ആത്മരാഗം💖 : ഭാഗം 102

athmaragam thanseeh

രചന: തൻസീഹ് വയനാട്

മുറിയിൽ നിന്നും പുറത്തേക്ക് വന്ന അമിത് കണ്ടത് സംസാരിച്ചു നിൽക്കുന്ന മഹിയെയും അക്ഷിതിനെയും ആണ്.. അമിതിനെ കണ്ട ഉടനെ മഹി ആക്കി ചിരിച്ചു കൊണ്ടിരുന്നു.. അവന്റെ ചിരിയുടെ അർത്ഥം മനസ്സിലായ അമിത് അവന്റെ വയറ്റിൽ നല്ലൊരു കുത്ത് കുത്തി.. "ആ.. എടാ പട്ടി... നല്ല സ്റ്റാമിന ഉണ്ടല്ലോ ഇപ്പോഴും.. ഞാൻ കരുതി ഇന്നലെ ഒക്കെ തീർന്നെന്ന്.. " "പോടാ പട്ടീ.... എന്റെ ആദ്യ രാത്രിക്ക് നല്ലൊരു പണി എനിക്കിട്ട് തന്നിട്ട് ഇപ്പോൾ ഊതുന്നോ " വീണ്ടും മഹി കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞതും അമിത് അവനെയിട്ട് നന്നായി പെരുമാറി.... "ഓ... സോറി സോറി.. " മഹി അവനെ പിടിച്ചു വെച്ച് കൊണ്ട് സോറി പറഞ്ഞു.. ഇരുവരുടെയും കളി കണ്ട് അക്ഷിത് ചിരിച്ചു കൊണ്ട് നിന്നു... അതിനിടയിൽ ആണ് മഹി ഈശ്വറിനെ ചോദിച്ചത്.. "അവനോട് ഒരുങ്ങാൻ പറഞ്ഞിരുന്നു... വാ നോക്കാം.. "

മൂവരും സ്റ്റെയർകയ്‌സ് ഇറങ്ങി താഴെ ഈശ്വറിന്റെ മുറിയിലേക്ക് നടന്നു.. വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ തനിക്ക് നൽകിയ വസ്ത്രം ധരിച്ച് ജനൽ തുറന്നിട്ട് പുറത്തേക്ക് നോക്കി നിൽക്കുന്ന ഈശ്വറിനെ അവർ കണ്ടു... "ആഹാ.. പൊളിച്ചല്ലോ.. കോളേജിൽ വെച്ച് പാന്റ് ഇടാത്ത ആളായിരുന്നു... തുണി ഉടുത്തല്ലാതെ ഇവനെ ഞാൻ കണ്ടിട്ടില്ല... എന്തായാലും അടിപൊളി.. " പാന്റും ഷർട്ടും ധരിച്ചു നിൽക്കുന്ന അവനെ നോക്കി അമിത് പറഞ്ഞതും ഈശ്വർ ചിരിച്ചു.. ഈശ്വറിനെ ഒറ്റക്കിരിക്കാൻ അനുവദിക്കാതെ അവനെയും കൊണ്ട് അമിത് പുറത്തേക്ക് നടന്നു.. .. ബന്ധുക്കൾ എല്ലാവരും വന്ന് കഴിഞ്ഞിരുന്നു.... ഒടുവിൽ ജീവനും വീട്ടുകാരും അനിയും കുടുംബവും എത്തിച്ചേർന്നു.... രാഗിണി അവരെ ആനയിച്ചു കൊണ്ട് അകത്തേക്ക് കയറ്റി..

