ആത്മരാഗം💖 : ഭാഗം 100

athmaragam thanseeh

രചന: തൻസീഹ് വയനാട്

 " ഈശ്വർ... ??? " അക്ഷിതിന്റെ ചുണ്ടുകൾ പതിയെ മൊഴിയവെ ആര്യ ആശ്ചര്യത്തോടെ തങ്ങൾക്ക് നേരെ നടന്നു വരുന്ന ഈശ്വറിലേക്ക് നോട്ടമെറിഞ്ഞു.. ഈശ്വറിനെ അവിടെ ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ടും അവന്റെ കോലം കണ്ടും അക്ഷിതും ആര്യയും അക്ഷരാർത്ഥത്തിൽ ഞെട്ടിയിരുന്നു.... അവരുടെ അന്ധാളിപ്പ് മനസ്സിലാക്കിയ അമിത് താനും നൈനികയും ബീച്ചിൽ വെച്ച് ഈശ്വറിനെ കണ്ട കാര്യവും അവന്റെ അസുഖത്തെ കുറിച്ചും ഇരുവരോടും പറഞ്ഞു..... ഈശ്വറിനെ കണ്ടതിനേക്കാൾ ഷോക്കായിരുന്നു അമിതിന്റെ വാക്കുകൾ കേട്ടപ്പോൾ....അമിതിനോട് കൂടുതൽ എന്തെങ്കിലും ചോദിക്കും മുന്നേ മഹി ഈശ്വറിനെയും കൊണ്ട് അവരുടെ അടുത്തെത്തി കഴിഞ്ഞിരുന്നു.... "ഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ.... " പുഞ്ചിരിയോടെ അവർക്ക് മുന്നിൽ വന്ന് നിന്ന് ഈശ്വർ പറഞ്ഞതിന് മറുപടി പറയാൻ ഒന്നുമില്ലാതെ ഞെട്ടൽ വിട്ട് മാറാതെ അക്ഷിതും ആര്യയും പരസ്പരം നോക്കി.... "എന്നോടുള്ള ദേഷ്യം രണ്ടു പേർക്കും ഇത് വരെ മാറിയില്ലേ ... "

ആ ചോദ്യം ഈശ്വറിൽ നിന്നും ഉതിർന്നു വീണതും അടുത്ത നിമിഷം തന്നെ അക്ഷിത് അവനെ ഇറുകെ പുണർന്നു... തന്നോട് അക്ഷിത് ക്ഷമിച്ചെന്നറിയാൻ അത് മാത്രം മതിയായിരുന്നു ഈശ്വറിന്... "ഹോസ്പിറ്റലിൽ നിന്നും നീ ആരോടും പറയാതെ പോയെന്ന് ഡോക്ടർമാർ വിളിച്ചു പറഞ്ഞപ്പോൾ നിന്നെ തിരയാത്ത സ്ഥലങ്ങൾ ഉണ്ടായിട്ടില്ല.... പിന്നെ, പതിയെ ആ കാര്യം ഞാനും വിട്ടു.. എവിടെ ആണെങ്കിലും നല്ലത് പോലെ ജീവിച്ചാൽ മതി എന്നായിരുന്നു എന്റെ മനസ്സിൽ... പക്ഷേ.... ഇപ്പോൾ നിന്നെ കണ്ടപ്പോൾ..... " അവന്റെ ഇരു കയ്യിലും മുറുകെ പിടിച്ചു കൊണ്ട് അക്ഷിത് അവന്റെ ശോഷിച്ച ശരീരത്തിലേക്ക് നോക്കി വാക്കുകൾ കിട്ടാതെ നിന്നു... "എല്ലാം വിധിയാണ്... എനിക്ക് കിട്ടേണ്ട ശിക്ഷ തന്നെ... അതൊക്കെ പോട്ടേ... ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല.. നിങ്ങളെയൊക്കെ അവസാനമായി ഒന്ന് കാണാൻ കഴിയുമെന്ന് വിചാരിച്ചതല്ല..

സന്തോഷമായി.... രണ്ടു പേർക്കും എന്റെ എല്ലാ പ്രാർത്ഥനയും ഉണ്ടാവും.. .. ആര്യാ.... ഞാൻ ചെയ്തു കൂട്ടിയതിനെല്ലാം എന്നോട് ക്ഷമിക്കണം... നിങ്ങളുടെ മനസ്സിൽ എന്നോടുള്ള എല്ലാ വെറുപ്പും നീക്കിയിട്ട് വേണം സമാധാനത്തോടെ കണ്ണടക്കാൻ.. " "എനിക്കൊരു വെറുപ്പും ഇല്ല ഈശ്വർ... എല്ലാം കഴിഞ്ഞതല്ലേ... അതൊക്കെ ഞാൻ എന്നേ മറന്നു... " ആര്യയിൽ നിന്നും ആ വാക്കുകൾ കേട്ടതും ഈശ്വറിന് ഒരു ആശ്വാസം തോന്നി... എല്ലാവരോടും വിശേഷങ്ങൾ പങ്കു വെക്കുന്നതിനിടയിൽ ആണ് അനി അങ്ങോട്ട്‌ വന്നത്...ഒറ്റ നോട്ടത്തിൽ തന്നെ ഈശ്വറിനെ അവൾക്ക് മനസ്സിലായി... അവന്റെ അവസ്ഥ കണ്ട് അവൾക്ക് സങ്കടം സഹിക്കാൻ ആയില്ല... എല്ലാവരും സഹതാപത്തോടെ പെരുമാറിയിട്ടും ഈശ്വർ പുഞ്ചിരിച്ചു കൊണ്ടേയിരുന്നു... അതിനിടയിൽ അക്ഷിതും ആര്യയും കുടുംബക്കാർ വിളിച്ചത് കൊണ്ട് അവരുടെ അടുത്തേക്ക് പോയി...

