ആത്മരാഗം💖 : ഭാഗം 103

athmaragam thanseeh

രചന: തൻസീഹ് വയനാട്

ഈശ്വർ റൂമിലേക്ക് പോയതും പിന്നീടുള്ള അവരുടെ സംസാരം അവനെ കുറിച്ചായിരുന്നു ..... മനസ്സിൽ ആദ്യമേ തീരുമാനിച്ചുറപ്പിച്ച കാര്യങ്ങൾ സൂര്യ ദാസ് ഗൗരവത്തോടെ തന്നെ അവതരിപ്പിച്ചു......അച്ഛന്റെ തീരുമാനത്തെ അമിതും പിന്താങ്ങി... "ഞാനും ഇത് പറയാൻ നിൽക്കുവായിരുന്നു അച്ഛാ.. ഈശ്വറിന് ഏറ്റവും മികച്ച ചികിത്സ തന്നെ നൽകണം..." "മ്മ്.. എന്റെ ഒരു സുഹൃത്ത് ഉണ്ട്... ഡോക്ടർ ആണ്.. അവനുമായി ഞാനൊന്ന് സംസാരിക്കട്ടെ.. ഇത്തരം ഒരു രോഗം ആയത് കൊണ്ട് ആർക്കും പ്രതീക്ഷ ഉണ്ടാവില്ല.. പക്ഷേ.. രക്ഷപെട്ടവരും ഉണ്ട്.. നമുക്ക് നോക്കാം അമിത്.. " "അച്ഛൻ പറഞ്ഞത് പോലെ ഈ രോഗത്തെ തോൽപ്പിച്ചവരും ഉണ്ട്.. ഈശ്വർ പഴയ ജീവിതത്തിലേക്ക് വരാൻ നമ്മളെ കൊണ്ട് ആവുന്നത് നമുക്ക് ചെയ്യണം.. " അക്ഷിതും പൂർണ്ണ പിന്തുണ നൽകി... അവരുടെ ഉറച്ച തീരുമാനത്തോടൊപ്പം, അവന്റെ അസുഖം മാറുവാൻ രാഗിണിയും മനമുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്നു........ "അവനാരും ഇല്ലെന്ന തോന്നൽ ഉണ്ടാവരുത്.. സന്തോഷത്തോടെ ഈ വീട്ടിലെ അംഗമായി തന്നെ അവൻ ജീവിക്കണം..."

"അമ്മ വിഷമിക്കേണ്ട.. ആ പഴയ ഈശ്വറിനെ നമുക്ക് ലഭിക്കും... " ഈശ്വർ ആദ്യത്തെ പോലെ സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യാത്തത് അമ്മയുടെ മനസ്സിൽ നോവ് തീർക്കുന്നെന്ന് മനസ്സിലാക്കിയ അമിത് അമ്മയെ സമാധാനിപ്പിച്ചു.... നേരം ഒരുപാട് ആയതിനാൽ തന്നെ എല്ലാവരും ഉറങ്ങാനായി അവരവരുടെ റൂമിലേക്ക് പോയി...... നേരം പുലരുമ്പോൾ വിധി തങ്ങൾക്കായി കാത്ത് വെച്ചത് എന്തെന്നറിയാതെ എല്ലാവരും നിദ്രയിലാഴ്ന്നു..................... കല്യാണത്തിന്റെ ആഘോഷങ്ങൾ എല്ലാം സമാപിച്ചതിനാൽ രാവിലെ തന്നെ പന്തൽ പൊളിച്ചു മാറ്റാൻ ജോലിക്കാർ വന്നു... സൂര്യ ദാസ് അവരുമായി സംസാരിച്ച് മുറ്റത്ത് തന്നെ നിലകൊണ്ടു... രാവിലെയുള്ള ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കാനായി അതിരാവിലെ തന്നെ നൈനികയും ആര്യയും അടുക്കളയിൽ കയറിയിരുന്നു . അമ്മയെ അടുക്കളയിലേക്ക് വരാൻ പോലും അവർ സമ്മതിച്ചില്ല... കല്യാണത്തിന്റെ ലീവ് കഴിഞ്ഞ് അക്ഷിതും അമിതും ജോലിക്ക് പോകുന്ന ദിവസം കൂടി ആയിരുന്നു ഇന്ന്... അതിനാൽ നേരത്തെ തന്നെ എല്ലാം റെഡി ആക്കാനുള്ള വെപ്രാളത്തിൽ ആയിരുന്നു ഇരുവരും.... ഒരാഴ്ച ലീവ് എടുത്തിട്ടും സ്കൂളിൽ പോകാനുള്ള മടി കാരണം മൂടി പുതച്ചു കിടക്കുന്ന അക്ഷരയേയും അമനെയും ഉണർത്തുന്ന ജോലിയിൽ ആയിരുന്നു രാഗിണി.....

