ആരോടും പറയാതെ: ഭാഗം 5

Arodum parayathe copy

എഴുത്തുകാരി: രേഷ്ജ അഖിലേഷ്‌

 ബസ് നീങ്ങി തുടങ്ങിയപ്പോൾ ആ കാഴ്ചയും മറഞ്ഞു.അവളുടെ ഉള്ളിൽ അതു പക്ഷേ പതിഞ്ഞു കിടന്നു. ഒരു ചോദ്യചിഹ്നമായി അത് കടന്നു കൂടി. ദേവനന്ദയുടെ വാക്കുകളിലൂടെ പരിചയപ്പെട്ട അവളുടെ കുറുമ്പനായ ദേവേട്ടൻ. ഇന്നലെ അമ്പലത്തിൽ വെച്ചു പിന്നേയും കണ്ടു. ജീവിതത്തിൽ രണ്ടേ രണ്ടു പ്രാവശ്യം കണ്ടിട്ടുള്ളു എങ്കിലും ഇപ്പോൾ കണ്ട കാഴ്ച മനസ്സിൽ കൊണ്ടു. അയാൾ ഏതോ ഒരു പെൺകുട്ടിയുമായി റോഡിനരികിൽ.ഏതോ ഒരു പെൺകുട്ടി എന്ന് പറഞ്ഞു കൂടാ... ആവണിയുടെ കോളേജിലെ തന്നെ സീനിയർ ആയിട്ടുള്ള ഒരു പെൺകുട്ടി ആയിരുന്നു അത്. പൂച്ചക്കണ്ണുകളുള്ള സുന്ദരി,അർപ്പിത.കോളേജിലെ താരം എന്ന് തന്നെ പറയാം. അവളുടെ കണ്ണുകൾക്ക് വല്ലാത്തൊരു ആകർഷണീയതയാണ്. ചുരുണ്ട് ചൊടിയിലേക്ക് ഇടയ്ക്കിടെ വീണു കിടക്കുന്ന മുടിയിഴകൾ ഒതുക്കിക്കൊണ്ട് അവൾ നടക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയായിരുന്നു.കോളേജ് രാഷ്ട്രീയത്തിലും ഒട്ടും പുറകിലല്ല.അവൾ അതുകൊണ്ട് തന്നെ ക്യാമ്പസിൽ പ്രശസ്തയാണ്.ആൺകുട്ടികളെല്ലാം അവളുടെ പുറകെയാണ്. കണ്ടാൽ അറിയാം സൗഹൃദത്തിനുമപ്പുറം എന്തോ ഒന്ന്...

പ്രണയമല്ലാതെ മറ്റെന്തു... അയാൾ ബുള്ളറ്റിൽ ഇരിക്കുന്നു അവൾ ബുള്ളറ്റിൽ കൈവെച്ചു നിൽക്കുന്നു.ആ കൈ ഉള്ളം കൈയ്യിൽ എടുത്തു വെച്ച് മുറുകെ പിടിച്ചിരിക്കുന്ന അയാൾ. തമ്മിൽ എന്തെല്ലാമോ പറഞ്ഞു ചിരിക്കുന്നു.ആളുകളെ ഒന്നും ശ്രദ്ധിക്കാതെ ഇരുവരും അവരുടെ ലോകത്താണ്.കോളേജിൽ കമിതാക്കളെ നേരിൽ കണ്ടു പരിചയം ഏറെയാണല്ലോ. അതുകൊണ്ട് അവരെ അകലെ നിന്ന് കാണുമ്പോൾ തന്നെ അവരുടെ ബന്ധവും ഊഹിക്കാവുന്നതേയുള്ളൂ. സ്നേഹ ഒരു പരിചയത്തിന്റെ പേരിൽ മാത്രം അവൾക് കാണിച്ചു കൊടുത്തതാണ് ആ ദൃശ്യം. വീട്ടിൽ പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും അവളെ ക്ലാസ്സിൽ ഇരിക്കുമ്പോൾ അവയൊന്നും ബാധിക്കാറില്ലായിരുന്നു. പക്ഷെ അന്ന് ആദ്യമായി അദ്ധ്യാപകർ ക്ലാസ്സെടുക്കുന്നതിനിടയിലും അവൾ അസ്വസ്ഥയായിരുന്നു. ഒന്നിലും ശ്രദ്ധിക്കാൻ കഴിയാതെ ആവണി കുഴഞ്ഞു.എന്തിനെന്നു അവൾ പോലും അറിയാതെ.