അമിത് ഈശ്വറിനെ ഫുഡ്‌ കഴിക്കാൻ നിർബന്ധിച്ചു എങ്കിലും അവൻ സ്നേഹത്തോടെ അത് നിരസിച്ചു... "അമിത്... ഇനി ഞാൻ പോട്ടെ... ഒരിക്കലും കരുതിയതല്ല ഇങ്ങനെ ഒരു കൂടിക്കാഴ്ച്ച... മനസ്സിനിപ്പോൾ ഒരുപാട് ആശ്വാസമായി... ഇനി തിരിച്ചു പോട്ടേ... " "നിൽക്ക് ഈശ്വർ... ഞാൻ അമ്മയെ വിളിക്കട്ടെ... അന്ന് നീ ഹോസ്പിറ്റലിൽ ആയെന്ന് അറിഞ്ഞപ്പോൾ തന്നെ നിന്നെ കാണണം എന്ന് ഒരുപാട് വാശി പിടിച്ചതാ.. നീ ഇവിടെ വന്നെന്ന് അറിഞ്ഞാൽ അമ്മക്ക് അതൊത്തിരി സന്തോഷമാവും... ഞാൻ അമ്മയെ വിളിച്ചു വരാം... " ഈശ്വറിനെ മഹിയുടെയും അനിയുടെയും അടുത്തിരുത്തി കൊണ്ട് അമിത് അമ്മയെ വിളിക്കാനായി പോയി... വാ തോരാതെ സംസാരിക്കാറുള്ള അനി തീർത്തും നിശബ്ദയായിരുന്നു... ഈശ്വറിന്റെ അവസ്ഥ അമിതിൽ നിന്നും അറിഞ്ഞ ഉടനെ തന്നെ അവൾ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു...

കുറച്ചു നിമിഷങ്ങൾ കഴിഞ്ഞ് തിരക്കിനിടയിൽ നിന്നും അമിത് അമ്മയെയും കൂട്ടി ഈശ്വറിന്റെ അടുത്തേക്ക് ചെന്നു.. കൂടെ സൂര്യ ദാസും ഉണ്ടായിരുന്നു.. ഈശ്വർ വന്നിട്ടുണ്ടെന്ന് രാഗിണിയോട് പറഞ്ഞപ്പോൾ തന്നെ അവന്റെ രോഗത്തെ കുറിച്ചും അമിത് മുൻകൂട്ടി പറഞ്ഞിരുന്നു... അവന്റെ മുന്നിൽ വെച്ച് പറഞ്ഞാൽ അവനുണ്ടാവുന്ന മനോവിഷമം ഒഴിവാക്കാൻ ആയിരുന്നു എല്ലാം പറഞ്ഞ് കഴിഞ്ഞതിനു ശേഷം അമ്മയെ അവന്റെ അടുത്തേക്ക് കൂട്ടി കൊണ്ട് പോയത്... മകന്റെ കല്യാണ ദിവസം അത്യധികം സന്തോഷവതിയായിരിക്കെ അമിതിൽ നിന്നും ഈ വാർത്ത കേട്ടപ്പോൾ അവരുടെ മനസ്സ് ഒരുപാട് സങ്കടപ്പെട്ടു...... ഈശ്വറിന്റെ അടുത്തെത്തുമ്പോൾ അവന്റെ ക്ഷീണിച്ച മുഖവും ശരീരവും കണ്ട് രാഗിണിയുടെ ഹൃദയം നീറി.... അമ്മയെ കണ്ട പാടേ ഈശ്വർ കസേരയിൽ നിന്നും എണീറ്റു.. "അമ്മേ.... ഓർമ്മയുണ്ടോ എന്നെ " പുഞ്ചിരിയോടെ തമാശ രൂപത്തിൽ ഈശ്വർ ചോദിച്ചതും രാഗിണിയുടെ കണ്ണുകൾ നിറഞ്ഞു..