ജോഗിങ് കഴിഞ്ഞു വന്ന അമിത് സോഫയിൽ ചാരി ഇരിക്കുമ്പോൾ ആണ് അക്ഷിത് ചായ കുടിക്കാനായി താഴേക്കു വന്നത്.. ഉടനെ അവനും ചായ കുടിക്കാൻ ഇരുന്നു... "ഇന്നത്തെ ബ്രേക്ക്‌ ഫാസ്റ്റ് സ്‌പെഷ്യൽ ആണ്.. എന്റെ രണ്ടു മരുമക്കളുമാണ് ഉണ്ടാക്കിയത്.. മക്കള് വയറു നിറച്ച് കഴിച്ചിട്ട് പോയാൽ മതി... " സൂര്യ ദാസിന്റെ കൂടെ അതും പറഞ്ഞു കൊണ്ട് ചിരിയാലെ രാഗിണി അവരുടെ അടുത്തേക്ക് വന്നിരുന്നു.. അത് കേട്ടതും അമിത് കണ്ണും മിഴിച്ചു കൊണ്ട് അക്ഷിത്തിനെ നോക്കി.. "ഏട്ടാ... നൈനികക്ക് ഒരു വസ്തു അറിയില്ല.. ഏട്ടത്തിയമ്മക്ക് എന്തെങ്കിലും ഉണ്ടാക്കാൻ അറിയുമോ... അതോ ഇന്ന് നമ്മൾ പട്ടിണി ആവുമോ " അമിതിന്റെ ചോദ്യത്തിന് ആവോ എന്ന അർത്ഥത്തിൽ അക്ഷിത് ചുമൽ കുലുക്കി കാണിച്ചു... "പട്ടിണി ആവുകയൊന്നും ഇല്ല.. എല്ലാം റെഡി ആയിട്ടുണ്ട്... " അമിതിന് നേരെ കണ്ണുരുട്ടി കൊണ്ട് അതും പറഞ്ഞ് കയ്യിൽ ചായയുമായി നൈനിക വന്നു.. അവൾക്ക് പിറകെ ചപ്പാത്തിയും കറിയുമായി ആര്യയും... നൈനിക കണ്ണുരുട്ടുന്നത് കണ്ട് അമിത് അവൾക്ക് പല്ലിളിച്ചു കൊടുത്തു..

