അതിലോലം: ഭാഗം 18

athilolam new

രചന: രഞ്ജു ഉല്ലാസ്

 ഗൗരി.. ഞാൻ അമ്മിണിഅമ്മയെ കൊണ്ട് ആക്കാൻ വന്നത് ആണ്.. ഇന്ന് വീട്ടിൽ ഒരുപാട് ഗസ്റ്റ് ഉണ്ടായിരുന്നു. അതുകൊണ്ട് അമ്മിണിയമ്മ പോകാൻ താമസിച്ചത്.. ഓക്കെ... അപ്പോൾ നാളെ കാണാം... ഞാൻ എന്റെ വേണ്ടപ്പെട്ടവരും ആയി വരുന്നുണ്ട് നിന്റെ വീട്ടിലേക്ക് കെട്ടോ.. ഔദ്യോഗികം ആയി എന്റെ ഗൗരി കുട്ടിയെ പെണ്ണുകാണാൻ.... ❤❤❤❤❤❤❤... ഹരിയുടെ മെസ്സേജ് വായിച്ചതു അവൾക്ക് ശരീരത്തിന്റെ ഭാരം നഷ്ടപെടുന്നത് പോലെ തോന്നി... "ഈശ്വരാ... എന്തൊക്കെ ആണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്... എന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ നഷ്ടപെട്ടല്ലോ..... എല്ലാ പെൺകുട്ടികളെയും പോലെ തന്റെ മനസിലും ഉണ്ടായിരുന്നു ചെറിയ ചെറിയ സങ്കൽപ്പങ്ങൾ ഒക്കെ.... ഉറക്കം വരാതെ അവൾ തിരിഞ്ഞു മറിഞ്ഞും കിടക്കുക ആണ്.. നാളെ തന്റെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ... അഭിയേട്ടന്റെ ഓരോ വാചകങ്ങളും ഓർത്തപ്പോൾ വല്ലാത്ത വേദന തോന്നി... ആഹ്.... എല്ലാം വിധി എന്ന രണ്ടു വാക്കിന് വിട്ടു കൊടുക്കാം.... എന്താന്ന് വെച്ചാൽ അതുപോലെ നടക്കട്ടെ... രാവേറെ ചെന്നു....

നിദ്രദേവി പുൽകുന്നില്ല അവളെ .. എവിടെ നിന്നോ പാതിരാക്കോഴി കൂവുന്നുണ്ട്....പൂർണചന്ദ്രന്റെ നിലാ വെളിച്ചം മുറിയിലേക്ക് അരിച്ചു ഇറങ്ങി വരുന്നുണ്ട്... രാത്രിയുടെ ഏതോ അന്ത്യയാമത്തിൽ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു... " ഗൗരി.....മോളെ ഗൗരി..ഈ കുട്ടി ഇതുവരെ എണീറ്റില്ലേ.... ".... സീത കുറച്ച് സമയമായി വാതിലിൽ കൊട്ടി വിളിക്കാൻ തുടങ്ങിയിട്ട്.. ഗൗരി ആണെങ്കിൽ താൻ ഉറങ്ങിയത് ഒരുപാട് താമസിച്ചു ആയതുകൊണ്ട്,സീത വിളിക്കുന്നതൊന്നും അവൾ അറിയുന്നുണ്ടായിരുന്നില്ല. "ഗൗരി.... മോളെ..ഇതെന്തൊരു ഉറക്കം ആണ് ഈ പെണ്ണ്..." അവർ കതകിൽ ആഞ്ഞു മുട്ടി.. "അമ്മേ....." ഗൗരി അകത്തുനിന്നും അമ്മയെ വിളിച്ചു.. " എന്താണ് എന്തുപറ്റി..... അവൾ വേഗത്തിൽ കിടക്ക വിട്ട് എഴുന്നേറ്റു..ഓടി വന്നു വാതിൽ തുറന്നു.. " ഹോ ഇതെന്തൊരു ഉറക്കമായിരുന്നു എന്റെ മോളെ നീ.... എത്ര നേരമായി ഞാൻ നിന്നെ വിളിക്കുന്നു" " അതമ്മേ....ഇന്നലെ കിടന്നിട്ട് ഉറക്കം വരുന്നില്ലയിരുന്നു.കുറച്ചു ലേറ്റ് ആയി ഉറങ്ങിയപ്പോൾ...അതുകൊണ്ടാണ്. "

