ആരോടും പറയാതെ: ഭാഗം 4

Arodum parayathe copy

എഴുത്തുകാരി: രേഷ്ജ അഖിലേഷ്‌

"ഈ വണ്ടിയെന്നല്ല ഇതിലും വില കൂടിയ കാറുകളിൽ കയറാൻ യോഗം ഉണ്ടാവാൻ കിടക്കുന്നതേയുള്ളൂ അവൾക്ക് " അവൻ മനസ്സിൽ പറഞ്ഞു. അവർ പോകുന്നത് വരെ ഉമ്മറത്ത് നിൽക്കാൻ ആവണിയ്ക്കു കഴിഞ്ഞില്ല. സന്ധ്യയുടെ കുറ്റപ്പെടുത്തലുകൾക്ക് കാതു കൊടുക്കാതെ അവൾ അച്ഛമ്മയുടെ അടുത്തേയ്ക്ക് പോയി. നന്ദുവും ഏട്ടനും പോകും മുൻപ്.തിരിഞ്ഞുനോക്കിയെങ്കിലും അവളെ കണ്ടില്ല. ഒരു കാർ വീട്ടിലേക്കു വാങ്ങിയതിന്റെ സന്തോഷം ആയിരുന്നു സന്ധ്യയ്ക്കും മക്കൾക്കും. അന്നെ ദിവസം രാത്രി രഘുവും സന്ധ്യയും മക്കളും ചേർന്ന് ആ കാറിൽ സന്ധ്യയുടെ വീട്ടിലേക്കു പുറപ്പെട്ടു. ✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️ ജനലിലൂടെ സൂര്യപ്രകാശം വന്നു കണ്ണിൽ തൊട്ടപ്പോഴാണ് ആവണി എഴുന്നേറ്റത്. പുറത്തെ വെളിച്ചം കണ്ടിട്ട് സമയം ഒരുപാട് വൈകിയെന്ന് അവൾക്ക് മനസ്സിലായി. അച്ഛമ്മയെയും അടുത്ത് കാണുന്നില്ല. താൻ ആണ് സാധാരണ അച്ഛമ്മയെ താങ്ങി എഴുന്നേൽപ്പിക്കാറുള്ളത്... വലിയ അവശതകൾ ഒന്നും ഇല്ലെങ്കിലും കിടന്നിടത്തു നിന്നും എഴുന്നേൽക്കാൻ അച്ഛമ്മയ്ക്ക് പ്രയാസമാണ്.

അവൾ പെട്ടന്ന് എഴുന്നേറ്റു ഫോൺ തിരഞ്ഞു. അലാറം അടിക്കാത്തത് എന്താണെന്ന് നോക്കാൻ. ഫോൺ വെച്ചിടത്തു ഇല്ലായിരുന്നു. അടുക്കളയിൽ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. "അച്ഛമ്മേ... എന്താ ചെയ്യണേ... സമയം ഒരുപാട് വൈകിയല്ലേ അച്ഛമ്മേ... ഫോണിൽ അലാറം കേട്ടില്ല... അതോണ്ടാ വൈകിയെ... അച്ഛമ്മ എന്റെ ഫോൺ കണ്ടായിരുന്നോ.." "ഇയ്ക്കറിയാം ന്റെ കുട്ട്യേ... അച്ഛമ്മ തന്ന്യാ ഫോൺ എടുത്തു മാറ്റി വെച്ചത്...ആ കുന്തത്തിൽ ഒച്ച വരണത് നിർത്താൻ ഒന്നും ഇയ്ക്കറിയില്ലല്ലോ...സന്ധ്യേം രഘുവും പിള്ളേരും ഒന്നും ഇല്ലല്ലോ ഇവിടെ... ഇന്ന് കോളേജും പഠിപ്പും ഇല്ലാ...എന്നും വെളിച്ചം വീഴ്‌ന്നേനും മുന്നേ എണീക്കണതല്ലേ... ഇന്നൊരീസം എങ്കിലും നന്നായി ഉറങ്ങിക്കോട്ടെന്ന് വിചാരിച്ചു." "ഹും നല്ല പണിയാ അച്ഛമ്മ കാണിച്ചേ... ഒറ്റയ്ക്കു എഴുന്നേറ്റ് പണിയെടുക്കാൻ വന്നിരിക്കാ... വല്ലേടത്തും വീണാലോ " "ഓ പിന്നേ ഒന്നു പോടി പെണ്ണേ... നീ കോളേജില് പോവുമ്പോ നിയാരെലും ഏൽപ്പിച്ചിട്ടാണോ പോണേ " "അപ്പോഴത്തെ പോലെയാണോ ഇപ്പൊ... രാവിലെ എഴുന്നേൽക്കുമ്പോൾ അച്ഛമ്മയ്ക് വയ്യായ്ക ഇത്തിരി കൂടുതൽ അല്ലേ...മാറിയെ... ഞാൻ ചെയ്യാം..."