അമ്മയില്ലാത്ത തനിക്ക് ആ സ്ഥാനത്ത് എന്നും ഉണ്ടായിരുന്ന രാഗിണിയുടെ കണ്ണുകൾ നിറഞ്ഞത് കണ്ട് ഈശ്വറിനും പിടിച്ചു നിൽക്കാൻ ആയില്ല.. അത്രയും നേരം പുഞ്ചിരിയോടെ നില കൊണ്ട ഈശ്വർ തല താഴ്ത്തി,,,അവന്റെ മിഴികൾ പതിയെ ഈറനായി.... ഈശ്വറിന്റെ കൈയിൽ പിടിച്ച് രാഗിണി പരിഭവവും പരാതിയും പറയുമ്പോൾ താൻ ചെയ്ത തെറ്റുകൾക്കെല്ലാം ക്ഷമ നൽകി പഴയ സ്നേഹം വീണ്ടും നൽകുന്ന ആ അമ്മയെ അവൻ കൺ നിറയെ നോക്കിയിരുന്നു.. "മോനെ ഈശ്വർ... ഇനി നീ എവിടേക്കും പോകേണ്ട.. ഞങ്ങളുടെ വീട്ടിൽ എന്നും നിനക്കൊരു സ്ഥാനം ഉണ്ടായിരുന്നു .. അതിപ്പോഴും അങ്ങനെ തന്നെയുണ്ട്.. ഈ അമ്മയോട് സ്നേഹം ഉണ്ടെങ്കിൽ നീ ഇനി മുതൽ ഞങ്ങളോടൊപ്പം കഴിയണം... " അമിതിനെ ഞെട്ടിച്ചു കൊണ്ടായിരുന്നു അമ്മയുടെ ആ വാക്കുകൾ... ഈശ്വർ ഇനിയെന്നും തന്റെ കൂടെ വേണമെന്ന് അമിത് ആഗ്രഹിച്ചിരുന്നു എങ്കിലും അമ്മ ഇങ്ങനെയൊരു തീരുമാനം പറയുമെന്ന് അവനൊരിക്കലും വിചാരിച്ചിരുന്നില്ല....

ഒരുപാട് സന്തോഷത്തോടെ അവൻ തന്റെ അമ്മയുടെ വാക്കുകൾക്ക് പിന്തുണ നൽകി.. "അതേ ഈശ്വർ. നീയിനി ഞങ്ങളുടെ കൂടെ വേണം.. പഴയ ഈശ്വറായി... " "വേണ്ട അമിത്... അതൊന്നും വേണ്ട... നിങ്ങളെയൊക്കെ കാണാൻ കഴിഞ്ഞല്ലോ അത് തന്നെ ധാരാളം... ഞാൻ ഇനി ഓർഫനേജിലേക്ക് തന്നെ പോകട്ടെ.. ഇനിയുള്ള കാലമെത്രയും അവിടെ ജീവിച്ചാൽ മതി.. " ഈശ്വർ അതിനെ എതിർത്തെങ്കിലും അവനെ അങ്ങനെ പറഞ്ഞു വിടാൻ രാഗിണിയും അമിതും ഒരുക്കം അല്ലായിരുന്നു.. അവർ ഇരുവരും അവനെ പോകാൻ സമ്മതിച്ചില്ല.. അവർക്ക് പൂർണ്ണ പിന്തുണയുമായി സൂര്യ ദാസും അക്ഷിതും വന്നതും ഈശ്വറിന് അവരെ എതിർത്തു കൊണ്ട് അവിടെ നിന്നും പോകാൻ മനസ്സ് വന്നില്ല... അവരുടെ സ്നേഹത്തിന് മുന്നിൽ അവൻ തോറ്റു പോയെന്നായിരുന്നു സത്യം... ************ അമന്റെ കണ്ണിൽ നിന്നും പല തവണ മാറി നടന്ന ശിവ എന്തോ ആവശ്യത്തിനായി തന്റെ വീട്ടിലേക്ക് പോയി തിരിച്ച് മുറ്റത്തേക്ക് ഇറങ്ങിയതും മുന്നിൽ നിൽക്കുന്ന അമനെ കണ്ട് അവൾ തരിച്ചു നിന്നു..

മുന്നോട്ട് പോകണോ അതോ വീട്ടിലേക്ക് തിരിച്ചു കയറണോ അതോ അവനോട് സംസാരിക്കണോ എന്നറിയാതെ അവൾ ഒരു നിമിഷം ആലോചനയിൽ മുഴുകി... അവന്റെ മുഖത്തേക്ക് നോക്കാൻ എന്തോ ബുദ്ധിമുട്ട് പോലെ അവൾക്ക് തോന്നി.. അവനോട് തന്റെ മനസ്സിൽ എന്തോ ഒന്നുണ്ടെന്ന് അവൾ എന്നേ തിരിച്ചറിഞ്ഞിരുന്നു.. പക്ഷേ അത് അംഗീകരിക്കാൻ മാത്രം അവൾ തയ്യാറായിരുന്നില്ല... തന്നിൽ നിന്ന് കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന അമന് ഒരു പുഞ്ചിരി നൽകി കൊണ്ട് ശിവ അവനെ മറികടന്ന് പോകാൻ നിന്നതും പെട്ടന്ന് അമൻ അവളുടെ കയ്യിൽ പിടിച്ച് വലിച്ച് തന്റെ മുന്നിലേക്ക് നിർത്തി... അമന്റെ ആ നീക്കം ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ ഷോക്കടിച്ച പോലെ അവൾ തരിച്ചു നിന്നു... ആദ്യം തന്നെ അവൾ നോക്കിയത് ആരെങ്കിലും കാണുന്നുണ്ടോ എന്നായിരുന്നു... കല്യാണപെണ്ണ് ഇറങ്ങാൻ ആയത് കൊണ്ട് തന്നെ എല്ലാവരും ആര്യയുടെ വീട്ടിൽ പന്തലിൽ തന്നെ ആയിരുന്നു... ആരും കാണുന്നില്ലെന്ന് ഉറപ്പിച്ചതും ആശ്വാസത്തോടെ അവൾ കണ്ണുകൾ അമനിലേക്ക് തിരിച്ചു..

