ആരോടും പറയാതെ: ഭാഗം 8

Arodum parayathe copy

എഴുത്തുകാരി: രേഷ്ജ അഖിലേഷ്‌

"ഏയ്യ്... ഒന്ന് നിന്നേ... തന്നോട് എനിക്ക് കുറച്ചു കാര്യങ്ങൾ കൂടി പറയാൻ ഉണ്ട്...എന്നെക്കുറിച്ച് താൻ എല്ലാ കാര്യങ്ങളും അറിഞ്ഞിരിയ്ക്കണം...ഭാവിയിൽ അതിന്റെ പേരിൽ ഒരു പരിഭവം ഉണ്ടാവാൻ ഇടയാകരുത്.ഞാൻ പറയാം." "അറിയണം എന്നില്ല... " "അങ്ങനെ പറയാതെടോ ഞാൻ തനിയ്ക്കു ഒരുപാട് സമ്മാനങ്ങൾ കരുതി വെച്ചിട്ടുണ്ട് നമ്മുടെ വീട്ടിൽ " "എനിക്ക് മാത്രം ആയിട്ട് കരുതി വെച്ചതാണെങ്കിൽ അത് ആർക്കും ഉപകരിയ്ക്കാതെ പോകുകയേ ഉള്ളു.കാരണം താൻ കെട്ടാൻ പോകുന്നത് ഒരിക്കലും എന്നെയല്ല. അതുകൊണ്ട് അത് എന്താണെന്ന് അറിയാൻ എനിക്ക് താല്പര്യം ഇല്ല." "അങ്ങനെ അങ്ങ് ഉറപ്പിച്ചു പറയാമോ... നിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഓരോന്നായി ഞാൻ നിന്നെ താലി കെട്ടും മുൻപേ നീ അറിയും ... സന്തോഷത്തോടെ ആയിരിക്കും നിന്റെ കഴുത്തിൽ മാലയിടാൻ പോകുന്നത്.തന്നെ ഞാൻ കെട്ടും. നമ്മുടെ കുട്ടികൾ ഇന്ദീവരം വീട്ടുമുറ്റത്തു ഓടി കളിക്കേം ചെയ്യും...ബെറ്റുണ്ടോ..." "ശ്ശേ... തനിക്കു മുഴുവട്ടാ..." ദേവദത്ത് ന്റെ തമാശ ഇഷ്ട്ടപ്പെടാതെ ദേഷ്യപ്പെട്ടു ആവണി അകത്തേയ്ക്ക് കയറി.

പുറകെ അവനും. അവൾ അവളുടെ മുറിയിലേക്ക് പോയി. കുറച്ചു നേരം മുതിർന്നവർ പരസ്പരം എന്തെല്ലാമോ തീരുമാനിച്ചു ഉറപ്പിച്ചു. അവർ പോയ ശേഷം എല്ലാവരുടെയും മുഖഭാവം കണ്ടപ്പോൾ ഈ വിവാഹം ഏതാണ്ട് ഉറപ്പിച്ചു എന്ന് അവൾക്കു മനസ്സിലായി. പക്ഷേ ഇനിയും തന്റെ മനസ്സിലെ കാര്യങ്ങൾ അച്ഛനോട് പറഞ്ഞില്ലെങ്കിൽ തെമ്മാടിയായ ഒരാളുടെ ഭാര്യാപദവി അലങ്കരിക്കേണ്ടി വരുമെന്ന് അവൾക്ക് ബോധ്യമായി. നടന്നതെല്ലാം സ്നേഹയോട് വിളിച്ചു പറഞ്ഞപ്പോൾ അവൾക്ക് സ്നേഹയുടെ വക കുറേ വഴക്കു കേട്ടു.ആവണിയ്ക്കു അച്ഛന്റെ മുൻപിൽ മാത്രം തന്റേടം ഇല്ലാത്തത് കൊണ്ടാണ് കാര്യങ്ങൾ വഷളാവൻ കാരണം എന്ന് അവൾ കുറ്റപ്പെടുത്തി. അതെല്ലാം ആലോചിച്ചു ടെറസ്സിലേക്ക് അലക്കി ഉണക്കാനിട്ട തുണികൾ എടുക്കാൻ പോയി അവൾ. വീടിനു പുറത്തു കൂടെയാണ് ഗോവണി.തുണികൾ എടുത്തു കൊണ്ടിരിക്കുമ്പോൾ താഴെ നിന്നു ആരോ ചിരിക്കുന്നത് കേട്ടത്. അവൾ അര മതിലിനു ഓരത്തു വന്നു താഴേയ്ക്ക് നോക്കിയപ്പോൾ അത് ഗാഥ ആയിരുന്നു.

