ആത്മരാഗം💖 : ഭാഗം 10

athmaragam thanseeh

രചന: തൻസീഹ് വയനാട്

"അമ്മേ.. ഞങ്ങളിറങ്ങാ... " ബൈക്കിന്റെ ചാവി കയ്യിലിട്ടു കറക്കി കൊണ്ട് കോണിപ്പടി ഓടിയിറങ്ങി ഹാളിൽ എത്തിയ അമിത് അമ്മയെ ഉറക്കെ നീട്ടി വിളിച്ചു... അമിതിന്റെ ശബ്ദം കേട്ട് കൊണ്ട് അമൻ ഹാളിലേക്ക് വന്നു... ഫോണിൽ തോണ്ടി കളിക്കുന്ന അമിതിനെ അവൻ അടിമുടി നോക്കി.. അവൻ നോക്കുന്നത് ശ്രദ്ധയിൽ പെട്ട അമിത് ഫോണിൽ നിന്നും കണ്ണെടുത്ത് കൊണ്ട് അവനോട് എന്താണെന്ന് പുരികം പൊക്കി കൊണ്ട് ചോദിച്ചു... "ഏയ്യ്.. ഒന്നുമില്ല.. നല്ല സ്റ്റൈൽ ലുക്കിലാണല്ലോ..... ഇന്നു പ്രത്യേകിച്ച് ആരെങ്കിലും കോളേജിൽ വരുമെന്ന് പറഞ്ഞിട്ടുണ്ടോ...??" "ഇന്നാണ് മോനേ ഫ്രഷേഴ്‌സ് ഡേ... കോളേജ് ചെയർമാനായ ഞാൻ കുറച്ച് ചെത്തിലൊക്കെ പോകേണ്ടേ... " "മ്മ്മ്മ്... അത് വേണം.. പക്ഷേ ആ മുഖത്തൊരു പുഞ്ചിരി കൂടി ഫിറ്റ്‌ ചെയ്തേക്ക്.. ഇതൊരുമാതിരി മസിൽ പിടിച്ച മോന്തായം കണ്ടാൽ ഫ്രഷേഴ്‌സ് കോളേജിലേക്ക് വരാൻ തന്നെ മടിക്കും.. " "അയ്യോടാ.. ഇങ്ങനെ മതി.. കുറച്ച് ഗൗരവം നല്ലതാ..

അല്ലെങ്കിൽ അവന്മാരൊക്കെ തലയിൽ കയറി നിരങ്ങും.. ഞാനൊന്ന് നോക്കിയാൽ നിന്നിടത്ത് നിന്നും ഒരടി അനങ്ങരുത്..അതാണ് ഞാനും ആഗ്രഹിക്കുന്നത്.. " "മ്മ്.. നോക്കുകയൊന്നും വേണ്ട.. ഏട്ടന്റെ മുഖം ഒന്ന് കണ്ടാൽ പിന്നെ രണ്ടാമത് ഒരു വട്ടം തല ഉയർത്തി നോക്കാൻ പേടിക്കും " "എന്തെങ്കിലും പറഞ്ഞോ " തല ചെരിച്ച് മെല്ലെ അമിതിനെ കേൾക്കാതെ പറഞ്ഞതും അമിത് അവനെ നോക്കി നെറ്റി ചുളിച്ചു.. ഒന്നും പറഞ്ഞില്ലെന്ന് ഷോൾഡർ കുലുക്കി കാണിച്ചു കൊണ്ട് അമൻ ചായ കുടിക്കാൻ ഇരുന്നു.. "ഇന്നെന്താ ബോബാ നിന്റെ മോളി കുട്ടി എണീറ്റില്ലേ.." "അവൾ ഉറങ്ങിക്കോട്ടേ...ചെവിക്ക് അത്രയും സമാധാനം കിട്ടും.. നീയൊക്കെ പോയി കഴിഞ്ഞ് അവൾ എണീക്കുന്നതാ നല്ലത്... " അമനുള്ള ചായയുമായി അടുക്കളയിൽ നിന്നും അമ്മ അവിടേക്ക് വന്നു... അമ്മയെ കണ്ടതും അമിതിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു.. "ഇന്നമ്മയെ കാണാൻ സുന്ദരി ആയിട്ടുണ്ട്... എന്താ അമ്മേ .. അമ്മേടെ കെട്ട്യോൻ , കേണൽ എങ്ങാനും വരുന്നെന്ന് പറഞ്ഞോ.. " "പോടാ ചെക്കാ.. " ചെറു ചിരിയോടെ അമ്മ അമിതിന്റെ ചെവിയിൽ പിടിച്ചു തിരിച്ചു.. "അമ്മേ.. ഇത് സോപ്പിങ് ആണ്... ഇന്ന് കോളേജിൽ ഫ്രഷേഴ്‌സ് ന്റെ വെൽക്കം പാർട്ടി ആണ്..