ആ സമയം തന്നെ നൈനികയുടെ വീട്ടുകാരും എത്തി..ആര്യയേയും നൈനികയേയും വിളിച്ചു കൊണ്ട് വരാൻ അക്ഷരയെ രാഗിണി ഏൽപ്പിച്ചു.... അല്പ സമയത്തിനുള്ളിൽ തന്റെ രണ്ട് ഏട്ടത്തിയമ്മമാരുടെയും കൈ പിടിച്ചു കൊണ്ട് അക്ഷര സ്റ്റെയർ കയ്‌സ് ഇറങ്ങി വന്നു... അപ്പോഴാണ് നൈനികയെ അമിത് കണ്ടത്... ആ ഗൗണിൽ അതി സുന്ദരിയായി കാണപ്പെട്ട നൈനികയെ കണ്ണിമ ചിമ്മാതെ അമിത് നോക്കി നിന്നു.. അവന്റെ അപ്പുറം നിന്ന് അക്ഷിതും പുഞ്ചിരിയോടെ ആര്യയെ നോക്കി........ "വാവീ.... അടിപൊളി....രണ്ടു പേർക്കും നന്നായി ചേരുന്നുണ്ട്.. " ആര്യയെ പോയി കെട്ടിപിടിച്ചു കൊണ്ട് അനി പറഞ്ഞു... ആ സമയം ജീവനും തന്റെ മകളുടെ അടുത്തേക്ക് ചെന്നു.. അച്ഛനെ കണ്ടതും ആര്യ അച്ഛനെ വാരിപ്പുണർന്നു.......മുത്തശ്ശനും മുത്തശ്ശിയും ജിനോയും മാമിയും എല്ലാവരും വന്നിരുന്നു.. അവരെയൊക്കെ സന്തോഷത്തോടെ അവൾ സ്വീകരിച്ചു.....

ഒരു ദിവസമേ ആയിട്ടുള്ളൂ മാറി നിന്നിട്ട് എങ്കിലും അവരെയൊക്കെ കണ്ടപ്പോൾ അവളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു...... ************ ഭക്ഷണം കഴിച്ച് എല്ലാവരും സംസാരത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കെയാണ് രാഗിണിയുടെയും സൂര്യ ദാസിന്റെയും അടുത്തേക്ക് അക്ഷര ഓടി വന്നത്.....തനിക്ക് സ്റ്റേജിൽ കയറി പാട്ട് പാടണം എന്നതായിരുന്നു അവളുടെ ആവശ്യം.... "ഓ.. അതിനായിരുന്നോ ഈ പാഞ്ഞു വന്നത്... മോള് പോയി പാടിക്കോ " അടുത്തിരുന്ന വല്യച്ഛൻ പൂർണ്ണ സമ്മതം നൽകിയതും അമ്മ എന്തെങ്കിലും പറയും മുന്നേ അവൾ സ്റ്റേജിൽ നിൽക്കുന്ന അക്ഷിതിന്റെയും ആര്യയുടെയും നൈനികയുടെയും അടുത്തേക്കോടി പോയി... "അവളുടെ ഒരു കാര്യം... നാലാള് എവിടെ കൂടിയാലും അവിടെ അവൾക്ക് പാട്ട് പാടണം... "

"അത് നല്ലതല്ലേ രാഗിണീ... അവൾ പാടി വളരട്ടെ.. ഞാൻ ഇത് വരെ കേട്ടിട്ടില്ല അവൾ പാടുന്നത്... എങ്ങനെ... ശെരിക്ക് പാടുമോ... " "പിന്നെ പാടാതെ... അക്ഷിത്തിനെ പോലെ തന്നെയാണവൾ.. നന്നായി പാടും.. ഇവളുടെ പ്രായത്തിൽ തന്നെ ആയിരുന്നല്ലോ അക്ഷിതും പാട്ട് പഠിച്ചത്...നന്നായി പാടാൻ കഴിവുണ്ടായിട്ടും അവനത് മൂടി വെച്ചു.. " സ്റ്റേജിൽ നിൽക്കുന്ന അക്ഷിത്തിനെ നോക്കി രാഗിണി പറഞ്ഞതും വല്യച്ഛനും സൂര്യ ദാസും അവിടേക്ക് നോക്കി.. " അവനതിന് പാടുമോ... അമിത് അല്ലേ പാട്ടുകാരൻ...അമി പാടട്ടെ.. കുറെ നാളായി അവന്റെ പാട്ട് കേട്ടിട്ട്.. .. " വല്യച്ഛൻ പറഞ്ഞ വാക്കുകൾ കേട്ട് സൂര്യ ദാസും രാഗിണിയും പരസ്പരം നോക്കി ചിരിച്ചു.. "ആര് പറഞ്ഞു അക്ഷിത് പാടില്ലെന്ന്... അവനൊരിക്കലും എല്ലാവരുടെയും മുന്നിൽ നിന്ന് പാടില്ല... അത്രയേറെ കഴിവുണ്ടായിട്ടും അവൻ അതെല്ലാം മൂടി വെച്ചത് അമിതിന് വേണ്ടിയാണ്.. തല്ല് കൂടി ഉഴപ്പി നടന്ന അമിതിനെ എല്ലാവരും കുറ്റപ്പെടുത്തുമ്പോൾ എല്ലാത്തിനും മുൻപന്തിയിൽ ഉള്ള അക്ഷിത് പാട്ട് പാടാനുള്ള അവന്റെ കഴിവിനെ അമിതിന് ചാർത്തി കൊടുത്തു ....

