ആത്മരാഗം💖 : ഭാഗം 22

athmaragam thanseeh

രചന: തൻസീഹ് വയനാട്

അമിതിനോട് എന്തോ പറയാൻ വേണ്ടി കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മുഖം തിരിച്ച് അമിതിനെ നോക്കിയ ഈശ്വർ അമിതിന്റെ ശ്രദ്ധ ഇവിടെ അല്ലെന്ന് മനസ്സിലാക്കി... ആരെയാണ് അവൻ നോക്കുന്നേ എന്നറിയാൻ ഈശ്വർ മുഖം മുന്നിലേക്ക് തിരിച്ചു.. അമിതിനെ നോക്കാതെ മുന്നോട്ടു നോക്കി ചിരിച്ചു കൊണ്ട് വരുന്ന അനിയെ കണ്ടതും ഈശ്വർ അമിതിന് നേരെ കൈ കാണിച്ചു.. "ഡാ പട്ടീ... ഇങ്ങനെ നോക്കി വെള്ളമിറക്കാതെ.. നിന്റെ ഇമേജിനെ ബാധിക്കും.. നോക്കുന്നെങ്കിൽ എന്നെ പോലെ ആർക്കും പിടി കൊടുക്കാതെ നോക്കണം " "അതിന് ആരാ വായിനോക്കിയെ.. മിണ്ടാതിരുന്ന് കഴിക്കെടാ " അമിതിന്റെ മാറി വരുന്ന ഭാവം കണ്ട് വായും പൊളിച്ച് ഈശ്വർ അക്ഷിതിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു.. അനി കടന്ന് പോയതും അവളെ തിരിഞ്ഞു നോക്കി ഈശ്വർ അമിത് കേൾക്കാതെ അക്ഷിതിന്റെ ചെവിയിൽ മെല്ലെ പറഞ്ഞു.. "അമിതിന്റെ സ്വഭാവം മാറുന്നുണ്ട്.. എന്തൊക്കെയോ വശ പിശക് ഉള്ളത് പോലെ.. ഏട്ടൻ അനിയനെ ഒന്ന് നിരീക്ഷിക്കുന്നത് നല്ലതാ....അനിയൻ കൈവിട്ടു പോവുന്ന എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്.... " അക്ഷിത് മെല്ലെ ചിരിച്ചു എന്നല്ലാതെ ഈശ്വറിന് മറുപടി ഒന്നും നൽകിയില്ല...

അമിതിനെ തനിക്കറിയാം എന്ന ഭാവം മുഖത്ത് വരുത്തി കഴിച്ചു കൊണ്ടിരിക്കുന്ന അമിതിനെ ഇടം കണ്ണാലെ നോക്കി അക്ഷിത് വീണ്ടും ഈശ്വറിനെ നോക്കി ചിരിച്ചു.. "നീയിപ്പോ എന്തിനാ വെറുതെ അവിടം വരെ പോയത് " അമിതിന്റെ അടുത്ത് കൂടെ പോയി തിരിച്ചു വന്നിരുന്ന അനിയെ നോക്കി ആര്യ ചോദിച്ചു.. "ചുമ്മാ.. എന്റെ പ്രെസൻസ് എല്ലായിടത്തും ഉണ്ടെന്ന് അവനെ അറിയിക്കണം. നമ്മൾ ഇവിടെ വന്നിരുന്നത് അവൻ കണ്ടിട്ടില്ല.. സൊ.. എന്നെയൊന്ന് കാണിച്ചു കൊടുക്കണം എന്ന് തോന്നി.. അതാ ചുമ്മാ ഷോ കാണിച്ചേ.. അവനെ മൈൻഡ് ചെയ്യാതെ അവന്റെ അരികിലൂടെ പോയി.. അവൻ എന്നെ നോക്കുന്നത് ഒളി കണ്ണിട്ട് ഞാൻ കണ്ടിരുന്നു.. ഹോ.. ഒരു സുഖം.. അവനെ വട്ട് പിടിപ്പിക്കാൻ.. എല്ലാവരും നോക്കുന്ന ആളെ ഒരാൾ നോക്കിയില്ലേൽ അതൊരു വിഷമം തന്നെ ആയിരിക്കും.. ആ വിഷമം കൂടുമ്പോൾ അവനിങ് വരും എന്റെ അടുത്തേക്ക്.. നീ നോക്കിക്കോ വാവീ" സന്തോഷത്തോടെ കഴിക്കാൻ തുടങ്ങിയ അനിയെ ആര്യ സൂക്ഷിച്ചു നോക്കി.. തന്റെ മുഖത്തേക്ക് നോക്കാതെ സംസാരിക്കുന്ന അനിയെ, അവൾ പറഞ്ഞതിനൊന്നും മറുപടി പറയാതെ തന്നെ നോക്കുന്നത് വരെ അവളെ നോക്കി ഇരുന്നു..

