ആരോടും പറയാതെ: ഭാഗം 9

Arodum parayathe copy

എഴുത്തുകാരി: രേഷ്ജ അഖിലേഷ്‌

അച്ഛനെന്താ ഈ നേരത്ത് എന്ന് ചോദിക്കാൻ തോന്നിയെങ്കിലും അവൾ ചോദിച്ചില്ല.അവൾ വാതിൽ തുറന്നപ്പോൾ കണ്ടത് അച്ഛന്റെ മറ്റൊരു ഭാവം ആയിരുന്നു.ഇതുവരെ ആവണി കാണാത്ത ഒരു അച്ഛൻ... കണ്ണുകൾ ചുവന്ന്,നെഞ്ചിലെന്തോ ഭാരം ഉള്ളത് പോലെ വിങ്ങിപ്പൊട്ടാൻ വെമ്പി നിൽക്കുന്നൊരു ഭാവം. അച്ഛന്റെ മാറ്റം കണ്ട് ആവണി ഭയന്നു. "മോളേ..." ഒന്നേ വിളിച്ചുള്ളൂ. അച്ഛന്റെ ശബ്ദം വല്ലാതെ ഇടറി. ആവണി ഒന്നും മിണ്ടാതെ നിന്നു.അവൾക്ക് എന്തു പറയണമെന്ന് ഒരു ഊഹവും ഉണ്ടായിരുന്നില്ല. ഓർമ്മ വെച്ച ശേഷം ആദ്യമായിട്ടാണ് ആവണി ഇങ്ങനെ ഒരു വിളി കേൾക്കുന്നത്. അത്രയേറെ ആർദ്രമായയൊരു വിളിയായിരുന്നു അത്.ഇക്കാലമത്രയും മൂടി വെയ്ക്കപ്പെട്ട വാത്സല്ല്യത്തിന്റെ ഒരായിരം അലകൾ ആ ഒറ്റ വിളിയിൽ അലതല്ലി.സ്വയം മറന്ന് അവൾ അച്ഛന്റെ മുഖത്തേയ്ക്ക് ഉറ്റു നോക്കി കൊണ്ടിരുന്നു. ആവണി സ്തംഭിച്ചു നിന്നതല്ലാതെ മറുപടി പറയുന്നില്ലെന്ന് കണ്ടപ്പോൾ രഘുവിന്റെ കണ്ണുകളിൽ നിന്നും നീർതുള്ളികൾ പൊടിഞ്ഞു കവിളിലൂടെ ഒലിച്ചിറങ്ങി.

"അച്ഛനോട് വെറുപ്പാണോ മോളെ..അച്ഛൻ ഒത്തിരി ദ്രോഹിച്ചിട്ടുണ്ട് എന്റെ മോളെ...ആ അച്ഛനോട് മോൾക്ക് വെറുപ്പല്ലാതെ വേറെന്താ ഉണ്ടാവാ അല്ലേ... അച്ഛനോട് ക്ഷമിക്ക് മോളെ...ജീവൻ പകരം തന്നാലും മോളോട് അച്ഛൻ കാണിച്ച അവഗണനയ്ക്ക് പകരം ആവില്ലെന്നറിയാം...എന്നാലും ഇനിയുള്ള എന്റെ ജീവിതം എന്റെ മോൾക്കും കൂടിയാ..." അപ്രതീക്ഷിതമായി കേട്ട വാക്കുകൾ വിശ്വസിക്കാൻ അവൾ പാട് പെടുകയായിരുന്നു.കൈയിലിരുന്ന ഫോൺ അറിയാതെ വീണു പോയി. "അച്ഛാ...ഇത്‌ സത്യമാണോ..." "സ്വപ്നം അല്ല മോളെ...സത്യാ...ഇത്രയും കാലം ഞാനെന്റെ കുട്ട്യോട്...ഞാൻ എന്തു പാപിയാ ഈശ്വരന്മാരെ..." "അങ്ങനെയൊന്നും പറയാതെ അച്ഛാ...അച്ഛനെ എനിക്കറിയാം...അച്ഛന് അങ്ങനെ ആകുവാനേ കഴിയുമായിരുന്നുള്ളു..." "മോൾക്ക്‌ എന്നോട് ഒരു തരി പോലും ദേഷ്യം ഇല്ലേ..." "ഇല്ലാ...സ്നേഹം മാത്രേള്ളൂ...എന്നും..." ഹൃദയം സ്നേഹസാന്ദ്രമായ ആ നിമിഷങ്ങളിൽ അച്ഛൻ മകളെ നെഞ്ചോട് ചേർത്തു.അച്ഛന്റെ ഹൃദയം വാത്സല്ല്യത്തോടെ അതിലേറെ കുറ്റബോധത്തോടെ അവൾക്കായി മിടിക്കുന്നത് അവൾ അറിഞ്ഞു.

