ആത്മരാഗം💖 : ഭാഗം 27

athmaragam thanseeh

രചന: തൻസീഹ് വയനാട്

"അനീ... നീയെന്തൊക്കെയാ പറഞ്ഞതെന്ന് വല്ല ബോധവും ഉണ്ടോ....." അനിയുടെ കയ്യിൽ നിന്നും പിടി വിടുവിച്ചു കൊണ്ട് ആര്യ അവളുടെ മുന്നിൽ കയറി നിന്നു.. "നല്ല ബോധത്തോടെ തന്നെയാ വാവീ ഞാൻ പറഞ്ഞത്.. നാളെ ഞാൻ അവന്റെ മുന്നിൽ ചെന്ന് നിന്ന് ഇഷ്ടമാണെന്ന് പറയും.. എനിക്ക് ധൈര്യം ഇല്ലെന്നു പറഞ്ഞ ലീന അത് കണ്ട് ഞെട്ടണം.....ഇത് തുടർന്ന് കൊണ്ട് പോവാൻ ഇനിയും വയ്യ.... " "നോക്ക് അനീ.. അമിതിന്റെ പ്രതികരണം എന്താവുമെന്ന് നീ നല്ലത് പോലെ ആലോചിക്ക്.. അവളോടുള്ള വാശിക്ക് ഓരോന്ന് ചെയ്തു കൂട്ടുമ്പോൾ അത് നിനക്ക് തന്നെയാണ് ദോഷമായി വരിക....." "ഒന്നും ഉണ്ടാവില്ല വാവീ.. ഞാൻ തീരുമാനിച്ചു കഴിഞ്ഞു.. ലീന പറഞ്ഞ പോലെ ഞാൻ ചെയ്യും.. നീയെന്റെ കൂടെയൊന്നു നിന്നു തന്നാൽ മാത്രം മതി..... " "നിന്റെ കുട്ടിക്കളിക്കെല്ലാം ഞാൻ കൂട്ട് നിന്നിട്ടല്ലേ ഉള്ളൂ,,,,എന്തോ ഇതു എനിക്ക് അത്ര നല്ലതായി തോന്നുന്നില്ല...നിനക്ക് അത്രയ്ക്ക് കോണ്ഫിഡൻസ് ഉണ്ടെങ്കിൽ ബാക്കി നാളെ നോക്കാം...എന്തായാലും നിന്നെ ഞാൻ തനിച്ചാക്കില്ല...അത് പോരേ...."

ആര്യ ഉറപ്പ് നൽകി കൂടെ ഉണ്ടാവുമെന്ന് പറഞ്ഞപ്പോൾ അനിക്ക് ആത്മവിശ്വാസം കൂടി.. ലീനയോടുള്ള വാശി അവളെയാകെ മൂടി കഴിഞ്ഞിരുന്നു.. എങ്ങനെ എങ്കിലും അവൾക്ക് മുന്നിൽ ജയിക്കണമെന്ന് അനി മനസ്സിൽ ഉറപ്പിച്ചു..... വീട്ടിൽ എത്തിയ അമിത് റൂമിൽ തന്നെ ചടഞ്ഞിരുന്നു....അവന്റെ മനസ്സിൽ മുഴുവൻ അനിയും ലീനയും തമ്മിലുള്ള ബെറ്റ് ആയിരുന്നു.. ഓർക്കുംതോറും അനിയോടുള്ള ദേഷ്യം അവനിൽ വർധിച്ചു... അമിതിന്റെ മാറ്റം മനസ്സിലാക്കിയ അക്ഷിത് അവന്റെ അരികിൽ ചെന്നിരുന്നു.. എന്ത് ദേഷ്യം ഉണ്ടെങ്കിലും ഏട്ടൻ അരികിൽ വന്ന് തലോടിയാൽ അതെല്ലാം മാഞ്ഞു പോകും.. ബെഡിൽ ഏട്ടന്റെ മടിയിൽ തല വെച്ച് കിടന്ന് കൊണ്ടവൻ നേരം പുലരാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു...... ************ ജോഗിങ്നായി പുറത്തേക്കിറങ്ങി എന്നത്തേതിനേക്കാൾ സ്പീഡിൽ അമിത് ഓടി... മനസ്സ് മുഴുവൻ അനിയോടുള്ള ദേഷ്യം ആയിരുന്നു... അത് ശരീരത്തെ ചൂട് പിടിപ്പിച്ചതും അവൻ വീണ്ടും കാലുകൾക്ക് സ്പീഡ് വർധിപ്പിച്ചു...