വീടിനു പുറകു വശത്തു ഈ ഉച്ച തിരിഞ്ഞ സമയത്ത് എന്താണ് കാര്യമെന്ന് അവൾക് മനസ്സിലായില്ല. ആവണി തുണികൾ എടുത്തു താഴെ ഇറങ്ങവേ ആണ് ഗാഥ ഫോണിൽ സംസാരിച്ചു ചിരിക്കുകയാണെന്ന് മനസ്സിലായത്. കൈവരിയിൽ പിടിച്ചുകൊണ്ട് പടികൾ ഓരോന്നായി ഇറങ്ങവേ ഗാഥയുടെ സംസാരം വ്യക്തമായി തുടങ്ങി. ഗാഥയുടെ സംസാരരീതി അത്ര പന്തിയല്ലെന്ന് അവൾക്കു തോന്നി. ആരെയോ ഒളിച്ചു വിളിക്കുകയാണെന്ന് അവളുടെ ഇടയ്ക്കിടെയുള്ള എത്തി നോട്ടം കണ്ടപ്പോൾ മനസ്സിലായി. അതൊന്നുമല്ല ആവണിയെ ആ സംഭാഷണം കേൾക്കാൻ പ്രേരിപ്പിച്ചത്... ആവണിയെ പറ്റിയും ഗാഥ പറയുന്നുണ്ടായിരുന്നു. "പാവം... വല്ല്യേ രാജകുമാരൻ ആണ് കൊച്ചുമോളെ വിവാഹം ചെയ്യാൻ പോണെന്നു വിചാരിച്ചു ഇരിയ്ക്കാ ഇവിടെ എന്റെ അച്ഛമ്മ... അയാൾക്ക് ഇല്ലാത്ത ദുശ്ശിലങ്ങൾ ഇല്ലത്രെ... ന്തയാലും വേണ്ടില്ല... നമ്മുടെ കാര്യം ഒന്ന് വേഗം തീരുമാനം ആയാൽ മതിയായിരുന്നു." പിന്നേയും ഗാഥ വളരെ സന്തോഷത്തോടെ എന്താല്ലാമോ ഫോണിൽ പറയുന്നുണ്ടായിരുന്നു.