"ഹും മതി മതി ... പോയി പല്ലു തേച്ചു കുളിച്ചിട്ട് വായോ... അച്ഛമ്മ മോൾക്ക് നല്ല മൊരിഞ്ഞ നെയ്യ് ദോശ ഉണ്ടാക്കീണ്ട്...അതു കഴിച്ചിട്ട് മതി ബാക്കി പണ്യോള്..." "ആഹാ... എന്നാ ഞാനിപ്പോ വരാം..." കുളിയും അലക്കുമെല്ലാം കഴിഞ്ഞാണ് ആവണി എന്നും പ്രാതൽ കഴിക്കാറുള്ളത്. അന്നും അതെല്ലാം കഴിഞ്ഞ് അവൾ അച്ഛമ്മ സ്നേഹത്തോടെ ഉണ്ടാക്കിയ ദോശ കഴിക്കുവാനിരുന്നു. സമയം പത്തു മണി കഴിഞ്ഞിരുന്നു. അച്ഛമ്മയും പേരക്കുട്ടിയും അവരുടെതായ കൊച്ചു സന്തോഷങ്ങളിൽ ആയിരുന്നു. വല്ലപ്പോഴുമായിരുന്നു ഇത്തരം സന്തോഷവും സമാധാനവുമുള്ള പകലുകൾ അവർക്ക് കിട്ടിയിരുന്നത്. സന്ധ്യയും മക്കൾ ഗാഥയും മാധുവും ഒരേ സ്വഭാവക്കാരായിരുന്നു.എന്തിനും ഏതിനും വഴക്കുണ്ടാക്കാൻ തക്കം പാർത്തു നടക്കുന്നവർക്കിടയിൽ സമാധാനം കിട്ടാകനി ആയിരുന്നു എന്നു പറയാം. ആവണിയും അച്ഛമ്മയും അടുക്കളയിൽ പാചകത്തിൽ മുഴുകിയ സമയത്ത് പുറത്ത് ആരുടെയോ വാഹനം വന്നു നിന്നതിന്റ ശബ്ദം കേട്ടു. അച്ഛൻ ആയിരിക്കുമോ എന്ന് ഒരുവേള സംശയിച്ചു എങ്കിലും ഈ സമയത്ത് വരില്ലെന്ന് അറിയാമായിരുന്നു അവൾക്.

"മോളെ... ഉമ്മറത്തേയ്ക് ഒന്ന് പോയി നോക്കിയേ... അച്ഛമ്മ നടന്നു എത്തുമ്പോഴേക്കും വന്നവര് തിരിച്ചു പോകും." "ശരി അച്ഛമ്മേ..." എന്നും പറഞ്ഞ് ആവണി വാതിൽ തുറക്കാൻ പോയി. അമ്മയാണെങ്കിൽ മുൻപിൽ തന്നെ കണ്ടാൽ വായിലുള്ളതെല്ലാം കേൾക്കേണ്ടി വരുമല്ലോ എന്നോർത്ത് മടിച്ചാണ് അവൾ വാതിൽ തുറന്നത്. വാതിൽ തുറന്നപ്പോൾ കണ്ടത് ഒരു ഒരു വൃദ്ധനെയാണ്.ആരാണെന്ന് ആവണിയ്ക് ആദ്യം മനസ്സിലായില്ല. ആകെ അവശത തോന്നുന്ന രൂപം. "അച്ഛാച്ചൻ..." അവൾ സംശത്തോടെ ഉരുവിട്ടു. രഘുവിന്റെ ചെറിയച്ഛൻ ആയിരുന്നു അത്. പ്രായത്തിന്റെ അവശതകൾ ക്കപ്പുറം എന്തെല്ലാമോ ആരോഗ്യക്കുറവ് അദ്ദേഹത്തിൽ വ്യക്തമായി അറിയുന്നുണ്ട്. അവസാനമായി രഘുവിന്റെ ചെറിയച്ഛൻ വീട്ടിലേക്കു വന്നത് രണ്ടു വർഷം മുൻപാണെന്ന് അവൾ ഓർമ്മിച്ചു. അന്ന് പക്ഷെ പൂർണ്ണ ആരോഗ്യവാനായിരുന്നു.അത് കൊണ്ടാണ് ആവണിയ്ക്ക് ആദ്യം ആളെ മനസ്സിലാകാതെ പോയത്. "ആഹാ... എന്നെ മനസ്സിലായോ... " "അച്ഛാച്ചനെ മനസ്സിലാകാതിരിക്കോ..." "ആ... എനിക്കറിയാം... എല്ലാരും പക്ഷേ കണ്ടാൽ മനസ്സിലാകുന്നില്ലാന്നാ പറയണേ...

