ആത്മരാഗം💖 : ഭാഗം 24

athmaragam thanseeh

രചന: തൻസീഹ് വയനാട്

അതി രാവിലെ അമ്മയുടെ മനോഹരമായ ശബ്ദത്തിലുള്ള സംഗീതം കേട്ടാണ് അക്ഷിതും അമിതും കണ്ണുകൾ തുറന്നത്. ഇരുവരും പരസ്പരം നോക്കി കുറച്ചു നേരം കിടന്ന്... ആ ശബ്ദത്തിൽ ലയിച്ച് അമിതിന്റെ കണ്ണുകൾ വീണ്ടും അടഞ്ഞതും അക്ഷിത് കവിളിൽ തട്ടി കൊണ്ട് അവനെ എണീപ്പിച്ചു... ഫ്രഷ് ആയി ജാക്കറ്റും ബൂട്ടുമിട്ട് അമിത് ജോഗിങ്ന് റെഡിയായി.അക്ഷിത് കുളിയും കഴിഞ്ഞ് നേരെ പൂജാമുറിയിലേക്കും ചെന്നു..... ജോഗിങ്നിറങ്ങാനായി അമിത് താഴേക്ക് എത്തിയതും സുന്ദരിയായി ചന്ദനം തൊട്ട് നിൽക്കുന്ന അമ്മയെ കണ്ടവൻ കാൽ തൊട്ട് വണങ്ങി . "എന്താ അമ്മേ ഇന്ന് അമ്മയുടെ ശിഷ്യ എണീറ്റില്ലായിരുന്നോ " കളിയാക്കി കൊണ്ട് അമിത് പറഞ്ഞതും അക്ഷര പിറകിൽ നിന്നും വന്ന്‌ അവനൊരു ഇടി കൊടുത്തു.. "ഹോ.. ഇവിടെ ഉണ്ടായിരുന്നോ.. ഞാൻ കരുതി ഇന്നലെ ഒരു ദിവസം മാത്രമേ ഈ പാട്ട് പഠിത്തം ഉണ്ടാവൂ എന്ന് " "അയ്യടാ.. അങ്ങനെ ഇപ്പൊ മോൻ മനസ്സിൽ വിചാരിക്കേണ്ട.. ഈ അക്ഷരകുട്ടി ഒന്നിന് തുനിഞ്ഞിറങ്ങിയാൽ അത് കരസ്ഥമാക്കിയിട്ടേ തിരിച്ചു കയറൂ..

നോക്കിക്കോ ഏട്ടന്മാരെ.. ഞാൻ അമ്മയെ പോലെ നല്ല മണി മണിയായി പാടും " "അപ്പൊ ഏട്ടാ.. ഇനിയിപ്പോ പഞ്ഞി തന്നെ ശരണം അല്ലെ.. " പൂജാമുറിയിൽ നിന്നും ഇറങ്ങിയ അക്ഷിതിനെ നോക്കി അമിത് ചെവിയിൽ കയ്യിട്ട് തിരിച്ച് പറഞ്ഞതും അക്ഷിത് ചിരിച്ചു.. കൂടെ സോഫയിൽ ഇരുന്ന് പഠിക്കുവായിരുന്ന അമനും.. "നിങ്ങൾക്കൊക്കെ അസൂയയാ.. അതാ ഈ കളിയാക്കി ചിരിക്കൂന്നേ.. ഒരു മാസം കഴിയട്ടെ.. ഞാൻ ഒരു സൂപ്പർ സിങ്ങർ ആവുന്നത് കാണിച്ചു തരാം ട്ടോ ഏട്ടൻ കൊരങ്ങാ " അമിതിനെ നോക്കി കണ്ണുരുട്ടി വെല്ലുവിളിച്ച് അക്ഷര അമ്മ പഠിപ്പിച്ച വരികൾ ചുണ്ടിൽ വിരിയിച്ച് കൈകൾ കൊണ്ട് താളമിട്ട് മുറിയിലേക്ക് പോയി.. അവളുടെ പോക്ക് കണ്ട് എല്ലാവരും ചിരിച്ചു... രാവിലെ തന്നെ മനസ്സ് ഒന്ന് റിലാക്സ് ആയ പോലെ അമിതിന് തോന്നി.. അമ്മയോട് പോയി വരാമെന്ന് പറഞ്ഞ് അമിത് പുറത്തേക്ക് ഇറങ്ങിയതും അമൻ ബുക്ക്‌ സോഫയിലിട്ട് പുറത്തേക്കോടി.. "ഏട്ടാ.... ഏട്ടാ.. " ഗേറ്റിന് അടുത്തെത്തിയ അമിതിന് പിറകെ ഓടി ചെന്ന് അവനെ പിടിച്ചു നിർത്തി അമൻ ഒന്ന് ചിരിച്ചു..

