ആത്മരാഗം💖 : ഭാഗം 18

athmaragam thanseeh

രചന: തൻസീഹ് വയനാട്

"വാവീ.. അവൻ നോക്കുന്നുണ്ടോ " അമിതിൽ നിന്ന് മെല്ലെ മുഖം മാത്രം വലത്തേക്ക് തിരിച്ച് കോളേജ് വീക്ഷിക്കുന്ന പോലെ അനി നിന്നു... ആര്യ ഇടം കണ്ണിട്ട് അമിതിനെ നോക്കി കൊണ്ട് അനിക്ക് മൂളി കൊടുത്തു ... താൻ അവനെ നോക്കുന്നുണ്ടെന്ന് അവന് തോന്നാത്ത വണ്ണം അനി അവളുടെ കണ്ണുകൾ ഒരു മിന്നായം പോലെ അമിതിലേക്ക് തിരിച്ചു..... ശെരിക്കുമൊരു അപ്സരസ്സിനെ പോൽ തന്റെ മുന്നിൽ വന്ന് നിൽക്കുന്ന അനിയെ കണ്ട് ഒരു നിമിഷം അമിതും നോക്കി നിന്നു പോയി... അമിതിന്റെ കണ്ണുകൾ തന്നിൽ ഉടക്കിയെന്നു ബോധ്യം വന്നതും അനി മുന്നിലേക്കിട്ട തന്റെ മുടി പിന്നിലേക്കിട്ട് നെറ്റിയിലേക്ക് വീണ മുടിയിഴകളെ ചെവിക്കിടയിലേക്ക് മാടി ഒതുക്കി അമിത് കാണാൻ വേണ്ടി മുഖം തിരിച്ച് ആര്യക്ക് വെറുതെ ഒരു പുഞ്ചിരി നൽകി അവരുടെ ക്ലാസ്സിലേക്ക് നടന്നു പോയി..... അവളുടെ നിൽപ്പും നടപ്പും ഭംഗിയും നോക്കി സ്തംഭിച്ചു നിൽക്കായിരുന്ന ഈശ്വർ അവൾ നടന്ന് പോകുന്നതും നോക്കി മെല്ലെ അമിതിലേക്ക് തിരിഞ്ഞു... അവനും അവളിൽ നിന്ന് കണ്ണെടുത്തിട്ടില്ലെന്ന് അവന് മനസ്സിലായതും അനിയേയും അമിതിനെയും കണ്ണിൽ കണ്ട് ഈശ്വർ ഏതോ സ്വപ്ന ലോകത്തേക്ക് ചേക്കേറി...

അവിടെ ഹിന്ദി മെലഡിക്കൊത്ത് ചുവട് വെക്കുന്ന അനിയും അമിതും...... "അമീ....... " സ്വപ്നത്തിന് ഭംഗം വരുത്തി കൊണ്ട് അക്ഷിതിന്റെ ശബ്ദം കേട്ടതും മുഖം ചുളിച് ഞെട്ടി കൊണ്ട് ഈശ്വർ സ്വബോധത്തിലേക്ക് തിരിച്ചെത്തി.. "ബെൽ അടിച്ചു.. ക്ലാസ്സിൽ കയറുന്നില്ലേ... എന്ത് സ്വപ്നം കാണുകയാ നീ " അമിതിന്റെ തോളിൽ കൈവെച് അക്ഷിത് ചോദിച്ചതും അമിത് മുഖത്ത് കൈ വെച്ച് മറച്ച് അക്ഷിതിന് ചിരിച്ചു കൊടുത്തു... ഈ സമയം തൂണിന് മറവിൽ നിന്ന് ആര്യ അനിയുടെ നിർദ്ദേശ പ്രകാരം അവരുടെ ചലനങ്ങൾ ഓരോന്നായി വീക്ഷിച്ചു... ചുണ്ടിൽ ചെറു പുഞ്ചിരിയോടെ തന്റെ ഏട്ടനോട് സംസാരിക്കുന്ന അമിതിന്റെ മുഖത്ത് പ്രണയ ഭാവം നിറഞ്ഞു നിൽക്കുന്നത് ആര്യ ശ്രദ്ധിച്ചു.. അനിയുടെ പ്ലാൻ വിജയിച്ചെന്ന് അവൾ ഉറപ്പിച്ചു... തൂണിന് മറവിൽ നിന്നും മാറി നിന്ന് കുറച്ചപ്പുറം നിന്ന് കാര്യം അന്വേഷിക്കുന്ന അനിയുടെ അടുത്തേക്ക് അവൾ നടന്നു... "എന്താ വാവീ... ഓക്കേ ആയോ " "ഡബിൾ ഓക്കേ... അവൻ ശെരിക്കും നിന്റെ സൗന്ദര്യത്തിൽ വീണു. ഇടി വെട്ടിയ പോലെ അല്ലേ നിന്നെ കണ്ടവൻ നിന്നത്.. നീ പോയി കഴിഞ്ഞിട്ടും അവൻ ആ നിൽപ്പ് നിൽക്കായിരുന്നു..