ആവണിയുടെ കണ്ണുകളും നിറഞ്ഞൊഴുകി.എന്നെങ്കിലും ഒരു നാൾ അവൾ ആശിച്ചതായിരുന്നു ഇങ്ങനെയൊരു വാത്സല്ല്യ നിമിഷം. "മോള് പോയി ഉറങ്ങിക്കോ...നേരം ഒരുപാടായില്ലേ...അച്ഛൻ പോയി കിടക്കട്ടെ..." "ഊം..." ആവണി കണ്ണുകൾ തുടച്ചു കൊണ്ട് അവളുടെ മുറിയിലേക്ക് പോയി.അവൾ പോകുന്നത് വരെ അവളെ നോക്കി നിന്നശേഷം വാതിൽ അടച്ച് രഘു തന്റെ മുറിയിലേക്ക് പോയി. കിടന്നിട്ടും ആവണിയ്ക്കു ഉറക്കം വന്നില്ല.തന്റെ സന്തോഷം അച്ഛമ്മയോട് പറയാൻ അവൾക്ക് കൊതിയായി.അച്ഛൻ എങ്ങനെ മാറി എന്നതും ആലോചിച്ചു അവൾ കിടന്നു.എപ്പോഴോ അവൾ മയക്കത്തിലേക്ക് വഴുതി വീണു. 💫 💫 💫 രാവിലെ അവൾ ഉണർന്നെഴുന്നേറ്റപ്പോൾ ആദ്യം പോയത് രഘുവിന്റെ മുറിയിലേക്കാണ്.അവിടെ അവളുടെ അച്ഛൻ ഉണ്ടായിരുന്നില്ല.പുറത്തുപോയി നോക്കിയപ്പോൾ അവിടെ കാറും ഉണ്ടായിരുന്നില്ല.താൻ ഇന്നലെ കണ്ടത് സ്വപ്നം ആയിരുന്നോ എന്നവൾ സംശയിച്ചു. അച്ഛമ്മയോട് രാത്രിയിലെ കാര്യങ്ങൾ പറയാൻ അവൾ അടുക്കളയിലേക്ക് പോയി. "അച്ഛമ്മേ...അച്ഛൻ ഇന്നലെ രാത്രി വന്നിരുന്നു...

