അരുന്ധതി: ഭാഗം 31

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

ചാണ്ടിയുടെ കണ്ണുകൾ ആരുവിലും കണ്ണാപ്പീയിലുമാണെന്ന് കണ്ടതും അവരെയും ചേർത്ത് പിടിച്ചു കൊണ്ട് അലക്സ് മുന്നോട്ട് നടന്നു...... ടാ.....കൊച്ചനേ......അങ്ങനങ്ങ് പോയാലെങ്ങനാ എനിക്ക് നിന്നോടു കുറച്ചു സംസാരിക്കണം.....അലക്സിനെ പിന്നിൽ നിന്നും വിളിച്ചു കൊണ്ട് അയാൾ പറഞ്ഞു..... അലക്സ് കണ്ണാപ്പീയെ ആരുവിന്റെ കൈയിലെ നിന്നും വാങ്ങിക്കൊണ്ട് അയാളെ തിരിഞ്ഞു നോക്കി..... ഹാ.....മോന് വല്യപ്പച്ചനെ അറിയോടാ....കണ്ണാപ്പീയുടെ നേർക്ക് കൈനീട്ടിക്കൊണ്ട് അയാൾ ചോദിച്ചു..... കണ്ണാപ്പീ അലക്സിന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ച് അവന്റെ തോളിൽ മുഖം പൂഴ്ത്തി കിടന്നു.... മ്മ്.....എങ്ങനെ അറിയാനാ.....ഞങ്ങൾക്കവനെ സ്നേഹിക്കാനും ലാളിക്കാനും ഉളള അവകാശം നീ നിഷേധിച്ചിരിക്കയല്ലേ അലക്സേ.....പുച്ഛത്തോടെ പറഞ്ഞു അയാൾ.... ആരു അലക്സിനെ നോക്കി..... ടോ....താൻ നല്ല പിളള ചമയുവോന്നും വേണ്ട....തന്റെ മനസ്സിലിരുപ്പ് എന്നതാന്നൊക്കെ ഞങ്ങക്കറിയാം.....

ആൽഫ്രഡ് നോക്കി നടത്തിക്കൊണ്ടിരുന്ന ടി.എം എക്സ്പോർട്ടിംഗ് ഇംപോർട്ടിംഗ് കമ്പനിയുടെ നടത്തിപ്പവകാശം ....കണ്ണാപ്പീയുടെ പേരിലാണ് ആ കമ്പനിയെന്നറിഞ്ഞത് മുതലല്ലേടോ തനിക്ക് കുഞ്ഞിനോട് അതുവരെയില്ലാത്ത സ്നേഹവും വാത്സല്യവും തോന്നി തുടങ്ങിയത്.......അതിനു വേണ്ടിയല്ലേടോ താൻ മോനെ കൈക്കലാക്കാൻ നോക്കുന്നെ.... അങ്ങനെ നിനക്ക് തോന്നുന്നെങ്കിൽ എന്താ തെറ്റ് ആൽഫ്രഡ് ഞങ്ങളുടെ മരുമകനല്ലേ.....അപ്പോ അവന്റെ കമ്പനി ഈ കുഞ്ഞ് വളർന്നു വലുതാവുന്നത് വരെ നോക്കി നടത്തേണ്ട ഉത്തരവാദിത്വം ഞങ്ങൾക്കല്ലേ അലക്സേ....അതൊക്കെ ഇപ്പൊ നീയങ്ങ് ഒറ്റയ്ക്ക് അടക്കി ഭരിക്കയല്ല്യോ.....ഈ കൊച്ചിന്റെ പേരും പറഞ്ഞ് നീ കൊറേ സമ്പാദിച്ചു കൂട്ടുവല്ലോ അലക്സേ ......ചിറി കോട്ടിക്കൊണ്ടയാൾ പറഞ്ഞു...... പ്ഫാ......പന്ന മോനെ നിന്നെ അളക്കുന്ന അളവ് കോലിട്ട് നീ യെന്ന കാണണ്ട....അലക്സ് സമ്പാദിക്കുന്നുണ്ടെങ്കീ അത് അലക്സ് ചോര നീരാക്കിയ കാശ്.....അല്ലാതെ നിന്നെ പോലെ മറ്റുളളവന്റെ ചോരയൂറ്റിയും കട്ടും മുടിച്ചും ഉണ്ടാക്കുന്നതല്ല.....

