ആത്മരാഗം💖 : ഭാഗം 15

athmaragam thanseeh

രചന: തൻസീഹ് വയനാട്

"ഇതാണ് ഇനി മുതൽ നമ്മുടെ തടവറ.. അല്ലേ " ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞ് അനിയും ആര്യയും ക്ലാസ്സിൽ കയറി... ഇന്ന് ഇനി ക്ലാസ്സിൽ കയറേണ്ട, കോളേജ് ചുറ്റിക്കാണാം എന്ന് തീരുമാനിച്ചിരുന്നെങ്കിലും പ്രിൻസി എങ്ങാനും തങ്ങളെ അന്വേഷിച്ചിറങ്ങി ക്ലാസ്സിൽ കയറിയിട്ടില്ലെന്നെങ്ങാനും അറിഞ്ഞാൽ കഴിഞ്ഞ കോളേജ് പോലെ ആദ്യ ദിവസം തന്നെ ഡിസ്മിസ് ലെറ്റർ കയ്യിൽ തരുമോ എന്ന തോന്നൽ ആ തീരുമാനത്തിൽ നിന്നവരെ പിന്തിരിപ്പിച്ചു.. അമിതിനെ വളക്കാനുള്ള തന്ത്രങ്ങൾ ഉള്ളിൽ കണക്ക് കൂട്ടുന്നത് കൊണ്ട് തന്നെ ഈ കോളേജിൽ തന്റെ നിലനിൽപ്പ് അത്യാവശ്യമാണെന്ന് അനിയും ഉറപ്പിച്ചു കഴിഞ്ഞു.... ക്ലാസ്സിലെ എല്ലാവരെയും നോക്കി പുതിയതായി വന്നതാണെന്നുള്ള ഭാവം കാണിക്കാതെ ഏറ്റവും പിന്നിലെ ബെഞ്ചിൽ തന്നെ അനിയും ആര്യയും ചെന്നിരുന്നു... ലീനയുടെ അതേ ക്ലാസ്സിൽ തന്നെയാണ് അനിയും ആര്യയും.. അവർ വന്നിരുന്നതും ലീന അവരെ തിരിഞ്ഞു നോക്കി.. പരിചയപ്പെടാൻ എന്ന അർത്ഥത്തിൽ അവൾ ചിരിച്ചു കൊണ്ട് അവർ ഇരിക്കുന്നതിന്റെ തൊട്ടു മുന്നിലുള്ള ബെഞ്ചിൽ വന്നിരുന്നു...

"ഹായ്.. ന്യൂ അഡ്മിഷൻ ആണല്ലേ... എന്റെ പേര് ലീന.. ലീന മാത്യു.. " "ഞാൻ അനിരുദ്ര.. ഇവൾ ആര്യഭദ്ര " അനി അസ്സൽ വായാടി ആയത് കൊണ്ട് തന്നെ എല്ലാവരോടും പെട്ടന്ന് കൂട്ട് കൂടി...പ്രത്യേകിച്ച് ആൺപിള്ളാരെ..... ആര്യ ആവശ്യത്തിന് മാത്രം സംസാരിക്കുന്നവളും പെട്ടന്ന് ദേഷ്യം വരുന്ന ടൈപ്പും ആണ്.....ഈ കോളേജിലെ അന്തരീക്ഷവും പയ്യന്മാരുടെ കമന്റടിയൊന്നും അവൾക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല.. അതിനാൽ തന്നെ ആകെ ചൂട് കയറിയതിനാൽ അവൾ സൈലന്റ് ആയിരുന്ന് എല്ലാവരെയും വീക്ഷിച്ചു..... "ഹേയ്... അവിടെ നിൽക്ക്... " ക്ലാസ്സ്‌ കഴിഞ്ഞ് എല്ലാവരും പുറത്തേക്കിറങ്ങിയതും ലീന അനിയെ വിളിച്ചു കൊണ്ട് പുറത്തേക്ക് വന്നു.... "സർ വന്നത് കൊണ്ട് കൂടുതലൊന്നും ചോദിക്കാൻ പറ്റിയില്ല... വാ നമുക്ക് നടക്കാം " ലീനയുടെ ഇടിച്ചു കയറിയുള്ള വരവും അവരോടൊരുമിച്ചുള്ള നടത്തവുമൊന്നും ആര്യക്ക് ഇഷ്ടപ്പെട്ടില്ല.. തന്റെയും അനിയുടെയും ഇടക്ക് ആര് വരുന്നതും അവൾക്ക് ഇഷ്ടമല്ല.. എങ്കിലും മറുത്തൊന്നും പറയാതെ അവർ നടന്നു...