ശരി ശരി.... നീ വേഗം താഴേക്ക് ഇറങ്ങി വാ കുട്ടി.... അമ്മിണിയമ്മ ഇപ്പോൾ ഇവിടെ വന്നിരുന്നു... ഹരിയുടെ വീട്ടുകാർ ഇന്ന് ഇങ്ങോട്ട് വരുന്നുണ്ടെന്ന്... നിന്നെ ഹരിയുടെ അമ്മ വിളിച്ചിട്ട് നീ ഫോൺ എടുത്തില്ല എന്നും പറഞ്ഞു.... " ഇന്നലെ രാത്രിയിൽ ഹരിയാണ് വിളിച്ചത്. ഹരിയുടെ അമ്മ തന്നെ വിളിച്ചില്ലല്ലോ എന്ന് ഗൗരി ഓർത്തു.. " അമ്മിണിയമ്മ എന്താണ് പറഞ്ഞത്" " ഹരിയുടെ കുടുംബത്തിൽ നിന്നും വേണ്ടപ്പെട്ട ആളുകൾ നിന്നെ കാണാനായി ഇന്നു വരുന്നുണ്ടെന്ന്...." അപ്പോൾ ഹരി പറഞ്ഞത് സത്യമാണ്.... ഇന്ന് തന്നെ പെണ്ണു കാണുവാനായി ഹരി വരും... അവൾ വേഗം ചെന്ന് തന്റെ ഫോൺ എടുത്തു നോക്കി... അഞ്ചു മിസ്ഡ് കോൾ... ശ്രീദേവിയുടെ നമ്പറിൽ നിന്നാണ് വന്നിരിക്കുന്നത്.... ഫോൺ സൈലന്റ് ആയിരുന്നതിനാൽ ഗൗരി അറിഞ്ഞിരുന്നില്ല... അവരെ തിരിച്ചു വിളിക്കണോ എന്ന് അവൾ ഒരു നിമിഷം ചിന്തിച്ചു.... അമ്മിണിയമ്മ പറഞ്ഞ കാര്യങ്ങൾ അറിഞ്ഞല്ലോ ഇനി വിളിക്കണ്ട എന്ന് അവൾ തീരുമാനിച്ചു.. ഹരിയുടെ മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു.. ഗൗരികുട്ടി... നിന്റെ ഹരിയേട്ടൻ ഇന്ന് വരുന്നുണ്ട് കെട്ടോ...

സുന്ദരി ആയിട്ട് ഒരുങ്ങി നിന്നോണം... "താൻ ഇങ്ങോട്ട് വന്നു പോകരുത്.. വന്നാൽ ഞാൻ ഈ ബന്ധത്തിൽ നിന്ന് പിന്മാറും... കാവിലമ്മ ആണേൽ സത്യം... പെട്ടന്ന് ഒരു റിപ്ലൈ അവനു അയച്ചു അവൾ.. അഴിഞ്ഞു കിടന്ന കാർകൂന്തൽ ഉച്ചിയിൽ കെട്ടിവെച്ചുകൊണ്ട് അവൾ താഴേക്ക് ഇറങ്ങിച്ചെന്നു. മുറ്റത്തെ ചെടികൾക്കിടയിൽ നിൽക്കുന്ന കളകൾ പറിച്ചു കളയുകയാണ് അച്ഛൻ... ഒരുപാടൊന്നും വളർന്നിട്ടില്ല എന്നാലും...... "അതേയ്.....അവർ വരുമ്പോൾ എന്താണ് അവർക്ക് കഴിക്കാൻ കൊടുക്കേണ്ടത്.. ... " " എന്റെ സീത നീയൊന്ന് സമാധാനപ്പെട്.... ഞാൻ ലക്ഷ്മി മോളോട് വിളിച്ച് പറഞ്ഞിട്ടുണ്ട് എന്തെങ്കിലും ബേക്കറിയിൽ നിന്നും വാങ്ങി കൊണ്ടുവരാൻ.... " " അവൾ വരുമ്പോൾ താമസിക്കുമോ... അവരുടെ വീട്ടുകാർ വന്നു കഴിഞ്ഞാണ് വരുന്നതെങ്കിലോ... " " നീ അപ്പുറത്തു എങ്ങാനും പോയിരിക്കു സീത....

