ആത്മരാഗം💖 : ഭാഗം 25

athmaragam thanseeh

രചന: തൻസീഹ് വയനാട്

അമിതിനോട് ചേർന്ന് നിന്ന് അവനെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ നടന്നു വന്ന അനിയെ ദേഷ്യത്തോടെ ലീന നോക്കി.. അവൾ നോക്കുന്നെന്ന് കണ്ടതും അനി താനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തോടെ അമിതിനെ ചെറുതായി മുട്ടി കൊണ്ട് ബാക്ക് ബെഞ്ചിലേക്ക് നടന്നു.. മനഃപൂർവം മുട്ടിയ പോലെ തോന്നാത്തത് കൊണ്ട് തന്നെ അമിത് പ്രതികരിക്കാൻ നിന്നില്ല..മാത്രമല്ല ക്ലാസ്സിലെ എല്ലാ പെൺകുട്ടികളും തന്നെ നോക്കി വെള്ളമിറക്കുമ്പോൾ അനി മാത്രം കൂട്ടുകാരിയോട് സംസാരിക്കുന്നത് കണ്ട് അവൻ അവളെ തന്നെ ഇടയ്ക്കിടെ നോക്കി കൊണ്ടിരുന്നു... അമിതിന്റെ കണ്ണുകൾ കൊണ്ടുള്ള ഈ കളിയിൽ രോഷം അടക്കി വെച്ച് ലീന തല താഴ്ത്തി ഇരുന്നു.. പാർട്ടി കാര്യത്തിൽ ഒരു വിട്ട് വീഴ്ചയും ചെയ്യാത്ത ഈശ്വർ ഗൗരവത്തോടെ ഒരോ കാര്യങ്ങളും എല്ലാവർക്കും പകർന്ന് കൊടുക്കാണ്. അതിനിടയിൽ അമിതിനെയോ അനിയേയോ ശ്രദ്ധിക്കാൻ അവൻ മെനക്കെട്ടില്ല.. "വാവീ.. അവൻ എന്നെ അല്ലേ ഇടയ്ക്കിടെ നോക്കുന്നേ..

എനിക്ക് പിടിച്ചു നിൽക്കാൻ ആവുന്നില്ല.. എനിക്കിങ്ങനെ ഒരു ഗതി വന്നല്ലോ.. " "ശ്ശ്.. മിണ്ടാതെ ഇരിക്ക്.. അവനെ നോക്കുകയെ വേണ്ട.. ആക്രാന്തം കാണിച്ച് നിന്റെ തനി രൂപം അവന്റെ മുന്നിൽ പുറത്തെടുത്താൽ കള്ളി പൊളിയും.. ആ ലീനയുടെ മുന്നിൽ നീ തോൽക്കുകയും ചെയ്യും.. സോ.. നിനക്ക് അഭിനയിച്ചേ പറ്റൂ " അമിതും കൂട്ടരും ക്ലാസ്സിൽ നിന്നും പോകുന്നത് വരെ അനി അച്ചടക്കം പാലിച്ച് ഇരുന്നു.. അമിതിനെ ഒഴികെ ബാക്കി എല്ലാവരെയും അവൾ നോക്കുകയും അവർ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേട്ടിരിക്കുന്ന പോലെ അഭിനയിക്കുകയും ചെയ്തു.. അവർ പോവാൻ വേണ്ടി ക്ലാസ്സിൽ നിന്നിറങ്ങിയതും അനിയുടെ കണ്ണുകൾ അങ്ങോട്ട്‌ പാഞ്ഞു.. ആ സമയം തന്നെ അമിത് തിരിഞ്ഞു നോക്കി... ഇരു കണ്ണുകളും ഒരു നിമിഷം തമ്മിൽ ഉടക്കി.. പെട്ടന്ന് നോട്ടം മാറ്റി കൊണ്ട് അമിത് ക്ലാസ്സിൽ നിന്നും പുറത്തേക്കിറങ്ങി........ "അമിത്.. അപ്പോൾ കാര്യങ്ങൾ ഒക്കെ ഒരു വിധം ശെരിയായി.. എല്ലാ ക്ലാസ്സും കവർ ചെയ്തു.. ഇപ്പോൾ നമ്മുടെ പാർട്ടിയെ കുറിച്ച് എല്ലാവർക്കും ഒരു ധാരണ കിട്ടിയിട്ടുണ്ടാവും..

