ആത്മരാഗം💖 : ഭാഗം 12

athmaragam thanseeh

രചന: തൻസീഹ് വയനാട്

ഛെ.. എന്നാലും അവളിതെവിടെ പോയി.. മുഖം ശെരിക്ക് കണ്ടതുമില്ല..ഈ ആൾക്കൂട്ടത്തിൽ നിന്ന് എങ്ങനെ അവളെ കണ്ടു പിടിക്കും ' പ്രോഗ്രാം തുടങ്ങാനായെന്ന അന്നൗൺസ്‌മെന്റ് ലഭിച്ചതും എല്ലാവരും കൂട്ടത്തോടെ ഹാളിലേക്കൊഴുകി... നിര നിരയായി വന്നു കയറുന്ന പെൺകുട്ടികളിലേക്കായിരുന്നു ഈശ്വറിന്റെ ശ്രദ്ധ.. പ്രതേകിച്ച്,, വെള്ള ഡ്രസ്സ്‌ അണിഞ്ഞവരിലേക്ക് അവന്റെ കണ്ണുകൾ ചലിച്ചു.. സ്റ്റേജിലേക്ക് ഈശ്വറിനെ കാണാത്തത് കൊണ്ട് അമിത് ഹാളിലേക്ക് കയറുന്ന വാതിലിനടുത്തേക്ക് വന്നു.. അവിടെ ഓരോന്ന് പിറു പിറുത്തു നിൽക്കുന്ന ഈശ്വറിനെ കണ്ടതും അവൻ അവന്റെ ഷോൾഡറിൽ കൈ വെച്ചു.... "ഏയ്‌.. കൈ മാറ്റ്‌.......... മ്മ്മ്.. ഇവളാണോ ഇനി, ഇവളുടെ മുഖം കടന്നൽ കുത്തിയ പോലെ ഉണ്ട്.. ഒരു തന്റേടി ലുക്ക്, പക്ഷേ മുടി തീരെ ഇല്ലല്ലോ... മറ്റവൾക്ക് നല്ല മുടിയുണ്ട്.. ഇത് കോലാപ്പി.. അപ്പൊ ഇവളല്ല.. " കുറച്ചപ്പുറത്തായി ഇരിക്കുന്ന വെള്ള ചുരിദാർ ഇട്ട പെൺകുട്ടിയെ നോക്കി പറഞ്ഞു കൊണ്ട് ഈശ്വർ അമിതിന്റെ കൈകൾ തട്ടി മാറ്റിയതും അമിത് ദേഷ്യത്തിൽ ഒന്നൂടെ അവന്റെ ഷോൾഡറിൽ കൈ വെച്ചു...ഉടനെ ഈശ്വർ ഒന്ന് ഞെട്ടി കൊണ്ട് ചിരി വരുത്തി തിരിഞ്ഞു നോക്കി..

തിരിഞ്ഞു നോക്കാതെ തന്നെ കൈ വെച്ചത് അമിത് ആണെന്ന് അവന് മനസ്സിലായിരുന്നു.. "പരിപാടി തുടങ്ങി വെക്കാൻ നോക്കാതെ നീ ഇവിടെ കിടന്ന് ഡാൻസ് കളിക്കുവാണോടാ പട്ടീ.. സ്റ്റേജിൽ ടീച്ചേഴ്സ് ഒക്കെ വന്നു തുടങ്ങി.. സ്വാഗതം പറയേണ്ട ഉത്തരവാദിത്വം നിന്റെയാണെന്നു മറന്നു പോയോ... പെൺകുട്ടികളുടെ വായിൽ നോക്കി നിന്നത് മതി " "അയ്യേ.. നീയൊന്ന് പോടാ.. എനിക്കതല്ലെ പണി.. ഞാൻ ആരെയും വായിനോക്കി നിന്നതൊന്നുല്ല.. ഞാനേയ് മറ്റവളെ തപ്പാൻ വന്നതാ.... " "ആരെ " "അവളെ തന്നെ.. ആ ഉരുക്ക് വനിതയെ.. " "ഉരുക്ക് വനിതയോ.. നീ എന്ത് ഭ്രാന്താടാ ഈ പറയുന്നേ " "എടാ.. ഞാൻ നേരത്തെ പറഞ്ഞില്ലേ ഒരുത്തി ഒരുത്തനിട്ട് കൊടുത്തെന്ന്.. അവളെ തപ്പാ " ഈശ്വർ കാര്യത്തിൽ പറഞ്ഞു കൊണ്ട് വീണ്ടും തന്റെ കണ്ണുകൾ ഹാളിൽ ഇരിക്കുന്ന പെൺകുട്ടികളിലേക്ക് തിരിച്ചു.. അത് കണ്ട അമിത് അവന്റെ മുഖം തന്റെ നേരെ തിരിച്ചു. "ആാാാ... എടാ പട്ടി.. വേദനിക്കുന്നു.. " "മിണ്ടാതെ വരാൻ നോക്ക്.. പെണ്ണിനെ തപ്പാൻ വന്നേക്കുന്നു അവൻ..