അങ്ങനെ എങ്കിലും തന്റെ അനിയനെ എല്ലാവരും ഇഷ്ടപ്പെടട്ടെ എന്ന് കരുതി...... ഇത്രയും കാലം അമിതിന്റെ മറവിൽ നിന്ന് പാടിയ അക്ഷിത് ഇപ്പോൾ അത് തിരുത്തുമെന്ന് ഏട്ടന് തോന്നുന്നുണ്ടോ... " "ദാസേട്ടൻ പറഞ്ഞത് ശെരിയാ...അമിയെ എല്ലാവരും കുറ്റപ്പെടുത്തുന്നത് കേൾക്കുമ്പോൾ അക്ഷിത്തിന് ഒത്തിരി സങ്കടം വരാറുണ്ട്... അമിയും അക്ഷിതും ഒരുമിച്ചിരുന്ന് പാട്ട് പഠിക്കുമ്പോൾ കേട്ട് വരുന്നവരോടെല്ലാം അമിയാണ് നന്നായി പാടുന്നതെന്നവൻ പറയും...... സത്യം പറഞ്ഞാൽ അമിതിനേക്കാൾ കൂടുതൽ ദേഷ്യക്കാരൻ അക്ഷിതാണ്. അവന്റെ അനിയന്റെ കാര്യത്തിൽ മാത്രം... അവനെ ആരെങ്കിലും നോവിച്ചെന്നറിഞ്ഞാൽ അക്ഷിത് അടങ്ങി ഇരിക്കില്ല.... അമിതിന്റെ സ്വഭാവം മുഴുവൻ എല്ലാവർക്കും അറിയാമെങ്കിലും അക്ഷിതിന്റെ ഈ സ്വഭാവം ഞങ്ങൾക്കല്ലാതെ ആർക്കും അറിയില്ല... "

"അതെങ്ങനെ അറിയാനാ രാഗിണീ... അമിയെ വേദനിപ്പിച്ചവർക്ക് ഇരുട്ടടി അല്ലേ അവൻ നൽകാറുള്ളത്.. പണി കിട്ടിയവർക്ക് തന്നെ അറിയില്ല സംഭവം എന്താണെന്ന്... അമിയെ വേദനിപ്പിച്ച ഒരാളെ പോലും അവൻ വെറുതെ വിട്ടിട്ടില്ല.. നമ്മുടെ ആര്യ മോളെ ഒഴികെ..." "അത് ശെരിയാ.....എന്റെ ഏട്ടനൊക്കെ എത്ര തവണ കിട്ടിയിട്ടുണ്ട്... അമിയെ വഴക്ക് പറയുന്ന ഓരോ ദിവസവും ഏട്ടന് എന്തെങ്കിലും ഒക്കെ സംഭവിക്കും... അന്നൊരു നാൾ അമിയെ തല്ലിയപ്പോൾ ദേഷ്യം വന്ന അക്ഷിത് ഏട്ടനെ വീഴ്ത്തിയിട്ട് പോലും ഉണ്ട്.. അടികൊണ്ട അമിതിന്റെ വേദന മുഴുവൻ അന്ന് ഏട്ടൻ അനുഭവിച്ചിട്ടുണ്ട്. .പാവം... ഇപ്പോഴും അറിയില്ല അതൊക്കെ അക്ഷിതിന്റെ വേല ആണെന്ന്....എനിക്കെപ്പോഴും അമിതിനേക്കാൾ പേടി അക്ഷിത്തിനെ ആയിരുന്നു... ഇനി വഴക്കിന് പോകരുതെന്ന് ഇടയ്ക്കിടെ അമിതിനെ ശാസിക്കുന്നത്,,,അവനെ ആരെങ്കിലും ഒന്ന് നോവിച്ചാൽ അതിന് കണക്ക് ചോദിച്ച് അക്ഷിത് പോകാതിരിക്കാൻ വേണ്ടി ആയിരുന്നു......അവർ കോളേജിൽ നിന്നും പഠിപ്പ് പൂർത്തിയാക്കി ഇറങ്ങിയപ്പോഴാണ് എനിക്കൊന്ന് സമാധാനം ആയത് "