എന്തിനോ ഒരു വിഷമം. "എന്താ ന്റെ ആവണിക്കുട്ടിടെ മുഖം വാടിയിരിക്കണേ... ഉച്ചയ്ക്ക് അച്ഛമ്മേടെ സ്പെഷ്യൽ കടുമാങ്ങ അച്ചാറും മോരു കറീം കൂട്ടി വയറു നിറയെ കഴിച്ചതാണല്ലോ പിന്നെന്തു പറ്റി... ഇനീം വിശപ്പ് മാറീല എന്നുണ്ടോ ആവോ?" "എന്റെ മുഖമൊന്നും വാടിയിട്ടില്ല.നിനക്ക് തോന്നുന്നതാ..." "അയ്യോടാ പാവം... ഞാൻ നിന്നെപ്പോലെ പൊട്ടിയൊന്നും അല്ല.കണ്ടാൽ അറിയാം എനിക്ക്.ഇതെല്ലാം ഈ പ്രായത്തിൽ പെൺകുട്ട്യോൾക്ക് തോന്നുന്നതല്ലേ... എനിക്കും തോന്നിയിട്ടുണ്ട്... ഇപ്പൊ അടുത്ത് എന്റെ ഫേവറിറ്റ് ആയ ഫിലിം സ്റ്റാർന്റെ മാര്യേജ് കഴിഞ്ഞു. നമ്മക്ക് കിട്ടില്ലാന്ന് അറിയാം. എന്നാലും മറ്റൊരു പെണ്ണിന്റെ കൂടെ പൂമാലേം ഇട്ടോണ്ട് നിൽക്കണത് കണ്ടപ്പോൾ എന്തായിരുന്നു എന്റെ വിഷമം...എന്റെ ഫോണിന്റെ വാൾപേപ്പർ വരെ ആയിരുന്ന ആളാ ...എന്തിനു അധികം പറയണം നീ പോലും അന്നെന്നെ കളിയാക്കിയതിന് കണക്കുണ്ടോ. അതുകൊണ്ട് എന്റെ പൊന്നു മോള് എന്നോട് ഒളിക്കണ്ട..." "നിന്നെപ്പോലെ ആണോടി ഞാൻ എനിക്ക് അങ്ങനെയൊന്നും തോന്നാൻ പാടില്ല."

