ആരോടും പറയാതെ: ഭാഗം 3

arodum parayathe

എഴുത്തുകാരി: രേഷ്മ അഖിലേഷ്‌

ആവണി നടന്നു ഉമ്മറത്തേയ്ക് കയറാൻ കാലെടുത്തു വെയ്ക്കവേ അകത്തു നിന്നും രഘുവിന്റെ ശബ്ദം. "നില്ക്കവിടെ " ദേഷ്യത്താൽ ചുവന്ന മുഖവുമായി രഘു വരുന്നത് കണ്ടപ്പോൾ ആവണി പേടിച്ചു വിറച്ചു.അച്ഛമ്മ നിസ്സഹായതയോടെ നോക്കി നിന്നു. "എന്താ അച്ഛാ " "ഹോ... ഒന്നാമത് ഞാൻ കലിയെടുത്തു നിൽക്കാ... അതിനിടയ്ക്ക അവള്ടെ അച്ഛൻ വിളി. നാട്ടുകാരുടെ മുൻപിൽ ഞാൻ നിനക്ക് അച്ഛൻ ആയിñരിക്കും. അത് തന്നെയാണ് എന്റെ തലവേദനയും. നീയെന്തു കൊള്ളരുതായ്മ കാണിച്ചാലും എനിക്കാ പേരുദോഷം. " "അതിന് അവളെന്തു ചെയ്തൂന്ന രഘു നീയീ പറയണേ..." അച്ഛമ്മ ഇടയ്ക്ക് കയറി. "ദേ അമ്മേ നിങ്ങൾക്കിവൾ കൊച്ചു മോളെപ്പോലെ ആയിരിക്കും.അല്ല അതിനേക്കാൾ മേലേ ആണല്ലോ.എന്ന് കരുതി ഇവള്ടെ എല്ലാ തോന്നിവാസത്തിനും വക്കാലത്തു പറയാൻ വന്നാലുണ്ടല്ലോ." "ഞാൻ എന്ത് തോന്നിവാസം ചെയ്തൂന്ന പറയണേ..."

"നിന്റെ കാര്യങ്ങളിൽ ഒന്നും ഇടപെടാൻ എനിക്ക് താല്പര്യം ഉണ്ടായിട്ടല്ല. പറഞ്ഞല്ലോ... എന്റെ പുത്രിയാനാണെന്നാണല്ലോ വെപ്പ്. അതു കൊണ്ടു ഇടപെടുന്നതാ..." "ഇവൾ രാവിലെ വേഷം കെട്ടി പോവുന്നത് കണ്ടപ്പോഴേ ഞാൻ പറഞ്ഞതല്ലേ രഘുവേട്ടനോട്..." സന്ധ്യ എരിതീയിൽ എണ്ണ പകർന്നു. ആവണി ദേഷ്യത്തോടെ സന്ധ്യയെ നോക്കി. "കണ്ടോ രഘുവേട്ടാ അവൾ എന്നെ നോക്കി പേടിപ്പിക്കാ..." "ഉള്ളത് പറയുമ്പോൾ നീയെന്തിനാ സന്ധ്യയെ നോക്കി കണ്ണുരുട്ടുന്നെ...പഠിക്കാനെന്നും പറഞ്ഞു വീട്ടീന്ന് പോയിട്ട് കണ്ട ചെക്കന്മാരോട് കൊഞ്ചിക്കുഴയാ... നാട്ടുകാരെക്കൊണ്ട് നീയും പറയിപ്പിക്കും അല്ലേടി..." മുറ്റത്തു നിന്ന നിൽപ്പിൽ ആവണി കരച്ചിലടക്കാൻ പാട് പെട്ടു. അവൾ ഇരുവശത്തേയ്ക്കും മിഴികൾ അയച്ചു. അതെ, അയൽവാസികൾ സംഭവമറിയാൻ മതിലിനോട് ചേർന്ന് നിൽപ്പുണ്ട്. ആവണി മറുത്തു പറഞ്ഞിട്ട് കാര്യമില്ല. അമ്മയുടെ വാക്കുകൾക്കപ്പുറം അച്ഛന് തന്റെ വാക്കുകൾ ഒരിക്കലും വില പോകില്ല . കാരണം എന്തെന്ന് പോലും അറിയാതെ പഴികേൾക്കുക മാത്രമേ നിവർത്തി ഉണ്ടായിരുന്നുള്ളൂ.