"അമൻ... എന്താ ഇത്... കൈ വിട്... " ദേഷ്യം നടിച്ചു കൊണ്ട് ശിവ പറഞ്ഞുവെങ്കിലും കൈ വിടാൻ അമൻ തയ്യാറായില്ല.. ആരെങ്കിലും തന്റെ അനുവാദം ഇല്ലാതെ ദേഹത്ത് തൊട്ടാൽ കൈ പിരിച്ചൊടിക്കുന്ന ശീലമുള്ള ശിവ അതിനൊന്നും തയ്യാറാവുന്നില്ലെന്നും മാത്രമല്ല അവളുടെ മുഖത്ത് തന്നോട് ദേഷ്യം കൂടുന്നില്ലെന്ന് കണ്ട അമന് അവളുടെ മുന്നിൽ നിൽക്കാനുള്ള ധൈര്യം വർധിച്ചു... " എന്നെ കാണുമ്പോൾ എന്തിനാ ഒളിച്ചു കളിക്കുന്നത്.. " "ഞാനോ... നിനക്ക് തോന്നിയതാവും... നീ മാറിക്കെ.. എനിക്ക് പോകണം.. ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് എന്റെ പിറകെ നടക്കരുതെന്ന്.. നീ ഉദ്ദേശിക്കുന്നത് പോലെയുള്ള പെണ്ണല്ല ഞാൻ.... " അതും പറഞ്ഞ് ശിവ പോകാൻ നിന്നതും വീണ്ടും അമൻ അവളുടെ കയ്യിൽ പിടിച്ച് തന്നോട് ചേർത്ത് നിർത്തി.. ശിവ കുതറി മാറാൻ ശ്രമിച്ചെങ്കിലും അവന്റെ കൈക്കരുത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ അവൾക്കായില്ല.... "ശെരിയാ.. ഞാൻ ഉദ്ദേശിച്ചത് പോലെയുള്ള പെണ്ണല്ല നീ... അത് കൊണ്ട് തന്നെയാണല്ലോ നിന്റെ മുഖവും ഈ ദേഷ്യവും കുറുമ്പും ഒന്നും എന്റെ മനസ്സിൽ നിന്നും മാഞ്ഞു പോകാത്തത്....

എല്ലാവരുടേയും പിറകെ വായിനോക്കി നടക്കുന്ന പോലെയാണ് നിന്നെയും ഞാൻ സമീപിക്കുന്നതെന്ന ചിന്ത വേണ്ട... ഇഷ്ടമാണ്.... ഒരുപാട്..... " യാതൊരു പേടിയും വിറയലും കൂടാതെ തന്റെ കണ്ണിൽ നോക്കി കൊണ്ട് അമൻ പറഞ്ഞ വാക്കുകൾ കേട്ട് ശിവയുടെ കണ്ണുകൾ വിടർന്നു വന്നു..... പക്ഷേ അടുത്ത നിമിഷം തന്നെ അവൾ തന്റെ കണ്ണുകളുടെ നോട്ടം മാറ്റി കൊണ്ട് എന്തോ പറയാനായി ശ്രമിച്ചതും അമൻ അവളുടെ ചുണ്ടിൽ അവന്റെ ചൂണ്ടു വിരൽ ചേർത്ത് വെച്ചു... "ശ്ശ്....... ഒന്നും പറയേണ്ട.. പറയാൻ വരുന്നത് എന്താണെന്ന് എനിക്കറിയാം... എനിക്ക് വയസ്സ് കുറവാണെന്നല്ലേ.. നിന്നെക്കാൾ ഒരു വയസ്സ് കുറവുള്ളതിന് എനിക്കൊരു പ്രശ്നവും ഇല്ല...... എനിക്ക് പക്വത ഇല്ലെന്നാണ് നീ പറഞ്ഞു വരുന്നതെങ്കിൽ,, ഞാൻ നിനക്കായ്‌ കാത്തിരിക്കാം... പക്വത വന്നെന്ന് നിനക്കെപ്പോ തോന്നുന്നുവോ അപ്പോൾ എന്റെ അടുത്തേക്ക് വരണം.... എന്റെ ഇഷ്ടം ഒരിക്കലും മാഞ്ഞു പോകില്ല... " അതും പറഞ്ഞ് അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അമൻ അവിടെ നിന്നും തിരിഞ്ഞു നടന്നു...