അവര് വന്നിട്ട് പൊയ്ക്കോളും...നീ ഇത്രക്ക് ദെണ്ണപെടേണ്ട..." " ഇതാ ഇപ്പോൾ നന്നായത്... ഞാനെന്തെങ്കിലും പറഞ്ഞാലും നിങ്ങൾക്ക് കുറ്റം" സീത പിറുപിറുത്തു കൊണ്ട് അകത്തെ മുറിയിലേക്ക് കയറിപ്പോയി... " ഇന്നലെ വരെ എന്തെല്ലാം പറഞ്ഞു നടന്ന അമ്മയാണ് മോളെ... അവൾക്ക് വന്ന മാറ്റം കണ്ടോ " അച്ഛൻ ഒന്നു മന്ദഹസിച്ചുകൊണ്ട് ഗൗരിയോട് പറഞ്ഞു... തങ്ങൾക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത ബന്ധമാണ് മേലേടത്തു കുടുംബവുമായി വരാൻ പോകുന്നത്....അതാണ് ഇപ്പോൾ അമ്മക്ക് ഇത്രയും സന്തോഷം എന്ന് അവൾക്ക് തോന്നി... പക്ഷേ തന്റെ അച്ഛനോടും അമ്മയോടും കളവ് പറഞ്ഞത് ഗൗരിക്ക് മനസ്സിൽ ഒരുപാട് വേദന തോന്നി... ഒന്നും വേണ്ടിയിരുന്നില്ല. അയാളോട് പകരം വീട്ടുവാനായി അഭിയേട്ടൻ പറഞ്ഞതുപോലെ താൻ തന്റെ ജീവിതം നശിപ്പിക്കുകയാണല്ലോ... ഹരിയുടെ അമ്മയോടും അന്ന് താൻ അയാളെ ഇഷ്ടമാണെന്ന് പറയേണ്ടിയിരുന്നില്ല എന്ന് ഗൗരി ഓർത്തു... ഇപ്പോൾ അയാൾ ആഗ്രഹിച്ചത് പോലെ തന്നെയല്ലേ കാര്യങ്ങൾ എല്ലാം നടക്കുന്നത്..... "

ഗൗരി മോൾ എന്താണ് ആലോചിക്കുന്നത്" അച്ഛൻ ചോദിച്ചു.. " ഹേയ് ഒന്നുമില്ല അച്ഛാ....." "കാലത്തെ അമ്മിണിയമ്മ വന്നായിരുന്നു... ഹരിയുടെ വീട്ടിൽ നിന്നും ആരൊക്കെയോ വരുന്നുണ്ട് എന്ന് പറഞ്ഞു.. മോളെ അവര് ആരും കണ്ടിട്ടില്ലാലോ... അതുകൊണ്ട്...." "മ്മ്..." "മോൾടെ മുഖം എന്താ വാടി ഇരിക്കുന്നത്... ങേ.. എന്തെങ്കിലും വിഷമം ഉണ്ടോ മോൾക്ക്...." "ഹേയ് ഇല്ല അച്ഛാ..... അച്ഛന് തോന്നുന്നത് ആവും..." "ന്റെ കുട്ടിയെ കാണാൻ തുടങ്ങിയിട്ട് എത്ര നാൾ ആയി അച്ഛൻ..മോൾടെ മുഖം ഒന്ന് വാടിയാൽ ഈ അച്ഛൻ അറിയും..."വാത്സല്യത്തോടെ അയാൾ അവളുടെ നെറുകയിൽ തഴുകി.. കണ്ണുകൾ ഈറൻ മഴ പെയ്യുമോ എന്ന് ഓർത്തു പോയി ഗൗരി... "എന്താ മോളെ....ഹരിയെ മോൾക്ക് ഇഷ്ടം അല്ലെ.... നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായോ..എന്ത് വിഷമം ഉണ്ടേലും അച്ഛനോട് എന്റെ കുട്ടി പറയു...." "അത് പിന്നെ അച്ഛാ....." "ദേ...ഗൗരി...നിന്റെ ഫോൺ വീണ്ടും ബെല്ലടിക്കുന്നു... "അവൾ അച്ഛനോട് എന്തെക്കെയോ പറയാൻ തുടങ്ങിയതും സീത അവളുടെ ഫോണും ആയി ഇറങ്ങി വന്നു... നോക്കിയപ്പോൾ ശ്രീദേവി കാളിങ്... ഹരി ആണോ അതോ അമ്മ ആണോ എന്നവൾ ഓർത്തു. "എടുക്ക് മോളെ.... ഹരീടെ അമ്മ അല്ലെ..."