"നീ ബസ്സിൽ പോകുന്നത് കണ്ട ചെക്കന്മാരോട് കൊഞ്ചിക്കുഴയാൻ ആണല്ലേ." "ശ്ശോ ന്റെ രഘുവേട്ടാ... ആ രാധ ഇവിടെ വന്നു പറഞ്ഞപ്പോ എനിക്കു വല്ലാണ്ടായി... കാര്യം ഞാനും ഇവളും തമ്മിൽ ഒരു ബന്ധോം ഇല്ലന്ന് എല്ലാർക്കും അറിയാ... ന്നാലും ഒരേ വീട്ടിൽ അല്ലേ... രാവിലെ ഇവള് പോണ ബസ്സിലെ ക്ലീനർ ചെക്കൻ ഇത്തിരി കാണാൻ ചെലൊക്കെ ഉണ്ടത്രെ. ഇന്ന് അവനും ഇവളും പിന്നെ ഇവള്ടെ ആ കൂട്ടുകാരി ഉണ്ടല്ലോ ആ മഹേഷിന്റെ മോള് അവളും കൂടെ ആ ചെക്കനും ആയിട്ട് കളിയും ചിരിയും ആയിരുന്നുത്രെ... രാധ രാവിലെ ഡോക്ടറെ കാണാൻ പോയത് ആ ബസ്സിൽ ആയിരുന്നുന്ന്.ദിവസോം ഇത്‌ തന്നെയാവും ചെയ്യണത്." "അമ്മേ... ഞാൻ അയാളോട് സംസാരിച്ചിട്ടില്ല. അയാൾ ആദ്യയിട്ടാ ആ വണ്ടീല്... എനിക്ക് അയാളെ പരിചയം ഇല്ല." "നിർത്തടി... നിന്റെയൊക്കെ സ്വഭാവം ഊഹിക്കാമല്ലോ. അത് ഇവിടെ പറ്റില്ല." രഘുവേട്ടാ... എന്താ നോക്കി നിൽക്കണേ... " "ആവണി... നാട്ടുകാരെ കൊണ്ടു പറയിപ്പിക്കരുത്. നാണം കെടാൻ വയ്യാ. ഇനിയും ഇതുപോലെ വല്ലതും കേട്ടാൽ... ഞാൻ പിന്നെ പറയുന്നില്ല."

രഘുവിന്റെ അവസാന വാക്കുകൾ കേട്ടതും ആവണി കരയാൻ തുടങ്ങി. അവരുടെയെല്ലാം ശ്രദ്ധ തിരിച്ചുകൊണ്ട് മുറ്റത്തേക് ഒരു ചുവപ്പ് കാർ കടന്നു വന്നു. ആവണി ഉമ്മറത്തേയ്ക്ക് കയറി അച്ഛമ്മയുടെ കൂടെ നിന്നു. അവളുടെ കണ്ണുനീർ തുടച്ചു കൊണ്ടു അവളെ അവർ അകത്തേയ്ക്ക് കൊണ്ടുപോയി. ആ കാറിന്റെ കടന്നു വരവ് കാരണം തല്ക്കാലം ആവണി രക്ഷപെട്ടുപോയതിന്റെ നീരസം സന്ധ്യയുടെ മുഖത്തു തെളിഞ്ഞു. കാറിൽ നിന്നും ഇറങ്ങിയത് ബ്രോക്കർ രാജേഷ് ആയിരുന്നു. "ആ... ആരിത് രാജേഷോ... എന്താ ഈ വഴി... വാ കയറി ഇരിക്ക്..." കക്ഷത്തു ഒരു ബാഗും തിരുകി വെച്ച് നടക്കുന്ന പഴയകാല ബ്രോക്കർമാർ അല്ലല്ലോ ഇപ്പോൾ. കയ്യിലെ സ്മാർട്ട്‌ ഫോൺ പോക്കറ്റിൽ വെച്ച് അയാൾ ഉമ്മറത്തേക്ക് കയറി ഇരുന്നു. സന്ധ്യയും മാധുവും അകത്തേക്ക് പോയി. "രാജേഷ് പുതിയ കാർ വാങ്ങിച്ചോ..." "നല്ല കഥാ... എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല... വാങ്ങുന്നുണ്ട്... പുതിയത് അല്ല... അധികം ഓടിയിട്ടില്ലാത്ത ഒരു വണ്ടി കിട്ടിയിട്ടുണ്ട്..." "അപ്പോൾ ഇത്‌..." "വണ്ടിയിൽ ഒരു വസ്തു നോക്കാൻ വന്ന പാർട്ടിയാ...

