ആത്മരാഗം ❤️: ഭാഗം 25

athmaragam part 1

എഴുത്തുകാരി: AJWA

"ആ..... ഹ്...... അമ്മേ......." അവൾ കണ്ണീരോടെ വിളിച്ചു.......!! "എന്താടി വിളിച്ചു കൂവുന്നത്...... നിന്റെ അമ്മ ഇവിടെ അല്ല......" സുമതി അവൾക്ക് മുന്നിൽ വന്നു പറഞ്ഞതും അവൾ കണ്ണീരോടെ അവരെ നോക്കി.......! "ഓഹ് പേറ്റ് നോവാണോ....... എന്തിനാ ആവശ്യം ഇല്ലാത്ത പണിക്ക് പോയത്......ഇതൊക്കെ സഹിച്ചേ പറ്റൂ...... ഇവിടെ കിടന്നു കരഞിട്ട് യാതൊരു കാര്യവും ഇല്ല...... നീ അച്ഛനെ അന്ന് ഹോസ്പിറ്റലിൽ എത്തിച്ച പോലെ എത്തിക്കാൻ ഉള്ള മനസും എനിക്കില്ല...... ഉള്ളത് മുഴുവൻ ഇപ്പൊ നിന്റെ കയ്യിൽ അല്ലേ അനുഭവിക്കാൻ അല്ലേലും നിനക്ക് യോഗം ഇല്ല......." "ആ...... ഹ്......." ആദി ഒന്നും പറയാൻ ആവാതെ കരച്ചിലോടെ തന്നെ നിന്നു.......! "അയ്യോ മോളെ എന്ത് പറ്റി......." ജാനു ചേച്ചി കിച്ചണിൽ നിന്ന് ഓടി വന്നു ചോദിച്ചതും ആദി കണ്ണീരോടെ അവരെ നോക്കി.......! "മോളെ ഇത് പ്രസവവേദനയാണ്...... ആദി മോളെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണം....... അല്ലെങ്കിൽ......." "ഇവളും കൊച്ചും ചത്തു പോവായിരിക്കും അല്ലേ......" സുമതിയുടെ ചോദ്യം കേട്ടതും ആദി ശരീരത്തിൽ ഉള്ള വേദനയേക്കാൾ മനസ്സിൽ ഏറ്റ വേദനയോടെ അവരെ നോക്കി.......!

അവൾ ഒരു പുച്ഛത്തോടെ അകത്തേക്ക് പോയി.......!! "മോളെ,,,,,,സാർ ഇപ്പൊ പുറത്തേക്ക് പോയതേ ഉള്ളൂ...... ലക്ഷ്മി കുഞ് ആണെങ്കിൽ മക്കളെയും കൊണ്ട് അവർക്ക് എന്തൊക്കെയോ വാങ്ങാൻ ഉണ്ടെന്ന് പറഞ്ഞു പോയിട്ട് ഇത് വരെ വന്നില്ല.......ഇനി എന്ത് ചെയ്യും മോളെ......." "അറിയില്ല ചേച്ചി......" അവൾ വേദനയോടെ തന്നെ പറഞ്ഞു...... "മോൾ ഇവിടെ ഇരിക്ക്.....ഞാൻ ഏതെങ്കിലും വണ്ടി കിട്ടുമോ എന്ന് നോക്കട്ടെ......." അവർ പുറത്തേക്ക് ഇറങ്ങിയതും ആദിയിൽ ഹർഷന് എന്തെങ്കിലും പറ്റി കാണുമോ എന്ന ചിന്ത മാത്രം ആയിരുന്നു.......! വേദന സഹിക്കാൻ ആവാതെ ആയതും ആദി പതിയെ എണീറ്റു പുറത്തേക്ക് നടന്നു.......തന്റെ ഗതി മറ്റാർക്കും വരുത്തരുതേ എന്ന് പോലും അവൾ മനസ് കൊണ്ട് ആഗ്രഹിച്ചു പോയി....... "ഈ സമയം ആയത് കൊണ്ടാണെന്ന് തോന്നുന്നു ആരും ഇവിടെ എങ്ങും ഇല്ല.......മോൾ ഇവിടെ നിക്ക്......ഞാൻ ആരെയെങ്കിലും ഫോണിൽ കിട്ടുവോന്ന് നോക്കട്ടെ......." അവർ അകത്തേക്ക് ഓടിയതും ആദി ഗേറ്റിന് വെളിയിൽ നിന്നു...... ഒരു രക്ഷയും അവൾക്ക് മുന്നിൽ കണ്ടില്ല...... ഇനി എന്ത് ചെയ്യും......