"നീ കഴിക്കുന്നില്ലേ.. വേഗം കഴിക്ക്. നമുക്ക് അടുത്ത പ്ലാൻ നോക്കണം " "അനീ... നീയെന്റെ മുഖത്തേക്കൊന്ന് നോക്കിക്കേ " ആര്യ അൽപ്പം ഗൗരവത്തിൽ പറഞ്ഞതും അവളുടെ സ്വഭാവം നന്നായി അറിയുന്ന അനി മുഖം ഉയർത്തി അവളെ നോക്കി.. "നീയെന്താ എന്നിൽ നിന്നും ഒളിക്കുന്നത്.. എന്തോ ഒരു പേടി ഉണ്ടല്ലോ നിനക്ക്.. അത് മറച്ചു വെച്ച് കൊണ്ടുള്ള നിന്റെ ഈ അഭിനയം എന്റെ അടുത്തെടുക്കേണ്ട " "അത്... വാവീ.. ആ സീനിയർ ആളെയും കൂട്ടി നിനക്ക് നേരെ തിരിയുമോ എന്നൊരു പേടി.. കഴിഞ്ഞ കോളേജിൽ ഇത് പോലെ സീനിയറിനോട് കയർത്തതിന് അവന്മാർ കൂട്ടത്തോടെ വന്നത് ഓർമയില്ലേ.. " "അതിനെന്താ അനീ.. എനിക്കവന്മാരെ ഒട്ടും പേടിയില്ല.. ദേഹത്തു വന്ന് മുട്ടുകയും തോണ്ടുകയും ചെയ്യുന്നവന്മാരെ പിടിച്ച് ഉമ്മ വെക്കണോ പിന്നെ " ആര്യയുടെ ദേഷ്യം കലർന്ന വാക്കുകളും ഗൗരവം നിറഞ്ഞ മുഖവും കണ്ട് സംഗതി വഷളാവും എന്ന് അനിയുടെ മനസ്സ് പറഞ്ഞു.. "വാവീ.. സോറി.. അത് അങ്ങനെ അല്ല.. അവന്റെ ഭാഗത്ത് തെറ്റൊന്നുമില്ല.. അമിത് മനസ്സിൽ നിറഞ്ഞു നിൽക്കുന്ന സമയം അവനെയും സ്വപ്നം കണ്ട് നടന്നതാ കുഴപ്പം ആയത്. അന്നേരം എതിരെ വരുന്നത് അമിത് ആണെന്ന് തോന്നി പോയി..

ഞാൻ നന്നായി ചിരിച്ചു കൊടുത്തു.. ഒരു പെൺകുട്ടി അങ്ങോട്ട്‌ കയറി ചിരിക്കുമ്പോൾ ആർക്കായാലും മുട്ടാൻ തോന്നില്ലേ... നീ ബഹളം വെച്ചപ്പോഴാ അവന്റെ മുഖം പോലും ഞാൻ നോക്കിയത്... സോറി വാവീ ". "ഹോ.. എന്റെ അനീ.. നേരത്തെ പറഞ്ഞൂടെ ഇതൊക്കെ.. ഹാ.. എന്തായാലും അവൻ കാണിച്ചത് ചെറ്റത്തരം തന്നെയാണ്.. ചിരിച്ചു കൊടുത്തെന്ന് വെച്ച് എന്തും ചെയ്യാം എന്നാണോ.. അവൻ ആരെ കൂട്ടി വന്നാലും എനിക്കൊന്നുമില്ല... പിന്നെ.. ദേ നോക്ക് അനീ.. നിന്റെ ഈ സ്വഭാവം കുറച്ച് കണ്ട്രോൾ ചെയ്യുന്നത് നല്ലതാ.. എല്ലാവരും ഒരുപോലെ ആവില്ല.. എത്ര കിട്ടിയാലും പഠിക്കാത്ത ചിലരും ഉണ്ടാവും.. അവർ വീണ്ടും വീണ്ടും ശല്യം ചെയ്യും.. നിനക്ക് തന്നെ അത് ദോഷം ചെയ്യും " "ഞാൻ ശ്രദ്ധിച്ചോളാം എന്റെ വാവീ.. ഇത്തവണ ഒരു അബദ്ധം പറ്റിയതാണ്.. ഇനി പറ്റില്ല . അവന്മാർ വരുമെന്ന് ഉറപ്പാണ്.. അമിത് നമ്മുടെ കൂടെ ഉണ്ടെങ്കിൽ ആരും ഒന്നും ചെയ്യില്ല വാവീ.. അവനെ എത്രയും പെട്ടന്ന് നമ്മുടെ വശത്താക്കണം " "നീ വേണേൽ അവനെ പ്രേമിക്കേ വായിനോക്കെ എന്താന്ന് വെച്ച ചെയ്തോ.. പക്ഷേ.. അവൻ ഉണ്ടെങ്കിൽ ആരും ഒന്നും ചെയ്യില്ല,,,അത് കൊണ്ട് അവനെ കൂടെ കൂട്ടാം എന്നൊന്നും മനസ്സിൽ പോലും വിചാരിക്കേണ്ട..

എനിക്കാരുടെയും പ്രൊട്ടക്ട് ഒന്നും വേണ്ട.. എങ്ങനെ അവരെ നേരിടണം എന്ന് എനിക്കറിയാം... ഒറ്റക്ക് ഇത് പോലെ കുറെ എണ്ണത്തിനെ മെരുക്കിയ ആളാ ഈ ആര്യ.. ആര്യക്ക് ഒരുത്തന്റെയും സഹായം വേണ്ട.. അതിനി ഏത് കൊമ്പന്റെ ആയാലും.. നീ കഴിച്ച് അവനെ വളക്കാൻ ഉള്ളത് ആലോജിക്ക്.. മറ്റവൻ വരുമ്പോൾ വരട്ടെ.. ആര്യ ആരാണെന്ന് അവൻ ശെരിക്ക് അറിയും അത്രേ ഉള്ളൂ " ആര്യയുടെ വാക്കുകൾ ശെരി വെച്ച് അനി അവൾക്ക് പിന്തുണ നൽകി.. ആര്യ കൂടെ ഉണ്ടാവുമ്പോൾ ഒരു പേടിയും വേണ്ടെന്ന് അനിക്ക് അറിയാമെങ്കിലും ആര്യയ്ക്ക് എന്തെങ്കിലും പോറൽ ഏൽക്കുമോ എന്നാണ് അനിയുടെ ഭയം... അനിയുടെ ദേഹത്ത് ആരെങ്കിലും തൊട്ടാൽ തൊട്ടവന്റെ കൈ ഒടിക്കുന്ന സ്വഭാവം ആണ് ആര്യയുടേത്.. അനിയുടെ ഈ വായിനോട്ടം പലപ്പോഴും വിന ആവുന്നത് ആര്യക്കാണ്.. എങ്കിലും അനിയുടെ ചെറിയ സന്തോഷത്തിന് പോലും എതിര് നിൽക്കാൻ ആര്യ ആഗ്രഹിക്കുന്നില്ല.. അത് കൊണ്ട് തന്നെയാണ് അനിയുടെ വായിനോട്ടവും ആണുങ്ങളെ പ്രലോഭിപ്പിക്കുന്ന രീതിയിലുള്ള അവളുടെ പെരുമാറ്റവും ഇഷ്ടമില്ലാതിരുന്നിട്ടും ആര്യ അനിയുടെ ഇഷ്ടത്തിന് നിന്ന് കൊടുക്കുന്നത്..........