"ചോദിക്കാൻ വിട്ടു ... എന്താ വരാൻ ലേറ്റ് ആയത്.. ക്ലാസ്സ്‌ തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞല്ലോ.. " "ഓ.. അതോ.. ഇവിടെ വന്ന് മാനേജമെന്റ്നെ സോപ്പിട്ട് സീറ്റ് റെഡിയാക്കാൻ രണ്ടാഴ്ച വേണ്ടി വന്നു.. " "അപ്പോൾ ഇത്രയും ദിവസം എവിടെയും ചേർന്നില്ലേ " "ചേർന്നല്ലോ... ആദ്യ ദിവസം തന്നെ ഡിസ്മിസ് ലെറ്ററും വാങ്ങിച്ചു " തീർത്തും ലാഘവത്തോടെ അനി അതും പറഞ്ഞ് ബാഗിൽ നിന്നും ച്യൂയിങ്ഗം എടുത്ത് ആര്യക്കും ലീനക്കും കൊടുത്ത് അവളും ഒന്നെടുത്ത് വായിലിട്ട് ചവച്ചു... ലീന അത്ഭുതത്തോടെ രണ്ടു പേരെയും മാറി മാറി നോക്കി... അവളുടെ നോട്ടം കണ്ട് ചിരിച്ചു കൊണ്ട് അനി അവരുടെ ഡിപ്പാർട്ട്മെന്റ്ന് ഇടത്തേ വശത്തുള്ള മതിലിൽ ചാടി കയറി ഇരുന്നു... ആര്യ അവളെയും ചാരി നിന്ന് കോളേജ് വീക്ഷിച്ചു.. അപ്പുറം നിന്ന് ലീന അനിയുടെ മുഖത്തേക്ക് നോക്കി... "എന്താ നോക്കുന്നേ... സത്യമാണ് പറഞ്ഞത്... ആദ്യത്തെ കോളേജിൽ നിന്ന് പുറത്താക്കിയത് കൊണ്ടല്ലേ ഇവിടേക്ക് വന്നേ.. " "പക്ഷേ....എന്തിനു....??? " "സോ സിമ്പിൾ.. ഞങ്ങൾ പ്ലസ് ടു വരെ പഠിച്ച സ്കൂളിൽ തന്നെ ഡിഗ്രി കോഴ്‌സും ഉണ്ടായിരുന്നു.. അത് കൊണ്ട് വീട്ടുകാർ അവിടെ തന്നെ ചേർത്ത്.. സ്കൂളിൽ ഞങ്ങൾ ലേശം അലമ്പാണ്... അത് ആ കോളേജിലെ പ്രിൻസിക്ക് അറിയാം..

ഞങ്ങളെ ഒരു പാഠം പഠിപ്പിക്കാൻ കാത്തു നിൽക്കായിരുന്നു.. കോളേജിലെ ആദ്യ ദിവസം തന്നെ ഒരുത്തൻ റാഗിങ് എന്നും പറഞ്ഞ് ദേ ഇവൾക്ക് പണി കൊടുത്തു... പാവം... ഇവളെ ശെരിക്ക് അറിയാത്ത സീനിയർ ഏട്ടൻ.... ഇപ്പൊ മൂത്രം പോലും പോകാൻ പറ്റാത്ത അവസ്ഥയിൽ ഹോസ്പിറ്റലിൽ ആണ്...ആളൊരു പുളികൊമ്പും കൂടിയാണേയ്.....ഇനിയും കൂടുതൽ പറയണോ.. " "അയ്യോ.. വേണ്ട... ഡിസ്മിസ് കിട്ടിയത് എങ്ങനെയെന്ന് മനസ്സിലായി... അപ്പൊ നിങ്ങൾ ചില്ലറക്കാരല്ല...അമിട്ട് തന്നെ ആണല്ലേ....." " നിനക്ക് മനസ്സിലായി അല്ലേ.. വെരി ഗുഡ്.. എല്ലാവരും മനസ്സിലാക്കുന്നത് നല്ലതാ.. എന്റെ കളിക്കൂട്ടുകാരി ആയത് കൊണ്ട് പറയല്ല.. എന്റെ വാവിയെ തോൽപ്പിക്കാൻ ആണായി ജനിച്ച ഒറ്റ ഒരുത്തൻ ഈ ഭൂലോകത്തില്ല.. " ആര്യയെ നോക്കി കണ്ണിറുക്കി പറഞ്ഞതും അത് വരെ ആകാംക്ഷയോടെ കേട്ടിരുന്ന ലീന വാ പൊത്തി പൊട്ടിച്ചിരിച്ചു... ആര്യയും അനിയും കാര്യമറിയാതെ പരസ്പരം നോക്കി..... "എന്താ ഡി കിടന്ന് ചിരിക്കുന്നേ... അതിന് മാത്രമുള്ള കോമഡി ഞാൻ പറഞ്ഞില്ലല്ലോ.. "

