ആത്മരാഗം💖 : ഭാഗം 28

athmaragam thanseeh

രചന: തൻസീഹ് വയനാട്

അമിതിന്റെ ശക്തമായ അടിയിൽ വലത് വശത്തേക്ക് തെന്നി നീങ്ങിയ അനി കൈ കെട്ടി നിന്നിരുന്ന ആര്യയുടെ ദേഹത്തേക്കാണ് വീണത്.. ഒട്ടും പ്രതീക്ഷിക്കാതെ ആയത് കൊണ്ട് തന്നെ ആര്യക്കൊന്നും ചെയ്യാനായില്ല.. അവൾ കണ്ണും മിഴിച്ച് അനിയെ നോക്കി... അമിത് തല്ലിയ തന്റെ ഇടത്തേ കവിളിൽ വലത്തേ കരം ചേർത്ത് വെച്ച് കൊണ്ടവൾ കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് അമിതിനെ നോക്കി...അടുത്ത നിമിഷം അവളുടെ കണ്ണുകൾ ചുറ്റും കൂടി നിൽക്കുന്ന ഓരോരുത്തരിലേക്കും ചലിച്ചു.... അനിയുടെ കവിളിൽ അമിതിന്റെ കൈ പതിഞ്ഞ ആ സ്പോട്ടിൽ തന്നെ ലീന അരികിൽ ഉള്ള മരത്തിന്റെ പിറകിൽ ഒളിച്ചു നിന്നിരുന്നു.. അമിത് അവളോട് ദേഷ്യപെട്ട് സംസാരിക്കുമെന്ന് മാത്രമേ അവൾ കണക്ക് കൂട്ടിയിരുന്നുള്ളൂ.. അനിക്ക് അടി വീണതും അവളാകെ പേടിച്ച് അമിതിന്റെ മുഖത്തു പോലും നോക്കാതെ മരത്തിനു പിന്നിൽ നിന്നു... അക്ഷിതും ഈശ്വറും അനിയെ തന്നെ നോക്കി നിൽക്കാണ്.. ഒരു പാവ കണക്കെ മിഴികൾ പൊഴിച്ചു നിൽക്കുന്ന അനിയെ കൂടി നിൽക്കുന്ന എല്ലാവരും സഹതാപത്തോടെ നോക്കി... അതിനിടയിൽ അമിത് അനിക്കു നേരെ കയ്യോങ്ങുന്നത് കണ്ട് കൊണ്ട് വന്ന അനിൽ സാർ എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാതെ അനിയിൽ കണ്ണുകൾ ഉടക്കി നിന്നു......

അനി തന്നെ നോക്കി കണ്ണുകൾ നിറച്ചു നിന്നിട്ടും... ചുറ്റും കൂടി നിന്നവർ എരിവ് വലിച്ച് അത്ഭുതത്തോടെ സഹതാപത്തോടെ അവളെ നോക്കിയിട്ടും അമിതിന്റെ ദേഷ്യം ഒട്ടും കുറഞ്ഞില്ല... അവളുടെ കണ്ണുനീർ കണ്ട് അവന് ദേഷ്യം കൂടുകയാണ് ചെയ്തത്... ഇന്നലെയും ഇന്നുമായി തലയിൽ കയറിയ പ്രഷർ മുഴുവൻ അവളെ തല്ലിയതിലൂടെ തീർത്തിട്ടും അവന് അടങ്ങാൻ കഴിഞ്ഞില്ല... ഇനിയും കള്ള കണ്ണീരും ഒലിപ്പിച്ച് കൊണ്ട് തന്റെ പിറകെ വരുമെന്നും അതൊഴിവാക്കാനായി ഈ അവസരത്തിൽ തന്നെ അവൾക്ക് തക്കതായ മറുപടിയും തന്നോടുള്ള പേടി വർധിപ്പിക്കുകയും ചെയ്യണമെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു... ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുടക്കാതെ തന്നെ നോക്കി നിൽക്കുന്ന അനിയോട് രണ്ടക്ഷരം പറയാനായി വാ തുറന്ന് അവൾക്കു നേരെ കൈ ചൂണ്ടി...... പെട്ടന്നാണ് അത് സംഭവിച്ചത്.... വിരൽ ചൂണ്ടി പിടിച്ച അമിതിന്റെ വലത്തേ കൈ ഞൊടിയിടയിൽ കടന്ന് പിടിച്ച് അവന്റെ ചൂണ്ടു വിരൽ മടക്കി ആ കൈ തിരിച്ച് പെട്ടെന്ന് തന്നെ പിന്നിലേക്ക് ഒടിച്ചു മടക്കിയ ആര്യ അമിതിന്റെ വലത്തേ കവിളിൽ ശക്തമായി അടിച്ചു..... കിട്ടിയ അടിയിൽ തലയാകെ മരവിച്ച പോലെ തോന്നിയ അമിത് കുറച്ചു നിമിഷം നിശ്ചലനായി,,,,,

കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നിയ അമിത് തല കുടഞ്ഞിട്ടു ആര്യയുടെ നേരെ വീറോടെ കൈ ഓങ്ങി......ശരീരം നൊന്താൽ അമിതിൽ തിളച്ചു പൊന്തുന്ന ദേഷ്യം അവന്റെ കണ്ണുകളെ മൂടി കെട്ടുമെന്ന് അറിയാവുന്ന അക്ഷിത് ഇനിയും അതിന്റെ പേരിൽ പ്രശ്നം വഷളാക്കേണ്ട എന്ന കരുതി മുന്നോട്ട് വന്ന് അമിതിനെ വിലക്കാനായി അവന്റെ കൈ പിടിച്ചു വെക്കാൻ ശ്രമിച്ചു...... എന്നാൽ അതിനു മുന്നേ തന്നെ എല്ലാ അടവും പഠിച്ച തികഞ്ഞ അഭ്യാസിയായ ആര്യ ഒരു കൈ കൊണ്ട് അവനെ തടഞ്ഞ് മറുകൈ കൊണ്ട് അമിതിന്റെ പിരടി പിടിച്ചു താഴ്ത്തി....അതിൽ കുനിഞ്ഞു പോയ അമിതിന്റെ വയറു നോക്കി ആര്യ മുട്ടുകാൽ കൊണ്ട് പ്രഹരിച്ചു....വേദനയോടെ കൂടുതൽ കുനിഞ്ഞു പോയ അമിത് ഉടനെ തന്നെ അവളുടെ പിടിയിൽ നിന്നും കുതറി മാറാൻ നോക്കിയെങ്കിലും വേദന കൊണ്ട് പുളയുന്ന അവനു ആര്യയുടെ ബലമേറിയ കൈകളിൽ നിന്നും തന്റെ കയ്യിനെ മോചിപ്പിക്കാൻ കഴിഞ്ഞില്ല.... ദേഷ്യത്തോടെ പല്ലിറുമ്പി കൊണ്ടവൻ കാലു കൊണ്ട് അവളെ നേരിടാൻ ശ്രമിച്ചു.. എന്നാൽ അവന്റെ നീക്കം നേരത്തെ മനസ്സിലാക്കിയ ആര്യ ഞൊടിയിയിടയിൽ അവന്റെ പിന്നിലേക്ക് മാറി അവളുടെ മുട്ട് കാൽ കൊണ്ട് അവന്റെ കാലിന്‌ പിറകെ ശക്തിയായി ചവിട്ടി...