വല്ലാണ്ട് മാറീണ്ടത്രേ..." "ഊം... മുൻപ് കാണുമ്പോഴത്തെക്കാൾ മാറ്റംണ്ട്... അകത്തേക്ക് വായോ..." "അകത്തേയ്ക്ക് വരാം... നല്ല കാറ്റുണ്ട് ഇവിടെ... ഞാൻ ഇത്തിരി നേരം ഇവിടെ നിക്കട്ടെ..." "എന്നാൽ ഞാൻ അച്ഛമ്മയെ വിളിക്കാട്ടോ... ഇപ്പൊ വരാം... " ആവണി അച്ഛമ്മയുടെ അടുത്തേയ്ക്ക് പോയി. അവൾക് ഒരു പുതുമയാണ് തോന്നിയത്. സ്വന്തം അച്ഛാച്ചൻ കാണിച്ചിരുന്ന അത്രയും വെറുപ്പ് പ്രകടിപ്പിച്ചിരുന്നില്ല എങ്കിലും തന്നോട് സംസാരിക്കുകയോ വാത്സല്യം കാണിക്കുകയോ ചെയ്തിട്ടില്ല ഇതെന്തു പറ്റി ഇങ്ങനെ ഒരു മാറ്റത്തിന് എന്ന് അവൾ ആലോചിച്ചു. വാർദ്ധക്യത്തിൽ വന്ന മാറ്റമാവാമെന്ന് അവൾ തന്നെ ഉത്തരവും കണ്ടു പിടിച്ചു. അവൾ അച്ഛമ്മയെയും കൊണ്ട് ഉമ്മറത്തേയ്ക്ക് വന്നു. "എന്താ രാമാ ഈ വഴി കണ്ടിട്ട് കുറേ ആയല്ലോ..." "ഊം... ഇളയ മോന്റെ കല്ല്യാണം ക്ഷണിക്കാൻ വന്നതാ അവസാനായിട്ട്... ഓർമ്മണ്ട്..." "കുട്ട്യോൾക്ക് എല്ലാവർക്കും സുഖം തന്നെല്ലേ... എത്ര കാലായി അവരെല്ലാം കണ്ടിട്ട്... ഇത്രേടം വരെ വന്നു പോകാൻ ആർക്ക് നേരം ല്ലേ..." "ന്റെ എടത്തീ... അവരൊക്കെ തിരക്കിലല്ലേ... ഇപ്പൊ തന്നെ ന്റെ കൂടെ വരാൻ ആരും ഇല്ലാ..."

"അതെയതെ " "അല്ലാ... എവടെ രഘു... സന്ധ്യേം മക്കളും ഇവിടെ ഇല്ലേ..." "അവരിന്നലെ വൈന്നേരം പോയതാ... ഇന്ന് വരൂന്ന് തോന്നുണു..." "അതെയോ... അവനെ കാണാൻ ഒരു തോന്നൽ...ഒരു കാര്യം ഇണ്ടാർന്നൂ...ഇനിയിപ്പോ എന്താ ചെയ്യാ... ഊം... സാരല്ല്യ... അവനെ അങ്ങട്ട് വിളിച്ചോളാം... ഏടത്തീ... ഇവൾടെ കല്ല്യാണക്കാര്യം ഒന്നും ആയില്ലേ..?" "നിനക്കറിയാലോ രാമാ ... ന്റെ കണ്ണടയും വരേള്ളൂ ഇവൾടെ ഇവിടത്തെ ജീവിതം... അത് കഴിഞ്ഞാൽ പിന്നെ ഈശ്വരന്റെ കയ്യിലാ... നെനക്ക് അറിയാത്ത കാര്യോന്നും അല്ലാലോ... നിന്റെ ചേട്ടനും നിന്റെ ചേട്ടന്റെ മോനും ഇവൾ പണ്ടേ ഒരു കരടാ... അമ്മേടെ സ്ഥാനത്തു വന്നു കയറിയവൾക്കും അവള്ടെ മക്കൾക്കും ഇവളെ ശത്രു ആയിട്ടാ കാണണേ... അച്ഛമ്മയായ എന്നേക്കൂടി വിലയില്ല അവർക്ക്... പിന്നെയാ കല്യാണം കഴിപ്പിക്കാൻ ഉത്സാഹം " നേരിയതിന്റെ തലപ്പെടുത്തു അച്ഛമ്മ കണ്ണുകൾ ഒപ്പി. "ഞാൻ ചായ എടുത്തിട്ട് വരാം " അച്ഛമ്മ കരയുന്നത് കാണാൻ ഇഷ്ടമില്ലാതെ ആവണി അടുക്കളയിലേക്ക് പോയി. "ഏടത്തി കരയാതിരിക്കൂ... എല്ലാം നേര്യാവും..."