"അതെന്താ നീ പെണ്ണല്ലേ...അതുമല്ലെങ്കിൽ നീ സന്ന്യാസിനി ആണോ?" "സ്നേഹ നിനക്കറിയില്ലെടി..." "ഏയ്യ്... സ്റ്റോപ്പ്‌ സ്റ്റോപ്പ്‌... നീ പറഞ്ഞ് പറഞ്ഞു എങ്ങോട്ടാ... ഫ്ലാഷ് ബാക്ക് ആണെങ്കിൽ വേണ്ട...കേട്ടു മടുത്തു. എടി... കല്യാണം കഴിഞ്ഞിട്ട് ഭർത്താവിനെ വഞ്ചിച്ചു മറ്റൊരാളെ പ്രണയിക്കുന്നതാണ് തെറ്റ് അല്ലെങ്കിൽ ഭാര്യയുള്ള ആണിനെ പ്രേമിക്കുന്നത്... ഇത്‌ രണ്ടും അല്ലല്ലോ... നിന്നെ ഞാൻ ഒന്നിനും പ്രോത്സാഹിപ്പിക്കുന്നില്ല. തെറ്റാണെന്ന് കരുതി സ്വയം പഴിക്കുന്ന നിന്റെ മനസ്സ് എനിക്ക് അറിയാം.അത് വേണ്ട എന്നാ ഞാൻ പറഞ്ഞത്.എന്നെപ്പോലെ നിന്റെ സിറ്റുവേഷൻസ് അറിയാവുന്ന വേറെ ആരാ ഉള്ളത്. പക്ഷേ നിന്നെ ഇത്രത്തോളം അറിയാവുന്ന എന്നോട് നീയൊന്നും ഒളിക്കരുത്.കേട്ടല്ലോ " "സോറീടി..." "വേണ്ട... വേണ്ട... അവള്ടെ ഒരു സോറി..." "പിണങ്ങല്ലേ പെണ്ണേ..." "പിണക്കം ഒന്നുല്ല്യ...ഊം... പിന്നേ... ആ ചേച്ചിയില്ലേ അർപ്പിത... ആളെ ഞാൻ രാവിലെ ലൈബ്രറിയിൽ പോയപ്പോൾ കണ്ടായിരുന്നു... വെറുതെ ഓരോ കുശലം ചോദിച്ച് രാവിലെ കണ്ട കാഴ്ച്ച വരെ വിഷയം കൊണ്ടു ചെന്നെത്തിച്ചു. ആരുടെ കൂടെയാ രാവിലെ നിന്നിരുന്നേ...

കാണാൻ നല്ല ഹാൻസം ആണല്ലോ... വുഡ്ബി ആണോ എന്നൊക്ക ചോദിച്ച്... അപ്പൊ എന്നോട് പറയാ ... 'ആര് ദേവേട്ടനെ ആണോ കണ്ടത്... അതെന്റെ ഒരു കസിൻ ആയിട്ട് വരൂന്ന്...' അർപ്പിത ചേച്ചി ഒന്ന് പരുങ്ങി എന്തായാലും... കസിൻ ആണെന്ന് പറഞ്ഞത് നുണ തന്നെയാവും മിക്കവാറും. പൂച്ചക്കണ്ണി ചേച്ചി...എന്തോ മറയ്ക്കുന്നുണ്ടായിരുന്നു." "വേണ്ടെടി... ഞാൻ വിട്ടു ആ വിഷയം. ആരായാലും എന്തായാലും അല്ലെങ്കിൽ തന്നെ ഒരുപാട് പ്രശനങ്ങളുണ്ട്..." "അതാ നല്ലത്." പിന്നീട് അവർ അത് ചർച്ചചെയ്തില്ല. മനപ്പൂർവ്വം വിട്ടു കളഞ്ഞു . 🌼🍁🌼🍁🌼🍁🌼🍁🌼🍁🌼🍁🌼 ആഴ്ചകൾ കടന്നു പോയി. ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് സ്വീകരണമുറിയിൽ ഇരിക്കുന്ന രഘുവിനോട് സന്ധ്യ ചോദിച്ചു. "രഘുവേട്ടൻ എന്താ മിണ്ടാതിരിക്കണേ...ഞാൻ പറഞ്ഞത് മുഴുവൻ കേട്ടതല്ലേ... എന്നിട്ട് തീരുമാനം ഒന്നും പറഞ്ഞില്ല." "സന്ധ്യേ... നീയിത് എന്ത് വിചാരിച്ചിട്ടാ... രണ്ടുമൂന്നാഴ്ച മുൻപേ ആ ബ്രോക്കെർ വന്നപ്പോ നീയല്ലേ അവൾക്കിപ്പോ കല്യാണം ഒന്നും ഇപ്പൊ വേണ്ടാന്നു പറഞ്ഞേ... എന്നട്ട് ഇത്ര പെട്ടന്ന് തീരുമാനം മാറ്റാൻ കാരണം എന്താ "