എന്തോ കാര്യം സാധിക്കാൻ ആണ് അവൻ വന്നതെന്ന് അമിതിന് മനസ്സിലായി... "ഏട്ടാ... അമ്മയോട് എന്നേം കൂടി പാട്ട് പഠിപ്പിക്കാൻ പറയുമോ. എങ്ങനെയെങ്കിലും എനിക്കിത് സെറ്റ് ആക്കണം ഏട്ടാ.. നമ്മളൊക്കെ ഒരേ വേവ് ലെങ്ത് ഉള്ള ആൾക്കാർ അല്ലെ.. ഐ മീൻ സൗന്ദര്യത്തിന്റെ കാര്യത്തിൽ.. ഏട്ടൻ പെൺകുട്ടികളുടെ മുന്നിൽ ഷൈൻ ചെയ്യുന്ന പോലെ എനിക്കും ഷൈൻ ചെയ്യണം.. അതിന് എനിക്ക് പാട്ട് പഠിക്കണം.. ഹോ.. പെൺകുട്ടികളുടെ ഇടയിൽ റോക്ക് സ്റ്റാർ അമൻ..... ഏട്ടാ... പ്ലീസ്.. " കെഞ്ചി കൊണ്ട് അമിതിന്റെ കയ്യിൽ പിടിച്ചു പറഞ്ഞതും അമിത് അവനെ അടിമുടി നോക്കി.. പിന്നെ തന്റെ കൈ പിടിച്ചു വെച്ച അവന്റെ കൈ മെല്ലെ തിരിച്ചു.. "അതേയ്.. മോനിപ്പോ ചെന്ന് പഠിക്ക്.. എക്സമിന് പൊട്ടിയാൽ വേറെ പലതും ഞാൻ പഠിപ്പിച്ചു തരും... കേട്ടല്ലോ " കൈ വേദന കൂടിയതും അമിത് വേഗം തലയാട്ടി.. അതോടെ അമിത് കൈ വിട്ട് അവനെ നോക്കി ഗേറ്റ് തുറന്ന് മെല്ലെ ഓടി.... ************ ജോഗിങ് കഴിഞ്ഞു വന്നപ്പോഴേക്കും ഈശ്വറിന്റെ കാൾ ഡിസ്പ്ലേയിൽ തെളിഞ്ഞു വന്നു...

"എന്താ ഡാ.. രാവിലെ തന്നെ.. " "മറ്റവൻ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയിട്ടുണ്ട്.. ആ പെണ്ണ് തല്ലിയില്ലേ.. ആ കേസ്.. അവനിത് വരെ പരാതി കൊടുത്തിട്ടില്ല.. മിക്കവാറും ആ പെണ്ണിന് നേരെ അവനിറങ്ങും. പല ന്യൂസും ഇവിടെ പരക്കുന്നുണ്ട്. " "ന്യൂസ് പിടിക്കാനാണോടാ നീ രാവിലെ തന്നെ അവിടെ ചെന്ന് നിൽക്കുന്നേ.. ഗേറ്റ് തുറക്കുന്നതിനു മുന്നേ അവിടെ ഹാജർ ആവണം എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ... " "ഞങ്ങൾ പാർട്ടി പ്രവർത്തകർ ഇങ്ങനെയാ..എല്ലാവരും വരുമ്പോൾ തന്നെ കണി എന്നെ ആവണം.. ഐശ്വര്യമുള്ള എന്റെ മുഖം കണ്ടാൽ ആ ദിവസം എല്ലാവർക്കും ലക്കിയാ " "മ്മ്മ്.. എല്ലാവരും കൂടെ പഞ്ഞിക്കിടുന്ന ദിവസം വരും... അത് വിട്.. ആ പെണ്ണ് വന്നിട്ടുണ്ടോ " അമിതിന്റെ ചോദ്യം കേട്ടതും ഈശ്വർ ചിരിച്ചു കൊണ്ട് തലയാട്ടി.. "മ്മ്മ്.. അവളെ അന്വേഷിക്കാൻ ഒക്കെ തുടങ്ങി അല്ലെ.... " "പോടാ... അവൾ ആണോ മറ്റവൻ ഹോസ്പിറ്റലിൽ നിന്നിറങ്ങിയ കാര്യവും അവർക്ക് നേരെ ഇറങ്ങാൻ സാധ്യത ഉണ്ടെന്നും പറഞ്ഞതെന്ന് അറിയാൻ ചോദിച്ചതാ.. കുറച്ചു ദിവസം മുൻപ് ലീന ചെയ്തത് എന്താണെന്ന് ഞാൻ പറയേണ്ടല്ലോ... " "ഓ. അങ്ങനെ.. ഏയ്‌.. അവളൊന്നും പറഞ്ഞതല്ല... അവന്റെ ഒപ്പം ഉള്ളവർ അടക്കം പറയുന്നത് കേട്ടതാ.. പിന്നെ അവൾ വന്നിട്ടില്ല..