എന്തൊക്കെ ഗുലുമാൽ ഉണ്ടാക്കാനാണാവോ പോകുന്നേ " ചപ്പാത്തി കടിച്ചു പിടിച്ചു കൊണ്ട് അമിതിനെ നോക്കി അമൻ പറഞ്ഞതും അമിത് അവനെ നോക്കി പോടാ എന്നും പറഞ്ഞ് അമ്മയുടെ നേരെ നോക്കി.. "അവൻ ചുമ്മാ ഓരോന്ന് പറയാ അമ്മേ.. ഫ്രഷേഴ്‌സ് ഡേ അല്ലേ.. അതിന് എന്ത് പ്രശ്നം ഉണ്ടാവാനാ.ഞങ്ങൾ ഇറങ്ങട്ടെ.. ഇന്ന് നേരത്തെ പോകണം.. ഒരുപാട് അറേഞ്ച്മെന്റ്സ് ചെയ്യാൻ ഉണ്ട്.. ഞാൻ അവിടെ ഇല്ലേൽ അവന്മാർ ഒന്നും മര്യാദക്ക് ചെയ്യില്ല... " "മ്മ്മ്.. പോയി വാ... അക്ഷിത് റെഡി ആയില്ലേ.. " "ഏട്ടാ...." അമിത് അക്ഷിതിനെ നീട്ടി വിളിച്ചതും അക്ഷിത് തന്റെ പുസ്തകങ്ങൾ മറിച്ചു നോക്കി കൊണ്ട് പടികൾ ഇറങ്ങി വന്നു.. "അമ്മേ.. ഇന്ന് രണ്ട് ഏട്ടന്മാരും സുന്ദരന്മാരായിട്ടുണ്ടല്ലോ.. അമ്മക്ക് രണ്ടു മരുമക്കൾ വരാനുള്ള സമയം ആയെന്ന് തോന്നുന്നു..... ഞാനും കോളേജിൽ എത്തട്ടെ.. എന്നിട്ട് വേണം ഇത് പോലെ ഷൈൻ ചെയ്യാൻ പെൺപിള്ളേരെ എന്റെ പിറകെ ഞാൻ വരുത്തും " "എണീറ്റു പോടാ.. ആദ്യം പോയി പഠിച്ച് പത്താം ക്ലാസ് പാസ്സാവാൻ നോക്ക്.. മുട്ടയിൽ നിന്നും വിരിഞ്ഞില്ല..

അവന്റെ ഒരു ഷൈൻ ചെയ്യൽ " അമ്മ അമനെ വഴക്ക് പറഞ്ഞതും അമൻ മുഖം വീർപ്പിച്ചു കൊണ്ട് തല തിരിച്ച് ചായ കുടിക്കാൻ തുടങ്ങി... അമ്മയോട് യാത്ര പറഞ്ഞ് അക്ഷിതും അമിതും കോളേജിലേക്ക് തിരിച്ചു... ഇന്നാണ് ഫ്രഷേഴ്‌സ് ഡേ. ദിനങ്ങൾ പെട്ടന്നാണ് കൊഴിഞ്ഞു പോയത് . ഒരാഴ്ച പെട്ടന്ന് അവർക്കിടയിൽ നിന്ന് വിട പറഞ്ഞു... പതിവ് തെറ്റിക്കാതെയുള്ള അമിതിന്റെ കലാ പരിപാടികൾ ഈ ദിനങ്ങളിലും തുടർന്നിരുന്നു. ... ഫ്രഷേഴ്‌സ്കാർ അമിത് എന്ന വ്യക്തിയെ കൂടുതൽ അറിയാൻ തുടങ്ങി.. ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യം പ്രകടിപ്പിക്കുന്ന,, പെൺകുട്ടികളുടെ മുഖത്തേക്ക് പോലും നോക്കാത്ത,, പിറകെ നടന്ന് ശല്യം ചെയ്യുന്ന പെൺകുട്ടികളോട് ചൂടാവുന്ന കലിപ്പൻ അമിത് കോളേജിലെ സ്ഥിരം ചർച്ചാ വിഷയമായി.. പലർക്കും അവന്റെ മുന്നിൽ വരാൻ പോലും ധൈര്യം ഇല്ലാതെയായി... എന്നാൽ എത്ര കിട്ടിയാലും പഠിക്കാത്ത ലീന മാത്രം അവനെയും സ്വപ്നം കണ്ട് അവന്റെ പിറകെ നടന്ന് അവന്റെ വായിൽ ഉള്ളത് മുഴുവൻ കേട്ട് വീണ്ടും അവനെ ശല്യം ചെയ്ത് കൊണ്ടിരുന്നു..