അതും അങ്ങനെ ഒരു പെണ്ണുണ്ടോ എന്ന് തന്നെ ഉറപ്പില്ല.. എടാ മണ്ടാ... പൊട്ടാ.. ഈ കോളേജിൽ ഇത്രയും കാലമായിട്ട് അങ്ങനെ ഒരു പെണ്ണിനെ നീ കണ്ടിട്ടുണ്ടോ... വെറുതെ ഓരോ വട്ട് പറഞ്ഞു വരും സമയം കളയാൻ... " "അമിതേ ഞാൻ ശെരിക്കും.... " "ഷ്ഷ്.. മിണ്ടരുത്.. ഇനിയും നീ ആ പെണ്ണിനെ പറ്റി പറഞ്ഞാൽ നിന്റെ മുഖത്തിന്റെ ഷേപ്പ് ഞാൻ മാറ്റും.. പിന്നെ പ്രസംഗം നടത്താൻ അവിഞ്ഞ മുഖവുമായി പോകേണ്ടി വരും സഖാവിന്... മര്യാദക്ക് വാ " ഈശ്വറിനെ കടുപ്പിച്ചു നോക്കി കൊണ്ട് അമിത് സ്റ്റേജിലേക്ക് പോയി.. അവൻ പോയതും ഈശ്വർ മുഖം ചുളിച്ചു കൊണ്ട് വീണ്ടും പെൺകുട്ടികളുടെ ഭാഗത്തേക്ക്‌ നോക്കി. "ഹോ.. അവളെ കണ്ട് പിടിച്ച് കൂടെ കൂട്ടാമെന്ന് കരുതിയതാ..തന്റേടിയായ ഒരുത്തനും ഒരുത്തിയും ഇടം വലം ഉണ്ടാവുന്നത് എനിക്കൊരു ഗെറ്റപ്പല്ലേ...... ഹാ.. യോഗം ഇല്ല... ഈ കാട്ടാളന്റെ കൂടെ ഒരു പെണ്ണും വാഴില്ല..." അമിതിനെ നോക്കി പിറു പിറുത്തു കൊണ്ട് ഈശ്വർ തന്റെ ഷർട്ട്‌ നേരെ ആക്കി മുഖത്ത് ക്ലോസപ്പ് ചിരി വരുത്തി കൊണ്ട് സ്റ്റേജിലേക്ക് കയറി....

ഈശ്വർ തിരിഞ്ഞതും ഹാളിന്റെ വാതിൽക്കൽ കൈ കോർത്തു പിടിച്ചു കൊണ്ട് ആര്യയും അനിയും വന്നു നിന്നു... ഹാളിന്റെ വാതിൽക്കൽ കൈ വെച്ച് അനി തല അകത്തേക്കിട്ട് എല്ലാവരെയും നോക്കി... ഒരു സൈഡിൽ കൂട്ടം കൂടി നിൽക്കുന്ന ബോയ്സിനെ കണ്ടതും അവളുടെ ചിരി തെളിഞ്ഞു...അവൾ ആര്യയുടെ കൈ പിടിച്ച് അകത്തേക്ക് കടന്നു.. ബോയ്സ് ഏറ്റവും പിറകിൽ തടിച്ചു കൂടി നിൽപ്പാണ്.. അവർക്കിടയിലേക്ക് നടന്ന് ഇരിപ്പിടത്തിനായി ചുറ്റും നോക്കി.. ഈ സമയം ആര്യയുടെ കയ്യിൽ നിന്ന് ചൂടോടെ അടി വാങ്ങിയവൻ തന്റെ തൊട്ട് മുന്നിൽ നിൽക്കുന്ന ആര്യയെയും അനിയേയും കണ്ടു.. ആര്യയുടെ മുഖം കണ്ടതും അവൻ അറിയാതെ തന്റെ കവിളിൽ കൈ വെച്ച് തലോടി.. ആ സമയം ആര്യയുടെ കണ്ണുകൾ അവന് നേരെ പോയതും അവൻ പെട്ടന്ന് കസേരയിൽ നിന്നും എഴുന്നേറ്റ് മാറി കൊടുത്തു .. അവനെ അടിമുടി നോക്കി കൊണ്ട് ആര്യ അവൻ നീക്കി തന്ന കസേരയിൽ ഇരുന്നു... തൊട്ടരികിൽ അനിയും.. ബോയ്സിന് ഓപ്പോസിറ്റ് ആയതിനാൽ തന്നെ അവർ വന്നിരുന്നതും ചില വായിനോക്കികൾ അവരെ നോക്കാനും കമന്റ് പറയാനും തുടങ്ങി.....

