ആത്മരാഗം💖 : ഭാഗം 29

athmaragam thanseeh

രചന: തൻസീഹ് വയനാട്

പൊട്ടിക്കരയുകയാണ് അനിയെന്ന് വിചാരിച്ച ആര്യക്ക് കാണാൻ കഴിഞ്ഞത് ചിരി അടക്കാൻ പാട് പെടുന്ന അനിയെ ആണ്.. അത്ഭുതവും ആശ്ചര്യവും കണ്ണുകളിൽ പ്രതിഫലിപ്പിച്ചു കൊണ്ടവൾ അനിയെ നോക്കി ഇരുന്നു.. കവിളിൽ അമിതിന്റെ കൈ വിരലുകൾ പതിഞ്ഞ പാടുണ്ട്.. എന്നാൽ അവയെ മറച്ചു കൊണ്ട് ഇരു കവിളുകളും വിടർത്തി നിറഞ്ഞ ചിരി ചിരിക്കുകയാണ് അവൾ.. "അനീ... നിനക്കെന്താ വട്ടായോ..? " അനിയുടെ കയ്യിൽ പിടിച്ച് കുലുക്കി കൊണ്ട് ആര്യ പറഞ്ഞതും അനി ഒരു വിധം ചിരി കണ്ട്രോൾ ചെയ്ത് ആര്യയെ നോക്കി... "എന്തിനാ നീ ചിരിക്കുന്നേ.. നിനക്കെന്താ പറ്റിയെ " "സന്തോഷം അത്രയ്ക്കുണ്ടാവുമ്പോൾ ചിരിക്കുകയല്ലാതെ നമ്മൾ വേറെന്താ ചെയ്യുക വാവീ...... " "ആ പര നാറി അടിച്ചതിൽ വേദനയും അപമാനവുമല്ലാതെ എന്ത് സന്തോഷമാ നിനക്ക് കിട്ടിയേ...??? " ആര്യ നന്നേ ക്ഷുഭിതയായി കാണപ്പെട്ടു....തന്റെ വലത്തേ കരം അനിയുടെ കവിളിൽ വെച്ച് പറഞ്ഞതും അനി വീണ്ടും കുലുങ്ങി ചിരിച്ചു.. "സന്തോഷം ഉണ്ടായില്ലേ വാവീ..

അമിത് എന്നെ തല്ലിയില്ലേ.. അത് തന്നെ അല്ലേ ഏറ്റവും വലിയ സന്തോഷം...." പരസ്പരബന്ധം ഇല്ലാതെ ചിരിച്ചു കൊണ്ട് പറയുന്ന അനിയുടെ വാക്കുകൾ കേട്ട് ഒന്നും മനസ്സിലാവാതെ കണ്ണും മിഴിച്ചവൾ അവളെ തന്നെ നോക്കി.. "നിനക്ക് അവൻ തല്ലിയതിൽ ഒരു വിഷമവും ഇല്ലെന്നാണോ നീ പറഞ്ഞു വരുന്നത്... എങ്കിൽ പിന്നെ അവിടെ നിന്ന് കരഞ്ഞ് ഓടി പോന്നത് എന്തിനാ" "വാവീ... ആരാ പറഞ്ഞേ ഞാൻ കരഞ്ഞാണ് ഓടി പോന്നതെന്ന്... മുഖം പൊത്തി ചിരി മറച്ചു പിടിച്ചാ ഞാൻ ഓടി പോന്നത്... പിന്നെ അമിത് തല്ലിയതിന് വിഷമം ഇല്ലേന്ന് ചോദിച്ചാൽ എന്താ പറയാ.. അമ്മാതിരി അടി അടിച്ചാൽ ആർക്കായാലും സങ്കടവും വേദനയും തോന്നില്ലേ.. ഹോ.. എന്തൊരു അടി ആയിരുന്നു... ഈ അടുത്ത കാലത്തൊന്നും എന്റെ അമ്മയും അച്ഛനും ഇത് പോലൊരു അടി തന്നിട്ടില്ല... " കൈ കവിളിൽ പൊത്തി പിടിച്ചു കൊണ്ട് അമിത് തല്ലിയ രംഗം മനസ്സിൽ ഓർത്ത് കൊണ്ടവൾ പറഞ്ഞു.. "നിനക്ക് സങ്കടവും വേദനയും വന്നെന്ന് എനിക്കറിയാം അനീ.. നിന്റെ നിൽപ്പ് കണ്ടപ്പോൾ ചങ്ക് പിടഞ്ഞു പോയി..