"അവന്റെ ഈ സ്വഭാവം ഒക്കെ എനിക്കറിയാം... അമിക്ക് വേണ്ടി എന്തും ചെയ്യുന്നത്... പക്ഷേ ഈ പാട്ട് പാടുന്നത് മറച്ചു വെച്ച കാര്യം അറിയില്ലായിരുന്നു... അക്ഷിത് കുഞ്ഞു നാളിൽ പാട്ട് പാടുന്നത് ഞാനും കേട്ടിട്ടുണ്ട്... പിന്നെ അത് പെട്ടന്ന് നിൽക്കുകയും ചെയ്തു.. പിന്നെയൊക്കെ അമി ആയിരുന്നല്ലോ... അതിനിടയിൽ ഇങ്ങനെ ഒക്കെ ഉണ്ടെന്ന് ഇപ്പോൾ അല്ലെ അറിഞ്ഞത്.. എന്തായാലും അനിയനെ ഇത്രമാത്രം സ്നേഹിക്കുന്ന ഏട്ടനെ ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല....എന്നാലും അവനെങ്ങനെ ഇത്ര ഓവർ കെയറിങ് ഉള്ള ആളായി മാറി എന്നാണു ഞാൻ ആലോചിക്കുന്നത്......" അതിനു മറുപടി പറഞ്ഞത് സൂര്യൻ ആയിരുന്നു... "എന്റെയൊരു വാക്കാണ് അക്ഷിത് ഇങ്ങനെ ആയി മാറാൻ കാരണം....കുഞ്ഞുനാളിലെ രണ്ടു പേരും പരസ്പരം നന്നായി പോരടിക്കുമായിരുന്നു,,,,എങ്ങനെ രണ്ടിനെയും അടക്കി നിർത്തുമെന്നുള്ള ഭയം ഞങ്ങൾക്ക് ഇരുവർക്കും ഉണ്ടായിരുന്നു,,,,ഒരിക്കൽ അടി കൂടുന്നതിനിടയിൽ അമി വീണു നെറ്റി പൊട്ടി,,,,അക്ഷിത് കുറേ കരഞ്ഞു നിലവിളിച്ചു,,,

സ്നേഹം മനസ്സിലുണ്ടെങ്കിലും പുറത്തു കാണിക്കാൻ അവനു അറിയില്ലായിരുന്നു,,,അന്ന് മൂന്നു വയസ്സ് മാത്രമേ അവർക്കു ആയിട്ടുള്ളൂ.....വേദന കാരണം കരഞ്ഞു തളർന്നുറങ്ങുന്ന അവന്റെ അടുത്ത് നിന്ന് അക്ഷിത് മാറാതെയായി,,,,പോരാത്തതിന് എന്റെ കുഞ്ഞിനു ഭക്ഷണമോ ഉറക്കമോ ഒന്നും ഇല്ലാതെയായി,,,,,അവനു വല്ലതും പറ്റുമോ എന്ന ഭയത്താൽ ഞാൻ അവനോടു അമിയെ അവന്റെ കൂടെപ്പിറപ്പായി കാണാതെ സ്വന്തം മകനായി കാണാൻ പറഞ്ഞു.....അച്ചന്മാർ എന്തും ത്യജിച്ചു എപ്പോഴും തന്റെ മക്കളെ സംരക്ഷിച്ചു നിർത്തുമെന്നുമുള്ള എന്റെ വാക്ക് അവന്റെ കുഞ്ഞു മനസ്സിൽ ആഴത്തിൽ വേരൂന്നി,,,,പിന്നെ ഒരു വാക്ക് കൊണ്ട് പോലും അമിയെ അവൻ വേദനിപ്പിച്ചിട്ടില്ല,,,അവനെ വേദനിപ്പിച്ചവരെ വെറുതെ വിട്ടിട്ടും ഇല്ല......" സൂര്യൻ പറഞ്ഞത് കേട്ട് വല്യച്ഛൻ ഒന്ന് മന്ദഹസിച്ചു കൊണ്ട് അയാളുടെ തോളിൽ തട്ടി.... "അമിത് ശെരിക്കും ഭാഗ്യം ചെയ്തവനാണ്......" ചിരിച്ചു കൊണ്ട് മൂവരും അക്ഷര പാടാൻ റെഡി ആയി സ്റ്റേജിൽ നിൽക്കുന്നത് നോക്കിയിരുന്നു......

