ആത്മരാഗം💖 : ഭാഗം 101

athmaragam thanseeh

രചന: തൻസീഹ് വയനാട്

കൈ മലർക്കെ തുറന്ന ആര്യ അത്ഭുതത്തോടെ അവിശ്വാസത്തോടെ അക്ഷിത്തിനെ നോക്കി... ആ സമയം പോകാം എന്ന് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ച അക്ഷിത് ആര്യയുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് വാതിൽ തുറന്ന് പുറത്തേക്ക് നടന്നു.... എല്ലാവരും ഉറങ്ങിയത് കൊണ്ട് തന്നെ അവർ പുറത്തിറങ്ങിയത് ആരും തന്നെ കണ്ടില്ല... അക്ഷിതിന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് ആര്യ അവന്റെ പിറകെ നടന്നു.... പുറത്തെ വാതിൽ തുറന്ന് അടച്ച ശേഷം മെല്ലെയവൻ അവളുടെ കൈ വിട്ടു... കയ്യിലെ കീ അവന് നൽകുമ്പോഴും അവളുടെ കണ്ണിലെ സന്തോഷത്തിന്റെ തിളക്കം അവളിൽ നിന്നും മാഞ്ഞു പോയിരുന്നില്ല... കാർ പോർച്ചിൽ നിന്നും തന്റെ ബുള്ളറ്റ് തള്ളി കൊണ്ട് ആര്യയുടെ അടുത്തെത്തിച്ചു.... അപ്പോഴും വിശ്വാസം വരാതെ അവനെ തന്നെ നോക്കി നിൽക്കുവായിരുന്നു അവൾ.. മനസ്സിലെ ഭാരം ഒന്നിറക്കാൻ ഈ രാത്രി തന്നെ ഒരു യാത്ര അവളേറെ കൊതിച്ചിരുന്നു... പക്ഷേ തന്റെ ശീലങ്ങൾ ഇനി മാറ്റണമെന്ന അച്ഛന്റെ വാക്ക് ഓർമയിൽ ഉള്ളതിനാലും കല്യാണം കഴിഞ്ഞുള്ള ആദ്യ രാത്രി ആയതിനാലും തന്റെ ആഗ്രഹം അവൾ മനസ്സിൽ തന്നെ മൂടി വെക്കുകയായിരുന്നു....

തന്നെ തന്നെക്കാൾ നന്നായി മനസ്സിലാക്കാൻ കഴിവുള്ളവൻ ആണ് അക്ഷിത് എന്നവൾക്ക് ബോധ്യമായി... ശബ്ദം കേട്ട് ആരും എണീറ്റ് വരാതിരിക്കാൻ അക്ഷിത് ബൈക്ക് തള്ളി റോഡ് വരെ കൊണ്ടെത്തിച്ചു.... ഒരു നിമിഷം ആര്യയെ നോക്കിയ അവൻ പുഞ്ചിരിച്ചു കൊണ്ട് അല്പം മാറി നിന്ന്, അവളോട്‌ ഓടിക്കാൻ കണ്ണുകൾ കൊണ്ട് കാണിച്ചു.... അതവൾക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം നൽകി... തിളക്കം കൂടി വന്ന കണ്ണുകളോടെ അക്ഷിതിന്റെ മുഖത്തേക്ക് നോക്കി കൊണ്ടവൾ ബൈക്കിൽ കയറി... അവൾക്ക് പിറകെ അക്ഷിതും കയറി... "പോകാം.... " അവളുടെ കാതോരം ചെന്നവൻ മൊഴിഞ്ഞതും മിററിലൂടെ അവനെ നോക്കി കൊണ്ടവൾ ബൈക്ക് സ്റ്റാർട്ട് ചെയ്തു...... അച്ഛൻ വിലക്കിയതിനെ തുടർന്ന് ഒരാഴ്ചയായിരുന്നു അവൾ രാത്രി യാത്ര ചെയ്തിട്ട്... അത് കൊണ്ട് തന്നെ അവളുടെ ഉള്ളം തുള്ളി കളിച്ചു... സ്പീഡ് വർധിപ്പിച്ചു കൊണ്ടവൾ മുന്നോട്ട് പോയി... അവളുടെ മുഖത്തെ സന്തോഷം കണ്ണുകളിൽ പ്രകടമാവുന്നത് നോക്കിയിരിക്കുവായിരുന്നു അക്ഷിത്..