വലത്തേ കാൽ മണ്ണിലമർന്ന അമിതിന്റെ ഇടത്തേ കാലും അവൾ ചവിട്ടി മുട്ടുകാലിൽ അവനെ നിർത്തി.... നട്ടെല്ല് നോക്കി ഒരു പ്രഹരം കൂടി ആര്യ നൽകിയതും കണ്ണിൽ നിന്നും പൊന്നീച്ച പാറുന്നത് പോലെ അമിതിന് തോന്നി... ബലം പിടിച്ച അവന്റെ കൈകൾ താനേ അയഞ്ഞു വന്നു.. തിരിച്ചൊരു നീക്കത്തിന് തയ്യാറാവാത്ത വിധം അവൻ അടങ്ങിയെന്ന് ആര്യക്ക് ഉറപ്പായതും അവൾ തന്റെ കൈകൾ അവനിൽ നിന്നും പിൻവലിച്ചു.... അതോടെ അമിതെന്ന ആരെയും കൂസാത്ത റൗഡിയായ ഹീറോ മണ്ണിലേക്ക് കമഴ്ന്നു വീണു....... കണ്ണിമ ചിമ്മും വേഗത്തിൽ സംഭവിച്ച കാര്യങ്ങൾ കണ്ട് എല്ലാവരും അന്തം വിട്ട് നോക്കി നിന്നു..അമിതിനെ തടുത്തു നിർത്താനായി നീട്ടിയ കൈയുമായി നിൽക്കുന്ന അക്ഷിതും എല്ലാം കണ്ടു കിളി പോയ അവസ്ഥയിൽ നിൽക്കുന്ന ഈശ്വറും ആര്യയെയും താഴെ കിടക്കുന്ന അമിതിനെയും മാറി മാറി നോക്കി..... കാണുന്നതൊക്കെ സത്യം തന്നെയാണോ എന്നറിയാൻ ഈശ്വർ കണ്ണുകൾ തിരുമ്മി വീണ്ടും വീണ്ടും നോക്കി... എങ്ങും നിശബ്ദത നിറഞ്ഞു നിന്നു......ഒരു വാക്ക് ഉരിയാടാതെ ഒരടി പിന്നിലേക്ക് നിന്ന് എല്ലാവരും ഭയത്തോടെ ആര്യയെ നോക്കി.. ആര്യയുടെ ചുവന്നു തുടുത്തു വിറക്കുന്ന മുഖം അവളിലെ ദേഷ്യം വിളിച്ചോതുന്നുണ്ടായിരുന്നു.....

.തീ പാറുന്ന മിഴികളോടെ അവൾ അമിതിനെ നോക്കി നിന്നു....... അമിതിന്റെ അടി കിട്ടി തലയാകെ കനം വെച്ച് ചുറ്റും നടക്കുന്നതൊന്നും കാണാൻ വയ്യാത്ത അവസ്ഥയിൽ ആയിരുന്നു അനി..... അതിനാൽ തന്നെ ആര്യ അമിതിനെ ഇടിച്ചു വീഴ്ത്തിയതൊന്നും അവൾ അറിഞ്ഞതേ ഇല്ല... ആര്യയുടെ പെർഫോമൻസ് കൂടി കണ്ടതും ഒരടി നടക്കാനാവാത്ത അനിൽ സാർ സ്തബ്ധനായി നിന്നു... തങ്ങൾക്കു ചുറ്റും കൂടിയവരിൽ നിൽക്കുന്ന അനിൽ സാറിൽ അനിയുടെ മിഴികൾ ഉടക്കിയതും അനി സ്വബോധം വീണ്ടെടുത്തു.....കണ്ണുകൾ തുടച്ചു കൊണ്ട് വിങ്ങുന്ന കവിളിൽ തൊട്ടു കൊണ്ട് ദയനീയമായവൾ സാറിനെ നോക്കി.. കണ്ണുകൾ ഇടമുറിയാതെ ഒഴുകിയതും മുഖം പൊത്തി കൊണ്ട് അനി അവിടെ നിന്നും ഓടി പോയി..... "അമിത്... അമിത്.... " ചങ്ക് പിടഞ്ഞു കൊണ്ടുള്ള വിളിയോടെ അക്ഷിത് അമിതിനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.. എന്നാൽ വേദന സഹിക്കാൻ വയ്യാത്തത് കൊണ്ട് തന്നെ എഴുന്നേൽക്കാൻ ആവാതെ വീണ്ടും അമിത് മുട്ടുകളമർത്തി അവിടെ ഇരുന്നു.. അവനെയും അക്ഷിതിനെയും പുച്ഛത്തോടെ അതിലേറെ ദേഷ്യത്തിൽ നോക്കി കൊണ്ട് ആര്യ അനിയെ തിരഞ്ഞു.. കരഞ്ഞു കൊണ്ട് ഓടി പോവുന്ന അനിയെ കണ്ടതും ആര്യ അവളുടെ പിറകെ പോവാൻ നിന്നു.....