പക്ഷേ.. അവിടെ നിനക്ക് എന്ത്‌ സന്തോഷമാ കിട്ടിയത്.. എല്ലാവരുടെയും മുന്നിൽ വെച്ച് അവൻ നിന്നെ തല്ലി.. ഇനി ഈ പേരും പറഞ്ഞ് സെന്റി അടിച്ച് അവന്റെ പിറകെ പോകാനാണോ നിന്റെ പ്ലാൻ.. പെണ്ണിന്റെ മുഖത്ത് കൈ വെച്ചതിന് അവന് കുറ്റബോധം വന്ന് നിന്നോട് സോറി പറയും.. അപ്പോൾ നീ അവനോട് കൂടുതൽ അടുക്കും... ഇതൊക്കെയാണോ നീ മനസ്സിൽ വിചാരിച്ചു വെച്ചിരിക്കുന്നത്.. അത് കൊണ്ടാണോ അവൻ തല്ലിയത് ഓർത്ത് ഇത്ര സന്തോഷം...?? " ആര്യയുടെ ചോദ്യങ്ങളും കണ്ടു പിടുത്തങ്ങളും ഊഹങ്ങളും കേട്ട് അനി വീണ്ടും പൊട്ടിച്ചിരിച്ചു.. അങ്ങനെ ഒന്നുമല്ലെന്ന് തലയാട്ടി കൊണ്ട് വീണ്ടും വീണ്ടും ചിരിച്ചു... "എന്റെ വാവീ... ഇതൊന്നും അല്ല.. ഞാൻ അവന്റെ പിറകെ നടക്കാനും അവനെ ലൈൻ അടിച്ചു വീഴ്ത്താനൊന്നും പോകുന്നില്ല.. അതൊക്കെ ആ ലീനയോടുള്ള വാശിക്ക് അവളെ പിരി കയറ്റാൻ വേണ്ടി ചെയ്തതല്ലേ.. എനിക്കവനെ പ്രേമിക്കാനും സ്വന്തമാക്കാനൊന്നും തോന്നിയിട്ടില്ല.. ആദ്യം കണ്ട അന്ന് കോളേജിലെ ഹീറോയെ വളക്കണം എന്നൊരു വാശി ഉണ്ടായിരുന്നു..

പക്ഷേ.. അത്.. അത് പ്രണയം ഒന്നുമല്ല വാവീ... ശെരിക്കും എന്താണ് പ്രണയം എന്ന് ഞാൻ തിരിച്ചറിഞ്ഞു... എന്റെ ഹൃദയം തന്നെ അത് കാണിച്ചു തന്നു... ആദ്യമൊന്നും എനിക്ക് ഫീൽ ചെയ്തിരുന്നില്ല.. എല്ലാവരോടും തോന്നുന്ന അട്ട്രാക്ഷൻ മാത്രമാണെന്ന ഞാൻ കരുതിയെ.. പക്ഷേ....." "അനീ... നീയിത് ആരെ കുറിച്ചാണ് പറയുന്നത്... " ചിരി എല്ലാം നിർത്തി.. ശാന്തമായി തല താഴ്ത്തി ചെറു പുഞ്ചിരിയോടെ അനി പറഞ്ഞതും ആര്യ അവളുടെ മുഖം മെല്ലെ പിടിച്ചുയർത്തി.. അവൾക്കൊരു ഉത്തരം നൽകാനായി അനി ആര്യയുടെ നേരെ തിരിഞ്ഞിരുന്നു... "വാവീ... അത്.. നമ്മുടെ അനിൽ സാർ... എനിക്കറിയില്ല വാവീ എപ്പോൾ മുതലാണ് എനിക്ക് ഇങ്ങനെ ഫീൽ ചെയ്ത് തുടങ്ങിയെ എന്ന്.. ആദ്യമായി സർ ക്ലാസ്സിൽ വന്നപ്പോൾ.. സാറിന്റെ മുഖം കാണാതെ തന്നെ ആ ശബ്ദം എന്റെ ഹൃദയത്തിൽ പതിഞ്ഞിരുന്നു.. വല്ലാത്തൊരു ഫീൽ ആണ് വാവീ സർ അരികിൽ വരുമ്പോൾ... പറഞ്ഞറിയിക്കാൻ വയ്യെനിക്ക്.. ഇന്നേ വരെ ഞാനിങ്ങനെ അനുഭവിച്ചിട്ടില്ല.. എത്ര ആൺപിള്ളേരെ കണ്ടിട്ടുണ്ട്..