ഒരു നിമിഷം,, ഇതൊക്കെ സ്വപ്നം ആയിരുന്നുവോ എന്ന് ശിവക്ക് തോന്നിപോയി... അവന്റെ ഓരോ വാക്കുകളും ഓർത്ത്‌, ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരിയോടെ അവൾ അവൻ പോകുന്നതും നോക്കി മുന്നോട്ട് നടന്നു........ ശിവ പന്തലിലേക്ക് കയറിയതും മതിലിനരികിൽ സംസാരിച്ചു നിൽക്കുകയായിരുന്ന അനിരുദ്ധ് ഉം സൂര്യ ദാസും പരസ്പരം നോക്കി അർത്ഥം വെച്ച് ചിരിച്ചു കൊണ്ടിരുന്നു...... ! ************ "ജീവാ... എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ.... " കല്യാണതിരക്കുകൾ അവസാന ഘട്ടത്തിൽ ആയതും വിട പറയാൻ സമയമായെന്ന് അറിയിച്ചു കൊണ്ട് സൂര്യ ദാസ് ജീവനെ സമീപിച്ചു... ഒത്തിരി വേദനയോടെയും ജീവൻ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി.... രാഗിണി വന്ന് ആര്യയുടെ കൈ പിടിച്ചു കൊണ്ട് പോകാമെന്ന് പറഞ്ഞതും അവളുടെ കണ്ണുകൾ തന്റെ അച്ഛന് വേണ്ടി തിരഞ്ഞു... കണ്ണ് നിറച്ച് തന്റെ പ്രിയപ്പെട്ടവരെ വേദനിപ്പിക്കില്ലെന്ന് ആദ്യമേ ശപഥം എടുത്ത ആര്യ,,, പക്ഷേ.... ജീവൻ അടുത്ത് വന്ന് അവളെ നെഞ്ചോട് ചേർത്ത് പോകാൻ അനുമതി നൽകിയതും അവളുടെ ഇരു കണ്ണുകളും നിറഞ്ഞൊലിച്ചു...

സ്വയം ഒരുപാട് കണ്ട്രോൾ ചെയ്തു എങ്കിലും അവൾക്ക് പിടിച്ചു നിൽക്കാൻ ആയില്ല... അമ്മ മരിച്ചതിനു ശേഷം തനിക്കെല്ലാം എല്ലാമായ അച്ഛനെ തനിച്ചാക്കി പോരുന്നത് അവളെ സംബന്ധിച്ച് ഹൃദയം കീറി മുറിക്കുന്ന വേദനക്ക് തുല്യം ആയിരുന്നു .... "പോയി വാ മോളെ.... " ഹൃദയം നുറുങ്ങും വേദന കടിച്ചമർത്തി ജീവൻ അവളെ അനുഗ്രഹിക്കുമ്പോൾ പൊട്ടിക്കരച്ചിലോടെ അവൾ അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞു... "ആര്യാ.... കരഞ്ഞു കൊണ്ടിറങ്ങല്ലേ മോളേ... " മുത്തശ്ശൻ അവളെ പിടിച്ചു മാറ്റിയതും ഒരു വിധം കരച്ചിലടക്കി കൊണ്ടവൾ ദയനീയമായി നോക്കി... കരയല്ലേ എന്ന് ജീവനും പറഞ്ഞതും അവൾ തന്റെ വേദന മുഴുവൻ ഉള്ളിൽ ഒതുക്കി... അനിയുടെ അമ്മ വന്ന് കെട്ടിപിടിച്ചു കൊണ്ട് കവിളിൽ ഉമ്മ നൽകിയപ്പോൾ അവൾ തന്റെ അമ്മയെ ഓർത്ത് പോയി.. എല്ലാവരിൽ നിന്നും അനുഗ്രഹം വാങ്ങി യാത്ര പറഞ്ഞവൾ കാറിൽ കയറിയതും നിറഞ്ഞ മിഴികൾ തുടച്ചു കൊണ്ട് അനിയും ശിവയും അവളെ യാത്രയാക്കി.... "പോകാം... "