ഇനി സ്ഥാനാർഥി പട്ടിക തയ്യാറാക്കാൻ ഒരു തവണ കൂടി ഇങ്ങനെ കയറി ഇറങ്ങണം... പിന്നെ അമിത്.. നമ്മുടെ സ്ഥാനാർഥി ആയി ജൂനിയർ കുട്ടികളിൽ നിന്നും ഒരാളെ വേണ്ടേ.. എന്റെ മനസ്സിൽ ഉള്ളത്.. അവളാ " ഈശ്വർ സോപ്പിടുന്ന പോലെ അവനെ മെല്ലെ തോണ്ടി കൊണ്ട് പറഞ്ഞു.. ആരെന്ന് ചോദിച്ചു കൊണ്ട് അമിത് മുഖം അവന് നേരെ തിരിച്ചു.. "അവൾ തന്നെ.. എന്താ അവളുടെ പേര്.." "ആര്. ആ ലീനയോ..." അവന്റെ മുഖത്ത് നീരസം പ്രകടമായതും ഈശ്വർ അല്ലെന്ന് തലയാട്ടി.. "എടാ അവൾ...... നീയിന്നലെ ഗ്രൗണ്ടിൽ വെച്ച് പരിചയപ്പെടാൻ പോയില്ലേ.. ആ സീനിയറെ തല്ലിയ കേസിലെ.. എന്താ അവളുടെ പേര്.. " "അനിരുദ്രയോ.. " "ആഹ്.. അവൾ തന്നെ.. അവൾ സ്ഥാനാർഥി ആയാൽ ഉറപ്പായും വോട്ട് നമുക്ക് കിട്ടും.. നീയൊന്ന് അവളോട് കാര്യങ്ങൾ പറയുമോ.. അവൾക്ക് താല്പര്യം ഉണ്ടാക്കി എടുക്കുമോ " "പോടാ പട്ടീ.. എനിക്കതല്ലെ പണി..നിന്റെ പാർട്ടി ജയിക്കണമെങ്കിൽ വേണേൽ നീ പോയി സോപ്പിട്ടോ.. എന്നെ വിളിക്കേണ്ട " ആ.. സ്വന്തം കൂട്ടുകാരന് ഒരു പ്രതിസന്ധി വരുമ്പോൾ സഹായിക്കാതെ ഇങ്ങനെ മാറി പോവുക തന്നെയാ വേണ്ടത്..

ആയിക്കോട്ടെ.. പാർട്ടി തോൽക്കട്ടെ.. " ഇല്ലാത്ത സങ്കടം ഉണ്ടാക്കി കൊണ്ട് ഈശ്വർ അമിതിന് മുന്നിൽ നിന്ന് വിഷമം അഭിനയിച്ചതും അമിത് നെറ്റിയിൽ കൈ വെച്ചമർത്തി. "മതി മോങ്ങിയത്.. അവളെ കൊണ്ട് മത്സരിപ്പിക്കാൻ അല്ലേ.. ഞാൻ പറഞ്ഞു നോക്കാം... " "നീ മുത്താണ്.. വാ.. ക്ലാസ്സിലേക്ക് പോകാം " അമിതിന്റെ കവിളിൽ ഉമ്മയും കൊടുത്ത് അവന്റെ തോളിലൂടെ കയ്യിട്ട് ഈശ്വർ അവനോടൊപ്പം ക്ലാസ്സിലേക്ക് നടന്നു..... ************ "എന്ത്‌.. സ്ഥാനാർഥിയോ.. ഞാനോ.. " ലഞ്ച് ബ്രേക്ക്‌ സമയം പുറത്ത് വെച്ച് അനിയേയും ആര്യയെയും കണ്ടതും ഈശ്വർ കാര്യം അവൾക്ക് മുന്നിൽ അവതരിപ്പിച്ചു.. അമിതും അക്ഷിതും ക്ലാസ്സിൽ നിന്നിറങ്ങിയിട്ടുണ്ടായിരുന്നില്ല... കേട്ട ഉടനെ അനി ഒറ്റ വാക്കിൽ നോ എന്ന് തന്നെ പറഞ്ഞു... "എനിക്ക് പറ്റില്ല.. ക്ലാസ്സിൽ ഒരു ലീഡർ പോലും ഞാൻ ആയിട്ടില്ല.. എന്നിട്ടാണോ ഇത്രയും വലിയ കോളേജിൽ സ്ഥാനാർഥിയായി മത്സരിക്കുന്നെ.. നെവർ.. എന്നെ കൊണ്ട് പറ്റില്ല.. ചേട്ടൻ വേറെ ആളെ നോക്ക് " "അയ്യോ.. പേടിക്കാനൊന്നുമില്ലന്നെ.. ഞങ്ങളൊക്കെ ഇല്ലേ.. "