ഈ ഒരാഴ്ച കോളേജിൽ അല്ലറ ചില്ലറ അടിപിടി എല്ലാം ഉണ്ടായെങ്കിലും അമിതിന് അതിനേക്കാൾ ഒക്കെ വലിയ തലവേദന ലീന ആയിരുന്നു.. പെണ്ണായതിനാൽ തനിക്ക് നേരെ കൈ ഉയർത്തില്ലെന്ന വിചാരം അവന്റെ പിറകെ നടക്കാനും മടിയോ പേടിയോ ഇല്ലാതെ വായിനോക്കാനും അവളെ സഹായിച്ചു... അവളുടെ കോപ്രായങ്ങളിൽ നിന്നെല്ലാം വിട്ട് നിന്നും മൈൻഡ് ചെയ്യാതെ നിന്നും അമിത് കോളേജ് പ്രവർത്തനങ്ങളിൽ മുഴുകി... കോളേജ് ചെയർമാൻ ആയതിനാൽ തന്നെ ഫ്രഷേഴ്‌സ് നെ വെൽക്കം ചെയ്യാനുള്ള എല്ലാ ഏർപ്പാടും അവൻ മുന്നിട്ട് നടത്തേണ്ടി വന്നു... സകല പ്ലാനിങ്ങും ചെയ്ത് അമിത് ഈ ആഴ്ചയിൽ ചെയ്ത് കൊണ്ടിരുന്നു..... "ഡാ... ആ ബാനർ ഇങ് വലിച്ച് കെട്ട്.. വായിനോക്കൽ പിന്നെ ആക്കാം.. പെട്ടന്ന് കെട്ടാൻ നോക്ക് " കോളേജ് ഗേറ്റിന് മുന്നിൽ നിന്ന് ഗേറ്റിന് ഇരു സൈഡിലും ഉള്ള മതിലിൽ നിൽക്കുന്നവന്മാരോട് അമിത് വിളിച്ചു പറഞ്ഞു... "ആഹാ.. വെൽക്കം ബോർഡ് ഇനിയും ശരിയായില്ലേ.. " വെള്ളയും വെള്ളയും തുണി ഉടുത്ത് മുടി മാടി ഒതുക്കി പക്കാ പാർട്ടി പ്രവർത്തകന്റെ ലുക്കിൽ മുന്നിൽ വന്ന് നിന്ന ഈശ്വറിനെ അമിത് അടിമുടി നോക്കി...