"പിന്നെ പറഞ്ഞില്ലേ.. ആണായി പിറന്ന ആരും ഇല്ലെന്നോ... ഇതിൽ കൂടുതൽ തമാശ ഇനി വേറെ കേൾക്കാൻ ഉണ്ടോ... ഈ കോളേജിലെ ആണുങ്ങളെ നിങ്ങൾക്ക് അറിയാഞ്ഞിട്ടാ......." ചിരി കടിച്ചു പിടിച്ച് ലീന പറഞ്ഞതും ആര്യ പുച്ഛത്തോടെ മുഖം തിരിച്ചു... "ആണുങ്ങൾ അല്ല ട്ടോ... ദി ഓൺലി വൺ ഹീറോ... അമിത്... " "അമിത്..." "യാ.. അമിത്.. നമ്മുടെ കോളേജ് ചെയർമാൻ... ഈ കോളേജിലെ ഹീറോ.. ശത്രുക്കളുടെ വില്ലൻ.. അവനെ തോൽപ്പിക്കാൻ ആർക്കുമാവില്ല...എന്നാൽ ആരെയും തോൽപ്പിക്കുന്നത് അവന് നിസ്സാരവും... " അമിതിനെ കുറിച്ച് കേട്ടതും അനി അവളുടെ വാക്കുകൾ ശ്രദ്ധിച്ചിരുന്നു... ആര്യ അതൊന്നും കാര്യമാക്കാതെ വീണ്ടും കണ്ണുകൾ ചുറ്റും പായിച്ചു.. അവൾക്ക് മുന്നിൽ ആരും നിസ്സാരക്കാരാണ്.. ആ തോന്നൽ അവളിൽ നിറഞ്ഞു നിന്നത് കൊണ്ട് തന്നെ അമിതിനെ കുറിച്ച് പറഞ്ഞതൊന്നും അവൾ വിലക്കെടുത്തില്ല... അനിയാണേൽ ലീനയുടെ വായിൽ നിന്നും വീഴുന്ന അമിതിന്റെ വീര കഥകൾ കേട്ട് കണ്ണും മിഴിച്ചിരുന്നു... അവനോടുള്ള അട്ട്രാക്ഷൻ അനിയിൽ വർധിപ്പിക്കാൻ ആ വീര കഥകൾ സഹായിച്ചു..

"ഹോ.. ഇത്രക്കൊന്നും ഞാൻ വിചാരിച്ചില്ല.. അവനെ സ്റ്റേജിൽ കണ്ടപ്പോൾ തന്നെ അവൻ ആളൊരു സംഭവം ആണെന്ന് തോന്നിയിരുന്നു.. പിന്നെ ക്യാന്റീനിൽ വെച്ചും കുറച്ചൊക്കെ അറിഞ്ഞു.. അവനൊരു പുലിയാണ് അല്ലേ " "ആണോ എന്നോ... നിങ്ങൾ കൂടുതൽ അറിയാൻ പോകുന്നേ ഉള്ളൂ.... ഈ കോളേജിലെ പെൺകുട്ടികൾ ഒക്കെ അവന്റെ ആരാധികമാർ ആണ്.. അവനെ വായിനോക്കാത്തവർ ആയി ആരും കാണില്ല.. പക്ഷേ... അവനൊരു പെൺകുട്ടിയെ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല... അവന്റെ ഏട്ടനെ കണ്ടില്ലേ,,,,,, ഒരു മണുങ്ങൻ..അവനെ പോലെയല്ല...ബട്ട് അമിതിനു ഏട്ടൻ എന്നാൽ ജീവനാ.. ഏട്ടനെ എന്തെങ്കിലും ആരെങ്കിലും പറഞ്ഞാൽ വെച്ചേക്കില്ല അവൻ.... പിന്നെ അവൻ ഒരു അനിയനും ഒരു കുഞ്ഞനിയത്തിയും കൂടി ഉണ്ട്..നല്ല അസ്സല് കാന്താരി മുളകാണെന്നാ പറഞ്ഞു കേട്ടത്... മൂന്ന് ആണ്മക്കൾക്ക് ശേഷം ഉണ്ടായ പെൺകുട്ടിയാണ്.. ഏട്ടന്മാരുടെ ജീവൻ.... ഇവന്റെ അമ്മ സംഗീതാധ്യാപികയാണ്... അച്ഛൻ മിലിട്ടറിയിലും...." അത്യധികം ആവേശത്തോടെ കോളേജിലെ വീര കഥകളിൽ നിന്നും അമിതിന്റെ കുടുംബ വിശേഷങ്ങൾ കൂടി വാതോരാതെ പറയുന്ന ലീനയെ അനി ഒരു നിമിഷം സംശയത്തോടെ നോക്കി..