"എന്ത് പറഞ്ഞാലും എനിക്ക് സമ്മതമല്ല.. സോറി.. " "പ്ലീസ് അനീ " "അവൾക്ക് സമ്മതമല്ലെന്നല്ലേ പറഞ്ഞേ.. പിന്നെ എന്തിനാ വീണ്ടും അതിനെ കുറിച്ച് പറയുന്നേ... " ഇടയിൽ കയറി അല്പം ദേഷ്യത്തിൽ ആര്യ പറഞ്ഞതും ഈശ്വർ മൗനം പാലിച്ചു.. ആര്യയുടെ മുഖം കണ്ട് ഇനിയും അവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കിയ ഈശ്വർ അവിടെ നിന്നും മെല്ലെ ഉൾവലിഞ്ഞ് അമിതിന്റെ അടുത്തേക്ക് പോയി.... "സ്ഥാനാർഥി.. അതും ഞാൻ.. അയ്യോ.. എനിക്ക് ചിരി വരുന്നു.. എന്ത് കണ്ടിട്ടാ അവരെന്നെ തിരഞ്ഞെടുക്കാൻ നിന്നത് " "വേറെന്ത്.. നിന്റെ സൗന്ദര്യം കണ്ട് തന്നെ.. നീ വോട്ട് ചോദിച് നടന്നാൽ ആണ്പിള്ളേരെ വോട്ട് മൊത്തം നിനക്ക് വീഴുമെന്ന് അവർക്കറിയാം.. കാഞ്ഞ ബുദ്ധി തന്നെ അവർക്ക്.. ഇതും ചെയർമാന്റെ ബുദ്ധി ആവും " "ചെയർമാൻ ഇത്തവണയും അമിത് തന്നെ ആയിരിക്കും അല്ലേ.. അങ്ങനെ ആണേൽ ഞാൻ ജയിച്ചാൽ എപ്പോഴും അമിതിനെ കണ്ടോണ്ടിരിക്കാം.. ഏത് കാര്യത്തിനും ഒരുമിച്ച് പ്രവർത്തിക്കേണ്ടവരല്ലേ... ആ സമയം കൂടുതൽ അടുക്കാൻ പറ്റും.. ഛെ.. സമ്മതിച്ചാൽ മതിയായിരുന്നു.. " അനി പല കാര്യങ്ങളും ചിന്തിച്ചു കൊണ്ട് ക്യാന്റീനിൽ ചെന്നിരുന്നു.. ആര്യ ഫുഡ്‌ കൊണ്ട് വരാൻ പോയ സമയം അനി ഈശ്വർ പറഞ്ഞതിനെ കുറിച്ച് ആലോചിച്ചു കൊണ്ടിരുന്നു "ഹായ്..

" പെട്ടന്ന് അമിത് ആര്യയുടെ സ്ഥാനത്ത് വന്നിരുന്നതും അനി ഞെട്ടലോടെ അവനെ നോക്കി.. "സോറി.. പേടിച്ചോ " "ഏയ്‌.. ഇല്ലാ. ഞാൻ.... പെട്ടന്ന്..." വാക്കുകൾക്കായി തപ്പി കളിക്കുന്ന അനിയെ നോക്കി അമിത് ചിരിച്ചു.. അവന്റെ നേരെ മുന്നിൽ നിന്ന് ഈശ്വർ പല കോപ്രായങ്ങളും കാണിക്കുന്നുണ്ടായിരുന്നു.. അനിയെ കൊണ്ട് മത്സരിക്കാൻ സമ്മതിപ്പിക്കാൻ ഉന്തി വിട്ടതാണ് അമിതിനെ.. ഈശ്വർ നേരത്തെ സംസാരിച്ചതും അവൾ നോ പറഞ്ഞതും അമിതിനോട് അവൻ പറഞ്ഞിട്ടില്ല..അമിത് പറഞ്ഞാൽ ഉറപ്പായും അനി മറുവാക്ക് പറയില്ലെന്ന ഉറപ്പ് ഈശ്വറിന് ഉണ്ടായിരുന്നു... അവർക്ക് കുറച്ചപ്പുറത്തായുള്ള തീന്മേശക്കരികിൽ അക്ഷിതിനൊപ്പം ഈശ്വർ അമിതിന്റെ ചലനങ്ങൾ വ്യക്തമായി വീക്ഷിച്ചു... " അനിരുദ്ര.. ഞാനിപ്പോ വന്നത് ഇലക്ഷനെ കുറിച്ച് പറയാനാണ്.. എന്റെ ഫ്രണ്ട് ഇല്ലേ.. അവന്റെ പാർട്ടിയാണ് ഈ കോളേജിൽ എല്ലാ കൊല്ലവും ജയിക്കുന്നത്.. ഇപ്രാവശ്യം ലോക്കൽ പാർട്ടികൾ തല പൊക്കിയിട്ടുണ്ട്.. അപ്പോൾ കുറെ വോട്ടുകൾ മാറി പോകും.. അതിനാൽ ശക്തമായ സ്ഥാനാർഥികളെ നിർത്താനാണ് അവർ തീരുമാനിച്ചിട്ടുള്ളത്.. ജൂനിയർ വിഭാഗത്തിൽ നിന്ന് അനിരുദ്രക്ക് ഞങ്ങളുടെ സ്ഥാനാർഥി ആയിക്കൂടെ"