"എന്താ ഡാ.. നിനക്ക് പോലും ഒന്ന് നോക്കാൻ തോന്നി അല്ലേ... മതി.. ഇത്രയും മതി.. എന്റെ വക സ്റ്റേജിൽ ഒരു പ്രസംഗം ഉണ്ട്.. എല്ലാ പിള്ളേരും എന്നെ ഒന്ന് ശെരിക്ക് കാണട്ടെ.. " "അയ്യോ.. പ്രസംഗം മാത്രം മതിയോ സഘാവിന്.... വേറെ പ്രത്യേകം സീറ്റ് എന്തെങ്കിലും അറേഞ്ച് ചെയ്യണോ.. " "ഏയ്‌.. അതൊക്കെ ബുദ്ധിമുട്ട് അല്ലെ" "ചെലക്കാതെ പോയി ജോലി നോക്കെടാ.. വെള്ളയും വെള്ളയും ഇട്ടിറങ്ങിയിരിക്കാ അവൻ.. അവിടെ മുഴുവൻ തോരണം കൊണ്ട് അലങ്കരിക്കാൻ ഞാൻ പറഞ്ഞിരുന്നില്ലേ... എന്നിട്ട് ചെയ്തോ... ഇന്നലെ രാത്രി വന്ന് ചെയ്യാമെന്ന് ഞാൻ പറഞ്ഞതാ... അപ്പൊ അവന്റെ ഒരു പാർട്ടി മീറ്റിംഗ്.. ദേ സമയം ഒട്ടുമില്ല.. പ്രധാന കവാടത്തിനരികെ ഉള്ള ആ സ്ഥലം മാത്രം ഒഴിഞ്ഞു കിടക്കാ.. മര്യാദക്ക് വേഗം പോയി അവിടെ കെട്ടാൻ നോക്ക് " അവനെ കടുപ്പിച്ചു നോക്കി കൊണ്ട് അമിത് പറഞ്ഞതും അവൻ എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് കോളേജിന് അകത്തേക്ക് പോയി.. പോകും വഴി ജൂനിയർ കുട്ടികളെ കണ്ടതും അവരോട് ചിരിച്ച് സംസാരിച്ചു നിന്നതും അമിത് അവനെ ഒരു നോട്ടം നോക്കി...

അത് കണ്ടതും അവൻ മുഖം ചുളിച്ചു കൊണ്ട് അമിത് ഏൽപ്പിച്ച ജോലിയിലേക്ക് നീങ്ങി.... "അമിത്... ഇവിടെ ഇങ്ങനെ മതിയോ " പ്രധാന കവാടം കഴിഞ്ഞ് കോളേജ് മുറ്റത്ത് കാൽ കുത്തുന്ന മുതൽ കോളേജിന്റെ മുന്നിലെ മരം വരെ ഇരു സൈഡും തോരണങ്ങൾ കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്.. വിവിധ വർണ്ണങ്ങളിൽ ബലൂണുകൾ കൃത്രിമമായി നിർമ്മിച്ച മരച്ചില്ലകളിൽ തൂങ്ങി ആടുന്നുണ്ട്... പുത്തൻ ഉണർവ് ലഭിക്കുന്ന കോളേജ് അങ്കണം അതിന്റെ മനോഹാരിതയിൽ ജ്വലിച്ചു നിന്നു... എല്ലാ ഒരുക്കങ്ങളും നടന്ന് വീക്ഷിക്കുന്ന അമിത് ചെറിയ പിഴവുകൾ കണ്ടാൽ പ്രതികരിക്കാനും മറന്നില്ല... "എടാ.. കവാടത്തിന് മുന്നിൽ പരവതാനി കൂടി വിരിക്കണമായിരുന്നു... എന്നിട്ട് റോസാപ്പൂക്കൾ വിതറി... ജൂനിയർ കുട്ടികളുടെ പാദങ്ങൾ അവയിൽ പതിക്കുമ്പോൾ.. ഇതിലേറെ കളറായേനേ.. അല്ലേ ഡ..... " അതും പറഞ്ഞ് അമിതിനെ നോക്കിയതും അവന്റെ മുഖം കണ്ടതും ഈശ്വർ വായ അടച്ചു "ഏയ്‌.. വെറുതെ. ഇത് മതി.. ഇത് തന്നെ ധാരാളം...