ചെറു പുഞ്ചിരിയോടെ അവനെ പറ്റി ഓരോന്ന് പറയുന്നതും വീട്ടിലെ ഫുൾ ഡീറ്റെയിൽസ് അവളുടെ കയ്യിൽ ഉള്ളതും അനിയെ ചെറുതായി ചൊടിപ്പിച്ചു.. എങ്കിലും അത് പുറത്ത് കാണിക്കാതെ അവൾ എല്ലാം കേട്ടിരുന്നു..... "അല്ല ലീനാ....നീയെങ്ങനെ അവനെ കുറിച്ച് ഇത്രേം ഡീറ്റൈൽ ആയി പറയുന്നു.. അവനെ മുൻപ് പരിജയം ഉണ്ടോ.. നിങ്ങൾ റിലേറ്റിവ്സ് ആണോ....??" "ഹേയ്.....നോ..ഞാൻ ഇവിടെ വന്നിട്ടാ കാണുന്നെ.. എന്നെ റാഗിങ് ൽ നിന്ന് രക്ഷിച്ച ആളല്ലേ.. കോളേജിലെ ഹീറോ... അതിനാൽ ഫുൾ ഡീറ്റെയിൽസ് ഞാൻ കണ്ട് പിടിച്ചു.. " "ഓ .. " അവൾ പറഞ്ഞത് ഇഷ്ടപെടാത്ത രീതിയിൽ എന്നാൽ ഒന്ന് ചിരിച്ചു കൊടുത്ത് കൊണ്ട് അനി മറുപടി കൊടുത്തു.. "ആഹാ.. ബെൽ അടിച്ചു.. ലാസ്റ്റ് ഹവർ ആണ്. ഇന്ന് നേരത്തെ വീട്ടിൽ പോകാം.. " "ലീന നടന്നോ.. ഞങ്ങൾ ലാസ്റ്റ് ഹവർ കയറുന്നില്ല.. കോളേജ് മൊത്തം ഒന്ന് കാണട്ടെ... " ലീനയെ പറഞ്ഞയച്ചു കൊണ്ട് അനി മതിലിൽ നിന്ന് ചാടി ഇറങ്ങി അവൾ പോകുന്നതും നോക്കി.. ഈ സമയം ആര്യ അവളുടെ ഷോൾഡറിൽ തന്റെ മുട്ട് കൈ വെച്ച് അനിയെ നോക്കി.. "അനീ. നിനക്കുള്ള പണിയാണല്ലോ അവൾ.. " "മ്മ്മ്.. അവളുടെ സംസാരവും ചിരിയും.. കുടുംബവിവരം വിളമ്പലും...ആകെ ഒരു വശപിശക്‌........

പക്ഷേ... പാവം.. അതൊക്കെ വെറുതെ ആണെന്ന് അവൾക്കറിയില്ലല്ലോ.. അവന്റെ പിറകെ നടക്കാൻ ഇനി ഞാൻ ഒരുത്തി മാത്രം മതി.... ലീന മാത്യു...കണ്ടിട്ട് നമുക്ക് പറ്റിയ ഇരയേ അല്ല...എങ്കിലും ഇവളെ ഞാൻ അങ്ങ് എടുത്തോളാം...." ഒരാളുമായി കൊമ്പു കോർക്കുന്നത് ആര്യയുടെ പ്രധാന സ്വഭാവത്തിൽ ഒന്നായതിനാൽ ആര്യക്കു ഇക്കാര്യത്തിൽ അനിയെ സപ്പോർട്ട് ചെയ്യാമെന്നു തോന്നി... "ഹ്മ്...പക്ഷേ അതിനു ആദ്യം നീ നിന്റെ ഈ സ്വഭാവം കംപ്ലീറ്റ് മാറ്റണം... അവനെ ഇമ്പ്രെസ്സ് ചെയ്യിക്കണം... പറഞ്ഞു കേട്ടിടത്തോളം അവനൊരു പുലി തന്നെയാണ്... " "നോക്കാം.. പുലിയാണോ എലിയാണോയെന്നു.... എന്തായാലും എങ്ങനെയായാലും എന്റെ മുന്നിൽ ഇനി അവൻ മാത്രമേ ഉള്ളൂ....അവനെ ഞാൻ വളക്കും..എന്തോ ചെറിയൊരു വാശി....നീ നോക്കിക്കോ വാവീ.. ഈ കോളേജിലെ പെൺകുട്ടികളുടെ മുന്നിൽ ഞാൻ സ്റ്റാർ ആവും... " ************ "ഹ്മ്മ്... വളക്കാനായി അവളെന്റെ മുന്നിലോട്ടു വരട്ടെ...ഇന്ന് രാവിലെ തന്നെ അവൾക്കുള്ളത് ഞാൻ കൊടുത്തിട്ടുണ്ട്....ഒറ്റ ഒരുത്തി പോലും എന്റെ പിറകെ നടക്കാതിരിക്കാനുള്ള വഴി എനിക്ക് അറിയാഞ്ഞിട്ടല്ല...പെണ്ണല്ലേ എന്ന് കരുതി വിട്ടു കളയുന്നതാ.. "