ലഞ്ച് ബ്രേക്കിന് ശേഷം ആര്യയും അനിയും ക്ലാസ്സിൽ കയറാതെ ഗ്രൗണ്ടിലേക്ക് പോയി.. ശൂന്യമായ ഗ്രൗണ്ടും പരിസരവും അനിക്ക് വല്ലാത്ത മടുപ്പ് തോന്നിയെങ്കിലും ആര്യ ഇഷ്ടത്തോടെ തണലിൽ ഇരുന്നു... അനിക്ക് എപ്പോഴും ചുറ്റും ആരെങ്കിലും ഒക്കെ വേണം.. ഒരുപാട് പേർ ഇല്ലെങ്കിലും കുറച്ചെങ്കിലും പേർ അവൾക്ക് ചുറ്റും ഉണ്ടാവണം.. അതാണ് അനിക്കിഷ്ടം.. അവരോട് സംസാരിച്ച് കളിച്ചു ചിരിച്ച് സമയം നീക്കാനാണ് അവൾക്ക് കൂടുതൽ താല്പര്യം.. എന്നാൽ ആര്യ ഇതിൽ നിന്നും തീർത്തും വ്യത്യസ്തമാണ്.. ഒറ്റക്കിരിക്കാൻ ആണ് അവൾക്കിഷ്ടം... അനി അവളുടെ ജീവിതത്തിന്റെ ഭാഗം ആയതിനാൽ അവളുടെ കൂടെ ഇരിക്കാനും അവളുടെ വായാടിത്തരം ആസ്വദിക്കാനും ആണ് ഏറെ ഇഷ്ടം..ആര്യയുടെ മനസ്സിൽ അനിക്കും അവരുടെ കുടുംബത്തിനും മാത്രമേ സ്ഥാനമുള്ളു.. അവർ മാത്രമാണ് ലോകം... എന്നാൽ അനിക്കാണേൽ ഈ ലോകം മൊത്തം അവളുടെ കൂടെ വേണമെന്ന നിഷ്കളങ്കമായ വാശിയും... " വാവീ.. പോകാം.. ഈ ഗ്രൗണ്ട് നോക്കി ഇരുന്ന് മടുത്തു.. ഒരു പൂച്ച കുഞ്ഞു പോലും ഇല്ല ഇവിടെ.. എനിക്ക് വയ്യ ഇവിടെ ഇങ്ങനെ ഇരിക്കാൻ.. നീ എണീക്ക്... ക്ലാസ്സ്‌ എങ്കിൽ ക്ലാസ്സ്‌... അങ്ങോട്ട്‌ തന്നെ പോകാം " ആര്യയുടെ കൈ പിടിച്ച് എഴുന്നേൽപ്പിച്ചു കൊണ്ട് അനി അവളെയും വലിച്ചു നടന്നു.. അവിടെ നിന്നും പോരാൻ ആര്യക്ക് ഇഷ്ടമില്ലെങ്കിലും അനിയുടെ ഇഷ്ടമാണ് അവൾക്ക് വലുത്...

എന്തെങ്കിലും അടിപിടി ഉണ്ടാവുന്ന ദിവസങ്ങളിൽ അവൾ ഇങ്ങനെ ഒറ്റക്കിരുന്ന് ദേഷ്യം കുറയ്ക്കും.. ദേഷ്യം പോയില്ലേൽ കാണുന്ന എന്തിനോടും, ചെറിയ തെറ്റ് ചെയ്യുന്നവരോട് പോലും പെട്ടന്ന് തട്ടി കയറും... ആര്യയും അനിയും നേരെ പോയത് ക്ലാസ്സിലേക്കായിരുന്നു.. ആ ഹവർ ക്ലാസ്സ്‌ ഇല്ലെന്ന് അറിഞ്ഞപ്പോൾ അനി സന്തോഷത്തോടെ ബെഞ്ചിൽ ഇരുന്ന് മറ്റുള്ളവരോട് സംസാരിക്കാൻ തുടങ്ങി... ആര്യ അതിലൊന്നും ശ്രദ്ധിക്കാതെ ലൈബ്രറി എടുത്ത് മറിച്ചു നോക്കി... ************ "അമിത്... നീ ഇതിൽ ഇടപെടണം.. അവൾ കൈ വെച്ചത് സീനിയേഴ്സിന്റെ ദേഹത്താണ്.. ഞങ്ങൾ ബികോം പിള്ളേർ അത് ക്ഷമിക്കില്ല.. നിനക്ക് പറ്റില്ലേൽ അവൾക്കിട്ട് പൊട്ടിക്കാൻ എനിക്കറിയാം.. പക്ഷേ.. അതിനെ എതിർത്ത് സംസാരിച്ച് വന്നേക്കരുത്... " "നോക്ക് രാഹുൽ.. ഇതിൽ ഒരു അഭിപ്രായവും ഞാൻ പറയില്ല.. നിങ്ങളുടെ കൂടെ നിൽക്കാൻ എനിക്കാവില്ല.. തെറ്റ് നിന്റെ അടുത്തല്ലേ.. അതിൽ അവൾ പ്രതികരിച്ചതിന് എന്താ പ്രശ്നം.. അത് കൊണ്ട് നീ ഒന്നും ചെയ്യേണ്ട.. അത് വിട്ടേക്ക് " "നോ.. അവളുടെ അഹങ്കാരം ഞാൻ ഇന്ന് തീർക്കും.. നീയെന്ത് പറഞ്ഞിട്ടും കാര്യമില്ല.. നിനക്ക് ഞങ്ങളുടെ കൂടെ നിൽക്കാൻ വയ്യ അല്ലേ...