വേദന സഹിക്കാൻ ആവാതെ അവൾ നിന്നു...... തന്റെ വീട്ടിൽ ആയിരുന്നെങ്കിൽ ഏട്ടനും അമ്മയും തനിക്ക് ഒരിക്കലും ഇങ്ങനെ ഒരു ഗതി വരാൻ അനുവദിക്കില്ലായിരുന്നു.......ഹർഷേട്ടന് ആണെങ്കിൽ എന്ത് പറ്റി എന്ന് അറിയില്ല..... അവൾ തേങ്ങലോടെ അവിടെ നിന്നു.......! അവളുടെ മുഖത്തേക്ക് വണ്ടിയുടെ ഹെഡ് ലേറ്റ് പതിച്ചതും അവളുടെ കണ്ണിൽ നേരിയ ഒരു പ്രതീക്ഷ ഉദിച്ചു...... വണ്ടിയിൽ നിന്നും ഇറങ്ങി വരുന്ന ആളുടെ മുഖം കാണുന്നതിന് മുന്നേ അവൾ തളർന്നു ആ കയ്കളിൽ വീണിരുന്നു........!! ▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️ മണിക്കൂറുകൾ കഴിഞ്ഞു ഓപ്പറേഷൻ തിയേറ്റർ ഡോർ തുറക്കപ്പെട്ടതും കാശിനാഥൻ ഇറങ്ങി വരുന്ന ഡോക്ടർക്ക് മുന്നിൽ ചെന്നു.......! "എനിക്ക് എന്റെ മകനെ ഒരു നോക്ക് കണ്ടാൽ മതി...... പ്ലീസ് ഡോക്ടർ......" അയാൾ കണ്ണീരോടെ അവർക്ക് മുന്നിൽ കെഞ്ചി പറഞ്ഞു...... "ഓപ്പറേഷൻ കഴിഞ്ഞതെ ഉള്ളൂ...... ദൂരെ നിന്നും ഒന്ന് കണ്ടാൽ മതി......." അയാൾ ഒരു നോട്ടമേ കണ്ടുള്ളൂ......നെഞ്ചു പൊട്ടുന്ന വേദനയോടെ അയാൾ അലറി കരഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി......

"ഹർഷന് ഇപ്പൊ എങ്ങനെ ഉണ്ട്.......?!!" നിരഞ്ജൻ അയാളെ അടുത്തേക്ക് വെപ്രാളത്തോടെ വന്നു കൊണ്ട് ചോദിച്ചതും അയാൾ കരച്ചിലോടെ അവന്റെ തോളിലേക്ക് ചാഞ്ഞു.......!! ▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️▫️ കാതിൽ കുഞിൻറെ കരച്ചിൽ കേട്ടാണ് ആദി ഒന്ന് ഞെരുങ്ങി കൊണ്ട് കണ്ണ് തുറന്നത്....... ശരീരം മുഴുവൻ കുത്തി നോവിക്കുന്ന വേദനയോടെ അവൾ പതിയെ എണീറ്റു...... ഞാൻ ഇത് എവിടെ ആണ്...... അവൾ ചുറ്റിലും നോക്കി...... നടന്നതെല്ലാം ഓർത്തെടുത്തു......താൻ എത്തിപ്പെട്ട കയ്കൾ എങ്ങോട്ടാണ് എന്നെ കൊണ്ട് വന്നത്....... ആരും കാണാത്ത ഈ മുറിയിൽ എന്തിനാവും എന്നെ കൊണ്ടിട്ടത്....... തന്റെ കരച്ചിലിന് മുന്നിൽ അയാൾ കീഴടങ്ങി ഏതോ ഒരു ഡോക്ടറെ തനിക്കരികിൽ പറഞ്ഞു വിട്ടു....... തന്റെ കരച്ചിൽ ഈ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി എന്റെ കുഞിനു ജന്മം നൽകി...... "മോൻ ആണ്........" അത് മാത്രമേ അവരുടെ വായിൽ നിന്നും കേട്ടുള്ളൂ....... എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു...... പക്ഷെ അതിന് മുന്നേ അവർ പറഞ്ഞു...... തന്നെ ഏല്പിച്ചത് നിന്റെ കുഞിനെ പുറത്തെടുക്കാൻ മാത്രം ആണ്.......

മറ്റൊന്നും എനിക്കറിയില്ല.......വിഷമത്തോടെയും വേദനയോടെയും ആ നിമിഷം കണ്ണുകൾ അടച്ചതാണ്........!!ഓർക്കും തോറും അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.......!! ചിന്തകളെ ഉണർത്തിയത് കുഞിൻറെ കരച്ചിൽ വീണ്ടും കാതുകളിൽ പതിഞ്ഞപ്പോൾ ആണ്.......തന്റെ അരികിൽ ആയുള്ള കുഞിനെ കണ്ടതും അവൾ പുഞ്ചിരിയോടെ അതിനെ നോക്കി........! ഹർഷൻ ആഗ്രഹിച്ചത് ഒക്കെ അവളോർത്തു....... അച്ഛനെന്ന അവകാശത്തോടെ ഡോക്ടറെ കയ്യിൽ നിന്നും കുഞിനെ ഏറ്റു വാങ്ങണം എന്നത്.......പക്ഷെ അവന് എന്ത് പറ്റി എന്ന് പോലും അറിയാതെ അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു....... കുഞിനെ കയ്യിൽ എടുത്തു മാറോടണക്കുമ്പോൾ പോലും അവളുടെ ചിന്തകൾ അവനിൽ ആയിരുന്നു....... ഹർഷേട്ടന് ഒന്നും സംഭവിക്കാതെ എനിക്ക് തിരിച്ചു തരണേ എന്ന പ്രാർത്ഥന മാത്രം ആയിരുന്നു അവളിൽ....... പുറം ലോകം കാണാതെ ആ ചുവരുകൾക്കുള്ളിൽ അവളുടെയും കുഞിന്റെയും ദിവസങ്ങൾ കൊഴിഞ്ഞു....... മൂന്ന് നേരം ഭക്ഷണം എത്തിക്കാൻ മാത്രം തനിക്ക് മുന്നിൽ തുറക്കപ്പെടുന്ന വാതിലുകൾ.......ഹർഷനെ ഒരു നോക്ക് കണ്ടില്ലെങ്കിൽ ഭ്രാന്ത് പിടിക്കും എന്ന് വരെ തോന്നിയ ദിവസങ്ങൾ.....ഇങ്ങനെ ശിക്ഷിക്കാൻ മാത്രം ഞാൻ എന്ത് തെറ്റാണ് ചെയ്തത് ഈശ്വരാ.......!! ▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️ "ആദി എവിടെ.......?!!"