"മ്മ്... അതെ അമ്മേ....കട്ട്‌ ആയി..." "ഇത് എത്ര തവണ അവര് വിളിച്ചു... നീ അങ്ങോട്ട് വിളിക്ക്..." സീതയെ ഒന്ന് നോക്കിയിട്ട് ഗൗരി ഫോൺ എടുത്തു ശ്രീദേവിയെ വിളിച്ചു.. . "ആഹ്... എന്റെ മോളെ അമ്മ എത്ര തവണ വിളിച്ചു... മോള് എടുത്തില്ലല്ലോ...എന്ത് പറ്റി.." "അത് അമ്മേ.... ഞാൻ.... ഇന്നലെ ഉറങ്ങിയപ്പോൾ ലേറ്റ് ആയി.... ഇപ്പോൾ കാലത്തെ അമ്മിണിയമ്മ വന്നു പറഞ്ഞു വിവരങ്ങൾ ഒക്കെ...." "ആഹ്ഹ്... മോളെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് ആണ് കെട്ടോ... എവിടെ മോളുടെ അമ്മയും അച്ഛനും ഒക്കെ..." "ഇവിടെ അടുത്തുണ്ട്...." "എന്നാൽ മോള് ഫോൺ അച്ഛന് കൊടുക്കുമോ....." "ഉവ്വ് അമ്മേ...." അവൾ ഫോൺ അച്ഛന് കൈമാറി.. "ഹെലോ.... ഗൗരിടെ അച്ഛാ....ഇന്ന് ഞങ്ങൾ അഞ്ചാറ് പേര് അങ്ങോട്ട് വരുന്നുണ്ട് കെട്ടോ...... ഗോപിനാഥ മേനോന്റെ ശബ്ദം... "ഉവ്വ്... അമ്മിണിയമ്മ പറഞ്ഞിരുന്നു....." "അതെയല്ലേ...അറിയിക്കാൻ പറഞ്ഞായിരുന്നു ഞങ്ങൾ... അവിടെ എന്തെങ്കിലും അസൗകര്യം ഉണ്ടോ...." "ഇല്ല..... ഒരു അസൗകര്യവും ഇല്ല..." "ഓക്കേ..... എന്നാൽ പിന്നെ നമ്മൾkക്ക് അവിടെ വെച്ച് കാണാം..."