ആ കുരിശുംപള്ളീടെ അടുത്തുള്ള പൂട്ടികിടക്കണ വീട് നോക്കാനാ... അവര് ലേറ്റ് ആകും വരാൻ എന്ന് ഇപ്പൊ വിളിച്ചപ്പോ പറഞ്ഞു... അത് വരെ എന്തായാലും കാക്കണം...എന്നാപ്പിന്നെ ഇങ്ങോട്ട് ഒന്ന് കയറി പോകാന്നു വെച്ചു." "ഓ... " "പിന്നെ ഒരു കാര്യം ഇല്ലാതില്ല... ഒന്നല്ല രണ്ടു കാര്യം..." "അതെന്താ..." "ഒരു കല്യാണക്കാര്യാ... മോൾക്ക്‌ " ഉമ്മറത്ത് രാജേഷ് പറയുന്നത് കേട്ടു സന്ധ്യ വാതിലിനിനോരം വന്നു നിന്നു. "വല്ല്യേ കുഴപ്പല്യാത്ത കൂട്ടരാ... നമ്മളെ പോലെ സാധാരണക്കാരാ... " "ഗാഥ... പഠിയ്ക്കല്ലേ... അവൾക്ക് ഇപ്പോഴൊന്നും വേണ്ടാ..." സന്ധ്യ ഇടയിൽ കയറി പറഞ്ഞു. രാജേഷ് സന്ധ്യയുടെയും രഘുവിന്റെയും മുഖത്തേയ്ക്ക് മാറിമാറി നോക്കി. രാജേഷ് ഉദ്ദേശിച്ചത് ആവണിയെ ആണെന്ന് രഘുവിന് മനസിലായി... രഘു ബാക്കി കാര്യങ്ങൾ അന്വേഷിച്ചു അറിയാതിരിക്കാൻ വേണ്ടിയാണ് സന്ധ്യ ഇടയ്ക്ക് കയറിയത്. "ഞാൻ മൂത്തമോള്ടെ കാര്യാ പറഞ്ഞത്..." "ആ... സന്ധ്യേ നീ അമ്മയെ വിളിക്ക്... " മനസ്സില്ലാ മനസ്സോടെ അവർ രഘുവിന്റെ അമ്മയുടെ അടുത്തു പോയി.

"ദേ... ഉമ്മറത്ത് വന്നിരിക്കുന്നത് ബ്രോക്കർ രാജേഷാ... നിങ്ങടെ പേരക്കുട്ടിയ്ക് കല്യാണം ആലോചിക്കാൻ... അങ്ങോട്ട് വിളിക്കുന്നുണ്ട്... നിങ്ങളല്ലേ ഇവള്ടെ രക്ഷകർത്താവ്... ചെല്ല്... പിന്നെ ചെല്ലുമ്പോൾ ഒരു കാര്യം ഓർത്തോണം... ഇവളെ സ്ത്രീധനം കൊടുത്ത് കെട്ടിക്കാൻ ഒന്നും ഇവിടെ ഒന്നും ഇരിപ്പില്ല... എന്റെ കുടുംബത്തിൽ നിന്നു കൊണ്ടു വന്ന സ്ത്രീധനം കൊണ്ടാണ് രഘുവേട്ടൻ നല്ല രീതിയിൽ കച്ചവടം ചെയ്യുന്നത്..." സന്ധ്യ ഓർമ്മപ്പെടുത്താലെന്നോണം പറഞ്ഞു ഉമ്മറത്തേയ്ക്ക് തിരികെ നടന്നു. അച്ഛമ്മയുടെ ചുളിവ് വീണ മുഖത്ത് ഒരു വിഷാദം അടർന്നു വീഴാൻ വെമ്പൽ കൊണ്ടു. "അച്ഛമ്മേ... എനിക്കപ്പോൾ കല്യാണം ഒന്നും വേണ്ടാ... അച്ഛമ്മയ്ക്കും എന്നെ വിശ്വാസം ഇല്ലെന്നുണ്ടോ... എനിക്ക് ഒരു നല്ല ജോലി ആയിട്ട് മതിയെന്നെ..." "ഊം... അച്ഛമ്മ അങ്ങട്ട് പോട്ടെ... ന്തായാലും " അച്ഛമ്മ നടന്നു ചെല്ലുമ്പോഴേക്കും പെണ്ണിന് കൊടുക്കേണ്ട പൊന്നിനെ പറ്റി ആയിരുന്നു ചർച്ച. "അവര് മോശം ആൾക്കാരൊന്നല്ല... നല്ല ബന്ധം കിട്ടും അവർക്ക്... ഇവിടത്തെ കാര്യൊക്കെ അറിഞ്ഞിട്ടും..." "അതെ രാജേഷേ... നല്ല പഠിപ്പും ജോലിയൊന്നും വേണമെന്നില്ല...