അതോടെ ആവണിയ്ക്ക് കാര്യങ്ങളുടെ ഏകദേശ രൂപം പിടികിട്ടി. എല്ലാവരും കൂടി തന്നെ ചതിക്കാനുള്ള ഒരുക്കമാണെന്ന്. അച്ഛനും കൂടി പങ്കുണ്ടോയെന്ന് അറിയുകയേ വേണ്ടു. അവൾ വേഗത്തിൽ പടികളിറങ്ങി വീടിനുള്ളിലേക്ക് പോയി. രഘു അകത്തു ടീവി കണ്ടു കൊണ്ടിരിക്കുന്നയുണ്ടായിരുന്നു. സന്ധ്യ അടുത്തില്ലാത്ത സമയം. ഇതു തന്നെയാണ് പറ്റിയ അവസരം എന്ന് അവൾക്കു മനസ്സിലായി. മുൻപിൽ പരിഭ്രമിച്ചു നിൽക്കുന്ന ആവണിയെ കണ്ടിട്ടും മുഖത്തേയ്ക്ക് നോക്കാതെ ടീവിയിൽ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു അയാൾ. "എനിക്കൊരു കാര്യം പറയാൻ ഉണ്ട്‌..." "ഊം?.." "ഇന്ന് വന്ന ആള്... ശരിയല്ല...അതുകൊണ്ടു എനിക്കു..." ആവണി മടിച്ച് മടിച്ച് പറഞ്ഞു മുഴുവിപ്പിക്കും മുൻപേ രഘു ചാടിയെഴുന്നേറ്റു ക്ഷോഭിച്ചു. "നിർത്തേടി... എനിക്കറിയാം നിനക്കു ഇതല്ല ഞാൻ കൊണ്ടുവരുന്ന ആരെയും പിടിക്കില്ലെന്ന്... അതാ ഞാൻ ആദ്യമേ നിന്നോട് ചോദിച്ചത്... എന്നിട്ടിപ്പോ പൊട്ടൻ കളിപ്പിക്കുവാണോ..." "അച്ഛാ..." "ഏയ്യ്... മിണ്ടരുത് നീ...നിന്നെ ഞാൻ ഇതുവരെ എന്റെ മോളായിട്ട് കരുതിയിട്ടില്ലായിരുന്നു...

പക്ഷേ ഇന്ന് നീ അനുസരണയോടെ പെണ്ണുകാണൽ ചടങ്ങിന് നിന്നപ്പോൾ... ശ്ശേ... നിന്നേ സ്നേഹിക്കാൻ കൊള്ളില്ലെന്ന് പലരും പറഞ്ഞതാ... നിന്റെ മനസ്സിലിരുപ്പ് എനിക്കറിയാം... അത് നടക്കില്ല... ഞാൻ തീരുമാനിച്ചു കഴിഞ്ഞു... അതിന് സമ്മതം അല്ലെങ്കിൽ പിന്നീട് നിന്റെ ഒരു കാര്യത്തിലും ഞാൻ ഇട പെടാൻ പോണില്ല. മേലാൽ എന്റെ കണ്മുന്നിൽ കാണാനും പാടില്ല. എന്തു വേണമെന്ന് നീ തീരുമാനിച്ചോ..." അയാൾ വലിയ ശബ്ദത്തിൽ ആവണിയുടെ നേർക്ക് ക്ഷോഭിക്കുന്നത് കേട്ട് സന്ധ്യ അവിടെക്കു വന്നു. "എന്താ രഘുവേട്ടാ... എന്തിനാ ഇങ്ങനെ ഒച്ചയിടാൻ..." "എന്താണെന്നോ... അവൾക്ക് ഈ കല്ല്യാണം വേണ്ടാന്നു... തോന്നുമ്പോൾ തോന്നുമ്പോൾ നിറം മാറുന്ന ഇവളെ ഞാൻ പിന്നെ എന്തു ചെയ്യണം?" "ഓഹോ അതാണോ കാര്യം... എനിക്കിത് മുൻപേ അറിയായിരുന്നു... അങ്ങാടിപ്പശു ആലയിൽ നിൽക്കില്ലെന്ന് ഒരു ചൊല്ലില്ലേ... അതു പോലെയാ ഇവളും ഇവള്ടെ അമ്മയും... ഇവളെ..." "മതി... നിങ്ങൾ എന്നെ താഴ്ത്തിക്കെട്ടിയത് മതി. നിങ്ങളോട് എനിക്ക് സംസാരിക്കാൻ ഒന്നുമില്ല. ഞാൻ അച്ഛനോട് ആണ് പറയുന്നത്.