. "ശരി..." "ആഹ് വെയ്ക്കല്ലേ.ഒരു മിനിറ്റ് .. ഫോൺ ഞാൻ ദേവിക്ക് കൊടുക്കാം..." "ഹലോ... അച്ഛാ.... ഞാൻ അമ്മയോട് കൂടെ ഒന്ന് പറയട്ടെ.... ഒന്ന് കൊടുക്കുമോ..." അയാൾ ഫോൺ സീതയ്ക്ക് കൊടുത്തു. ദേവി സീതയോടും പറഞ്ഞു അവര് വരുന്ന കാര്യം.. എന്നിട്ട് ആണ് ഫോൺ വെച്ചത്. അച്ഛന്റെയും അമ്മയുടെയും മുഖത്ത് സന്തോഷം.... "നല്ല മനുഷ്യർ ആണ് അല്ലെ ചേട്ടാ...."സീത ഭർത്താവിനെ നോക്കി. "അതെ.....ഹരീടെ അച്ഛനും അമ്മയും സ്നേഹം ഉള്ളവർ ആണ്....." "നീ എന്താ ഗൗരി ഇങ്ങനെ കുന്തം വിഴുങ്ങി നിൽക്കുന്നത്... അവളുടെ ഒരു ആലോചന..." സീത മകളോട് കയർത്തു.. അവൾ ഫോണും ആയിട്ട് അകത്തേക്ക് കയറി പോയി. ഇവൾക്ക് ഇത് എന്ത് പറ്റി... ഒരു മൂകത ആണല്ലോ... സീത സ്വയം പറഞ്ഞു. അച്ഛനെയും അമ്മയെയും വിഷമിപ്പിച്ചത് കൊണ്ട് ആവും എന്ന് കൈമൾ കരുതി.. എപ്പോളും അച്ഛന്റെ പിറകെ ഓടി നടന്ന പെൺകുട്ടി ആയിരുന്നു.. എന്തിനും ഏതിനും അവൾക്ക് അച്ഛൻ മതി... ടൗണിൽ പോകാനും അമ്പലത്തിൽ പോകാനും ഡ്രസ്സ്‌ എടുക്കാൻ പോകാനും ഒക്കെ അച്ഛനെ അവൾ കൂട്ടും..

എത്ര തിരക്ക് ആണേലും അച്ഛൻ അവളുടെ ഒപ്പം പോകുമായിരുന്നു.. സുഹൃത്തുക്കളെ പോലെ ആയിരുന്നു അവര്... ഗൗരി യുടെ മനസിലെ എന്ത് കാര്യവും അച്ഛനോട് അവൾ പറയുമായിരുന്നു... ഒരു രഹസ്യവും അവൾക്ക് ഇല്ലായിരുന്നു എന്ന് അയാൾ ഓർത്തു... ഹരി ഒഴിച്ച്.... .. അതു മാത്രവൾ പറഞ്ഞില്ല...... അച്ഛനോട് പറയാൻ അവൾക്ക് പേടി ആയിരുന്നു.. അതാവും അവളുടെ സങ്കടത്തിന്റ കാരണം..കൈമൾ ഓർത്തു.. ഒരു കാർ ഹോൺ മുഴക്കി വരുന്നത് കണ്ടു .. ലക്ഷ്മിയും ഗോപനും ആണ്... "സീതേ... ദേ മോളെത്തി... ഇനി അവൾ താമസിച്ചു എന്ന് പറഞ്ഞു നീ ബഹളം കൂട്ടണ്ട..." സീത പുഞ്ചിരിച്ചു കൊണ്ട് ഇറങ്ങി വന്നു... ലക്ഷ്മി കുഞ്ഞിനെ അമ്മയുടെ കൈലേക്ക് കൊടുത്തു... എന്നിട്ട് രണ്ടു മൂന്ന് കവറിൽ സാധനങ്ങളും ആയിട്ട് ഇറങ്ങി വന്നു.. "ഇത് ഒരുപാട് വാങ്ങിയോ മോളെ നീയ്..."

