മുതൽ അച്ഛമ്മ പലഹാരം ഉണ്ടാക്കി വിറ്റ് ഉണ്ടാക്കുന്ന പണം മാത്രം ആയിരുന്നു തന്റെ ആവശ്യങ്ങൾക്കെല്ലാം ഉപകാരപ്പെട്ടത്. ഏറ്റവും ഒടുവിൽ തന്റെ കയ്യിൽ ഒരു മൊബൈൽ ഫോൺ അത്യാവശ്യം ആണെന്ന് പറഞ്ഞു നിർബന്ധപൂർവ്വം വാങ്ങി നൽകിയതും അച്ഛമ്മ ആയിരുന്നു. തന്റെ ദുർവിധിയ്ക്കു കാരണം പെറ്റമ്മയാണെന്ന് അവൾക് അറിയാം. പക്ഷേ അവരെ വെറുക്കുവാൻ മാത്രം അവൾക്കിതുവരെ കഴിഞ്ഞില്ല. അച്ഛനെയും സ്നേഹിക്കാൻ മാത്രമേ അവൾക്കായുള്ളു. സ്വന്തം മകൾ തന്നെയാണോ എന്നുറപ്പില്ലാത്ത തന്നോട് കാണിക്കുന്ന അവഗണനകൾ അവൾക്ക് ക്ഷമിക്കാനും സഹിക്കാനും കഴിയുമായിരുന്നു. ഓർത്തോർത്തു നടന്ന് സ്നേഹ വീടിന് മുൻപിൽ കാത്തുനിൽക്കുന്നത് അകലെ നിന്ന് കണ്ടു. മുഖം തൂവാല കൊണ്ടു തുടച്ചു വേഗത്തിൽ നടന്നു. അവളും സാരിയിൽ തന്നെയാണ്. «««««««»»»»»»»»»»»»»»»»»»

അഞ്ചു മിനിറ്റ് നടന്നു വേണം ബസ്റ്റോപ്പിൽ എത്താൻ. നാല് വീട് അപ്പുറമുള്ള കൂട്ടുകാരി സ്നേഹയും ആവണിയുടെ ക്ലാസ്സിൽ തന്നെയാണ്. ചെറിയ ക്ലാസ്സ്‌ മുതൽ ഇരുവരും ഒരുമിച്ചായിരുന്നു. പഠിക്കാൻ ഇരുവരും മോശമല്ലായിരുന്നു. രണ്ടു ബസ് മാറി കയറി ഇറങ്ങി വേണം കോളേജിൽ എത്താൻ. ആവണി വരുന്നതും കാത്ത് പിടിക്കെട്ടിൽ തന്നെ നിൽപ്പുണ്ടായിരുന്നു സ്നേഹ. "എന്താടി സുന്ദരിക്കോതെ ലേറ്റ് ആയെ" "ആഹാ അത് കൊള്ളാലോ... യുട്യൂബിൽ സാരി ഡ്രെപ്പിംഗ് വീഡിയോസ് മുഴുവൻ കണ്ടു ഇതുമുഴുവൻ ചുറ്റിയെടുത്തു ഇത്രേം നടന്നു വന്നതിന്റെ പാട് എനിക്കെ അറിയൂ..." ഇരുവരും വേഗത്തിൽ നടക്കാൻ തുടങ്ങി. "ഇത്തിരി നേരത്തേ എഴുന്നേൽക്കാർന്നില്ലേ... " "ഒന്നു പോടീ അവിടന്ന്. എഴുന്നേറ്റു വന്നയുടനെ പല്ലുതേച്ചു കുളിച്ചു അമ്മ ഉണ്ടാക്കിയ ബ്രേക്ക്‌ഫാസ്റ്റും കഴിച്ചു ഞാനിതാ പോവാണേ എന്നും പറഞ്ഞു ഇറങ്ങുന്ന നിന്നെപ്പോലെ ആണോ ഞാൻ.നിനക്ക് ഇനി കോളേജ് കഴിഞ്ഞു വന്നാലും ചുമ്മാ ഫോണിൽ തോണ്ടി ഇരിക്കാം. എനിക്കോ ഗാർഡൻ നോക്കണം. അച്ഛമ്മേടെ കൂടെ പലഹാരം ഉണ്ടാക്കണം,കോഴികളെ കൂട്ടിൽ കയറ്റണം, ക്ലീനിങ്, വാഷിംഗ്‌, കുക്കിംഗ്‌... മുറിയിലേക് കയറാൻ തന്നെ പത്തു മണി ആവും.