ഇപ്പൊ വരും.. നീ വേഗം ഇങ് പോര്.. അവളുടെ കാര്യം ആയത് കൊണ്ടാ ഞാൻ ഫോണിൽ വിളിച്ചു പറഞ്ഞേ...." "പോടാ........ " നാല് തെറിയും വിളിച്ച് അമിത് ഫോൺ കട്ട് ചെയ്തു.. പിറകെ നിൽക്കുന്ന അക്ഷിത് തെറി പറഞ്ഞത് കേട്ടെന്ന് മനസ്സിലായതും അമിത് ചെവിയിൽ പിടിച് സോറി പറഞ്ഞു.. ആ സമയം അക്ഷിത് കയ്യിലെ വാച്ചിൽ തൊട്ട് കാണിച്ചതും അമിത് ഇപ്പൊ റെഡിയാവാം എന്ന് പറഞ്ഞു കൊണ്ട് വാഷ് റൂമിലേക്ക് ഓടി... കുളി കഴിഞ്ഞ് ഇറങ്ങിയ അമിത് കണ്ടത് എന്തോ വർക്ക്‌ ഇരുന്ന് കംപ്ലീറ്റ് ചെയ്യുന്ന അക്ഷിതിനെയാണ്.. അമിതിന്റെയും കൂടെ ചെയ്യുന്നതിനാൽ എന്നും രാവിലെ ഇത് പതിവാണ്.. ഏട്ടനെ നോക്കി ചിരിച്ചു കൊണ്ട് അമിത് തല തുവർത്താൻ തുടങ്ങി... ഈ സമയം റൂമിലേക്ക് എന്തോ പറയാനായി അക്ഷരകുട്ടി കടന്നു വന്നു.. ചുണ്ടിൽ ചിരിയോടെ മൂളിപ്പാട്ട് പാടുന്ന അമിതിനെ കണ്ട് അവൾ കുശുമ്പോടെ കൈ രണ്ടും ഇടുപ്പിൽ വെച്ചു.. അവളെ കണ്ടതും അമിത് തൊണ്ടയിൽ വിരൽ ചേർത്ത് വെച്ച് സ്വരം നന്നാക്കുന്ന പോലെ കാണിച്ചു..

ഏട്ടന്റെ മനോഹരമായ പാട്ടിൽ കുശുമ്പ് മൂത്ത് അവൾ തിരിഞ്ഞിരുന്ന് വർക്ക്‌ ചെയ്യുന്ന അക്ഷിതിനെ നോക്കി പറഞ്ഞു.. "വല്യേട്ടാ.. ചായ കുടിക്കാൻ വരാൻ അമ്മ വിളിക്കുന്നു.. " "അതെന്താ ഡീ എന്നെ വിളിക്കുന്നില്ലേ.. " "ഇല്ല.. ഏട്ടൻ ഇവിടെ മൂളിപ്പാട്ടും പാടി ഇരുന്നാ മതി" അസൂയ കൊണ്ടവൾ പറയുന്നത് കേട്ട് അമിത് ചിരിച്ചു.. ബാത്‌റൂമിൽ നിന്നും കുളിച്ചിറങ്ങുമ്പോൾ ഈ മൂളിപ്പാട്ട് പതിവുള്ളതാണ്.. അക്ഷരകുട്ടി ആദ്യമൊക്കെ അടിപൊളി ആണെന്ന് പറഞ്ഞ് അനുമോദിക്കാറുണ്ടെങ്കിലും ഇടക്കീ കുശുമ്പ് ഉള്ളതാണ്.. നേരത്തെ അമിത് അവളെ കളിയാക്കിയതിന്റെ നീരസം അവളുടെ കുഞ്ഞു മുഖത്ത് കുശുമ്പ് രൂപത്തിൽ നിറഞ്ഞു നിന്നിരുന്നു... അവൾ പോയതിന് പിറകെ അമിതും അക്ഷിതും താഴേക്ക് ചെന്നു.. ************* "ഹേയ്... എന്താ ഇവിടെ നിൽക്കുന്നേ.. ക്ലാസ്സിൽ പോകുന്നില്ലേ " അമിത് വരുന്നതും നോക്കി മതിലിനരികിലെ തിണ്ണയിൽ ഇരിക്കുമ്പോഴാണ് ആര്യയുടെയും അനിയുടെയും അടുത്തേക്ക് അനിൽ സാർ നടന്ന് വന്നത്.. അനിയുടെ കണ്ണുകൾ കോളേജ് കവാടത്തിന് നേരെ ആയിരുന്നു.. അതിനാൽ തന്നെ സാർ വരുന്നതൊന്നും അവൾ ശ്രദ്ധിച്ചില്ല.. പെട്ടന്ന് സാറിന്റെ ശബ്ദം കേട്ടതും അവൾ എഴുന്നേറ്റു നിന്നു..