അവൾക് മൂന്നുനേരം ഭക്ഷണം കൊടുക്കണം... ഉടുക്കാൻ വാങ്ങികൊടക്കണം... അത്രേള്ളൂ... അല്ലാണ്ട് വല്ല്യേ പണക്കാരെ ഒന്നും ആലോചിക്കേണ്ട..." സന്ധ്യ മനസ്സിലുള്ളത് തുറന്നു പറഞ്ഞു. രഘു മൗനം സമ്മതമെന്ന പോലെ തല താഴ്ത്തി തന്നെ ഇരുന്നു. രാജേഷ് അവസാന പ്രതീക്ഷയെന്നോണം അച്ഛമ്മയെ നോക്കി. രണ്ടാനമ്മയുടെ കുശുമ്പ് കാണിക്കുന്ന മരുമകളെയും മക്കളെന്ന ചിന്തയില്ലാതെ ഇരിക്കുന്ന രഘുവിനെയും പുച്ഛത്തോടെ നോക്കി അവർ പറഞ്ഞു. "രജേഷേ... ഇപ്പൊ ആവണി മോൾക്ക്‌ കല്യാണം ഒന്നും വേണ്ടാ... പഠിക്കാൻ മിടുക്കിയല്ലേ... ഇതു വരെ കുറേ കാശ് മുടക്കി പഠിപ്പിക്കേണ്ടി വന്നിട്ടില്ല... നല്ലോണം പഠിക്കുന്ന കുട്ട്യാ... അതേപോലെ നല്ല ജോലിയും കിട്ടും അപ്പോ നല്ല ഒരു പയ്യൻ പൊന്നും പണവും വേണ്ടാന്ന് പറഞ്ഞ് ഇവിടെ വന്ന് അവളെ കൊണ്ടു പോകും... അത് മതി..." അച്ഛമ്മ വേദനയുള്ള കാല് പതിയെ അമർത്തി അകത്തേയ്ക്ക് പോയി. അച്ഛമ്മ പറഞ്ഞത് ഇഷ്ട്ടമായില്ലെങ്കിലും വിവാഹാലോചന എങ്ങും എത്താത്തതിൽ സന്ധ്യയ്‌ക്ക് സന്തോഷമായി. ഇനി അവിടെ നിന്നിട്ടു കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ട് ബ്രോക്കർ പോകാൻ തുനിഞ്ഞു. "പിന്നേ വേറൊരു കാര്യം കൂടി ഇണ്ടാർന്നു... നിങ്ങൾക്കു ഒരു സെക്കനാന്റ് കാർ വേണംന്ന് പറഞ്ഞേർന്നില്ലേ... നല്ല വണ്ടിയാ..."