അതേ സമയം... അവരറിയാതെ അവരുടെ പിറകിൽ ഉണ്ടായിരുന്ന അമിത് അവരുടെ വാക്കുകൾ കേട്ട് തരിച്ചു നിന്നു.... ഇത്രയും കാലം ആയിട്ടും അക്ഷിത് തനിക്ക് വേണ്ടിയാണ് പബ്ലിക്ന് മുന്നിൽ പാട്ട് പാടാതെ മറഞ്ഞു നിന്നതെന്ന് അവന് അറിയുമായിരുന്നില്ല.. അക്ഷിത്തിന് പാട്ട് പാടുന്നതിൽ താല്പര്യം ഇല്ലെന്നായിരുന്നു അവന്റെ ധാരണ.. തന്നെക്കാൾ പാടാൻ കഴിവുള്ള ഏട്ടന്റെ കൂടെ താൻ പാടുമ്പോൾ കേട്ട് വരുന്നവരോട് ഏട്ടൻ സത്യത്തെ മറച്ചു വെക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും അതൊന്നും അവൻ കാര്യമാക്കിയിരുന്നില്ല... തന്നെ ഉയർത്തി കൊണ്ട് വരാൻ ആയിരുന്നു ഏട്ടൻ ശ്രമിച്ചതെന്ന് അറിഞ്ഞപ്പോൾ,,, എന്തോ.. അവന്റെ ഉള്ളിൽ വല്ലാത്തൊരു കുറ്റബോധം ഉയർന്നു വന്നു....... ഏട്ടനെ ഇനിയും അങ്ങനെ മറഞ്ഞിരിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തോടെ അവൻ സ്റ്റേജിനടുത്തേക്ക് നടന്നു...... അവിടെ എല്ലാവരും പാട്ട് പാടി സ്റ്റേജിൽ നിന്നും ഇറങ്ങിയ അക്ഷരയെ അഭിനന്ദിക്കുകയായിരുന്നു... അനിയും ശിവയും അമനും മഹിയും ലീനയും നൈനികയും ആര്യയും അക്ഷിതും എല്ലാവരും ഒരുമിച്ചിരിക്കെ അവരുടെ ഇടയിലേക്ക് അമിത് ചെന്നു..

"ആഹാ.. ഏട്ടൻ വന്നോ.എവിടെ ആയിരുന്നു..എന്റെ പാട്ട് കേട്ടല്ലോ അല്ലേ.. ഏട്ടനേക്കാൾ നന്നായി ഞാൻ പാടുമെന്ന് ഇപ്പോൾ മനസ്സിലായില്ലേ..." ഗമയിൽ അക്ഷര പറയുമ്പോൾ അതിന് മറുപടി കൊടുക്കാതെ അമിത് അക്ഷിതിന്റെ മുഖത്തേക്ക് നോക്കി നിന്നു.... "എന്റെ പാട്ട് കേട്ട് ഏട്ടന്റെ കിളി പോയെന്ന് തോന്നുന്നു " അനിയോട് അതും പറഞ്ഞ് അക്ഷര പൊട്ടിച്ചിരിച്ചു...അനിയും അത് ശെരിവെച്ചു.... " എന്റെ കിളി പോയിട്ടൊന്നുമില്ല... നീ നന്നായി പാടി.. ശെരി തന്നെ.. പക്ഷേ ഏട്ടനേക്കാൾ നന്നായി പാടാൻ ആർക്കും കഴിയില്ല...." അക്ഷിതിന്റെ മുഖത്തേക്ക് നോക്കി ആയിരുന്നു അമിത് അത് പറഞ്ഞത്.. അവന്റെ നോട്ടം കണ്ട് അക്ഷരയും അമനും നെറ്റി ചുളിച്ചു.. "ഏത് ഏട്ടൻ... " ഇരുവരും ഒപ്പം ചോദിച്ചതും അമിത് ചിരിച്ചു കൊണ്ട് അക്ഷിതിന്റെ അടുത്തേക്ക് ചെന്നു.... "ഏട്ടാ.... " അക്ഷിതിന്റെ കൈ പിടിച്ചു കൊണ്ട് അമിത് അവന്റെ മുഖത്തേക്ക് നോക്കി... വേണ്ടെന്ന് അക്ഷിത് കണ്ണുകൾ കൊണ്ട് കാണിച്ചെങ്കിലും അത് വക വെക്കാതെ അമിത് അവനെയും വലിച്ച് സ്റ്റേജിലേക്ക് നടന്നു....