സ്പീഡ് വർധിക്കും തോറും തണുപ്പ് അവരെ മൂടികൊണ്ടിരുന്നു.... കുറച് അകലം പാലിച്ചിരിക്കുകയായിരുന്ന അക്ഷിത് മെല്ലെ അവളുടെ അടുത്തേക്ക് നീങ്ങി... ഇരു കൈകൾ കൊണ്ടും അവളുടെ വയറിനെ വലയം ചെയ്തു കൊണ്ട് അവളുടെ ഷോൾഡറിൽ തന്റെ താടി വെച്ചു... അവന്റെ സാമിപ്യം വല്ലാത്തൊരു അനുഭൂതി അവളിൽ പടർന്നു...ഉയർന്നു വരുന്ന ഹൃദയമിടിപ്പോടെ കാളലോടെ അവൾ പെട്ടന്ന് ബൈക്ക് നിർത്തി....... മിററിലൂടെ അവളെ നോക്കിയൊരു ചിരി ചിരിച്ചു കൊണ്ട് അക്ഷിത് ബൈക്കിൽ നിന്നും ഇറങ്ങി.... ആര്യ ഇങ്ങോട്ട് തന്നെ വരുമെന്ന് അവന് ഉറപ്പായിരുന്നു.... കുന്നിൻ മുകളിൽ ആരുമില്ലാത്ത ഈ സമയത്ത് തനിച്ചു നിൽക്കുന്നത് മറ്റെന്തിനേക്കാളും ഇഷ്ടപ്പെടുന്ന ആര്യക്ക് ഇന്നത്തെ ദിവസം ഇവിടെ വന്ന് അൽപ സമയം നിൽക്കുന്നത് പ്രാധാന്യമുള്ളതാണെന്ന് അക്ഷിത്തിന് അറിയാമായിരുന്നു.... അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് കുന്നിന്റെ മുകളിലേക്ക് കയറിയ അക്ഷിത് അവളെ തനിച്ചു വിടാനായി കൈകൾ വേർപ്പെടുത്താൻ നിന്നു... എന്നാൽ ഇരുളിലേക്ക് നോക്കി നിന്ന ആര്യ അവന്റെ കൈകൾ കൂടുതൽ മുറുകെ പിടിച്ചു.... തന്റെ സ്വകാര്യ സന്തോഷം ഇനി മുതൽ അക്ഷിതിനും അവകാശപെട്ടതാണെന്ന് പറയാതെ പറയുകയായിരുന്നു അവൾ.....

കുറച്ചു സമയം കണ്ണുകൾ അടച്ചിരുന്ന ആര്യ, മനസ്സ് തീർത്തും ശാന്തമായെന്ന് തോന്നിയതും കണ്ണുകൾ തുറന്നു..... " മനസ്സ് പെട്ടന്ന് വായിച്ചെടുത്തു അല്ലേ... " അവന്റെ മുഖത്തേക്ക് നോക്കി കൊണ്ടവൾ പറഞ്ഞതും അങ്ങനെ അല്ലെന്ന അർത്ഥത്തിൽ അവൻ തലയാട്ടി കൊണ്ട് അവളെ നോക്കാതെ മുന്നോട്ട് നോക്കി... "പെട്ടന്ന് വായിച്ചെടുത്തതല്ല....എന്ന് നീയെന്റെ ഹൃദയത്തിൽ കയറി കൂടിയോ അന്ന് മുതൽ നിന്റെ മനസ്സ് എനിക്കറിയാം... നിന്നെ അറിയിക്കാതെ അത് വായിച്ചെടുക്കാൻ പ്രത്യേക രസമായിരുന്നു....... പല തവണ നിന്റെ കണ്ണുനീർ ഈ ഇരുളിൽ മാഞ്ഞു പോകുന്നത് നേരിൽ കണ്ടവനല്ലേ ഞാൻ.. നീ പറയാതെ തന്നെ എനിക്ക് നിന്റെ ഉള്ളമറിയാം....." അക്ഷിതിന്റെ വാക്കുകൾ കേട്ട് ആര്യ അവനിൽ നിന്നും കണ്ണെടുക്കാതെ നോക്കി... അതറിഞ്ഞ അക്ഷിത് മുഖം തിരിച്ചു കൊണ്ട് അവളുടെ നേരെ നിന്നു... നിലാവിന്റെ ശോഭയിൽ അവളുടെ സീമന്തരേഖയിലെ സിന്ദൂരം തിളങ്ങി നിൽക്കുന്നത് അവന്റെ കണ്ണിൽ തട്ടി...നെറ്റിയിലേക്ക് പാറി വീഴുന്ന മുടിയിഴകൾ സിന്ദൂരത്തെ മറച്ചതും അക്ഷിത് തന്റെ കൈകൾ കൊണ്ടവയെ മാടി ഒതുക്കി...