എന്നത്തേയും പോലെ കളിക്കാനായി അവൻ ഗ്രൗണ്ടിൽ എത്തി.. എന്നാൽ അവിടെ എത്തിയ അവൻ കണ്ടത് കളിക്കളം മറ്റൊരു ടീം കയ്യേറി വാക്ക് തർക്കം ഉണ്ടാക്കുന്നതാണ്.. അമിതിനെ കണ്ടതും അവരിൽ ഒരാൾ അവന്റെ അടുത്തേക്ക് ചെന്നു.. "അമിത് നോക്ക്.. നമ്മളല്ലേ ദിവസവും ഇവിടെ കളിക്കുന്നെ.. ഇനി മുതൽ അവരാണത്രെ കളിക്കുന്നത്.. " കൈ ചൂണ്ടി അവരെ കാണിച്ചു കൊടുത്തതും അമിത് അവരെ നോക്കി.. ക്രിക്കറ്റ് ബാൾ എറിഞ്ഞും പിടിച്ചും കളിച്ചു കൊണ്ട് നിൽക്കുന്നവന് നേരെ അമിത് നടന്നു.. രാവിലെ എണീറ്റ മുതൽ ദേഷ്യം തലക്ക് പിടിച്ച അമിത് അത് കണ്ട്രോൾ ചെയ്യാൻ പാട് പെട്ടു..... "ഇത്രയും കാലം ഞങ്ങളാണ് ഇവിടെ കളിച്ചത്.. സോ.. വെറുതെ ഒരു തർക്കത്തിന് നിൽക്കേണ്ട.. നിങ്ങൾക്ക് വേണേൽ ഞങ്ങളുടെ കളി കഴിഞ്ഞിട്ട് കളിച്ചോ " ഗൗരവം വിടാതെ എന്നാൽ ഒരു വാക്ക് തർക്കത്തിന് മുതിരാതെ അമിത് അവരോട് പറഞ്ഞു . അമിതിന്റെ വാക്കുകൾക്ക് ഒരു വിലയും കൊടുക്കാതെ അവർ ചിരിച്ചു.. "ഓ പിന്നേ.. നിങ്ങളിവിടെ കളിച്ചെന്ന് കരുതി ഞങ്ങൾക്ക് പറ്റില്ലെന്നുണ്ടോ..

ഇത് നിന്റെ അച്ഛന്റെ വക ഒന്നുമല്ലല്ലോ.. ഞങ്ങൾ കളിച്ചിട്ട് നിങ്ങൾ കളിച്ചാൽ മതി... " അതും പറഞ്ഞവൻ കളിക്കാനായി തിരിഞ്ഞതും അമിത് ദേഷ്യം കൊണ്ട് വിറച്ചു... കാൽ കൊണ്ട് അവനെ പിന്നിലൂടെ ചവിട്ടി വീഴ്ത്തി കൊണ്ടവൻ അവന് നേരെ പോരിനായി നിന്നു.. അമിതിന്റെ ചവിട്ടേറ്റ് നിലത്ത് വീണ അവൻ ദേഷ്യത്തോടെ എഴുന്നേറ്റ് അമിതിന് നേരെ തിരിഞ്ഞു.. സ്റ്റമ്പും ബാറ്റുമായി അവർ ഒന്നിച് അമിതിനെ നേരിട്ടു.. എന്നാൽ അമിതും വിട്ട് കൊടുത്തില്ല.. അടി രൂക്ഷമായപ്പോൾ ആരോ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തിന്റെ ഉടമ വന്ന് രണ്ടു കൂട്ടരോടും ദേഷ്യപ്പെട്ടു... ഇനി മുതൽ ആരും ഇവിടെ കളിക്കേണ്ടെന്ന് മുന്നറിയിപ്പും നൽകി... രാവിലെ കളിക്കളത്തിൽ ഇറങ്ങി പന്ത് തട്ടാത്ത ഒരു ദിവസം പോലും അമിതിന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല... ഇന്നും ഇനിയുള്ള ദിവസങ്ങളിലും ഈ ഗ്രൗണ്ടിൽ പന്ത് തട്ടാൻ പറ്റില്ലെന്നറിഞ്ഞ അമിതിന് ദേഷ്യം കൂടാൻ മറ്റൊരു കാരണം ഉണ്ടാവേണ്ടി വന്നില്ല... തിരിച്ച് വീട്ടിൽ വന്ന അമിതിനെ കാത്ത് അക്ഷിത് പുറത്ത് തന്നെ ഉണ്ടായിരുന്നു..