ചോദ്യ ഭാവത്തിൽ ഒന്ന് നിർത്തി കൊണ്ട് ഉത്തരത്തിനായി അമിത് അനിയെ നോക്കി.. "എനിക്കിതിനെ പറ്റി കൂടുതലൊന്നും അറിയില്ല.. അമിത് ഏട്ടൻ കൂടെ ഉണ്ടാവുമെങ്കിൽ ഞാൻ ശ്രമിക്കാം.. ആദ്യമായിട്ട് ഇങ്ങനെ ഒരു കാര്യം വന്ന് പറയുമ്പോൾ അതിനെ എതിർക്കുന്നത് നല്ലതല്ലല്ലോ.. അവരോട് പറഞ്ഞേക്ക് എനിക്ക് സമ്മതമാണെന്ന് ..." സൗമ്യമായി താഴ്മയോടെ വിനയത്തോടെ അനി സംസാരിച്ചതും അമിത് ചിരിയോടെ തലയാട്ടി താങ്ക്സ് പറഞ്ഞ് എഴുന്നേറ്റു പോയി.. അവൻ എഴുന്നേറ്റതും നേരെ മുന്നിൽ ഇരിക്കുന്ന ലീനയെ ആണ് അനി കണ്ടത്... ചിരി തൂകിയ അവളുടെ മുഖം പുച്ഛത്തിലേക്കും വിജയം വരിച്ച ഭാവത്തിലേക്കും വഴി മാറി... അവൾ മാത്രമല്ല അവിടെ ഉള്ള പെൺകുട്ടികൾ എല്ലാം അസൂയയോടെ നോക്കുന്നത് കണ്ട് അനിയുടെ മനസ്സ് തുള്ളിച്ചാടി... അമിത് പോയ ഉടനെ ആര്യ ആ സീറ്റിൽ വന്നിരുന്ന് സംശയഭാവത്തിൽ അവളെയും നടന്ന് പോകുന്ന അമിതിനെയും നോക്കി...... "മ്മ്മ്.. പാവങ്ങൾ.. നോക്കിയേ.. അമിത് അവളോട്‌ സംസാരിക്കുന്നത് കണ്ട് പെൺകുട്ടികൾ എല്ലാം കണ്ണിൽ വെള്ളം നിറക്കുന്നത്.. ഇന്നേ വരെ ആ പാവങ്ങൾക്ക് അതിനുള്ള ഭാഗ്യം കിട്ടിയിട്ടില്ല.. ഇന്നിവിടെ ഒരു കണ്ണീർ പുഴ ഒഴുകും.."

ക്യാന്റീൻ മൊത്തം കണ്ണോടിച്ചു കൊണ്ട് ഈശ്വർ അക്ഷിതിനോട് മെല്ലെ പറഞ്ഞു.. തല ഉയർത്തി കൊണ്ട് അക്ഷിതും ചുറ്റും നോക്കി.. ഈ സമയം അമിത് എഴുന്നേറ്റു വന്നതും ഈശ്വർ ചാടി എഴുന്നേറ്റു.. "എന്തായെടാ.. അവൾ ഓക്കേ പറഞ്ഞോ " "പിന്നെ പറയാതെ.. ഞാനല്ലേ പോയി ചോദിച്ചത്.. ആരെങ്കിലും എതിര് പറയുമോ.. " "അതറിയാം.. അത് കൊണ്ടല്ലേ നിന്നെ തന്നെ ഏൽപ്പിച്ചത്.. " ഈശ്വർ ചിരിച്ചു കൊണ്ട് ഒളി കണ്ണിട്ട് അനിയെ പാളി നോക്കി.. 'മ്മ്മ്.. നീ വിളഞ്ഞ വിത്ത് തന്നെ.. ഞാൻ ചോദിച്ചപ്പോൾ അവളുടെ ഒരു ഡിമാന്റ്..ഇവൻ ചെന്ന് ചോദിച്ചപ്പോൾ എന്താ അവളുടെ ഒരു ചിരിയും കളിയും.. നിന്റെ മനസ്സലിരുപ്പ് ഈ കോന്തൻ എന്നാ ഒന്നറിയുക.. മോളേ.. ഇവനറിഞ്ഞാൽ നിന്റെ കാര്യം പോക്കാ.. എന്തായാലും ഇലക്ഷൻ കഴിയുന്നത് വരെ ഒരു കുഴപ്പവും ഉണ്ടാവാതിരുന്നാൽ മതി...' "എന്താ ഡാ ഈ പിറു പിറുക്കുന്നെ " "ഓഹ്.. ഒന്നുമില്ല.. ഞാൻ മുന്നോട്ടുള്ള കാര്യങ്ങൾ ചിന്തിച്ചതാണ്.. ഇനി എന്തൊക്കെ ജോലികൾ കിടക്കുന്നു.. ഇന്നിനി ഞാൻ ക്ലാസ്സിൽ കയറുന്നില്ല.. എനിക്ക് ചെയ്തു തീർക്കാൻ ഒരുപാട് ഉണ്ട്.. അപ്പോൾ ഞാൻ പോയി.. ഏട്ടനും അനിയനും പയ്യെ കഴിച്ച് ക്ലാസ്സിൽ കയറാൻ നോക്ക് "