"നിങ്ങൾ ഇരിക്ക്.. ഞാൻ ഈശ്വറിനെ വിളിച്ചു വരാം.. അവൻ എണീറ്റില്ലേ ആവോ.. ഇന്നലെ നല്ല ക്ഷീണം ഉണ്ടെന്ന് പറഞ്ഞിരുന്നു... " രാഗിണി ഈശ്വറിനെ വിളിക്കാൻ അവന്റെ റൂമിലേക്ക് പോയി.. സൂര്യ ദാസും അമിതും അക്ഷിതും അവൻ കൂടി വന്നിട്ട് കഴിക്കാം എന്ന് കരുതി കാത്തിരുന്നു.. അതിനിടയിൽ അമനും അക്ഷരയും വന്നിരുന്നതും അവരുടെ സംസാരം മുറുകി... "ഈശ്വർ.... " അവന്റെ മുറിയുടെ മുന്നിൽ എത്തിയ രാഗിണി വാതിലിൽ മെല്ലെ മുട്ടി... പക്ഷേ അകത്തു നിന്നും ഒരു മറുപടിയും കേട്ടില്ല.. വീണ്ടും തട്ടി വിളിച്ചെങ്കിലും ഈശ്വർ വിളി കേൾക്കുകയോ വാതിൽ തുറക്കുകയോ ചെയ്തില്ല... അവൻ വാതിൽ തുറക്കാത്തത് കൊണ്ട് തന്നെ രാഗിണി വാതിലിന്റെ ലോക്കിൽ പിടിച്ചു തിരിച്ചു കൊണ്ട് മെല്ലെ തള്ളി .. വാതിൽ അകത്തു നിന്ന് ലോക്ക് ചെയ്യാത്തത് കൊണ്ട് തന്നെ വാതിൽ തുറന്നു വന്നു... "ഈശ്വർ... നീ എണീറ്റില്ലേ മോനെ " അവനെ വിളിച്ച് പുഞ്ചിരിച്ചു കൊണ്ട് രാഗിണി മുറിയിലേക്ക് കയറി... ആ സമയം...ബെഡിൽ ചെരിഞ്ഞു കിടക്കുന്ന ഈശ്വറിനെ കണ്ട് രാഗിണി ചിരിച്ചു കൊണ്ട് തന്നെ അവന്റെ അടുത്തേക്ക് ചെന്നു..

"ഈശ്വർ... എഴുന്നേൽക്കുന്നില്ലേ.... നേരം എത്ര ആയെന്നാ വിചാരം.. " അതും പറഞ്ഞ് രാഗിണി അവന്റെ ചുമലിൽ പിടിച്ച് മലർത്തിയതും......... "ഈശ്വർ.... !!!!!!! " ഒരടി പിറകിലേക്ക് നീങ്ങി നിന്ന് രാഗിണി ഉറക്കെ നിലവിളിച്ചു............ "അമ്മേ......... " അമ്മയുടെ നിലവിളി കേട്ട് അമിതും അക്ഷിതും അവിടേക്ക് ഓടിയെത്തി.... ജീവച്ഛവം പോലെ നിൽക്കുന്ന അമ്മയെ അമിത് ചേർത്ത് പിടിച്ചു കൊണ്ട് മുന്നിലേക്ക് നോക്കി... ബെഡിൽ നീട്ടി പിടിച്ച കൈകളിൽ രക്തമൊന്നാകെ ഒലിച്ച് ജീവനറ്റ നിലയിൽ കിടക്കുന്ന ഈശ്വറിനെ കണ്ട് അമിതും സ്തബ്ധനായി നിന്നു.... കണ്ണുനീർ പോലും നിശ്ചലമായ അവസ്ഥയിൽ എല്ലാവരും ഞെട്ടലോടെ പരസ്പരം നോക്കി... "ഈശ്വ.....ർ.. " വിറക്കുന്ന അമിതിന്റെ ചുണ്ടുകൾ പതിയെ വിതുമ്പി... കണ്ണുനീർ തളം കെട്ടി നിന്നിട്ടും ഒഴുകി ഒലിക്കാതെ വീർപ്പുമുട്ടി കൊണ്ട് അവ കണ്ണിൽ കുമിഞ് കൂടി..... സൂര്യ ദാസ് ബെഡിന്റെ അടുത്ത് ചെന്നു ഈശ്വറിന്റെ കയ്യിൽ പിടിച്ചു കൊണ്ട് എല്ലാവരെയും തിരിഞ്ഞു നോക്കി.. അച്ഛന്റെ ദയനീയ മുഖം യാഥാർഥ്യം വിളിച്ചു പറഞ്ഞതും പൊട്ടിക്കരച്ചിലോടെ രാഗിണി അമിതിന്റെ നെഞ്ചിൽ മുഖം പൊത്തി...