അവന്റെ ചുണ്ടിൽ പുഞ്ചിരിയും മുഖത്ത്n പ്രത്യേക ഭാവം ഒക്കെ ഉണ്ട്..നീ ഉറപ്പിച്ചോ അനീ.. ഇവനെ നിന്റെ വലയിലാക്കാൻ അധികം താമസം വേണ്ടി വരില്ല " ആര്യയുടെ വാക്കുകൾ കേട്ട് അനിയിൽ സന്തോഷം പൂത്തുലഞ്ഞു. ഇരുവരും ക്ലാസ്സിൽ കയറി പുച്ഛത്തോടെ ലീനയെ നോക്കി..ഈ നടന്നതൊന്നും അറിയാതെ ലീന സഹപാഠിയോട് അമിതിനെ കുറിച്ച് പറഞ്ഞിരിക്കായിരുന്നു.. അവളെ മൈൻഡ് ചെയ്യാതെ അനിയും ആര്യയും പിന്നിലെ ബെഞ്ചിൽ ചെന്നിരുന്നു.... ബെഞ്ചിൽ ഇരുന്ന ഉടനെ അനി അമിത് തന്നെ നോക്കി നിന്ന സന്ദർഭം മനസ്സിൽ ആവാഹിച്ച് കൊണ്ട് സ്വപ്നത്തിലേക്ക് ചേക്കേറി... ************ "അമിത്.. ഞാൻ പറഞ്ഞിരുന്നില്ലേ രണ്ട് അഡാർ ഐറ്റങ്ങൾ വന്നിട്ടുണ്ടെന്ന്.. നീയിപ്പോ നോക്കി വെള്ളമിറക്കി നിന്നില്ലേ.. അത് തന്നെയാണ് ഞാൻ പറഞ്ഞ മധുരകരിമ്പ്.. എങ്ങനെ ഉണ്ട്. പൊളിയല്ലേ.. മുട്ടി നോക്കുന്നോ " വാക്കുകൾ പൂർത്തിയാക്കും മുന്നേ അമിത് ഈശ്വറിന്റെ കഴുത്തിന് പിടിച്ച് മതിലിനോട് ചേർത്ത് നിർത്തി.. "ആ.. വിടെടാ പട്ടീ.. ഞാൻ എന്ത് ചെയ്തു.. അവളെ കണ്ട് അന്തം വിട്ട് നോക്കി നിന്നത് നീ തന്നെയല്ലേ..