അക്ഷിതിന്റെ കണ്ണുകൾ ആര്യയുടെ നേരെ ചലിച്ചപ്പോൾ പാടാൻ പറഞ്ഞു കൊണ്ട് അവളുടെ കണ്ണുകൾ അവനോട് സംസാരിച്ചു.... "ഏട്ടൻ ചെല്ല്.." ആര്യ തന്നെ നോക്കി നിൽക്കുമ്പോൾ ആണ് അമിത് വീണ്ടും പറഞ്ഞത്... അമിതിന്റെ നിർബന്ധം കാരണം അക്ഷിത് സ്റ്റേജിലേക്ക് കയറി... തിരികെ അവരുടെ അടുത്ത് വന്നിരുന്ന അമിതിനെ നോക്കി കൊണ്ട് അക്ഷര ഉറക്കെ ചിരിച്ചു... "ഹിഹിഹി... ഹിഹിഹി..... എന്താ അമി ചേട്ടാ.. പാട്ടിന്റെ എ ബി സി ഡി അറിയാത്ത വല്യേട്ടനെ ആണോ പാടാൻ വിളിക്കുന്നെ.. വെറുതെ വല്യേട്ടനെ നാണം കെടുത്താൻ ആണോ ഏട്ടന്റെ ഉദ്ദേശം.. " അക്ഷര കുട്ടി പറഞ്ഞതിനോട് അമിത് പുഞ്ചിരിക്കുക മാത്രം ചെയ്തു... "ഈ വല്യേട്ടൻ എന്തിനാ അമി ചേട്ടൻ പറയുന്നതിനൊക്കെ തുള്ളാൻ നിൽക്കുന്നെ " സ്റ്റേജിൽ കയറി നിൽക്കുന്ന അക്ഷിത്തിനെ നോക്കി പറയുന്ന അക്ഷര കുട്ടിയുടെ വാക്കുകൾ കേട്ട് അമിത് ചിരിച്ചു... അവൾക്കൊരു മറുപടി കൊടുക്കാൻ അവൻ ശ്രമിച്ചില്ല... പകരം തന്റെ കണ്ണുകൾ ഇറുക്കി അടച്ച് അക്ഷിതിന്റെ സ്വരങ്ങൾക്കായി അവൻ കാതോർത്തു....... ആര്യയും കൈകൾ കെട്ടി നിന്ന് തന്റെ ഹൃദയം കവർന്നെടുത്ത ആ ശബ്ദം കാതുകളിൽ പതിപ്പിക്കാനായി കാത്തിരുന്നു.....