പിന്നെ ആ കമ്പനി അത് ഈ കണ്ണാപ്പീയ്ക്കുളളതാ.....ആൽഫിയുടെ വിയർപ്പിന്റെ ഫലവാ അത്.....അതങ്ങനെ നിന്നെപ്പോലുളള പുഴുത്ത രാഷ്ട്രീയക്കാരനും പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത നിന്റെ മോനും അനുഭവിക്കാനുളളതല്ല......നിനക്കറിയോ....അതിൽ നിന്നും കിട്ടുന്ന ആദായത്തിൽ ഒരു നയാ പൈസ കുറയാതെ കണ്ണാപ്പീടെ പേരിൽ തന്നെ ഡെപോസിറ്റ് ആവുന്നുണ്ട്......അതിനി ഇവനാ കമ്പനി നോക്കി നടത്തേണ്ട പ്രായവും പക്വതയും ആകുന്നത് വരെ അങ്ങനെ തന്നായിരിക്കും.....അലക്സിന്റെ ശബ്ദം ദൃഡമായിരുന്നു.... മ്മ്.......ആയിക്കോട്ടേ.....പക്ഷേ അലക്സേ ഇവൻ പാറേക്കാട്ടിൽ വളരേണ്ട കുഞ്ഞാ ....അവനിങ്ങനെ അനാശാസ്യത്തിന് പോലീസ് പിടിച്ച നിന്റെയും ഈ വഴി പിഴച്ചവളുടെയും കൂടെ വളരേണ്ടവനല്ല....... അത് കേട്ടതും ആരു തലകുനിച്ച് അലക്സിന്റെ കൈയിൽ പിടി മുറുക്കി...... പ്ഫാ.....ചെറ്റേ.....അന്ന് എന്നതാ നടന്നതെന്ന് നിനക്കും ഞങ്ങൾക്കും അറിയാവുന്ന കാര്യാ....

ചെയ്യാത്ത തെറ്റിന്റെ പേരിലാ ഞങ്ങളന്ന് അത്രേം പേരുടെ മുന്നേ മോശക്കാരായത്.....നീ ചെവിയേല് നുളളിക്കോ ചാണ്ടി ഇതിനുളള പണി നിനക്ക് ഞാൻ തന്നിരിക്കും മാതാവാണേ തന്നിരിക്കും....മീശ പിരിച്ചു കൊണ്ട് അലക്സ് പറഞ്ഞു..... ഒന്ന് പോടാ ചെക്കാ....ഇന്നലത്തെ മഴയില് മുളച്ച നീയൊക്കെ ഈ ചാണ്ടിയെ എന്നാ ചെയ്യാനാ .....നീ നോക്കിക്കോ ഈ കുഞ്ഞ് പാറേക്കാട്ടിലെയാ .....ഇവനെ ഞാൻ കൊണ്ട് പോയിരിക്കും..... താൻ പുളുത്തും....താനെന്നല്ല തന്റെ ചത്ത് പോയ തന്ത വിചാരിച്ചാക്കൂടി താമരയ്ക്കലീന്ന് ഇവനെ കൊണ്ട് പോവാൻ ഈ അലക്സ് സമ്മതിക്കുകേല....തനിക്കെന്തൊക്കെ തൊട്ടിത്തരം കാണിക്കാൻ പറ്റുവോ കാണിക്ക്.....പറഞ്ഞു കൊണ്ട് അലക്സ് വീണ്ടും മുന്നോട്ട് നടക്കാൻ തുടങ്ങി..... ടാ.....കൊച്ചനേ.....നീ യെന്ത് കണ്ടിട്ടാ നെഗളിക്കുന്നത്....ഈ പീറ പെണ്ണിനെ കണ്ടിട്ടാന്നോ.....നീ ഇവൾക്കൊപ്പം അധിക കാലം വാഴാന്ന് കരുതണ്ട ഈ ചാണ്ടി അതിനു സമ്മതിക്കുകേല.....എന്റെ ഡെയ്സി മരിക്കാൻ കാരണം നീയാ ആ നിന്നെ ഞാൻ മറ്റൊരു പെണ്ണിനൊപ്പം ജീവിക്കാൻ വിടുമെന്ന് കരുതണ്ട..... പഫാ.....പന്ന @@@@@@ തന്നോട് ഞാൻ നൂറാവൃത്തി പറഞ്ഞതാ....തന്റെ മോളുടെ മരണത്തിനുത്തരവാദി ഞാനല്ലന്ന് .......