എന്നിട്ട് എന്റെ മെക്കിട്ട് കയറാൻ നിക്കാ " ഈശ്വർ തന്റെ കഴുത്തിൽ നിന്നും അമിതിന്റെ കൈ തട്ടി മാറ്റി അവനിൽ നിന്നല്പം അകലം പാലിച്ചു നിന്നു.. "ഓ.. പിന്നേ.. നോക്കി നിൽക്കാൻ പറ്റിയ ചരക്ക്.... ഇനി ഞാൻ അവളെ നോക്കി നിന്നെങ്കിൽ അതിന് കാരണവും ഉണ്ട്.. അത് അവളുടെ സൗന്ദര്യത്തിൽ ലയിച്ചത് കൊണ്ടൊന്നും അല്ല..ഏട്ടൻ തട്ടി വിളിച്ചപ്പോഴാ ആ പെണ്ണിനെ തന്നെ ഞാൻ ശെരിക്ക് നോക്കിയേ " "ഓഹോ.. പിന്നെ മോൻ അത്രയും നേരം എന്താണാവോ നോക്കിയേ " "പറഞ്ഞു തരാ " അമിത് ഈശ്വറിന്റെ അടുത്തേക്ക് നീങ്ങി നിന്ന് അവന്റെ ചെവിയിൽ എന്തോ പറഞ്ഞു...അത് കേട്ട് കണ്ണും തള്ളി നിന്ന ഈശ്വറിനെ നോക്കി അക്ഷിതിന്റെ കയ്യും പിടിച്ച് അമിത് ക്ലാസ്സിലേക്ക് നടന്നു. "ഛെ.. വൃത്തികെട്ടവൻ... " ചെവി കയ്യിട്ട് തിരുമ്മി ഈശ്വറും അവരുടെ പിറകെ ഓടി....... "എന്നാലും അക്ഷിത്.. അമിത് ആ പെണ്ണിൽ എന്തായിരിക്കും കണ്ടത്..???? " ക്ലാസ്സിൽ ഇരുന്ന് എഴുതുകയായിരുന്ന അക്ഷിതിനോട് ചേർന്നിരുന്നു കൊണ്ട് ഈശ്വർ ചോദിച്ചു.. അവന്റെ ചോദ്യം കേട്ട് അവനെ നോക്കി അറിയില്ല എന്ന് ചുമൽ കുലുക്കി അക്ഷിത് തന്റെ ജോലി തുടർന്നു.. "ഓ.. ഇവിടെ ചോദിച്ചിട്ട് കാര്യമില്ലെന്നറിയാം... അമിത് അവളെ വായിനോക്കി നിൽക്കുന്നത് ഞാൻ കണ്ടതാ..

എന്നിട്ടത് ചോദിച്ചപ്പോൾ അവൻ പ്ലേറ്റ് മലർത്തി .. എടാ അമിതേ... ആ രംഭ നിന്നെയും കൊണ്ടേ പോകൂ... എന്തായാലും അവൾ ആള് കൊള്ളാം.. അവൻ നോക്കി എന്ന് കണ്ടപ്പോൾ തിരിഞ്ഞൊന്ന് നോക്കാതെ പോയി കളഞ്ഞില്ലേ. ഇന്നലെയൊക്കെ അവന്റെ പിറകെ നടന്ന് ഇന്നവൻ നോക്കിയപ്പോൾ അവളുടെ ജാഡ... മ്മ്മ്.. കളി അറിയാവുന്നവൾ തന്നെ.. അവനെ അവൾ വളക്കും.. ഈ കോളേജിലെ പെൺകുട്ടികൾ കണ്ണീർ പുഴ ഒരുക്കും.... ആ അവസരം മുതലാക്കി ഒന്നിനെ ഞാനും വളക്കും ഹോ... നടന്നാൽ മതിയായിരുന്നു.. " സ്വയം ആത്മഗതം പറഞ്ഞും സ്വപ്നം കണ്ടും ഈശ്വർ സമയം നീക്കി ************ "ഗുഡ് മോർണിംഗ് സ്റ്റുഡന്റ്സ് " മനസ്സിൽ അമിതിനെയും വിചാരിച്ചു ഡസ്കിൽ തല വെച്ച് കിടക്കായിരുന്ന അനി ആ ശബ്ദം കേട്ടതും കണ്ണുകൾ തുറന്നു.. തന്റെ ഹൃദയമിടിപ്പിന്റെ വേഗതയിൽ കണ്ണുകൾ താനേ തുറന്നതാണെന്നും പറയാം... ചിരി തൂകി നിൽക്കുന്ന അനിൽ സാറിനെ കണ്ടതും അവളുടെ ഉള്ളം പിടക്കാൻ തുടങ്ങി.. ബ്ലാക്ക് കളർ ഷർട്ടും ഗ്രേ കളർ പാന്റും,,