ഓക്കേ.. എനിക്കറിയാം എന്താ ചെയ്യേണ്ടതെന്ന്." സീനിയർ പിള്ളേർ ആര്യക്ക് നേരെ തിരിയാൻ വേണ്ടി അമിതിൽ നിന്ന് സഹായം ചോദിച്ചെങ്കിലും അമിത് തയ്യാറായില്ല.. ആര്യയാണ് പുള്ളി എന്ന് അമിതിന് മനസ്സിലായില്ലെങ്കിലും ഈശ്വറിന് പെട്ടന്ന് മനസ്സിലായി.. എങ്കിലും അവൻ ഒന്നും മിണ്ടിയില്ല.. "ഹാ.. പിന്നെ.. ഞാനീ കോളേജിന്റെ ചെയർമാൻ ആണ്.. എന്തെങ്കിലും ഉടായിപ്പ് കാണിച്ചാൽ പ്രിൻസിയുടെ മുന്നിൽ വിഷയം എത്തുന്നതിനു മുൻപ് ഞാനതങ് തീർക്കും.. വെറുതെ എന്നെ കൊണ്ട് ചെയ്യിപ്പിക്കേണ്ട " അമിത് സഹായിക്കില്ലെന്ന് ഉറപ്പായതും തിരിച് നടന്ന ടീമ്സിനെ കൈകൊട്ടി വിളിച്ചു കൊണ്ട് അമിത് വാണിംഗ് കൊടുത്തു... അതൊന്നും മുഖ വിലക്കെടുക്കാതെ അവർ ആര്യയെ തിരഞ്ഞ് പോയി... "അവർ ഏത് ക്ലാസ്സ്‌ ആണെന്നാ നീ പറഞ്ഞേ " കൂട്ടത്തിൽ ലീഡർ ആയ ഒരുത്തൻ ചോദിച്ചതും അവരിലൊരാൾ അവരുടെ ക്ലാസ്സ്‌ പറഞ്ഞു കൊടുത്തു.. ഗൗരവത്തിൽ തലയാട്ടി കൊണ്ട് അവൻ ബിബിഎ ലക്ഷ്യം വെച്ച് നടന്നു........ "എടാ അമിതേ... ഇത് പ്രശ്നം ആവുമോ.. നിനക്കവരെ ശക്തമായി വാണിംഗ് ചെയ്‌താൽ മതിയായിരുന്നു.. എന്നാൽ അവർ പോവില്ലായിരുന്നു.. " "നീ എന്തിനാ ടെൻഷൻ ആവുന്നേ... അവർ പോയി ആ പെൺകുട്ടിയോട് രണ്ട് വർത്തമാനം പറയും.. എല്ലാവരും കൂട്ടമായി അവൾക്ക് മുന്നിൽ നിൽക്കുമ്പോൾ അവൾ പേടിക്കും.. ഇനി അവളുടെ ദേഹത്ത് കൈ വെച്ചാൽ അത് ഞാൻ അറിയും..

അങ്ങനെ ഉണ്ടായാൽ അവരെ ഞാൻ ഒതുക്കും.. മിക്കവാറും അതിന് തന്നെയാണ് സാധ്യത.. നീ എന്തായാലും അവളെ ഓർത്ത് പേടിക്കേണ്ട.. ഞാൻ ഇവിടെ ഉള്ളപ്പോൾ അവളെ ദേഹത്ത് തൊട്ട് കളിക്കാൻ അവർ ഭയക്കും...നീ വാ. നമുക്കിപ്പൊ ക്ലാസ്സിൽ കയറാം.." അമിത് മുന്നിൽ നടന്നതും ഈശ്വർ അവിടെ തന്നെ ഒരു നിമിഷം നിന്നു.. "ഈശ്വരാ.. എനിക്ക് പേടി ആ പെൺകുട്ടിയെ ഓർത്തല്ല..ഇവിടെ നിന്നും പോയ അവന്മാരെ ഓർത്താ..പോയ പോലെ തിരിച്ചു വന്നാൽ മതിയായിരുന്നു.. ആ പെണ്ണ് വേറെ ഐറ്റം ആണെന്ന് ഞാൻ അല്ലേ എന്റെ കണ്ണുകൾ കൊണ്ട് കണ്ടത്.. " അമിതിനോട് നടന്നോ എന്ന് പറഞ്ഞ് കൊണ്ട് ഈശ്വർ എന്തായി കാര്യം എന്നറിയാൻ ഡിഗ്രി ഡിപ്പാർട്ട്മെന്റിലേക്ക് പോകാൻ തീരുമാനിച്ചു.. അവരുടെ കെട്ടിടത്തിൽ നിന്നും ഇറങ്ങി അവൻ മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു.. എങ്ങും നിശബ്ദത മാത്രം നിറഞ്ഞു നിൽക്കുന്നത് കണ്ട് അവൻ ഒരു നിമിഷം സംശയിച്ചു... ഇവിടെ ഒന്നും നടന്നില്ലേ എന്ന ആലോചനയിൽ അവൻ അവരുടെ ക്ലാസ്സിന് അടുത്തേക്ക് മെല്ലെ നടന്നു...

