ആരോടും പറയാതെ: ഭാഗം 7

Arodum parayathe copy

എഴുത്തുകാരി: രേഷ്ജ അഖിലേഷ്‌

അച്ഛമ്മയും രഘുവും അകത്തേക്ക് പോയ സമയത്ത് രാജേഷിനെ ചീത്തവിളിക്കാൻ തയ്യാർ ആയി നിൽക്കുക ആയിരുന്നു സന്ധ്യ പക്ഷേ, രാജേഷ് രഹസ്യമായി പറഞ്ഞ കാര്യങ്ങൾ കേട്ട് സന്ധ്യ ആഹ്ലാദിച്ചു. "ചേച്ചി... ആവണി നല്ല സുന്ദരിക്കുട്ടി തന്ന്യാ... ന്ന് വെച്ച് ഇത്രേം വല്ല്യേ കുടുംബത്തിൽ നിന്ന് ആലോചന വരോ... പൊന്നും പണോം ഇട്ടു മൂടാൻ കഴിവുള്ള അവർക്ക് ചേർന്ന കുടുംബക്കാരെ കണ്ടു പിടിക്കില്ലേ... ആവണിയെ ഇഷ്ട്ടപ്പെട്ടു എന്നുള്ളത് നേരാ... പക്ഷേ ചെക്കന് ഇത്തിരി പ്രശ്നം ഉണ്ടേ... അമ്മ ഇളയ പെൺകുട്ടി ജനിച്ചപ്പോഴേ മരിച്ചു. പിന്നെ അച്ഛൻ മാത്രായിരുന്നു. അച്ഛനും ഇപ്പൊ സുഖല്ല്യാണ്ട് കിടപ്പിലാ...അവർ കുടുംബത്തോടെ അങ്ങ് ബാംഗ്ലൂർ ആയിരുന്നല്ലോ... അതിന്റെ ചില കുരുത്തക്കേടുകൾ ഉണ്ടന്നെ... മദ്യപാനവും പുകവലിയും...അത് എന്നോട് അവർ തന്നെ പറഞ്ഞതാ...എല്ലാം അറിയിച്ചിട്ടു സമ്മതം ആണേൽ മതിയത്രേ വിവാഹം.അന്വേഷിച്ചപ്പോ അത് ശരിയാന്ന് എനിക്കും തോന്നി... അവിടെ ഈ അടുത്ത് പോലീസും മറ്റും വന്നു പോയർന്നത്രെ...

ആവണി പഠിക്കുന്ന അതെ കോളേജിലെ ഒരു പെൺകുട്ടിടെ ആത്മഹത്യ കേസിൽ ഈ പയ്യന് പങ്കുണ്ടോന്ന് വരെ സംശയം ഉണ്ടേ... ചുരുക്കി പറഞ്ഞാൽ നല്ലൊരു കുടുംബത്തിന്ന് പെൺകുട്ടിയെ കിട്ടാൻ പാടാ... ഒരു വലിയ ഭാഗ്യം ഉള്ളത് എന്താന്നു വെച്ചാൽ ആവണിയ്ക്ക് അണിഞ്ഞൊരുങ്ങാനുള്ള അത്രേം സ്വർണ്ണം പയ്യന്റെ വീട്ടുകാർ തന്നെ അവൾക് കൊടുക്കും. അവരടെ നിലയ്ക്കും വിലയ്ക്കും അനുസരിച്ചു വേണല്ലോ കല്ല്യാണപെണ്ണ് അണിഞ്ഞൊരുങ്ങാൻ...ഇനി പറ ചേച്ചീ... ഈ രാജേഷ് കൊണ്ട് വന്ന ആലോചന ഇവിടെത്തെ ആവണിയ്ക്ക് ചേരുന്നതല്ലേ..." "ശ്ശോ...ഇതിന്റെ പിന്നിൽ ഇത്രേം കുബുദ്ധി ഉണ്ടെന്ന് ഞാൻ അറിഞ്ഞോ... നന്നായി എന്തായാലും... എന്റെ മോൾടെ കല്യാണമാദ്യം നടക്കും എന്നു കരുതി ധൃതി കൂട്ടിയതാ ആ തള്ള... അവരടെ കൊച്ചുമോൾക്ക് കിട്ടാൻ പോകുന്നത് വലിയ ഭാഗ്യം ആണെന്ന് കരുതി സന്തോഷിക്കട്ടെ... എന്റെ മോളെക്കാൾ നന്നായി ആ പെണ്ണ് ജീവിക്കാൻ പാടില്ല.അതെനിക്കും മോൾക്കും ക്ഷീണമാ..." "അതെല്ലാം ശരിയാ... പക്ഷേ..." "എന്താ..."