അച്ഛമ്മ എഴുന്നേറ്റപ്പോൾ കണ്ടിരുന്നോ..." "ഉവ്വ്...അവൻ പല്ലുതേപ്പും കുളിയും കഴിഞ്ഞു തിരക്കിട്ടു ഇറങ്ങി.എന്നോട് പതിവില്ലാതെ വന്നു സംസാരിച്ചു.ഇറങ്ങുന്നതിനു നമ്മുടെ മുറിയിൽ വന്ന് എത്തി നോക്കി കുറച്ചു നേരം അങ്ങനെ നിൽക്കുന്നത് കണ്ടു. "അതെയോ...അച്ഛന് എന്തോ പറ്റിയിട്ടുണ്ട് അച്ഛമ്മേ...ഇന്നലെ എന്നെ മോളേന്ന് വിളിച്ചു.സ്‌നേഹത്തോടെ സംസാരിച്ചു.എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.അച്ഛനോട് എനിക്ക് വെറുപ്പാണോ എന്നെല്ലാം ചോദിച്ചു...സങ്കടം വന്നു എനിക്ക്...അങ്ങനെയായിരുന്നു അച്ഛന്റെ പെരുമാറ്റം." "തമ്പുരാന്മാരെ...എന്തൊക്കെയാ ഈ കേൾക്കണേ...ന്റെ മോന് നല്ല ബുദ്ധി തോന്നീലോ...ദൈവങ്ങൾക്ക് നന്ദി...എന്റേം നിന്റേം പ്രാർത്ഥന ഈശ്വരന്മാർ കേട്ടു...കുറച്ചു വൈകി ആണെങ്കിലും..." "എങ്ങനെയാ അച്ഛമ്മേ ഇത്ര പെട്ടന്ന്...സ്വപ്നം ആണോന്ന് സംശയിച്ചു ഞാൻ...എഴുന്നേറ്റ് വന്നയുടൻ ആദ്യം പോയത് അച്ഛന്റെ മുറിയിലേക്കാ..." "സ്വപ്നം ഒന്നും അല്ല കുട്ട്യേ...സത്യാ...എന്റെ മോൾടെ ദോഷങ്ങളൊക്കെ തീരാൻ പോവാ " ആവണി അച്ഛന്റെ മാറ്റം സ്നേഹയെ വിളിച്ചറിയിച്ചു.അവൾക്ക് അതു പക്ഷേ വിശ്വാസമായില്ല.എങ്കിലും ആവണിയോട് അത് തുറന്നു പറഞ്ഞില്ല. ആവണിയെ വിവാഹത്തിന് പൂർണ്ണസമ്മതത്തോടെ ഒരുക്കാനുള്ള ഒരു കെണി ആയിട്ടാണ് അവൾ ഊഹിച്ചത്. 💫 💫 💫

"അമ്മേ...ഇത്‌ കുറച്ചു ആഭരണങ്ങളാ...പിന്നെ കുറച്ചു ഡ്രെസ്സും..." രാവിലെ പോയ രഘു തിരിച്ചു വന്നത് ഉച്ച കഴിഞ്ഞായിരുന്നു.കൈയ്യിൽ കുറേ പൊതികളുമായി വന്ന് രഘു അവയെല്ലാം മേശപ്പുറത്തു വെച്ചു. "സന്ധ്യയ്ക്കും മക്കൾക്കും ആവുംലെ " അച്ഛമ്മ ചോദിച്ചു. "അതെന്താ അമ്മേ അങ്ങനെ...അവർ ഇവിടെ ഇല്ലല്ലോ...അവർക്കുള്ളത് അവര് തന്നെയല്ലേ വാങ്ങിക്കാറ്..." "പിന്നെയാർക്കാ?" "അമ്മയ്ക്കും ആവണിയ്ക്കും..." "ഞങ്ങൾക്കുള്ളത് നീ വാങ്ങാറില്ലലോ...നിന്റെ ഭാര്യ ഔദാര്യം പോലെ വർഷത്തിൽ ഒന്നൊ രണ്ടോ എടുത്ത് തരും..." "അമ്മേ..." "ഇല്ലാ...ഞാൻ ചോദിച്ചെന്നെ ഉള്ളൂ...പെട്ടന്ന് ഉൾക്കൊള്ളാൻ കഴിയണില്ല...ഇതെല്ലാം നേരാണോ...ന്റെ കുട്ടി വല്ല്യേ സന്തോഷത്തിലാ...അവളെ വീണ്ടും..." "നേരാ അമ്മേ...ഞാൻ ഇത്രേം കാലം എന്റെ മോളെ അവഗണിച്ചു...അമ്മയേം...ഇനിയില്ല..." "ഞാൻ ആവണിയെ വിളിക്കാം...ഇതെല്ലാം കാണുമ്പോൾ അവൾക്ക് സന്തോഷാവും...പൊന്നും പുടവയും കണ്ടിട്ടല്ല...ആദ്യായിട്ടല്ലേ നീ സ്നേഹത്തോടെ അവൾക്കായിട്ട് വാങ്ങിക്കണേ... ആവണീ...മോളെ...ഇങ്ങോട്ടൊന്നു വന്നേ..." "ദാ വരുണൂ അച്ഛമ്മേ..."