സന്ധ്യ രഘുവിനോട് കാര്യമായിട്ട് എന്തോ ചർച്ച ചെയ്യുകയാണെന്ന് മനസ്സിലാക്കിയ അച്ഛമ്മ അവരുടെ സംസാരം ശ്രദ്ധിച്ചു. "എനിക്ക് ധൃതി ഉണ്ടായിട്ടല്ല... എന്റെ ആങ്ങള കൊണ്ട് വന്ന ആലോചനയല്ലേ... നല്ല ഒരു ബന്ധം നമ്മൾ വിട്ടു കളയണ്ടല്ലോ എന്നോർത്താ... അവൾക് താല്പര്യം ഇല്ലായ്കയില്ല. ചെക്കൻ ടൗണിൽ സൂപ്പർമാർക്കെറ്റ് നടത്താ... സ്വന്തായിട്ട്... ചെക്കന്റെ ഏട്ടന്മാർക്കും ഓരോ ബിസ്സിനസ്സ... നല്ല തറവാട്ടുകാരാ... ചെക്കന് ജാതകവശാൽ ഇപ്പൊഴാ മംഗല്യയോഗം അതോണ്ടാ അവർ ഇത്ര പെട്ടന്ന്... കല്ല്യാണം ഉറപ്പിച്ചിട്ട് ചെക്കന് വിദേശത്ത് പോകണം. പോയി വന്നാൽ ഉടനെ കല്യാണം." "അതിന് അവൾക്കു പത്തൊൻപതു ആവുന്നല്ലേയുള്ളു... തന്നെയല്ല പഠിപ്പും കഴിഞ്ഞിട്ടില്ല...അവള്ടെ സമ്മതം ചോദിച്ചോ നീ?" "കല്യാണം കഴിഞ്ഞാലും പഠിക്കാലോ... ഒന്നൊന്നര വർഷത്തിനുള്ളിൽ വേണംന്നുള്ളു... പക്ഷേ എൻഗേജ്മെന്റ് നടത്തിയിടണം.ഗാഥമോൾക്ക് സമ്മതം തന്നെയാ... ചെക്കന്റെ ഫോട്ടോ അവൾ കണ്ടു." "ഊം..." "നല്ല പണക്കാരല്ലേ... നമ്മൾ മോൾക്ക്‌ പൊന്നും പണവും കണ്ടറിഞ്ഞു കൊടുക്കണം.

മോൾടെ ഭാഗ്യ ഈ ബന്ധം.അവര് വിളിക്കാന്നു പറഞ്ഞിണ്ട്...നിങ്ങടെ തീരുമാനം എന്താണ് എന്ന് ചോദിച്ച് വെയ്ക്കാൻ പറഞ്ഞു ആങ്ങള... നിങ്ങളെ വിളിക്കും എന്തായാലും." "ശരി... നിങ്ങൾക്കെല്ലാം താല്പര്യം ആണെങ്കിൽ എനിക്ക് ഇഷ്ടക്കുറവൊന്നുല്ല്യ... അമ്മയോട് ഒന്ന് ആലോചിക്കണ്ടേ...പിന്നേ... ആവണി നിൽക്കുമ്പോ... അതും നോക്കണ്ടേ..." "അമ്മയോട് ചോദിക്കാനൊന്നും നിൽക്കണ്ട. ആവണിയോടുള്ള മമത കാരണം അമ്മ എതിർക്കേള്ളൂ. പിന്നെ ആവണിടെ കാര്യം... അത് അമ്മ പറഞ്ഞില്ലേ പഠിപ്പ് കഴിഞ്ഞ് മതീന്ന്... അങ്ങനെ മതി." സന്ധ്യ സൂത്രത്തിൽ കാര്യം പറഞ്ഞു. "ഹും... ഇവള് ആവണിയോട് കാണിക്കുന്നത് രണ്ടാനമ്മപ്പോര് ആണെന്ന് കരുതാം... നീയിതിനെല്ലാം കൂട്ട് നിൽക്കണം അത് തന്നെയാ വേണ്ടത്... ഗാഥമോൾടെ കാര്യം എന്നോട് ആലോചിച്ചില്ലേലും വേണ്ടില്ല. പക്ഷെ നിങ്ങളെല്ലാരും കൂടി ഒരു മൂലയ്ക്കു ഒതുക്കിയ ന്റെ ആവണി മോൾടെ കണ്ണീർ കാണാൻ എനിക്ക് പറ്റില്ല. കല്ല്യാണം വേഗം കഴിയണേ എന്ന മോഹം ഒന്നുല്ല എന്റെ കുട്ടിയ്ക്ക് ... എന്നാലും ഈ വീട്ടിലെ ആദ്യത്തെ കല്യാണം അവള്ടെ ആയിരിക്കണം. അത് എന്റെ തീരുമാനം ആണ്. അതെ നടക്കൂ...ഡിഗ്രി കഴിയാൻ ഇനി അധികം ഒന്നും ഇല്ലല്ലോ... ഒരു നല്ല ചെക്കനെ കണ്ടു പിടിച്ചു പറഞ്ഞു വെയ്ക്കണം...