"രഘുവേട്ടൻ പയ്യൻ വീട്ടുകാരെപ്പറ്റി അന്വേഷിച്ചാലോ..." "ഏയ് അതൊന്നും ഇണ്ടാവില്ല... അന്വേഷിക്കാനൊന്നും മെനക്കെടില്ല..." "അങ്ങനെ ആണേൽ കുഴപ്പമില്ല... പക്ഷെ വീണ്ടും ഒരു കാര്യം ഉണ്ട്‌... ആവണിയ്ക്ക് ആ പയ്യനെക്കുറിച്ച് ഏതാണ്ട് ഒരു അറിവുണ്ടെന്നാ തോന്നണേ... അവൾ സമ്മതിച്ചില്ലെങ്കിലോ..." "സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു... ഈ കല്ല്യാണം ഒന്ന് കഴിഞ്ഞോട്ടെ അവള്ടെ ശല്ല്യം ഒഴിവാവുലോ... പണക്കാരല്ലേ അതിന്റെ കുറച്ചു ലാഭം ഞങ്ങൾക്കും ഉണ്ടാവും... " "ആ... എന്നാ ഞാൻ ഇറങ്ങട്ടെ...കമ്മീഷൻ മറക്കണ്ട..." "ധൃതി കൂട്ടണ്ട... തരാം... പറഞ്ഞല്ലോ എല്ലാം ഭംഗിയായി നടക്കട്ടെ..." 💫💫 💫💫 💫💫 💫💫 "ഗാഥമോളെക്കാൾ വല്ല്യേ ഭാഗ്യാ ആവണിയ്ക്കു കിട്ടിയിരിക്കുന്നത്... ഇത്രേം വല്ല്യേ കുടുംബം... അമ്മായിഅമ്മ പോര് പോലും ഉണ്ടാവില്ല. രാത്നി ആയിട്ട് കഴിയാം... ന്നാലും അവൾ സമ്മതിക്കുമോന്ന് ഒരു സംശയം..." "അവൾ പറഞ്ഞതല്ലേ ആരായാലും സമ്മതം ആണെന്ന്..." "എന്നാലും അവളുടെ മനസ്സിൽ വേറെ ആരോ ആണല്ലോ... നിങ്ങളോട് പറഞ്ഞത് എങ്ങനെ എങ്ങനെ വിശ്വസിക്കും?

അവൾ എന്തെങ്കിലും പറഞ്ഞു പിന്മാറും എന്നാ എനിക്ക് തോന്നുന്നത്..." "അങ്ങനെ വല്ലതും ഉദ്ദേശിച്ചിട്ടാണ് അവൾ നടക്കുന്നതെങ്കിൽ അത് നടക്കാൻ പോണില്ല. ഇപ്പോൾ വന്ന ആലോചന തന്നെ നടത്തും ഞാൻ..." 💫💫💫 💫💫💫 💫💫💫 വൈകിട്ടു ക്ലാസ്സ്‌ കഴിഞ്ഞെത്തിയ ആവണി അകത്തേയ്ക്ക് കടന്നതും രഘുവിനെ കണ്ടു. "നിനക്കൊരു പയ്യന്റെ ആലോചന ശരിയായിട്ടുണ്ട്... മറ്റന്നാൾ വരും പെണ്ണ് കാണാൻ... സമ്മതക്കുറവൊന്നും ഇല്ലല്ലോ..." അന്യരോട് സംസാരിക്കുന്നതു പോലെയാണെങ്കിലും അല്പം മൃദുലമായിരുന്നു സംസാരം. "അച്ഛനോട് ഞാൻ മുൻപേ പറഞ്ഞതല്ലേ... നിങ്ങൾ തീരുമാനിക്കുന്നത് ആരെയാണെങ്കിലും സമ്മതം..." വഴക്കു പറയാൻ അല്ലാതെ അച്ഛൻ മയത്തിൽ സംസാരിക്കുന്നത് ആദ്യമായിട്ടാണെന്ന് അവൾക് തോന്നി. "അമ്മയ്ക്കറിയാം ചെക്കന്റെ ഡീറ്റെയിൽസ്... അമ്മ പറയും ബാക്കി..." "ഊം..." ഗാഥയുടെ ഭാവി മാത്രം മുന്നിൽ കണ്ടാണെങ്കിലും അച്ഛൻ തന്റെ കാര്യത്തിൽ ആദ്യമായി ഇടപെട്ടത് അവൾക്ക് ഒരു ആശ്വാസമായി തോന്നി.