"ഡിയർ സ്റ്റുഡന്റസ്... " പ്രൗഢ ഗംഭീരം നിറഞ്ഞ ആ ശബ്ദം ഹാളിൽ അലയടിച്ചതും എല്ലാവരും നിശബ്ദരായി... ച്യുയിങ്കം ചവച്ച് കൊണ്ട് ബോയ്സിനെ നോക്കി സൈറ്റ് അടിച്ചു കളിക്കുന്ന അനി ആ ശബ്ദം കേട്ടതും തല ചെരിച്ചു കൊണ്ട് സ്റ്റേജിലേക്ക് നോക്കി... ബ്ലാക്ക് ഷർട്ടിൽ അടിപൊളി ലുക്കിൽ എല്ലാവർക്ക് മുന്നിലും നിൽക്കുന്ന അമിതിനെ അവൾ കണ്ടതും അവളുടെ കണ്ണുകൾ അവനിലുടക്കി.. "ഫ്രഷേഴ്‌സിനെ വെൽക്കം ചെയ്ത് കൊണ്ട് ഞങ്ങൾ സീനിയേഴ്സ് നടത്തുന്ന ചെറിയൊരു പ്രോഗ്രാം ആണിത്.. കളിയും ചിരിയുമായി കുറച്ചു സമയം നമുക്കിവിടെ ഒത്തുകൂടാം... " അമിതിന്റെ വായിൽ നിന്നും വരുന്ന ഒരോ വാക്കുകൾക്കും അനി കാതോർത്തിരുന്നു... അവളുടെ അരികിൽ ഇരിക്കുന്ന. ആര്യ അവിടെ നടക്കുന്ന പരിപാടിയിൽ താല്പര്യം കാണിക്കാതെ അനിയുടെ ഷോൾഡറിൽ തന്റെ ഒരു കൈ കയറ്റി വെച്ച് ഹാളിൽ ഇരിക്കുന്ന എല്ലാവരെയും വീക്ഷിച്ചു... അതിനിടയിൽ തങ്ങൾക്ക് നേരെ ഓവറായി വരുന്ന കമന്റ് ഉം ചൂളമടിയും കേട്ട് ആ ഭാഗത്തേക്ക് ഒരുഗ്രൻ നോട്ടം എറിയുന്നുമുണ്ട്.....