തന്റെ മോള് വന്ന് കരഞ്ഞ് പറഞ്ഞിട്ടാടോ ഞാൻ അന്ന് തന്നോടങ്ങനെ സംസാരിച്ചത്......എന്നിട്ടും താനെന്നെ അതിന്റെ പേരും പറഞ്ഞ് ഇപ്പോഴും ദ്രോഹിക്കുവാ.....പക്ഷെ ഇനിയും തന്നെ ഞാൻ അതിനനുവദിക്കത്തില്ല.....എനിക്കും ജീവിക്കണം പറഞ്ഞു കൊണ്ട് അലക്സ് ആരുവിന്റെ കൈയും പിടിച്ച് കാറിനടുത്തേക്ക് പോയിരുന്നു.... ചാണ്ടി അവരെ നോക്കി പല്ലുകടിച്ചു ഞെരിക്കുന്നുണ്ടായിരുന്നു........ ❤❤❤ തിരിച്ചുളള യാത്രയിൽ അലക്സും ആരുവും പരസ്പരം സംസാരീച്ചില്ല......ആരുവിന്റെ മനസ്സിൽ ഡെയ്സി ആരാണെന്ന ചോദ്യം ഉയർന്നു കൊണ്ടിരുന്നു....... കണ്ണാപ്പീയെ ഉറക്കി കിടത്തിയ ശേഷം പതിവ് പോലെ ആരു റൂമിലേക്ക് പോയി.......അവിടെ ചെല്ലുമ്പോൾ അലക്സ് അവീടില്ലാരുന്നു......ബാൽക്കണിയിലേക്കുളള വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അവനവിടെ ഉണ്ടാവുമെന്ന് അവൾക്ക് മനസ്സിലായി......ആരു ബാത്ത്റൂമിലേക്ക് പോയി ഫ്രഷ് ആയി തിരികെ വന്നു.....അവൾ നേരെ ബാൽക്കണിയിലേക്ക പോയി.......അലക്സ് ദൂരേക്ക് നോട്ടമിട്ട് നിൽക്കുകയായിരുന്നു......

ആരു വേഗം അവനടുത്തേക്ക് പോയി തോളിൽ കൈവച്ചു.....അലക്സ് ഉടനെ തിരിഞ്ഞു നോക്കി.....നോക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ആരു ശ്രദ്ധിച്ചു....... അന്ന് വരെ കാണാത്ത അലക്സിന്റെ ആ ഭാവം അവളെ നൊമ്പരപ്പെടുത്തി...... എന്താ ഇച്ഛായാ.....എന്താ പറ്റിയേ... ഏയ് ഒന്നുവില്ലെന്റെ അന്നക്കൊച്ചേ.......അവൻ അവളിൽ നിന്നും നോട്ടം മാറ്റി കൊണ്ട് പറഞ്ഞു..... അതല്ല....എന്തോ കാര്യവായിട്ടുണ്ട് അല്ലാതെ ഇച്ഛായൻ ഇങ്ങനെ കണ്ണു നിറച്ചിരിക്കില്ലല്ലോ.....അവന്റെ മുഖം കൈയിലെടുത്തു കൊണ്ട് പറഞ്ഞു ആരു..... ഉടനെ അലക്സ് അവളെ മുറുകെ പുണർന്നു.....പെട്ടെന്ന് ആയതു കൊണ്ട് ആരു ഒന്ന് പിന്നിലേക്ക് വേച്ച് പോയി..പക്ഷെ വീഴാതെ പിടിച്ചു നിന്നു..... ഞാൻ കണ്ണാപ്പീടെ കാര്യം ഓർത്തതാ കൊച്ചേ....ആൽഫിയും സോഫിയായും ഉണ്ടായിരുന്നേ ഒരു കഴുകനും അവനെ തേടി വരുകേലാരുന്നു......കുഞ്ഞിനെ ഞാനെന്റെ മോനായിട്ടാടീ കാണുന്നേ......എനിക്കവനെ പിരിയാൻ പറ്റുകേല അന്ന കൊച്ചേ......പറഞ്ഞു കഴിഞ്ഞു കരയാൻ തുടങ്ങിയിരുന്നു.....