..ലക്ഷ്മി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവ എല്ലാം വരാന്തയിൽ വെച്ചു . "അമ്മേ... അവൾ എവിടെ..." . "അകത്തുണ്ട് മോളെ.. നീ വാ... ഹരിയുടെ അച്ഛനും അമ്മയും ഇപ്പോൾ വിളിച്ചു..." "ആണോ... എന്തിനാ അമ്മേ വിളിച്ചത്.." "അത് അച്ഛനോടും എന്നോടും അവർ ഇന്ന് ഇവിടേക്ക് വരുന്ന കാര്യം പറയാൻ ആയിരുന്നു മോളെ..അമ്മിണിയമ്മ അല്ലെ വിവരങ്ങൾ ഒക്കെ പറഞ്ഞത്.." "ആഹ്ഹ....അവര് എപ്പോൾ വരും അമ്മേ..." "10മണി കഴിഞ്ഞു വരും എന്ന് ആണ് പറഞ്ഞത്...നീ അവളുടെ അടുത്തേക്ക് ചെല്ല്..ഞാൻ ചായ എടുക്കാം...".. ലക്ഷ്മി കുഞ്ഞിനെ മേടിച്ചു കൊണ്ട് സ്റ്റെപ്പുകൾ കയറി ഗൗരിയുടെ മുറിയിലേക്ക് പോയി... ഗൗരി അപ്പോൾ കുളിക്കുക ആയിരുന്നു.... "ഗൗരി... നീ കുളി കഴിഞ്ഞില്ലേ..." "ആഹ്... ചേച്ചി എപ്പോ വന്നു..." "ദേ... വന്നു കേറിയതെ ഒള്ളൂ.... " ലക്ഷ്മി... വാ ചായ കുടിക്കാം... സീത വിളിച്ചു.. "ഗൗരി... നീയ് ചായ കുടിച്ചോ..." "ഇല്ല ചേച്ചി... ചേച്ചി ചെല്ല് ഞാൻ ഇപ്പോൾ വരാം..." "അത് സാരമില്ല.. നമ്മൾക്ക് ഒരുമിച്ചു പോകാം...." വാവേ... ദേ... ചിറ്റേടെ കല്യാണം ആയി കെട്ടോ.... നമ്മൾക്ക് അടിച്ചു പൊളിക്കണ്ടേ..... ലക്ഷ്മി കുഞ്ഞിനെ കൊഞ്ചിച്ചു കൊണ്ട് ഇരുന്നപ്പോൾ ഗൗരി കുളി കഴിഞ്ഞു ഇറങ്ങി വന്നു.. "കുഞ്ഞൂ..... വായോ... വായോ..."ഗൗരി വാവയെ എടുത്തു ഉമ്മ വെച്ച്.. "

ഹരിടെ അമ്മ വിളിച്ചാരുന്നു അല്ലെ മോളെ..." "മ്മ്.... വിളിച്ചു..." "അവർ ഇന്ന് എന്ത് പറയുവോ ആവോ...ഉടനെ നടത്തേണ്ടി വരുമോ...."ലക്ഷ്മി ആലോചനയിൽ ആണ്ടു.. "നിന്നോട് ഹരി എന്തെങ്കിലും പറഞ്ഞോ..." "ഇല്ല ചേച്ചി" "മ്മ്... മോളെ നീ റെഡി ആവു.... ആ സെറ്റും മുണ്ടും എടുത്തു ഉടുക്ക്..." "അത് ഒന്നും വേണ്ട ചേച്ചി... ഈ ചുരിദാർ മതി..." . "അത് നിയണോ ഗൗരി തീരുമാനിക്കുന്നത്... ആ സെറ്റ് എടുത്തു ഉടുക്ക്.... അവരുട ആളുകൾ ഒക്കെ വരുന്നത് അല്ലെ..."മക്കൾക്ക് രണ്ടാൾക്കും ചായയും ആയി വന്ന സീതയും പറഞ്ഞു. ഗൗരി പക്ഷെ മടിച്ചു നിന്നു... "നീ എന്താ ഗൗരി ഒരു ഒരു സന്തോഷവും ഇല്ലാതെ നിൽക്കുന്നത്... നിന്റെ ഭാവം കണ്ടാൽ തോന്നും ഞങ്ങൾ നിന്നെ നിർബന്ധിച്ചു കല്യാണം കഴിച്ചു വിടുന്നതാണെന്ന്" സീത മകളെ നോക്കി പറഞ്ഞു. " എനിക്കൊരു വിഷമവുമില്ല ഒക്കെ അമ്മയുടെ തോന്നലാണ്" " ശരി ശരി ഞാൻ ഒന്നും പറയുന്നില്ല നീ വേഗം റെഡിയാകു.... " സീത കുഞ്ഞിന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തിട്ട് പുറത്തേക്ക് ഇറങ്ങിപ്പോയി " അമ്മ പറഞ്ഞത് സത്യമാണെന്ന് എനിക്കും തോന്നി....മോളെ നിനക്കെന്തെങ്കിലും വിഷമം ഉണ്ടോ "?? ലക്ഷ്മി വന്ന് ഗൗരിയുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു ഒരാളെ സ്നേഹിക്കുന്നത് കുറ്റം ഒന്നുമല്ല ഗൗരി അത് ഈ ലോകത്തിൽ ആദ്യത്തെ സംഭവമല്ല...