അവൾക്ക് സന്തോഷം ആയിരുന്നു അന്ന് മുഴുവൻ. രാത്രിയിൽ അച്ഛമ്മ പയ്യനെക്കുറിച്ച് പറയും വരെ. പക്ഷേ മറ്റന്നാൾ അവർ പെണ്ണുകാണാൻ വീട്ടിലേക്കു വരുന്നത് തടയാൻ കഴിയില്ല. അച്ഛൻ അവരെ വിവരം അറിയിച്ചു കഴിഞ്ഞു. അച്ഛമ്മയോട് പോലും അയാളെക്കുറിച്ച് തനിക്കറിയുന്ന കാര്യങ്ങൾ അവൾ തുറന്നു പറഞ്ഞില്ല. പെണ്ണ് കാണാൻ വരുന്നത് കൊണ്ട് മാത്രം വിവാഹം നടക്കില്ലല്ലോ എന്നാണ് അവൾ ചിന്തിച്ചത്. മാത്രമല്ല അല്പം നേരം മുൻപ് അച്ഛനിൽ കണ്ട മാറ്റം പഴയത് പോലെ ആക്കുവാൻ അവൾക്കു തോന്നിയില്ല. 💫💫 💫💫 💫💫 പെണ്ണുകാണൽ ദിവസം വന്നെത്തി. "മോളെ ഇന്ന് സാരി ഉടുത്താൽ മതിട്ടോ...ചെക്കൻ കണ്ടിട്ടുള്ളതാണേലും ചെക്കന്റെ വീട്ടുകാർ കണ്ടാൽ കുറ്റം പറയരുത്... അതുപോലെ ഒരുങ്ങണം..." "വേണ്ട അച്ഛമ്മേ... ചുരിദാർ തന്നെ മതി...ഇങ്ങനെ കണ്ടിഷ്ട്ടപ്പെട്ടാൽ മതി..." "എന്താ കുട്ടീ നിനക്ക് ഇഷ്ട്ടകുറവുണ്ടോ... " "ഇഷ്ടക്കുറവ് ഒന്നുല്ല അച്ഛമ്മേ... പക്ഷേ അയാൾ അത്ര ശരിയല്ലെന്ന എനിക്ക് തോന്നണേ..." "അച്ഛമ്മയ്ക്ക് മോള് പറയണത് ഒന്നും മനസ്സിലാവണില്ല... "