അവൾ ഓടിയെത്തി. "ദാ നോക്കിയേ...അച്ഛൻ മോൾക്ക് വാങ്ങീതാ...ഇഷ്ട്ടായോന്ന് നോക്ക്." അച്ഛൻ വാങ്ങിയത് കണ്ടപ്പോൾ അവൾക്കു വീണ്ടും അതിശയമായി. മൂന്നു പേരും അന്ന് വളരെ സന്തോഷത്തിൽ ആയി. തന്റെ മാറ്റം ഉൾക്കൊള്ളാൻ സന്ധ്യയ്ക്കും മക്കൾക്കും കഴിയില്ലെന്നും അവരുടെ മുൻപിൽ താൻ പഴയപോലെ ആയിരിക്കും എന്നും വിവാഹം മംഗളമായി നടക്കാൻ അത് അത്യാവശ്യമാണെന്നും രഘു അമ്മയെയും ആവണിയെയും ധരിപ്പിച്ചു. "അച്ഛാ...എനിക്ക്...ഈ കല്ല്യാണം...അച്ഛൻ ഒന്നുടെ..." "മോളെ...അച്ഛൻ ഇത്രയും കാലം തെറ്റുകൾ ആയിരുന്നു ചെയ്തു കൊണ്ടിരുന്നത്...ഇനി അങ്ങനെ അല്ല..മോൾ അച്ഛനെ വിശ്വസിക്കണം..." "ഊം...എനിക്ക് വിശ്വാസം ആണ് അച്ഛനെ..." പിന്നീട് അച്ഛനെ വാക്കുകൊണ്ട് പോലും അലോസര പെടുത്താൻ അവൾക്ക് സാധിക്കുമായിരുന്നില്ല.അവൾ പിന്നീട് അതിനെക്കുറിച് സംസാരിച്ചില്ല. 💫 💫 💫 ഒരാഴ്ചയ്ക്കു ശേഷം രഘുവിന്റെ ഭാര്യയും മക്കളും വന്നപ്പോൾ രഘു ആവണിയ്ക്കു നൽകിയ സമ്മാനങ്ങൾ അവർ കണ്ടു പിടിച്ചു.

ദേവദത്ത് ന്റെ വീട്ടുകാർ കൊണ്ട് വന്ന ആഭരണങ്ങളിൽ ചിലതെങ്കിലും കൈക്കലാക്കാൻ ഉള്ള ശ്രമത്തിനിടയിൽ ആയിരുന്നു അത്. "നിന്റെ ആഭരണങ്ങൾ എല്ലാം ഒന്നിങ്ങേടുത്തെ..." ഗാഥയും സന്ധ്യയും മാധുവും ഒരുമിച്ചു ആവണിയുടെ മുറിയിൽ കയറി.സന്ധ്യ ആജ്ഞാപിച്ചു. അച്ഛൻ ആഭരണങ്ങൾ വാങ്ങിച്ചു തന്ന കാര്യം അവർ അറിഞ്ഞാൽ ഉണ്ടാകുന്ന ഭവിഷത്ത് ആലോചിച്ചു പേടിയോടെയാണ് അവൾ അലമാര തുറന്ന് അവയെല്ലാം പുറത്ത് എടുത്തത്. ആവണിയെ തള്ളി മാറ്റി ഗാഥ അവയെല്ലാം ആർത്തിയോടെ കയ്യിലെടുത്തു. "ഇത്‌ കണ്ടോ അമ്മേ...ഇത്‌ ഒരുപാടുണ്ടല്ലോ...ഇത്രേം സ്വർണ്ണവും ഡ്രെസ്സും അവർ കൊണ്ടുവന്നില്ലല്ലോ " "അത് ശരിയാണല്ലോ.. ഇത്‌ എവിടുന്നാടി...സത്യം പറയ് " സന്ധ്യ പേടിച്ച് തല താഴ്ത്തി നിന്ന ആവണിയുടെ മുഖം അവളുടെ മുടിയിൽ പിടിച്ചുയർത്തിക്കൊണ്ട് കൊണ്ട് ചോദിച്ചു. "ആ...വിടമ്മേ...വേദനിക്കുന്നു...ഇതെനിക്ക് അച്ഛൻ വാങ്ങി തന്നതാ..." ആവണിയുടെ കവിളിൽ സന്ധ്യ ആഞ്ഞടിച്ചു. "അസത്തെ...ഞങ്ങളിവിടില്ലാതിരുന്നപ്പോൾ നീ ഇത്‌ എങ്ങനെ സാധിച്ചെടുത്തെടീ...