ഭക്ഷണം കഴിച്ച് കഴിഞ്ഞ് വെള്ളം ഒറ്റ വലിക്ക് കുടിച്ച് തീർത്ത് ഈശ്വർ ക്യാന്റീനിൽ നിന്നും ഇറങ്ങി പോയി........ "എന്തിനാ അനീ.. അവൻ വന്നത്.. നിങ്ങളുടെ കൂടെ ഞാൻ ഉണ്ട് പേടിക്കേണ്ട എന്നൊക്കെ പറയാൻ ആണോ " "ഏയ്‌.. അല്ല വാവീ.. നേരത്തെ അവന്റെ ഫ്രണ്ട് പറഞ്ഞില്ലേ.. ആ കാര്യം പറയാൻ തന്നെ.. സ്ഥാനാർഥി ആവാൻ പറ്റുമോ എന്ന് ചോദിച്ചു " "ഓഹോ.. ഞാൻ വിചാരിച്ച പോലെ ഇവന്റെ ബുദ്ധി ആണല്ലേ " "ആർക്കറിയാം.. എന്തായാലും ഞാൻ സമ്മതം പറഞ്ഞു.. അവനോട് അടുക്കാൻ പറ്റുന്ന ഒരു സാഹചര്യവും നാം പാഴാക്കാൻ പാടില്ല.. ഇലക്ഷൻ എങ്കിൽ ഇലക്ഷൻ.. " "നീയിത് എന്തറിഞ്ഞിട്ടാ ഇതിനൊക്കെ നിന്ന് കൊടുത്തേ " "ഒന്നും അറിയില്ലേലും സാരമില്ല വാവീ.. എനിക്കവനെ വളക്കണം.. ഞാൻ വളക്കുന്നതിന് മുന്നേ അവൻ വളയണം... അതിന് എന്ത് വഴിയും ഞാൻ സ്വീകരിക്കും..ഈ ഇലക്ഷൻ ഒക്കെ സില്ലിയാണ് വാവീ.. ക്ലാസ്സിലും കയറാതെ കറങ്ങി നടക്കാം " "മ്മ്മ്.. പഠിത്തത്തിൽ ഉഴപ്പിയാൽ ഉള്ള വീട്ടിലെ അവസ്ഥയും ആലോചിക്കണം " ആര്യ അത് പറഞ്ഞതും അനിയുടെ മുഖം വാടി.. എങ്കിലും സ്ഥാനാർഥി ആവാൻ തന്നെ ആയിരുന്നു അവളുടെ തീരുമാനം.. അത് വഴി അമിതുമായി കൂടുതൽ അടുക്കാമെന്ന് അവൾ ചിന്തിച്ചു കൂട്ടി... ************

പിന്നീടുള്ള ദിവസങ്ങൾ എല്ലാം ഇലക്ഷന്റെ ചൂടിൽ ആയിരുന്നു ക്യാമ്പസ്.. വിവിധ പാർട്ടികളുടെ കൊടിയും സ്ഥാനാർഥികളുടെ ചിത്രങ്ങളും അടയാളങ്ങളും ക്യാമ്പസിൽ പലയിടത്തായി പ്രത്യക്ഷപ്പെട്ടു.. അമിതിന്റെയും അനിയുടെയും ഫോട്ടോ അടുത്തടുത്തായി വെച്ചത് ഇഷ്ടപ്പെടാത്ത ലീനയെ പോലുള്ളവരും ഉണ്ടായിരുന്നു.. വോട്ട് പ്രചാരണവും മീറ്റിംഗ് കളും നടന്നു കൊണ്ടിരുന്നു.. അതിലൂടെ അനി അമിതിലേക്ക് കൂടുതൽ അടുത്തു.. എങ്കിലും താൻ ഒരു വായിനോക്കി ആണെന്ന് അറിയിക്കാതെ ആയിരുന്നു അവളുടെ പെരുമാറ്റവും സംസാരവും.. അതിനാൽ തന്നെ അമിതും അവളോട് ഫ്രീ ആയി ഇടപെട്ടു....... "അനീ.. മീറ്റിംഗ് കഴിഞ്ഞോ " "ഓ.. ഒന്ന് കഴിഞ്ഞു.. ഇനിയും ഉണ്ടെന്ന്.. എനിക്ക് വയ്യ അവരുടെ പ്രസംഗം കേൾക്കാൻ.. നമ്മുടെ അനിൽ സാറെ ക്ലാസ്സ്‌ അല്ലേ.. ഞാനിങ് പോന്നു " എത്ര തിരക്കിൽ ആണെങ്കിലും ബാക്കി ആരുടെ ക്ലാസ്സിലും ഇരിക്കില്ല എങ്കിലും അനിൽ സാറിന്റെ ക്ലാസ്സ്‌ അനി മുടക്കില്ല.... അവൾ വന്നിരുന്നതും അനിൽ സാർ ക്ലാസ്സിലേക്ക് വന്നു...