അമിതിന്റെ കോലം കണ്ട് അമ്മ അവനെ അടിമുടി നോക്കി.. "ഓഹ്.. രാവിലെ തന്നെ തല്ല് കൂടി അല്ലേ.. " "അത് അമ്മേ.. ഗ്രൗണ്ടിൽ ചെറിയ പ്രശ്നം. ഇനി മുതൽ അവിടെ കളിക്കാൻ പറ്റില്ല...." "ഹോ.. സമാധാനം.. ഇനി എന്റെ മോൻ കളിയുടെ പേര് പറഞ്ഞ് വഴക്ക് ഉണ്ടാക്കില്ലല്ലോ.. ഹാ. വേഗം റെഡി ആയിക്കോ.. ഇന്നല്ലേ ഇലക്ഷൻ.. " അമ്മയോട് കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അമിത് റെഡിയാവാൻ പോയി... രാവിലെ നടന്ന സംഭവത്തിൽ ആകെ ഭ്രാന്ത് പിടിച്ചാണ് അമിത് കോളേജിൽ എത്തിയത്... ചുവപ്പ് തോരണങ്ങൾ കൊണ്ട് അലങ്കരിച്ച കോളേജിലേക്ക് കടന്നതും ഈശ്വർ അവന്റെ അടുത്തേക്ക് ഓടി വന്നു.. "നല്ല ആളാ.. ഇപ്പോഴാണോ വരുന്നത്.. രാവിലെ വന്ന് എന്തൊക്കെ ജോലി ഉണ്ടായിരുന്നു ഇവിടെ.. ആ.. സാരമില്ല.. വാ.. വോട്ടിംഗ് തുടങ്ങാനായി.. " ഈശ്വറിന്റെ കൂടെ നടന്ന് പോകുമ്പോൾ അമിതിന്റെ ചോര കണ്ണുകൾ അനിയെ തേടുകയായിരുന്നു..... ************ "വാവീ.. ഈ ചുവപ്പ് ചുരിദാർ എങ്ങനെയുണ്ട്.. ഇന്നത്തെ ദിവസം ഇതിടണം എന്ന് ഞാൻ ആദ്യമേ തീരുമാനിച്ചതാ.. "

"മ്മ്. കൊള്ളാം.. നീയൊന്ന് വേഗം നടക്ക്.. അവിടെ തുടങ്ങി കാണും.. " ഇലക്ഷന്റെ തിരക്കിൽ ഓടി നടക്കുന്നവരെയെല്ലാം നോക്കി കൊണ്ട് ആര്യയും അനിയും കോളേജിൽ പ്രവേശിച്ചു.. കോളേജ് മുറ്റത്തെത്തിയതും ആദ്യം കണ്ടത് അനിൽ സാറിനെയാണ്.. സാറിനെ കണ്ടതും അനിയുടെ കണ്ണുകൾ വിടർന്നു വന്നു... സാറിൽ നിന്ന് രണ്ട് വാക്ക് കേൾക്കാൻ അവൾ സാറിന്റെ അടുത്തേക്ക് വേഗത്തിൽ നടന്നു.. "ആഹാ.. അനിരുദ്ര.. ആൾ ദ ബെസ്റ്റ്.." സാറിന് ചിരിച്ചു കൊടുത്ത് എന്തെങ്കിലും പറയാൻ തുടങ്ങുന്നതിന് മുന്നേ അവർക്ക് നേരെ നടന്നു വരുന്ന ലീനയെ അനി കണ്ടു... സാറിനോട് താങ്ക്സ് പറഞ്ഞ് അനി ലീനയുടെ അടുത്തേക്ക് ചെന്നു.. "ഓഹ്.. അനി.. സുന്ദരി ആയിട്ടുണ്ടല്ലോ ഇന്ന്.. പ്രണയത്തിന്റെ പ്രതീകം.. ചുവപ്പ് തന്നെ.. ചുവപ്പിൽ കുളിച്ചിറങ്ങിയിരിക്കാണല്ലോ " "അതേ.. നീയെന്താ വിചാരിച്ചേ തോറ്റ് പിന്മാറും എന്നോ.." "നിന്റെ കോൺഫിഡൻസ് ഒക്കെ കൊള്ളാം അനീ.. അത് എന്റെ മുന്നിലല്ല കാണിക്കേണ്ടത്.. അമിതിന്റെ മുന്നിലാണ്.." "കാണിക്കാലോ.. ആദ്യം ഇലക്ഷൻ ഒന്ന് കഴിയട്ടെ.. അത് കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോകുന്നതിന് മുൻപ് എല്ലാവരുടെയും മുന്നിൽ വെച്ച് തന്നെ ഞാൻ അവനോടു പറയുകയും ചെയ്യും.. അത് കാണാൻ വന്നേക്കണേ നീ.... "