അവൾക് ഇപ്പൊ ഉള്ളതൊന്നും പോരാഞ്ഞിട്ട..ഇത്‌ തന്നെ നിന്നെപ്പോലെ ഒരു ഭാഗ്യം കെട്ട പെണ്ണിന് അധികാ...മക്കളെ...ഇവൾക്ക് അത്യാവശ്യം ഒരുങ്ങാനുള്ളത് മാത്രം വെച്ചിട്ട് ബാക്കി എടുത്തു കൊണ്ട് വായോ...അച്ഛൻ ഇങ്ങു വരട്ടെ...ചോദിക്കുന്നുണ്ട്..." മാധുവും സന്ധ്യയും അവയെല്ലാം എടുത്തു മുൻപേ നടന്നു.ഗാഥയ്ക്ക് അപ്പോഴും ആവണിയോടുള്ള ദേഷ്യം അടങ്ങിയിട്ടില്ലായിരുന്നു. "എനിക്കും മാധുമോൾക്കും ഉള്ളതാ അച്ഛൻ വാങ്ങിക്കുന്നതെല്ലാം...മേലാൽ നീ അത് തട്ടി എടുക്കാൻ വന്നാലുണ്ടല്ലോ " എന്നും പറഞ്ഞ് ഗാഥ അവളുടെ അടുത്തേയ്ക് നീങ്ങി അവളെ അടിയ്ക്കാൻ കൈയ്യൊങ്ങിയതും അവൾ തടഞ്ഞു. ഗാഥയുടെ കവിളിൽ ആവണിയുടെ വിരലുകൾ പതിഞ്ഞു. "ഇത്രയും നാൾ നിന്റെയും നിന്റെ അമ്മയുടെയും എന്തിനു മാധുവിന്റെ വരെ അടി ഞാൻ കൊണ്ടിട്ടുണ്ട്...സ്ഥാനം കൊണ്ട് ചേച്ചി ആയിട്ടും ആ ഒരു പരിഗണന എനിക്ക് തന്നില്ല...പരാതിയില്ല.എന്റെ നിസ്സഹായത... ഒരുപാട് സഹിച്ചു...അച്ഛനെ ഓർത്ത്...ഈ ഒരടി നീ ചോദിച്ചു വാങ്ങിയതാ...മേലാൽ നീയും ഇത്‌ ആവർത്തിക്കരുത്...കേട്ടല്ലോ..."

ആവണി മുറിവിട്ടു പുറത്തു പോയി.അടി കിട്ടിയ കവിളിൽ പകയോടെ തടവിക്കൊണ്ട് ഗാഥ നിന്നു. 💫 💫 ..💫 "രഘുവേട്ടാ...നിങ്ങളിത് എന്തു ഭാവിച്ചാ ആ പെണ്ണിന് സ്വർണ്ണം വാങ്ങിച്ചത്...എന്നോട് ഒരു വാക്ക് പറയാതെ..." "ഓ...ഞാനത് നിന്നോട് പറയാൻ മറന്നു.അത് ഞാൻ വാങ്ങിയതല്ല...ആ ചെക്കന്റെ വീട്ടുകാർ ഏൽപ്പിച്ചതാ..." "എന്തിനാ നിങ്ങൾ എന്നോട് നുണ പറയുന്നത്...അവർ ഇപ്പൊ തന്നെ എത്രപ്പോരം കൊണ്ടു വന്നിട്ടുണ്ട്...ഇതും അവര് തന്നതാണെന്ന് ഞാൻ വിശ്വസിക്കണം അല്ലേ..." "എടീ...ഇങ്ങന നമ്മുടെ കണ്ണു മഞ്ഞളിപ്പിക്കാൻ അവർ തന്നോണ്ടേ ഇരിക്കും...കാരണം നിനക്കു അറിയാലോ..." "എ...എന്ത് കാര്യം...എനിക്ക് എന്തറിയാന്നാ...?" സന്ധ്യ വിയർത്തു തുടങ്ങി. സന്ധ്യയുടെ പതർച്ച രഘു മനസ്സിലാക്കി. "എടീ എനിക്കറിയാം...ഞാൻ അന്വേഷിച്ചു ആ പയ്യനെക്കുറിച്ച്...ആ പയ്യന് കാര്യമായിട്ട് കുറവ് ഉള്ളതോണ്ടാ ഇങ്ങനെയെല്ലാം എന്ന് എനിക്ക് ബോധ്യായി...നമുക്കും കാര്യം ഉള്ള കാര്യല്ലേ...അതോണ്ടാ ഞാൻ കണ്ണടച്ചത്...നമ്മുക്ക് നമ്മുടെ ഗാഥമോളുടെം മാധുമോളുടെം ഭാവി കൂടി നോക്കണ്ടേ..."