"അതെയോ... ഏതാ മോഡൽ " അവർ പുതിയ കച്ചവടത്തെ കുറിച്ചു സംസാരിച്ചു ഉറപ്പിച്ചതിനു ശേഷം ബ്രോക്കർ അവിടെ നിന്നും പോയി. «»«»«»»»»»»»»«»«»«»«»«»«»«»«»«»«»«»«» രണ്ടു ദിവസത്തിന് ശേഷം. ക്ലാസ്സ്‌ കഴിഞ്ഞു ബസ്റ്റോപ്പിലേക്കു നടക്കുകയായിരുന്നു ആവണിയും സ്നേഹയും. ആവണി റോഡ് ക്രോസ്സ് ചെയ്യവേ ഒരു കാർ പെട്ടന്ന് അവളെ ഇടിച്ചു. വലിയ വേഗത്തിലായിരുന്നില്ല ആ വാഹനം. അതുകൊണ്ട് ആവണിയ്‌ക്ക് വീഴ്ചയിൽ വലിയ അപകടം ഉണ്ടായില്ല. സ്നേഹ തൊട്ടു പുറകിൽ ആയിരുന്നത് കൊണ്ട് അവൾക് ഒന്നും സംഭവിച്ചില്ല. കാൽമുട്ട് പൊട്ടി രക്തം വന്നത് കൊണ്ട് അവൾ എഴുന്നേൽക്കാൻ കഴിയാതെ അവിടെ തന്നെ കിടന്നു.സ്നേഹ ഓടി വന്ന് അവളെ എഴുന്നേൽക്കാൻ സഹായിച്ചു. കാറിൽ നിന്ന് ഒരു യുവാവ് ഇറങ്ങി വന്നു. ആവണിയെ എവിടെയോ കണ്ടു മറന്ന പോലെ അയാൾക്ക്‌ തോന്നി. "അയ്യോ എന്തെങ്കിലും പറ്റിയോ ... " വണ്ടിയിടുപ്പിച്ചു വീഴ്ത്തിയ ശേഷം ഒന്നും അറിയാത്ത പോലുള്ള ചോദ്യം കേട്ടപ്പോൾ അവൾക്ക് ദേഷ്യം ഇരച്ചു കയറിയെങ്കിലും ഒന്നും മിണ്ടാതെ കാൽമുട്ടിലേക്ക് നോക്കി. പാന്റ് ഉരഞ്ഞു കീറിയിട്ടുണ്ട്.

രക്തം പൊടിഞ്ഞതും കാണാം. "കാണാൻ നല്ല മാന്യൻ ആണല്ലോ... ആ മാന്യത ഡ്രൈവിങ്ങിലും കാണിച്ചൂടെ..." സ്നേഹയാണ് അതിന് മറുപടി പറഞ്ഞത്. "സോറി കേട്ടോ... ഹോസ്പിറ്റലിൽ പോണോ " "വേണ്ടാ... തനിക്കു സൂക്ഷിച്ചു വണ്ടിയോടിച്ചാലെന്താ... എന്നിട്ട് സോറി..." എന്തോ പറയാൻ ശ്രമിച്ച സ്നേഹയെ തടഞ്ഞുകൊണ്ട് ആവണി പറഞ്ഞു. "താൻ ചൂടാവല്ലേ... എന്റെ ഭാഗത്താണ് തെറ്റ്... സമ്മതിച്ചല്ലോ..." "ശ്ശോ... ഓരോ കണ്ണ് പൊട്ടന്മാർ ഇറങ്ങിക്കോളും ആൾക്കാരെ ബുദ്ധിമുട്ടിക്കാൻ... നീ വാ ആവണി..." സ്നേഹ അയാളുടെ മുഖത്ത് നോക്കിയാണ് അതു പറഞ്ഞത്. കൂളിംഗ് ഗ്ലാസ്‌ വെച്ചിരുന്ന അയാൾ സ്നേഹയുടെ സംസാരം കേട്ട് ആ ഗ്ലാസ്‌ പെട്ടെന്ന് എടുത്തു മാറ്റി. കട്ടിയിൽ വളർത്തിയ താടിയിലും കവിളിലെ വലിയ നുണക്കുഴികൾ അയാളുടെ മുഖത്തു തെളിഞ്ഞു കാണാമായിരുന്നു. അവർ പോകാൻ തുടങ്ങിപ്പോൾ കാറിനുള്ളിൽ നിന്ന് ഒരു പെൺകുട്ടി ഇറങ്ങി വന്നു. മെലിഞ്ഞു വെളുത്തു മുടി ക്രോപ് ചെയ്ത ഒരു പെൺകുട്ടി. "ചേച്ചി... ചുരിദാറിന്റെ പാന്റ് കീറിയിട്ടുണ്ടല്ലോ... ഇനിയെങ്ങാ ബസ്സിൽ പോവാ... എല്ലാരും ശ്രദ്ധിക്കും..."