അപ്പോഴും തന്റെ കണ്ണുകളിൽ നിന്ന് നോട്ടം തെറ്റിക്കാതെ നിൽക്കുന്ന ആര്യയെ അവനും ഒരു നിമിഷം നോക്കി നിന്നു... അവളുടെ അരക്കെട്ടിലൂടെ കയ്യിട്ട് തന്റെ നെഞ്ചോട് ചേർത്ത് നിർത്തുമ്പോൾ അവളുടെ ഹൃദയമിടിപ്പിന്റെ വേഗത അവനറിഞ്ഞു........ വീശിയടിക്കുന്ന കാറ്റിന്റെ തണുപ്പിൽ അവളുടെ ചുവന്ന ചുണ്ടുകൾ ഒന്ന് വിറച്ചതും അക്ഷിത് അവളിലെ പിടുത്തം മുറുക്കി..... അവന്റെ നിശ്വാസം അവളുടെ കവിളിൽ തട്ടി തടഞ്ഞു കൊണ്ടേയിരുന്നു.... പതിയെ കണ്ണുകൾ അടച്ച ആര്യയുടെ മേനി കൂടുതൽ വിറച്ചു... കൈകൾ അക്ഷിതിന്റെ ഷർട്ടിൽ പിടുത്തം മുറുക്കുമ്പോൾ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ കീഴ്‌പ്പെടുത്തി കഴിഞ്ഞിരുന്നു........ കണ്ണടച്ച് തുറന്ന ആര്യ നാണത്തോടെ തല താഴ്ത്തിയതും അക്ഷിത് അവളുടെ പിടുത്തം വിട്ട് കൊണ്ട് അവളെ തിരിച്ചു നിർത്തി.. "നിനക്കൊരു സർപ്രൈസ്‌ ഉണ്ട്... " മെല്ലെ അവൻ അവളുടെ കാതിൽ പറഞ്ഞതും എന്താണെന്ന അർത്ഥത്തിൽ അവളൊന്ന് തിരിഞ്ഞു നോക്കി... ഉടനെ അവൻ അവളുടെ കണ്ണുകൾ പൊത്തി കൊണ്ട് അവളെയും കൊണ്ട് കുറച്ചപ്പുറത്തേക്ക് നടന്നു......

"കണ്ണ് തുറക്ക്... " കൈകൾ എടുത്തു മാറ്റി അക്ഷിത് പറഞ്ഞു.... ആ സമയം വെളിച്ചം അവളുടെ കൺ പോളകളെ അസ്വസ്ഥമാക്കിയതും പതിയെ അവൾ കണ്ണ് തുറന്നു.... ആ സമയം മുന്നിൽ കണ്ട കാഴ്ച അവളെ തീർത്തും അത്ഭുതപ്പെടുത്തി....... നാല് ഭാഗവും ചുവന്ന പനിനീർ പൂക്കൾ കൊണ്ട് അലങ്കരിച്ച മനോഹരമായ കൂടാരം......മുന്നിൽ ഇരു സൈഡിലും വെളിച്ചം നൽകാനായി പന്തം കത്തിച്ചു വെച്ചിരിക്കുന്നു.... കൂടാരത്തിന് മുന്നിൽ പനിനീർ പൂക്കൾക്കിടയിൽ മാദക ഗന്ധം പരത്തുന്ന മുല്ല പൂക്കൾ.......കൂടാരത്തിലേക്കുള്ള വഴി പോലും പൂക്കൾ കൊണ്ട് വിരിച്ച പട്ടു പാത..... മനോഹരമായ കാഴ്ച കണ്ട് ആര്യ അത്ഭുതവും സന്തോഷവും കണ്ണുകളിൽ പ്രകടമാക്കി അക്ഷിത്തിനെ നോക്കി... ആര്യയുടെ കയ്യിൽ പിടിച്ചു കൊണ്ട് അക്ഷിത് ആ പാതയിലൂടെ നടന്നു... ചുവന്ന പനിനീർ പൂവിൽ അവളുടെ നഗ്ന പദങ്ങൾ അമർന്നതും ഇരു സൈഡിലും കവാടം പോലെ ഉള്ള വള്ളി പടർപ്പുകളിൽ നിന്നും പൂവിതളുകൾ അവരുടെ മേലേക്ക് വർഷിച്ചു കൊണ്ടിരുന്നു.......