അവരുടേതായ തിരക്കിലും സംസാരത്തിലും എല്ലാവരും മുഴുകി ഇരിക്കെ പെട്ടന്ന് അക്ഷിതിന്റെ ശബ്ദം അവിടെയാകെ അലയടിച്ചതും എല്ലാവരും നിശബ്ദരായി......രാഗിണിയും സൂര്യ ദാസും അത്ഭുതത്തോടെ അവൻ പാടുന്നത് നോക്കി നിന്നു... എല്ലാവർക്കും മുന്നിലും അവൻ പാടുമെന്ന് അവരൊരിക്കലും വിചാരിച്ചിരുന്നില്ല.... അക്ഷരയും അമനും കിളി പോയി ഇരിക്കുവായിരുന്നു... അക്ഷിത് പാടുന്നത് ഒരിക്കൽ പോലും അവർ കേട്ടിരുന്നില്ല... കണ്ണ് തള്ളി അവർ ഇരുവരും ആ പാട്ടിൽ ലയിച്ചിരുന്നു..... അക്ഷിതിന്റെ ശബ്ദം ആര്യയുടെ ഹൃദയത്തിൽ ചലനങ്ങൾ ഉണ്ടാക്കിയതും കണ്ണുകൾ അടച്ചു കൊണ്ടവൾ അവളുടേതായ ലോകത്ത് ആ ശബ്ദം ആസ്വദിച്ചു നിന്നു... അക്ഷിത് പാടിയത് അത്രയും ആര്യയെ നോക്കി കൊണ്ടായിരുന്നു.... അവൾക്ക് വേണ്ടി ആയിരുന്നു..... അത് മനസ്സിലായത് കൊണ്ട് തന്നെ അവളുടെ ചുണ്ടിൽ നിന്നും പുഞ്ചിരി മാഞ്ഞു പോയതേയില്ല...... പാട്ട് കഴിഞ്ഞ് സ്റ്റേജിൽ നിന്നിറങ്ങിയ അക്ഷിതിനെ എല്ലാവരും വന്ന് പൊതിഞ്ഞു....

അമ്മാവന്റെ കിളി മൊത്തം പോയെന്ന് മുഖം കണ്ടാൽ അറിയാമായിരുന്നു... "അക്ഷിത്... പൊളിച്ചു മോനേ... എന്താ ഒരു പാട്ട്.. ലയിച്ചു പോയി... അമി പാടുന്നത് പോലെ തന്നെ...." കസിൻസ് എല്ലാം അക്ഷിത്തിനെ പ്രകീർത്തിക്കുമ്പോഴും അവന്റെ കണ്ണുകൾ അമിതിൽ ആയിരുന്നു... അവരോട് കൂടുതൽ ഒന്നും പറയാതെ അക്ഷിത് പുഞ്ചിരി തൂകി കൊണ്ട് അമിതിന്റെ അടുത്തേക്ക് ചെന്നു... ഉടനെ അവൻ അക്ഷിത്തിനെ വാരി പുണർന്നു..... "എന്റെ ഏട്ടൻ തന്നെ ബെസ്റ്റ്... " അക്ഷിത്തിനെ ഇറുകെ പുണർന്ന് അത് പറയുമ്പോൾ അമിതിന്റെ കണ്ണിൽ സന്തോഷത്തിന്റെ നനവ് പൊടിഞ്ഞു....... ************ റിസപ്‌ഷൻ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയതും ജീവനും അനിരുദ്ധ് ഉം ഇറങ്ങാൻ പുറപ്പെട്ടു.. അവർ പോകുന്നതിൽ ആര്യക്ക് ഒരുപാട് സങ്കടം ഉണ്ടെന്ന് മനസ്സിലാക്കിയ അക്ഷിത് അവളുടെ കൂടെ തന്നെ നിന്നു... അവളെ തനിച്ചിരിക്കാൻ അനുവദിച്ചില്ല.... "മോനെ അക്ഷിത്... ഞങ്ങൾ ഇറങ്ങുവാണെ.. " മകളെ നന്നായി നോക്കണേ എന്ന് പറയാതെ പറഞ്ഞു കൊണ്ട് ജീവൻ അവന്റെ കയ്യിൽ പിടിച്ച് യാത്ര പറഞ്ഞു...