"അത്.. സാർ.. പോകുവാണ്.. കുറച്ചു സമയം ഇവിടെ ഇരിക്കാമെന്ന് കരുതി.. " "ഓക്കേ.. എന്നാ ഞാൻ നടക്കട്ടെ.. ക്ലാസ്സിൽ കയറുമല്ലോ അല്ലെ " അവരെ ഒന്നാക്കി കൊണ്ട് ചിരിയാലെ സാർ പോയി.. "ഓഹ്.. ഇങ്ങേരിത് അടുത്തേക്ക് വരുമ്പോൾ മാത്രം നെഞ്ചിൽ ഒരു വിറയലാണ്.. എന്താ ഒരു ഗ്ലാമർ. ഇങ്ങനെ ഒരു മൊതല് പഠിപ്പിക്കാൻ ഉണ്ടാവുമ്പോൾ ക്ലാസ്സിൽ കയറാതെ എവിടെ പോകാൻ.. അല്ലേ വാവീ... " ഒന്ന് മൂളുക മാത്രം ചെയ്ത് ആര്യ വീണു കിടക്കുന്ന മഞ്ഞ പൂക്കളിലേക്ക് കണ്ണും നട്ടിരുന്നു.. അനി അമിത് വരുന്നുണ്ടോ എന്നും നോക്കി ഇരുന്നു.. ഇടക്ക് ബോർ അടിക്കുമ്പോൾ മറ്റുള്ളവരെ വായി നോക്കാനും അവരോട് സംസാരിക്കാനും അവൾ മറന്നില്ല.. ബെൽ അടിച്ച് കുറച്ചു സമയം കഴിഞ്ഞിട്ടും അമിതിനെ കാണാത്തത് കൊണ്ട് ആര്യ എഴുന്നേറ്റു.. "വന്നേ അനീ.. പോകാം.. അവൻ വരുമ്പോൾ വരട്ടെ. ബെൽ അടിച്ചു " "ആ.. അവനെ കാണുന്നില്ല.. അനിൽ സാറെ ക്ലാസ്സ്‌ മിസ്സാക്കേണ്ട.. സാറെങ്കിൽ സാർ.. " അതും പറഞ്ഞ് അനിയും എഴുന്നേറ്റു.. ക്ലാസ്സിലേക്ക് നടക്കുന്ന വഴി ആര്യ എന്തോ ആലോചിച്ച് ഒരു നിമിഷം നിന്നു.. ആരോ തങ്ങളെ വാച് ചെയ്യുന്ന പോലെ അവൾക്ക് തോന്നിയതും അവൾ മുഷ്ടി ചുരുട്ടി പിടിച്ചു.. ഇന്നലെ അടി ഉണ്ടാക്കാൻ വന്നവരിൽ ആരെങ്കിലും ആയിരിക്കും എന്ന് കരുതി അവൾ പോരിന് തയ്യാറായി നിന്നു..

കളരിയും പല അടവുകളും പഠിച്ചത് കൊണ്ട് തന്നെ തന്നെ ആരെങ്കിലും വീക്ഷിക്കുന്നത് മനസ്സിലാക്കാനുള്ള കഴിവ് അവർക്കുണ്ടായിരുന്നു....തല തിരിച്ചവൾ രൗദ്ര ഭാവത്തോടെ നോക്കിയതും കണ്ടത് നടന്നു വരുന്ന അമിതിനെയും ഈശ്വറിനെയും അക്ഷിതിനെയുമാണ്.. അവരെ കണ്ടതും അവളുടെ കൈകൾ മെല്ലെ അയഞ്ഞു.. വലിഞ്ഞു മുറുകിയ മുഖം അൽപ്പം ശാന്തമായി.. എങ്കിലും ആ ഗൗരവം മാറ്റിയില്ല... അമിതിന്റെ കണ്ണുകൾ അനിയിലേക്കാണെന്ന് അറിഞ്ഞതും അവൾ തിരിഞ്ഞു നിന്ന് അനിക്ക് വിവരം നൽകി... "തേടിയ വള്ളി കാലിൽ ചുറ്റി.. ദേ പോകുന്നു അവൾ.. വിളിച്ചാലോ " അനിയെ ചൂണ്ടി കാണിച്ച് ഈശ്വർ പറഞ്ഞതും അമിത് അവനെ നോക്കി എന്തിനെന്ന അർത്ഥത്തിൽ പുരികം പൊക്കി കാണിച്ചു.. "അവരോടൊന്ന് കരുതി ഇരിക്കാൻ പറയേണ്ടേ " "തത്കാലം വേണ്ട.. എന്തെങ്കിലും പ്രശ്നം അവർ ഉണ്ടാക്കുവാണേൽ അല്ലേ.. അത് അപ്പൊ നോക്കാം.. മര്യാദക്ക് നടക്കാൻ നോക്ക് " ഈശ്വറിനെ പിടിച്ച് ഉന്തിയതും അനി തിരിഞ്ഞു നോക്കി അമിതിനോട്‌ മെല്ലെ ചിരിച്ചു..