ഒത്തിരി സന്തോഷത്തോടെ അക്ഷിതിനോട് ചേർന്ന് നിന്ന് ആ കൂടാരത്തിലേക്ക് കയറിയ ആര്യ അകത്തെ അതി മനോഹരമായ കാഴ്ച കണ്ട് കണ്ണുകൾ വിടർത്തി...... പുറമെ മുഴുവൻ ചുവന്ന പനിനീർ പുഷ്പങ്ങൾ ആയിരുന്നുവെങ്കിൽ അകം മുഴുവൻ വെളുത്ത പനിനീർ ആയിരുന്നു.... മനോഹരമായ മെത്തയിൽ വെളുത്ത പനിനീർ പൂവിന്റെ ഇതളുകൾ.......നാല് ഭാഗത്തും കത്തിച്ചു വെച്ച ഭംഗിയേറിയ മെഴുകുതിരികൾ.... "ഇഷ്ടപ്പെട്ടോ... " എല്ലാം കണ്ട് ഒരു വാക്ക് മിണ്ടാൻ ആവാതെ നിന്ന ആര്യയോട് ചേർന്ന് നിന്ന് കൊണ്ട് അക്ഷിത് ചോദിച്ചു.. പുഞ്ചിരിയോടെ അവൾ തലയാട്ടിയതും കള്ള ചിരിയോടെ അക്ഷിത് ഇരു കൈകൾ കൊണ്ടും അവളെ വാരിയെടുത്തു..... പെട്ടന്ന് ഞെട്ടി പോയ ആര്യ നാണത്തോടെ അവന്റെ മുഖത്തേക്ക് നോക്കി..... ആ സമയം ആ പൂവിതൾ മെത്തയിലേക്ക് അക്ഷിത് അവളെ കിടത്തി...... വെളുത്ത പനിനീർ പൂവിതളുകൾക്ക് നടുവിൽ അവളൊരു ചുവന്ന പനിനീർ പൂ പോലെയായി അവന് തോന്നി... അക്ഷിത് തന്നിൽ നിന്നും കണ്ണെടുക്കാതെ നോക്കുന്നത് കണ്ട് ആര്യയുടെ ഹൃദയമിടിപ്പ് വർധിച്ചു കൊണ്ടിരുന്നു..... അവന്റെ കണ്ണുകളിൽ തെളിഞ്ഞ പ്രണയത്തിൽ മതിമറന്ന അവൾ മെല്ലെ കണ്ണുകൾ അടച്ചു......