അച്ഛന്റെ മോളെ ഒരിക്കലും വേദനിപ്പിക്കില്ലെന്ന് ഉറപ്പ് കൊടുക്കും വിധം പുഞ്ചിരിച്ചു കൊണ്ടവൻ ജീവനെ വാരി പുണർന്നു..... "വാവീ... ഞങ്ങൾ പോയി വരാം.." മനസ്സിൽ ഒരുപാട് സങ്കടം ഒളിപ്പിച്ചു വെച്ചു കൊണ്ട് പുറമെ ചിരിയോടെ അനി പറഞ്ഞു... അവളെ കെട്ടിപിടിച്ചു കൊണ്ട് ആര്യ യാത്രയാക്കി....... എല്ലാവരും കാറിൽ കയറി പോകാൻ നിൽക്കവേ അമന്റെ കണ്ണുകൾ ശിവയെ തേടി... ഒരു പ്രാവശ്യം എങ്കിലും അവളൊന്ന് നോക്കിയിരുന്നെങ്കിൽ എന്നായിരുന്നു അവന്റെ മനസ്സിൽ.. അനിയുടെ പിറകെ ശിവ കാറിൽ കയറാൻ നിന്നതും അവന്റെ ഹൃദയം മിടിപ്പ് വർധിച്ചു..... കാറിൽ കയറി ഡോർ അടക്കാൻ നിന്നതും ശിവ ഒന്ന് തിരിഞ്ഞു നോക്കി....അമിതിന്റെ പിറകിൽ നിൽക്കുന്ന തന്നിലേക്ക് ക്ക് അവളുടെ കണ്ണുകൾ ചലിച്ചതും അമന്റെ കണ്ണുകൾ വിടർന്നു... ഒരു നേർത്ത പുഞ്ചിരി അവളിൽ നിന്നും വിടർന്നതും അവൻ ഹൃദയത്തിൽ കൈവെച്ചു കൊണ്ട് പുഞ്ചിരിച്ചു...... ശിവ തന്റെ പ്രണയം അംഗീകരിച്ചെന്ന് അവന്റെ ഹൃദയം പറഞ്ഞു കൊണ്ടിരുന്നു....

അവർ പോയതും അതിയായ സന്തോഷത്തോടെ അവൻ തന്റെ റൂമിലേക്ക് പോയി തുള്ളിക്കളിച്ചു....... അന്നത്തെ രാത്രി എല്ലാവരും വളരെ സന്തോഷത്തിൽ ആയിരുന്നു...എല്ലാവരും ഹാളിൽ ഇരുന്ന് തമാശയും കളിയും ചിരിയുമായി നേരം പങ്കിട്ടു... ഈശ്വറിനെയും അവർ ഒപ്പം ഇരുത്തി... അവരുടെയൊക്കെ സന്തോഷം കണ്ട് ഈശ്വറിന്റെ മനസ്സും നിറഞ്ഞു... അമിതിന്റെയും അക്ഷരയുടെയും വഴക്കും അമന്റെ ചളിയും അക്ഷിതിന്റെയും അമ്മയുടെയും പാട്ടും കൊണ്ട് നേരം പോയത് തന്നെ അവർ അറിഞ്ഞില്ല.... "ഈശ്വർ... നീ മരുന്ന് കുടിക്കാൻ മറന്നു അല്ലേ .. സമയം ഒരുപാടായി.. ദേ കുടിച്ചേ.. "

അതിനിടയിൽ എഴുന്നേറ്റു പോയ രാഗിണി മരുന്നും വെള്ളവുമായി ഈശ്വറിന്റെ അടുത്തേക്ക് ചെന്നു... നിഷ്കളങ്കമായ അമ്മയുടെ സ്നേഹ മതിയാവോളം ആസ്വദിച്ചു കൊണ്ട് ഈശ്വർ അമ്മ നൽകിയ ഗുളിക കുടിച്ചു..... തന്റെ അരികിൽ നിന്നും പോകാതെ തന്റെ മുടിയിൽ തലോടി നിൽക്കുന്ന അമ്മയുടെ നേരെ മുഖം തിരിച്ചവൻ പുഞ്ചിരിച്ചു.. "അമ്മേ.. ഞാനൊന്ന് കിടക്കട്ടെ.. നല്ല ക്ഷീണം . " "മോൻ പോയി കിടന്നോ.. ഇവരുടെ കലാ പരിപാടികൾ ഇന്ന് തീരില്ല.. ഗുളിക കുടിച്ചതല്ലേ അതാവും ക്ഷീണം " ഈശ്വറിനെ തലോടി കൊണ്ട് രാഗിണി പറഞ്ഞതും അവൻ ചിരിച്ചു കൊണ്ട് തന്റെ മുറിയിലേക്ക് നടന്നു.. മുറിയുടെ വാതിൽ അടക്കാൻ നേരം അവൻ തല ഉയർത്തി മുന്നോട്ട് നോക്കി.. കളി ചിരിയോടെ, സന്തോഷത്തോടെയുള്ള ഓരോരുത്തരുടേയും മുഖം കണ്ണിലും മനസ്സിലും പതിപ്പിച്ചു കൊണ്ടവൻ നിറഞ്ഞ മിഴികളോടെ വാതിൽ അടച്ചു............ തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story