പിന്നെ നിന്നെ സംബന്ധിച്ചിടത്തോളം നീ സ്നേഹിച്ച പുരുഷനെ തന്നെ നിനക്ക് ഭർത്താവായി ലഭിക്കാൻ പോകുകയാണ്.,... ഹരിയും നിന്നെ കൈവിട്ടിട്ടില്ല പിന്നെ എന്താണ് നിനക്കൊരു വിഷമം..... പെട്ടെന്ന് തന്നെ ഗൗരി ചേച്ചിയെ കെട്ടിപ്പിടിച്ചു.... അവൾ പൊട്ടിക്കരഞ്ഞു... " ഇതെന്താ ഗൗരി നിനക്ക് പറ്റിയത് നീ എന്തെങ്കിലും ഉണ്ടെങ്കിൽ തെളിച്ചു പറ.... "ഒന്നുമില്ല.... ഈ കുടുംബത്തിന് ഞാൻ ചീത്ത പേരുണ്ടാക്കി വെച്ചല്ലോ ചേച്ചി... പാവം നമ്മുടെ അച്ഛൻ... എല്ലാവരോടും ഞാൻ കളവ് പറഞ്ഞല്ലോ.,.... അതൊക്കെ ഓർക്കുമ്പോൾ എന്റെ നെഞ്ച് പൊട്ടുകയാണ് ചേച്ചി....." " പോട്ടെ ഗൗരി സാരമില്ല... ആദ്യ അച്ഛന് സങ്കടം തോന്നിക്കാണും.... അമ്മയ്ക്കും ഒരുപാട് ദേഷ്യം ഉണ്ടായിരുന്നു നിന്നോട്.. പക്ഷേ ഇപ്പോൾ അവർ രണ്ടാളും അതീവ സന്തോഷത്തിലാണ്.. ഏറ്റവും നല്ല ഒരു കുടുംബത്തിലേക്ക് അല്ലേ നീ ചെന്ന് കയറാൻ പോകുന്നത്. പിന്നെ ഹരി ആണെങ്കിലും നിന്നെ, ചതിക്കുകയോ വഞ്ചിക്കുകയും ഒന്നും ചെയ്തില്ലല്ലോ. സ്നേഹിച്ച പെണ്ണിനെ അയാൾ ഉപേക്ഷിക്കാതെ കുടുംബത്തിൽ പറഞ്ഞില്ലേ എല്ലാം..അതുകൊണ്ട് നീ സങ്കടപ്പെടുകയൊന്നും വേണ്ട...ഭഗവാനോട്... പ്രാർത്ഥിക്കുക എല്ലാം നല്ലതായി നടക്കുവാൻ " ഗൗരിയുടെ കണ്ണുനീർ ഒപ്പി കൊണ്ട് ലക്ഷ്മി പറഞ്ഞു.. " മോളെ ഗൗരി... നീയ് ആ സെറ്റും മുണ്ടും എടുത്തു ഉടുക്ക്..അവര് വരുമ്പോൾ നീ നല്ല മിടുക്കി കുട്ടിയായി നില്ക്കു... "അവളുടെ കവിളിൽ ഒരു മുത്തം കൊടുത്തു കൊണ്ട് ലക്ഷ്മി അനുജത്തിയെ സമാധാനിപ്പിച്ചു........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story