അവരുടെ ക്ലാസും ആ ബ്ലോക്കും തികച്ചും ശാന്തമായിരുന്നു.. ടീച്ചേഴ്‌സിന് മീറ്റിംഗ് ആയതിനാൽ അവരെ ആരെയും അവിടെ കണ്ടില്ല..എന്താ ഉണ്ടായേ എന്ന് തല ചൊറിഞ്ഞ് ആലോചിച്ചു കൊണ്ട് ഈശ്വർ ജനലിലൂടെ അകത്തേക്ക് നോക്കി.. ആര്യയുടെ മുഖത്തെ രൗദ്ര ഭാവം കണ്ട് അവൻ തല മെല്ലെ വലിച്ചു... മനസ്സിൽ പലതും ആലോചിച്ചു കൊണ്ട് ഈശ്വർ അവിടെ നിന്നും നടന്നു.. ആ സമയം ക്ലാസ്സിൽ നിന്നും പുറത്തേക്ക് വന്ന് ഈശ്വറിനെ മറി കടന്ന് നടന്ന് പോയ ലീനയെ കണ്ട് അവൻ അവളുടെ അടുത്തേക്ക് ഓടി.. "ലീനാ... നിൽക്ക്... " "ആഹാ.. ഈശ്വർ ചേട്ടനോ.. എന്താ ഇവിടെ.. " "അല്ല ലീനാ.. ഇവിടേക്ക് കുറച്ച് സീനിയേഴ്സ് കയറി പോകുന്നത് കണ്ടു.. അവരെന്തിനാ വന്നത്..അവരുടെ ആരുടേയും അനക്കം ഇല്ലല്ലോ.. എവിടെ പോയി അവർ " "ഓഹ്.. അവരോ.. മ്മ്.. വന്നിരുന്നു...വന്നപ്പോൾ നല്ല അനക്കം ഉണ്ടായിരുന്നു.. പോയപ്പോൾ ഞെരക്കം മാത്രം ആയിരുന്നു ". "നീ എന്തൊക്കെയാ പറയുന്നേ " "അതോ.. ഞാൻ പറഞ്ഞു തരാം എന്താ ഉണ്ടായതെന്ന്... " കുറച്ച് നിമിഷങ്ങൾക്ക് മുൻപ് നടന്നത്........

"ദേ.. ഇതാണ് അവരുടെ ക്ലാസ്സ്‌.. ടീച്ചേഴ്സ് ആരും ഇല്ല..മീറ്റിംഗ് ആണ്.. ഒരു മണിക്കൂർ നേരത്തിന് അവരെ നോക്കേണ്ട.. വാ " മൂന്നാല് പേർ അടങ്ങുന്ന ഗ്യാങ് അവരുടെ ക്ലാസ്സിലേക്ക് ഇടിച്ചു കയറി... സീനിയേഴ്സിനെ കണ്ടതും എല്ലാവരും എണീറ്റു നിന്നു.. ലാസ്റ്റ് ബെഞ്ചിൽ ഇരിക്കുന്ന അനി എണീറ്റു നിന്നെങ്കിലും ആര്യ അവർ വന്നത് മൈൻഡ് ചെയ്യാനേ പോയില്ല..എല്ലാവരോടും ഇരിക്കാൻ കൈ കാണിച്ചു കൊണ്ട് കൂട്ടത്തിലെ ലീഡർ ആര്യയെ നോക്കി.. നേരത്തെ ആര്യയുമായി അടി ഉണ്ടാക്കിയവൻ അവൾ തന്നെയാണ് ആളെന്ന് ഇവന് കാണിച്ചു കൊടുത്തു... അനിയുടെ മുഖത്ത് ആദ്യം കുറച്ച് പേടി വന്നെങ്കിലും ആര്യയുടെ മനോഭാവം കണ്ട് അവൾക്കും ധൈര്യം വന്നു.. ക്ലാസ്സിൽ വന്ന് നിന്നിട്ടും തങ്ങളെ നോക്കാതെ ബുക്ക്‌ വായിച്ചു കൊണ്ടിരിക്കുന്ന ആര്യയുടെ അടുത്തേക്കവൻ നടന്നു... അടുത്തെത്തി അവളുടെ നേരെ മുന്നിൽ ഉള്ള ഡസ്കിൽ കയറി ഇരുന്ന് ഒരു കാൽ മുന്നിലെ ബെഞ്ചിൽ കയറ്റി വെച്ച് അവളെ നോക്കി.. അപ്പോഴും ആര്യയിൽ ഒരു ഭാവ മാറ്റവും ഉണ്ടായില്ല.. അത് കണ്ട് ദേഷ്യം വന്ന സീനിയർ അവളുടെ ബുക്ക്‌ വാങ്ങി അപ്പുറത്തേക്കിട്ടു... കയ്യിൽ നിന്നും ബുക്ക്‌ പോയതും ആര്യ തല ഉയർത്തി രൂക്ഷമമായി അവനെ നോക്കി..