അനി അതൊന്നും ശ്രദ്ധിക്കാതെ അമിതിൽ മാത്രം കണ്ണും നട്ടിരിപ്പാണ്.. "ഹോ.. എന്റെ കൃഷ്ണാ... പുതിയ കോളേജിലേക്ക് അച്ഛൻ പിടിച്ച് ചേർത്തപ്പോ ഞാൻ കരുതി പണി പാളുമെന്ന്.. ഇതെനിക്ക് ചാകര ആണല്ലോ... ഈ ഓണം കേറാ മൂലയിൽ കാണാൻ ചേലുള്ള ഇത്രയും അധികം ചെക്കന്മാർ ഉണ്ടെന്ന് ആദ്യമേ അറിഞ്ഞിരുന്നെങ്കിൽ കഴിഞ്ഞ ഒരു വർഷം ആ കോളേജിൽ പോയതിന് പകരം ഇങ്ങോട്ട് വന്നാ മതിയായിരുന്നു.. അവിടെ കാണാൻ കൊള്ളാവുന്ന ആരെങ്കിലും ഉണ്ടായിരുന്നോ... ഒരു ചുക്കുമില്ല.. കഷ്ടപ്പെട്ട് സസ്‌പെൻഷൻ വാങ്ങിയത് തന്നെ ഫുൾ ബോറിങ് ആയത് കൊണ്ടല്ലേ... ഐവ... എന്താ അവന്റെ ഒരു സംസാരം... " താടിക്കും കൈ കൊടുത്ത് അമിതിൽ ലയിച്ചിരിക്കുന്ന അനിയിൽ നിന്നും വന്ന വാക്കുകൾ കേട്ട് ആര്യ അമിതിന്റെ മുഖത്തേക്ക് നോക്കി.. പൊതുവെ ആണുങ്ങളോട് തല്ല് കൂടാൻ മാത്രം അവരുടെ മുഖത്തേക്ക് നോക്കാറുള്ള ആര്യ അവനെ ഒന്ന് നോക്കി മുഖം തിരിച്ച് അനിയെ നോക്കി. അവളിപ്പോഴും അവന്റെ വായിൽ നോക്കി ഇരിക്കാണെന്ന് കണ്ടതും ആര്യ അവളിൽ നിന്നും കണ്ണെടുത്ത് പുറത്തേക്ക് നോക്കിയിരുന്നു. സ്വാഗതം പറയാനായി അമിത് ഈശ്വറിനെ ക്ഷണിച്ചതും അവൻ മൈക്കിനടുത്തേക്ക് വന്നു നിന്നു...

"പ്രിയമുള്ളവരേ.... നാമിവിടെ ഒത്തു കൂടിയിരിക്കുന്നതിന്റെ ലക്ഷ്യം എന്താണെന്ന് നമ്മുടെ ചെയർമാൻ വിശദീകരിച്ചു തന്നുവല്ലോ... ക്ലാസ്സ്‌ തുടങ്ങി രണ്ടാഴ്ച കഴിഞ്ഞുള്ള ഈ വെൽക്കം പാർട്ടി എന്തിനാ എന്ന് നിങ്ങളിൽ പലർക്കും തോന്നിയിട്ടുണ്ടാവും.. എല്ലാ വർഷവും ഈ പ്രോഗ്രാം സീനിയേഴ്സ് നടത്താറുണ്ട്.. ഇത്തവണ ടൂർണമെന്റ് ആദ്യം വന്നത് കൊണ്ട് അതിന്റെ തിരക്കിൽ ആയി പോയി.. നമ്മുടെ കോളേജ് വിജയിച്ച വിവരം എല്ലാവരും അറിഞ്ഞു കാണും.. വർഷങ്ങളായി നിലനിർത്തി പോരുന്ന എല്ലാ വിജയങ്ങളും ഈ വർഷവും നില നിർത്താൻ നമുക്ക് സാധിക്കണം.... ഈ പ്രോഗ്രാമിൽ എത്തിച്ചേർന്ന എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഫ്രഷേഴ്‌സിനും ഞാൻ സ്വാഗതം അറിയിക്കുന്നു.... പ്രസംഗം മാത്രമല്ല നമ്മളിവിടെ ഒരുക്കിയിട്ടുള്ളത്....റാഗിങ് പാടില്ല എന്ന റൂൾ ഉള്ളത് കൊണ്ട് ഫ്രഷേഴ്‌സ് ഡേയ്ക്ക് ചെറിയ പണിയൊക്കെ കൊടുക്കാനുള്ള പെർമിഷൻ ഞങ്ങൾക്ക് തന്നിട്ടുണ്ട്.... അല്ലേ മേം... (തല ചെരിച്ച് ചിരിച്ചു കൊണ്ട് ഈശ്വർ പറഞ്ഞതും അനിഘ മേം തലയാട്ടി ചിരിച്ചു )