എത്ര പേരെ എന്റെ പിറകെ നടത്തിച്ചിട്ടുണ്ട്.. പക്ഷേ.. അവരിലാരിലും ഇല്ലാത്ത ഒരു പ്രത്യേകത സാറിലുണ്ട്.. എന്താണെന്ന് അറിയോ.. എന്റെ ഹൃദയത്തിനുള്ളിൽ കയറി കൂടി എന്നത് തന്നെ.. അതും ഞാൻ പോലും അറിയാതെ." "അനീ.. ... " " വേണ്ട വാവീ.. നീ എന്താ പറയാൻ പോകുന്നേ എന്നെനിക്കറിയാം.. പക്ഷേ.. ഇതൊരു അട്ട്രാക്ഷൻ അല്ല.. ശെരിക്കും..... ശെരിക്കും എനിക്ക് സാറിനെ ഒരുപാട് ഇഷ്ടാ.. ആ ഇഷ്ടം സാറിനും ഉണ്ടോ എന്നറിയാനാ ലീനയുടെ ബെറ്റ് ഏറ്റെടുത്തതും അമിതിനോട് ഇഷ്ടം പറയാൻ ചെന്നതും.. ഞാൻ അമിതിനോട് ഇഷ്ടം പറയുമ്പോൾ സാറിന്റെ മുഖഭാവത്തിൽ വ്യത്യാസം വരുന്നുണ്ടോ എന്ന് നോക്കാനാണ് സാർ കേൾക്കാൻ വേണ്ടി അവനോട് ഉച്ചത്തിൽ സംസാരിച്ചത്... സാർ വീട്ടിലേക്ക് പോകാനായി ബൈക്കിനടുത്തേക്ക് പോകുന്നത് കണ്ടു കൊണ്ടാണ് അമിതിന്റെ അടുത്തേക്ക് ഞാൻ പോയത്.. എന്റെ ശബ്ദം കേട്ടാൽ സർ അങ്ങോട്ട്‌ വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു... എല്ലാം ഞാൻ വിചാരിച്ച പോലെ തന്നെ നടന്നു... ഞാൻ ഇഷ്ടം പറഞ്ഞപ്പോൾ സാറിന്റെ മുഖം വല്ലാണ്ടാവുന്ന പോലെ എനിക്ക് തോന്നി... എന്റെ ശ്രദ്ധ സാറിലേക്ക് തിരിഞ്ഞ സമയത്താണ് അമിത് എന്നെ തല്ലിയത്...

അവന്റെ അടുത്തു നിന്ന് അങ്ങനെയൊരു പ്രതികരണം പ്രതീക്ഷിക്കാത്തതു കൊണ്ട് ആ സ്പോട്ടിൽ എനിക്ക് കരച്ചിൽ വന്നു എന്നത് നേര് തന്നെയാണ്.. പിന്നെ നോക്കുമ്പോൾ സാറിന്റെ മുഖത്ത് അതിനേക്കാൾ വേദന ഉള്ള പോലെ... അത് കണ്ട് ചിരി വന്നാ ഞാൻ അവിടെ നിന്നും ഓടിയെ...." ഒരു സിനിമ കഥ പോലെ പറഞ്ഞു തീർത്ത അനിയുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ ആര്യ നോക്കി.. ചുണ്ടുകൾ കൂർപ്പിച്ചു കൊണ്ട് അനി അവളെ നോക്കി... "സോറി വാവീ... നിന്നിൽ നിന്ന് ഞാനൊന്നും മറച്ചു വെക്കാറില്ല.. പക്ഷേ.. ഇതെന്തോ.. പറയാൻ തോന്നിയില്ല.. ഞാൻ തന്നെ ആകെ കൺഫ്യുസ്ഡ് ആയിരുന്നു.. എല്ലാവരോടും തോന്നുന്ന അടുപ്പമല്ല എനിക്ക് സാറിനോട് തോന്നിയത്.. ഇന്നേ വരെ നിനക്കല്ലാതെ മറ്റാർക്കെങ്കിലും ഈ ഹൃദയത്തിൽ ഞാൻ സ്ഥാനം കൊടുത്തിട്ടുണ്ടോ.. ഇല്ലല്ലോ.. പക്ഷേ.. അനിൽ സാർ.. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് എന്റെ ഹൃദയം മുഴുവൻ കീഴടക്കി.. എനിക്കത് ഫീൽ ചെയ്യുന്നുണ്ട് വാവീ.. സാറിന്റെ സംസാരം.. ചിരി... നടത്തം.. എല്ലാം.. എല്ലാം മനസ്സിൽ കിടന്ന് കളിക്കാണ്.. മാഞ്ഞു പോകുന്നില്ല.. ലൈഫിൽ ഫസ്റ്റ് ടൈം ആണ് വാവീ ഞാനിതൊക്കെ അനുഭവിക്കുന്നത്.. ഇനിയും നിനക്ക് തോന്നുന്നുണ്ടോ എല്ലാവരെയും വായിനോക്കുന്ന പോലെ അവരോടൊക്കെ തോന്നുന്ന ഒന്നാണോ എനിക്ക് അനിൽ സാറിനോട് തോന്നിയത്... "