ഇപ്പോഴും ഞാൻ എന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കാ... അച്ഛൻ കണ്ടെത്തുന്ന ആളെ തന്നെ ആവണി വിവാഹം ചെയ്യും... പക്ഷേ... അത് തെമ്മാടിയും കൊള്ളരുതാത്തവനും അല്ലെന്ന് അച്ഛന് ഉറപ്പുണ്ടാകണം... എനിക്ക് ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല. ഈ ആലോചനയുമായി മുൻപോട്ടു പോകണം എന്നു തന്നെ ആണെങ്കിൽ അതിനും പൂർണ സമ്മതം." സങ്കടത്തോടെ അത്രയും പറഞ്ഞ് ആവണി മുറിയിലേക്ക് പോയി. "കണ്ടില്ലേ പെണ്ണിന്റെ അടുത്ത അടവ്..." "അവൾ എന്താ അങ്ങനെ പറഞ്ഞത്... ഇനി ചെറുക്കനെ കുറിച്ചു അന്വേഷിക്കേണ്ടി വരോ..." "നിങ്ങൾക്ക് ഭ്രാന്തുണ്ടോ... നിൽക്കകള്ളി ഇല്ലാതായപ്പോൾ അവൾ വായിൽ തോന്നിയതെല്ലാം പറഞ്ഞിട്ട് പോയതാ... ഇനി അന്വേഷിക്കണം എന്നുണ്ടേൽ ഞാൻ ആങ്ങളയോട് പറയാം... അവൻ നോക്കിക്കോളും. ന്താ..." "ഊം... നീ അവനെ ഏൽപ്പിക്ക്... കുഴപ്പം ഒന്നും ഇല്ലെങ്കിൽ നമുക്ക് ഇത്‌ തന്നെ നടത്താം." 💫💫 💫💫 💫💫 💫💫

സന്ധ്യ തന്റെ അനിയനെക്കൊണ്ട് പയ്യനെയും വീട്ടുകാരെയും കുറിച്ചു അന്വേഷിച്ചെന്ന ഉറപ്പിൽ രഘു വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. താൻ പറയുന്നത് ഒന്നും തന്നെ അച്ഛൻ വിശ്വാസത്തിൽ എടുക്കില്ലെന്ന് ആവണിയ്ക്ക് അറിയാവുന്നതുകൊണ്ട് അവൾ വിവാഹ നിശ്ചയത്തിനു മനസ്സ് കൊണ്ട് തയ്യാറെടുത്തു.ആരോടും ഒരു തെറ്റും ചെയ്യാത്ത തനിയ്ക്കു അവസാന നിമിഷമെങ്കിലും ദൈവം തുണയ്ക്കുമെന്ന് അവൾ ഉറച്ചു വിശ്വസിച്ചു. "ആവണി...നീ അയാളെ കെട്ടാൻ പോവണോ..." "അല്ല..." "അല്ലേ...പിന്നെ...രണ്ടു ദിവസം കഴിഞ്ഞാൽ എൻഗേജ്മെന്റ് അല്ലെ ..." "അതെ..." "ദേ എനിക്ക് ദേഷ്യം വരുന്നുണ്ട്...എന്ത് ലാഘവത്തോടെയാ നീ സംസാരിക്കുന്നത്..." "പിന്നല്ലാതെ ഞാൻ എന്തു ചെയ്യാനാ..." "നീ ഒന്നും ചെയ്യണ്ട...മറ്റന്നാൾ നടക്കുന്ന എൻഗേജ്മെന്റ്...അത് കഴിഞ്ഞു കല്ല്യാണം...നീ ഒറ്റയ്ക്ക് അനുഭവിച്ചോ...നീ സ്വയം വിചാരിച്ചാലെ നിനക്കു രക്ഷ ഉള്ളൂ...അച്ഛന്റെ സന്തോഷം തീരുമാനം അഭിമാനം എന്നെല്ലാം പറഞ്ഞ് സ്വയം നശിക്കുന്നത് കാണാൻ ഞാൻ വരില്ല.ബൈ..." "സ്നേഹ...ടീ..." സ്നേഹ നല്ല വിഷമത്തോടെയാണ് ആവണിയുടെ അടുത്തു നിന്നും പോയത്.കൂട്ടുകാരി അപകടത്തിലേക്കു പോകുന്നത് അവൾക്ക് സഹിക്കാൻ കഴിയുന്നില്ലായിരുന്നു.