"നമ്മുടെ സ്ഥാനാർഥി വന്നോ " അനിയെ കളിയാക്കി ചോദിച്ചതും അനി ചിരിച്ചു കൊണ്ട് എഴുന്നേറ്റു നിന്നു.. അവളോട്‌ ഇരിക്കാൻ പറഞ്ഞ് സാർ ക്ലാസ്സ്‌ ആരംഭിച്ചു.. ക്ലാസ്സെടുക്കുന്നതിനിടയിൽ സാർ അവൾക്കരികിലേക്ക് ചെന്നു.. "ക്ലാസ്സിൽ ശ്രദ്ധ കുറവാണേലും അനിരുദ്ര ആക്റ്റീവ് ആണ്.. ഗുഡ്.. ആൻഡ് ആൾ ദ ബെസ്റ്റ് " സാറിന്റെ വാക്കുകൾ കേട്ട് അനി തല താഴ്ത്തി ചിരിച്ചു.. സാറിൽ നിന്നും ഇത്തരം കോംപ്ലിമെൻറ്സ് ഇടയ്ക്കിടെ അവൾക്ക് കിട്ടാറുണ്ട്.. ചിലപ്പോൾ അത് കിട്ടാൻ വേണ്ടി അല്ലേൽ സാർ അരികിൽ വരാൻ വേണ്ടി അവൾ ഓരോന്ന് ചെയ്യും.. ഏതെങ്കിലും ദിവസം അവളുടെ അടുത്തേക്ക് വന്നില്ലെങ്കിൽ ഡൌട്ട് എന്ന് പറഞ്ഞ് സാറിന്റെ അടുത്തേക്ക് പോകുന്നത് പതിവായിരുന്നു.. അമിതുമായി ഇപ്പോൾ നന്നായി അടുത്തെങ്കിലും സാറിനെ വെറുതെ വിടാൻ അവളുടെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല.. പലപ്പോഴും ലീന കാണാൻ വേണ്ടി അമിതിനോട് ഇലക്ഷനെ പറ്റി ഓരോന്ന് ചോദിച്ചു കൊണ്ടിരിക്കും.. ലീനയിൽ വാശി ഉണ്ടാക്കി എടുക്കാൻ ഇത് കാരണമായി....... "കഴിഞ്ഞില്ലേ ടാ ... നേരം ഒരുപാടായി.. പോകാം. " "ആ. കഴിഞ്ഞു.. ഇനി നാളെ കഴിഞ്ഞാൽ ഇലക്ഷൻ.. എല്ലാം ഭംഗിയായി നടന്നാൽ മതിയായിരുന്നു.."

ക്ലാസ്സ്‌ പൂട്ടിയിറങ്ങി അമിതിനും അക്ഷിതിനും ഒപ്പം ഈശ്വർ വീട്ടിലേക്ക് പോകാനായി നടന്നു... കോളേജ് കവാടം കടന്നതും അവിടെ സംസാരിച്ചു നിൽക്കുന്ന അനിയേയും ആര്യയേയും അവർ കണ്ടു.. "ഹേയ്.. അനീ.. എന്താ പോകാൻ ആയില്ലേ.. " " ആ.. ഈശ്വർ ചേട്ടനോ.. കുറച്ചു വർക്ക് ഉണ്ടായിരുന്നു.. അത് കഴിഞ്ഞപ്പോൾ ലേറ്റ് ആയി.." "ഓഹ്.. എന്നാ വേഗം പൊയ്ക്കോ.. ബസ് ഇപ്പോൾ വരും.. പിന്നെ മറക്കേണ്ട.. നാളെ കഴിഞ്ഞാൽ ഇലക്ഷൻ എത്തി " അവരെ ഓർമിപ്പിച്ചു കൊണ്ട് ഈശ്വർ ബൈക്കെടുത്ത് യാത്ര പറഞ്ഞ് പോയി... ബസ് സ്റ്റോപ്പ്‌ കഴിഞ്ഞുള്ള വളവിൽ ആണ് വല്യമ്മയുടെ വീട് എന്നതിനാൽ അമിതും അക്ഷിതും അവരോടൊപ്പം നടന്നു.. അക്ഷിതും ആര്യയും സൈലന്റ് ആയി മുന്നിൽ നടന്നു.. അനിയും അമിതും ഓരോന്ന് സംസാരിച്ച് അവരുടെ പിറകിലും നടന്നു.. അവരുടെ വരവ് കണ്ട് പല്ലിറുമ്പി കൊണ്ട് ലീന ബസ് സ്റ്റോപ്പിൽ നിൽക്കുന്നുണ്ടായിരുന്നു... ആ സമയം പെട്ടന്ന് സ്പീഡിൽ വന്ന കാർ അനിയുടെ അരികിലൂടെ ചീറി പാഞ്ഞു പോയതും അമിത് അവളുടെ കൈ പിടിച്ച് തന്റെ അടുത്തേക്ക് ചേർത്ത് നിർത്തി.. പേടിച്ചരണ്ട മിഴികളോടെ അനി അമിതിനെ നോക്കി.. മുന്നിൽ പോയ ആര്യ ഇതൊന്നും അറിഞ്ഞില്ല...