"എനിക്കും ഒന്നും മനസ്സിലാവുന്നില്ല... എന്താ... ആരാ ശരി എന്ന് ഒന്നും... എന്തായലും പെണ്ണുകാണൽ നടക്കട്ടെ..." ആവണി ഉള്ളതിൽ നല്ലൊരു ചുരിദാർ തന്നെയാണ് ധരിച്ചത്. താൻ ഇഷ്ടപ്പെടാത്ത ഒരാളുടെ മുൻപിൽ ഒരുങ്ങി നിൽക്കാൻ മടിയായിരുന്നു എങ്കിലും നല്ല വേഷം ധരിച്ചില്ലെങ്കിൽ അച്ഛനും അച്ഛമ്മയ്ക്കും തന്നെയാണ് അതിന്റെ കുറച്ചിൽ എന്നറിയാവുന്നത് കൊണ്ട് മാത്രം. 💫💫💫 💫💫💫💫 💫💫💫💫 "അമ്മേ... അച്ഛനും അമ്മയ്ക്കും എന്നെക്കാൾ വലുത് ആ ആവണിയാണോ..." അടുക്കളയിൽ ചുറ്റിപ്പറ്റി നിന്ന് ആവണിയും അച്ഛമ്മയും ഇല്ലാത്ത നേരം നോക്കി ഗാഥ സന്ധ്യയോട് പരിഭവം പറഞ്ഞു. "അതെന്താ നിനക്ക് അങ്ങനെ ഒരു സംശയം?" "സംശയം അല്ല... ഉറപ്പാ... എനിക്ക് കണ്ടുപിടിച്ചതിനേക്കാൾ നല്ല ചെക്കനെ അല്ലേ നിങ്ങൾ ആ ആവണിയ്ക്ക് വേണ്ടി കണ്ടെത്തിയത്..." "ഹഹഹ... അമ്പടി കുശുമ്പി... നിന്നെക്കാൾ നല്ല ചെക്കനെ അവൾക്ക് കിട്ടുമെന്നോ... നടക്കാത്ത കാര്യം... ഇനി നിന്റെ അച്ഛൻ അതിന് കൂട്ടുനിന്നാലും ഈ അമ്മ അതിന് നിൽക്കോ... എടി... അവൾക് ഇതിനേക്കാൾ വലിയ നരകം ആയിരിക്കും അവിടെ...

ആ ചെക്കന്റെ ഫാമിലി ബാക്ക്ഗ്രൗണ്ട് എല്ലാം നല്ലതാണേലും ആ ചെക്കന് എന്തൊക്കെയോ കുഴപ്പങ്ങൾ ഉണ്ടന്നെ...കള്ളുകുടിയനും തെമ്മാടിയും ഒക്കെയാ ചെക്കൻ..." "ഏഹ്... അതെല്ലാം അറിഞ്ഞിട്ടും അച്ഛൻ സമ്മതിച്ചോ ഈ പ്രൊപോസലിനു... " "അച്ഛന് ഒന്നും അറിയില്ല...അല്ല നീ വേറെന്തോ ഇടയിൽ പറഞ്ഞേർന്നല്ലോ... ഞങ്ങൾ നിനക്കു വേണ്ടി കണ്ടു പിടിച്ചെന്നോ..." "അത് പിന്നെ... ഒരു ഫ്ലോയിലങ് പറഞ്ഞതല്ലേ എന്റെ പുന്നാര അമ്മേ..." "ഊം... അച്ഛൻ കേൾക്കണ്ട... അച്ഛൻ വിചാരിച്ചു വെച്ചിരിക്കുന്നത് അച്ഛന്റെ ഗാഥമോൾ ആണ് ഈ നാട്ടിലെ തന്നെ ഏറ്റവും നല്ല കുട്ടിയെന്നു... നിന്റെ നിർബന്ധം കൊണ്ടാണ് ആ പയ്യനും വീട്ടുകാരും ഇത്രയും പെട്ടന്ന് വിവാഹത്തിനു തിരക്കു കാണിക്കുന്നതെന്ന് അച്ഛന് അറിയില്ലലോ..." "അമ്മേ... അത്... ആണുങ്ങളുടെ മനസ്സല്ലേ...ഇന്ത്യ വിട്ട് കഴിഞ്ഞ പിന്നെ മനസ്സു മാറില്ലെന്ന് ആര് കണ്ടു... അതോണ്ടാ ഞാൻ തിരക്കു പിടിച്ചത്..." "ഊം മതി... ഇനി ആരും കേട്ട് വന്നിട്ട് പ്രശ്നം ആവണ്ട..." "എന്നാലും എനിക്ക് എന്തോ... എന്തൊക്കെ പറഞ്ഞാലും അവൾ കെട്ടാൻ പോണ ചെക്കൻ ചുള്ളനാ... നല്ല മസിലും കട്ട താടിയും നുണക്കുഴിയും..." "മിണ്ടാതെ പോണുണ്ടോ നീ... അവള്ടെ ഒരു കട്ട താടിയും മസിലും...