മാസങ്ങൾക്ക് ശേഷം ആണ് ഹർഷൻ ജീവിതത്തിലേക്ക് തിരിച്ചു വന്നത്......... അവന് ദിവസം കഴിയും തോറും അത് മാത്രമേ ചോദിക്കാൻ ഉണ്ടായിരുന്നുള്ളൂ.......! "ഞാൻ പറഞ്ഞല്ലൊ മോനെ അവൾ ഡെലിവറി കഴിഞ്ഞു അവളുടെ വീട്ടിൽ തന്നെയാ......വീട്ടിൽ ചെന്നാൽ നമുക്ക് അവളെ വീട്ടിലേക്ക് കൊണ്ട് വരാം......അപ്പൊ കാണാലോ......." അച്ഛൻ മനോവിഷമത്തോടെ പറഞ്ഞു.......! "അവൾക്ക് എന്തൊ സംഭാഭിച്ചിട്ടുണ്ട് എന്ന് എന്റെ മനസ് പറയുന്നു....... അല്ലെങ്കിൽ അവൾ എന്നെ കാണാൻ വരാതിരിക്കില്ല.....എന്റെ കുഞിനെ പോലുംകാണാൻ ഉള്ള ഭാഗ്യം എനിക്കില്ലാതായിപ്പോയി അല്ലേ അച്ഛാ......." "ഡോക്ടർ പറഞ്ഞത് നീയും കേട്ടതല്ലേ....... രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാം എന്ന്......." "അത് എന്റെ കാര്യം അല്ലേ...... പക്ഷെ എന്റെ ആദി അവളെ കാണാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല...... അവൾക്കെന്തോ സംഭവിച്ചിട്ടുണ്ട് അത് കൊണ്ടാ നിരഞ്ജൻ പോലും എന്റെ മുന്നിൽ വരാത്തത്........" അവന്റെ വിഷമം കണ്ടതും അച്ഛൻ അവൻറെ കയ്യിൽ അമർത്തി പിടിച്ചു.......! "മോൻ വിഷമിക്കരുത്...... നിന്റെ വിഷമം കാണാൻ പറ്റാത്തത് കൊണ്ട് തന്നെയാ ഞാൻ പറയാതിരുന്നത്....... ആദി മിസ്സിംഗ്‌ ആണ്.......നിനക്ക് ആക്‌സിഡന്റ് പറ്റിയ അന്ന് തന്നെയാണ്......

അത് അറിഞ്ഞു അവളുടെ വീട്ടുകാർ വിഷമത്തിൽ ആണ്......നിരഞ്ജൻ അത് വരെ ഇവിടെ ഉണ്ടായിരുന്നു...... അവളെ കാണാൻ ഇല്ലെന്നു കേട്ടപ്പോൾ മുതൽ തകർന്നതാ അവൻ......ലേബർ പൈൻ ആയിട്ട് പോലും ആരും അവളോട്‌ കരുണ കാണിച്ചില്ല...... പിന്നെ എന്താ സംഭവിച്ചത് എന്ന് ആർക്കും അറിയില്ല......." "കൊന്നു കാണും എല്ലാരും കൂടി എന്റെ ആദിയെ.......അതിന് വേണ്ടി മനഃപൂർവം ചെയ്തത് തന്നെയാ ഈ ആക്‌സിഡന്റ്......" ഹർഷൻ വിഷമത്തോടെ പറഞ്ഞു.......!! "അതേ അച്ഛാ...... എന്റെ ശ്രദ്ധയില്ലായ്മ കൊണ്ട് സംഭവിച്ചത് അല്ല ഈ ആക്‌സിഡന്റ്....... മനഃപൂർവം തന്നെയാ,,,,,, എനിക്ക് ഉറപ്പാ......." "പക്ഷെ ആര്....... എന്തിന് വേണ്ടി........?!!" "അറിയില്ല....... പക്ഷെ ഏതോ ഒരു ശത്രു അവൾക്ക് പിന്നാലെ ഉണ്ട്......." "മ്മ്...... പിന്നാലെ അല്ല മുന്നിൽ തന്നെ ശത്രുക്കൾ അല്ലേ........" അച്ഛൻ പറഞ്ഞതും ഹർഷൻ ഓർത്തത് സുമതിയുടെ മുഖം ആണ്......! "ഒരിക്കൽ ഞാനും അവളെ കൂടെ നിന്നതാ...... പക്ഷെ അവളെ സ്നേഹിക്കാൻ തുടങ്ങിയപ്പോഴേക്കും ദൈവം എനിക്ക് അതിനുള്ള അവസരം തന്നില്ല......." അയാൾ നിരാശയോടെ തല താഴ്ത്തി......! "അവളെ തീർക്കാൻ ആരോ ഒരാൾ ബെഡ്‌റൂമിൽ വരെ എത്തിയതാ...... പക്ഷെ പിന്നീട് ഉപദ്രവം ഒന്നും ഇല്ലാത്തത് കൊണ്ട് ഞാനും അത് മറന്നു......