ഈ കിഴവീടെ വാക്ക് വിലയ്ക്കെടുക്കണ്ട എന്നെല്ലാം തോന്നുന്നുണ്ടെങ്കിൽ അത് വെറുതെയ..." വിറയ്ക്കുന്ന ശബ്ദത്തിൽ അത്രയും പറഞ്ഞു അച്ഛമ്മ അടുക്കളയിലേക്ക് തന്നെ തിരികെപ്പോയി. ഒന്നും പറയാൻ കഴിയാതെ അസ്വസ്ഥനായി രഘു മുറ്റത്തേക്കിറങ്ങി. സന്ധ്യ തന്റെ കണക്കുകൂട്ടലുകൾ തെറ്റിയതിന്റെ അരിശത്തിൽ നിന്നു. കുറച്ചു നേരം ചിന്തിച്ചു നിന്ന ശേഷം സന്ധ്യയ്ക്കു ഒരു ഉപായം തോന്നി. രഘുവിന്റെ ഫോൺ എടുത്ത് അതിൽ നിന്നും ബ്രോക്കർ രാജേഷിന്റെ നമ്പർ തിരഞ്ഞു പിടിച്ച് അയാളെ വിളിച്ചു സംസാരിക്കാൻ തുടങ്ങി. "ഹെല്ലോ രാജേഷ് അല്ലെ..." "അതെ... ഇത്‌ ആരാ... " "ഞാൻ സന്ധ്യ... രഘുനാഥപ്പണിക്കരുടെ..." "ഓ... മനസ്സിലായി. നമ്പർ സേവ് ആയിരുന്നു. സ്ത്രീ ശബ്ദം കേട്ടപ്പോ ശങ്കിച്ചു. എന്താ ഇപ്പോ വിളിക്കാൻ " "ആവണിയ്ക് ഒരു ചെക്കനെ നോക്കണം... അന്ന് പറഞ്ഞില്ലേ... അതുപോലെ വല്ല്യേ കുടുംബമഹിമേം സ്വത്തും സൗന്ദര്യോം ഒന്നും വേണ്ട... അത് ഉള്ളോർക് അത്ര തന്നെ പൊന്നും പണവും കൊടുക്കേണ്ടി വരും. ഇവിടുള്ളോർ കാണുമ്പോൾ കുറ്റം പറയരുത് അത്രേള്ളൂ.