പിന്നെ പഠിക്കാൻ ഉള്ളത് നോക്കണം ഇതെല്ലാം കഴിഞ്ഞു ഉറങ്ങാൻ കിടന്നതേ ഉണ്ടാകു അപ്പോഴേക്കും അലാറം അടിക്കും.പിന്നേയും പണികൾ." "അയ്യോ മതി നിർത്തു. ഞാൻ ഒന്നും ചോദിച്ചില്ല. അത് വിട്. നമുക്ക് കാര്യത്തിലേക്കു കടക്കാം. നിനക്കെ സാരി നന്നായി ചേരുന്നുണ്ട് കേട്ടോടി. ഇനി പോകുന്ന വഴിയിലെല്ലാം ചെക്കന്മാർ നിന്നെ തന്നെയാ നോക്കാ" "ഒന്നു പോടി. ഇത്‌ വഴിയിൽ അഴിഞ്ഞു പോവോന്ന പേടി അപ്പോഴാ നിന്റെ അവിഞ്ഞ ഒരു കാര്യം പറച്ചില് " "ആ അതാണ്‌ വല്ലപ്പോഴും ഇതൊക്ക ഉടുത്തു പഠിക്കാൻ കാർന്നോമ്മാർ പറയണേ... എന്നെ നോക്ക്... ഞാൻ നിന്നെപ്പോലെ വെള്ളപ്പൊക്കം വന്നപോലെ സാരി എടുത്തു പിടിച്ചല്ല നടക്കണേ " "ന്റെ പൊന്നു സ്‌നേഹേ കളിയാക്കിയത് മതി. എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടാ " "ഹും തല്ക്കാലം നിർത്താം. വേഗം നടക്ക് വെളിച്ചപ്പാടിന്റെ വണ്ടി നമ്മളെ കൊണ്ടോവില്ല " അവരുടെ ബസ്സിലെ ഡ്രൈവറെ ആവണിയും സ്നേഹയും കളിയാക്കി വിളിക്കുന്ന പേരാണ് വെളിച്ചപ്പാടെന്ന്. ഇരുവർക്കും അയാളുടെ നോട്ടം തന്നെ പേടിയാണ്. ഒരു മുരടൻ. വിദ്യാർത്ഥികൾ കുറേ കയറുന്നത് കൊണ്ട് ഫുൾ ടിക്കറ്റിന്റെ എണ്ണം കുറയുന്നത് കൊണ്ടു തന്റെ ബസ്സിന്റെ വരുമാനം കുറയുന്നതെന്നാണ് അയാളുടെ പരുക്കൻ പെരുമാറ്റത്തിന് കാരണം.