പുച്ഛത്തോടെ ലീനക്ക് നേരെ വാക്കുകൾ എറിഞ്ഞു കൊണ്ട് അനിയും ആര്യയും അവിടെ നിന്നും പോന്നു... "അത് തന്നെയാണ് എനിക്കും വേണ്ടത് അനീ.. നീ അവനോട് പറയണം.. എന്നിട്ട് അവൻ നിന്നോട് ദേഷ്യപ്പെടണം.. അത് കാണാൻ അല്ലെ ഞാൻ ഇവിടെ നിൽക്കുന്നത്.. അവന്റെ പിറകെ വായിനോക്കി നടക്കുന്നവരെയൊക്കെ അവന് വെറുപ്പാണ്.. എന്നെയൊരിക്കൽ വിരട്ടി വിട്ടതാ.. അങ്ങനെ നീ മാത്രം അവനോട് ഒട്ടി നടക്കേണ്ട.." മനസ്സിൽ ആർത്തു ചിരിച്ചു കൊണ്ട് ലീന വോട്ട് ചെയ്യാനായി ക്ലാസ്സ്‌ റൂമിലേക്ക് പോയി.... ************ ഉച്ച കഴിഞ്ഞതോടെ വോട്ടിംഗ് അവസാനിച്ചു.. അമിത് അനിയെ കണ്ടെങ്കിലും ഒന്നും മിണ്ടാതെ അവളെ നോക്കാതെ നടന്നു.. അതിനിടയിൽ ഇലക്ഷന്റെ പേരിൽ ചെറിയ ഉന്തും തള്ളും നടന്നു.. അമിതിന് ദേഷ്യം അടക്കി വെക്കാൻ അറിയാത്തതു കൊണ്ടും രാവിലെ നടന്ന സംഭവത്തിൽ ദേഷ്യം തലക്കകത്ത് കിടന്ന് തിളച്ചു മറിഞ്ഞത് കൊണ്ടും അമിത്, കയ്യാങ്കളി വേണ്ടെന്ന പ്രിൻസിയുടെ വാക്ക് തെറ്റിച്ചു... പ്രിൻസിയുടെ ചെവിയിൽ ഇതെത്തിയതും പ്രിൻസി അമിതിനെ തന്റെ ഓഫീസിലേക്ക് വിളിച്ചു വരുത്തി..

"അമിത്.. വാട്ട്‌ ഈസ്‌ ദിസ്.. അമിത് തന്നെ ഇങ്ങനെയൊക്കെ ചെയ്താലോ.." "സോറി മേം..ഇനി ആവർത്തിക്കില്ല.. " "മ്മ്.. ഓക്കേ.. ഇനി ഇലക്ഷൻ കഴിഞ്ഞ് റിസൾട്ട് വരുന്നത് വരെ ഇതിന്റെ പേരിൽ ഒരു പ്രശ്നവും ഉണ്ടാക്കരുത്.. എന്തെങ്കിലും ഉണ്ടായാൽ എനിക്കൊന്നും ചെയ്യാൻ കഴിയില്ല.. ഞാൻ സസ്‌പെൻഡ് ചെയ്യും.. അല്ലെങ്കിൽ തന്നെ നിന്നെ ഞാൻ സംരക്ഷിക്കുന്നു നീ ചെയ്യുന്നതിന് കണ്ണടച്ച് കൂടെ നിൽക്കുന്നു എന്നൊക്കെ പലരും പറഞ്ഞു നടക്കുന്നുണ്ട്.. സോ.. ഇനി ഒരു പ്രോബ്ലവും ഉണ്ടാവാൻ പാടില്ല.. " "ഓക്കേ മേം " ഇന്നേ വരെ പ്രിൻസിയുടെ ഭാഗത്തു നിന്നും അമിതിനെതിരെ ഒരു ആക്ഷനും ഉണ്ടായിട്ടില്ല.. എന്നാൽ ഇപ്പോൾ വാക്കുകൾ കൊണ്ട് പ്രിൻസി അമിതിനെതിരെ പ്രതികരിച്ചത് അവന് ദേഷ്യം കൂടുകയല്ലാതെ കുറഞ്ഞില്ല... അക്ഷിതിന്റെയും ഈശ്വറിന്റെയും കൂടെ അമിത് വാക മരങ്ങൾക്ക് ചുവട്ടിൽ ഇരുന്നു... "വിട്ടേക്ക് അമിത്.. അവന്മാര് മനഃപൂർവം അടി ഉണ്ടാക്കാൻ വന്നതാ.. നീ പ്രതികരിക്കാൻ വേണ്ടി തന്നെ.. എന്നാൽ അല്ലേ പ്രിൻസി ഇടപെടൂ.. അത് അവർ സാധിച്ചെടുത്തു. സാരമില്ല.. നാളെ കഴിഞ്ഞാൽ റിസൾട്ട് വരും.. പുറത്ത് വെച്ച് നമുക്കവരെ ഒരു പാഠം പഠിപ്പിക്കാം. "