ബാക്കി ഞാൻ നോക്കിക്കൊള്ളാം. ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ രാജേഷിന്? അതോ ഞാൻ വേറെ ആരെയെങ്കിലും ഏൽപ്പിക്കാണോ...കമ്മീഷൻ രഘുവേട്ടൻ തരുന്നത് പോരെങ്കിൽ ഞാൻ തരാം. പക്ഷേ ഞാൻ പറഞ്ഞതെല്ലാം മറ്റാരും അറിയരുത്". "ആഹ്... മനസ്സിലായി. ആരും അറിയില്ല. ഞാൻ നോക്കിക്കോളാം." "ശരി എന്നാൽ." ഫോൺ വെച്ചതും സന്ധ്യ ചുറ്റും നോക്കി. ആരും സംസാരിച്ചതൊന്നും കേട്ടില്ല എന്ന് ഉറപ്പാക്കി. ✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️ രാവിലെ ബസ് കയറാൻ നടക്കുമ്പോഴാണ് ആവണിയുടെയും സ്നേഹയുടെയും നേരെ ആ ബുള്ളെറ്റ് വരുന്നത്. അതിന്റെ വരവ് കണ്ടതും ആവണി പരിഭ്രമിച്ചു. പേടിയാണോ ലജ്ജയാണോ ദേഷ്യമാണോ എന്നൊന്നും അവൾക്കു തിരിച്ചറിയാൻ കഴിഞ്ഞില്ല. അവർക്കു മുൻപിലായി ദേവൻ വണ്ടി നിർത്തി. "ആവണി..." "എന്താ...?" "ഒരു കാര്യം പറയാൻ ഉണ്ട് " "എന്തു കാര്യം ആണെങ്കിലും എനിക്ക് കേൾക്കാൻ താല്പര്യമില്ല. ഒരു ദിവസത്തെ പരിചയത്തിന്റെ പേരിൽ എന്നോട് എന്ത് കാര്യാ പറയാൻ ഉണ്ടാവാ എന്ന് എനിക്ക് ഊഹിക്കാം."

"അപ്പോൾ കേൾക്കാൻ താൽപ്പര്യം ഇല്ലേടി നിനക്കു...ഊഹിച്ചു അല്ലെ?.." "എടോ... എന്ത് ബന്ധത്തിന്റെ പേരിലാ താൻ ഇവളെ എടി പോടീ എന്നൊക്കെ വിളിക്കുന്നത്..." സ്നേഹ ഇടപെട്ടു. "ബന്ധം...ഇപ്പൊ ഇല്ലാ...ബന്ധം ഉണ്ടാക്കാലോ..." "ഇയാൾടെ തലയ്ക്കു വട്ടാ... വാ ആവണി." സ്നേഹ ആവണിയുടെ കൈയ്യിൽ പിടിച്ച് വലിച്ചു. "അതെ... എനിക്ക് നിങ്ങളോട് ദേഷ്യം ഒന്നും ഇല്ല. പക്ഷേ ഇങ്ങനെ വഴിയിൽ നിന്നു സംസാരിക്കാനും മാത്രം പരിചയം നമ്മൾ തമ്മിൽ ഇല്ല. അതുകൊണ്ട് ഇനി ഇത്‌ ആവർത്തിക്കരുത്." ആവണി ഗൗരവത്തോടെ അത്രയും പറഞ്ഞ് സ്നേഹയോടൊപ്പം നടന്നു. അയാൾ വണ്ടിയെടുത്ത് അവരുടെ അരികിലൂടെ തന്നെ പോകുന്നതിനിടയിൽ ഒന്ന് കൂടി പറഞ്ഞു: "വീണ്ടും കാണാം കേട്ടോ... അന്ന് പക്ഷെ നീ ഇപ്പൊ ചൂടായ പോലെ ചൂടാവില്ല ഉറപ്പാ.ഈ കോപക്കാരി കൂട്ടുകാരിയും കൂടെ ഉണ്ടാവില്ല... ഊം...കാണാം.കാണണം..." "ആള് ഒരു പാവം ആണെന്നാണ് ആദ്യം വിചാരിച്ചത്. പക്ഷേ അയാളുടെ സ്വഭാവം മനസ്സിലാകുന്നെയില്ല. എന്തായാലും നീ അയാളോട് കടുപ്പിച്ചു പറഞ്ഞത് നന്നായി."