അക്ഷിതിന്റെ വാക്കുകൾക്ക് തലയാട്ടി കൊണ്ട് ആര്യ കണ്ണുകൾ തന്റെ പ്രിയപ്പെട്ടവരിലേക്ക് തിരിച്ചു.... തന്റെ വീടും വീട്ടുകാരും തേങ്ങലോടെ തന്നെ യാത്രയാക്കുന്നത് പുഞ്ചിരിയുമായി അവൾ നോക്കി..... അക്ഷിതും ആര്യയും തനിച്ചായിരുന്നു ആ കാറിൽ എന്നത് കൊണ്ട് തന്നെ അവളുടെ വേദന മുഴുവൻ കണ്ണുനീരായി അവൾ ഒഴുക്കി കളഞ്ഞു.. അവളോട് ഒന്നും മിണ്ടാതെ അവളെ കുറച്ചു നേരം തനിച്ചു വിടാൻ അക്ഷിത് വിചാരിച്ചു ... വീട് എത്തുന്നത് വരെ അവൻ മൗനം പാലിച്ചു...... അവർ എത്തിയപ്പോഴേക്കും അവരെയും കാത്ത് മറ്റെല്ലാവരും മുറ്റത്ത് ഉണ്ടായിരുന്നു... രാഗിണി വന്ന് ആര്യയെ കാറിൽ നിന്നും ഇറക്കി..... ആദ്യമായ് ആയിരുന്നു ആര്യ അവരുടെ വീട് കാണുന്നത്... ചുറ്റും കണ്ണുകൾ ചലിപ്പിച്ചു കൊണ്ട് അവൾ അമ്മയോടൊപ്പം നടന്നു.. ആര്യക്ക് നിലവിളക്ക് കയ്യിൽ കൊടുത്തു കൊണ്ട് രാഗിണി അവളെയും നൈനികയേയും ഒപ്പം അകത്തേക്ക് കയറ്റി .... അമിതും അക്ഷിതും കൂടി അവരുടെ കൂടെ കയറി.... അവരുടെ വീട്ടിൽ ചെറിയ കല്യാണം ആയിരുന്നു എന്നത് കൊണ്ട് തന്നെ അടുത്ത ബന്ധുക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ..

കല്യാണപെണ്ണിനെ കണ്ട് അനുഗ്രഹം നൽകി നാളത്തെ റിസപ്‌ഷന് കാണാമെന്ന് പറഞ്ഞു കൊണ്ട് ഓരോരുത്തരും യാത്ര പറഞ്ഞു പോയി........... എല്ലാവരും പോയതും നൈനിക ആര്യയെ അക്ഷിതിന്റെ മുറിയിലേക്ക് കൊണ്ട് പോയി.. ആ കുറഞ്ഞ സമയത്തിനുള്ളിൽ ഇരുവരും നല്ല കൂട്ടായി കഴിഞ്ഞിരുന്നു... ആര്യക്ക് മാറാൻ ഉള്ള ഡ്രസ്സ്‌ കയ്യിൽ കൊടുത്തു കൊണ്ട് നൈനിക അവളുടെ സാരി അഴിക്കാൻ അവളെ സഹായിച്ചു.. " ഇന്നെന്തായാലും നിങ്ങളെ പോലെ ഞങ്ങളും ഹാപ്പി ആണ് ട്ടോ.. ഒരാഴ്ച മുന്നേ കല്യാണം കഴിഞ്ഞു എങ്കിലും അതിനൊരു പൂർണ്ണത വരുന്നത് ഈ രാത്രി കൂടി കഴിഞ്ഞാൽ ആണ്.. " ചിരിച്ചു കൊണ്ട് നൈനിക പറഞ്ഞതും ഒന്നും മനസ്സിലാവാതെ ആര്യ അവളുടെ മുഖത്തേക്ക് നോക്കി.. "അനിയുടെ കുസൃതിയാണ്.. നിങ്ങളുടെ കല്യാണത്തിന്റെ അന്ന് രാത്രി മാത്രമേ ഞാനും അമി ചേട്ടനും ഒരു മുറിയിൽ കിടക്കാവൂ എന്നാണ് അവളുടെ ഓർഡർ... ഞങ്ങൾക്ക് തന്ന ചെറിയ പണി... ഇത്രയും ദിവസം അമി ചേട്ടൻ അക്ഷിത് ഏട്ടന്റെ കൂടെ ഇവിടെ ആണ് കിടന്നിരുന്നത്.. "

അന്നത്തെ സംഭവം നൈനിക അവളോട്‌ പറഞ്ഞതും അനിയുടെ കാര്യം ഓർത്തവൾ മെല്ലെ ചിരിച്ചു.. "ഞാനും ഈ ഡ്രസ്സ്‌ മാറ്റി വരട്ടെ... ഏട്ടത്തിയമ്മ ഇവിടെ ഇരുന്നോ ഏട്ടൻ വന്നോളും " "ഏയ് എന്നെ ആര്യ എന്ന് വിളിച്ചാൽ മതി ട്ടോ... " "അമി ചേട്ടൻ ഏട്ടത്തിയമ്മ എന്നേ വിളിക്കൂ... പിന്നെ ഞാനും അങ്ങനെ തന്നെ വിളിക്കേണ്ടേ...." ചിരിച്ചു കൊണ്ട് അതും പറഞ്ഞ് അവൾ വാതിൽ തുറന്ന് പോയി... ഡ്രസ്സ്‌ മാറിയതിന് ശേഷം ആര്യ ആ റൂം മൊത്തം കണ്ണോടിച്ചു....തന്റെ റൂമും വീടും അച്ഛനെയും എല്ലാം ഓർമ വന്നതും അവളുടെ ചങ്കിലൊരു വേദന പൊടിഞ്ഞു.. എല്ലാവരും പോയി കഴിഞ്ഞാൽ തന്റെ അച്ഛൻ തനിച്ചാവുമല്ലോ എന്നോർത്ത് അവളുടെ ഉള്ളം തേങ്ങി കൊണ്ടേയിരുന്നു.....കൺപോളകളെ ഭേദിച്ചു കൊണ്ട് കണ്ണുനീർ ഒഴുകാൻ തുടങ്ങിയപ്പോഴാണ് റൂമിന്റെ വാതിൽ ആരോ തുറന്നത്..... ഞെട്ടലോടെ പെട്ടന്ന് കണ്ണുകൾ തുടച്ചു കൊണ്ടവൾ തിരിഞ്ഞു നോക്കി.... അക്ഷിത് ആയിരുന്നു അത്.. അവനെ കണ്ടതും അവൾ തല താഴ്ത്തി ഇരുന്നു.. "മോളേ.... ഡ്രസ്സ്‌ മാറ്റിയില്ലേ... "