, മാഷിനെ അടിമുടി നോക്കിയവൾ ഇരുന്നു.. പുസ്തകം കയ്യിൽ പിടിച്ച് തന്റെ സ്‌പെക്സ് റെഡിയാക്കി നേർത്ത ശബ്ദത്തോടെ സംസാരിക്കുന്ന സാറിൽ നിന്നവൾ കണ്ണെടുത്തതെ ഇല്ല.... ക്ലാസ്സ്‌ കഴിഞ്ഞു പോവൻ നേരം പെൺകുട്ടികൾ എല്ലാവരും സാറിനെ തടഞ്ഞു നിർത്തി.. "സാർ എല്ലാവരെയും പരിചയപ്പെട്ടില്ലല്ലോ.. സാറിന്റെ പേര് മാത്രമേ പറഞ്ഞുള്ളു.. " "ഓക്കേ... എന്തൊക്കെ എന്നെ കുറിച്ച് അറിയേണ്ടത്..," "സാറിന്റെ വീട്ടിൽ ആരൊക്കെയുണ്ട്.. സാർ കല്യാണം കഴിച്ചതാണോ " പെൺകുട്ടികളിൽ ആരോ ആ ചോദ്യം ഉയർത്തിയതും അനിൽ സാർ ചിരിച്ചു.. "വീട്ടിൽ അമ്മ അച്ഛൻ പിന്നെ ഒരു ഏട്ടൻ. മൂന്ന് ചേച്ചിമാർ.. കല്യാണം കഴിഞ്ഞിട്ടില്ല ട്ടോ " സാറിന്റെ മറുപടി പലർക്കും ആശ്വാസമായ പോലെ.. പലരുടെയും മുഖം തെളിഞ്ഞു.. അനിയുടെ മുഖത്തും പുഞ്ചിരി വിരിഞ്ഞു... സാറിന്റെ സംസാരവും അടക്കവും ഒതുക്കവും ഉള്ള ചലനങ്ങളും യാതൊരു ദേഷ്യവും ഇല്ലാത്ത മറുപടികളും എപ്പോഴും പുഞ്ചിരി വിരിയുന്ന ചുണ്ടുകളും അവളുടെ ഹൃദയത്തിൽ പതിഞ്ഞു... സ്റ്റുഡന്റസ് ന്റെ ചോദ്യങ്ങൾ എല്ലാം അവസാനിച്ചതും സർ എല്ലാവരെയും പരിചയപ്പെടാൻ തുടങ്ങി... സാറിൽ മാത്രം കണ്ണും നട്ടിരുന്നത് കൊണ്ട് സാർ അരികിൽ എത്തിയതൊന്നും അവൾ അറിഞ്ഞതേ ഇല്ല.. "ഹേയ്... "

താൻ അടുത്ത് നിന്നിട്ടും യാതൊരു ഭാവ മാറ്റവും ഇല്ലാത്ത അനിയെ തന്റെ കൈ അവൾക്ക് മുന്നിലൂടെ വീശി കൊണ്ട് സാർ അവളെ വിളിച്ചപ്പോഴാണ് അനി സാർ മുന്നിൽ നിൽക്കുന്നത് കണ്ടു.. ഒരു ചമ്മലോടെ അവൾ എഴുന്നേറ്റു നിന്നു.. സാറിന്റെ മുഖത്തേക്ക് നോക്കാൻ അവൾക്കെന്തോ കഴിഞ്ഞില്ല.. ഹൃദയമിടിപ്പ് വർധിക്കും തോറും വാക്കുകൾ പുറത്തേക്ക് വരാത്തത് പോലെ അവൾക്ക് തോന്നി.. "എന്താ ടോ തന്റെ പേര് " "അ.. അനി അനി രുദ്ര " "അനിരുദ്ര..... നൈസ് നെയിം.. പേര് പോലെ തന്നെ താനും നൈസ് ആണ്.. സാരി നന്നായി ചേരുന്നുണ്ട് കേട്ടോ .. " പുഞ്ചിരിയോടെ സാർ പറഞ്ഞതും പെട്ടന്ന് അവളുടെ കണ്ണുകൾ സാറിന്റെ മുഖത്തേക്ക് തിരിഞ്ഞു.. തിളക്കമേറിയ കണ്ണുകൾ തന്റെ കണ്ണുകളിൽ എന്ന പോലെ ഹൃദയത്തിലും ചലനം ഉണ്ടാക്കിയത് അവൾ അറിഞ്ഞു.. സാർ ഇരിക്കാൻ പറഞ്ഞിട്ടും ഇരിക്കാതെ അവളാ കണ്ണുകളിലേക്ക് നോക്കി. "ഇരിക്കെടോ.. " വീണ്ടും ചിരിച്ചു കൊണ്ട് സാർ അവളുടെ ഷോൾഡറിൽ പിടിച്ച് അവളെ ബെഞ്ചിൽ ഇരുത്തി.. ഒരു തരം തരിപ്പ് അവളിൽ കടന്ന് കൂടിയത് അവൾക്ക് നല്ലത് പോലെ അനുഭവപ്പെട്ടു.. ആര്യയെയും പരിചയപ്പെട്ട് സാർ ക്ലാസ്സിൽ നിന്ന് പോയി കഴിഞ്ഞിട്ടും അനി മറ്റേതോ ലോകത്തായിരുന്നു.....