ഞാൻ ഓഡിറ്റോറിയത്തിലേക്ക് ചെന്ന് നോക്കട്ടെ.. മൈക്ക് ഒക്കെ ശെരിയാണോന്ന് ചെക്ക് ചെയ്യണം... " മെല്ലെ അവിടുന്ന് സ്കൂട്ടായി തിരിഞ്ഞതും മുന്നിൽ പ്രിൻസി നടന്നു വരുന്നത് കണ്ടു.. മെല്ലെ അമിതിനെ തോണ്ടി കൊണ്ട് ഈശ്വർ പ്രിൻസിയെ കണ്ണുകൾ കൊണ്ട് കാണിച്ചു കൊടുത്തു.. "ഗുഡ് മോർണിംഗ് മേം " "വെരി ഗുഡ് മോർണിംഗ്... എന്തായി ഒരുക്കങ്ങൾ ഒക്കെ. കഴിഞ്ഞില്ലേ " "യെസ് മേം... എല്ലാം ഫിനിഷ് ചെയ്തു" "ഓക്കേ... അമിത് ആദ്യമായല്ല ഇത്തരം കാര്യങ്ങൾ ഏറ്റെടുക്കുന്നെ എന്നും ഭംഗിയായി ചെയ്തു തീർക്കുന്നെ എന്നും എനിക്കറിയാം എനിവേ ഒരുക്കങ്ങൾ ഭംഗിയായിട്ടുണ്ട്.. ഇനി എല്ലാവരെയും ഓഡിറ്റോറിയത്തിലേക്ക് വിളിക്കാം അല്ലേ " "യെസ് മേം.. ടൈം ആയാൽ അനൗൺസ് ചെയ്യാം.. എല്ലാം ഓക്കേ ആണ് ". "ഓക്കേ.. എന്നാൽ ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ.. പിന്നെ.. റാഗിങ് ഒന്നും ഇല്ലാതിരിക്കാൻ ശ്രമിക്കണം... " "ഓക്കേ മേം.. " പ്രിൻസി പോയതും അമിത് ഈശ്വറിനെ തുറിച്ചു നോക്കി.. പ്രിൻസി വന്നപ്പോൾ മുതൽ അവന്റെ മുഖത്ത് വന്ന ചിരി ഇപ്പോഴും അത് പോലെ ഉണ്ട്... "എന്താ ഡാ പട്ടീ ഇത്രക്ക് ചിരിക്കാൻ... നീ വെറുതെ മേമിനെ സംശയിച്ചാൽ നിന്റെ മൂക്കിടിച്ച് പരത്തും ഞാൻ.. അവരൊരു പാവമാണ്... "

"അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ.. ഹമ്മോ.. എനിക്കൊന്ന് ചിരിക്കാനും പാടില്ലേ.. ഞാൻ പോവാണേയ് " അതും പറഞ്ഞ് തിരിഞ്ഞതും പെട്ടന്നവൻ സ്റ്റക്കായി നിന്നു... എന്താണെന്ന് അമിത് തല ചെരിച്ചു നോക്കിയതും നടന്നു വരുന്ന ലീനയെ കണ്ടു... ഈശ്വർ ഊറി ചിരിച് അവൾക്കൊരു തലയും ആട്ടി കൊടുത്ത് കൊണ്ട് സ്ഥലം കാലിയാക്കി.. അവളെ കണ്ട പാടെ ദേഷ്യം മുഖത്ത് പ്രകടമാക്കി കൊണ്ട് അമിത് തിരിഞ്ഞു നിന്നു.. "അമിത്.. ഒരുക്കങ്ങൾ ഉഗ്രൻ ആണുട്ടോ... ഞങ്ങളെ വെൽക്കം ചെയ്യാൻ ഇത്രക്ക് അലങ്കാരങ്ങൾ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല... ഒരുപാട് ഇഷ്ടമായി.. " "താങ്ക്സ്.. " അത് മാത്രം പറഞ്ഞു കൊണ്ട് അമിത് കോളേജ് ഓഡിറ്റോറിയത്തിലേക്ക് പോകാനായി നടന്നു... തന്റെ മുഖത്തു നോക്കാതെ പോയ അമിതിനെ കണ്ട് ലീനക്ക് വാശി കൂടി.. കൂടുതൽ ഒലിപ്പീരുമായി അവൾ അവന്റെ പിറകെ കൂടി.. "അമിത്... അമിത്... നിൽക്ക്.. നിൽക്ക്.. എങ്ങോട്ടാ ഈ പായുന്നെ.. ഞാൻ മുഴുവൻ പറഞ്ഞ് തീർന്നില്ല.. " തന്റെ പിറകെ ഓടിയെത്തി മുന്നിൽ വന്ന് പോകാൻ തടസ്സം നിന്ന ലീനയെ നോക്കി അവൻ പല്ലിറുമ്മി. "കോളേജ് ഭംഗി ആക്കിയതേ ഞാൻ പറഞ്ഞുള്ളൂ... ഇന്ന് ഹാൻഡ്‌സം ആയിട്ടുണ്ട്... എന്നത്തേതിനേക്കാൾ കൂടുതൽ... "