എനിക്ക് ഇപ്പൊ തോന്നാ അയാൾ അവസരങ്ങൾക്ക് വേണ്ടി കാത്തു നില്ക്കൽ ആയിരുന്നു എന്ന്......." "അങ്ങനെ ആണെങ്കിൽ ആദിയെ അവർ വെച്ചേക്കുമോ മോനെ......" അച്ഛന്റെ ചോദ്യത്തിൽ അന്ന് ആദി പറഞ്ഞത് ഹർഷൻ ഓർത്തു...... അവളെ തീർക്കാൻ അല്ല നേടി എടുക്കാനാ അയാൾ ശ്രമിച്ചത് എന്ന്.......! "ആരായാലും അവളെ തീർക്കില്ല..... എവിടെ ആണെങ്കിലും ജീവനോടെ കാണും...... ശരീരം ബലമായി പിടിച്ചു വാങ്ങാൻ കഴിയുമായിരിക്കും..... പക്ഷെ മനസ്,,,,,അവിടെ എന്നും ഞാൻ മാത്രം ആണ്..... എനിക്ക് അത് മതി......" അയാൾ വിഷമത്തോടെ അവനെ നോക്കി........ അവനെ ആശ്വസിപ്പിക്കാൻ പോലും ആവാത്ത അവസ്ഥ...... "അച്ഛാ എനിക്ക് ഇന്ന് തന്നെ ഡിസ്ചാർജ് വേണം...... എന്റെ ആദിയെ എനിക്ക് കണ്ടെത്തിയെ പറ്റൂ......" "മോനെ,,,,,, അത്......." "വേണം...... ഈ മുറിവിനെക്കാൾ വലുത് എന്റെ മനസ്സിൽ ഉണ്ട്...... അത് ഏത് ഡോക്ടർക്കും ചികിൽസിച്ചു മാറ്റാൻ ആവില്ല...... എന്റെ ആദിക്ക് അല്ലാതെ......." അന്ന് തന്നെ ഡിസ്ചാർജ് ആയി ഹർഷൻ ചെന്നത് ആദിയുടെ വീട്ടിൽ ആണ്.......

അവരുടെ അവസ്ഥ കണ്ട് ഹർഷന് സഹിക്കാൻ ആയില്ല..... അവളുടെ അച്ഛനും ആ വാർത്തയോടെ ഈ ലോകം വിട്ട് പിരിഞ്ഞു......! "നിരഞ്ജൻ......." ഹർഷൻ അവനരികിൽ ഇരുന്നു കൊണ്ട് വിളിച്ചതും നിരഞ്ജൻ അവനെ കെട്ടിപ്പിടിച്ചു......രണ്ട് പേരുടെയും കണ്ണുകൾ ഒരു പോലെ ഒഴുകി......! "ഈ ലോകം മുഴുവൻ അന്വേഷിച്ചിട്ടും എനിക്ക് അവളെ കണ്ടെത്താൻ ആയില്ലേടാ......." "ഞാൻ വന്നില്ലേ..... ഇനി അവളെ ഞാൻ കണ്ട് പിടിച്ചോളാം......." അവന്റെ വാക്കിൽ നിരഞ്ജൻ ആശ്വസിച്ചു..... അവനറിയാം ആദി എവിടെ ആണെങ്കിലും ഹർഷന് കണ്ടെത്താൻ ആവുമെന്ന്.......! പക്ഷെ പിന്നീടുള്ള ദിവസങ്ങളിൽ ഹർഷൻ ആദിയെ തേടി അലഞ്ഞു എന്നല്ലാതെ അവളെ കണ്ടെത്താൻ ആവാതെ വിഷമിച്ചു........! ▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️ ഹർഷൻ തിരികെ എത്തിയതോടെ സുമതി അവളുടെ വീട്ടിലേക്ക് പോയി......! എന്നാലും ആ ആദി ഇത് എവിടെ പോയി...... എവിടെ എങ്കിലും ചത്തു കിടക്കാണെങ്കിൽ ബോഡി എങ്കിലും കാണണ്ടേ...... അവൾ സ്വയം പറഞ്ഞു....... അവൾ സിറ്റൗട്ടിൽ ഇരിക്കുമ്പോൾ ആണ് പോസ്റ്റ്‌മാൻ വന്നത്...... അവളുടെ പേരിൽ ആയത് കൊണ്ട് സൈൻ ചെയ്തു വാങ്ങിയതും ആവേശത്തോടെ അവൾ അത് തുറന്നു നോക്കി....... 'ഡിവോഴ്സ് നോട്ടീസ്....'