കട്ട താടിയും മസിലും ബുള്ളറ്റും ആണല്ലോ ഇപ്പോഴത്തെ പെൺപിള്ളേരുടെ നായക സങ്കല്പം... അത് മാത്രം പോരാ നല്ല സ്വഭാവോം വേണം..." "ഓ... ഈ അമ്മേടെ ഒരു കാര്യം... അതല്ല...കാരെക്റ്റർ എങ്ങനെയാന്നെന്ന് അവൾക്കു അറിയില്ലല്ലോ ചെക്കനെ കാണാനും കൊള്ളാം പണക്കാരൻ ആണ്... ഉണ്ട്‌ പിന്നെന്താ തമ്പുരാട്ടിടെ മുഖത്ത് ഒരു തെളിച്ചം ഇല്ലായ്മ..." "ആ..അതല്ലേ പ്രശ്നം... അവൾക്ക് അവനെക്കുറിച്ച് ഏതാണ്ടെല്ലാം അറിയാം തോന്നുണു..." "അവൾ അച്ഛനോട് പറഞ്ഞാലോ..." "എടി... ഓടുന്ന പട്ടിയ്ക് ഒരു മുഴം മുൻപേ എന്നു കേട്ടിട്ടില്ലേ നീ... അവൾടെ മനസ്സിൽ വേറെ ആരോ ആണെന്നും... അതുകൊണ്ട് ഇപ്പോൾ വന്ന ആലോചന മനപ്പൂർവ്വം ഒഴിവാക്കാൻ ശ്രമിക്കുമെന്നും ഞാൻ അച്ഛനെ പറഞ്ഞു വിശ്വസിപ്പിച്ചിട്ടുണ്ട്..." "വൗ... എന്റെ അമ്മ ഇത്രേം ബ്രില്യന്റ് ആണെന്ന് ഞാൻ വിചാരിച്ചില്ല..." ആവണിയെ ഒരു അപകടത്തിലേക്കു തള്ളി വിടുന്നതിന്റെ സന്തോഷമായിരുന്നു ഇരുവർക്കും. "സന്ധ്യേ... ദാ അവരുടെ കാർ ആണെന്ന് തോന്നുന്നു ശബ്ദം കേൾക്കാനുണ്ട്... കുടിക്കാൻ ഉള്ളതെല്ലാം എടുത്ത് വെച്ചോ... ഞാൻ അമ്മേടെ അടുത്ത് പോയിട്ട് അവളെ റെഡി ആക്കി നിർത്താൻ പറയട്ടെ..." അടുക്കള വാതിലിന് അരികിൽ വന്നു പറഞ്ഞ ശേഷം രഘു അമ്മയുടെ അടുത്തേയ്ക്ക് പോയി. «»«»«»«»»»»»»»»»«»«»«»«»«»«»«»