ആ പെൺകുട്ടി പറഞ്ഞത് ശരിയാണെന്ന് സ്നേഹയ്ക്കും തോന്നി. ബസ്സിൽ അല്ലാതെ വേറെ വഴിയില്ലതാനും. "ദേവേട്ടാ... നമുക്കീ ചേച്ചിയെ വീട്ടില് കൊണ്ടാക്കിയാലോ..." "ഏയ്യ് അതൊന്നും വേണ്ട കുട്ടി... ഞങ്ങൾ പൊക്കോളാം..." അപരിചിതരുടെ കൂടെ യാത്ര ചെയ്യുവാൻ അവൾക് താല്പര്യമില്ലായിരുന്നു. "നോ... നോ... ഏട്ടന്റെ തെറ്റല്ലേ... വാ ചേച്ചിക് എവിടെയാ പോകേണ്ടെന്ന് വെച്ചാ പോവാം..." "വേണ്ട... ശരിയാകില്ല..." "ഓ പേടിച്ചിട്ടാണോ... എന്റെ പൊന്നു ചേച്ചിമാരെ ഞങ്ങൾ സ്‌ട്രെയ്ഞ്ചേഴ്സ് ആണേലും ഡെയ്ൻജർ അല്ല..." സ്നേഹയ്ക്കും അത് ശരിയാണെന്നു തോന്നി. അവൾ ആവണിയെ സമ്മതിപ്പിച്ചു വണ്ടിയിൽ കയറ്റി. ആവണിയും ആ പെൺകുട്ടിയും സ്നേഹയും പുറകിലെ സീറ്റിൽ ഇരുന്നു. "എന്റെ പേര് ദേവനന്ദ...നന്ദു എന്ന് വിളിക്കും...ഇതെന്റെ ഏട്ടൻ..." ആവണിയും ദേവനന്ദയും സ്നേഹയും തമ്മിൽ പരിയചയപ്പെട്ടു. ദേവനന്ദയുടെ ഏട്ടൻ ഇടയ്ക്കിടെ പുറകിലേക്ക് നോക്കുന്നത് സ്നേഹയും ആവണിയും ശ്രദ്ധിച്ചു. എന്തോ ആലോചിച്ചു അയാൾ ഇടയ്ക്കിടെ പിന്നേയും നോക്കി.

"ചേച്ചിമാരെ... പോകുന്ന വഴിക്ക് ഏട്ടൻ വീട്ടിൽ ഒന്ന് കയറും കേട്ടോ... ഏട്ടന്റെ ബുള്ളെറ്റ് എടുക്കാൻ... പിന്നെ ഈ വണ്ടി ഞാനാ ഡ്രൈവ് ചെയ്യാ..." "അതിന് ഞങ്ങൾക്കു പോകാനുള്ള വഴിയിൽ ആണോ നിങ്ങടെ വീടും..." സ്നേഹയാണ് അത് ചോദിച്ചത്. "അതെ..." "അതിനു ഞങ്ങളുടെ വീട് എവിടെയാണ് എന്നറിയോ..." "അറിയാം..." "എങ്ങനെ " "അതല്ലാ... ഈ റോഡ് അവസാനിക്കുന്ന എവിടേലും ആവൂലോ... അങ്ങനെ പറഞ്ഞതാ..." "ആഹാ..." ദേവനന്ദ ആളൊരു വായാടിയാണെന്ന് അവർ മനസ്സിലാക്കി. "ഒന്ന് മിണ്ടാതിരിക്കാമോ പെണ്ണേ നീ... വെറുതെ വളവളാന്ന് പറഞ്ഞിട്ട്..." നന്ദുവിന്റെ ഏട്ടൻ അവളെ വഴക്കു പറഞ്ഞു. "ദേ നോക്കേട്ടാ... കൂടെ രണ്ടു ചേച്ചിമാർ ഉള്ളതോണ്ട് ഞാനൊന്നും പറയുന്നില്ല... മിണ്ടാതിരുന്നൊ... അല്ലേൽ ഞാൻ അമ്മയോട് പറഞ്ഞു കൊടുക്കും... ചേച്ചിയെ വണ്ടിയിടിച്ചത്..." "ഏട്ടന്റെ പൊന്നു നന്ദു മോളല്ലേ... കടുംകൈ ഒന്നും ചെയ്തേക്കല്ലേ..." "ആ അങ്ങനെ വാ " കുസൃതിയായ അനിയത്തിയുടെയും ഏട്ടന്റെയും വാക്പോരു കേട്ട് ആവണിയും സ്നേഹയും രസിച്ചിരുന്നു. പേരിന് രണ്ടു അനിയത്തിമാരുണ്ടെങ്കിലും സ്നേഹത്തോടെ ഇതുവരെ ഇട പഴകിയിട്ടില്ലെന്ന് ആവണി ഓർമ്മിച്ചു. കാർ വലിയൊരു വീടിന്റെ ഗേറ്റ് നു മുൻപിൽ നിന്നു. "ആ ചേച്ചിമാരെ... ഇതാണ് ഞങ്ങളുടെ വീട്..