ഒരു നിമിഷം അവളുടെ അടഞ്ഞ മിഴികളിലേക്ക് നോക്കിയ അക്ഷിത് അവളുടെ ഇരു കൺപോളകളിലും തന്റെ ചുണ്ടുകൾ അമർത്തി.... പിന്നെ,,,,,, പതിയെ അവളിലേക്ക് പടർന്നു കയറി........... ************ നേരം പുലരും മുന്നേ വീട്ടിൽ തിരിച്ചെത്തിയ അക്ഷിതും ആര്യയും ആരും കണ്ടില്ലെന്ന് ഉറപ്പ് വരുത്തി കൊണ്ട് തങ്ങളുടെ മുറിയിലേക്ക് പോയി.... തന്റെ ജീവിതത്തിലെ മനോഹരമായ ദിനം മറക്കാൻ കഴിയാത്ത ഓർമ്മകൾ തന്ന് അതിമനോഹരമാക്കിയ അക്ഷിതിന്റെ നെഞ്ചിൽ തലവെച്ചു കിടന്നു കൊണ്ടവൾ ക്ഷീണം കൊണ്ട് പെട്ടെന്നുറങ്ങി.. ഇരു കൈകൾ കൊണ്ടും അവളെ ചേർത്ത് പിടിച്ച് അക്ഷിതും കണ്ണുകൾ അടച്ചു........ പിറ്റേന്ന് അവരുടെ വീട്ടിൽ വെച്ച് തന്നെയായിരുന്നു റിസപ്ഷൻ.. അമിതിന്റെ കല്യാണം വലുതായിരുന്നു എങ്കിലും റിസപ്ഷൻ ലളിതമായിരുന്നു...അക്ഷിതിന്റെ കല്യാണവും കൂടി കഴിഞ്ഞ് എല്ലാവരെയും കൂട്ടി പാർട്ടി നടത്താൻ ആയിരുന്നു അവരുടെ തീരുമാനം... രാവിലെ തന്നെ അതിന്റെ അറേഞ്ച്മെന്റ്സ് ചെയ്യുന്നതിൽ ശ്രദ്ധ കൊടുക്കുകയായിരുന്നു സൂര്യ ദാസും മക്കളും... ആര്യയും നൈനികയും അമ്മയുടെ കൂടെ അടുക്കളയിൽ ഓരോ ജോലികളിൽ ഏർപ്പെട്ടു.....

റിസപ്‌ഷന്റെ തിരക്കിലും ഈശ്വറിന്റെ കാര്യത്തിൽ ഒരു മുടക്കവും വരുത്താൻ രാഗിണി തയ്യാറായിരുന്നില്ല....പുറത്തിറങ്ങാൻ മടി കാണിച്ച ഈശ്വറിനെ അവർ നിർബന്ധിച്ചു കൊണ്ട് അമിതിന്റെ കൂടെ നിർത്തി..... അമിതും അവനെ വിടാതെ ഓരോ കാര്യത്തിനും കൂടെ കൂട്ടി... പഴയ പോലെ തമാശ പറയാനും ചിരിക്കാനും ഈശ്വറിന് കഴിയുന്നുണ്ടായിരുന്നില്ല... എന്നാൽ അമിത് പഴയ പോലെ തന്നെ അവനോട് പെരുമാറി.. അവനെ തന്റെ പഴയ ഈശ്വർ ആക്കി മാറ്റാൻ ശ്രമിക്കുകയായിരുന്നു അമിത്.... "അമിത്... ഞാനിനി മുറിയിലേക്ക് പോട്ടേ... എല്ലാവരും എത്തി തുടങ്ങി. " "അതിനെന്താ... എല്ലാവരും വന്നോട്ടെ... ഇന്ന് രാവിലെ തന്നെ ഏട്ടൻ നിനക്കായ്‌ ഡ്രസ്സ്‌ എടുത്ത് വന്നിട്ടുണ്ട്... അതിട്ട് നല്ല കുട്ടിയായി വാ... അമ്മ പറഞ്ഞത് കേട്ടില്ലേ... നീയും ഈ വീട്ടിലെ ഒരു അംഗമാണ് ഇപ്പോൾ... അത് കൊണ്ട് വരുന്ന അതിഥികളെ സ്വീകരിക്കാൻ മുൻപന്തിയിൽ നീ വേണം... വേഗം ചെന്നേ.... ഞാനും ഒരുങ്ങി വരാം... " അവനെ അവന്റെ മുറിയിലേക്ക് തള്ളി വിട്ട് കൊണ്ട് അമിത് മുകളിലേക്ക് ഓടി പോയി... അവൻ പോകുന്നതും നോക്കി നിൽക്കുമ്പോൾ ആണ് ഈശ്വറിനെ വിളിച്ചു കൊണ്ട് രാഗിണി അങ്ങോട്ടേക്ക് വന്നത്... "ആഹാ... നീയിവിടെ നിൽക്കുവാണോ... വേഗം പോയി റെഡിയായിക്കെ... സമയം എത്ര ആയെന്നാ വിചാരം... എല്ലാവരും വന്ന് തുടങ്ങി... വേഗം പൊയ്ക്കേ... ഞാനാ അക്ഷരയെ ഒന്ന് ഒരുക്കട്ടെ...