അവളുടെ നോട്ടം കണ്ട് അവന്റെ കണ്ണിലും ചെറിയ പേടി വീണെങ്കിലും അതിനേക്കാൾ ദേഷ്യത്തിൽ അവൻ അവളെ നോക്കി.. "എന്താ ഡീ.. നോക്കി പേടിപ്പിക്കുന്നെ. നിനക്ക് സീനിയർ ചേട്ടന്മാരെ ബഹുമാനിക്കാൻ അറിയില്ല അല്ലേ.." "ഇല്ല..അറിയില്ല.. നീ എന്നെ ബഹുമാനം പഠിപ്പിക്കാൻ വന്നതാണോ " "അതേ.. പലതും പഠിപ്പിക്കാൻ തന്നെയാ ഡീ വന്നത് " "എന്നാൽ പെൺകുട്ടികളോട് എങ്ങനെ ബിഹേവ് ചെയ്യണമെന്ന് ഞാനും നിന്നെ പഠിപ്പിക്കാം" "മിണ്ടാതിരിയെടീ.. ഞങ്ങൾക്ക് നേരെ ശബ്ദം ഉയർത്താൻ നീ ആരാ.. ഇന്നലെ വന്നവളല്ലേ.. ഈ കോളേജിൽ സീനിയേഴ്സിനെ ബഹുമാനിച്ചില്ലേൽ ഞങ്ങൾ ബഹുമാനിപ്പിക്കും... അതൊക്കെ അവിടെ നിൽക്കട്ടെ.. സീനിയേഴ്സിനെ ബഹുമാനിക്കാത്തതും പോരാഞ്ഞിട്ട് ദേഹത്ത് കൈ വെച്ചിരിക്കുന്നു... മോളേ... നല്ല ആണ്പിള്ളേര് ഉള്ള കോളേജ് ആണിത്.. ഒരു പെണ്ണ് വന്ന് ഷോ കാണിച്ചങ് പോയാൽ ഞങ്ങൾ അടങ്ങി ഇരിക്കുമെന്ന് കരുതുന്നുണ്ടോ നീ... " "പെൺകുട്ടികളുടെ ദേഹത്ത് കൈ വെച്ചാൽ എന്റെ തനി രൂപം കാണും.. അത് ഏത് സീനിയർ ആയാലും ഈ ആര്യക്ക് പുല്ലാ.. ഇവന്മാരെയും വിളിച്ചു പോകാൻ നോക്ക്.. നിന്റെ ഈ ശൗര്യം നിന്നെ പേടിച്ച് വിറച്ചു നിൽക്കുന്നവരുടെ മുന്നിൽ എടുത്താൽ മതി...

ഈ ആര്യ പേടിച്ചു മാളത്തിൽ ഒളിക്കുന്നവളല്ലാ " തന്റെ നേരെ നിന്ന് സംസാരിക്കുന്ന സീനിയറിന് നേരെ ഒരു ഭയവും കൂടാതെ ആര്യ നിന്നു.. ദേഷ്യത്താൽ അവളുടെ രക്തം തിളച്ച് മുഖം ചുവന്ന് വരുന്നുണ്ടായിരുന്നു.... അവളുടെ ഭാവവും വാക്കുകളും അവരെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു... "എടീ... നിന്റെ അഹങ്കാരം തീർക്കാൻ തന്നെയാ ഞങ്ങൾ വന്നിരിക്കുന്നത്. പെണ്ണാണെൽ പെണ്ണിനെ പോലെ നിൽക്കണം.. ആണുങ്ങളുടെ ദേഹത്ത് കൈ വെക്കാൻ നിന്നാൽ ഉണ്ടല്ലോ.. " "തെറ്റ് കണ്ടാൽ ഞാൻ കൈ വെക്കും.. അതിനി ആര് വേണ്ടെന്ന് പറഞ്ഞാലും ആര്യ ചെയ്തിരിക്കും " "ഓഹ്.. എന്നാൽ അതൊന്ന് കാണണമല്ലോ.. ഇവൾക്ക് വേണ്ടിയല്ലേ ഡാ നിനക്കിട്ട് ഇവൾ പൊട്ടിച്ചേ... ഇവളെ ഒന്ന് മുട്ടിയതിന് പ്രശ്നം ഇവൾക്ക് അല്ലേ.. നോക്കട്ടെ ഇവളെന്ത് ചെയ്യും എന്ന് " അനിയെ നോക്കി അവൻ പറഞ്ഞതും അനി ആര്യയുടെ കയ്യിൽ മുറുകെ പിടിച്ചു.. ആര്യ അങ്ങേ അറ്റം ദേഷ്യം വന്ന് ഒന്നും മിണ്ടാതെ നിന്നു.. ഈ സമയം ആര്യയെ പുച്ഛിച്ചു കൊണ്ട് അവന്റെ കൈകൾ അനിയുടെ നേർക്ക് നീണ്ടു... ഒരു നിമിഷം..