"അപ്പൊ ബുദ്ധിണ്ട്...അതല്ല പിന്നെന്തിനാ ആ പെണ്ണ് നിങ്ങൾ വാങ്ങിയതെന്ന് പറഞ്ഞത്..." "ആഹ്...അത് ഞാൻ അവളോട് നുണ പറഞ്ഞതല്ലേ...ഇത്രയൊക്കെ വാങ്ങി കൊടുത്താൽ എനിക്ക് അവളോട് സ്‌നേഹം ഉണ്ടെന്ന് കരുതിക്കോളും അപ്പൊ പിന്നെ ചെറുക്കൻ എത്ര തെമ്മാടി ആയാലും അച്ഛന്റെ ഇഷ്ട്ടല്ലേ എന്ന് കരുതി അവൾ ഒന്നിനും എതിർക്കില്ല...എന്താ അങ്ങനെ അല്ലേ..." "അമ്പടാ...നിങ്ങൾ ഞാൻ വിചാരിച്ച പോലെ അല്ല...കാഞ്ഞബുദ്ധിയാ നിങ്ങൾക്ക്..." രഘുവിന്റെ സംസാരം കേട്ട് സന്ധ്യ ഒത്തിരി സന്തോഷിച്ചു. «»«»«»«»»»»»»»»»«»»»«»«»«»«»«»«» ഗാഥയെ അടിച്ചതിന്റെ പേരിൽ സന്ധ്യയും ഗാഥയും പക ഉള്ളിൽ കൊണ്ടു നടന്നു.വിവാഹം കഴിഞ്ഞു പോയാൽ ആവണിയെ ദ്രോഹിക്കാൻ തങ്ങൾക്ക് കിട്ടില്ലെന്ന് അറിയാവുന്നത് കൊണ്ട് പരമാവധി അവളെ ഉപദ്രവിക്കാൻ തുടങ്ങി.അച്ഛമ്മയെയും മാനസികമായി അവർ ഒരുപാട് വേദനിപ്പിച്ചു. "ടീ നീയെന്റെ മോളെ കൈവെച്ചത് ഞാൻ മറന്നിട്ടില്ല...അതിനുള്ളത് നിനക്ക് എന്നായാലും തരും കേട്ടോ...കല്ല്യാണം കഴിഞ്ഞാൽ നീ രക്ഷപ്പെട്ടു എന്നൊന്നും കരുതണ്ട...