ഈ കുട്ടിയിത്‌ എവിടെ പോയി....... " സ്വന്തം മക്കളെ ശാസിക്കുന്ന പോലെ രാഗിണി ഈശ്വറിനോട് പറഞ്ഞു കൊണ്ട് അക്ഷരയെ തിരഞ്ഞു പോയതും അവന്റെ കണ്ണുകൾ നിറഞ്ഞു.... മുറിയിൽ ചെന്നിരുന്ന് തനിക്കായി വാങ്ങിയ ഷർട്ട്‌ നെഞ്ചോടു ചേർത്ത് വെക്കുമ്പോൾ ഇവരുടെ കൂടെ ഇനിയും ഒരുപാട് കാലം ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന പ്രാർത്ഥനയായിരുന്നു അവന്റെ മനസ്സിൽ......... . ************ഡ്രസിങ് റൂമിൽ നിന്നും മാറ്റി ഒരുങ്ങി പുറത്തേക്ക് വന്നപ്പോൾ ആണ് കണ്ണാടിയുടെ മുന്നിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ആര്യയെ അക്ഷിത് കണ്ടത്.... പ്ലെയിൻ പീച്ച് കളറിൽ ഗോൾഡൻ കളർ വർക്കോടെയുള്ള സിൻഡ്രല്ല ഗൗൺ ആയിരുന്നു അവളുടെ വേഷം..... കഴുത്തിൽ പറ്റിചേർന്ന് കിടക്കുന്ന ഒരേ ഒരു നെക്ലസിന്റെ കൂടെ നീണ്ടു കിടക്കുന്ന താലി മാല... മേക്കപ്പ് ചെയ്ത മുഖത്തിന് തിളക്കവും ഭംഗിയുമായി സീമന്തരേഖയിൽ സിന്ദൂരചുവപ്പ്...... അവളെ കണ്ണെടുക്കാതെ നോക്കി കൊണ്ട് അക്ഷിത് മെല്ലെ അവളുടെ അടുത്തേക്ക് നടന്നു.... കണ്ണാടിയിലൂടെ അക്ഷിത് വരുന്നത് കണ്ട ആര്യ തിരിഞ്ഞു നോക്കാതെ പുഞ്ചിരിച്ചു.... അവളുടെ അടുത്തെത്തിയ അക്ഷിത് അവളുടെ ഷോൾഡറിൽ തന്റെ താടി വെച്ച് കണ്ണാടിയിലേക്ക് നോക്കി..

എന്താ എന്ന് ആര്യ പുരികം പൊക്കി കാണിച്ചതും ഒന്നുമില്ലെന്ന അർത്ഥത്തിൽ കണ്ണ് ചിമ്മി തുറന്നു കൊണ്ട് ഞൊടിയിടയിൽ അവളുടെ കവിളിലൊരു ചുംബനം നൽകി...... ഉടനെ ചിരിച്ചു കൊണ്ടവൾ തല താഴ്ത്തി..... ആ സമയം പുറത്ത് നിന്ന് മഹിയുടെ ശബ്ദം കേട്ടതും വാതിൽ തുറക്കാനായി അക്ഷിത് വാതിലിനടുത്തേക്ക് നടന്നു............. അമിത് മാറ്റി ഒരുങ്ങി കഴിഞ്ഞിട്ടും നൈനികയുടെ ഒരുക്കം കഴിഞ്ഞിരുന്നില്ല .. നൈനിക തന്നെ ഒരുക്കിയാൽ മതിയെന്ന് പറഞ്ഞ് അമ്മയോട് വഴക്കിട്ട് അക്ഷര അവളുടെ കൂടെ കൂടിയിരുന്നു.. അത് കൊണ്ട് തന്നെ പ്രിൻസസ് ലുക്കിൽ അവളെ ഒരുക്കി എടുക്കുന്ന തിരക്കിൽ ആയിരുന്നു നൈനിക... ഏട്ടത്തിയമ്മ സ്റ്റൈലിൽ മുടി കെട്ടി തന്നതും മേക്കപ്പിട്ട് തന്നതും നന്നായി ബോധിച്ച അക്ഷര കണ്ണാടിയുടെ മുന്നിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും നിന്ന് നോക്കി കളിക്കാൻ തുടങ്ങി... അത് കണ്ട അമിത് ചിരി കടിച്ചു പിടിച്ചു... "കാക്ക കുളിച്ചാൽ കൊക്കാവുമോ നൈനൂ..... " അക്ഷരയെ നോക്കാതെ മറ്റെങ്ങോ നോക്കി അമിത് പറഞ്ഞതും അക്ഷര കണ്ണുരുട്ടി കൊണ്ട് അവനെ നോക്കി... അത് അവളെ ഉദ്ദേശിച്ച് പറഞ്ഞതാണെന്ന് അവൾക്ക് കൃത്യമായി മനസ്സിലായി.. "പോടാ ഏട്ടൻ കോന്താ.. അസൂയക്ക് മരുന്നില്ല...