. കാണികൾ ആയി നിന്ന എല്ലാവരും അന്തം വിട്ട് നിന്ന സമയം.. താഴെ കിടന്ന് ഞെരി പിരി കൊള്ളുന്ന തങ്ങളുടെ ലീഡറെയും മുന്നിൽ നിൽക്കുന്ന ആര്യയെയും നോക്കി അവർ പിറകിലേക്ക് നീങ്ങി.. വന്നവരും ക്ലാസ്സിലെ സഹപാഠികളും ആര്യയെ തെല്ല് ഭയത്തോടെ നോക്കി നിന്നു.. നിലത്ത് കിടന്ന് വേദന കൊണ്ട് പുളയുന്ന സീനിയറെ നോക്കി അനി ചിരിച്ചു.. "എന്റെ സീനിയർ ചേട്ടന്മാരെ .. ഇവൾ നല്ല അസ്സൽ കളരി പഠിച്ചവളാ.. ഇനിയും മർമ്മം കലങ്ങേണ്ട എങ്കിൽ വേഗം സ്ഥലം വിട്ടോ.. കളരിയിലെ മുറകൾ പയറ്റി തുടങ്ങിയാൽ മിനിമം നാലഞ്ചു പേരെ അടിച്ചു വീഴ്ത്തിയാ ഇവൾക്ക് ശീലം. അവളുടെ കയ്യിന്റെ ചൂട് അറിയണ്ടേൽ വേഗം പൊക്കോ " അനിയുടെ വാക്കുകൾ കേട്ട് അവരെല്ലാം അവനെ പൊക്കിയെടുത്ത് ക്ലാസ്സിൽ നിന്നും പോയി...അവർ പോയതും ക്ലാസ്സിലെ എല്ലാവരും ആര്യയെ നോക്കി അവരവരുടെ സീറ്റിൽ മിണ്ടാതെ ഇരുന്നു.. "എന്നാലും വാവീ.. അത് പൊളിച്ചു.. എന്താ നിന്റെ ആ ഒരു ട്രിക്ക്.. എത്ര പെട്ടന്നാ നീ അവന്റെ കൈ പിടിച്ച് തിരിച്ച് മർമ്മം നോക്കി ഒന്ന് കൊടുത്തേ.. പാവം.. ഇനി ഒരാഴ്ച മൂത്രം പോവില്ല... " "മ്മ്മ്.. നീ ചിരിക്ക്.. നീയായിട്ട് വരുത്തി വെച്ചതാ.. ഇനി പ്രിൻസിയുടെ ചെവിയിൽ എത്തിയാൽ എന്താവും എന്തോ "

"ഒന്നും ഉണ്ടാവില്ല എന്റെ വാവീ.... " അനിയെ ചേർത്ത് പിടിച്ച് കവിളിൽ ഉമ്മയും കൊടുത്ത് അനി ആശ്വാസത്തോടെ എല്ലാവരെയും നോക്കി.. സീനിയേഴ്സ് പ്രശ്നം ഉണ്ടാക്കാൻ വന്നപ്പോൾ അടുത്തുള്ള ക്ലാസ്സിലെ കുട്ടികൾ പോലും കാഴ്ച്ചക്കാരായി ജനാലക്കടുത്ത് വന്ന് നിന്നിരുന്നു... ആര്യയുടെ യഥാർത്ഥ രൂപം കണ്ട് അവരെല്ലാവരും സ്ഥലം കാലിയാക്കി.......... "എന്റമ്മേ... കളരിയോ " ഇതെല്ലാം കേട്ട് കിളി പോയ അവസ്ഥയിൽ ആയിരുന്നു ഈശ്വർ.. അവന്മാരെ ഒതുക്കുമെന്ന് അവന് ഉറപ്പായിരുന്നെങ്കിലും ഇത്രത്തോളം അവനും പ്രതീക്ഷിച്ചിരുന്നില്ല. "കളരി മാത്രം അല്ല.. എല്ലാം വശം ഉണ്ടെന്ന് തോന്നുന്നു.. " "ഹോ. മതി.. ഇനി ഒന്നും കേൾക്കണ്ട.. ഛെ അവന്റെ കോലം കാണാൻ പറ്റിയില്ല.. " "മ്മ്..മിക്കവാറും ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ടുണ്ടാവും.. അമ്മാതിരി അവസ്ഥ ആയിരുന്നു.. പാവം " അതും പറഞ്ഞ് ലീന പോയതും ഈ ന്യൂസ്‌ അമിതിൽ എത്തിക്കാൻ വേണ്ടി അവൻ തന്റെ ക്ലാസ്സിലേക്ക് പാഞ്ഞു...... ************ "ഡാ.. സത്യാ ഞാൻ പറഞ്ഞേ..വിശ്വാസം ഇല്ലെങ്കിൽ പോയി പിള്ളേരോട് ചോദിക്ക് " "ആ ലീന പറഞ്ഞതല്ലേ.. എനിക്ക് വിശ്വാസം പോരാ " "ഓ.. ആര് പറഞ്ഞു എന്ന് നീ നോക്കേണ്ട.. കാര്യം സത്യം തന്നെയാണ്. ഞാൻ അന്വേഷിച്ചു.. മൂത്രം പോലും പോവാനാവാതെ അവൻ ഹോസ്പിറ്റലിൽ കിടക്കാ. പാവം മർമ്മം നോക്കി തന്നെ അവള് പണി കൊടുത്തു...