ലീനയെ കുറിച്ച് പറഞ്ഞ് അമിതിനെ ചൂട് പിടിപ്പിക്കുകയാണ് ഈശ്വർ.. ക്ലാസ്സ്‌ കഴിഞ്ഞ് ഗ്രൗണ്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് അമിത്.. ലീനയുടെ പേര് കേട്ട് അവന്റെ ശരീരം ദേഷ്യം കൊണ്ട് തിളക്കുന്നുണ്ട്.. "അങ്ങനെ പറയാൻ വരട്ടെ അമിത്.. ഇന്ന് രാവിലെ ഒരുത്തിയെ ഞാൻ കണ്ടെന്ന് പറഞ്ഞില്ലേ.. അവളെ ഇന്ന് ക്യാന്റീനിൽ വെച്ചും കണ്ടിരുന്നു....രണ്ടു പേരുണ്ട് അവർ.. അതിൽ ഒന്ന് കാരിരുമ്പ് ആണെന്നതിൽ സംശയമില്ല....മറ്റേത് മോനേ നല്ല മധുരമുള്ള കരിമ്പും....എന്താ അവളുടെയൊരു അഴക്....ആ കരിമ്പ് നിന്നെയും കൊണ്ടേ പോകൂ .....ആ ലീനയും പിന്നെ ഈ കരിമ്പും രണ്ടും ഇടവും വലവും നിന്റെ പിറകെ ഉണ്ടാവും.. അതുറപ്പാ....ഹോ.. നിന്റെയൊക്കൊയൊരു ഭാഗ്യമാണ്‌ ഞാൻ ചിന്തിക്കുന്നെ..... നമ്മളിവിടെ എത്ര ക്രീം തേച്ചു മിനുങ്ങിയിട്ടൊന്നും ഒരു കാര്യവുമില്ല.." തന്റെ കവിളിലും താടിയിലും തലോടി വിഷണ്ണനായി ഈശ്വർ പറഞ്ഞതും അവന്റെ വാക്കുകൾക്ക് വില കൊടുക്കാതെ അമിത് കളിക്കളത്തിലേക്കിറങ്ങി.. അവനെ നോക്കി ഈശ്വർ പിറുപിറുത്തു..

"മ്മ്മ്... ഇപ്പൊ നീ പുച്ഛിച്ചോ.. ശെരിക്കും കളി നടക്കാൻ പോകുന്നേ ഉള്ളൂ... പ്രിൻസി പറഞ്ഞ ന്യൂ അഡ്മിഷൻ ഇവർ തന്നെയാവും..എന്തായാലും കൊള്ളാം.. അമിത്, ലീനയെയും അവളുമാരെയും ഒതുക്കുമോ.. അല്ലേൽ അവളുമാരൊക്കെ ഇവനെ ഒതുക്കുമോ.. എല്ലാം കണ്ടറിയാം.... " ************ "വാവീ...... " കോളേജ് കവാടം കടന്ന് അനി അവളെ നീട്ടി വിളിച്ചു..കോളേജ് വിട്ടത് കൊണ്ട് ബോയ്സ് എല്ലാവരും ബൈക്കിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നുണ്ട്. അവരുടെ ഇടയിൽ അമിത് ഉണ്ടോ എന്ന് ഇടക്ക് അനി വീക്ഷിക്കുന്നുണ്ട്.. ആര്യ അവളുടെ അടുത്തെത്തിയതും അവർ കൈകോർത്തു പിടിച്ച് മുന്നോട്ടു നടന്നു.. "ഛെ.. ഇവിടെ ഒന്നും കാണാനില്ലല്ലോ.. നേരത്തെ പോയോ അവൻ " "നാളെ കാണാല്ലോ അനീ.. നീ വേഗം വാ.. ലേറ്റ് ആയെങ്ങാനും ചെന്നാൽ പിന്നെ അത് മതി...ഇവിടെ എങ്കിലും പിടിച്ചു നിന്നില്ലെങ്കിൽ വീട്ടുകാർ പിടിച്ചു കെട്ടിക്കും " "അയ്യോ.. അതൊന്നും ഓർമിപ്പിക്കല്ലേ പൊന്നേ.. ഹോ.. ഒരു വിധം കരഞ്ഞ് കാലുപിടിച്ചാ ലാസ്റ്റ് ചാൻസ് തന്നത്.. നല്ല കുട്ടിയായി അഭിനയിച്ചില്ലേൽ ഉറപ്പായും അവർ കല്യാണം നോക്കും.. നിനക്കാ പേടി വേണ്ടല്ലോ.. നിന്റെ അച്ഛൻ നിന്നെ ഇപ്പൊ അടുത്തൊന്നും പറഞ്ഞയക്കില്ല.. എന്റെ അച്ഛനല്ലേ പറഞ്ഞേ കെട്ടിക്കുമെന്ന്..