"അനീ.. ഈ ഹവർ മിസ്സ്‌ ഇല്ലെന്ന്.. നമുക്ക് ചാടാം.. " അനിയെ തട്ടി ഉണർത്തി ആര്യ അവളെയും വലിച്ച് പുറത്തേക്ക് നടന്നു.. "നോക്ക് അനീ.. നമ്മുടെ ആദ്യ ഘട്ടം വിജയിച്ചു.. ഇനി നീ അവൻ ഉള്ളിടത്തെല്ലാം ഉണ്ടാവണം.. അവൻ നിന്നെ ശ്രദ്ധിക്കണം. പക്ഷേ നീ നോക്കുക പോലും ചെയ്യരുത്... " "ഇനി ഈസിയാണ് വാവീ.. അവൻ നോക്കിയില്ലേ.. അത് മതി... ഇനി അവൻ ഇങ്ങോട്ട് വന്ന് സംസാരിക്കും.." "യാ.. അതിന് ഇനിയും നീ കഷ്ടപ്പെടണം.. നമുക്കിപ്പോൾ ഒരു കാര്യം ചെയ്യാം . അവരുടെ ക്ലാസ്സിന് അടുത്തല്ലേ സ്റ്റാഫ് റൂം.. നമുക്ക് മിസ്സിനെ തിരഞ്ഞു പോകാം.. അവരുടെ ക്ലാസ്സ്‌ എത്തുമ്പോൾ നീ ഒന്ന് സ്ലോ മോഷനിൽ നടക്കണം.. അവൻ നിന്നെ നോക്കുന്നുണ്ടോ എന്ന് ഞാൻ നോക്കിക്കോളാം " "ഓക്കേ വാവീ.. " ഇരുവരും പ്ലാൻ ചെയ്ത് അമിതിന്റെ ഡിപ്പാർട്ട്മെന്റിലേക്ക് ചെന്നു... ജനലിനോട് ചേർന്ന് കൊണ്ട് അനി വരാന്തയിലൂടെ നടന്നു.. ഈ സമയം ആര്യ മെല്ലെ കണ്ണുകൾ ക്ലാസ്സിലേക്ക് ചലിപ്പിച്ചു.. പിന്നിലെ ബെഞ്ചിൽ ഇരുന്ന അമിതിന്റെ കണ്ണുകൾ തങ്ങളിലേക്ക് തിരിഞ്ഞെന്ന് ആര്യ കണ്ടതും അനിയുടെ കയ്യിൽ മെല്ലെ തട്ടി കൊണ്ട് അവൾ സൂചന കൊടുത്തു..