" ആര്യയെ കുറിച്ച് അമിതിനോട് വീണ്ടും പറഞ്ഞെങ്കിലും അവൻ മൈൻഡ് കൊടുത്തില്ല.. എങ്കിലും ഈശ്വർ പറയുന്ന കാര്യങ്ങൾ കേട്ട് കൊണ്ടിരുന്നു.. കോളേജ് വിട്ടതിനാൽ ഗ്രൗണ്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു അവൻ. കൂടെ എല്ലാം കേട്ട് അക്ഷിതും ഉണ്ട്.. "ഞാൻ അന്ന് പറഞ്ഞില്ലേ ഒരുവൾ ഒരുത്തനിട്ട് പൊട്ടിച്ചത് കണ്ടെന്ന്.. അവൾ തന്നെ ഇവൾ.. മറ്റേ ആ പെണ്ണില്ലേ.. നീ വായിനോക്കി നിൽക്കുന്ന..... (അത് പറഞ്ഞതും അമിത് അവനെ തുറപ്പിച്ചു നോക്കി ) അല്ലാ.. പുതിയ അഡ്മിഷൻ.. അവളുടെ കൂട്ടുകാരി ആണ് ഈ കളരിക്കാരി.. അവളെ തോണ്ടിയതിനോ പിടിച്ചതിനോ ആണ് കൂട്ടുകാരി ഇടപെട്ടത് " "ഓഹ്.. അവളെയാണോ ഇവന്മാർ മുട്ടാൻ നോക്കിയത് " "എന്താ നിനക്ക് ഇഷ്ടമായില്ലേ " "പോടാ... എനിക്കെന്താ.. ഞാൻ കളിക്കാൻ ഇറങ്ങാ.. അവളുടെ സാഹസിക കഥകൾ ഒറ്റക്കിരുന്ന് പറ " "നീ പൊയ്ക്കോ ഞാൻ നിന്റെ ഏട്ടനോട് പറഞ്ഞോളാം " അതും പറഞ്ഞ് തിരിഞ്ഞതും കണ്ടത് ബുക്കും എടുത്ത് മാറി പോയിരിക്കുന്ന അക്ഷിതിനെ.. "ഓഹ്.. ഒറ്റക്ക് പറയുന്നതാ നല്ലത്.. " മനസ്സിൽ പിറു പിറുക്കുന്നതിനിടയിൻ ഈശ്വറിന്റെ കണ്ണുകൾ നടന്ന് വരുന്ന അനിയിലേക്കും ആര്യയിലേക്കും ഉടക്കി നിന്നു.. ആര്യയെ കണ്ടതും അവൻ അറിയാതെ എഴുന്നേറ്റു നിന്നു.. ഈശ്വറിനെ അവർ കണ്ടതും അനി ചിരിച്ചു കൊടുത്തു . ഈശ്വർ തല ഒന്ന് താഴ്ത്തി ഉയർത്തി ചിരിച്ചു കൊണ്ട് മാറി നിന്നു....

അതേ സമയം കളിക്കിടയിൽ അനിയെ അമിത് കണ്ടതും അവൻ ഒരു നിമിഷം അവളെ നോക്കി നിന്നു. അനിയുടെ കണ്ണുകൾ ഗ്രൗണ്ടിൽ കളിക്കുന്നവരിലേക്ക് തിരിഞ്ഞതും പെട്ടന്ന് അമിതിന്റെ കണ്ണുകളുമായി ഉടക്കി.. കണ്ണും കണ്ണും നോക്കി നിൽക്കുന്ന അവരെ മരത്തിനോട് ചാരി നിന്ന് ഈശ്വർ വീക്ഷിച്ചു.... "അനീ.. മതി നോക്കിയത്.. " ആര്യ മെല്ലെ പറഞ്ഞതും അവൾ അവനിൽ നിന്നും കണ്ണെടുത്തു കൊണ്ട് നോട്ടം മാറ്റി... ഇരുവരും അവിടെ തണലിൽ ഇരുന്നു.. "നോക്കിക്കോ വാവീ.. അവനിപ്പോ എന്റെ അടുത്തേക്ക് വരും... സംസാരിക്കും... ലീന ഇവിടെ എവിടെയെങ്കിലും ഉണ്ടെങ്കിൽ നന്നായിരുന്നു " "അവൾ ഇല്ലെങ്കിലും സാരമില്ല.. ഇവനൊന്ന് സംസാരിച്ചു കിട്ടിയാൽ നാളെ അവളെ മുന്നിൽ നിന്നും നമുക്ക് കളി തുടങ്ങാമല്ലോ.. അതിന് ആദ്യം ഇവനൊന്ന് അടുത്ത് കിട്ടേണ്ടേ " "മ്മ്.. അതൊക്കെ കണ്ടോ.. കളി കഴിയാറായില്ലേ.. കഴിഞ്ഞാൽ അവൻ കയറി വരും.. നേരെ എന്റെ അടുത്തേക്ക് " ഉറച്ച വിശ്വാസത്തിൽ അനി കളി നോക്കി ഇരുന്നു.. എല്ലാം കേട്ട് ഈശ്വർ ചിരി അടക്കി ഇരുന്നു.. 'നിന്റെ പ്ലാൻ കൊള്ളാം.. പക്ഷേ നടക്കില്ല മോളേ.. അമിത് നിന്റെ അടുത്ത് വന്ന് നിന്നോട് സംസാരിക്കും...മ്മ്മ്.. ആഗ്രഹം കൊള്ളാം ' ചിരി കടിച്ചു പിടിച്ച് അവൻ അമിതിന്റെ ടവലും വാട്ടർ ബോട്ടിലും കയ്യിൽ പിടിച്ചു നിന്നു.. കളി കഴിഞ്ഞതും അവൻ എഴുന്നേറ്റ് നിന്നു... അമിത് ഗ്രൗണ്ടിൽ നിന്നും കയറി വന്നതും ഈശ്വർ ടവൽ നീട്ടി നിന്നു .. എന്നാൽ അവന്റെ നോട്ടവും കാൽവെപ്പും അനിയിലേക്കാണെന്ന് മനസ്സിലായതും അവൻ അന്തം വിട്ട് കൊണ്ട് മുഖം തിരിച്ചു.. അമിത് തന്റെ നേരെ നടന്ന് വരുന്നത് കണ്ടതും അനി മെല്ലെ എഴുന്നേറ്റു നിന്നു....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story