നിശ്ചയിച്ച ദിവസം തന്നെ വിവാഹമുറപ്പിക്കൽ ചടങ്ങ് നടന്നു. ആ ദിവസവും ദേവദത്തിന്റെ ബന്ധുക്കൾ ആയിട്ട് വളരെ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളു.അനിയത്തി ദേവനന്ദയും അമ്മായി വിമലയും കുറച് അകന്ന ബന്ധുക്കളും കൂട്ടുകാരും. ആവണിയുടെ വീട്ടിലെ അംഗങ്ങൾ കൂടാതെ സ്നേഹയുടെ അച്ഛനമ്മമാർ അത്രയും പേരാണ് ആവണിയുടെ ആളുകൾ ആയി ഉണ്ടായിരുന്നത്. സ്നേഹ ആവണിയോട് പ്രധിഷേധം പ്രകടിപ്പിച്ചു.അവൾ അന്നെ ദിവസം ചടങ്ങിന് വന്നില്ല. ആവണിയ്ക്കായി ദേവദത്തിന്റെ വീട്ടുകാർ കൊണ്ടുവന്ന ആഭരണങ്ങളും വസ്ത്രങ്ങളും മൊബൈൽ ഫോണും എല്ലാം കണ്ട് സന്ധ്യയും മക്കളും അസൂയ പൂണ്ടു. വിലപിടിപ്പുള്ള സമ്മാനങ്ങൾ കണ്ട് അവർക്കും കൊതി തോന്നിയത് സ്വാഭാവികം. ദേവദത്തും ആവണിയും പരസപരം മോതിരം അണിയിച്ചു. ദേവനന്ദ അന്ന് കണ്ടതിലും വിപരീതമായിട്ടായിരുന്നു പെരുമാറിയത്. അവൾ മൗനം പാലിച്ചത് ആവണിയ്ക്ക് അത്ഭുതമായി.എന്തോ വലിയ സങ്കടം അലട്ടുന്നത് പോലെ തോന്നി അവൾക്ക്. "എങ്ങനെയുണ്ട് എല്ലാം ഇഷ്ട്ടമായോ..."

ദേവദത്തിന്റെ ചോദ്യത്തിന് അവൾ മറുപടി പറയാതിരുന്നത് മറ്റുള്ളവർ ശ്രദ്ധിക്കുമെന്നതിനാൽ അവൾ ഉത്തരം നൽകി. "എല്ലാം ഇഷ്ട്ടായി...എല്ലാം..." "ഊം...മുഖം കണ്ടാൽ അറിയാം അത്രയ്ക്ക് ഇഷ്ട്ടായിട്ടുണ്ടെന്ന്..." ആവണിയുടെ മനസ്സിലിരിപ്പ് അറിയാവുന്നതുകൊണ്ട് ദേവദത്ത് അങ്ങനെ തിരിച്ചു പറഞ്ഞു. "ഇതായിരിക്കും ല്ലേ അന്ന് പറഞ്ഞ സമ്മാനങ്ങൾ..." "ഇതു മാത്രം അല്ല...ഇനിയും ഉണ്ട്‌ ഈ പുതിയ ഫോൺ എന്തിനാ എന്നറിയോ...എന്റെ ഭാവി ഭാര്യയെ വിളിച്ചു സംസാരിക്കാൻ ആണ്...ആ ബ്ലോക്ക് അങ്ങ് മാറ്റിയെക്ക് കേട്ടോ..." "അയ്യോ...അത് ഇപ്പൊത്തന്നെ വേണോ...വിളിക്കാനും പറയാനും ഇനിയും ഒരുപാട് കാലം കിടക്കുവല്ലേ...എനിക്ക് എക്സാംസ് അടുത്തിരിക്കുവാ...പഠിക്കണം..." അച്ഛമ്മ അടുത്തു നിൽക്കുമ്പോൾ അവൾക്ക് അങ്ങനെ പറയാനെ കഴിഞ്ഞുള്ളു. "ഓ...എന്ന താൻ പഠിച്ചോളൂ...ഞാനായിട്ട് ശല്ല്യം ആവുന്നില്ല.ന്റെ പെണ്ണ് ഗ്രാജുവേറ്റഡ് ആവുന്നത് എനിക്ക് സന്തോഷം ഉള്ള കാര്യല്ല്യേ...മാസ്റ്റർ ഡിഗ്രിയും പഠിച്ചു പാസ്സാവണം..." ആവണിയോട് സന്തോഷത്തോടെ സംസാരിക്കുന്നുണ്ടെങ്കിൽ കൂടിയും ദേവനന്ദയുടെ മുഖത്ത് തെളിയുന്ന വിഷാദത്തിന്റെ ഒരംശം അവനിലും ഉള്ളത് അവൾ ശ്രദ്ധിച്ചു. 💫💫 💫💫 💫💫