"പേടിച്ചോ " അമിതിന്റെ നിശ്വാസം അവളുടെ മുഖത്തേക്ക് വന്നതും അവൾ അതേ എന്ന് തലയാട്ടി.. അവളുടെ കൈകൾ അപ്പോഴും അമിതിന്റെ കൈകളിൽ ഭദ്രമായിരുന്നു.. അവന്റെ ശരീരത്തോട്‌ ചേർന്ന് നിന്ന് അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി.. ഇത്രയും ദിവസം കണ്ട്രോൾ ചെയ്തു നിന്നതൊക്കെ ഒരു നിമിഷം കൊണ്ടില്ലാതെ ആയി.. അനി അമിതിന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ നോക്കി.. അവളിൽ വന്ന ഭാവ മാറ്റം കണ്ട് അമിത് അവളെ സൂക്ഷിച്ചു നോക്കി.. അവളുടെ നോട്ടം അരോചകമായി തോന്നിയതും അനിയുടെ കൈകൾ സ്വാതന്ത്രമാക്കി അവൻ പോകാൻ നിന്നു.. എന്നാൽ അവൻ കൈ വിട്ടതും അവൾ കയ്യിൽ കയറി പിടിച്ചു.. സത്യത്തിൽ അനി അറിഞ്ഞു കൊണ്ട് ചെയ്യുന്നതായിരുന്നില്ല.. കാർ സ്പീഡിൽ അവൾക്കരികിലൂടെ പോയപ്പോൾ അമിത് അവളെ ചേർത്ത് പിടിച്ചു.. ആ ചേർത്ത് പിടിക്കലിൽ അവൾക്കു അമിത് തന്റെ ആരൊക്കെയോ ആണെന്ന് തോന്നി പോയി... "ഏയ്‌.. എന്താ ഇത് " നീരസത്തോടെ അവളുടെ കൈ തട്ടി മാറ്റി അവളിൽ നിന്നും വിട്ട് നിന്നു കൊണ്ട് അമിത് ഈർഷ്യയോടെ അവളെ നോക്കി.. എന്നിട്ട് തിരിഞ്ഞു നടന്നു... ഇതെല്ലാം ലീന ബസ് സ്റ്റോപ്പിൽ നിന്ന് കൊണ്ട് കാണുന്നുണ്ടായിരുന്നു..

അമിതിന്റെ മുഖത്തെ ദേഷ്യം കണ്ട് അവളുടെ മുഖം വിടർന്നു..... "അനീ... എന്താ അവിടെ നിൽക്കുന്നേ" അമിത് തന്നെ കടന്ന് പോയതും അനി കൂടെ ഇല്ലെന്ന് മനസ്സിലാക്കിയ ആര്യ പിറകിലേക്ക് നോക്കി.. അമിത് പോകുന്നതും നോക്കി സ്വപ്നത്തിലെന്ന പോലെ നിൽക്കായിരുന്നു അനി.. ആര്യ വിളിച്ചതും ചിരിച്ചു കൊണ്ടവൾ അവളുടെ അടുത്തേക്ക് ഓടി ചെന്നു.. ************ വല്യമ്മ നൽകിയ ചായ കുടിച്ചു കൊണ്ട് സോഫയിൽ ഇരുന്ന അമിത് കുറച്ചു മുൻപ് നടന്ന സംഭവം വീണ്ടും വീണ്ടും മനസ്സിൽ ആലോചിച്ചു.. അനിയിൽ പെട്ടന്ന് വന്ന മാറ്റവും അവളുടെ നോട്ടവും ഒക്കെ മനസ്സിൽ തെളിഞ്ഞതും അവൻ ചിന്ത മാറ്റി.. അമിത് അസ്വസ്ഥനാണെന്ന് മനസ്സിലാക്കിയ അക്ഷിത് അവന്റെ അടുത്ത് വന്നിരുന്ന് കാര്യം അന്വേഷിച്ചു.. "ഒന്നുമില്ല ഏട്ടാ.. ഇലക്ഷന്റെ തിരക്കായിരുന്നില്ലേ.. തല വേദനിക്കുന്നു.. വാ പോകാം.. നേരം ഒരുപാടായി.. " ഏട്ടന് പിടി കൊടുക്കാതെ അമിത് എണീറ്റതും അക്ഷിത് മെല്ലെ ചിരിച്ചു.. അമിതിന്റെ മുഖം മാറിയാൽ മനസ്സിലാവുന്ന ഏട്ടന് അവൻ കള്ളം പറഞ്ഞാലും പെട്ടന്ന് അറിയാൻ കഴിയും..