തമ്മിൽ കളിതമാശകൾ പറഞ്ഞ് ഇരുവരും ബസ്സ്റ്റോപ്പിൽ എത്തി. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ പത്തു പതിനഞ്ചു പേരുണ്ട് ആ ബസ്സിൽ തന്നെ കയറാൻ കാത്തു നിൽക്കുന്നവർ. അവിടം വരെ തിരക്കില്ലാതെ വരുന്ന ബസ് അവിടെ നിന്നും ആളുകളെ കയറ്റി പോകുമ്പോൾ തിങ്ങി നിറഞ്ഞാണ് പോവുക. സ്നേഹയ്ക്കും ആവണിയ്ക്കും ആ ബസ്സിൽ പോയാൽ മാത്രമേ കൃത്യ സമയത്ത് കോളേജിൽ എത്താൻ കഴിയു. അവർ അവിടെ എത്തിയതും ബസ് രണ്ടു മിനിറ്റിനുള്ളിൽ വന്നു. ഫുൾ ടിക്കറ്റ് കയറിയതിനു ശേഷം മാത്രമേ വിദ്യാർത്ഥികളെ കയറാൻ അനുവദിക്കുകയുള്ളു. അതും എങ്ങനെയെങ്കിലും കയറിക്കൂടികൊള്ളണം എന്ന മട്ടിലാണ് ഡ്രൈവർ വണ്ടിഎടുക്കുക. എല്ലാവരും കയറികഴിഞ്ഞു വണ്ടി എടുക്കാൻ നേരം സ്നേഹയും ആവണിയും കയറിപ്പറ്റി. അതും ക്ലീനറുടെ തൊട്ടടുത്തു സ്റ്റെപ്പിന് തൊട്ടു മുകളിൽ. അത് അവർക്കു പുതുമയൊന്നും അല്ലായിരുന്നു.പതിവിന് വിപരീതമായി ഇന്ന് പുതിയ ഒരു ചെറുപ്പക്കാരനാണ് ക്ലീനർ. ബസ്സിൽ കയറിയത് മുതൽ അയാളുടെ നോട്ടവും ചിരിയും ഒന്നും അത്ര പന്തിയല്ലായിരുന്നു. ആവണിയും സ്നേഹയും ബസ്സിൽ ആയാൽ പോലും കോളേജ് എത്തും വരെ പരസ്പരം ചെറിയ ശബ്ദത്തിൽ സംസാരിച്ചു കൊണ്ടിരിക്കും. ആവണിയുടെയും സ്നേഹയുടെയും സംസാരം ശ്രദ്ധിച്ചു തന്നെയാണ് അടുത്ത് ക്ലീനർ നിന്നിരുന്നത്. "ഇന്നെന്താ എല്ലാരും സാരി. എന്താ വിശേഷം "

അയാളുടെ ചോദ്യം കേട്ട് ആവണിയും സ്നേഹയും അയാളെ നോക്കി. "ഇന്ന് നവംബർ ഫസ്റ്റ് അല്ലെ അതാ " സ്നേഹയാണ് മറുപടി പറഞ്ഞത്. "ആ കേരളപ്പിറവി..." രണ്ടു നിമിഷം കഴിഞ്ഞതും അടുത്ത ചോദ്യവുമായി അയാൾ വീണ്ടുമെത്തി. ഓരോരോ കാരണങ്ങൾ ഉണ്ടാക്കി സംസാരിക്കാൻ ശ്രമിക്കുകയാണെന്ന് ആവണിയ്ക്ക് മനസ്സിലായി. സ്നേഹയോട് ഇനി സംസാരിക്കാൻ പോകേണ്ടയെന്ന് കണ്ണുകൾ കൊണ്ടവൾ അറിയിച്ചു. ആൺകുട്ടികളുമായി ചങ്ങാത്തം വളരെ കുറവായിരുന്നു അവൾക്ക്. അമ്മയുടെ സ്വഭാവം മറ്റുള്ളവർ തന്നിൽ ആരോപിക്കുന്നത് അവൾക്ക് ഇഷ്ട്ടമല്ലായിരുന്നു. ബസ്സിറങ്ങുമ്പോൾ ആവണിയെയും സ്നേഹയെയും അയാളുടെ കണ്ണുകൾ പിന്തുടരുന്നത് അവർ അറിഞ്ഞു. കോളേജിൽ എത്തിയാൽ പിന്നെ ആവണിയ്ക്ക് സ്വാതന്ത്ര്യമാണ്. അവളുടെ വിഷമങ്ങൾ മറക്കുന്ന ഇടമാണത്. ക്ലാസ്സിൽ കയറാതെ ഉഴപ്പി നടക്കാനൊന്നും അവൾക് ഇഷ്ട്ടമായിരുന്നില്ല. ലൈബ്രറിയും അവളുടെ മറ്റൊരു കൂട്ടായിരുന്നു. അന്ന് പക്ഷേ കോളേജിൽ കേരളപ്പിറവി ആഘോഷമായിരുന്നു.