നൈനികയും ആര്യയും അമനും അക്ഷരയും നേരിൽ കണ്ടത് വിശ്വസിക്കാൻ ആവാതെ ഒന്ന് ചലിക്കാൻ പോലും ആവാതെ തറഞ്ഞു നിന്നു.. ബെഡിൽ നിന്ന് ലഭിച്ച കുറിപ്പ് കയ്യിൽ എടുത്തു കൊണ്ട് കണ്ണ് നിറച്ചു നിൽക്കുവായിരുന്നു അക്ഷിത്.. അവന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു...അവസാന വരിയും വായിച്ച് അക്ഷിത് കണ്ണുകൾ ഇറുക്കി അടച്ചതും കണ്ണുനീർ ചാലിട്ടൊഴുകാൻ തുടങ്ങി....... "അക്ഷിത്... എല്ലാവരെയും അറിയിക്കാം.. താമസിപ്പിക്കേണ്ട.. " ജീവൻ നിലച്ച ഈശ്വറിനെ വേദനയോടെ നോക്കി, എഴുന്നേറ്റ സൂര്യ ദാസ് അക്ഷിതിനോട് പറഞ്ഞു.. അച്ഛന് തലയാട്ടി കൊണ്ട് സ്തബ്ധനായി നിൽക്കുന്ന അമിതിനെ ഒന്ന് നോക്കിയ അക്ഷിത് പുറത്തേക്ക് നടന്നു.. പോകുമ്പോൾ ആര്യയോട് അക്ഷരയെ അവിടെ നിന്നും കൊണ്ട് പോകാൻ പറയാൻ അവൻ മറന്നില്ല.. അക്ഷര ആകെ പേടിച്ച് നിൽക്കുവായിരുന്നു... അവളെയും കൊണ്ട് നൈനികയും ആര്യയും പുറത്തേക്ക് പോയി.... രാഗിണിയുടെ തേങ്ങൽ മാത്രം ആ നാലു ചുമരുകൾക്കുള്ളിൽ തട്ടി തടഞ്ഞു കൊണ്ടിരുന്നു........ ************

പിന്നീട് എല്ലാം പെട്ടന്നായിരുന്നു.ആത്മഹത്യാ കുറിപ്പ് എഴുതി വെച്ചായിരുന്നു ഈശ്വർ സ്വയം ജീവൻ അവസാനിപ്പിച്ചത് എന്നത് കൊണ്ട് തന്നെ പോലീസ് കൂടുതൽ അന്യോഷിച്ചില്ല.. എല്ലാം ബോധ്യമായതും അവനെ അടക്കം ചെയ്യാനുള്ള ഏർപ്പാടുകൾ ആരംഭിച്ചു... സ്വന്തം മകന്റെ വേർപാട് എന്ന പോലെ രാഗിണി ആകെ തകർന്നിരുന്നു......അവസാന നിമിഷങ്ങളിൽ ഒരമ്മയുടെ സ്നേഹവും പരിചരണവും നൽകാൻ കഴിഞ്ഞു എന്നതിൽ രാഗിണിയുടെ മനസ്സ് ആശ്വാസപ്പെട്ടെങ്കിലും ഹൃദയത്തിലെ തേങ്ങൽ വിട്ട് മാറിയില്ല.... അമിതിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല... ആ ഷോക്കിൽ നിന്നും വിട്ട് മാറാതെ ഒരേ ഒരു ഇരിപ്പായിരുന്നു അവൻ.. അക്ഷിത് അറിയിച്ചതിനെ തുടർന്ന് അവരുടെ വീട്ടിൽ എത്തിയ മഹി അവന്റെ അവസ്ഥ കണ്ട് ഏറെ സങ്കടപ്പെട്ടു... എന്ത് തെറ്റ് ചെയ്താലും ഈശ്വർ എന്ന സുഹൃത്ത് അമിത്തിനെന്നും പ്രിയപ്പെട്ടതാണെന്ന് അവനറിയാമായിരുന്നു.. അതിനാൽ അവന്റെ മരണം ഒരിക്കലും അമിത്തിന്റെ ഹൃദയത്തിന് ഉൾകൊള്ളാൻ കഴിയില്ലെന്ന് മഹിക്ക് വ്യക്തമായിരുന്നു..