നിന്റെ അച്ഛൻ മിണ്ടാതെ നിന്നതല്ലേയുള്ളൂ.. " "ഞാൻ നിന്റെ കാര്യം തന്നെയാ പറഞ്ഞേ.. എനിക്കെന്റെ അച്ഛൻ ഉണ്ട് സപ്പോർട്ടിന്... നീ സൂക്ഷിച്ചോ... " "ഹ്മ്മ്... സൂക്ഷിക്കണം. എല്ലാവരെയും ഒരേ പോലെ നോക്കി ഇച്ചിരി നയന സുഖം മാത്രമേ ഞാൻ കണ്ടെത്തുന്നുള്ളൂ... ഇപ്പൊ അതിനും വിലക്ക്... ഇങ്ങനെ പോയാൽ ഞാനൊരു വഴിക്കാവും " അനി തന്റെ സങ്കടം പറഞ്ഞ് മൂക്ക് ചീറ്റി...കുരുത്തക്കേടുകൾ കാണിക്കാനും സസ്പെൻഷൻ വാങ്ങി വീട്ടിൽ വരാനും അവൾക്കൊരു മടിയും പേടിയുമില്ല... വായാടിത്തരം കൊണ്ട് ആരെയും മയക്കി എടുക്കും.. കുട്ടിത്തം വിട്ട് മാറാത്ത അടങ്ങി ഒതുങ്ങി ഇരിക്കാത്ത, മനസ്സിൽ ഉള്ളത് മനസ്സിൽ അടക്കി വെക്കാൻ കഴിയാത്ത നിഷ്കളങ്കയായ അനിയെ എല്ലാവർക്കും പെട്ടന്ന് ഇഷ്ടപ്പെടും.. അച്ഛനും അമ്മയും ഒരുപാട് ലാളിച്ചാണ് വളർത്തുന്നതെങ്കിലും അവളുടെ ഈ വായാടിത്തരവും താന്തോന്നിത്തരം കാരണവും നാട്ടുകാരുടെ ഇടയിൽ നാണം കെടുന്നതിനാൽ അനിക്ക് മുന്നിൽ കുറച്ച് ഗൗരവം നടിക്കുന്നത് പതിവാണ്... എത്ര വഴക്ക് പറഞ്ഞാലും അച്ഛനെയും അമ്മയെയും മയക്കി എടുക്കാൻ അനിക്ക് നല്ല മിടുക്കാണ്.. അനിയുടെ നേർ വിപരീതമാണ് ആര്യ.. അവൾക്കെല്ലാം അവളുടെ അച്ഛനാണ്...

അടക്കവും ഒതുക്കവും ഉണ്ടെങ്കിലും മുൻകോപം കാരണം എല്ലാവരുടെയും കണ്ണിലെ കരടാണ് അവൾ.. അധികം സംസാരിക്കാൻ അവൾക്കിഷ്ടമല്ല.. അവളുടെ ഇഷ്ടങ്ങൾക്ക് കൂട്ട് നിൽക്കുന്ന അച്ഛനാണ് അവളുടെ ജീവൻ..... ആരോടും പെട്ടന്ന് തട്ടിക്കയറുന്ന ദേഷ്യക്കാരിയാണ് ആര്യ..... ബസ്സിൽ നിന്നിറങ്ങി ആര്യയും അനിയും വീട്ടിലേക്ക് നടന്നു... തൊട്ടടുത്ത വീടുകൾ ആണ് ഇവരുടേത്... വീട് എത്താനായതും അനി ഡീസന്റ് ആവാൻ തുടങ്ങി ...ഉമ്മറത്തു തന്നെ കസേരയിൽ ഇരിക്കുന്ന അച്ഛനെ കണ്ടതും അടങ്ങി ഒതുങ്ങി നടന്ന് ചിരിച്ചു കൊണ്ട് അനി ഗേറ്റ് തുറന്നു.... "പോരാ......മുഖത്തെ വിനയത്തിനു അത്ര വിശ്വാശ്യത പോരാ......എന്ത് കുരുത്തക്കേടാണ് ഒപ്പിച്ചു വരുന്നേ ആവോ......" അച്ഛനെ നോക്കി വെളുങ്ങനെ ചിരിച്ചു കൊണ്ട് അനി ഉമ്മറത്തേക്ക് കയറി.. അവളെ അടിമുടി നോക്കി അച്ഛൻ എണീറ്റു നിന്നതും അവൾ ഓടി ചെന്ന് അച്ഛന്റെ കവിളിൽ ഉമ്മ കൊടുത്തു കൊണ്ട് അമ്മയെ വിളിച്ച് അകത്തേക്കോടി.. അവളുടെ പ്രവർത്തിയിൽ മുഖത്ത് ചിരി വരുത്തി കൊണ്ട് അച്ഛനും അകത്തേക്ക് നടന്നു..... അനി പോയതും ആര്യ മുന്നോട്ടു നടന്നു....തന്റെ ഒഴിഞ്ഞ വീട് കണ്ടതും അവളുടെ മുഖത്ത് വിഷമം നിഴലിച്ചു.... അധ്യാപികരായ ഭദ്രയുടെയും ജീവന്റെയും ഒരേ ഒരു മകളാണ് ആര്യ...