കണ്ണിറുക്കി ചിരിച്ചു കൊഞ്ചി അവൾ പറഞ്ഞതും അവൻ കടുപ്പിച്ച് കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി.. പെട്ടന്നവന്റെ കണ്ണുകളിൽ കണ്ട ഭാവം അവൾ പോലും അറിയാതെ അവളുടെ കാലുകളെ ഒരടി പിന്നിലേക്ക് ചലിപ്പിച്ചു... അവന്റെ കണ്ണുകൾ പതിയെ നിറം മാറുന്ന പോലെ അവൾക്ക് തോന്നി.. കോപം ആളിക്കത്തുമ്പോൾ മാത്രം പ്രകടമാവുന്ന അവന്റെ ആ ചോര കണ്ണുകൾ അവൾക്ക് മുന്നിൽ വെളിവായതും ചിരി തൂകിയ അവളുടെ ചുണ്ടുകൾ വിറക്കാൻ തുടങ്ങി.. കണ്ണുകളിൽ നേരത്തെ കണ്ട വശ്യ ഭാവം മാറി ഭയം വന്നു നിറഞ്ഞു.. അവളിലേക്ക് രണ്ടടി നടന്ന് ഒരു നോട്ടം നോക്കി അമിത് അവളെ കടന്നു പോയി... ആ ഒരു നോട്ടം.. അത് മാത്രം മതിയായിരുന്നു ലീന നിന്ന് വിറക്കാൻ... അവൻ പോയി മിനുട്ടുകൾ കഴിഞ്ഞിട്ടും അവളുടെ പാദങ്ങൾ അവിടെ നിന്ന് ചലിക്കാൻ തയ്യാറായില്ല..... ************ അമിത് നേരെ പോയത് ഓഡിറ്റോറിയത്തിലേക്കായിരുന്നു.. അവിടെ എല്ലാ അറേഞ്ച്മെന്റ്സും ചെയ്യുന്നത് അവൻ ശ്രദ്ധയോടെ വീക്ഷിച്ചു....ഈശ്വറും അവന്റെ പ്രവർത്തകരും കസേരകൾ ഓരോന്നായി നിരത്തി ഇടുന്നുണ്ട്... അമിത് തന്റെ വാച്ചിലേക്ക് നോക്കി.. സമയം ആവാറായെന്ന് തോന്നിയതും അവൻ പ്രിൻസിയുടെ ഓഫീസിലേക്ക് നടന്നു...

ഓഡിറ്റോറിയം ഉള്ളത് പ്രിൻസിയുടെ ഓഫിസിന് മുന്നിലുള്ള കെട്ടിടത്തിലാണ്... പരിപാടി തുടങ്ങാനുള്ള സമ്മതത്തിനായാണ് അമിത് പ്രിൻസിയെ കാണാൻ പോകുന്നത്.... വാതിൽ തുറന്ന് പെർമിഷൻ ചോദിച്ചു കൊണ്ട് അമിത് അകത്തേക്ക് കയറി... "മേം.. സമയം ഏകദേശം ആവാറായി.. സ്റ്റാർട്ട്‌ ചെയ്താലോ " "ഓഹ്.. യാ.. തുടങ്ങാം.. ഞാനാ പുതിയ അഡ്മിഷൻ ഉള്ള കുട്ടികളെ നോക്കുവായിരുന്നു.. ഇത് വരെ വന്നില്ല എന്ന് തോന്നുന്നു " പ്രിൻസിയുടെ വാക്കുകൾ കേട്ട് അമിത് സ്വല്പം നീരസം മുഖത്ത് പ്രകടമാക്കി. "മേം.. അവർ വരുന്നേൽ വരട്ടെ.. അവർ വന്നിട്ടേ പരിപാടി തുടങ്ങാൻ പറ്റൂ എന്ന് പറയാൻ അവർ വി ഐ പി ഗസ്റ്റ് ഒന്നും അല്ലല്ലോ... നമുക്ക് സ്റ്റാർട്ട് ചെയ്യാം" "ഓക്കേ.. എന്നാ തുടങ്ങിക്കോളൂ... ഈ പരിപാടി മുഴുവനായി സ്റ്റുഡന്റസ്ന് വിട്ട് തന്നിരിക്കയാണ്.. ഞങ്ങൾ ടീച്ചേഴ്സ് ഒന്നിനും വരുന്നില്ല... സോ എല്ലാം ഭംഗിയായി നടക്കട്ടെ... ഒരു വിധത്തിൽ ഉള്ള കംപ്ലയിന്റ്സും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാൻ പാടില്ല....ഇന്നത്തെ ഫുൾ റെസ്പോണ്സിബിലിറ്റി അമിതിനാണ്..."