എന്നിട്ട് അവന്റെ നേരെ നടന്നു.. "ഹായ്... അമിത് ചേട്ടാ.. കുഴപ്പം ഒന്നുമില്ലല്ലോ... പ്രിൻസി ഒന്നും അറിഞ്ഞിട്ടില്ലല്ലോ " അമിതിന് മുന്നിൽ വന്ന് നിന്ന് സൗമ്യമായി അനി ചോദിച്ചതും അമിത് അവളെ നോക്കി നിന്നു... മറ്റ് പെൺകുട്ടികൾ തന്റെ പിറകെ നടന്ന് ശല്യം ചെയ്യുമ്പോൾ, തന്നോടൊന്ന് മിണ്ടാൻ തിരക്ക് കൂട്ടുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമായി അനി യാതൊരു ഭാവവും ഇല്ലാതെ നിഷ്കളങ്കമായി മുന്നിൽ നിൽക്കുന്നത് കണ്ട് അവനറിയാതെ ഒരു പുഞ്ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു.. "ഏയ്‌.. പ്രിൻസി അറിഞ്ഞിട്ടില്ല.. അറിഞ്ഞിരുന്നെങ്കിൽ എപ്പോഴേ എന്നെ വിളിച്ചിരുന്നു.. നിങ്ങൾ പേടിക്കുകയൊന്നും വേണ്ട.. ആ കാര്യം മറന്നേക്ക്.. ഇനി സീനിയർ ആരെങ്കിലും എന്തിനെങ്കിലും വന്നാൽ എന്നോട് പറഞ്ഞാൽ മതി.. നിങ്ങൾ നേരിട്ട് ഇടപെട്ടാൽ പ്രശ്നം രൂക്ഷമാവും.. " "ഓക്കേ.. എന്നാൽ ഞങ്ങൾ പോട്ടെ.. ക്ലാസ്സ്‌ തുടങ്ങി " വേഗം അമിതിൽ നിന്നും മുഖം തിരിച്ച് അനി ആര്യയുടെ അടുത്തേക്ക് നടന്നു.. പിന്നിലേക്ക് താൻ തിരിഞ്ഞു നോക്കരുതേ എന്ന പ്രാർത്ഥനയിൽ കണ്ണും അടച്ചവൾ നടന്നു...

"വാവീ... ഞാൻ എന്നെ കണ്ട്രോൾ ചെയ്ത് നിൽക്കാ..ഹോ.. അവനെ ഇങ്ങനെ അടുത്ത് കിട്ടുമ്പോൾ വായിനോക്കി മുതലാക്കാൻ പറ്റുന്നില്ലല്ലോ.. അവന് ഡൌട്ട് തോന്നാത്ത വിധം പെരുമാറേണ്ടേ.. " "അത് വേണം. നിന്റെ സ്വഭാവം മനസ്സിലാക്കിയാൽ അവൻ ഇപ്പൊ കാണുന്ന പോലെ ആവില്ല.. നീ വാ " "വാവീ നീയൊന്ന് തിരിഞ്ഞു നോക്കിക്കേ.. അവൻ നോക്കുന്നുണ്ടോ..." അനിയുടെ നിർദ്ദേശം അനുസരിച്ച് അവൾ മെല്ലെ തല ചെരിച്ചു.. മൂവരും നടന്നു പോകുന്നതാണ് അവൾ കണ്ടത്.. അതിനിടയിൽ അമിതിന്റെ തല പിറകോട്ട് തിരിക്കുന്ന പോലെ അവൾക്ക് തോന്നിയതും അവൾ വേഗം മുഖം തിരിച്ചു.. "മ്മ്.. നിന്നെ തിരിഞ്ഞു നോക്കുന്നുണ്ട്.. " "ഛെ.. ഇതൊന്നും കാണാൻ ആ ലീന ഇവിടെ ഇല്ലല്ലോ.. " "ആര് പറഞ്ഞു ഇല്ലെന്ന്.. നീ നമ്മുടെ ക്ലാസ്സിന്റെ ജനാലയുടെ അടുത്തേക്കൊന്ന് നോക്ക്.. " വരാന്തയിലേക്ക് കയറുന്നതിനു മുൻപ് അനി തല ഉയർത്തി നോക്കിയതും കണ്ടത് ദേഷ്യത്തിൽ അവരെ നോക്കുന്ന ലീനയെ ആണ്.. അവളുടെ മുഖം കണ്ടതും അനിക്ക് ഇരട്ടി സന്തോഷമായി..