അവൾ ഫോൺ എടുത്തു അപ്പൊ തന്നെ അശോകിനെ വിളിച്ചെങ്കിലും ഫോൺ ഓഫ് ആണെന്ന് കേട്ട് അവൾക്ക് അധിക നേരം പിടിച്ചു നിൽക്കാൻ ആയില്ല...... "അമ്മേ..... ഇത് കണ്ടോ...... അശോക് എനിക്ക് ഡിവോഴ്സ് നോട്ടീസ് അയച്ചിരിക്കുന്നു........" "എന്താ കാരണം...... നിങ്ങൾ തമ്മിൽ തെറ്റിയാണോ നീ ഇങ്ങോട്ട് വന്നത്......." അമ്മ അത് നോക്കി കൊണ്ട് ചോദിച്ചു......! "അല്ല..... അശോകിനോട് ഞാൻ പറഞ്ഞ വന്നത്...... അന്ന് ആദിയെ ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ ഹെല്പ് ചെയ്യാത്തത് കൊണ്ട് ആ ഹർഷനെ പേടിച്ചാ ഞാൻ ഇങ്ങോട്ട് വന്നത്...... അവൻ ആണെങ്കിൽ എന്താ പറയ ചെയ്യാ എന്നൊന്നും പറയാൻ പറ്റില്ല...... അല്ലാതെ ഞങ്ങൾ തമ്മിൽ വേറെ പ്രശ്നം ഒന്നും ഇല്ല......." "ഒന്നും പറയാതെ ഒരു സുപ്രഭാതത്തിൽ ഡിവോഴ്സ് നോട്ടീസ് അയക്കാൻ എന്താ കാരണം എന്ന് നീ വിളിച്ചു ചോദിക്ക്...... എല്ലാം തന്ന് മാന്യമായി തന്നെയാ നിന്നെ ഞങ്ങൾ അവന് വിവാഹം ചെയ്ത് കൊടുത്തത്........" "എനിക്കറിയണം എന്തിനാ എന്നെ ഡിവോഴ്‌സ് ചെയ്യുന്നതെന്ന്.....അശോക് ഫോൺ ഓഫ് ചെയ്തു വെച്ചിരിക്കാ...... ഞാൻ നേരിട്ട് ചെന്നു ചോദിക്കാം......." അവൾ ദേഷ്യത്തോടെ ഇറങ്ങി അവന്റെ വീട്ടിലെത്തി...... "അശോക് എവിടെ.......?!!" സുമതി കയറിവന്നപാടെ ചോദിച്ചതും അച്ഛൻ കാര്യം അറിയാതെ അവളെ തന്നെ നോക്കി.......

അപ്പോഴാണ് റെഡി ആയി വരുന്ന അശോകിനെ അവൾ കണ്ടത്...... അശോക് അവളെ കണ്ട ഭാവം നടിച്ചില്ല...... "ഇതെന്താ......." "കണ്ടിട്ട് മനസ്സിൽ ആയില്ലേ......" "അത് മനസ്സിൽ ആയി...... അതെന്തിനാണെന്നാ ഞാൻ ചോദിച്ചത്......എന്നെ ഡിവോഴ്‌സ് ചെയ്യാൻ മാത്രം എന്ത് തെറ്റാ ഞാൻ നിങ്ങളോട് ചെയ്തത്......." അത് കേട്ടതും അച്ഛൻ നല്ല പോലെ ഞെട്ടി...... ഹർഷനും ബഹളം കേട്ട് താഴേക്ക് വന്നു......! "എന്താ മോനെ ഇത്...... നീ എന്തിനാ ഇപ്പൊ......" "അച്ഛാ..... ഇവളെ കൊണ്ട് ഇനി ഈ വീട്ടിൽ ആർക്കും ഒരു ശല്യം ഉണ്ടാവരുത്..... ഇത് ഞാൻ അന്നേ കരുതിയതാ...... നന്നാവാൻ ഒരു ചാൻസ് കൊടുത്തു നോക്കി......പക്ഷെ ഒരിക്കലും നന്നാവില്ലെന്ന് വെച്ചാൽ പിന്നെ എന്താ ചെയ്യാ...... അന്ന് ഇവൾ ഒന്ന് മനസ് വെച്ചിരുന്നെങ്കിൽ ആദി ഇപ്പോഴും ഹർഷന്റെ കൂടെ ഉണ്ടാവുമായിരുന്നു......" "ഓഹ് അപ്പൊ അതാണ്‌ കാര്യം......അല്ലേലും നിങ്ങൾക്ക് അവളോട്‌ അല്ലേ സോഫ്റ്റ്‌കോർണർ......" ഹർഷൻ അശോകിനെ നോക്കിയതും അവൻ ഒന്ന് പരുങ്ങി....... "മനുഷ്യത്വം ഉള്ള ആർക്കും ചെയ്യാൻ പറ്റുന്ന കാര്യം പോലും ചെയ്യാൻ മനസ് ഇല്ലാത്ത നീ ഇനി ഈ വീട്ടിൽ വേണ്ട......" "അതിന് നിങ്ങളെ ലൈഫിൽ നിന്ന് തന്നെ എന്നെ പറഞ്ഞു വിടണോ.......അതും ആ അഷ്ടിക്ക് വക ഇല്ലാത്ത ആദിക്ക് വേണ്ടി......"