ഉടൻ അവൾ മുഖം പതിയെ തിരിച്ച് പുഞ്ചിരിച്ചു.. അവർക്ക് നേരെയാണ് തിരിച്ചതെങ്കിലും അമിതിനെ നോക്കാതെ അവൾ മുന്നോട്ടു നടന്നു.. "ഡാ.. അമിതേ.. ദേ ലവൾ.. ". "മിണ്ടാതിരിയെടാ കോപ്പേ " പുറത്ത് നിന്നും കണ്ണെടുത്തു കൊണ്ട് അമിത് ഈശ്വറിനോട് ദേഷ്യത്തിൽ പറഞ്ഞു.. അമിതിനെ നോക്കി മനസ്സിൽ തെറി പറഞ്ഞ് ഈശ്വർ തല ചെരിച്ചും ബെഞ്ചിൽ നിന്ന് മെല്ലെ എണീറ്റ് നിന്നും അവൾ പോയോ എന്ന് നോക്കി... 'അപ്പൊ അവൾ ഇവിടേം വരെ എത്തി അല്ലേ... അമിതേ മോനേ.. നീ സൂക്ഷിച്ചോ ' അമിതിനെ നോക്കി ചിരിച്ചു കൊണ്ട് ഈശ്വർ മനസ്സിൽ ഉരുവിട്ടു.. അവൻ തല ചെരിച്ച് നോക്കിയതും ഈശ്വർ വേഗം അക്ഷിതിനോട് ചേർന്നിരുന്ന് അവനോട് ഡൌട്ട് ചോദിക്കുന്നത് പോലെ അഭിനയിച്ചു..... "വാവീ.. ഇത് വർക്ക് ഔട്ട്‌ ആയി.. അവൻ നോക്കുന്നത് ഞാൻ കണ്ടു.. എന്തൊക്കെ ആയിരുന്നു.. പെണ്ണിന്റെ മുഖത്തു നോക്കില്ല.. സംസാരിക്കില്ല..ഇപ്പൊ എന്തായി.. ഞാൻ വന്ന് മുന്നിൽ നിന്നപ്പോൾ അവൻ പൂച്ച കുട്ടി ആയില്ലേ.. ഇനി ആ ലീനയുടെ മുന്നിൽ നിന്ന് അവൻ എന്നെ നോക്കണം..ലീന അസൂയയോടെ നോക്കുന്നത് എനിക്ക് കാണണം... "

"എല്ലാം നടക്കും അനീ... നീയൊന്ന് ക്ഷമിക്ക്. ഈ കോളേജിലെ ചരിത്രം നമ്മൾ മാറ്റി എഴുതും.. " ആര്യ കണ്ണുകൾ അടച്ചു തുറന്ന് അനിക്ക് ഉറപ്പ് നൽകി.. ഇരുവരും സ്റ്റാഫ് റൂമിലേക്ക് കയറി.. ഈ സമയം ക്ലാസ്സ്‌ ഉള്ളതിനാൽ ഒന്നോ രണ്ടോ പേർ മാത്രമേ സ്റ്റാഫ് റൂമിൽ ഉണ്ടായിരുന്നുള്ളൂ...അകത്തു കയറിയ ഉടനെ ഒരു സൈഡിൽ പുസ്തകം വായിച്ചിരിക്കുന്ന അനിൽ സാറിനെ അനി കണ്ടു.. അവിടെ ഉള്ള ഒരു മിസ്സിനോട് ആര്യ അവർക്കീ ഹവർ ലീവ് ആണെന്ന കാര്യവും മിസ്സിന് എന്ത് പറ്റിയെന്നുമൊക്കെ അന്വേഷിക്കുമ്പോൾ അനിയുടെ കണ്ണുകൾ സാറിൽ ആയിരുന്നു.. പെട്ടന്ന് സാർ തല ഉയർത്തി നോക്കിയതും ആര്യയെയും അനിയേയും കണ്ടു.. പോകാൻ നിന്ന അവരെ സർ അടുത്തേക്ക് വിളിച്ചു. "ആഹാ.. നിങ്ങൾക്കീ ഹവർ ക്ലാസ്സില്ലേ..ഇവിടെ എന്തെടുക്കുവാ " "മിസ്സ് ലീവ് ആണ് സാർ " "ഓഹ്.. എന്നാ ഞാൻ വരാം..ഇപ്പോൾ ഞാൻ ഫ്രീ ആണ്.. വെറുതെ ഇരിക്കേണ്ടല്ലോ " സാർ പുസ്തകം തപ്പി എടുക്കുന്നതിനിടയിൽ ആര്യ മുഖം കോട്ടി കൊണ്ട് അനിയെ നോക്കി.. പൗർണമി ഉദിച്ച പോലെ ആയിരുന്നു അനിയുടെ മുഖം.. "ഛെ. വരേണ്ടിയിരുന്നില്ല.. ക്ലാസ്സിൽ നിന്ന് ചാടാം എന്ന് കരുതി ചെന്നത് ഇങ്ങേരുടെ മടയിൽ ആയിപോയി.