പിന്നേയും കുറേ നേരം സംസാരിച്ചതിന് ശേഷം ആവണി ഉണ്ടാക്കിയ ചായയും കുടിച്ചിട്ടാണ് അയാൾ അവിടെ നിന്നും ഇറങ്ങിയത്. ഇറങ്ങും മുൻപ് ആവണിയുടെ തലയിൽ തലോടി നിറഞ്ഞ വാത്സല്ല്യത്തോടെ അനുഗ്രഹിക്കുവാനും മറന്നില്ല. അയാളുടെ കണ്ണിൽ ഒരു നനവ് പടർന്നിരുന്നത് ആവണി പ്രത്യേകം ശ്രദ്ധിച്ചു. ✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️ അന്ന് ഞായറാഴ്ച ആയിരുന്നു. ആവണിയുടെ ജന്മനക്ഷത്രമായിരുന്നു അന്ന്.പക്കപ്പിറന്നാൾ.തിരുവോണ നക്ഷത്രത്തിൽ ജനിച്ചത് കൊണ്ടായിരുന്നു അവൾക്ക് ആവണിയെന്ന് പേരിട്ടത്. അവളുടെ അമ്മയുടെ ഇഷ്ട്ടമായിരുന്നു ആ പേര് എന്ന് അച്ഛമ്മ പറഞ്ഞിട്ടുണ്ട്. എല്ലാമാസവും ജന്മനക്ഷത്രത്തിനു ആവണി ശിവക്ഷേത്രത്തിലേക്ക് പോകാറുണ്ടായിരുന്നു. അന്നും അവൾ അമ്പലത്തിലേക്ക് പോയി. കൂടെ ആത്മമിത്രം സ്നേഹയും. അമ്പലത്തിലേക്കായതിനാൽ രണ്ടു പേരും പട്ടുപാവാടയുമിട്ട് തനി നാട്ടിൻപുറത്തിന്റെ പെൺകുട്ടികളായി മാറി. അമ്പലത്തിൽ കയറി തൊഴുതു മടങ്ങുമ്പോഴാണ് അത് കണ്ടത്. ഒരു പ്രായമായ സ്ത്രീ പുറം തിരിഞ്ഞു നിന്ന് ആരെയോ താഴ്ന്ന ശബ്ദത്തിൽ ശകാരിക്കുന്നു.

"നീയെതാ കുട്ടീ ... കണ്ടിട്ട് വല്ല്യേ കുടുംബത്തിലെന്ന് തോന്നുന്നൂ ... അമ്പലത്തിലെ ചിട്ടകളൊന്നും വശല്ല്യാലേ...അമ്പലത്തിൽ പ്രദക്ഷിണം വെയ്ക്കുന്നതിനും മറ്റും ചില ചിറ്റകളുണ്ട്. ഒന്നും അറിയില്ലാലെ... ഇപ്പോഴത്തെ കുട്ട്യോളൊക്കെ ഇങ്ങനെ തന്ന്യാ... എപ്പോഴും ഫോണില് ചുണ്ണാമ്പ് തേയ്ക്കുമ്പോലെ തോണ്ടി തോണ്ടി ഇരിക്കാനല്ലാണ്ട് എന്താ അറിയാ... കഷ്ടംണ്ട്..." കുറച്ചു കൂടി അടുത്തേയ്ക് നടന്നപ്പോഴാണ് ശകാരം കേട്ടു കൊണ്ടു നിന്ന ആളുടെ മുഖം കണ്ടത്. സ്നേഹയും ആവണിയും മുഖത്തോട് മുഖം നോക്കി. വയസ്സായ ആ അമ്മൂമ്മയുടെ ശകാരങ്ങൾ കൈയ്യും കെട്ടി നിന്ന് ഒരു ചമ്മിയ ചിരിയോടെ കേട്ടു നിൽക്കുന്ന ആ ചെറുപ്പക്കാരൻ. "ഇത്‌ അയാളല്ലേ..." സ്നേഹ ആവണിയോട് ചോദിച്ചു "അതെ... വാ വേഗം പോവാം... അന്ന് അയാളുടെ നോട്ടം ഇത്തിരി കൂlടുതൽ ആയിരുന്നു... " "ആന്നേ... ഞാനും അത് ശ്രദ്ധിച്ചിരുന്നു.പക്ഷേ വായ്നോട്ടം പോലെ തോന്നിയില്ല." "അതില്ല... എന്നാലും എന്തിനാ വെറുതെ... രണ്ടു ദിവസം മുൻപ് ആ ക്ലീനർ കാരണം ഉണ്ടായ പുകിലൊക്കെ ഞാൻ പറഞ്ഞതല്ലേ... വാ അങ്ങോട്ട് നോക്കാതെ നടക്കാം.