വിവാഹനിശ്ചയം വീട്ടിൽ തന്നെ ആയിരുന്നത് കൊണ്ട് അന്ന് സ്വാഭാവികമായും വിരുന്നുകാർ പോയ ശേഷം വൈകീട്ട് കുറേ ജോലികൾ ഉണ്ടായിരുന്നു. വീട് മുഴുവൻ വൃത്തിയാക്കേണ്ട ഉത്തരവാദിത്തം തലയിൽ ആയാലോ എന്ന് പേടിച്ച് സന്ധ്യയും മക്കളും രഘുവുമായി സന്ധ്യയുടെ വീട്ടിലേക്കു പോയി. പോകുന്ന ലക്ഷണം കണ്ടിട്ട് ഒരാഴ്ചയെങ്കിലും കഴിഞ്ഞേ വരികയുള്ളു എന്ന് മനസ്സിലായി.മാത്രമല്ല ആവണിയുടെ ഇന്നത്തെ ദിവസം വളരെ നന്നായിരുന്നതിന്റെ വിഷമവും മാറ്റാൻ അവിടെ നിന്നും മാറി നിൽക്കേണ്ടത് അത്യാവശ്യമായിരുന്നു. അച്ഛമ്മ വലിയ സന്തോഷത്തിൽ ആയിരുന്നു.അച്ഛമ്മ അവർ കൊണ്ട് വന്ന ആഭരണങ്ങളും വസ്ത്രങ്ങളും ആവണിയുടെ ദേഹത്ത് വെച്ച് നോക്കി ഭംഗി ആസ്വദിച്ചു. അവളുടെ ഭാഗ്യത്തിൽ മതി മറന്നു സന്തോഷിച്ചു. ജോലി ചെയ്യാനുള്ള മടിയിൽ സന്ധ്യയും മക്കളും സ്ഥലം വിട്ടതിൽ ഒരു നീരസവും അച്ഛമ്മയ്ക് ഇല്ലായിരുന്നു.കുറച്ചു സമാധാനം കിട്ടുമല്ലോ എന്ന സന്തോഷം മാത്രം. പണികളെല്ലാം ആവണി വൃത്തിയായി ചെയ്തു.നല്ല ക്ഷീണം ഉണ്ടെങ്കിലും അവൾ അത് പുറത്തു കാണിച്ചില്ല.മനസ്സിൽ അതിനേക്കാൾ വലിയ വേദന ആയിരുന്നു.