ജോഗിങ്നായ് ധരിച്ച വസ്ത്രം മാറ്റാതെ ആരോടും മിണ്ടാതെ കണ്ണുകൾ നിറയാതെ തല താഴ്ത്തി ഇരിക്കുന്ന അമിതിന്റെ അടുത്ത് മഹി ചെന്നിരുന്നു... "അമിത്.... " ഷോൾഡറിൽ കൈ വെച്ചു കൊണ്ട് മഹി വിളിച്ചെങ്കിലും അമിത് തല ഉയർത്തിയതേയില്ല.. അത്രമാത്രം അവൻ തകർന്നു പോയിരുന്നു.. അവന്റെ മാനസികാവസ്ഥ മനസ്സിലാക്കി കൊണ്ട് മഹി ഒന്നും മിണ്ടാതെ അവനെ തനിച്ചു വിട്ട് കൊണ്ട് അക്ഷിതിന്റെ അടുത്തേക്ക് പോയി... ഈശ്വറിന്റെ മരണ വിവരം അറിയിച്ചതിനെ തുടർന്ന് ഈശ്വറിന്റെ ഓർഫനേജിൽ നിന്നും എല്ലാവരും എത്തിയിരുന്നു...കോളേജിൽ നിന്നും ഒരുമിച്ച് പഠിച്ച പലരും വന്ന് പോയി...വീടാകെ ആളുകളെ കൊണ്ട് നിറഞ്ഞിട്ടും ആരോടും മിണ്ടാൻ കൂട്ടാക്കാതെ അതേ ഇരുപ്പ് അമിത് തുടർന്നു..... "ആര്യാ.... അനിയെ അറിയിക്കേണ്ടേ.. " മൃതദേഹം ദഹിപ്പിക്കാനുള്ള ഏർപ്പാട് ചെയ്യാൻ തുടങ്ങിയതും അക്ഷിത് അകത്തേക്ക് വന്നു ചോദിച്ചു.. അനിയോട് വിവരം പറയാൻ കഴിയാതെ നിൽക്കുവായിരുന്നു ആര്യ.. ഈശ്വറിന് അസുഖം ആണെന്ന് അറിഞ്ഞപ്പോൾ തന്നെ അവളാകെ വിഷമിച്ചിരുന്നു..

അങ്ങനെയിരിക്കെ ഈ വിവരം അറിഞ്ഞാൽ അവളുടെ സ്ഥിതി എന്താവും എന്നോർത്ത് ആര്യ അതിയായി ദുഖിച്ചു.. അവളുടെ ഈ അവസ്ഥയിൽ ഈ കാര്യം പറയാനും ആവില്ല, എന്നാൽ പറയാതിരിക്കാനും ആവില്ല.. ആര്യയുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ അക്ഷിത് അവളെ സമാധാനിപ്പിച്ചു... അവൻ തന്നെ വിളിച്ചു പറഞ്ഞോളാം എന്ന് പറഞ്ഞ് പുറത്തേക്ക് പോയി.... അനിക്ക് വിളിച്ച് സാവധാനം അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുമ്പോൾ മറു തലക്കൽ നിശബ്ദത മാത്രം ആയിരുന്നു.. ഫോണിലൂടെ അവളുടെ തേങ്ങൽ ഉയരുന്നു എന്നറിഞ്ഞ അക്ഷിത് ആശ്വസിപ്പിക്കാൻ ആവാതെ നെടുവീർപ്പോടെ കണ്ണുകൾ അടച്ചു.... വൈകുന്നേരം ആയപ്പോഴേക്ക് മരണാനന്തര ചടങ്ങുകൾ എല്ലാം കഴിഞ്ഞ് എല്ലാവരും പോയിരുന്നു... വീടാകെ ശൂന്യമായതും സോഫയിൽ മുഖം പൊത്തി ഇരിക്കുന്ന അമിതിന്റെ അടുത്തേക്ക് അക്ഷിത് വന്നിരുന്നു... "ഏട്ടാ.... " അക്ഷിതിന്റെ സാമിപ്യം മനസ്സിലാക്കിയ അമിത് കലങ്ങിയ മിഴികളോടെ അവനെ വാരിപ്പുണർന്നു....