അത് മനസ്സിലാക്കി കൊണ്ട് തന്നെ അമിത് അക്ഷിതിന് മുഖം കൊടുത്തില്ല.. വീട്ടിൽ എത്തിയതും അവൻ അമ്മയുടെ മടിയിൽ തല വെച്ച് നീണ്ടു കിടന്നു... "ഏട്ടന് പേടി പനി ആണോ അമ്മേ.. " അമിതിന്റെ നെറ്റി തടവുന്ന അമ്മയെ നോക്കി അക്ഷര കളിയാക്കി ചോദിച്ചു.. "പോടീ കാന്താരി... എനിക്ക് ഒരു പേടിയും ഇല്ല.ആദ്യമായിട്ടല്ലല്ലോ ഞാൻ മത്സരിക്കുന്നത്.. " "ഈശ്വരൻ തീരുമാനിക്കുന്ന പോലെ അല്ലേ.. ഇത്തവണ പൊട്ടില്ലെന്നാര് കണ്ടു " "അമ്മേ... " "അക്ഷരേ.. വന്നു കയറാൻ ഒഴിവില്ല.. അപ്പോഴേക്കും അവനെ കടിച്ചു കീറണം കേട്ടോ.. രണ്ടു ദിവസം ഇവൻ ഇലക്ഷന്റെ തിരക്ക് കാരണം നേരം വൈകി വന്ന്, പോയി കിടന്നുറങ്ങുന്ന സമയം നിനക്ക് തല്ല് കൂടാൻ ആളില്ലാതെ ഇവിടെ മൂലയിൽ തൂങ്ങി പിടിച്ചിരുന്നത് ഞാൻ കണ്ടിരുന്നു.. അവൻ ഇല്ലേൽ നിന്റെ ഒരു ശബ്ദം ഇവിടെ കേൾക്കില്ല.. ഉണ്ടെങ്കിലോ നീ പത്താളാ.. പോയിരുന്ന് പഠിക്ക്.. " അക്ഷര കുട്ടിയെ ആട്ടി വിട്ടതും അമിത് ചിരിച്ചു കൊണ്ട് അമ്മയെ കെട്ടിപ്പിടിച് കിടന്നു..മനസ്സിൽ നിറയെ അനിയുടെ ഭാവ മാറ്റം ആയിരുന്നു..

മറ്റ് പെൺകുട്ടികളിൽ നിന്ന് വ്യത്യസ്തയായത് കൊണ്ടാണ് ആർക്കും കൊടുക്കാത്ത പരിഗണനയും അടുപ്പവും അമിത് അവളോട് കാണിച്ചത്.. പക്ഷേ അത് തെറ്റായിരുന്നെന്ന് അവന് തോന്നി തുടങ്ങി... ഈശ്വർ മുൻപ് പറഞ്ഞ കാര്യങ്ങൾ എല്ലാം അവൻ ചിക്കി ചികഞ്ഞെടുത്തു.. അനി ഒരു ദുരൂഹമായി തന്നെ അവന്റെ മനസ്സിൽ കിടന്നു.. താൻ പോകുന്നിടത്തെല്ലാം അവൾ ഉണ്ടായിരുന്നെന്നവൻ ഓർത്തു.. ഗ്രൗണ്ടിലും ക്യാന്റീനിലും കോളേജ് അങ്കണത്തിലും തന്നെ തേടി അവളുടെ കണ്ണുകൾ ചലിച്ചിരുന്നോ എന്നവന് സംശയം തോന്നി.. അന്നൊക്കെ ഈശ്വറിനോട് തട്ടി കയറിയ അമിത് ഇപ്പോൾ അവൻ പറയുന്ന പോലെ അനി എല്ലാ പെൺകുട്ടികളെ പോലെ തന്നെ വായിനോക്കി നടക്കുകയായിരുന്നോ എന്ന ചോദ്യം അവന്റെ മുന്നിൽ ബാക്കിയായി.. ഉറപ്പായും ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുമെന്ന് അവൻ മനസ്സിൽ ഉരുവിട്ട് തന്റെ ചോര കണ്ണുകൾ അടച്ചു............ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story