"ഓക്കേ മേം... എല്ലാവരെയും ഞാൻ കണ്ട്രോൾ ചെയ്തോളാം... " ഓഫിസിൽ നിന്നും ഇറങ്ങിയ അമിത് വാച്ചിലേക്ക് ഒരിക്കൽ കൂടി നോക്കി. അരമണിക്കൂർ സമയം ഇനിയും ഉണ്ട്... കുട്ടികളൊക്കെ ഏകദേശം വന്നു കഴിഞ്ഞു.. ഇനി എല്ലാവരെയും ഓഡിറ്റോറിയത്തിലേക്ക് ക്ഷണിക്കണം.. കുറെ പേർ അവിടെ എത്തിച്ചേർന്നിട്ടുണ്ട്.. ചിലർ ഇപ്പോഴും തണൽ മരങ്ങളുടെ ചുവട്ടിൽ ഇരുന്ന് കോളേജ് വീക്ഷിച്ച് ഓരോന്ന് ചർച്ച ചെയ്യുകയാണ്... അമിതിന്റെ ചിന്ത പല വഴിക്കായി.. ഇനി എന്തെങ്കിലും ഒരുക്കങ്ങൾ നടത്താൻ ഉണ്ടോ നടത്തിയതിൽ എന്തെങ്കിലും കുറവുണ്ടോ എന്നൊക്കെ നോക്കി അവൻ കോളേജ് അങ്കണത്തിന്റെ നടുവിൽ നിന്ന് ചുറ്റും കണ്ണോടിച്ചു... ഈ സമയം കോളേജിന് പുറത്ത് ഗേറ്റിന് മുന്നിലായി ഒരു വെള്ള കാർ വന്നു നിന്നു... കാറിന്റെ പിൻ സീറ്റിലെ ചില്ല് താഴ്ന്ന് വന്നതും പിങ്ക് കളർ നെയിൽ പോളിഷ് കൊണ്ട് മനോഹരമാക്കിയ അഞ്ചു വിരലുകൾ കാറിന്റെ ഡോറിൽ പ്രത്യക്ഷപ്പെട്ടു...

വർണ നിറങ്ങളാൽ ഭംഗി വരുത്തിയ വെൽക്കം ബോർഡ് സ്ഥാപിച്ച കോളേജ് കവാടവും വിദ്യാർത്ഥികൾ ചിന്നിച്ചിതറി നടക്കുന്ന കോളേജ് അങ്കണവും ആ കണ്മഷി കണ്ണുകളിൽ നിറഞ്ഞു നിന്നു... അതേ സമയം അപ്പുറത്തെ ഡോർ തുറന്ന് ഹീൽ ചെരിപ്പിട്ട പാദങ്ങൾ ഭൂമിയെ ചുംബിച്ചു.... തോരണങ്ങളാൽ അലങ്കരിച്ച പ്രവേശന കവാടത്തിലേക്കു ആ നാല് മിഴികൾ ചലിച്ചു.....തങ്ങളുടെ അടുത്ത മേച്ചിൽ പുറം കണ്ട കുഞ്ഞാടുകളുടെ ആവേശത്തോടെ അവർ ഇരുവരും ആ ക്യാമ്പസിൽ കാലു കുത്തി.......അടുത്ത നിമിഷം തന്നെ എന്തോ ഓർത്തെന്ന പോലെ അവർ പരസ്പരം നോക്കിയ ശേഷം ഇരുവരും പിന്നോട്ട് തന്നെ നീങ്ങി നിന്നു....പിന്നെ ഐശ്വരമായി ഇടതു കാൽ വെച്ചു മുന്നോട്ടു നടന്നു......തൂവെള്ള വസ്ത്രത്തിൽ അവരെ കണ്ടാൽ സമാധാനത്തിന്റെ വെള്ളരി പ്രാവുകൾ മാറി നിൽക്കും.....അത്രയും അടക്കത്തോടെയും ഒതുക്കത്തോടെയും മുന്നിൽ കാണുന്നവർക്കെല്ലാം ചെറു പുഞ്ചിരി നൽകി കൈകൾ കോർത്തു കോളേജ് അങ്കണത്തിലേക്കു കടന്നു............ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story