അത് വരെ അടക്കി വെച്ച വേദന മുഴുവൻ കണ്ണുനീരായി പുറത്തേക്ക് വന്നു... "എന്നാലും.... അവൻ... അവൻ... എന്തിന്.... " ചങ്കിൽ ഉയർന്ന വേദന കാരണം വാക്കുകൾ തേങ്ങലായി മാറിയതും അമിത് കണ്ണുകൾ ഇറുക്കി അടച്ചു... അവനെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ അക്ഷിതും മൗനം പാലിച്ചു.... ഈശ്വറിനെ അന്ന് തല്ലിയതൊക്കെ മനസ്സിൽ തെളിഞ്ഞു വരാൻ തുടങ്ങിയതും കുറ്റബോധം കൊണ്ട് അക്ഷിതിന്റെ മനസ്സും നീറി വന്നു...... മനസ്സിലെ ഭാരം ഒന്നിറക്കി വെക്കാൻ തനിച്ചിരിക്കാൻ ആഗ്രഹിച്ച അക്ഷിത് അവിടെ നിന്നും എഴുന്നേറ്റു....മുറിയിലേക്ക് പോകാൻ നേരം അക്ഷിത് അമിതിന്റെ കയ്യിലൊരു പേപ്പർ നൽകി... മിഴികൾ നിറഞ്ഞു കവിയാതെ വേദന മുഴുവൻ ഹൃദയത്തിൽ പേറി ഇരിക്കുന്ന അമിത് കയ്യിലെ പേപ്പറിലേക്ക് ഉറ്റു നോക്കി....ഈശ്വറിന്റെ ആത്മഹത്യാ കുറിപ്പ് ആയിരുന്നു അത്... അക്ഷിത് പോയി കഴിഞ്ഞ് അമിത് ആ പേപ്പറിലെ ഓരോ അക്ഷരങ്ങളേയും തേങ്ങലോടെ നോക്കി..... "പ്രിയപ്പെട്ട അമിത്,... എന്റെ ഈ തീരുമാനം നിന്നെ ഒത്തിരി വിഷമിപ്പിക്കും എന്നെനിക്കറിയാം..