ക്ലാസ്സിൽ കയറിയ ഉടനെ അവൾ വിജയഭാവത്തിൽ അവളുടെ സീറ്റിൽ ചെന്നിരുന്നു.. ലീന ഒന്നും മിണ്ടാതെ അവളുടെ സീറ്റിലും ചെന്നിരുന്നു.. ആര്യയെ കണ്ടതും ക്ലാസ്സിലെ എല്ലാവരും അൽപ്പം പേടിയോടെ അവളെ നോക്കി.. ആൺകുട്ടികൾ അവരവരുടെ സീറ്റിൽ ചെന്നിരുന്നു.. അത് കണ്ട് അനിക്ക് ചിരി വന്നു.. ലീനയുടെ മുഖം കണ്ട് അവൾക്ക് പുച്ഛം നൽകി കൊണ്ട് അനി ആര്യയുടെ നേരെ തിരിഞ്ഞിരുന്നു.... "ഇപ്പോൾ സമാധാനമായി വാവീ.. ഇന്നലെ സംസാരിച്ചത് കൂടി അവൾ കാണേണ്ടിയിരുന്നു.. അവൻ എനിക്ക് കൈ തന്നതൊക്കെ.. ആ സാരമില്ല.. അതിനുള്ള അവസരം ഞാൻ ഉണ്ടാക്കി എടുത്തോളാം " ലീനയെ നോക്കി അത്രയും പറഞ്ഞതും ലീന തിരിച്ചും പുച്ഛത്തോടെ അവളെ നോക്കി.... ************ മിസ്സ്‌ ലീവ് ആയതിനാൽ ഫസ്റ്റ് ഹവർ തന്നെ ഫ്രീ ആയി ഇരിക്കുകയായിരുന്നു അമിത്.. ഇലക്ഷൻ തിരക്ക് അടുത്ത ആഴ്ച ആരംഭിക്കുന്നതിനാൽ അതിന്റെ കാര്യങ്ങൾക്കായി ഈശ്വർ ക്ലാസ്സിൽ നിന്നിറങ്ങി.. അവന്റെ പേരും പറഞ്ഞ് അമിതും പുറത്തേക്കിറങ്ങി . പാർട്ടി പ്രവർത്തനവും ഇലക്ഷനും ഒന്നും അമിതിന് താല്പര്യം ഇല്ലാത്ത വിഷയമാണ്..

എന്നാലും ചെയർമാൻ ആയത് കൊണ്ട് തന്നെ എല്ലാത്തിനും അവൻ പങ്കാളിയാവും.. എല്ലാ കൊല്ലവും ഈശ്വറിന്റെ പാർട്ടി തന്നെയാണ് ജയിക്കാറുള്ളത്.. ഇത്തവണയും ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാൻ അവർ തിരഞ്ഞെടുത്തത് അമിതിനെ ആയിരുന്നു.. അമിത് ആയാൽ ഉറപ്പായും ജയിക്കുമെന്ന് ഈശ്വറിന് നന്നായി അറിയാം. "അമിത്.. സ്ഥാനാർഥി പട്ടിക തയ്യാറാക്കണം.. മറ്റ് പാർട്ടികൾ ഒക്കെ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി.. ഇത്തവണ ജൂനിയേഴ്‌സിൽ നിന്നും മത്സരിപ്പിക്കണം അതും ഒരു പെൺകുട്ടിയെ.. പ്രിൻസിയുടെ ഓർഡർ ആണ്.. " "ആഹ്.. ചെയർ പേഴ്‌സൺ ആയിട്ടല്ലേ.. ആരെയെങ്കിലും മത്സരിപ്പിക്കാം " "അതിന് ആദ്യം നമ്മുടെ പാർട്ടിയെ പരിചയപ്പെടുത്തണം.. ബ്രേക്ക്‌ ആവുമ്പോൾ ഡിഗ്രി ക്ലാസുകളിലേക്ക് ചെല്ലണം. നീ കൂടെ ഉണ്ടാവില്ലേ ". "ഞാനെങ്ങോട്ടുമില്ല..നിങ്ങളുടെ പ്രസംഗം കഴിയുന്നത് വരെ അവർക്ക് വായിനോക്കാൻ ഒരു നോക്കു കുത്തി ആയി നിൽക്കാൻ എനിക്ക് വയ്യ.., " "നീ പുറത്ത് നിന്നാൽ മതി.. നീയും ഞങ്ങളുടെ പാർട്ടിയിൽ ആണെന്നറിയുമ്പോൾ എല്ലാവരും കൂടെ കൂടും.. "