.ഒരുപാട് പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും ശേഷം ലഭിച്ച കണ്മണി... വളരെ ഇഷ്ടത്തോടെ അമ്മ അവൾക്കിട്ട പേരാണ് ആര്യ എന്നത്... കുഞ്ഞിലേ അമ്മയുടെ തനി രൂപം ആയതിനാൽ പേരിന്റെ കൂടെ ഭദ്ര എന്ന് കൂടി ചേർത്തത് അച്ഛനായിരുന്നു ... ഒരാൺകുട്ടിയെ പോലെയായിരുന്നു അവർ അവളെ വളർത്തിയത്... എല്ലാതരം ഉപദ്രവങ്ങളിൽ നിന്നും സ്വയം രക്ഷ നേടാനായി കളരിയും കരാട്ടെയും പഠിപ്പിച്ചിരുന്നു..അതിലൂടെ മർമ്മപ്രയോഗം നടത്തുന്നതിൽ അവൾ അഗ്രകണ്ണിയായി..... എടീ എന്ന് വിളിച്ചാൽ കൈ കൊണ്ട് മറുപടി കൊടുത്തിട്ടു എന്താടാ എന്ന് തിരിച്ചു ചോദിക്കുന്ന അസ്സല് പോക്കിരിയായി അവൾ ആ നാട്ടിലും സ്കൂളിലും വിലസി നടന്നു ..ആരെയും ഭയമില്ലാതെ എവിടെയും യാത്ര ചെയ്യാൻ അവൾക്കു യാതൊരു മടിയുമില്ല..... എല്ലാത്തിനും കൂടെ നിൽക്കുന്ന അമ്മയും അച്ഛനും ആയിരുന്നു അവളുടെ ധൈര്യം.... ആര്യ ഗേറ്റ് തുറന്ന് മെല്ലെ മുന്നോട്ടു നടന്നു. അടച്ചിട്ട വാതിലിൽ കൈ വെച്ച് അവൾ ബാഗിൽ നിന്ന് ചാവി എടുത്ത് വാതിൽ തുറന്ന് അകത്തേക്ക് കയറി...

വാതിൽ അടക്കാതെ തന്നെ അവൾ നേരെ മുറിയിൽ പോയി... അച്ഛൻ അടുത്തുള്ള ഗവണ്മെന്റ് സ്കൂളിലെ മാഷ് ആണ്.. സ്കൂൾ സമയം കഴിഞ്ഞാൽ ട്യൂഷൻ സെന്ററിൽ പഠിപ്പിക്കാൻ പോകണം... അതിനാൽ തന്നെ രാത്രി എട്ട് മണി ആവും അച്ഛൻ വരുമ്പോൾ. അവൾ കോളേജ് വിട്ട് വരുമ്പോൾ വീട് ശൂന്യം ആയിരിക്കും.. ഫ്രഷ് ആയി നേരെ അനിയുടെ അടുത്തേക്ക് പോകും... അച്ഛൻ വന്നതിന് ശേഷം വീട്ടിലേക്ക് ചെല്ലും.. എന്നത്തേയും പതിവ് ഇതാണ്.... വർഷങ്ങൾക്ക് മുൻപ് മരണം തട്ടിയെടുത്ത തന്റെ അമ്മയുടെ ഓർമ്മകൾ ഒരോ കോണിലും ഉള്ളതിനാൽ താൻ വേഗം തളരുമെന്ന് അവൾക്കറിയാം.. അതിനാൽ തന്നെ വീട്ടിൽ അവൾ ഒറ്റക്കിരിക്കില്ല... അമ്മയുടെ ഓർമ്മകളിൽ നിന്ന് ഒളിച്ചോടാനായിരുന്നു അവൾ ശ്രമിച്ചത്... വീടിന്റെ അകത്തളങ്ങളിൽ അമ്മയുടെ സാമിപ്യം എപ്പോഴും അനുഭവപ്പെടുന്നതിനാൽ വീട്ടിൽ തനിച്ചിരിക്കാൻ അവൾക്ക് ഭയമാണ്.. അമ്മയുടെ മരണം പാടെ തളർത്തിയ ആര്യ ആരോടും മിണ്ടാതെ ദേഷ്യക്കാരിയായി മാറുകയായിരുന്നു.. അമ്മയുടെ കൂടെ ഉറങ്ങാൻ ഇഷ്ടപ്പെട്ടിരുന്ന അവൾ, അമ്മയുടെ തലോടലിൽ ഉറങ്ങിയിരുന്ന അവൾ അമ്മയുടെ മരണ ശേഷം രാത്രി മുറിയിൽ കയറാൻ തന്നെ മടിച്ചിരുന്നു.. രാത്രി ഒട്ടും ഉറക്കം ഇല്ലാത്തവൾ ആയത് കൊണ്ട് അച്ഛൻ ഉറങ്ങിയ ശേഷം അവൾക്കൊരു കള്ളത്തരം ഉണ്ട്. അച്ഛൻ അറിയാത്തൊരു വേല.......