ഏട്ടനെ കണ്ടാലും മതി.പച്ച വെള്ളം കുടിക്കില്ല... " "ഓ... നമ്മളൊക്കെ ഇങ്ങനെ തന്നെ മതി...... അയ്യേ.. നിന്റെ മുടി എന്താ ഇവിടെ തൂങ്ങി നിൽക്കുന്നെ... ബോർ ആയിട്ടുണ്ട്... " "ആണോ.. ഞാൻ സഹിച്ചു.... " മുഖം ചുളിച്ചു കൊണ്ട് അതും പറഞ്ഞ് അക്ഷര മുറിയിൽ നിന്നും ഇറങ്ങി പോയി... പോവുന്നതുനിടയിൽ അമിത് പറഞ്ഞ പോലെ ബോർ ആണോ എന്ന് കണ്ണാടിയിൽ കൂടി നോക്കാനും അവൾ മറന്നില്ല.... "എന്തിനാ അവളെ വെറുതെ ദേഷ്യം പിടിപ്പിക്കുന്നെ... " "ചുമ്മാ ഒരു രസം " തനിക്ക് ധരിക്കാനുള്ള ഗൗൺ കയ്യിൽ പിടിച്ചു കൊണ്ട് നൈനിക ചോദിച്ചതും അമിത് ചിരിച്ചു കൊണ്ട് പറഞ്ഞു... "ഓ... എന്നാലേ... മോൻ പുറത്തിറങ്ങിക്കേ... ഞാൻ ഒരുങ്ങിയിട്ട് അങ്ങോട്ട്‌ വരാം... " "വേണമെങ്കിൽ ഞാൻ ഒരുക്കി തരാം.. " "അയ്യോ... വേണ്ടായേ.. ഞാൻ തനിയെ ഒരുങ്ങിക്കോളാം.. മോൻ വേഗം പൊയ്ക്കോ... " അമിതിനെ മുറിയിൽ നിന്നും തള്ളി വിട്ട് കൊണ്ട് നൈനിക വാതിൽ അടച്ച് ചിരിച്ചു കൊണ്ട് കണ്ണാടിയുടെ മുന്നിലേക്ക് പോയി... ആര്യക്കും നൈനികക്കും സെയിം ഗൗൺ തന്നെ ആയിരുന്നു....... ആര്യയുമായി ചേർന്ന് മുന്നേ നിശ്ചയിച്ച പോലെ മുടി സ്റ്റൈലിൽ തന്നെ അവൾ കെട്ടി വെച്ചു... വീട്ടിലെ രണ്ട് മരുമക്കളും ഒരേ പോലെ ഡ്രസിങ് ചെയ്യണം എന്ന് രാഗിണിയുടെ നിർബന്ധം ആയിരുന്നു.. അത് പോലെ അക്ഷിതും അമിതും കറുത്ത കോട്ടും സ്യുട്ടും ആയിരുന്നു ധരിച്ചിരുന്നത്............ തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story