അകത്തെ മുറിയുടെ ജനലിനരികിൽ ആവണി പുറത്തേയ്ക്ക് നോക്കി നിൽപ്പുണ്ടായിരുന്നു. മുറ്റത്തു കാർ വന്നു നിൽക്കുന്നതിന്റെയും ഡോറുകൾ തുറന്ന് അടയ്ക്കുന്നതിന്റെയും ശബ്ദം അവൾ കേട്ടു. രഘു എല്ലാവരെയും സ്വീകരിച്ചു അകത്തേക്ക് കൊണ്ട് വന്നു. ആവണി മാത്രം മുറിക്കുള്ളിൽ. മറ്റുള്ളവർ സ്വീകരണമുറിയിൽ തന്നെ ആയിരുന്നു. ബ്രോക്കർ ഓരോരുത്തരെയും പരസ്പരം പരിചയപ്പെടുത്തുന്നത് അവൾ അവ്യക്തമായി കേട്ടു. "ഇത്‌ ആണ് പയ്യൻ ദേവദത്ത്... നിങ്ങൾ മുൻപേ കണ്ടതാണല്ലോ... ഇത്‌ പയ്യന്റെ അമ്മായി ആണ്... വേറെ ആരും അച്ഛനും അനിയനും അനിയത്തിയും വന്നിട്ടില്ല...പയ്യന്റെ അമ്മായി ഒരു ഡാൻസ് സ്കൂൾ നടത്താ... " "അമ്മേ... അവളെ വിളിച്ചോളൂ..." രാജേഷ് ആംഗ്യം കാണിച്ചതും രഘു അമ്മയെ ആവണിയെ വിളിയ്ക്കാൻ ഏൽപ്പിച്ചു. അച്ഛമ്മ അകത്തേയ്ക്ക് പോയതും ദേവദത്ത്ന്റെ അമ്മായി വീടിനുള്ളിൽ കണ്ണോടിച്ചു കൊണ്ട് പറഞ്ഞു :" ഇവനോട് ഞാൻ പറഞ്ഞതാ ഇത്രേം സാധാരണക്കാരായ ഒരു കുടുംബത്തിൽ നിന്ന് പെണ്ണ് നോക്കണ്ടാന്ന്... ഇവന്റെ നിർബന്ധം കൊണ്ടാ... "

പയ്യന്റെ അമ്മായി പറയുന്നത് കേട്ടപ്പോൾ രഘുവിനു ചെറുതായി മുഷിച്ചിൽ വന്നെങ്കിലും സാരമില്ലെന്ന മട്ടിൽ സന്ധ്യ കണ്ണിറുക്കി കാണിച്ചു. ഗാഥയുടെ നോട്ടം ദേവദത്തിലായിരുന്നു. ഇപ്പോഴും ചെറിയൊരു അസൂയ അവളെ അലട്ടിക്കൊണ്ടിരുന്നു. ദേവദത്ത് ആവണി വരുന്നതും നോക്കി ഇരുന്നു. അച്ഛമ്മ പറഞ്ഞതനുസരിച് ആവണി ട്രേയിൽ ചായയും കൊണ്ടാണ് വന്നത്. ദേവദത്ത്ന് ചായ കൊടുക്കുമ്പോൾ അവൾ അയാളെ ഒരു താല്പര്യവും ഇല്ലാതെയാണ് നോക്കിയത്... അവന്റെ മുഖത്തെ ചിരി കണ്ടപ്പോൾ അവൾക്ക് അന്ന് വഴയിൽ വെച്ച് അവൻ പറഞ്ഞവാക്കുകൾ ഓർമ്മയിൽ വന്നു. എല്ലാവർക്കും ചായ നൽകിയ ശേഷം അവൾ അച്ഛമ്മയുടെ അടുത്തേയ്ക് മാറി നിന്നു. "എന്താ കുട്ടീ അവിടെ പോയി മറഞ്ഞു നിൽക്കാൻ... ഇങ്ങോട്ട് കയറി നിൽക്ക്... ഞാൻ ആദ്യായിട്ടല്ലേ കാണണേ നിന്നെ..." മമതയില്ലാത്ത സംസാരം കേട്ടപ്പോൾ സന്ധ്യക്കും മക്കൾക്കും സന്തോഷം ആയെന്ന പോലെ ആയിരുന്നു. "അമ്മായി അമ്മപ്പോര് ഇല്ലെങ്കിൽ എന്താ... ഇതുപോലെ ഒരു മുതൽ ഉണ്ടല്ലോ... അവൾക്ക് അവിടെ പരമസുഖായിരിക്കും..."