നിനക്ക് എന്നല്ല അമ്മയെയും അക്ഷിതിനെയും വീട്ടിലെ എല്ലാവരെയും ഒരുപാട് വേദനിപ്പിക്കും... പക്ഷേ.. എനിക്ക് വയ്യ അമിത് ഇനിയും മനസ്സ് നീറി നിങ്ങളുടെ മുന്നിൽ ചിരിച്ചു ജീവിക്കാൻ.. നിങ്ങളുടെയൊക്കെ സ്നേഹത്തിന് മുന്നിൽ എനിക്ക് പിടിച്ചു നിൽക്കാൻ ആവുന്നില്ല... എന്നോട് ക്ഷമിക്ക്... നിങ്ങളുടെ സ്നേഹത്തിന് ഞാൻ അർഹനല്ല എന്ന തോന്നൽ ആദ്യമേ എന്നിൽ ഉണ്ടായിരുന്നു.. പക്ഷേ.. പിന്നെ എപ്പോഴോ ഞാനും കൊതിച്ചു,,, പ്രാർത്ഥിച്ചു,,,,, നിങ്ങളുടെ കൂടെ ഒരുപാട് കാലം ജീവിക്കാൻ കഴിഞ്ഞെങ്കിൽ എന്ന്.... എന്നാൽ.. കഴിയുന്നില്ല എനിക്ക്... ഓരോ നിമിഷവും അമ്മയെന്നെ സ്വന്തം മകനെ പോലെ കണ്ട് സ്‌നേഹിക്കുമ്പോൾ നിന്നോട് ഞാൻ ചെയ്തതെല്ലാം എന്റെ മനസ്സിലേക്ക് ഓടിയെത്തി എന്നെ തളർത്തി കൊണ്ടിരിക്കുകയാണ്... കുറ്റബോധം കൊണ്ട് ഞാനാകെ തകർന്ന് പോയി... ഇനിയും കഴിയില്ല പിടിച്ചു നിൽക്കാൻ... നിന്നോട് എന്തൊക്കെ ചെയ്തിട്ടും എന്നെ കണ്ടയുടനെ എല്ലാം ക്ഷമിച്ച് എന്നെ വാരിപുണർന്നില്ലേ നീ... ആ നീ തന്നെയാണ് അമിത് ആത്മാർത്ഥ സുഹൃത്ത്....

ഞാൻ..... ഞാൻ..... ഒന്നിനും കൊള്ളാത്തവനാണ്.. ഇപ്പോഴുള്ള നിങ്ങളുടെ സ്നേഹം പോലും എനിക്ക് അവകാശപെട്ടതല്ല....ഇനിയും അധിക നാൾ ഇല്ലാത്ത എന്റെ ആയുസ്സ് ഞാൻ തന്നെ അവസാനിപ്പിക്കുകയാണ് അമിത്...ഈ അവസാന നിമിഷത്തിൽ മനസ്സിന് സന്തോഷമേകുന്ന നിമിഷങ്ങൾ മാത്രമേ നിങ്ങൾ എല്ലാവരും എനിക്ക് നൽകിയിട്ടുള്ളൂ..... അത് മതി... അത് തന്നെ എനിക്ക് ധാരാളമാണ്.... ഐആം സോറി അമിത്..... സോറി......... " അവസാന വാക്കുകൾ വായിച്ച് പൊട്ടിക്കരച്ചിലോടെ അമിത് ആ പേപ്പർ തന്റെ മുഖത്തോട് ചേർത്ത് വെച്ചു....കോളേജിൽ പഠിക്കുമ്പോൾ തന്റെ നിഴലായ് നടന്ന് തമാശ പറഞ്ഞ് ചിരിപ്പിച്ച ഈശ്വറിന്റെ മുഖവും ഭാവങ്ങളും അവന്റെ കണ്ണിൽ മിന്നി മറഞ്ഞു.. കണ്ണുനീർ അധികരിച്ചതും അവയെല്ലാം മാഞ്ഞു പോയി കൊണ്ടിരുന്നു... "ഈശ്വർ.......എന്നോട് ക്ഷമിക്ക്... നീയൊരു തെറ്റ് ചെയ്തപ്പോൾ നിന്നെ വെറുക്കുന്നതിന് പകരം ചേർത്ത് നിർത്തണമായിരുന്നു.. നമ്മുടെ സൗഹൃദം ഒരിക്കലും നശിപ്പിക്കാൻ പാടില്ലായിരുന്നു....നീയെന്നും എന്റെ നല്ലൊരു സുഹൃത്ത് ആണ്...