അവസാന അവർ ഒരു എക്സ്ട്രാ ക്ലാസ്സ്‌ ഒഴികെ. മലയാളി മങ്ക മത്സരം ഉണ്ടായിരുന്നു. അവളും സ്നേഹയുടെ നിർബന്ധത്തിന് വഴങ്ങി അതിൽ പങ്കെടുത്തിരുന്നു. ക്ലാസ്സിലെ തന്നെ മറ്റൊരു ആൺ കുട്ടിയുമായി ജോഡി ചേർന്നു റാമ്പ് വോക് നടത്തി. അവൾക്കും കൂടെയുള്ള ആൺകുട്ടിയ്ക്കും ആയിരുന്നു ഒന്നാം സ്ഥാനം. «»«»«»»»«»»»»»»»«»«»«»«»««« "ഇന്ന് എന്തു രസമായിരുന്നു അല്ലേ... ഞാൻ കാരണമാ നിനക്ക് ഇന്ന് പ്രൈസ് കിട്ടിയേ... കേട്ടോടി. സാരി അഴിഞ്ഞു പോവുംന്ന് പറഞ്ഞ ആളാ...നീയിന്ന് കസറിയില്ലെടി പെണ്ണേ..." "ഇനി അധികം ഒന്നും ഇല്ലല്ലോ. കഴിയാൻ പോവല്ലേ..." അതു പറയുമ്പോൾ ആവണിയ്ക് സങ്കടമായിരുന്നു. "ഏയ്യ് നീ വിഷമിക്കാതിരിക്ക്. പിജി യ്ക്ക് നമുക്ക് ഇവിടെ തന്നെ കിട്ടും. " "കിട്ടുമായിരിക്കും. പക്ഷേ എനിക്കുറപ്പില്ല എനിക്ക് ഇനി..." "പെണ്ണേ... നിർത്തിക്കോ... സെന്റി അടിക്കൽ... ജാനകി മിസ്സ്ന്റെ ക്ലാസ്സിൽ ഇരുന്നതിന്റെ ഹാങ്ങ്‌ ഓവർ ഇതു വരെ തീർന്നില്ല അപ്പോഴാ അടുത്ത വെറുപ്പിക്കൽ ആയിട്ട് അവൾ... ഹമ് എന്തൊക്കെ പറഞ്ഞാലും മിസ്സ് ന്റെ ഡ്രസ്സും ഓർണമെന്റസ് ഉം എല്ലാം കിടു ആണ്.

ക്ലാസ്സ്‌ എടുക്കുമ്പോൾ അതാണ്‌ ഞാൻ ശ്രദ്ധിക്കാർ..." "അത് എനിക്കറിയാം. മിസ്സിനും." "ഏഹ്... മിസ്സിനോ... " "അതേടി... മിസ്സാ പറഞ്ഞെ... നമ്മുടെ ഇന്റെർണൽ മാർക്സ് നോട്ടീസ് ബോർഡിൽ ഇട്ടിട്ടു അത് നോക്കാൻ ഡിപ്പാർട്മെന്റ് വരെ പോയപ്പോ മിസ്സാ പറഞ്ഞെ..." "എന്താ പറഞ്ഞെ " "മിസ്സ് ന്റെ ക്ലാസ്സിൽ ഇരുന്നു ഉറക്കം തൂങ്ങുന്നവർക്കും ഓർണമെന്റ്സ് നോക്കിയിരിക്കുന്നവർക്കും ഇന്റെർണൽ ഫുൾ ഉണ്ടെന്ന്...എന്നെ നോക്കിയിട്ടാ പറഞ്ഞെ... നിന്നെ ഉദ്ദേശിച്ചാ... " "അയ്യേ... ചെ... മിസ്സിത് എങ്ങനെ... ആ സാരല്ല്യ... പോട്ടേ " "ഇനി ഹരി സർ ന്റെ ക്ലാസ്സിൽ സർ ന്റെ ഹെയർ സ്റ്റൈൽ നെക്കുറിച്ച് കമന്റ്‌ അടിക്കുന്നതും കൂടി അറിഞ്ഞാലോ " "ഈശ്വരാ... വേണ്ട... വേണ്ട... നിർത്തി. അല്ലെങ്കിൽ സർ ഇന്റെർണൽ മാർക്ക്‌ കുറച്ചിട്ടാലോ " കോളേജിലെ വിശേഷങ്ങളും തമാശകളും പറഞ്ഞു സ്നേഹയുടെ വീടെത്തി. "അപ്പൊ ശരി. നാളെ കാണാം..." "ആ ബൈ " സ്നേഹ കൂടെയുള്ളപ്പോൾ ആവണി എപ്പോഴും സന്തോഷവതിയാണ്. അവളുടെ എല്ലാം ആണ് സ്നേഹ. അച്ഛമ്മയും സ്നേഹയുമാണ് അവളുടെ ലോകം.