സന്ധ്യ ഗാഥയുടെ ചെവിയിൽ സ്വകാര്യമായിപ്പറഞ്ഞു. "ന്നാ പിന്നെ അടുത്ത ചടങ്ങ് നടത്താം അല്ലെ..." രാജേഷ് പറഞ്ഞത് മനസിലാകാതെ എല്ലാവരും അതേത് ചടങ്ങ് എന്നാലോചിച്ചു. "അല്ല... പെണ്ണും ചെക്കനും സംസാരിക്കുന്ന ചടങ്ങ്..." "ആഹ്... അത് ആവാം വിരോധം ഇല്ല." "ആ മുറ്റത്തോട്ടു മാറി നിന്നോളൂ... നിങ്ങളല്ലേ നാളെ ഒരുമിച്ചു ജീവിക്കേണ്ടത്... നിങ്ങൾ സംസാരിച്ചു ഒരു ധാരണയിൽ എത്തു... മുതിർന്നവർ ബാക്കി കാര്യങ്ങൾ തീരുമാനിക്കട്ടെ..." ദേവദത്ത് മുറ്റത്ത് ഇറങ്ങി പൂന്തോട്ടത്തിടുത്തേയ്ക്ക് നടന്നു. ആവണിയ്ക്ക് മറ്റൊരു നിർവ്വാഹവും ഇല്ലാത്തതിനാൽ മടിച്ചു മടിച്ച് അവളും പുറകെ പോയി.ദേവദത്ത്ന്റെ അടുത്ത് പോയി നിന്നു. "താൻ എന്താടോ ഒരു പരിചയവും ഇല്ലാത്ത പോലെ നിൽക്കണേ... മുഖം വീർപ്പിച്..." അതിനു ആവണി മറുപടി പറഞ്ഞില്ല. "അന്ന് ഞാൻ പറഞ്ഞത് ഓർമ്മയുണ്ടോ... നിന്റെ ആ കാന്താരി കൂട്ടുകാരി ഇല്ലാതെ നമ്മൾ കാണുമെന്നു..." "ഓർമ്മയുണ്ട്... മറന്നിട്ടില്ല... പക്ഷേ തന്റെ സ്വഭാവം അറിഞ്ഞു വെച്ച് തന്നെ കെട്ടാൻ ഞാൻ തയ്യാറല്ല."

"എന്റെ എന്തു സ്വഭാവം ആണ് താൻ അറിഞ്ഞത്... അത് പറഞ്ഞാൽ കൊള്ളാം..." "അന്ന് ഫോൺ വിളിച്ചപ്പോൾ പറഞ്ഞ അതെ പേര് തന്നെയാണ് എനിക്ക് പറയാൻ ഉള്ളത്... അർപ്പിത..." "ഓക്കേ... അർപ്പിതയുടെ കാര്യം അവിടെ നിൽക്കട്ടെ... ബാക്കി...?" "ബാക്കിയോ... ഇത്‌ തന്നെ മതിയല്ലോ തന്റെ പേഴ്സണാലിറ്റി മനസ്സിലാക്കാൻ..." "ഓഹ്... ഏതോ ഒരു പെൺകുട്ടിയുടെ പേര് പറഞ്ഞു താൻ ഇങ്ങനെ കാട് കയറി പോകുന്നത് കാണുമ്പോൾ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ..." "അപ്പോൾ തനിക്കു അർപ്പിത ചേച്ചിയുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല എന്നാണോ പറഞ്ഞു വരുന്നത്?" "അതെ..." "നാണം ഇല്ലല്ലോ ഇങ്ങനെ നുണ പറയാൻ..." "ഞാൻ ഇനി എന്തു പറഞ്ഞാലും താൻ നുണയായിട്ടേ കരുതൂ... ഞാനായിട്ട് അത് തിരുത്തുന്നില്ല..." "കഴിഞ്ഞില്ലേ... ഞാൻ പോവാ..." അവൾ തിരിഞ്ഞു നടന്നു. "ഏയ്യ്... ഒന്ന് നിന്നേ... തന്നോട് എനിക്ക് കുറച്ചു കാര്യങ്ങൾ കൂടി പറയാൻ ഉണ്ട്...എന്നെക്കുറിച്ച് താൻ എല്ലാ കാര്യങ്ങളും അറിഞ്ഞിരിയ്ക്കണം...ഭാവിയിൽ അതിന്റെ പേരിൽ ഒരു പരിഭവം ഉണ്ടാവാൻ ഇടയാകരുത്.ഞാൻ പറയാം...""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story