അവളുടെ ചോദ്യം കേട്ട് ആര്യ അവളുടെ കണ്ണുകളിലേക്ക് നോക്കി.. ഇന്നേ വരെ അവളിൽ പ്രകടമാവാത്ത മാറ്റവും കണ്ണുകളിലെ തിളക്കവും കണ്ട് ആര്യ ഒന്ന് പുഞ്ചിരിച്ചു... സാറിനെ കുറിച്ച് പറയുമ്പോൾ അവളുടെ മുഖത്ത് വിടരുന്ന ചെറു നാണവും പുഞ്ചിരിയും തിളക്കവും എല്ലാം വീക്ഷിച്ച അവൾ അനിയുടെ കയ്യിൽ പിടിച്ചു... "അനീ.. നിനക്കെന്താണോ മനസ്സിൽ തോന്നി തുടങ്ങിയത് അത് തന്നെയായിരിക്കും സത്യം.. ആ സത്യം നിന്റെ മുഖം വിളിച്ചു പറയുന്നുണ്ട്.. നിന്റെ കൂടെ എന്തിനും നിന്റെ ഈ വാവി ഉണ്ടാവും.. ഉറപ്പ്... പക്ഷേ.. നിന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ വീണാൽ.. അതിന് കാരണക്കാരൻ ആയവൻ ആരായാലും ഞാൻ വെറുതെ വിടില്ല.." ആര്യയുടെ വാക്കുകൾ കേട്ട് അനി സന്തോഷം കൊണ്ട് അവളെ കെട്ടിപിടിച്ചു... ഈ സമയം അനിൽ സാർ പെട്ടന്ന് വാതിൽക്കൽ വന്ന് നിന്നു... അനിയെ തേടി ഓടി വന്നതാണെന്ന് കണ്ടാൽ അറിയാം.. സാറിനെ കണ്ടതും ആര്യ അനിയിൽ നിന്നും വിട്ട് നിന്ന് അവളെ നോക്കി... രണ്ടു പേരെയും തനിച്ച് വിടുന്നതാണ് നല്ലതെന്ന് തോന്നിയ ആര്യ മെല്ലെ എഴുന്നേറ്റു.. പുറത്തുണ്ടാവുമെന്ന് കണ്ണുകൾ കൊണ്ട് പറഞ്ഞ് ആര്യ അനിയുടെ അടുത്ത് നിന്നും നടന്ന് സാറിനെ ഒന്ന് നോക്കി കൊണ്ട് പുറത്തേക്കിറങ്ങി...