"അത് മാത്രം ആണോ......?!!നമ്മുടെ ലൈഫിൽ എന്നെങ്കിലും നീ എനിക്ക് സ്വസ്ഥത തന്നിട്ടുണ്ടോ...... ഒരു കുഞ് എന്ന എന്റെ സ്വപ്‌നം പോലും നടത്തി തരാൻ പറ്റാത്ത നിന്നെ എന്തിനാ എനിക്ക് ഭാര്യയായിട്ട്......." "അശോക്..... പേഴ്സണലി സംസാരിക്കേണ്ട കാര്യങ്ങൾ അല്ലേ അതെല്ലാം.......ഒന്നും സംസാരിക്കാതെ പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം എടുക്കണോ......" "എനിക്ക് ഇനി ഒന്നും സംസാരിക്കാൻ ഇല്ല......." "ഒന്ന് കൂടെ ആലോചിച്ചിട്ട് പോരെ അശോക് ഇങ്ങനെ ഒരു തീരുമാനം......" "ഞാൻ എന്തും നല്ല പോലെ ആലോചിച്ചിട്ട് വ്യക്തമായ പ്ലാനിങ്ങോടെ മാത്രമേ ചെയ്യാറുള്ളൂ....... ഇതിനെ പറ്റി ഞാൻ കുറച്ചധികം നാളുകൾ ആയി തീരുമാനം എടുത്തിട്ട്......" ഹർഷനും അച്ഛനും വെറും കാഴ്ചക്കാർ ആയി നിന്നു....... "എന്നിട്ട് എന്താ പ്ലാൻ..... വേറെ പെണ്ണ് കെട്ടാൻ ആണോ അതൊ......." "അതൊന്നും നിന്നെ അറിയിക്കേണ്ട കാര്യം എനിക്കില്ല....." "നിങ്ങളെ ഉദ്ദേശം എന്ത് തന്നെ ആയാലും ഒരിക്കലും നിങ്ങളെ ഞാൻ സമാദാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ല....." സുമതി ഒരു ഭീഷണിയോടെ അതും പറഞ്ഞു ഇറങ്ങി....... അശോക് എന്തൊക്കെയോ തീരുമാനം എടുക്കലിൽ ആയിരുന്നു......! "എന്താടാ ഇതൊക്കെ......?!!"

"എന്നേക്കാൾ അധികം നിങ്ങൾക്കൊക്കെ അവളെ അറിയില്ലെ...... എനിക്കിനിയും സഹിക്കാൻ വയ്യ...... വേറെ വല്ല പെണ്ണും ആണെങ്കിൽ അറ്റ്ലീസ്റ്റ് ഒന്ന് സങ്കടപ്പെട്ടേനെ......ഇപ്പൊ തന്നെ പറഞ്ഞിട്ട് പോയത് കേട്ടില്ലേ......ഈ സ്വഭാവം ഞാൻ എങ്ങനെ സഹിക്കാനാ......" അശോകും ഇറങ്ങിയതും അച്ഛൻ ഹർഷനെ ഒന്ന് നോക്കി മുറിയിലേക്ക് നടന്നു......! ഹർഷൻ അപ്പോഴും അതേ നിൽപ്പ് ആയിരുന്നു......ഏട്ടന്റെ ഓരോ വാക്കുകളും കാതിൽ കുത്തി തറക്കുന്ന പോലെ......! 'ഞാൻ എന്തും നല്ല പോലെ ആലോചിച്ചിട്ട് വ്യക്തമായ പ്ലാനിങ്ങോടെ മാത്രമേ ചെയ്യാറുള്ളൂ.......' ആ വാക്കുകൾ അവൻ വീണ്ടും വീണ്ടും ഓർത്തു നിന്നു...... മുറിയിലേക്ക് നടക്കുമ്പോഴും അവന്റെ ചിന്തകൾ അത് തന്നെ ആയിരുന്നു...... 'അല്ലേലും നിങ്ങൾക്ക് അവളോടല്ലെ സോഫ്റ്റ്‌കോർണർ.....' സുമതിയുടെ വാക്കുകളും അവന്റെ ചിന്തകളെ ഓരോ ഓർമകളിലേക്ക് കൊണ്ട് ചെന്നെത്തിച്ചു....... "അയാൾ എന്നെ കൊല്ലാൻ നോക്കോയതല്ല ഹർഷേട്ടാ...... ഒരു പെണ്ണിനു മനസ്സിൽ ആവും എന്ത് ഉദ്ദേശത്തോടെ ആണ് ഒരാൾ അവളുടെ ദേഹത്ത് കയ് വെക്കുന്നതെന്ന്......"