നിന്റെ അച്ഛമ്മ ഇവിടെ തന്നെ അല്ലേ ഉള്ളത്...തള്ളയെ സ്വസ്ഥായിട്ട് വാഴാൻ സമ്മതിക്കില്ല..." "നിങ്ങളോട് ഞാനും അച്ഛമ്മയും എന്ത് ദ്രോഹം ചെയ്തിട്ടാ..." "ഒന്നും ചെയ്തിട്ടല്ല...നിന്റെ അച്ഛമ്മയെ ഇവിടെ സന്തോഷത്തോടെ കാണാൻ മോഹം ഉണ്ടെങ്കിൽ നീ കുറച്ചു കാര്യങ്ങൾ ചെയ്യേണ്ടി വരും...വേറൊന്നും അല്ല...നീ വല്ല്യേ പണക്കാരനെ കെട്ടാൻ പോവല്ലേ...ഇവിടെ തിന്നും കുടിച്ചും കഴിഞ്ഞതിന്റെ ലാഭം ഞങ്ങൾക്കും വേണ്ടേ...നിനക്കു തന്നിരിക്കുന്ന സ്വർണ്ണം എനിക്ക് തരണം...പകരം കുറച്ചു ഗ്യാരണ്ടി ആഭരണങ്ങൾ ഇട്ടിട്ടു വേണം കതിർ മണ്ഡപത്തിൽ കയറാൻ...മനസ്സിലായില്ലോ...മറ്റാരും അറിയാനും പാടില്ല...അറിഞ്ഞാൽ നിന്റെ അച്ഛമ്മ...ഹും..." സന്ധ്യ അത്രയും പറഞ്ഞ് അവളുടെ അടുത്ത് നിന്നും പോയി. കല്ല്യാണം കഴിഞ്ഞു ആദ്യ ദിവസങ്ങളിൽ തന്നെ മറ്റൊരു വീട്ടിൽ കള്ളിയായി മുദ്ര കുത്തപ്പെടുന്ന ആവണിയെ അവർ ഭാവനയിൽ കണ്ടു.ഒരിക്കലും അവളുടെ ജീവിതം നല്ല രീതിയിൽ ആകരുതെന്നുള്ള ഒരൊറ്റ കാരണമേ അതിന് പുറകിൽ ഉണ്ടായിരുന്നുള്ളു. ആവണി അതിന് എതിർപ്പ് പ്രകടിപ്പിക്കാൻ നിന്നില്ല...

തന്റെ ജീവിതം കൈവിട്ടു പോയെന്ന് അവൾക്ക് തോന്നി.അച്ഛനെ കാര്യങ്ങൾ മനസ്സിലാക്കിക്കാൻ കഴിയാത്തത്തിൽ വേദനിച്ചു. അച്ഛൻ മനപ്പൂർവ്വം ചെയ്യുന്നതാണോ ഇങ്ങനെയെല്ലാം എന്ന് ആലോചിക്കായ്ക ഇല്ല. സത്യമോ മിഥ്യയോ അച്ഛന്റെ സ്നേഹം വിട്ടു കളയാൻ അവൾ തയ്യാറായില്ല. അച്ഛമ്മയെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്ന് മാത്രം ചിന്തിച്ചു. «»«»«»«»«»»»»»»»«»«»«»«»«»«»«»»»» ദിവസങ്ങൾ വീണ്ടും കടന്നു പോയി. വിവാഹദിനം അടുത്തു. രഘു വിവാഹത്തിന്റെ ഒരുക്കങ്ങളിൽ തിരക്കിലായിരുന്നു. രഘു ഉമ്മറത്തിരുന്നു ചായ കുടിക്കുമ്പോഴായിരുന്നു ഫോൺ ബെല്ലടിച്ചത്. അറിയാത്ത ഒരു നമ്പറിൽ നിന്നായിരുന്നു കാൾ വന്നത്. ആദ്യം അവഗണിച്ചു എങ്കിലും തുടരെ തുടരെ വിളി വന്ന് കൊണ്ടിരുന്നപ്പോൾ വിരസതയോടെ അയാൾ കാൾ എടുത്ത് ഫോൺ ചെവിയിൽ വെച്ചു. അങ്ങേ തലയ്ക്കൽ ഒരു പെൺകുട്ടിയുടെ ശബ്ദമായിരുന്നു.അയാളെ സംസാരിക്കാൻ വിടാതെ അവൾ ദേഷ്യപ്പെട്ടു സംസാരിച്ചു കൊണ്ടിരുന്നു. അവളുടെ സംസാരം കേട്ട് അയാൾക്ക് ആദ്യം ദേഷ്യം ഇരച്ചു കയറി. ദേവദത്തിനെക്കുറിച്ച് പറഞ്ഞപ്പോൾ അയാൾ അവളോട് സംസാരിക്കാൻ തുടങ്ങി.""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story