അവൾ പോയതും സാർ മെല്ലെ അനിയുടെ അടുത്തേക്ക് നടന്നു... ************ പുറത്തേക്കിറങ്ങിയ ആര്യ തൂണിൽ കൈ വെച്ച് കോളേജ് മുറ്റത്തേക്ക് പാളി നോക്കി.. കുട്ടികൾ എല്ലാവരും പോയി തുടങ്ങിയിട്ടുണ്ട്.. ഇലക്ഷൻ കഴിഞ്ഞ ആഘോഷം മുഴുവൻ ചുറ്റും കാണാം.. അതെല്ലാം വീക്ഷിച്ച് മനസ്സിനെ ശാന്തമാക്കുന്നതിനിടയിൽ ആരോ തന്നെ വീക്ഷിക്കുന്ന പോലെ ആര്യക്ക് തോന്നി... പുരികം ഉയർത്തി കണ്ണുകൾ വികസിപ്പിച്ചവൾ ചുറ്റും നോക്കി.. ആ സമയം വാക മരങ്ങളുടെ മറവിലൂടെ അമിതിന്റെ ചോര കണ്ണുകൾ അവളെ തുറിച്ചു നോക്കുന്നത് ദൂരെ നിന്ന് തന്നെ അവൾ കണ്ടു.. അമിതിന് നേരെ പുച്ഛിച്ചു കൊണ്ടവൾ നോട്ടം മാറ്റി... അത് നേരെ ഈശ്വറിന് കൊണ്ടു... തന്നെയാണ് അവൾ നോക്കുന്നതെന്ന് കണ്ടതും ഈശ്വർ ഒന്ന് ഞെട്ടി ഭയത്തോടെ മുഖം വെട്ടിച്ച് അക്ഷിതിന്റെ അടുത്തേക്ക് നീങ്ങി ഇരുന്ന് അവനോട് സംസാരിക്കുന്ന പോലെ അഭിനയിച്ചു...... ഇതേ സമയം ക്ലാസ്സിൽ.... സാർ വരുന്നതിന് അനുസരിച്ച് അനിയുടെ തല താഴ്ന്നു... ഹൃദയമിടിപ്പ് വർധിച്ചു കൊണ്ടിരുന്നു...

അടുത്തെത്തിയതും അവളിലെ ശ്വാസോഛ്വാസം കൂടി... "അനി രുദ്ര . എന്തൊക്കെയാ ഇത്.. " സാറിന്റെ വാക്കുകൾക്ക് മറുപടി കൊടുക്കാതെ മുഖം ഉയർത്തി അനി സാറിനെ നോക്കി.. അനിയുടെ ചുവന്ന കവിൾ കണ്ടതും സാറിന്റെ മുഖം മങ്ങി... "വേദന ഉണ്ടോ... ഓഫിസ് മുറിയിൽ ചെന്ന് എന്തെങ്കിലും മരുന്ന് വെക്ക്... " വേവലാതിയോടെ പറഞ്ഞ സാറിനെ നോക്കി അനി പുഞ്ചിരിച്ചു.. "സാർ.. ഇതിപ്പോ എന്നേക്കാൾ കൂടുതൽ വേദന സാറിനാണല്ലോ.. സാറിന്റെ മുഖം കണ്ട് തല്ല് കിട്ടിയത് സാറിനാണെന്ന് തോന്നുമല്ലോ.. " " വാട്ട്.. താൻ എന്തൊക്കെയാ ഈ പറയുന്നേ.. ഒരടി കിട്ടിയപ്പോൾ നിന്റെ ബോധം പോയോ.. " "ഏയ്‌.. എന്റെ ബോധം മുഴുവൻ വേറൊരാൾ കൊണ്ട് പോയേക്കുവാ." ഒന്നും മനസ്സിലാവാതെ സാർ അനിയുടെ മുഖത്തേക്ക് തന്നെ നോക്കി... "അമിത് ചേട്ടനോട് ഞാൻ ഇഷ്ടം പറഞ്ഞപ്പോൾ സാറിന്റെ മുഖം എന്തിനാ വിളറിയേ.." "എന്ത്‌.. എന്റെ മുഖമോ...എന്തൊക്കെ വിഡ്ഡിത്തരമാ നീ പറയുന്നേ..തൽകാലം വേഗം ചെന്ന് കവിളിൽ വല്ല മരുന്നും പുരട്ടി വീട്ടിൽ പോകാൻ നോക്ക്.. "