ആരും കൂട്ട് കൂടാൻ ഇല്ലാത്ത സമയം എന്നിലേക്ക് വന്ന എന്റെ സുഹൃത്ത്...മറക്കാൻ കഴിയില്ല ഈശ്വർ.... നീ നൽകിയ നല്ല നിമിഷങ്ങൾ മാത്രം മതി നിന്റെ തെറ്റിനെ തെറ്റല്ലാതെയാക്കാൻ... എന്തിന് നീ ഇങ്ങനെയൊരു തീരുമാനമെടുത്ത് എന്നെ മുറിപ്പെടുത്തി........ എന്തിന് ഈശ്വർ...... " തേങ്ങലോടെ അമിത് സോഫയിൽ നിന്നും നിലത്തേക്കിറങ്ങി ഇരുന്ന് കൈകൾ കൊണ്ട് മുഖം പൊത്തി കരഞ്ഞു...... ************ "അക്ഷിത്... " ബാൽക്കണിയിൽ എങ്ങോ നോക്കി നിൽക്കുവായിരുന്ന അക്ഷിതിന്റെ അടുത്തേക്ക് ആര്യ ചെന്നു... അവളെ ഒന്ന് നോക്കിയ അക്ഷിത് വീണ്ടും ഇരുട്ടിലേക്ക് നോക്കി... "ആര്യാ... ഞാൻ ചെയ്തത് തെറ്റായിരുന്നോ.. അന്ന് ഞാൻ കാരണമല്ലേ അവൻ ഹോസ്പിറ്റലിൽ ആയത്... അവനെ പറഞ്ഞ് മനസ്സിലാക്കുന്നതിന് പകരം കൈക്കരുത്തിലൂടെ ഞാനവനെ ഒതുക്കി.... അത് വേണ്ടിയിരുന്നില്ല അല്ലേ.. അവനെ തനിച്ചു കൊണ്ട് പോയി എല്ലാവരും ഒരുമിച്ച് അവനോട് സംസാരിച്ച് പഴയ ഈശ്വർ ആയി തിരിച്ചു കൊണ്ട് വന്നിരുന്നെങ്കിൽ ഒരു പക്ഷേ അവൻ ഇപ്പോഴും....

നമ്മുടെ കൂടെ ഉണ്ടാവുമായിരുന്നു....അല്ലേ...," ചങ്കിൽ തടഞ്ഞ വേദനയോടെ അക്ഷിത് അത് പറഞ്ഞപ്പോൾ അങ്ങനെ അല്ലെന്ന് ആര്യ തലയാട്ടി... "നൊ... അങ്ങനെ ചിന്തിച്ച് മനസ്സ് വിഷമിപ്പിക്കുന്നത് എന്തിനാ... ഈശ്വറിന് ദൈവം വിധിച്ച വിധി അതായിരുന്നു... അതെപ്പോൾ അയാലും അവനെ തേടി വരും.. അന്നങ്ങനെ ഒക്കെ സംഭവിച്ചതിൽ ഒരു തെറ്റുമില്ല.. ആരെന്തു പറഞ്ഞാലും മനസിലാക്കാൻ ഉള്ള മനസ്സ് അവനുണ്ടായിരുന്നില്ല.... എല്ലാം തിരിച്ചറിഞ്ഞപ്പോൾ ഒരുപാട് വൈകി..... അല്ലാതെ.... " "ഐ നോ...എങ്കിലും.... എന്തോ....." വാക്കുകൾ വീണ്ടും മുറിഞ്ഞതും കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് അക്ഷിത് ആര്യയെ മുറുകെ പുണർന്നു.... അവനെ ഇനിയും എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ആര്യയും പതറി.... പരസ്പരം പലതും പറഞ്ഞ് ആശ്വസിപ്പിക്കുമ്പോഴും സ്വയം ആശ്വസിക്കുമ്പോഴും പഴയ കാര്യങ്ങൾ ഓർത്ത്‌ അവരുടെ കണ്ണുകൾ നിറഞ്ഞു വന്നു കൊണ്ടേയിരുന്നു................ തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story