വാ കയറിയിട്ട് പോകാം." ആവണിയും സ്നേഹയും വേണ്ടെന്ന് തലയാട്ടി. നന്ദുവിന്റെ ഏട്ടൻ കാറിൽ നിന്നിറങ്ങി ആവണിയെ ഒന്ന് സൂക്ഷിച്ചു നോക്കി, സ്നേഹയ്‌ക്ക് നല്ലൊരു പുഞ്ചിരിയും സമ്മാനിച്ചു,ആ വലിയ മണിമാളികയുടെ മുറ്റത്തേയ്ക്ക് പോയി. നന്ദു ഇറങ്ങി മുൻപിൽ കയറി ഡ്രൈവ് ചെയ്യാൻ തുടങ്ങി. ബുള്ളറ്റ് എടുത്തു പുറകെ വന്നിരുന്ന നന്ദുവിന്റെ ഏട്ടൻ കാർ മറികടന്നു മുൻപേ പോയി. "നിങ്ങൾക്കറിയോ... ഈ വണ്ടി വിൽക്കാൻ പോവാ... നിങ്ങളുടെ വീടിന്റെ അടുത്തുള്ള ഏതോ ഒരാളാണ് ഇത്‌ വാങ്ങാൻ പോണേ...വാങ്ങാൻ പോണേ... ഞങ്ങൾ ഫാമിലി ആയിട്ട് ഒരു സ്ഥലം വരെ പോവാ... അതോണ്ട് കാർ അവിടെ വന്ന് എടുക്കാൻ പറ്റില്ല. അപ്പോൾ ഇന്നു തന്നെ അയാൾക്ക് എത്തിച്ചു കൊടുക്കാന്ന് വെച്ചു..." "അതെയോ... വണ്ടി നല്ലതാണല്ലോ പിന്നെന്തിനാ വിൽക്കണേ..." "നല്ലതാ പക്ഷേ ഈ ഏട്ടന്റെ കയ്യിലിരിപ്പ് കൊണ്ടാ... ഏട്ടൻ രണ്ടാഴ്ച മുൻപേ ഈ വണ്ടിയെടുത്തു റോഡിൽ അഭ്യാസം കാണിച്ചായിരുന്നു... അന്ന് ഏതോ മതിലിൽ പോയി ഇടിച്ചു.ഏട്ടൻ എന്ന് ഈ വണ്ടിയെടുത്താലും ഓരോന്ന് പറ്റും.

ചെറിയ പരിക്ക് ഏട്ടനും വണ്ടിയ്ക്കും ഉണ്ടായിരുന്നു. വർക്ക്‌ഷോപ്പിൽ ആയിരുന്നു വണ്ടി. അതോണ്ട് ഈ വണ്ടി ഇനി വീട്ടില് വേണ്ടാന്നു പറഞ്ഞിട്ട് അമ്മയാ വിൽക്കാൻ പറഞ്ഞെ...അമ്മ പറഞ്ഞാൽ പിന്നേ മറുവാക്കില്ല." ആവണിയും സ്നേഹയും ഇറങ്ങാൻ സ്ഥലമെത്തി. "ഇവിടെ നിർത്തിയേക്കു ദേവനന്ദ... ഇവിടടുത്ത ഞങ്ങളുടെ വീട്..." "ഏയ്യ് എന്താ ചേച്ചി അങ്ങനെ നീട്ടിയൊന്നും വിളിക്കണ്ടന്നെ... ഇപ്പൊ നമ്മൾ പരിചയപ്പെട്ടില്ലേ...നന്ദു... അത് മതി..." "എന്നാൽ നന്ദു...ഞങ്ങൾ ഇവിടെ ഇറങ്ങിക്കോളാം..." മറുപടി പറയാൻ ഒരുങ്ങുമ്പോഴേക്കും നന്ദുവിന്റെ ഫോൺ റിങ് ചെയ്തു. "ഹെല്ലോ പറയ് ഏട്ടാ..." "ഞാൻ ഇവിടെ ഒരു വളവിൽ നില്ക്കാ... നീ അവരോട് ചോദിക്ക് രഘുനാഥ പണിക്കരുടെ വീട് അറിയോന്ന്... നമുക്ക് അങ്ങട്ടാ പോണ്ടേ..." ഫോൺ ചെവിയിൽ നിന്നും അല്പം മാറ്റിപിടിച്ചു നന്ദു ആവണിയോട് ചോദിച്ചു : "ചേച്ചി...ഒരു രഘുനാഥപ്പണിക്കരുടെ വീട് അറിയോ..." "ആ... എന്റെ അച്ഛനാണ്..." "ആഹാ..." ഫോൺ ചെവിയിൽ വെച്ചുകൊണ്ട് അവൾ തുടർന്നു: "ഏട്ടോ... ഈ ചേച്ചീടെ വീട്ടിക്ക് തന്നെയാ നമ്മൾക്കും പോകേണ്ടത്... അവിടെ നിൽക്ക് ഞാൻ ഇപ്പൊ വരാം " ഫോൺ ഓഫ്‌ ചെയ്തു അവൾ ആവണിയോട് വഴി ചോദിച്ചു മനസ്സിലാക്കി. സ്നേഹയെ അവളുടെ വീടിനു മുൻപിൽ ഇറക്കി.