തിരിഞ്ഞു നടക്കുന്ന ആര്യക്കു പുറകെ അമിതിന്റെയും അക്ഷിത്തിന്റെയും മിഴികൾ കൂടെ അനുഗമിച്ചു...... പാറി പോയ കിളികൾ ഇനിയും മടങ്ങി എത്തിയിട്ടില്ലാത്ത ഈശ്വർ വായും പൊളിച്ചു ഒരു നിമിഷം നിന്നു.....തനിക്ക് നേരെ നടന്നു വരുന്ന ആര്യയെ കണ്ട് ഇനി അടുത്തത് താൻ ആണോ അവളുടെ ലക്ഷ്യം എന്ന് ആലോചിച്ചു കൊണ്ട് ഈശ്വർ ഒറ്റ ചാട്ടത്തിന് തൊട്ടടുത്ത് കണ്ട മരത്തിനു പിന്നിൽ പോയൊളിച്ചു....ആര്യയുടെ ചലനം നിരീക്ഷിച്ചു ഇപ്പുറത്തേക്ക് തിരിഞ്ഞ ഈശ്വർ പമ്മി നിൽക്കുന്ന ലീനയെ കണ്ടു.. അവളെ തോണ്ടി വിളിക്കാനായി കൈ നീട്ടിയതും പെട്ടന്ന് അവളെ ആരോ മരത്തിന്റെ പുറകിൽ നിന്നും വെളിയിലേക്ക് വലിച്ചിട്ടു.. ആരാണെന്ന് നോക്കാനായി അവൻ മരത്തിന് അപ്പുറത്തേക്ക് തല നീട്ടിയതും കണ്ടത് ലീനയുടെ ഇരു കവിളിലും മാറി മാറി അടിക്കുന്ന ആര്യയെ.. പടക്കം പൊട്ടുന്ന പോലെ ശബ്ദം ഈശ്വറിന്റെ ചെവിയിൽ തുളഞ്ഞു കയറിയതും 'എന്നെ ഒന്നും ചെയ്യല്ലേ' എന്നാർത്തു കൊണ്ടവൻ മരത്തിൽ പൊത്തി പിടിച്ചു കയറി, താഴ്ന്നു നിൽക്കുന്ന കൊമ്പിൽ അള്ളി പിടിച്ചിരുന്നു.....

. "എന്റെ അനിയെ ഇനിയും ഏതെങ്കികും രീതിയിൽ വേദനിപ്പിക്കാൻ ശ്രമിച്ചാൽ ഇങ്ങനെ ആയിരിക്കില്ല എന്റെ അടുത്ത പ്രതികരണം.....അത് താങ്ങാനുള്ള ബലം നിന്റെ ശരീരത്തിനുണ്ടാവില്ല....ആര്യ യഥാർത്ഥത്തിൽ ആരാണെന്നും എന്താണെന്നും ശെരിക്കും ഞാൻ അറിയിച്ചു തരും...കേട്ടോടീ പുല്ലേ..... അവളുടെ ഒരു ബെറ്റ്.... " തീക്ഷ്ണതയേറിയ കണ്ണുകളോടെ കനപ്പിച്ച വാക്കുകളോടെ കൈ ചൂണ്ടി കൊണ്ട് ആര്യ പറഞ്ഞതും ഇരു കവിളും പൊത്തി പിടിച്ചു കൊണ്ട് ലീന പേടിയോടെ ഇല്ലെന്ന് തലയാട്ടി... അവളെ രൂക്ഷമായി നോക്കി കൊണ്ട് ആര്യ അനിയുടെ അടുത്തേക്ക് നടന്നു...... ആര്യ ലീനയെ തല്ലുന്നത് കണ്ട അമിതും അക്ഷിതും അവിടെ നടന്നതിലൊന്നും വിശ്വാസം വരാതെ പരസ്പരം നോക്കി... ************ അമിതിന്റെ അടി കോളേജിൽ സർവ്വസാധാരണമാണെങ്കിലും അവനിട്ടു ആദ്യമായി അതും ഒരു പെണ്ണ് പണി കൊടുക്കുന്നത് കണ്ടു ആകെ തരിച്ചു നിൽപ്പാണ് കോളേജ്... ആര്യ പോയെന്ന് ഉറപ്പായതും കുരങ്ങനെ പോലെ ഈശ്വർ കൊമ്പിൽ നിന്നും ചാടി ഇറങ്ങി.. കൂടി നിന്നവർ ഓരോന്നായി പോയി തുടങ്ങിയതും അവൻ അക്ഷിതിന്റെയും അമിതിന്റെയും അടുത്തേക്ക് ചെന്നു... അക്ഷിതും ഈശ്വറും ചേർന്ന് അമിതിനെ പിടിച്ചെഴുന്നേല്പിച്ച് തങ്ങൾ ഇരിക്കാറുള്ള ഇരിപ്പിടത്തിൽ കൊണ്ടിരുത്തി...