നമ്മുടെ കോളേജിന്റെ മുത്തായ എല്ലാവർക്കും പ്രിയപ്പെട്ട പ്രിൻസി അനിഘ മേമിനെ നമ്മളിലേക്ക് വന്നു ചേർന്ന ഫ്രഷേഴ്‌സിനോട്‌ എന്തൊക്കെയോ പറയാൻ ഉണ്ട്..സോ.. അനിഘ മേമിന് സു സ്വാഗതം " ഈശ്വറിന്റെ വാക്കുകൾക്ക് നിറഞ്ഞ കയ്യടി ലഭിച്ചതും ഈശ്വർ എല്ലാവരെയും നോക്കി ചിരിച്ചു കൊണ്ട് അമിതിന്റെ അടുത്തേക്ക് ചെന്ന് നിന്നു.. "നോക്കെടാ നോക്ക്.. ലുക്കിൽ അല്ല കാര്യം... നീ വായിട്ടലച്ചപ്പോൾ ആരെങ്കിലും കയ്യടിച്ചോ.. എല്ലാ പെൺപിള്ളേരും നിന്റെ വായിക്കകത്ത് കയറി നിന്നു... എന്നേ കണ്ടോ... എന്തൊരു കയ്യടി ആയിരുന്നു... എനിക്കിപ്പോ കുറച്ച് വില ഒക്കെ ഉണ്ട്.. " മുന്നിൽ ഇരിക്കുന്ന കുട്ടികളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു കാണിച്ചു കൊണ്ട് ഈശ്വർ അമിതിനോട് പറഞ്ഞതും അവൻ ഈശ്വറിനെ അടി മുടി നോക്കി തലയാട്ടി കൊണ്ട് ചിരിച്ചു... "അമിത്... അപ്പോൾ ആൾ ദി ബെസ്റ്റ്... പരിപാടി നടക്കട്ടെ... അലമ്പ് കാണിക്കരുത്.. എന്തെങ്കിലും കംപ്ലയിന്റ് കിട്ടിയാൽ ഞാൻ ആക്ഷൻ എടുക്കും.. " "ഏയ്‌.. നോ മേം...മേം ധൈര്യമായി പൊയ്ക്കോളൂ..

ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കോളാം.. " ടീച്ചേഴ്സ് പോയതും അമിത് വീണ്ടും സ്റ്റേജിൽ കയറി . അമിതിനെ സ്റ്റേജിൽ കണ്ടതും എല്ലാ പെൺകുട്ടികളും അവനെ നോക്കി ഇരുന്നു... അതിനിടയിൽ ലീനയും ഉണ്ടായിരുന്നു.. അമിതിനെ ചെറിയ പേടി ഉണ്ടെങ്കിലും അവനെ വായിനോക്കാൻ കിട്ടുന്ന അവസരം ആയത് കൊണ്ടും അവൻ ഈ സമയം പ്രതികരിക്കില്ലെന്ന് അറിയാവുന്നത് കൊണ്ടും അവൾ മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചു... എല്ലാവരുടെയും കണ്ണുകൾ തനിക്ക് നേരെ ആണെന്നറിഞ്ഞ അമിതിന് ചെറിയ ഈർഷ്യം തോന്നിയെങ്കിലും അവൻ ആ ഭാഗത്തേക്ക്‌ മൈൻഡ് ചെയ്യാനേ പോയില്ല... "അപ്പോൾ നമുക്ക് നമ്മുടെ കലാപരിപാടികൾ തുടങ്ങാം.. " അമിത് വിളിച്ചു പറഞ്ഞതും എല്ലാവരും കയ്യടിച്ച് കൂവി വിളിച്ച് സപ്പോർട്ട് ചെയ്തു... ഈശ്വർ ചെറിയ പെട്ടിയുമായി സ്റ്റേജിൽ നിന്നും താഴേക്ക് ഇറങ്ങി... പെട്ടി കുലുക്കി കൊണ്ട് അവൻ ഒരു പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നു.. "അതിൽ നിന്നും ഒരു ലോട്ട് എടുക്കണം... അതിൽ എന്ത് ചെയ്യാനാണോ പറഞ്ഞത് അത് ഈ സ്റ്റേജിൽ വെച്ച് ഇത്രയും പേരുടെ മുന്നിൽ വെച്ച് ചെയ്യണം.. സോ.. പ്ലീസ്.. ഒരു ലോട്ട് എടുക്കൂ " മൈക്കിലൂടെ അമിത് വിളിച്ചു പറഞ്ഞതും ആ പെൺകുട്ടി ഒരു ലോട്ടെടുത്ത് അതുമായി സ്റ്റേജിലേക്ക് കയറി....