ആവണിയുടെ സങ്കടങ്ങളിൽ ചേർത്ത് പിടിക്കാൻ ദൈവം നിയോഗിച്ചവരാണ് അതെന്ന് അവൾക് തോന്നിയിട്ടുണ്ട്. അഞ്ചുമണി കഴിഞ്ഞു. അവൾ നടത്തതിന്റെ വേഗത കൂട്ടി. അച്ഛമ്മ ഒറ്റയ്ക്കു അടുക്കളയിൽ കഷ്ട്ടപ്പെടുന്നുണ്ടാകും എന്ന ചിന്ത അവളുടെ കാലിന്റെ വേഗത വർദ്ധിപ്പിച്ചു. പലഹാരം ഉണ്ടാക്കുന്ന തിരക്കിലാകും. രധേച്ചി കഴിഞ്ഞ ആഴ്ച വാങ്ങിയ പലഹാരങ്ങളുടെ വില ബാക്കി വെച്ചത് അച്ഛമ്മയ്ക്ക് കൊടുത്തിട്ടുണ്ടാകുമോ എന്നെല്ലാം ചിന്തിച്ചു പെട്ടന്ന് വീട്ടുമുറ്റത്തെത്തി. അച്ഛമ്മ ഉമ്മറത്ത് തന്നെ നിൽപ്പുണ്ട്. കാത്തു നിന്ന് മുഷിഞ്ഞതിന്റെ അല്ലാതെ മറ്റേതോ ഭാവം ആ മുഖത്ത് നിന്ന് വായിച്ചെടുക്കാൻ അവൾക്ക് കഴിഞ്ഞു. എന്തോ വല്ലായ്മ. സ്കൂൾ വിട്ടു വന്ന് യൂണിഫോമിൽ തന്നെ ഉമ്മറത്തു ടാബിൽ ഗെയിം കളിച്ചു കൊണ്ടിരിക്കുന്ന മാധു തന്നെ കണ്ടതും എഴുന്നേറ്റ് അമ്മേയെന്നു വിളിച്ചു അകത്തേയ്ക്കോടി. എന്തോ പ്രശ്നം ഉണ്ടെന്ന് മനസ്സിലായി. അകത്തു നിന്ന് ഒരു ഗൂഢമായ ചിരിയോടെ അമ്മ ഇറങ്ങി വന്നതും ആവണിയുടെ നെഞ്ചിടിപ്പിന്റെ വേഗത കൂടി. "മോള് പോയി അച്ഛനെ വിളിച്ചിട്ട് വായോ" മാധുവിനോട് സന്ധ്യ പറഞ്ഞു. ആവണിയ്ക് ഒരു കാര്യം തീർച്ചയായി. തനിക്കെതിരെ പ്രയോഗിക്കാൻ അമ്മയുടെ കയ്യിൽ എന്തോ ആയുധം മൂർച്ചകൂട്ടി വെച്ചിട്ടുണ്ടെന്ന്. എന്തായിരിക്കാം അത്? ആവണി ആശങ്കയിലായി."""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story