"എന്നെ വെച്ച് വോട്ട് ഉണ്ടാക്കാണല്ലേ പട്ടീ.. " "ചെറുതായിട്ട്.. നീ ഈ ലിസ്റ്റ് ഒക്കെ വായിക്ക്.. ഏതൊക്കെ സ്ഥാനത്തേക്കാണ് ജൂനിയേഴ്സിനെ മത്സരിപ്പിക്കേണ്ടതെന്ന് നോക്ക്. ഞാനിപ്പോ വരാം.. " ലിസ്റ്റ് അമിതിന്റെ കയ്യിൽ കൊടുത്തു കൊണ്ട് ഈശ്വർ പോയി.. അതൊന്നും വായിച്ചു നോക്കാതെ അമിത് അലസമായി പുറത്തേക്ക് നോക്കി ഇരുന്നു.. ടൂർണമെന്റ് വിഷയം ആയിരുന്നെങ്കിൽ അവന്റെ ഫുൾ എനർജിയും ഉപയോഗിച്ചിരുന്നു.. പാർട്ടി, ഇലക്ഷൻ, വോട്ട് ചോദിച്ച് നടക്കൽ.. ഇതൊന്നും അവനൊട്ടും ഇഷ്ടമില്ലാത്തതാണ്... ബ്രേക്ക്‌ ടൈമിൽ ചെയ്യാനുള്ള ജോലികൾ മനസ്സിൽ കണക്ക് കൂട്ടി ഈശ്വർ വീണ്ടും ക്ലാസ്സിൽ കയറി.. മിസ്സ്‌ ക്ലാസ്സ്‌ എടുക്കുമ്പോൾ എല്ലാം അവന്റെ ചിന്ത ഇലക്ഷനെ കുറിച്ചായിരുന്നു.. ജൂനിയേഴ്‌സിൽ നിന്നും അനിയെ മത്സരിപ്പിച്ചാൽ വോട്ട് മുഴുവൻ കിട്ടുമെന്ന് അവൻ ആലോചിച്ചു.. ചെയർമാൻ അമിത് ആവുമ്പോൾ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് മത്സരിക്കാൻ അവൾ തയ്യാറാവുമെന്ന് അവന് ഉറപ്പായിരുന്നു...... ************

സ്റ്റുഡന്റസ്.. അടുത്ത ആഴ്ച കോളേജ് ഇലക്ഷൻ തുടങ്ങുകയാണ്.. ക്ലാസ്സ്‌ പലപ്പോഴും മിസ്സ്‌ ആവും.. സോ..ഞാൻ ക്ലാസ്സ്‌ എടുക്കുന്ന സമയം ശ്രദ്ധയോടെ കേട്ടിരിക്കുക.. പോയിന്റ് നോട്ടിൽ കുറിക്കുക.. എന്തെങ്കിലും ഡൌട്ട് തോന്നുകയാണേൽ എപ്പോ വേണേലും വന്ന് ചോദിക്കാം ..." അനിൽ സാർ എല്ലാവരോടും പറഞ്ഞ് വീണ്ടും ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി.. എല്ലാവരും ശ്രദ്ധിച്ച് സൈലന്റ് ആയിരിക്കുന്ന ക്ലാസ്സ്‌ അനിൽ സാറിന്റെ മാത്രം ആണ്.. പ്രത്യേകിച്ച് അനി, മറ്റ് ടീച്ചേഴ്സിന്റെ ക്ലാസ്സിൽ ഒട്ടും അച്ചടക്കം പാലിക്കാതെയാണ് ഇരിക്കാറുള്ളത്.. അനിൽ സാറിന്റെ ക്ലാസ്സ്‌ അവൾ മിസ്സ്‌ ചെയ്യാറില്ല.. സാർ വരുന്നത് മുതൽ ക്ലാസ്സ്‌ കഴിഞ്ഞ് പോകുന്നത് വരെ സാറിന്റെ മുഖത്ത് നിന്നും കണ്ണെടുക്കില്ല.. "ഓക്കേ.. സ്റ്റുഡന്റസ്. ഡൌട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ സ്റ്റാഫ് റൂമിലേക്ക് വരാം... " ബെൽ അടിച്ചതും പുസ്തകം മടക്കി സാർ പുറത്തേക്ക് പോയി.. ആ സമയം നോട്ട് കയ്യിൽ എടുത്ത് അനി ആര്യയോട് ഇപ്പോൾ വരാമെന്ന് പറഞ്ഞ് സാറിന്റെ പിറകെ പോയി.. അവളുടെ പോക്ക് കണ്ട് ആര്യ ഡസ്കിൽ കൈയൂന്നി നെറ്റിയിൽ കൈവെച്ചിരുന്നു..... "സാർ " അനിയുടെ വിളിയിൽ സാർ തിരിഞ്ഞു നോക്കി.. ഡൌട്ട് ചോദിക്കാൻ എന്നവണ്ണം അവൾ ബുക്ക്‌ തുറന്നു..