ആരുവിന്റെ തോളിൽ അവന്റെ കണ്ണുനീർ വീണ് നനവ് പടർന്നതും അവളവന്റെ മുഖം പിടിച്ചുയർത്തി.... അയ്യേ ഒറ്റക്കൊമ്പൻ കരയാ.....ഇത്രേ ഉളളോ എന്റിച്ഛായൻ.....അവൾ അലക്സിന്റെ കണ്ണുകളിൽ ഉറ്റുനോക്കി...... കഴിയുന്നില്ല അന്നക്കൊച്ചേ......എന്തോ കണ്ണാപ്പീയെ നഷ്ടപ്പെടുമോന്ന് പേടിയാ......അവനെ സ്വന്തമാക്കാൻ ആ നെറികെട്ടവൻ എന്ത് ചെറ്റത്തരവും കാണിക്കും......അതുറപ്പാ......അവളിൽ നിന്നും അടർന്നു മാറിക്കൊണ്ട് വിതുമ്പലോടവൻ പറഞ്ഞു...... അയാളെന്ത് ചെറ്റത്തരം കാട്ടിയാലും കണ്ണാപ്പീയെ നമ്മൾ ആർക്കും വിട്ടുകൊടുക്കില്ല.....നമ്മുടെ മോനായിട്ട് അവനീ തറവാട്ടിൽ തന്നെയുണ്ടാവും അത് പോരെ......ഇച്ഛായനോളം ഒരപ്പന്റെ കരുതലും സ്നേഹവും മറ്റാരും അവന് കൊടുക്കില്ലാന്ന് ഈശ്വരനറിയാല്ലോ...... അവൾ പറഞ്ഞത് കേട്ട് അലക്സ് ഒന്നു പുഞ്ചിരിക്കമാത്രം ചെയ്തു.....

അയാൾക്ക് എന്നോട് അടങ്ങാത്ത പകയാടീ അന്നക്കൊച്ചേ .......അത് കണ്ണാപ്പീയെ വിട്ടു കൊടുക്കാത്തത് കൊണ്ട് മാത്രവല്ല......കാരണം വേറെയാ.....അലക്സ് താടിയുഴിഞ്ഞു കൊണ്ട് പതിയെ പറഞ്ഞു..... അയാൾക്ക് ഇച്ഛായനോടിത്ര പക തോന്നാൻ എന്താ കാരണം......അവൾ നെറ്റിചുളുച്ചു കൊണ്ട് ചോദിച്ചു. ഡെയ്സി ആത്മഹത്യ ചെയ്തത് ഞാൻ കാരണവെന്നാ അയാള് കരുതിയിരിക്കുന്നത്.....സത്യം ഞാൻ പല തവണ അയാളോട് പറഞ്ഞതാ വിശ്വസിക്കത്തില്ല ആ പന്ന @@@@ മോൻ അലക്സ് പല്ലു കടിച്ചു..... അലക്സ് അത് പറയുമ്പോൾ ആരു അവനെ തന്നെ നോക്കി നിക്കാരുന്നു ....അവളുടെ മനസ്സിൽ പല ചോദ്യങ്ങളും ഉയർന്നു വന്നു..... ആരാ ഇച്ഛായാ ഡെയ്സി ??ആരു ആകാംഷയോടെ അവനെ തന്നെ നോക്കി നിന്നു.................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story