അക്ഷിതിന്റെ പിറകെ അമ്മയും അക്ഷരയും ഉണ്ടായിരുന്നു എന്ന് അമ്മയുടെ ശബ്ദം കേട്ടപ്പോൾ ആണ് അവൾക്ക് മനസ്സിലായത്.. ഉടനെ അവൾ തല ഉയർത്തി മുഖത്തെ സങ്കടം മറച്ചു വെച്ച് ചിരിച്ചു... "താഴേക്ക് വാ മോളേ..." അമ്മയുടെ കൂടെ താഴേക്ക് പോകാനായി റൂമിൽ നിന്നും ഇറങ്ങുമ്പോൾ അക്ഷിത്തിനെ ഒന്ന് നോക്കാനും പുഞ്ചിരിക്കാനും അവൾ മറന്നില്ല...... ************ രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞ് നൈനികയും ആര്യയും അമ്മയുടെ കൂടെ അടുക്കളയിൽ തന്നെ ആയിരുന്നു... കല്യാണത്തിന്റെ ക്ഷീണം കാരണം അമനും അക്ഷരയും നേരത്തെ കിടന്നു.. സൂര്യ ദാസ് നാളത്തെ റിസപ്ഷന്റെ കാര്യം കുടുംബത്തിലെ ആരോടോ ഫോണിൽ വിളിച്ച് സംസാരിക്കുകയായിരുന്നു... ഭക്ഷണം കഴിച്ച ഉടനെ അമിതും അക്ഷിതും അവരവരുടെ റൂമിലേക്ക് പോയി... "ഒരുപാട് നേരമായി... ക്ഷീണം കാണും, മക്കള് പോയി കിടന്നോ " നൈനികക്കും ആര്യക്കും കയ്യിൽ പാൽ നൽകി കൊണ്ട് രാഗിണി അവരോട് മുറിയിലേക്ക് പോവാൻ പറഞ്ഞു.....ഇരുവരും പാലുമായി സ്റ്റെയർ കയ്‌സ് കയറി മുറിയിലേക്ക് നടന്നു ......

മുറിയുടെ വാതിൽ തുറന്ന് നൈനിക അകത്തേക്ക് കയറുമ്പോൾ അമിത് ഫോണിൽ കളിച്ചു കിടക്കുവായിരുന്നു... അക്ഷിതിന്റെ മുറി ഒരുക്കിയ പോലെ അമിതിന്റെ മുറിയും മഹിയും കൂട്ടരും ചേർന്ന് ആദ്യമേ ഒരുക്കിയിരുന്നു.. വാതിൽ ലോക്ക് ചെയ്തു കൊണ്ട് നൈനിക പാലുമായി അമിതിന്റെ അടുത്തേക്ക് ചെന്നു.... ഫോൺ ടേബിളിൽ വെച്ചു കൊണ്ട് അമിത് അവളെ ബെഡിൽ ഇരുത്തി.... "എന്താ ആദ്യമായാണോ എന്നെ കാണുന്നെ.... " അമിത് പുഞ്ചിരിയോടെ തന്റെ കണ്ണിലേക്ക് തന്നെ നോക്കുന്നത് കണ്ട് നൈനിക പുരികം ഉയർത്തി ചോദിച്ചു... " കാത്തിരുന്നൊടുവിൽ സ്വന്തമാക്കിയിട്ടും ഇങ്ങനെ ഒരു രാത്രിക്കായി വീണ്ടും കാത്തിരിക്കേണ്ടി വന്നില്ലേ ... അങ്ങനെ ഒരുപാട് കാത്തിരുന്നത് കൊണ്ടാണെന്നു തോന്നുന്നു ഇന്ന് നിന്നെ കാണാൻ വല്ലാത്തൊരു ഭംഗി...." അമിതിന്റെ വാക്കുകൾ കേട്ട് ചെറു പുഞ്ചിരിയോടെ നൈനിക മുഖം താഴ്ത്തി...