"മ്മ്.. ക്ലാസ്സിൽ പറയുന്നതൊന്നും കേൾക്കുന്നില്ല അല്ലേ.. ഞാൻ ശ്രദ്ധിക്കുന്നുണ്ട്.. പിന്നെ പഠിക്കുന്ന കുട്ടി ആയത് കൊണ്ട് വെറുതെ വിടുന്നതാ.. ഇനിയും ശ്രദ്ധിക്കാതിരുന്നാൽ ഞാൻ മുന്നിൽ കൊണ്ടിരുത്തും.. വേണേൽ ബെഞ്ചിൽ കയറ്റി നിർത്തും " "അയ്യേ.. ഇതെന്താ സാർ നഴ്‌സറി സ്‌കൂളോ " "ആ ചിന്ത നിനക്കില്ലേ.. ഡിഗ്രി എത്തിയില്ലേ അനിരുദ്രാ.. അതിന്റെ മെച്യൂരിറ്റി കാണിക്ക്. നീ ഈ ചോദിച്ച ഡൌട്ട് ഞാൻ പലതവണ ക്ലാസ്സിൽ വിവരിച്ചതാ.. നിനക്ക് മനസ്സിലായില്ല എങ്കിൽ ഒന്നൂടെ പറഞ്ഞു തരാം... " ചൂണ്ടുവിരൽ അരികത്ത് നിന്ന് സാർ ഡൌട്ട് ക്ലിയർ ചെയ്യുന്നതും നോക്കി അനി നിന്നു.. സാർ പറയുന്നതിനൊക്കെ തലയാട്ടി അവൾ സാറിന്റെ മുഖത്തേക്ക് തന്നെ നോക്കി.. ചുണ്ടുകൾ വേർപ്പെടുമ്പോൾ കവിളിൽ വിരിയുന്ന നുണക്കുഴിയും നെറ്റിയിലും കഴുത്തിലും ചാർത്തിയ ചന്ദനത്തിന്റെ ഭംഗിയും കണ്ണുകളിലെ തിളക്കം വർധിപ്പിച്ച് അവൾ ഒപ്പിയെടുത്തു. "ക്ലിയർ...? " പെട്ടന്ന് നോട്ടം മാറ്റിയവൾ അതേ എന്ന് പറഞ്ഞതും സാർ ഓക്കേ എന്നും പറഞ്ഞ് നടന്നു പോയി..

സാറിന്റെ ശരീരത്തിലെ മണത്തിൽ ലയിച്ചു നിൽക്കുമ്പോഴാണ് അമിതും ഈശ്വറും കൂടെ നാലഞ്ചു പേരും ക്ലാസ്സ്‌ ലക്ഷ്യം വെച്ച് വരുന്നതവൾ കണ്ടത്.. R "എന്താ ക്ലാസ്സിൽ നിന്ന് പുറത്താക്കിയോ " പരിചയം കാണിച്ച് ഈശ്വർ ചോദിച്ചതും അല്ലെന്ന് ചിരിച്ചു കൊണ്ടവൾ പറഞ്ഞു.. ഡൌട്ട് ക്ലിയർ ചെയ്തതാണെന്ന് പറഞ്ഞതും ഈശ്വർ ഇടം കണ്ണിട്ട് അമിതിനെ നോക്കി. "ഓ. അപ്പൊ പഠിക്കുന്ന കുട്ടി ആണല്ലേ.. എന്തായാലും വാ.. കുറച്ചു കാര്യങ്ങൾ എല്ലാവരോടും പറയാൻ ഉണ്ട് " ഈശ്വറിന് തലയാട്ടിയതും ഈശ്വർ ചിരിച്ചു കൊണ്ട് ക്ലാസ്സിനകത്തേക്ക് കയറി. കൂടെ ഒപ്പം വന്നവരും.. സംസാരിക്കുന്നതിനിടയിൽ അമിതിനെ അവോയ്ഡ് ചെയ്യാൻ അവൾ പരമാവധി ശ്രമിച്ചു.. എന്നാൽ അവരൊക്കെ പോയതും അമിതും അനിയും തനിച്ചായി.. ആ സമയം അവന്റെ മുഖത്തേക്ക് നോക്കാതിരിക്കാൻ അവൾക്കായില്ല.. "വരുന്നില്ലേ " "ഹാ.. പോകാം.. ഇലക്ഷന്റെ എന്തോ പറയാനാ.. എനിക്കതിൽ താല്പര്യമില്ല.. അതാ ഞാൻ ഇവിടെ നിൽക്കുന്നേ " "ഓഹ്.. അമിത് ചേട്ടന് ടൂർണമെന്റ് ഒക്കെയാണ് ഇഷ്ടം അല്ലേ " അവളത് പറഞ്ഞതും അമിതിന്റെ മുഖം വിടർന്നു.. അതേ എന്ന് പറഞ്ഞു.. അനി ക്ലാസ്സിലേക്ക് കയറാനായി തിരിഞ്ഞതും അമിതും അവൾക്കൊപ്പം നടന്നു.. രണ്ടു പേരും ഒപ്പം പുഞ്ചിരിയോടെ ക്ലാസ്സിലേക്ക് കയറിയതും എല്ലാവരുടെയും കണ്ണുകൾ അവരുടെ നേർക്കായി.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story