രാത്രി എട്ട് മണി ആയതും ആര്യ അനിയുടെ വീട്ടിൽ നിന്നും തന്റെ വീട്ടിലേക്ക് നടന്നു.. അച്ഛൻ സ്‌കൂട്ടിയിൽ വന്നിറങ്ങിയതും അവൾ ഓടി ചെന്നു.. "ആഹാ.. അച്ഛന്റെ മോന്റെ ഇന്നത്തെ ദിവസം എങ്ങനെ ഉണ്ടായിരുന്നു.. ആരെയെങ്കിലും വലിച്ചു കീറിയോ " അവളെ കളിയാക്കിയതും അവൾ പോ അച്ഛാ എന്നും പറഞ്ഞ് അച്ഛന്റെ കവിളിൽ പിച്ചി അച്ഛന്റെ കയ്യും പിടിച് അകത്തേക്ക് നടന്നു.. അവളുടെ അച്ഛന് കാലിന്‌ ചെറിയ പ്രശ്നം ഉണ്ട്.. ഇടത്തേ കാലിന് കുറച്ചു ബലം കുറവാണ്.. അമ്മയെ അവർക്ക് നഷ്ടപ്പെടുത്തിയ ആ ആക്‌സിഡന്റ് അച്ഛന്റെ കാൽ കൂടി കവർന്നെടുത്തു... ചികിത്സയിലൂടെ എല്ലാം ഓക്കേ ആയെങ്കിലും ഒരു ബലത്തിന് സ്റ്റിക്ക് ഉപയോഗിച്ചാണ് നടക്കാറുള്ളത്.. "എങ്ങനെ ഉണ്ട് കോളേജ് " "ആ.. കുഴപ്പമില്ല.. എന്റെ കൈക്ക് പണി തരുന്ന കുറെ അവന്മാരുണ്ട് അവിടെ.. കുറെ വായിനോക്കികൾ " "ഹഹഹ.. അത് പിന്നെ ഉണ്ടാവാതിരിക്കോ.. നീ എവിടെ ചെന്നാലും ഇത് തന്നെയല്ലേ അവസ്ഥ, ഇനി ആരും ഇല്ലെങ്കിലും നീ ഉണ്ടാക്കി എടുക്കില്ലേ.. ഒരു ദിവസം ഒരുത്തനിട്ടെങ്കിലും രണ്ടു പൊട്ടിക്കാതെ നിനക്ക് സമാധാനം വരുമോ

"മതി മതി എന്നെ പുകഴ്ത്തിയത്.. സാർ വാ.. നമുക്ക് ഫുഡ്‌ ഉണ്ടാക്കാം" ഫ്രഷ് ആയി വന്ന അച്ഛനെ ഉന്തി കൊണ്ട് ആര്യ അടുക്കളയിലേക്ക് നടന്നു... എന്നും അവർ ഒരുമിച്ച് തന്നെയാണ് ഫുഡ്‌ ഉണ്ടാക്കാറുള്ളത്.. ഫുഡ്‌ കഴിച്ച് ഒരുമിച്ചിരുന്ന് അന്നത്തെ വിശേഷങ്ങൾ പരസ്പരം പങ്കുവെക്കുന്നത് പതിവാണ്.. അമ്മയുടെ മരണം കാരണം ആര്യ പെട്ടന്ന് സൈലന്റ് ആയി മാറിയിരുന്നു.. അച്ഛനും അനിയും ചേർന്നാണ് ആര്യയെ പതിയെ ജീവിതത്തിലേക്ക് കൊണ്ട് വന്നത് . അമ്മയുടെ കുറവ് അച്ഛൻ നികത്തിയതിലൂടെ അവൾ അച്ഛനെ ജീവനായി കണ്ടു..എല്ലാം തുറന്നു പറയാനുള്ള അവൾക്കുള്ള കൂട്ടായിരുന്നു അച്ഛൻ... രാത്രി ഭക്ഷണം കഴിച്ച് ആര്യ മുറിയിൽ കയറി... അച്ഛൻ ഉറങ്ങിയെന്ന് ഉറപ്പായതും അലമാര തുറന്ന് കറുത്ത ജാക്കറ്റ് എടുത്തിട്ടു.. ടേബിളിൽ വെച്ച താക്കോലുമായി അവൾ പുറത്തിറങ്ങി....

വീടിന് പിറകിൽ ഷീറ്റ് പുതച്ച തന്റെ ബൈക്കിൽ അവൾ തലോടി... അവൾക്ക് പതിനെട്ട് വയസ്സ് തികഞ്ഞപ്പോൾ അമ്മയുടെ പിറന്നാൾ സമ്മാനമായിരുന്നു അവളുടെ സ്വപ്നമായ ബുള്ളറ്റ്..ജാക്കറ്റിലെ തൊപ്പി തലയിലണിഞ്ഞ് ആര്യ ബുള്ളറ്റ് മെല്ലെ തള്ളി ഗേറ്റിന് അപ്പുറം എത്തിച്ചു... ചുറ്റും ഒന്ന് വീക്ഷിച്ചു കൊണ്ട് കുറച്ചുറക്കെ ചുണ്ട് ചേർത്ത് വെച്ച് ശബ്ദം ഉണ്ടാക്കി.. ഉടനെ തന്നെ അനിയുടെ വീട്ടിലെ പിറകിലെ മതിൽ ചാടി പമ്മി പമ്മി ഒരു രൂപം അവളുടെ അടുത്തേക്ക് വന്നു..... ഇരുവരും ബുള്ളറ്റ് മെല്ലെ ഉന്തി റോഡ് വരെ എത്തിച്ചു... സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ഇരു മുഖങ്ങളും തെളിഞ്ഞു വന്നു... ചിരിച്ചു കൊണ്ട് ആര്യ പോകാമെന്ന് ആംഗ്യം കാണിച്ച് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തതും അനി അവളുടെ പിറകെ കയറി ഇരുന്നു.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story