അവർ അവന്റെ അടുത്തുകൂടെ വേഗത്തിൽ കടന്നു പോയി. ആ സമയം അവന്റെ ഫോൺ റിങ് ചെയ്തു. അവൻ അതെടുത്തു സംസാരിക്കുന്ന തിരക്കിലായിരുന്നു. അന്ന് നന്ദുവിന്റെ സ്വന്തം ദേവേട്ടനെ കണ്ടപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെങ്കിലും ഇന്ന് അവന്റെ മുഖത്തേക് ഒന്നു കൂടി നോക്കുവാൻ ആവണിയുടെ മനസ്സ് തുടിച്ചു.എങ്കിലും അവൾ സ്വയം നിയന്ത്രിച്ചു. തനിക്കൊരു വിവാഹമുണ്ടെങ്കിൽ അത് തന്റെ അച്ഛന്റെയും അച്ഛമ്മയുടെയും പൂർണ്ണമനസ്സോടെ അവർ കണ്ടെത്തി തരുന്ന ആളായിരിക്കുമെന്ന് പണ്ടേ പ്രതിജ്ഞ ചെയ്ത മനസ്സായിരുന്നു അവളുടേത്. പ്രായത്തിന്റെ ചാപല്യങ്ങൾ തളച്ചിടാൻ അവൾക് ആ ഒരു ചിന്ത മതിയായിരുന്നു. എന്നാൽ ഇന്ന് അതിന് ശക്തി പോരെന്ന പോലെ. ചുറ്റമ്പലം കഴിഞ്ഞ് മണൽ തരികളുള്ള വലിയ മൈതാനമാണ്.ആ മൈതാനത്തിന് അടുത്ത് റോഡും. സ്നേഹയും ആവണിയും നടന്നു നീങ്ങുമ്പോൾ ഒരു പിൻവിളി. അതെ... അത് അവൻ ആയിരുന്നു. "ഏയ്യ്..." കയ്യിലുള്ള ഫോൺ ഷർട്ട്‌ന്റെ പോക്കറ്റിൽ തിരുകി വെച്ച് അയാൾ വിളിച്ചു. എന്തിനാണ് അയാൾ വിളിക്കുന്നതെന്ന് അറിയാതെ കൂട്ടുകാരികൾ പരസ്പരം സംശയത്തോടെ നോക്കി. മുണ്ട് മടക്കി കുത്തി ധൃതിയിൽ നടന്നയാൾ അവരുടെ അടുത്തേയ്ക്കെത്തി. "എന്താ..." സ്നേഹയാണ് ചോദിച്ചത്. " എങ്ങനെയുണ്ട്... കുഴപ്പം ഒന്നും ഇല്ലല്ലോ...? "