ആദിയുടെ വാക്കുകൾ അവൻ ഓർത്തു.....! ഒരിക്കലും ഏട്ടൻ തന്നോട് സ്നേഹത്തോടെ പെരുമാറിയിട്ടില്ല...... എവിടെ തല്ലുണ്ടാക്കാനും ഏട്ടൻ ആദ്യം വിളിക്കുന്നത് തന്നെയാണ്......അങ്ങനെ ആദി പറഞ്ഞ പോലെ ഞാൻ ഒരു തെമ്മാടി ആയി മാറി...... കൊട്ടേഷൻ ഏറ്റെടുത്തവനെ പോലെ ഏട്ടന് വേണ്ടി എന്തും ചെയ്യാൻ നടക്കുന്ന കാലം..... ഏട്ടൻ തന്നെയാണ് തന്റെ മനസ്സിൽ അച്ഛനെ പറ്റി ഉള്ള ദാരണകൾ വെറുപ്പായി തന്നത്...... അത് കൊണ്ട് തന്നെ തിരിച്ചറിവ് തുടങ്ങിയ കാലം തൊട്ടേ അച്ഛനോട് വെറുപ്പായിരുന്നു.......! പക്ഷെ അപ്പോഴും ഏട്ടൻ അച്ഛനോട് നല്ല രീതിയിൽ ആയിരുന്നു..... താൻ മാത്രം പുറത്ത്...... അതൊക്കെ ഏട്ടന്റെ വ്യക്തമായ പ്ലാനിങ് ആയിരുന്നോ...... അന്ന് ഏട്ടൻ പ്ലാനിങ്ങോടെ തന്നെ ആണോ എന്നെ കമ്പനിയിൽ വിളിച്ചത്...... അവിടെ മണിക്കൂറുകളോളം എന്നെ നിർത്തി ഏട്ടൻ ഇറങ്ങിയത് ആദിയെ ലക്ഷ്യം വെച്ചാണോ......അന്ന് ഏട്ടന്റെ വരവിനു നിക്കാതെ അവിടന്ന് ഇറങ്ങിയത് കൊണ്ട് ആദിക്ക് ഒന്നും സംഭവിക്കാതെ രക്ഷപ്പെടുത്താൻ ആയി......പക്ഷെ സംശയം അച്ഛനിലും ഏട്ടത്തിയിലും മാത്രമായി ഒതുങ്ങി.....

അവരല്ലെന്ന് അറിഞിട്ടും പിന്നെ അതിന്റെ പിന്നാലെ പോയില്ല..... അത് തെറ്റായിപ്പോയി......! ആക്സിഡന്റ് ഓർത്തതും അവന്റെ കണ്ണുകൾ നിറഞ്ഞു...... അതും എന്റെ ഏട്ടൻ വ്യക്തമായ പ്ലാനിങ്ങോടെ ചെയ്തത് ആണെന്ന് വിശ്വസിക്കാൻ അവന് ആവാത്ത പോലെ......ഇല്ല എന്റെ ഏട്ടന് എന്നെ കൊല്ലാൻ പറ്റില്ല..... അവനെ അങ്ങനെ വിശ്വസിക്കാൻ ആയിരുന്നു ഇഷ്ടം.......!അറിയണം എനിക്ക് എന്റെ ഏട്ടൻ ഇത്രയും ക്രൂരൻ ആണോ എന്ന്......ഹർഷൻ വിഷമത്തോടെ തീരുമാനിച്ചു......!! അവൻ പിന്നീട് അശോകിനെ തന്നെ ശ്രദ്ധിച്ചു തുടങ്ങി.......അശോകിൽ യാതൊരു ഭാവ മാറ്റവും അവൻ കണ്ടില്ല...... "നീ എന്നാ കമ്പനിയിൽ പോയി തുടങ്ങുന്നേ...... എല്ലാം പഴയ പോലെ എനിക്ക് നോക്കി നടത്താൻ ഒന്നും വയ്യ....." "ഞാൻ വരാം...... രണ്ട് ദിവസം കഴിയട്ടെ......" അശോക് ഒന്ന് മൂളി...... ഹർഷൻ അപ്പോഴും അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു....... പതിവിന് വിപരീതമായുള്ള അവന്റെ ഒരുക്കത്തോടെ ഉള്ള പോക്ക് കണ്ട് ഹർഷൻ അവനെ നല്ല പോലെ നോക്കി......! "ഏട്ടൻ എങ്ങോട്ടാ......?!!" "കമ്പനിയിലോട്ട് അല്ലാതെ ഞാൻ എവിടെ പോവാൻ......"