. " "സാരമില്ല വാവീ.. സാർ വരട്ടെ.. ബോർ അടിക്കില്ല... ആ മുഖത്തേക്ക് നോക്കി കൊണ്ടിരുന്നാൽ ടൈമും വേഗം പോകും " സാറിന്റെ പിറകെ ക്ലാസ്സിലേക്ക് നടന്നു ആര്യ പിറു പിറുത്തു.. നടക്കുന്നതിനിടയിൽ അമിതിന്റെ ക്ലാസ്സിന് മുന്നിൽ എത്തിയപ്പോൾ അവൻ കാണാൻ വേണ്ടി ഷൈൻ ചെയ്യാനും അനി മറന്നില്ല... ************ "ഹോ... അമിതേ.. മിക്കവാറും നിന്റെ കയ്യിൽ നിന്നവൾ മേടിക്കും.. നിന്റെ പിറകെ നിന്നും മാറുന്നില്ലല്ലോ " ലഞ്ച് ബ്രേക്ക് സമയം പുറത്ത് ചുറ്റി നടക്കുന്നതിനിടയിൽ വാക മര ചുവട്ടിൽ ആര്യയോടൊപ്പം പുറം തിരിഞ്ഞു നിൽക്കുന്ന അനിയെ നോക്കി ഈശ്വർ പറഞ്ഞു... ഈ സമയം അക്ഷിതും അവളെ നോക്കി.. പിന്നെ ചിരിച്ചു കൊണ്ട് അമിതിനെ മുഖം തിരിച്ചു നോക്കി.. "നിന്റെ വാ ഒന്നടക്കാൻ ഞാൻ എന്തെങ്കിലും തരണോ.. ഇതേയ്‌.. അവരുടെ കൂടി ക്യാമ്പസ് ആണ്.. എവിടെ നിൽക്കാനും അവർക്കും അവകാശം ഉണ്ട്.. ഞാൻ ഉള്ളിടത്തൊക്കെ അവൾ ഉള്ളത് കൊണ്ട് അവളെന്റെ പിറകെ നടക്കുന്നു എന്നുണ്ടോ.. എല്ലാ പെൺകുട്ടികളെയും പോലെ അല്ലെന്ന് തോന്നുന്നു.. എന്നെ നോക്കുന്നതായി എനിക്കിത് വരെ ഫീൽ ചെയ്തിട്ടില്ല.. നിനക്കങ്ങനെ ഫീൽ ചെയ്തെങ്കിൽ അവൾ നിന്നേ ആയിരിക്കും നോക്കുന്നത്...

" ഇവനോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് സ്വയം മനസ്സിൽ പറഞ്ഞ് ഈശ്വർ മറുപടി പറയാൻ നിന്നില്ല.. പക്ഷേ ഇടം കണ്ണിട്ട് അനിയെ ഇടക്കിടക്ക് അവൻ നോക്കി കൊണ്ടിരുന്നു..... അമിതും അക്ഷിതും ഈശ്വറും തങ്ങളുടെ കുറച്ചപ്പുറം നിൽക്കുന്ന കാര്യം അറിയാതെ അനിയും ആര്യയും നല്ല സംസാരത്തിൽ ആയിരുന്നു.. അതിനിടയിൽ ആരോ തങ്ങളെ നോക്കുന്നെന്ന് ആര്യയ്ക്കു തോന്നിയതും അവൾ പെട്ടന്ന് പിറകോട്ട് നോക്കി.. ആ സമയം മതിലിനോട് ചേർന്ന് നിൽക്കുന്ന മൂവർ സംഘത്തെ കണ്ടതും അവൾ അനിയെ തോണ്ടി... "അനീ.. പിന്നിലേക്ക് നോക്കല്ലേ... അവർ അവിടെ വന്ന് നിൽപ്പുണ്ട്.. മിക്കവാറും നിന്നെ കണ്ട് വന്നതാവും " "ആണോ... അമിത് നോക്കുന്നുണ്ടോ " "ഇപ്പൊ ഇല്ല.പക്ഷേ നോക്കിയിരുന്നെന്ന് തോന്നുന്നു.. ഞാൻ പിറകിലേക്ക് തിരിഞ്ഞപ്പോൾ പെട്ടന്ന് നോട്ടം മാറ്റിയതാവും.. നീ എന്തായാലും ഇങ്ങനെ ഇരുന്നോ..മൈൻഡ് ചെയ്യേണ്ട.. അവന്മാരെ ഇങ്ങോട്ട് വരുത്തിക്കണം.." "ഓക്കേ.. നീ നോക്കി പറ അവരെന്താ ചെയ്യുന്നേ എന്ന്.. " അനി പറഞ്ഞതനുസരിച്ച് ആര്യ മെല്ലെ എണീറ്റു നിന്നു.. അവരെ നോക്കിയെങ്കിലും ആരും തങ്ങളെ നോക്കുന്നില്ലെന്ന് അവൾക്ക് മനസ്സിലായി..

കുറച്ചു സമയം കഴിഞ്ഞ് മൂവർ സംഘം നടന്നു പോകുന്നതും അവൾ കണ്ടു... "അവനുണ്ടല്ലോ അനീ.. പഠിച്ച കള്ളൻ തന്നെ.. ആരും അറിയാതെ അവൻ നിന്നേ ശ്രദ്ധിക്കുന്നുണ്ട്.. ആരെങ്കിലും നോക്കുമ്പോൾ അവൻ ഒന്നും അറിഞ്ഞില്ലെന്ന ഭാവം.. " "ഓഹ്.. അങ്ങനെയാണോ... അവൻ ഏത് വരെ പോകുമെന്ന് നോക്കാം.. പിന്നെ ആ ലീന നമ്മളെ ഒന്ന് കണ്ണുരുട്ടി നോക്കി പോയത് നീ കണ്ടോ " "ഏയ്‌.. അവന്മാരെ നോക്കുന്നതിനിടയിൽ ഞാൻ അവളെ കണ്ടില്ല.." "അമിത് എന്നെയാണ് നോക്കുന്നേ എന്നവൾക്ക് മനസ്സിലായി കാണും. ഞാൻ ഉടുത്തൊരുങ്ങി വന്നത് അവൾക്ക് ഇഷ്ടമായിട്ടില്ല... ഇനി അവൾ എന്തൊക്കെ കാണാൻ കിടക്കുന്നു... ഇന്നവൻ എന്നെ ഒന്ന് നോക്കിയെങ്കിൽ... നീ കണ്ടോ വാവീ നാളെ അവൻ എന്നോട് സംസാരിക്കും.. " "അതിൽ സംശയമില്ല.. അനിയെ തോൽപ്പിക്കാൻ ആർക്കും ആവില്ലല്ലോ.. " "നാളെ അവനെ സംസാരിപ്പിക്കാൻ നല്ലൊരു പ്ലാൻ ഉണ്ടാക്കണം.. ഇവിടുത്തെ പെൺകുട്ടികളുടെ മുന്നിൽ എനിക്കൊന്ന് നന്നായി ഷൈൻ ചെയ്യണം.. നീ വാ... അവൻ ഉള്ളിടത്തെല്ലാം എന്റെ സാമിപ്യം ഉണ്ടാവണം... ഇത്രേം പെൺകുട്ടികൾ അവനെ വായിനോക്കുന്ന സമയം ഞാൻ മൈൻഡ് ചെയ്യാത്തത് അവനെ ചൊടിപ്പിക്കും.. അത് മതി എനിക്ക് പിടിച്ചു കയറാൻ " അനി ആര്യയെ വിളിച്ച് അമിത് പോയ വഴിയേ നടന്നു... ........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story