ലോട്ട് അമിത് വാങ്ങി അവനത് ഉറക്കെ വായിച്ചു... "ഈ കുട്ടിക്ക് കിട്ടിയിരിക്കുന്നത് മോണോ ആക്ട് ആണ്... സിനിമയിലെ ഏതെങ്കിലും കോമഡി ആക്ടറിനെ അഭിനയിച്ചു കാണിക്കണം... " അമിതിന്റെ വാക്കുകൾ കേട്ടതും എല്ലാവരും കയ്യടിച് ആർപ്പ് വിളിച്ചു.. പലരും പല പേരുകളും വിളിച്ചു പറഞ്ഞു... ചിലർ ജഗതിയെ ചിലർ സുരാജിനെ.. അങ്ങനെ ഒരോ പേരുകൾ ഉയർന്നു വന്നു.. ആ പെൺകുട്ടി ആണേൽ പേടിച്ച് ചമ്മിയ അവസ്ഥയിൽ നിൽക്കാണ്‌... ഇത് ചെയ്യാൻ അറിയില്ല എന്ന് അമിതിനോട് പറയാൻ പേടി ആയത് കൊണ്ട് മാത്രം അവൾ ഷാൾ കൈ കൊണ്ട് ഞെരിച്ച് മിണ്ടാതെ നിന്നു.. "വേഗം ചെയ്യടീ " സീനിയേഴ്‌സിൽ ഒരുത്തൻ സ്റ്റേജിന് അടുത്ത് നിന്നും വിളിച്ചു പറഞ്ഞതും അമിത് അവനെ നോക്കി മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു.. "എന്താ ചെയ്യുന്നില്ലേ.. " "അത്... അത്.. എനിക്ക് അഭിനയിച്ചു കാണിക്കാൻ ഒന്നും അറിയില്ല.. " എല്ലാവരുടെയും മുന്നിൽ നാണം കെടുന്നതോർത്ത് അവൾ തല താഴ്ത്തി നിന്നു.. "ഓക്കേ.. ഫൈൻ.. ഇയാൾക്ക് പാട്ട് പാടാൻ അറിയുമോ.. അറിയുമെങ്കിൽ നല്ലൊരു പാട്ട് പാട് " അറിയുമെന്ന് തലയാട്ടിയതും അമിത് അവൾക്ക് മൈക്ക് കൊടുത്തു... മോണോ ആക്ട് ചെയ്യേണ്ടെന്ന് പറഞ്ഞത് കൊണ്ട് അവളുടെ മുഖം വിടർന്നിട്ടുണ്ട്...

മൈക്ക് മുറുകെ പിടിച്ച് മുഖത്ത് കോൺഫിഡന്റ് വരുത്തി അവൾ നല്ലൊരു അടിപൊളി പാട്ട് പാടി.... "സ്റ്റുഡന്റസ്... ബികോമിലെ രേഷ്മയാണ് നമ്മുക്ക് വേണ്ടി പാട്ട് പാടിയത്... ഇനി അടുത്ത ടാസ്ക് ആർക്കാണെന്ന് നോക്കാം... ഈശ്വർ.." ഈശ്വറും വേറെ ഒരുത്തനും കൂടി ടേബിൾ സ്റ്റേജിന് നടുവിലേക്ക് കൊണ്ടിട്ടു... അതിൽ ഒരു വലിയ പാത്രത്തിൽ നിറയെ ഓർക്കാപ്പുളി വെച്ചു.... മുന്നിൽ ഇരിക്കുന്ന ഒരുത്തനെ വിളിച്ചു വരുത്തി.. "ബിബിഎ യിലെ രാഹുൽ ആണിത്.. നല്ലൊരു ക്ലാപ്പ് കൊടുക്കാം.. 15 സെക്കന്റിൽ ഈ പത്ത് ഓർക്കാപ്പുളിയും തിന്ന് തീർക്കണം... ഓക്കേ ആണോ " ടാസ്കിന് റെഡി ആണെന്ന് അവൻ പറഞ്ഞതും എല്ലാവരും കയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ തുടങ്ങി.. "എടാ... ഇത്തരം ചെറിയ പണികൾ കൊടുത്താൽ മതിയോ... നമുക്ക് വേറെ എന്തെങ്കിലും നോക്കാം.. " "വേണ്ട.. ഇങ്ങനെ മതി... കളി കൂടിയാൽ മേം ആക്ഷൻ എടുക്കും... " കൂടുതൽ ബുദ്ധിമുട്ടിക്കാതെ രസകരമായ കളികളും പാട്ടുകളും കൊണ്ട് എല്ലാവരും പ്രോഗ്രാം കളറാക്കി...ആരെ കൊണ്ടും നിർബന്ധിച്ചു ചെയ്യിക്കാൻ അമിത് തയ്യാറായില്ല... അതിനാൽ തന്നെ എല്ലാവർക്കും അമിതിനോട് ഒരുപാട് ബഹുമാനവും ഇഷ്ടവും കൂടി...