അവളുടെ നാണം കൊണ്ട് കവിളുകൾ ചുവന്ന് തുടുത്തു കാണപ്പെട്ടതും തന്റെ വലത്തേ കൈ കൊണ്ടവൻ അവളുടെ താടിയിൽ പിടിച്ച് മുഖം മെല്ലെ ഉയർത്തി അവളുടെ ചുണ്ടിൽ തന്റെ ചുണ്ട് ചേർത്ത് വെച്ചു......... നൈനിക മുറിയിലേക്ക് കയറിയതും പാലും കയ്യിൽ പിടിച്ച് ആര്യ ഒരു നിമിഷം അക്ഷിതിന്റെ മുറിയുടെ വാതിൽക്കൽ നിന്നു... എന്നും കിടക്കാൻ നേരം അച്ഛന്റെ അരികിൽ കുറച്ചു സമയം ഇരിക്കുന്നതും സംസാരിക്കുന്നതും കളിചിരികളോടെ നേരം പങ്കുവെക്കുന്നതും അവളുടെ മനസ്സിലേക്ക് അനുവാദമില്ലാതെ കടന്നു വന്നു.... മുഖം വാടി കൊണ്ട് പുതിയ ജീവിതത്തിലേക്ക് കടക്കേണ്ട എന്നവളുടെ മനസ്സ് ഉണർത്തിയതും ഒരു നെടുവീർപ്പോടെ അവൾ വാതിൽ തുറന്ന് അകത്തേക്ക് കയറി...അക്ഷിത് ബാത്റൂമിൽ ആണെന്ന് മനസ്സിലാക്കിയ അവൾ പാൽ ടേബിളിൽ വെച്ച് ബാൽക്കണിയിലേക്ക് ചെന്നു... തണുത്ത കാറ്റേറ്റ് ഇരുളിലേക്ക് അൽപ നേരം നോക്കി നിന്നപ്പോൾ അവൾക്ക് കുറച്ച് ആശ്വാസം തോന്നി... എങ്കിലും അച്ഛനെ ഓർത്തുള്ള മനസ്സിലെ നീറ്റൽ മാഞ്ഞു പോയില്ലേ.....

കണ്ണുകൾ അടച്ച് ബാൽക്കണിയിലെ കമ്പിയിൽ കൈവെച്ച് നിൽക്കുമ്പോൾ ആണ് തന്റെ തൊട്ട് പിറകിൽ ആരുടെയോ ചലനം അവൾ ശ്രദ്ധിച്ചത്...തിരിഞ്ഞു നോക്കിയപ്പോൾ പുഞ്ചിരിയോടെ കൈകൾ കെട്ടി നിൽക്കുന്ന അക്ഷിത്തിനെ അവൾ കണ്ടു... "എന്താടോ.... കിടക്കുന്നില്ലേ.. ഇന്നിവിടെ നിൽക്കാൻ ആണോ ഭാവം... " അക്ഷിത്തിന് തലയാട്ടി കൊണ്ട് ആര്യ ബാൽക്കണിയിൽ നിന്നും അകത്തേക്ക് നടന്നു.... ടേബിളിൽ വെച്ച പാൽ അക്ഷിത്തിന് നേരെ നീട്ടുമ്പോൾ അവളുടെ ഹൃദയം മിടിപ്പ് വർധിപ്പിച്ചു കൊണ്ടിരുന്നു... എന്തോ, അവന്റെ നേരെ മുഖം ഉയർത്താൻ അവൾക്ക് കഴിഞ്ഞില്ല...കയ്യിലെ പാൽ വാങ്ങി അല്പം കുടിച്ചു കൊണ്ട് അക്ഷിത് ടേബിളിൽ തിരികെ വെച്ചു... സംസാരിക്കാൻ വാക്കുകൾ കിട്ടാതെ, സംസാരിച്ചാൽ ഉള്ളിലെ നീറ്റൽ വാക്കുകളെ മുറിക്കുമോ എന്ന പേടി മൂലം ആര്യ ഒന്നും മിണ്ടാതെ നിന്നു.. അവളുടെ മനസ്സ് വായിച്ചെന്ന പോലെ അക്ഷിത് അവളുടെ കൈ തന്റെ കൈക്കുള്ളിൽ ആക്കി... അവന്റെ സ്പർശനം ഏറ്റതും താഴ്ത്തിയ മുഖം മെല്ലെയവൾ ഉയർത്തി..... ഉടനെ അക്ഷിത് നേർത്ത ചിരിയോടെ കൈ പിൻവലിച്ചു.... അവനെ നോക്കി നെറ്റി ചുളിച് കൊണ്ടവൾ കയ്യിൽ തടഞ്ഞ വസ്തു നോക്കാനായി മിഴികൾ താഴ്ത്തി കൈ മലർക്കെ തുറന്നു..... അടുത്ത നിമിഷം ആര്യയുടെ കണ്ണുകൾ വിടർന്നു............ തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story