മുഖത്തും വയറിനും പ്രഹരം കിട്ടിയ അമിത് മുട്ടുകാലിൽ ഇരു കയ്യും വെച്ച് തല കുനിച്ചിരുന്നു..... അവന്റെ കണ്ണുകൾ ചുവന്നു തുടുത്തു വന്നിരുന്നു.. പേശികൾ വലിഞ്ഞു മുറുകിയിരുന്നു.. ചുറ്റും കൂടി നിന്നവർ ഓരോന്ന് പിറു പിറുത്തു കൊണ്ട് പോകുന്നത് കാതിൽ ശ്രവിച്ചു കൊണ്ടവൻ തല താഴ്ത്തി തന്നെ ഇരുന്നു..... തല താഴ്ത്തി ഇരിക്കുന്ന അമിതിനെ നോക്കി ഒന്നും മിണ്ടാതെ ഈശ്വർ നിന്നു.. ഇപ്പോൾ എന്തെങ്കിലും പറയുന്നത് തന്റെ ആരോഗ്യത്തിന് ഹാനികരമാണെന്ന് അവന് നന്നായി അറിയാം.. അത് കൊണ്ട് തന്നെ അവൻ വായ അടച്ചു നിന്നു... അക്ഷിത് മെല്ലെ അമിതിന്റെ അടുക്കൽ ഇരുന്നു.. അമിതിന്റെ കവിൾ കണ്ടതും അക്ഷിതിന്റെ മനസ്സ് നൊന്തു.. തന്നെ നോക്കി ഇരിക്കുന്ന അക്ഷിതിലേക്ക് അമിത് മുഖം തിരിച്ചു... അക്ഷിതിന്റെ വാടിയ മുഖം കണ്ടതും രൗദ്ര ഭാവം മാറ്റി വെച്ച് കൊണ്ട് അമിത് ചിരിച്ചു.. "ഒന്നുമില്ല ഏട്ടാ.. ചെറിയൊരു കുട്ടി അടിച്ചു വീഴ്ത്തി.. അത്രേ ഉള്ളൂ.. അങ്ങനെ ഞാനതിനെ കാണുന്നുള്ളു..പല ഗുണ്ടകളെയും ഈ കൈ കൊണ്ട് ഒതുക്കിയവനാ ഈ അമിത്.. അങ്ങനെ ഉള്ള ഞാൻ ഒരു പീറ പെണ്ണ് വന്ന് തല്ലിയതിന് കരഞ്ഞൊലിപ്പിച്ച് പേടിച്ചിരിക്കും എന്ന് ഏട്ടൻ കരുതുന്നുണ്ടോ... എനിക്കൊന്നുമില്ല.. വാ നമുക്ക് പോകാം.." തനിക്കൊന്നുമില്ലെന്ന മട്ടിൽ ചിരിച്ചു കൊണ്ട് അമിത് അക്ഷിതിനെ എഴുന്നേൽപ്പിച്ച് പോകാനായി നടന്നു.. അക്ഷിതിനെ മുന്നിൽ നടത്തി അമിത് ഈശ്വറിനെ നോക്കി....