"കൊള്ളാലോ... ചേച്ചീടെ വണ്ടിയാ ഇനി മുതൽ ഇത്‌... ചേച്ചീടെ അച്ഛനല്ലേ ഈ വണ്ടി വാങ്ങാൻ പോണത്... വാട്ട്‌ ഏ കോ ഇൻസിഡെൻസ്..." "ഊം " ആവണി ചിരിച്ചെന്ന് വരുത്തി. വീടിന് മുറ്റത്തേക് ആദ്യം ചെന്നത് നന്ദുവിന്റെ ദേവേട്ടൻ ആയിരുന്നു. പിന്നാലെ നന്ദുവും വണ്ടി ഓടിച്ചു മറ്റത്തു നിർത്തി. കാറിൽ ആവണി ഇറങ്ങുന്നത് കണ്ടപ്പോൾ അകത്തു നിന്നും വന്ന സന്ധ്യയ്‌ക്ക് കാര്യം പിടികിട്ടാത്തതിന്റെ ആധിയായിരുന്നു. ആവണിയും നന്ദുവും ഇറങ്ങി നിന്നു. ഉമ്മറത്തേയ്‌ക്കെത്തിയ അച്ഛമ്മയോട് ആവണി വണ്ടി ഇടിച്ചതു മുതൽ ഉള്ള കാര്യങ്ങൾ പറയുന്നത് സന്ധ്യയും കേട്ടു. "ചേച്ചി... അച്ഛനെ വിളിക്കു...ഏട്ടന് ഈ കാർ ഇവിടെ ഏൽപ്പിച്ചിട്ടു വേണം തിരികെ പോകാൻ..." അതുകേട്ടു സന്ധ്യക്ക്‌ ദേഷ്യം വന്നു. സന്ധ്യ തന്നെപ്പോയി രഘുവിനെ വിളിച്ചു കൊണ്ടു വന്നു. വണ്ടിയുടെ പേപ്പേഴ്‌സും താക്കോലും രഘുവിനെ ഏൽപ്പിച്ചു ബുള്ളറ്റിൽ കയറി പോകാൻ തയ്യാറെടുത്തു നന്ദുവും അവളുടെ ദേവേട്ടനും. "ഈ കുരുത്തം ഇല്ലാത്തവളാണല്ലോ ഈ വണ്ടിയിൽ ആദ്യം കയറിയത്... ശ്ശോ " സന്ധ്യ പിറുപിറുക്കുന്നത് പോകാൻ നിൽക്കുന്ന നന്ദുവും അവളുടെ ദേവേട്ടനും കേട്ടു. "ഈ വണ്ടിയെന്നല്ല ഇതിലും വില കൂടിയ കാറുകളിൽ കയറാൻ യോഗം ഉണ്ടാവാൻ കിടക്കുന്നതേയുള്ളൂ അവൾക്ക് " അവൻ മനസ്സിൽ പറഞ്ഞു."""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story