അവന് ദേഷ്യം കൂടുതൽ ഉള്ള ടൈപ്പ് ആണെങ്കിലും അവൻ നല്ലൊരു മനസ്സിന് ഉടമയാണെന്ന് പ്രോഗ്രാമിൽ നിന്ന് എല്ലാവർക്കും മനസ്സിലായി.... എങ്കിലും... പ്രോഗ്രാം നടക്കുന്ന സമയത്ത് അനാവശ്യ ശബ്ദങ്ങൾ ഉണ്ടാക്കുന്നവരെയും ഗേൾസിനെ കമന്റ് അടിക്കുകയും ബഹളം വെക്കുകയും ചെയ്യുന്നവരെയും അവൻ തന്റെ കണ്ണുകൾ കൊണ്ട് നേരിട്ടു... അവന്റെ ഒരു നോട്ടത്തിൽ എല്ലാവരും പൂച്ചയെ പോലെ അടങ്ങി ഇരുന്നു...... ഒരേ സമയം അമിത് പേടിപെടുത്തുകയും ഇഷ്ടപ്പെടുത്തുകയും ചെയ്തു.... ************ "എന്ത് ഊള ഗെയിം ആണിതൊക്കെ.. നഴ്‌സറി പിള്ളേരെ പോലെ... അനീ വാ നമുക്ക് പോകാം.. " അവിടെ നടക്കുന്ന രസകരമായ ഗെയിം ഒന്നും ആര്യക്ക് ഇഷ്ടപ്പെട്ടില്ല.. അനിയാണേൽ അമിതിനെയും വായും പൊളിച്ച് നോക്കി നിൽക്കാണ്‌.. ടാസ്ക് നടക്കുന്നതിനിടയിൽ അവന്റെ സംസാരവും ചിരിയും കളിയും ഒക്കെ ആസ്വദിച് മറ്റേതോ ലോകത്തായിരുന്നു അവൾ...താൻ പറഞ്ഞത് അവൾ കേട്ടില്ലെന്ന് ബോധ്യമായതും ആര്യ അവൾക്കിട്ട് ഒന്ന് കൊടുത്തു...

"ഡി.. വാ പോകാം.. അവന്മാരുടെ പിള്ളേര് കളി കാണുന്നേലും നല്ലത് ഈ കോളേജ് ചുറ്റി കാണുന്നതാ.. വാ " ആര്യ എഴുന്നേറ്റ് അനിയെ പിടിച്ചു വലിച്ചെങ്കിലും അവൾ എഴുന്നേറ്റില്ല.. ആര്യയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അനി അവളെ തിരികെ ഇരുത്തി.. "ആര്യാ.. അവന്മാര് കാണിക്കുന്നത് പരമ ബോർ ആണേലും കണ്ടിരിക്കാൻ രസമുണ്ട്. നമുക്ക് കുറച്ചു കഴിഞ്ഞ് പോകാം.. അത് വരെ ഞാനാ മൊതലിനെ ഒന്ന് കൺ കുളിർക്കെ കാണട്ടെ.. നാളെ മുതൽ എന്റെ വായിനോട്ട ലിസ്റ്റിൽ ആദ്യം അവൻ ഉണ്ടാവും.. നമ്മുടെ ചെയർമാൻ, ഹാൻഡ്‌സം ബോയ്... അവനെ ഞാൻ വളച്ചൊടിച്ച് എന്റെ വരുതിയിലാക്കും.. നീ നോക്കിക്കോ..ഈ അനിരുദ്ര പറഞ്ഞാൽ പറഞ്ഞതാ " സ്റ്റേജിൽ നിൽക്കുന്ന അമിതിനെ നോക്കി അനി തന്റെ വലത്തേ കൈ ചുണ്ടിൽ ചേർത്ത് ഒരു ഫ്‌ളൈ കിസ്സ് അവന് നേരെ കൊടുത്ത് കൊണ്ട് പറഞ്ഞതും ആര്യ വീണ്ടും ഒട്ടും താല്പര്യമില്ലാതെ അവന്റെ നേരെ തന്റെ കണ്ണുകൾ ചലിപ്പിച്ചു............ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story