"ഏട്ടന്റെ ഒരുക്കം ഒക്കെ കണ്ടപ്പോൾ ഞാൻ കരുതി രണ്ടാമത് പെണ്ണ് കെട്ടാൻ പോവാണെന്ന്......" അപ്പോഴും ഒരു ചിരി മാത്രം ആയിരുന്നു അവന്റെ മറുപടി......ഹർഷൻ വിഷമത്തോടെ തന്റെ ഏട്ടനിൽ ഉള്ള മാറ്റം നോക്കി കാണുക ആയിരുന്നു......!! ▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️ "പ്ലീസ് എന്നെ ഒന്ന് തുറന്നു വിടുമോ...... ഇനിയും ഇതിനകത്ത് നിന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കും...... ഞാനും എന്റെ കുഞ്ഞും ഇതിന് മാത്രം എന്ത് തെറ്റാ നിങ്ങളോട് ചെയ്തത്......." ആദി കണ്ണീരോടെ തനിക്ക് മുന്നിൽ ഭക്ഷണം കൊണ്ട് വെച്ച ആളെ നോക്കി പറഞ്ഞതും അയാൾ എന്തൊക്കെയോ ഹിന്ദിയിൽ പറഞ്ഞു ഡോർ അടച്ചു പോയി......അവൾ സങ്കടത്തോടെ തന്റെ കുഞിനെ ഒന്ന് നോക്കി...... ഹർഷേട്ടന് പോലും കണ്ട് പിടിക്കാൻ പറ്റാത്ത സ്ഥലത്ത് ആയിരിക്കും താൻ എത്തിപെട്ടത്...... ആരും രക്ഷക്കായി വരുമെന്ന പ്രതീക്ഷ വേണ്ട...... ഞാൻ ആയിട്ട് രക്ഷപ്പെടണം......ഇനി അയാൾ ഈ മുറി തുറക്കുമ്പോ മാത്രമേ തനിക്ക് ഈ മുറിയിൽ നിന്നും രക്ഷപെടാൻ ആവൂ.......! ഓരോ നിമിഷം കഴിയും തോറും അവൾ പ്രതീക്ഷയോടെ നിന്നു......

തനിക്ക് മുന്നിൽ തുറക്കപ്പെടാൻ പോവുന്ന ഡോറിന് പിന്നിൽ അവൾ കുഞിനെയും മാറോടു ചേർത്തു മറഞ്ഞു നിന്നു....... ഡോർ തുറക്കപ്പെട്ട ആൾ അവളെ കാണാതെ ചുറ്റിലും കണ്ണോടിച്ചു....... മറഞ്ഞു നിന്ന ആദി പതിയെ പുറത്തേക്ക് ഇറങ്ങാൻ നോക്കുമ്പോൾ ആണ് തനിക്ക് മുന്നിൽ നിൽക്കുന്ന ആളെ അവൾക്ക് മനസ്സിൽ ആയത്........! "അശോകേട്ടാ......." അവൾ നിസഹായതയോടെ വിളിച്ചു അവന് അഭിമുഖമായി ചെന്നു നിന്നു....... "അശോകേട്ടൻ എന്നെ കൊണ്ട് പോവാൻ വന്നതാണോ.......ഹർഷേട്ടന് എന്താ പറ്റിയത്......." അവളുടെ ചോദ്യം കേട്ടതും അശോക് ചിരിച്ചു.......! ആദി കാര്യം മനസ്സിൽ ആവാതെ അവനെ തന്നെ നോക്കിയതും അവൻ ചിരി നിർത്തി...... "വാ അശോകേട്ടാ നമുക്ക് പോവാം.......ഇവിടെ നിന്നാൽ അവർ വന്നു അശോകേട്ടനേയും ഇതിനകത്ത് ഇടും......." അവൾ അവന്റെ കയ്യിൽ പിടിച്ചു നടക്കാൻ നോക്കിയെങ്കിലും അശോക് നിന്ന നിൽപ്പിൽ തന്നെ ആയിരുന്നു....... ആദി ആ നിമിഷം തന്നെ ഞെട്ടി തരിച്ചു നിന്നു...... അവളുടെ കയ്കൾ താണു......

ഈ കയ്കൾ ഒരിക്കൽ എന്റെ കഴുത്തിൽ മുറുകിയതും ദേഹമാകെ ഓടി നടന്നതും അവൾ വേദനയോടെ ഓർത്തു......... അവൾ കണ്ണീരോടെ അവനെ നോക്കിയതും അവൻ ഒന്ന് പുഞ്ചിരിച്ചു....... "ഞാൻ നിന്നെ കൊണ്ട് പോവാൻ വന്നതല്ല ആദി......നിന്നെ എന്റെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യാൻ വേണ്ടി വന്നതാ....... എത്ര കാലം ആയി ഞാൻ നിനക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന് നിനക്ക് അറിയില്ല ആദി......ഇനിയും എനിക്ക് കാത്തിരിക്കാൻ വയ്യ......" ആദി കേട്ടത് വിശ്വസിക്കാൻ ആവാതെ തരിച്ചു നിന്നു.......! "അശോകേട്ടൻ എന്തൊക്കെയാ ഈ പറയുന്നേ...... ഞാൻ നിങ്ങളെ അനിയന്റെ ഭാര്യ അല്ലേ......" "പക്ഷെ അതിനേക്കാൾ ഒക്കെ എത്രയോ മുന്നേ നീ എന്റെ മനസ്സിൽ കേറി കൂടിയതാ......" അത് കൂടി കേട്ടതും അവൾ പകച്ചു നിന്നു......!..... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story