"ഞാൻ പൊയ്ക്കോളാം സാറെ.. ഒരു കാര്യം കൂടി പറയട്ടെ... സാറിന്റെ റിയാക്ഷൻ അറിയാൻ വേണ്ടിയാ ഞാൻ അമിത് ചേട്ടനോട് ചുമ്മാ ഇഷ്ടം ചെന്ന് പറഞ്ഞേ.. അതൊരു ബെറ്റ് ആയിരുന്നു.. അല്ലാതെ സീരിയസ് ഒന്നുമല്ല.. പക്ഷേ സീരിയസ് ആയി സാർ നിൽക്കുന്നത് ഞാൻ കണ്ടു... അത് കാണാൻ വേണ്ടിയും പിന്നെ എന്നെ തിരഞ്ഞു വരാൻ വേണ്ടിയുമാണ് ഞാൻ അവിടെ നിന്ന് കരഞ്ഞ് ഓടി പോന്നത്.... എനിക്കറിയാമായിരുന്നു സാർ എന്നെ തിരഞ്ഞ് വരുമെന്ന്... കാരണം... എന്റെ മനസ്സിൽ ഉള്ള അതേ ഫീലിംഗ്സ് തന്നെയാണ് സാറിന് തിരിച്ചും ഉള്ളത്.. അല്ലെന്ന് പറയാൻ പറ്റുമോ.. " കൈ കെട്ടി നിന്ന് പുഞ്ചിരിച്ചു കൊണ്ട് തന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു തീർത്ത അനിയിൽ നിന്നും സാർ മുഖം തിരിച്ചു... ഒന്നും മിണ്ടാതെ അവളെ തിരിഞ്ഞു നോക്കാതെ സാർ പുറത്തേക്ക് നടന്നു.... പുറത്ത് തൂണും ചാരി നിൽക്കുന്ന ആര്യ പുറത്തേക്ക് വന്ന സാറിനെ കണ്ടതും നേരെ നിന്നു... അവളെ ഒന്ന് നോക്കി കൊണ്ട് സാർ അവിടെ നിന്നും പോയി.... "വാവീ.. പോകാം.. " പുറത്തേക്ക് വന്ന അനി ആര്യയുടെ കയ്യും പിടിച്ചു നടന്നു..

"എന്തായി.. സാർ എന്ത് പറഞ്ഞു " "പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല.. പക്ഷേ.. എനിക്കുറപ്പുണ്ട് വാവീ.. സാറിന് എന്നെ ഇഷ്ടമാണ്.. ആ കണ്ണുകളിലേക്ക് നോക്കിയാൽ എനിക്കത് മനസ്സിലാവും.." "മ്മ്മ്.. അപ്പോൾ സാർ ഒന്നും പറഞ്ഞിട്ടില്ല അല്ലേ.. സാരമില്ല. സമയം ഉണ്ടല്ലോ.. പതിയെ പറഞ്ഞോളും.. ഇപ്പൊ നമുക്ക് വീട്ടിൽ പോകാം.. നേരം ഒരുപാടായി... ഇനി ഈ കവിൾ അമ്മ കണ്ടാൽ പിന്നെ അത് മതി.." "അത് ഓർമിപ്പിക്കല്ലേ വാവീ.. എന്തെങ്കിലും കള്ളം മെനയട്ടെ.. അതിന് മുൻപ് ഞാനൊന്ന് മുഖം കഴുകിയിട്ട് വരാം. നീയിവിടെ നിൽക്ക്," "ഞാനും കൂടെ വരാം.." "വേണ്ട വാവീ.. നീയീ ബാഗ് പിടിച്ച് ഇവിടെ നിന്നാൽ മതി.. ഞാൻ വേഗം മുഖം കഴുകി വരാം.. ഒരു അഞ്ചു മിനുട്ട്. ഇപ്പോൾ വരാം.. " ആര്യയെ അവിടെ നിർത്തി അനി മുഖം കഴുകാനായി പോയി... അവൾ നേരെ പോയത് അമിതിനെ തിരഞ്ഞായിരുന്നു..

വാക മരങ്ങളുടെ താഴെയുള്ള ഇരിപ്പിടത്തിൽ അവരെ ആരെയും കാണാത്തത് കൊണ്ട് അനി അവർ എവിടെ ഉള്ളതെന്ന് തിരഞ്ഞു നടന്നു.. ആര്യയെ സൂത്രത്തിൽ മാറ്റിയത് അമിതിനെ കാണാനും സംസാരിക്കാനും ആയിരുന്നു...എന്നാൽ എവിടെ നോക്കിയിട്ടും അവനെ കണ്ടില്ല... അവരുടെ ഡിപ്പാർട്ട്മെന്റിൽ നിന്നും ഇറങ്ങി ലൈബ്രറിയിലേക്കുള്ള വഴിയിൽ ചുറ്റും നോക്കി അനി നിന്നതും ആരോ തന്റെ അടുത്തേക്ക് നടന്ന് വരുന്നതായി അവൾക്ക് തോന്നി.. അമിത് ആണോ എന്ന ചിന്തയിൽ അവൾ മുഖം തിരിച്ചു നോക്കിയതും അവളുടെ കണ്ണുകളിൽ തെളിഞ്ഞത് അക്ഷിത് അവളുടെ നേർക്ക് നടന്നടുക്കുന്നതായിരുന്നു... അവന്റെ ഒരോ കാൽവെപ്പിലും അനി പിറകോട്ട് നീങ്ങി... ഭയത്തോടെ അവനെ നോക്കി.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story