"ഉം...വൈരാഗ്യം ആയിക്കാണോ എന്നോട് " "അയാൾക് വൈരാഗ്യം ഉണ്ടായാൽ നിനക്കെന്താ...", "അതല്ലെടി...അവസാനം പറഞ്ഞിട്ട് പോയത് കേട്ടില്ലേ... അത് കേട്ടപ്പോ ഒരു പേടി...അവരെല്ലാം വല്ല്യേ ആൾക്കാരാ... എനിക്കാണേൽ ആരാ ഉള്ളേ... ഒരു പാവം അച്ഛമ്മ മാത്രം". "നീയിങ്ങനെ കുഞ്ഞു പിള്ളേരെപ്പോലെ ആവല്ലേ ആവണി... ആരേലും വന്നു കണ്ണുരുട്ടിയാൽ അപ്പൊ പേടിക്കാൻ നിൽക്കാ... അയാൾ വെറുതെ...എപ്പോഴും ധൈര്യത്തോടെ സംസാരിക്കുന്ന നീയാണോ ഇപ്പൊ...മിണ്ടാതെ വരുന്നുണ്ടോ നീ?" "ശരി. ഇതോടെ നിർത്തി. വാ വേഗം. ബസ് പോവും " എന്നത്തേയും പോലെ ആ തിരക്കുള്ള ബസ്സിൽ കയറി അവർ കൃത്യ സമയത്തു തന്നെ കോളേജിൽ എത്തി. രാവിലെ ഉണ്ടായതെല്ലാം ആവണി യുടെ മനസ്സിനെ അലോസരപ്പെടുത്തിയില്ല. ആദ്യത്തെ ക്ലാസ്സ്‌ കഴിഞ്ഞ് പിന്നീട് ഒഴിവു സമയമായിരുന്നു. ഡിപ്പാർട്ട്മെന്റിൽ എച് ഒ ഡി (ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് ) യെ കാണാൻ പോയ സ്നേഹ ക്ലാസ്സിലേക്ക് ഓടിക്കിതച്ചു വന്നു. "ആവണി..." "എന്താ... എന്തിനാ നിന്ന് കിതയ്ക്കുന്നെ...

ഇങ്ങനെ ഓടി വരാൻ എന്താ സംഭവം? ആ ... എന്തെങ്കിലും അസൈൻമെന്റ് കിട്ടീണ്ടാവുംലെ...അല്ലാണ്ട് നീയിങ്ങനെ ഓടിക്കിതച്ചു വരില്ലലോ..." "അല്ല... അതല്ല... ഒരു കാര്യം അറിഞ്ഞോ നീ?" "എന്താണെന്ന് പറയാണ്ട് അറിഞ്ഞോ ഇല്ലയൊന്ന് എങ്ങനെ പറയും? " സ്നേഹ അവളുടെ ഫോൺ തുറന്നു വാട്ട്‌സ്ആപ്പ് ഗ്രുപ്പിൽ വന്ന ഫോട്ടോ തിരഞ്ഞു. സ്നേഹയെ അടുത്തിടെയൊന്നും ഇത്രയും ഗൗരവത്തോടെ കണ്ടിട്ടില്ലെന്ന് ആവണി ഓർത്തു. ഇമ്പ്രൂവ്മെന്റ് എക്സാം ഡേറ്റ് വന്നിരിക്കുമോ എന്ന് അവൾ സംശയിച്ചു. സാധാരണ എക്സാന്റെ കാര്യത്തിലാണ് സ്‌നേഹ ആധി കാണിക്കാറുള്ളത്. "ന്താ നോക്കണേ... എക്സാം ഡേറ്റ് വന്നോ..." "അതൊന്നും അല്ല ആവണി..." സ്നേഹയുടെ ശബ്ദത്തിൽ ഗൗരവം. "പിന്നെന്താ ഫോണിൽ ഇത്രേം കാര്യായിട്ട് നോക്കണേ..." "ദാ... ഇത്‌ കണ്ടോ നീ...?" വിഷമത്തോടെ ഫോൺ ആവണിയ്ക്കു നേരെ പിടിച്ചുകൊണ്ട് സ്‌നേഹ പറഞ്ഞു. ആവണി അത് കണ്ടു ഞെട്ടി.അവളുടെ മുഖം വിളറി."""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story