"ഏതാ ഡാ അവൾ...." പകയെരിയുന്ന കണ്ണുകളോടെ അമിത് എങ്ങോട്ടെന്നില്ലാതെ നോക്കി ഈശ്വറിനോട് ചോദിച്ചു.... "അന്ന് ഞാൻ പറഞ്ഞിരുന്നില്ലേ.. ഒരുത്തനിട്ട് ഒരു പെണ്ണ് പൊട്ടിക്കുന്നത് കണ്ടെന്ന്.. അവള് തന്നെ ഇവൾ.. അനിരുദ്രയുടെ കൂട്ടുകാരി... ആര്യ ഭദ്ര.. " ഈശ്വർ പറഞ്ഞ വാക്കുകളോട് തലയാട്ടി കൊണ്ട് അമിത് മുഷ്ടി ചുരുട്ടി പിടിച്ചു... " ഈ കോളേജിലെ മുഴുവൻ പിള്ളേരുടെയും ഹീറോ ആണെന്നു അഹങ്കരിച്ച എന്നെ അതേ പിള്ളേരുടെ മുന്നിൽ വെച്ചാണ് നീ തല്ലി വീഴ്ത്തിയത്..ഇതിന് നിനക്ക് മാപ്പില്ല.. അമിത് ആരെന്ന് നീ അറിയാൻ പോകുന്നതേ ഉള്ളൂ..... ആര്യ ഭദ്ര " ദേഷ്യത്താൽ വിറക്കുന്ന ചുണ്ടുകളോടെ കനൽ പാറും കണ്ണുകളോടെ അവനാ നാമം വീണ്ടും വീണ്ടും ഉച്ചരിച്ചു.... " ആര്യ ഭദ്ര..... " ************ അനി നേരെ ഓടി പോയത് ക്ലാസ്സ്‌ റൂമിലേക്കാണെന്ന് കണ്ടതും ആര്യ നേരെ ക്ലാസ്സ്‌ മുറിയിലേക്ക് നടന്നു.. മുന്നോട്ടുള്ള അവളുടെ ഒരോ കാൽവെപ്പിലും ഭയന്ന് മാറി അവൾക്ക് വഴി മാറി കൊടുത്ത് കൊണ്ട് എല്ലാവരും പിറകിലേക്ക് നിന്നു..

ആരെയും ഗൗനിക്കാതെ ഗൗരവം വിട്ട് മാറാത്ത മുഖവുമായി അവൾ അനിയെ ലക്ഷ്യമാക്കി നടന്നു.. ക്ലാസ്സിലേക്ക് കാലെടുത്തു വെച്ചതും അനി ഡസ്കിൽ തലവെച്ച് കിടക്കുന്നത് അവൾ കണ്ടു.. അനിക്ക് ഒരുപാട് നൊന്ത് കാണുമെന്നോർത്ത് അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.. അടുത്ത നിമിഷം തന്നെ അമിതിനോടുള്ള ദേഷ്യം കണ്ണുകളിൽ ആളിക്കത്തി.. കരഞ്ഞു കിടക്കുന്ന അനിയെ സമാധാനിപ്പിക്കാനായി ആര്യ അവളുടെ അടുത്ത് ചെന്നിരുന്നു.. മെല്ലെ അവളുടെ ചുമലിൽ കൈവെച്ചു.. എന്നാൽ അവളെ നോക്കാതെ തല ഉയർത്താതെ അനി അങ്ങനെ തന്നെ കിടന്നു.. "അനീ.. സാരമില്ല.. നീ എഴുന്നേൽക്ക്.. അവനുള്ളത്‌ ഞാൻ കൊടുത്തിട്ടുണ്ട്.. നീ വാ.. " അവളെ വിളിച്ചിട്ടും എഴുന്നേൽക്കാത്തത് കണ്ട് ആര്യ ബലം പ്രയോഗിച്ചവളുടെ തല ഉയർത്തി..... ആ സമയം അവളുടെ മുഖത്തേക്ക് നോക്കി ആര്യ അന്തം വിട്ടിരുന്നു........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story