"ആർക് " സ്‌നേഹ നെറ്റി ചുളിച്ചു. "അല്ല ഞങ്ങളുടെ കാറിനെ..." "നിങ്ങളുടെ കാറോ... അതിപ്പോ ഇവള്ടെ വീട്ടിലെ അല്ലേ...അത് ചോദിക്കാനാണോ പുറകീന്ന് വിളിച്ചത്..." "ആദ്യം കണ്ടപ്പോൾ നിങ്ങളെ മനസ്സിലായില്ല അതോണ്ടാ..." "ഊം..." സ്‌നേഹ ഒന്ന് ഇരുത്തിമൂളി. നേരത്തേ ആ അമ്മൂമ്മയോട് ചിരിച്ച അതെ ഭാവം ആയിരുന്നു അപ്പോൾ അവന്. ചിരിച്ചുകൊണ്ട് താടിയൊന്ന് ഉഴിഞ്ഞു ആവണിയെ നോക്കി. എപ്പോഴും അനാവൃതമായുള്ള നുണക്കുഴികൾ ചിരിച്ചപ്പോൾ ഒന്ന് കൂടി വ്യക്തമായിരുന്നു. അന്ന് ആദ്യമായി കണ്ടപ്പോൾ ഇല്ലാത്ത ഒരു അനുഭൂതി അവളിൽ തിരയടിച്ചു. "കാറിനൊന്നും കുഴപ്പല്യാട്ടോ... ദേവനന്ദയോട് ചോദിച്ചെന്നു പറയണം. എന്നാൽ ഞങ്ങൾ പോട്ടേ..." ആവണി ആ കൂടിക്കാഴ്ച്ച പെട്ടന്ന് അവസാനിപ്പിക്കാൻ എന്നവണ്ണം പറഞ്ഞു. " പോവാണോ... നടന്നാണോ വന്നത്... കാറുണ്ട് ഡ്രോപ്പ് ചെയ്യണോ?.." "ഏയ്യ്... നോ താങ്ക്സ്..." "എന്നാ പിന്നെ കാണാം..." ഇരുവരും തിരിഞ്ഞു നടന്നു. അവർ നടന്നകലുന്നത് അവൻ നോക്കി നിന്നു. നടന്നു റോഡിന്റെ അടുത്ത് എത്തിയപ്പോൾ ആവണി പതിയെ തിരിഞ്ഞു നോക്കി.

അയാൾ ഫോണിൽ സംസാരിച്ചു കൊണ്ട് തങ്ങളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു എന്ന് അവൾ മനസ്സിലാക്കി. അന്നത്തെ ദിവസം മുഴുവനും അവനെ കണ്ടതിനെപ്പറ്റി തന്നെയായിരുന്നു അവളുടെ ചിന്ത മുഴുവനും. മനപ്പൂർവമല്ല. പണിചെയ്യുമ്പോഴും പഠിക്കാൻ പുസ്തകമെടുമ്പോഴും എല്ലാം അവന്റെ നുണക്കുഴി തെളിയുന്ന ചിരി ഓർമ്മയിൽ വന്നു കൊണ്ടിരുന്നു.എത്രത്തോളം അവൾ കടിഞ്ഞാണിടാൻ ശ്രമിക്കുന്നുവോ അതിനേക്കാൾ ശക്തമായി വീണ്ടും അവ മനസ്സിനെ വരുതിയിലാക്കി. അർഹിക്കാത്തത് മോഹിക്കാൻ പാടില്ലെന്ന് അവൾ പല തവണ സ്വയം ഉരുവിട്ടു. കുറ്റബോധമായിരുന്നു അവൾക്ക് അരുതാത്തത് എന്തോ ചെയ്യുന്ന പോലെ. ✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️ പതിവ് പോലെ "വെളിച്ചപ്പാടിന്റെ" ഇടിവണ്ടിയിൽ കയറി കോളേജിലേക്ക് പോകുമ്പോൾ ആളുകളെ കയറ്റുവാനായി ബസ് നിർത്തിയിട്ടിരിക്കുകയായിരുന്നു. അവിടെ കുറച്ചു നിമിഷങ്ങൾ കൂടുതൽ നിർത്തിയിടുന്നത് പതിവാണ്. അവിടെ സ്നേഹ ആ ഒരു കാഴ്ച്ച ആവണിയ്ക്കു കാണിച്ചു കൊടുത്തു. ആദ്യം കണ്ടപ്പോൾ ഉണ്ടായ സന്തോഷം ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയപ്പോൾ നിരാശയിലേക്ക് വഴിമാറി. സ്നേഹ തന്റെ മുഖഭാവം തിരിച്ചറിയാതിരിക്കാൻ അവൾ ശ്രദ്ധിച്ചു. ബസ് നീങ്ങി തുടങ്ങിയപ്പോൾ ആ കാഴ്ചയും മറഞ്ഞു.അവളുടെ ഉള്ളിൽ അതു പക്ഷേ പതിഞ്ഞു കിടന്നു. ഒരു ചോദ്യചിഹ്നമായി അത് കടന്നു കൂടി."""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story