ഈശ്വർ പറയുന്നതൊക്കെ കേട്ട് അമിത് കാൽ മുട്ടിൽ കൈകൾ ഊന്നി മുഖം മറച്ചിരുന്നു..... "ഹോ.. അങ്ങനെ അതും കഴിഞ്ഞു.. ഇനി റിസൾട്ട് പോസിറ്റീവ് ആയാൽ മതി.. എങ്കിൽ പിന്നെ ഞാൻ ഒരു സ്റ്റാർ തന്നെയാവും.. " അമിത് അടി ഉണ്ടാക്കിയതും പ്രിൻസി അമിതിന് വാർണിംഗ് കൊടുത്തതൊന്നും അറിയാതെ അനിയും ആര്യയും വീട്ടിലേക്ക് പോകാനായി ക്ലാസ്സിൽ നിന്നും ഇറങ്ങി.. ഇലക്ഷൻ അവസാനിച്ചത് കൊണ്ട് പാട്ടും ബഹളവുമായി കോളേജ് മുറ്റം കുട്ടികളെ കൊണ്ട് നിറഞ്ഞിരുന്നു.... "ആഹാ.. പോകുവാണോ അനിരുദ്ര... എന്താ തോറ്റ് പിന്മാറിയോ... " അവർക്ക് മുന്നിലേക്ക് വന്നു നിന്ന് ലീന ഇരു കയ്യും കെട്ടി നിന്ന് ചോദിച്ചു.. അവളെ കണ്ടപ്പോഴാണ് ബെറ്റിന്റെ കാര്യം അനിക്ക് ഓർമ വന്നത്.. "തോറ്റ് പിന്മാറാൻ എന്റെ പേര് ലീന എന്നല്ല... " അവളെ തള്ളി മാറ്റി കൊണ്ട് അനി കൂട്ടം കൂടി നിൽക്കുന്ന കുട്ടികളെ വകഞ്ഞു മാറ്റി അമിതിനെ തന്റെ കണ്ണുകൾ കൊണ്ട് തിരഞ്ഞു.. ദൂരെ.. വാക മരച്ചുവട്ടിൽ നിൽക്കുന്ന ഈശ്വറിനെ കണ്ടതും അമിത് അവിടെ ഉണ്ടാവുമെന്ന് അവൾ ഉറപ്പിച്ചു..