ജോലിയെല്ലാം കഴിഞ്ഞ് അച്ഛമ്മയും അവളും നേരത്തേ കിടന്നു. അച്ഛമ്മ ആവണിയെ മുറുകെ പുണർന്നാണ് കിടന്നത്. "ഇനി എത്ര നാളാ ന്റെ കുട്ട്യേ അച്ഛമ്മ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കാ..." "അച്ഛമ്മേ..." "മോള് വിഷമിക്കേണ്ട...അച്ഛമ്മ വെറുതെ പറഞ്ഞത...പെൺകുട്ട്യോൾ കല്ല്യാണം കഴിഞ്ഞ് പോണതെല്ലാം നാട്ടു നടപ്പല്ലേ...നിത്യേനെ കാണാൻ പറ്റീലാച്ചാലും ന്റെ കുട്ടി സന്തോഷായിട്ട് കഴിയണത് കണ്ടാൽ മതി..." "അച്ഛമ്മയ്ക് സങ്കടമാണോ..." "ഏയ്യ്...നിക്ക് സന്തോഷമേയുള്ളു...എന്തു നല്ല പയ്യനാ ന്റെ മോളെ കെട്ടാൻ പോണത്...ഇത്തിരി നേരെ എന്നോടു സംസാരിച്ചുള്ളൂ...ന്നാലും എനിക്കുറപ്പായി നല്ല കുട്ട്യാ. അച്ഛമ്മേന്ന് വിളിച്ചപ്പോ അച്ഛമ്മേടെ ഉള്ളു നിറഞ്ഞു. അവൻ ന്റെ മോളെ പോന്നു പോലെ നോക്കും. ഭാഗ്യള്ള കുട്ട്യാ ന്റെമോള് " "ഊം...ഭാഗ്യ..." അച്ഛമ്മ ആവണിയെ കുറിച് ഉള്ളിലുള്ള മോഹങ്ങളെല്ലാം പറഞ്ഞ് കൊണ്ട് കുറേ നേരം കിടന്നു.

ക്ഷീണം കൊണ്ട് രണ്ടു പേരും അറിയാതെ ഉറങ്ങിപ്പോയി. സമയം പതിനൊന്നു മണി കഴിഞ്ഞു. രണ്ടു പേരും നല്ല ഉറക്കത്തിൽ തന്നെ ആയിരുന്നു. പുറത്ത് വാതിൽ മുട്ടുന്ന ശബ്ദം കേട്ടു ആവണി ഭയന്നു.സമയം നോക്കിയപ്പോൾ പതിനൊന്നേക്കാൽ ഈ പാതിരാത്രിയിൽ ആരാണ് വാതിൽ മുട്ടുന്നത് അവൾ അച്ഛമ്മയെ വിളിച്ചു എങ്കിലും നല്ല ഉറക്കം തന്നെ.മരുന്ന് കഴിക്കുന്നത് കൊണ്ട് ഉറക്കത്തിൽ നിന്നുണരാൻ പ്രയാസമാണ്. ആവണി ധൈര്യം സംഭരിച്ചു മുറിയിൽ നിന്നിറങ്ങി.കൈയ്യിൽ മൊബൈൽ ഫോണും എടുത്ത്. അവൾ ജനലിൽ കൂടി പുറത്തേയ്ക്ക് നോക്കി.അപ്പോഴാണ് അവൾക്ക് ശ്വാസം നേരെ വീണത്. "അച്ഛൻ..." അവൾ ഉരുവിട്ടു. വേഗത്തിൽ വാതിൽ തുറന്നു. അച്ഛനെന്താ ഈ നേരത്ത് എന്ന് ചോദിക്കാൻ തോന്നിയെങ്കിലും അവൾ ചോദിച്ചില്ല.അവൾ വാതിൽ തുറന്നപ്പോൾ കണ്ടത് അച്ഛന്റെ മറ്റൊരു ഭാവം ആയിരുന്നു.അവൾ ഭയന്നു.ഇതുവരെ ആവണി കാണാത്ത ഒരു അച്ഛൻ ആയിരുന്നു അത്...""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story