ആര്യയുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് അനി അവിടേക്ക് നടന്നു.... "അമിത്.... " അനി അടുത്തെത്തിയതും അവളെ കണ്ട ഈശ്വർ അമിതിനെ മെല്ലെ വിളിച്ചു.. എന്താണെന്ന അർത്ഥത്തിൽ അമിത് മെല്ലെ തല ഉയർത്തി നോക്കി.. ആൾറെഡി പ്രഷർ കയറി ഇരിക്കുന്ന അമിത് അനിയെ മുന്നിൽ കണ്ടതും എഴുന്നേറ്റ് അവിടെ നിന്നും പോകാനായി മുന്നോട്ട് നടന്നു.. "ഹേയ്.. അമിത്.. എങ്ങോട്ടാ പോകുന്നേ.. എനിക്കൊരു കാര്യം പറയാൻ ഉണ്ട് " തന്റെ കൈ പിടിച്ചു വെച്ചതും രണ്ടു കണ്ണുകളും ഇറുക്കി അടച്ചു കൊണ്ട് അമിത് ഒരു നിമിഷം നിന്നു... കയ്യിലെ ഞെരമ്പുകൾ വലിഞ്ഞു മുറുകി വന്നു.. ഇതൊന്നും ശ്രദ്ധിക്കാതെ അവന്റെ കൈ വിടാതെ അനി അവന്റെ മുന്നിൽ കയറി നിന്നു.. "കൈ വിട്... " അങ്ങേ അറ്റത്തെ ദേഷ്യത്തോടെ കണ്ണുകൾ അടച്ചു തന്നെ അമിത് അവളോട് പറഞ്ഞു.. എന്നാൽ അനി ചിരിച്ചു കൊണ്ട് അവനെ നോക്കി നിന്ന് ഒന്നൂടെ അവന്റെ കൈ ഇറുക്കി പിടിച്ചു.. ഇത്തവണ അവൻ കണ്ണുകൾ തുറന്നവൾക്ക് നേരെ അലറി. "കൈ വിടാൻ... " അവന്റെ കണ്ണുകൾ കണ്ടതും അനിയുടെ കയ്യുകൾ അമിതിന്റെ കയ്യിൽ നിന്നും ഊർന്നിറങ്ങി... അവന്റെ ദേഷ്യം കണ്ട് അനിക്ക് ഉള്ളിൽ സങ്കടം വന്നെങ്കിലും തോൽക്കാൻ അവൾ തയ്യാറായിരുന്നില്ല.. നേരെ മുന്നിൽ നിൽക്കുന്ന ലീനയെ കണ്ടതും അവൾക്ക് വാശി കൂടി...

"ഓ.. പിന്നേ.. ഈ കയ്യിൽ പിടിച്ചാൽ എന്താ....ഇത്ര ജാഡ പാടില്ല കേട്ടോ...അതും ഒരു ഐ ലവ് യു പറയാൻ വന്ന പെൺകുട്ടിയോട്.......അതോ ചേട്ടന് പെൺകുട്ടികളുടെ മുഖത്തു നോക്കാൻ പേടിയാണോ.. അവരുടെ നോട്ടത്തിൽ വീഴുമോ എന്ന പേടി... " കളിയാക്കി കൊണ്ടുള്ള അനിയുടെ സംസാരം അമിതിന് ഒട്ടും ഇഷ്ടമായില്ല.. ഈശ്വർ ആണേൽ ഇവളുടെ കാര്യം പോക്കാണെന്ന് ഉരുവിട്ട് കൊണ്ട് തലയിൽ കൈ വെച്ച് നിന്നു.. ഇതിനകം അവർക്ക് ചുറ്റും കുട്ടികൾ തടിച്ചു കൂടിയിരുന്നു... "അനീ..പൊയ്ക്കോ.. എന്റെ മറ്റൊരു മുഖം പുറത്തെടുക്കേണ്ടെങ്കിൽ എന്റെ മുന്നിൽ നിന്ന് പോ.... " "ആഹാ.. ഇനിയും ഉണ്ടോ മുഖം.. എന്നാൽ അതും കൂടി ഒന്ന് കാണണം.. ഈ മുഖം കാണാൻ തന്നെ എന്തൊരു ഗ്‌ളാമറാ.. ഇനിയും ഉണ്ടെങ്കിൽ അതും കൂടി ഒന്ന് കാണണം.. " അവളുടെ ഒരോ വാക്കും അമിതിന്റെ ദേഷ്യം ഇരട്ടിയാക്കി... "ഹാ.. ചുവക്കട്ടെ.. നല്ലോണം ചുവക്കട്ടെ.. ഈ ചുവന്ന് തുടുത്ത മുഖം കാണുമ്പോൾ ഉണ്ടല്ലോ.. കെട്ടിപിടിച്ചു ഒരു ഉമ്മ തരാൻ തോന്നും....." അതും പറഞ്ഞ് അനി അമിതിന്റെ അടുത്തേക്ക് നീങ്ങി നിന്നതും അമിതിന്റെ കൈകൾ തരിച്ചു വന്നു... അത് വരെ ഉണ്ടായിരുന്ന ദേഷ്യം മുഴുവൻ പുറത്തെടുത്ത് അവൻ വലത് കൈ അനിയുടെ കവിളിലേക്കാഞ്ഞു പതിപ്പിച്ചു...... പെട്ടന്നുള്ള അടിയിൽ അനി ആര്യയുടെ കൈകളിലേക്ക് വീണു........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story